(രചന: Rejitha Sree)
നേർത്ത മഞ്ഞിന്റെ മൂടുപടം പുതച്ചുറങ്ങുന്ന അവളെ കണ്ടിട്ട് സഹിക്കുന്നില്ല. കൂടെ ചെന്ന് കിടന്നാലോ.. വേണ്ട…. ജിതിൻ ടവൽ എടുത്തു ബാത്റൂമിലേക്ക് പോയി.
ഓഫീസിലെ ജോലിക്കിടയിലും മനസ് ഇടയ്ക്കിടെ അവളിലേയ്ക്ക് തന്നെ ഓടിയെത്തുന്നുണ്ടായിരുന്നു. ഒന്ന് വിളിച്ചാലോ..
വേണ്ട.. അവളല്ലേ എന്നോട് പിണങ്ങിയത് അവൾ വിളിക്കട്ടെ…
ഒരു വർഷം മുൻപ് ഗീതുനെ ആദ്യമായി കാണുമ്പോൾ സ്വന്തമെന്നു പറയാൻ മകൾ മാത്രമേ അവൾക്കുണ്ടായിരുന്നുള്ളു.. ഭർത്താവിന്റെ കാര്യം ചോദിക്കുമ്പോൾ മാത്രo എന്തെങ്കിലും പറഞ്ഞവൾ ഒഴിഞ്ഞു മാറി.
പിന്നീട് തന്റെ ഫ്രണ്ട് വിശാൽ വഴിയാണ് അവളെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞത്.
പ്രണയം വന്നു കണ്ണ് മൂടികെട്ടിയപ്പോൾ നന്ദഗോപന്റെ ഒപ്പം ഇറങ്ങിതിരിച്ചവൾ. നന്ദഗോപനു എന്നും സാമ്രാജ്യങ്ങൾ കെട്ടിപ്പൊക്കാനുള്ള തിരക്കുകൾ മാത്രമായിരുന്നു…
പ്രണയത്തിന്റെ കൊടുമുടിയിൽ നിന്നുo
പ്രതീക്ഷയുടെയും സ്വപ്നത്തിന്റെയും ചീട്ടുകൊട്ടാരത്തിൽ ഓരോനിമിഷവും നന്ദന്റെ സാന്നിധ്യം പ്രതീക്ഷിച്ച അവൾക്ക് അതൊരു വലിയ തിരിച്ചടിയായിപ്പോയി.
നന്ദന്റെ പെരുമാറ്റങ്ങൾ പതിയെ അവളിൽ മാറ്റങ്ങൾ ഉണ്ടാക്കി. വിവാഹ ശേഷവും മിക്കപ്പോഴും അവൾ ആ പ്രണയലോകത്തു തന്നെയായിരുന്നു..
പ്രതീക്ഷകൾ ഓരോന്നായിയി വഴിമാറി.. സ്വപ്നങ്ങൾ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ തുടങ്ങി.. യാത്രകളുടെ നീണ്ട ഇടവേളകളിൽ നന്ദൻ ഇടയ്ക്കൊക്കെ വന്നുപോകുമ്പോൾ വീണുകിട്ടുന്ന നിമിഷങ്ങൾ..
എങ്കിലും സ്നേഹം തുളുമ്പുന്ന ഒരു വിളിക്കായി അവളുടെ കാതുകൾ കൊതിച്ചു… ആ തോളിൽ ചാരിയിരുന്ന് ആകാശം നോക്കി തന്റെ സ്വപ്നങ്ങൾ ഇങ്ങനായിരുന്നെന്നു പറയണമെന്ന് തോന്നി…
വേദനകൾ ആ കൈകുമ്പിളിൽ കണ്ണുനീരായി മാറിയെങ്കിലെന്നു തോന്നി…
തന്റെ വയറ്റിൽ വളരുന്ന കുരുന്നിന്റെ അനക്കങ്ങൾ ആ മുഖമൊന്നമർത്തി കേട്ടിരുന്നെങ്കിലെന്നു തോന്നി…
നാളുകൾ കഴിഞ്ഞപ്പോൾ അവളുടെ അടഞ്ഞുകിടന്ന മനസിന്റെ അറകൾ ഓരോന്നായി ദേവി മോൾടെ കൊലുസിന്റെ താളം കേട്ടുതുറന്നു.
നന്ദൻ വന്നു കഴിഞ്ഞാൽ കുറച്ചു സമയം മോൾക്കൊപ്പം ചിലവഴിച്ച ശേഷം lap ഉം കൊണ്ട് റൂമിലേക്ക് കയറും. നന്ദന്റെ പ്രൈവസി യിൽ ഒരിക്കലും കൈകടത്താതിരുന്ന താൻ ആദ്യമൊന്നും അതത്ര കാര്യമായി ശ്രദ്ധിച്ചില്ല.
പിന്നെ എപ്പോഴോ ചാരിയിട്ട വാതിലിന്റെ മറ നീങ്ങിയപ്പോഴാണ് lap ഇന്റെ സ്ക്രീനിലെ ആ സുന്ദരിയെ കണ്ടത്. അവളുമായുള്ള വീഡിയോ കാൾ…താൻ ആദ്യമായി നന്ദനെ കണ്ടനാളിലെ ആ സന്തോഷം നിറഞ്ഞ പുഞ്ചിരി.. അതേ മുഖം…
ഇടയ്ക്കിടെ ഈ കാഴ്ച പതിവായപ്പോൾ അവൾക്കു മനസിലായി താൻ കൊതിച്ചതും തനിക്കു കിട്ടാതെ പോയതും നന്ദന് നൽകാനറിയാം…
ഡിവോഴ്സ് പേപ്പർ സൈൻ ചെയ്തുകഴിഞ്ഞവൾ അന്നാദ്യമായി നന്ദനോട് ചോദിച്ചു
“നന്ദേട്ടാ… എന്റെ കുറവുകൾ എന്തായിരുന്നു… “
നന്ദന്റെ മറുപടി തികച്ചും വ്യത്യസ്തമായിരുന്നു..
“എല്ലാത്തിനും കാരണം നിന്റെ മൗനം തന്നെയായിരുന്നു…..”
അവളുടെ ആ മൗനത്തിൽ നിന്നയിരുന്നു എന്റെ തുടക്കം. ആ നീലമിഴികളും നുണക്കുഴികളും പലതവണ തന്റെ മനസിലും ഉറക്കത്തിലും വന്നു ശ്വാസംമുട്ടിക്കാൻ തുടങ്ങി.
ഗീതുനെ എങ്ങനെ പരിചയപ്പെടുമെന്നു ഓർത്തിരിക്കുമ്പോഴാണ് അവളുടെ ആർട്ടിക്കിൾ പത്രത്തിൽ വരുന്നത്. അങ്ങനെ അവളുടെ അക്ഷരങ്ങളിലൂടെ ആ വ്യക്തിയെ അറിയാൻ തുടങ്ങി.
പിന്നെ എങ്ങനെയോ പാടുപെട്ട് അവളുമായി വലിയ ചങ്ങാത്തമായി. അങ്ങിനെ MBA കാരിയായ അവളുടെ പ്രൊഫഷണൽ സ്കിൽ അറിഞ്ഞതും തന്റെ കമ്പനിയിലെ മാനേജിങ് പോസ്റ്റിലേക്ക് അവൾ വരുന്നതും.
ഒരുപാട് നാളത്തെ കാത്തിരിപ്പൊന്നും മനസ് അനുവദിച്ചില്ല. മകളെ തന്റെ ജീവിതസഖിയായി വേണമെന്ന ആഗ്രഹം മാതാപിതാക്കളുടെ അനുവാദത്തോടെ വിവാഹമായി മാറി.
എങ്കിലും ഒരിക്കൽ പോലും ഒരു ഭർത്താവിന്റെ അധികാരം ജിതിൻ അവളുടെ നേർക്ക് കാട്ടിയിട്ടില്ല. എല്ലാം ഷെയർ ചെയ്യാൻ ഒരാൾ.. അത്രേ അപ്പോൾ അവളും ആഗ്രഹിച്ചുള്ളു.
ആയിടയ്ക്കാണ് കമ്പനി യുടെ പ്രോഫിറ് ലോസ് കണ്ട്രോൾ ചെയ്യാൻ വേണ്ടി മാനേജിങ് പാനലിലേക് അഭിലാഷ് ജോയിൻചെയ്തത്.ഒരു നീണ്ട ഇന്റെർവ്യൂന് ശേഷം അഭിലാഷിനെ സെലക്ട് ചെയ്തത് ഗീതു ആയിരുന്നു.
അഭിലാഷിനെ ഒന്നും പഠിപ്പിക്കേണ്ടി വന്നില്ല. സ്റ്റാർട്ടിങ്ങിൽ തന്നെ സ്മാർട്ട് ആയി മറ്റു സ്റ്റാഫുകളേക്കാൾ മുൻപിലെത്തിയ അഭിലാഷിനോട് എല്ലാവർക്കും വലിയ അസൂയയായിരുന്നു.
അഭിലാഷിന്റെ ഗീതുനോടുള്ള പെരുമാറ്റം കണ്ടാൽ ഗീതു അഭിലാഷിന്റെ ആരോ ആണെന്ന മട്ടിലായിരുന്നു.ആദ്യമൊക്കെ അത് തന്റെ തോന്നലാകുമെന്നു കരുതിയെങ്കിലും പിന്നീട് എപ്പോഴൊക്കെയോ ആ ചിന്തകളിൽ തട്ടി വീഴുന്ന അവസ്ഥ തോന്നിതുടെങ്ങി.
ദിവസങ്ങൾ ഏറുംതോറും ജിതിൻ പതിയെ സൈലന്റ് ആയിതുടെങ്ങി. തിരക്കുകൾക്കിടയിൽ ഗീതു അതത്ര കാര്യമായെടുത്തുമില്ല.
ആ സാമ്പത്തിക വർഷം കമ്പനി പൂർണമായും തകർച്ചയിൽ നിന്നും ഉയിർത്തെഴുനേറ്റു. മറ്റുള്ളവരുടെ ആശംസാവാക്കുകൾ ഗീതുന്റെ കാതുകളിൽ തട്ടിത്തെറിച്ചപ്പോഴും ജിതിന്റെ ഒരു വാക്കിനായി അവളുടെ മനസ് കൊതിച്ചു….
സായാഹ്നത്തിന്റെ ഇളം വെയിൽ ദൂരേയ്ക് നടന്നകന്നു. ക്ഷേത്രാങ്കണത്തിൽ ഭഗവാനെ തൊഴുതു വലംവച്ചുവരുന്ന ഗീതുനെ കാണാൻ പഴയതിലും ഒരുപാട് പുതുമ തോന്നി. അവൾ ജിതിന്റെ തോളിൽ ചാരി ഒരു കൈ തന്റെ ദേഹത്തോട് ചേർത്തു പിടിച്ചു..
“ജിതേട്ടാ.. എന്നോട് ദേഷ്യമുണ്ടല്ലേ…… “
അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ജിതിന്റെ മനസ് ശാന്തമായി.
” ഇല്ല.. ഗീതു.. എന്തിന് ദേഷ്യം നീ എന്നെ സഹായിക്കയല്ലേ ചെയ്തേ.”. അത്രയും കേട്ടപ്പോൾ അവൾനിയന്ത്രണംവിട്ടുപൊട്ടികരഞ്ഞു.
“ഇല്ല..എനിക്കെല്ലാമറിയാമായിരുന്നു. ഏട്ടന്റെ തെറ്റിദ്ധാരണകൾ എല്ലാം.. എന്നിട്ടും ഞാൻ ഒന്നും ചോദിച്ചില്ല.. പറഞ്ഞില്ല.. കാരണം നമ്മുടെ കമ്പനി മാത്രമായിരുന്നു എന്റെ ലഷ്യം…”
അത്രയും പറഞ്ഞു വിങ്ങിപ്പൊട്ടിയ അവളെ ജിതിൻ തന്റെ മാറോടണച്ചു.തന്റെ നെഞ്ചിൽ മുഖമമർത്തി കരയുന്ന അവളുടെ മുഖത്തെ കൈക്കുമ്പിളിൽ വാരിയെടുത്തുകൊണ്ട് ആ തോരാത്ത മിഴികളിൽ നോക്കി അയാൾ പറഞ്ഞു..
“നിനക്ക് ഒരു കാര്യമറിയുമോ.. ആരോടും തുറന്നു പറയാത്ത എന്റെ ആത്മാവിന്റ അഹങ്കാരമാണ് നീ..”
അപ്പോഴത്തെ അവളുടെ കണ്ണുനീരിൽ കുതിർന്ന ചിരി ജിതിന്റെ മിഴികളെയും ഈറനണിയിച്ചു.
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ പരിഭവം പറച്ചിലും പിണക്കങ്ങളും ഒക്കെയായി ഓരോ നിമിഷവും ഇരുവർക്കുമിടയിൽ അലിഞ്ഞില്ലാതായി.
ബെഡ്റൂമിലെ മനോഹാരിതയിൽ ജിതിന്റെ കണ്ണുകളിലെ പ്രണയം തന്നെ വീണ്ടും ആ നെഞ്ചിലെ ചൂടേറ്റുകിടക്കാൻ പ്രേരിപ്പിച്ചു.
”ഗീതു.. ദേവി മോളെ കൂടാതെ നമുക്ക് എത്ര കുട്ടികൾ വേണം.”
അതിശയത്തോടെ അവൾ തലയുയർത്തി നോക്കി.
“നോക്കേണ്ട. നമുക്ക് അഞ്ചു കുട്ടികൾവേണം.”
കുസൃതി കലർന്ന ചിരിയിൽ അവൾ പറഞ്ഞു. “നടക്കില്ല മോനെ…”
അത് പറഞ്ഞു തീർന്നതും ഗീതുന്റെ ഒരു നുള്ളുകിട്ടി വാ തുറന്നതും ഒരുമിച്ചായിരുന്നു.
“നടക്കും മോളെ.”. എന്നുപറഞ്ഞുതന്നിൽ നിന്നും കുതറി മാറാൻ ശ്രമിച്ച അവളെ തന്റെ ഹൃദയത്തോട് ചേർത്തു അവൻ മുറുകെ പുണർന്നു.
രാവിലെ ഓഫീസിൽ പോകാൻ നേരവും വീട്ടുകാര്യങ്ങളിൽ തിരക്കിട്ടു നടക്കുന്ന ഗീതുനെ കണ്ട് മനസിലാകാത്ത മട്ടിൽ ജിതിൻ നോക്കി.
“നോക്കേണ്ട.. ഞാൻ ഇനി ഓഫീസിലേക്കില്ല”..
ജിതിന്റെ മാറോടുചേർന്നു നിന്നു നാണത്തോടെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായിട്ടുകൊണ്ട് അവൾ പറഞ്ഞു
” അതേ.. എനിക്ക്.. ഏട്ടന്റെ ആ കുറുമ്പി പെണ്ണായി ഇവിടിരുന്നു വീട് ഭരിച്ചോളാം.. സാറ് ഓഫീസിൽ പൊക്കോ..”
അവളുടെ തീരുമാനത്തിനോട് എതിരു പറയാതെ ആ സിന്ദൂരരേഖയ്ക്ക് താഴെ നെറ്റിത്തടത്തിൽ ഒരു നേർത്ത ചുംബനം നൽകി.വാതിലിൽ തന്നെ യാത്രയാക്കാൻ നിന്ന ഗീതുന്റെ ഹൃദയത്തോട് ചേർന്നുകിടക്കുന്ന തന്റെ താലി കണ്ടപ്പോൾ ജിതിൻ മനസ്സിൽ ഓർത്തു; തന്റെ കണക്കുകൂട്ടലുകൾ തെറ്റിയിട്ടില്ല.
ഇതുതന്നെയാണ് ഭാര്യ… ഇനിയുള്ള തന്റെ ലോകവും അവളിൽ തന്നെ. ലോകത്ത് ഒരായിരം കാമുകിമാർ ഉണ്ടായാലും സ്വന്തം ഭാര്യയുടെ സ്നേഹം അനുഭവിക്കുന്നത്ര സുഖം മറ്റൊന്നിനുമില്ല..
അവളോട് യാത്ര പറഞ്ഞു ജിതിന്റെ കാർ പതിയെ റോഡിലേക്കിറങ്ങി..