(രചന: രജിത ജയൻ)
“നിന്റെ ചേച്ചി ചെയ്തതിനുള്ള പ്രായശ്ചിത്തമായിട്ടല്ല ഞാനിത് ചോദിക്കുന്നത്, എനിക്ക് നിന്നെ എന്റെ ജീവനോളം തന്നെ ഇഷ്ട്ടമായിട്ടാണ്..
”വന്നൂടെ എന്റെ ജീവിതത്തിലേക്ക് ..
” പൊന്നുപോലെ നോക്കാടി ഞാൻ..
”വിട്ടു കളയാൻ വയ്യെടി ,കണ്ടില്ലെന്നു നടിച്ച് തിരിഞ്ഞു നടക്കാനും വയ്യ..
” എന്റെ പ്രാണനായ് കണ്ട് ഈ നെഞ്ചിൽ കൊണ്ടു നടന്നതല്ലേ ഞാൻ .. ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കഡീ നീ എന്നെ ..
വെയിൽ ചാഞ്ഞൊരു സായന്തനത്തിൽ പാടവരമ്പിലിരുന്ന് ദൂരെ കൂടണയുന്ന പക്ഷിക്കൂട്ടങ്ങളെ നോക്കി ഇനിയെന്ത് എന്നറിയാതെ ഇരിയ്ക്കും നേരം ഒട്ടും പ്രതീക്ഷിക്കാതെയാണ് പ്രകാശേട്ടൻ മുന്നിലേക്ക് വന്നതും മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞ് സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കുന്നതും
പെട്ടന്ന് എന്തു മറുപടി പറയണമെന്നറിയാതെ പതറുന്ന തന്നെ തന്നെ നോക്കി നിൽക്കുന്ന പ്രകാശേട്ടന്റെ കണ്ണുകളിൽ നിറയെ പ്രതീക്ഷയാണ് ,അനുകൂലമായൊരു മറുപടി തന്നിൽ നിന്ന് ലഭിയ്ക്കുമെന്ന പ്രതീക്ഷയാണാ മുഖത്ത്
വർഷങ്ങളായ് കേൾക്കാൻ ആഗ്രഹിച്ച വാക്കുകൾ പ്രകാശേട്ടന്റെ വായിൽ നിന്ന് കേട്ടെങ്കിലും
ഒന്നും തിരിച്ചുപറയാൻ വയ്യ, നാവിനാരോ കൂച്ചുവിലങ്ങിട്ട പോലെ
സ്വന്തമാക്കാൻ കഴിയില്ല എന്നുറപ്പുള്ളതിനെ ചേർത്ത് പിടിക്കാൻ ശ്രമിക്കരുത് എന്നുള്ളിലിരുന്നാരോ പറയുന്നത് പോലെ ..
പ്രതീക്ഷയോടെ അതിലേറെ പ്രണയത്തോടെ തന്നെ നോക്കുന്ന പ്രകാശേട്ടനെ കണ്ടില്ലെന്ന് നടിച്ച് പാടവരമ്പത്തു നിന്നെഴുന്നേറ്റ് വീട്ടിലേക്ക് നടക്കുമ്പോൾ ഗീതുവിന്റെ കണ്ണുകൾ പെയ്തൊഴിയുന്നുണ്ടായിരുന്നു ,അവളുടെ അവഗണനയിൽ പ്രകാശന്റെ ഹൃദയവും ..
കുഞ്ഞുനാളിലെപ്പോഴോ ഉള്ളിൽ കയറി കൂടിയ പ്രണയത്തിന്റെ മുഖമായിരുന്നു പ്രകാശേട്ടൻ
തന്റെ ചേച്ചി നീതുവിന്റെ ആത്മ സുഹൃത്തായിരുന്നു പ്രകാശേട്ടൻ
ഒരുമ്മിച്ച് പഠിച്ച് ഒന്നിച്ച് കളിച്ചു വളർന്നവരാണ് നീതുവും പ്രകാശനും
എന്തിനുമേതിനും ഒരൊറ്റ മനസ്സായ് ചേർന്നു നിൽക്കുന്നവർ
നീതു ചേച്ചിയുമൊത്ത് പതിവായ് വീട്ടിൽ വന്നിരുന്ന പ്രകാശേട്ടനോട് മനസ്സിലൊരിഷ്ട്ടം തോന്നിയതെന്നാണെന്നറിയില്ല
കൗമാരത്തിലെ ഇഷ്ട്ടം യൗവ്വനത്തിൽ പ്രണയമായ് തീർന്നത് താൻ പോലും അറിയാതെയാണ്..
എപ്പോഴുമൊരു പുഞ്ചിരിയോടെ മാത്രമേ പ്രകാശേട്ടനെ കണ്ടിരുന്നുള്ളു ,തന്റെഏതു വിഷമവും മാറ്റുന്നൊരു മാന്ത്രികതയുണ്ടായിരുന്നു പ്രകാശേട്ടന്റെ സാന്നിധ്യത്തിന് ..
ഒരിക്കലും തന്റെ ഇഷ്ട്ടം തനിക്ക് പ്രകാശേട്ടനെ അറിയിക്കാൻ സാധിച്ചിരുന്നില്ല ,എന്തോ ഒരു ഭയം തന്നെ എന്നും പിന്നോട്ടു വലിച്ചിരുന്നു
പലപ്പോഴും ചേച്ചിയോട് തുറന്നു പറഞ്ഞാലോ എന്നാലോചിച്ചിരുന്നെങ്കിലും ചേച്ചിയേയും തനിക്ക് പേടിയായിരുന്നു കാരണം ചേച്ചി ഒരിക്കലും തനിക്കൊരു നല്ല സഹോദരി ആയിരുന്നില്ല
എന്നും എപ്പോഴും അവൾ മാത്രമായിരിക്കണം എല്ലായിടത്തും മുന്നിലെന്ന അവളുടെ വാശിയിൽ പലപ്പോഴും തകർന്നു പോയത് തന്റെ സ്വപ്നങ്ങളായിരുന്നു ,ഇഷ്ട്ടങ്ങളായിരുന്നു
താനെന്ത് പഠിക്കണം, ഏതു ഡ്രസ്സിടണം എവിടെ പഠിക്കണം എന്നതെല്ലാം തീരുമാനിച്ചിരുന്നത് ചേച്ചിയായിരുന്നു ,ചേച്ചി പറയുന്നത് അനുസരിക്കുക മാത്രം ചെയ്യുന്നവരായിരുന്നു തന്റെ മാതാപിതാക്കൾ ,അതിനെ ഒന്ന് ചോദ്യം ചെയ്യുക പോലും ഇല്ല അവർ
ഇങ്ങനെയെല്ലാം ഉള്ള ചേച്ചിയോട് തന്റെ ഇഷ്ട്ടം അറിയിച്ചാൽ … ആ ഒരു ചിന്ത മനസ്സിൽ വന്നതും ആ ശ്രമം ഉപേക്ഷിച്ചു
കുറച്ചു മാസങ്ങൾക്ക് മുമ്പാണ് ,തന്റെ ഡിഗ്രി പരീക്ഷയുടെ റിസൽട്ടറിഞ്ഞ് താനേറെ സന്തോഷത്തിൽ നിൽക്കുന്ന സമയത്ത് പ്രതീക്ഷിക്കാതെ പ്രകാശേട്ടൻ വീട്ടിലേക്ക് വന്നു
താൻ നല്ല മാർക്ക് വാങ്ങി പാസ്സായത്തിന് തന്നെ അഭിനന്ദിച്ചു അതിനൊപ്പം തന്നെ അച്ഛനോട് പ്രകാശേട്ടൻ തന്നെ സ്നേഹിക്കുന്നുവെന്നും വിവാഹപ്രായമെത്തുമ്പോൾ തനിയ്ക്കും കൂടി ഇഷ്ട്ടമാണെങ്കിൽ തന്നെ പ്രകാശേട്ടന് തന്നെ നൽക്കണേ എന്നും പറഞ്ഞത് ഞെട്ടലോടെയാണ് താൻ കേട്ടു നിന്നത്
താൻ ഏട്ടനെ സ്നേഹിക്കുന്നതു പോലെ ഏട്ടനും തന്നെ സ്നേഹിക്കുന്നുവെന്നറിവ്..ഹോ…
കേട്ടതു വിശ്വസിക്കാൻ കഴിയാതെ ഒരു സ്വപ്നത്തിലെന്ന പോലെ താൻ നിൽക്കുമ്പോഴാണ് നീതു ചേച്ചി കരഞ്ഞു കൊണ്ടോടി വന്ന് പ്രകാശേട്ടന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചത്
“നമ്മളല്ലേടാ സ്നേഹിച്ചത് ,
“നമ്മളല്ലേ ഒന്നിച്ചു ജീവിക്കാൻ സ്വപ്നങ്ങൾ കണ്ടത്..
എന്നെ മറക്കില്ലെന്നും നിന്റെ നെഞ്ചോടു ചേർത്ത് പൊതിഞ്ഞു പിടിക്കുമെന്നും പറഞ്ഞിട്ടിപ്പോൾ …
ചേച്ചി അലറി കരഞ്ഞു ചോദിക്കുന്നത് കേട്ട് ഞെട്ടി പകച്ചു പോയ് താനുൾപ്പെടെ എല്ലാരും
ചേച്ചിയും പ്രകാശേട്ടനും പ്രണയത്തിലായിരുന്നുവെന്ന് തനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല
“നീയെനിക്ക് വാക്കു തന്നതെല്ലാം മറന്നിപ്പോൾ എന്റെ അനിയത്തിയെ കെട്ടാൻ ഇറങ്ങിയേക്കുവാണോ നീ ..?
“എന്നെ ചതിക്കുവായിരുന്നോ നായെ നീ ….
എന്ന് നീതുവേച്ചി പ്രകാശേട്ടന്റെ മുഖത്തു നോക്കി ചോദിച്ചപ്പോൾ ചേട്ടന്റെ മുഖത്തു കണ്ട നിസ്സഹായാവസ്ഥ, ഞെട്ടൽ എല്ല്ലാം വിളിച്ചു പറയുന്നുണ്ടായിരുന്നു ചേച്ചി വിളിച്ചു പറയുന്നതെല്ലാം കളളമാണെന്ന് ,പക്ഷെ എന്തിന്…? ആ ചോദ്യം മനസ്സിൽ അവശേഷിച്ചുവെങ്കിലും പിന്നീടതിനുള്ള ഉത്തരവും കിട്ടി
ചേച്ചിയും പ്രകാശേട്ടനെ സ്നേഹിക്കുന്നു ,ഒരു സുഹൃത്തിനപ്പുറം പ്രകാശേട്ടൻ ചേച്ചിയ്ക്ക് ആരെല്ലാമോ ആണ്
എന്നെ ഞെട്ടിച്ചത് അതല്ല പ്രകാശേട്ടന് എന്നെ ഇഷ്ട്ടമാണെന്ന് ആദ്യം തന്നെ ചേട്ടൻ ചേച്ചിയോട് തുറന്നു പറഞ്ഞിരുന്നു അന്നതിന് ചേച്ചി സന്തോഷത്തോടെ സമ്മതം പറഞ്ഞതാണെന്ന പ്രകാശേട്ടന്റെ വെളിപ്പെടുത്തലാണ്..
പിന്നെന്തിന് ചേച്ചി ഇപ്പോൾ ഇത്തരമൊരു നാടകം കളിക്കണമെന്ന ചിന്തയ്ക്ക് ഉത്തരവും പെട്ടന്നു തന്നെ തനിക്ക് കിട്ടി ,ചേച്ചി ആഗ്രഹിച്ചതൊന്നും തനിക്ക് കിട്ടാൻ പാടില്ല എന്ന സ്വാർത്ഥത
അതെന്തായാലും ഫലം കണ്ടു, മൂത്ത മകളെ പ്രണയിച്ചു വഞ്ചിച്ചൊരു വന് അനിയത്തിയെ തരില്ല എന്ന അച്ഛന്റെ വാക്കുകളിൽ ഒരു വിജയിയെ പോലെ നിൽക്കുന്ന ചേച്ചിയെ താൻ നോക്കി നിന്നപ്പോൾ രക്തത്തിൽ കലർന്നതു പോലെ സുതാര്യമായ തന്റെ സൗഹൃദം തന്നെ ചതിച്ചതിന്റെ ഞെട്ടലിലായിരുന്നു പ്രകാശേട്ടൻ
ഇഷ്ട്ടവും പ്രണയവും സൗഹൃദവുമെല്ലാം അവസാനിച്ചു ,നേരിൽ കണ്ടാലൊന്ന് നോക്കുക പോലും ചെയ്യാത്ത വിധം അകന്നുപോയ് എല്ലാവരും
തനിക്കൊപ്പം ഒരു കാവലിനെന്ന പോലെ ചേച്ചി എപ്പഴും കൂടെ നടന്നു
അതോടൊപ്പം തന്നെ പ്രകാശേട്ടന് നേരെ ഒരു നോട്ടം പോലും തന്നിൽ നിന്നുണ്ടാവാൻ പാടില്ല എന്ന ഉഗ്രശാസനയും
ചേച്ചിയെ മാത്രം വിശ്വസിക്കുകയും ഇഷ്ട്ടപ്പെടുകയും ചെയ്യുന്ന അച്ചനും അമ്മയും ഇതിനും അവൾക്കൊപ്പം തന്നെ നിന്നു
ഇപ്പോഴിതാ ചേച്ചിയ്ക്ക് കല്യാണം നോക്കുന്നതിനൊപ്പം തന്നെ തനിയ്ക്കും നോക്കുന്നു, തന്റെ പഠിപ്പു പോലും പൂർത്തിയാക്കാൻ സമ്മതിക്കാതെ ..
ചേച്ചി വിവാഹം കഴിഞ്ഞുപോയതിനു ശേഷം താൻ പ്രകാശേട്ടനെ നേടാതിരിക്കാനുള്ള ചേച്ചിയുടെ മുൻകരുതൽ ..
പുച്ഛം തോന്നി തനിക്ക് തന്നോടു തന്നെ, എല്ലാം അറിഞ്ഞിട്ടും അവരെയാരെയും എതിർക്കാൻ കഴിയാത്ത തന്റെ സ്വഭാവമോർത്ത് ..
തനിയ്ക്കും കല്യാണം നോക്കുന്നതറിഞ്ഞ അന്നു മുതൽ തനിക്ക് പുറകെ വന്നു കെഞ്ചുന്നതാണ് പ്രകാശേട്ടൻ ആ കൂടെ ചെല്ലാൻ.. പക്ഷെ അതിനും വയ്യ താനങ്ങനെ എന്തെങ്കിലും ചെയ്താൽ അച്ഛനും അമ്മയുമടക്കം എല്ലാവരെയും കൊന്നിട്ട് താനും ചാവുമെന്ന ചേച്ചിയുടെ ഭീക്ഷണിയെ തനിക്ക് പേടിയാണ്… അവളെന്തും ചെയ്യും ജയിക്കാനായ് ..
കരഞ്ഞു വീർത്ത കണ്ണുകളുമായ് പാടത്ത് നിന്ന് കയറി വരുന്നവളെ കണ്ട നീതുവിന്റെ മുഖത്തൊരു വിജയ ചിരി വിരിഞ്ഞു .. തനിക്കില്ലാത്തത് ,താൻ സ്നേഹിച്ചത് അതൊന്നും ഗീതുവിനും കിട്ടില്ലാ എന്നറിഞ്ഞ വിജയിയുടെ ചിരി
ദിവസങ്ങൾ മുന്നോട്ടു പോകെ ചേച്ചിയുടെ കല്യാണവും പുറകെ തന്റെ കല്യാണവും ഉറപ്പിക്കുന്നതും കാര്യങ്ങൾ വേഗത്തിൽ മുന്നോട്ട് നീങ്ങുന്നതുമെല്ലാം ഒരു തരം മരവിപ്പോടെ ഗീതു നോക്കി നിന്നു ആർക്കും അവളോടൊന്നും ചോദിക്കാനോ പറയാനോ ഉണ്ടായിരുന്നില്ല എല്ലാം പറഞ്ഞിരുന്നതും ചോദിച്ചിരുന്നതും നീതുവായിരുന്നു
കല്യാണ ദിവസമടുത്തപ്പോൾ തന്നെക്കാൾ കൂടുതൽ സ്വർണ്ണം വേണമെന്ന് പറഞ്ഞ് വാശിയെടുത്ത് തനിയ്ക്കായ് വാങ്ങിയതിൽ നിന്നും ഒരു പങ്കെടുത്തു കൊണ്ട് പോവുന്ന നീതുവിനെയും അതിനു മൗനാനുവാദം നൽക്കുന്ന മാതാപിതാക്കളെയും ഗീതുവൊരമ്പരപ്പോടെ നോക്കി നിന്നു ,ആദ്യത്തെ അമ്പരമ്പ് ഒരു പുച്ഛമായ് മാറിയതും പെട്ടന്നായിരുന്നു
കണ്ണുകളിലൊരു മയക്കം ബാധിക്കുന്നതും ശരീരം നേർത്ത രീതിയിൽ തളരുന്നതും തിരിച്ചറിഞ്ഞ നീതു വീണ്ടും വീണ്ടും കണ്ണുകൾ വലിച്ച് തുറന്നു തനിക്ക് മുമ്പിലായ് നിൽക്കുന്നവരെ സൂക്ഷിച്ചു നോക്കി
ഗീതു ഒപ്പം പ്രകാശനും ..,,
മയക്കം ബാധിച്ച നീതുവിന്റെ കണ്ണുകൾ മിഴിഞ്ഞു പോയ്
“ആ ചേച്ചി.. ചേച്ചി ഉണർന്നോ …?
ഗീതു ചോദിച്ചു കൊണ്ട് നീതുവിന് മുന്നിലായ് വന്നു നിന്നപ്പോൾ അവളുടെ കയ്യിലിരിക്കുന്ന തന്റെയും അവളുടെയും ആഭരണപെട്ടികൾ കണ്ട് ആ അവസ്ഥയിലും നീതുവിന്റെ കണ്ണുകൾ മിഴിഞ്ഞു പോയ്
“എന്താ ചേച്ചി ആകെ അമ്പരന്നു പോയോ ..?
ഗീതു ചോദിച്ചു കൊണ്ട് നീതുവിന് മുമ്പിലായ് മുട്ടുകുത്തി നിന്നു
“നീയമ്പരക്കുക ഒന്നും വേണ്ട ചേച്ചി, ചെറിയ ഒരു ഉറക്കഗുളിക ഞാൻ തന്നിരുന്നു നിനക്ക് അതാണ് നിനക്കീ മയക്കം
“നീ ഉറങ്ങി ഉണരുമ്പോഴേക്കും എനിക്കിവിടെ അല്ല സോറി ഞങ്ങൾക്കിവിടെ കുറച്ചു പരിപാടിയുണ്ടായിരുന്നു …
നീതുവിനോടായ് പറഞ്ഞു കൊണ്ട് ഗീതു പ്രകാശിന്റെ കൈകളിൽ കൈകോർത്തു അവനും അവളോട് ചേർന്നു നിന്നു
“എന്നും എപ്പോഴും നിന്റെ ഇഷ്ടവും നിന്റെ വാശിയും മാത്രം ജയിച്ചാൽ പോരല്ലോ ഇടയ്ക്ക് ഒരു
ജയം എനിയ്ക്കും വേണ്ടേ, അതു കൊണ്ട് ആ ജയം നിന്നോടൊന്ന് പറഞ്ഞിട്ടു പോവാമെന്ന് കരുതി കാത്തു നിന്നതാ ഞങ്ങൾ ..
“ഞാൻ പ്രകാശേട്ടന്റെ ഒപ്പം പോവുകയാണ് ..
കേട്ടതു വിശ്വസിക്കാൻ കഴിയാതെ നീതു ഗീതുവിനെയും പ്രകാശനേയും പകച്ചു നോക്കി
“എന്താടീ ചേച്ചി നീ ഞെട്ടിപോയോ..?
” സത്യമാണ് ഞാൻ പറഞ്ഞത്
“കുഞ്ഞുനാൾ മുതൽ ഞാൻ മനസ്സിൽ കൊണ്ടു നടക്കുന്നതാ ഏട്ടനെ
“അതുപോലെ തന്നെയാണ് പ്രകാശേട്ടന് ഞാനും
” ഇതെല്ലാം നിന്നോട് ഏട്ടൻ തുറന്നു പറഞ്ഞതല്ലേ..? നീ അംഗീക്കരിച്ചതല്ലേ..?
എന്നിട്ടൊടുവിൽ നിന്റെ വാക്കും കേട്ട് വീട്ടിൽ വന്ന പ്രകാശേട്ടനോട് നീ ചെയ്തതെന്താ ..?
“കൂടെ നടന്ന കൂട്ടുക്കാരനെയും കൂടെപ്പിറന്നവളെയും ചതിക്കാൻ നിനക്കൊരു മനസ്സാക്ഷികുത്തും തോന്നിയില്ലല്ലോ ..?
“അന്നു മുതൽ ഞങ്ങൾ കാത്തിരിക്കാൻ തുടങ്ങിയതാ അനുകൂലമായൊരു സമയത്തിനായ് ,ഇപ്പോ ഇതാ കറക്ട് സമയം വന്നു ഞാൻ പോവുന്നു പ്രകാശേട്ടന്റെ കൂടെ ഞങ്ങൾ കണ്ട ജീവിതത്തിലേക്ക് ഒപ്പം
എനിയ്ക്കും നിനക്കുമായ് നമ്മുടെ അച്ഛനമ്മമാർ വാങ്ങിയ സ്വർണ്ണവും കരുതിയ പണവും മുഴുവനായ് ഞാനെടുത്തിട്ടുണ്ടേ എനിയ്ക്ക് വേണ്ടി..
ഗീതു പറഞ്ഞതു കേട്ട അമ്പരപ്പിൽ നീതു ഞെട്ടിയവളെ നോക്കി
“നീയിത്രയ്ക്ക് ഞെട്ടുവൊന്നും വേണ്ട എനിക്കവകാശപ്പെട്ടതാണ് അതെല്ലാം ,ഓരോ പ്രാവശ്യവും നിന്റെ വാക്കുകൾ കേട്ട് ഞാനെന്ന മകളെ മറന്നുകളഞ്ഞ നമ്മുടെ രക്ഷിതാക്കളോട് ഞാനിത്രയ്ക്ക് എങ്കിലും ചെയ്യണ്ടേ..? ഒപ്പം നിന്നോടും..?
“ഇതെല്ലാം ഇത്രയും ഉണ്ടാക്കാൻ അവർ കുറച്ചധികം കഷ്ട്ടപ്പെട്ടിട്ടുണ്ട് ,ഇനിയെത്ര കഷ്ട്ടപ്പെട്ടാലും ഇത്രയൊന്നും നേടാനും പറ്റില്ല അതായത് നിനക്കായിനി മിച്ചം അധികമില്ലാന്ന് …
അതു പറയുമ്പോൾ ഒരു വിജയിയുടെ ചിരി ഗീതുവിന്റെ മുഖത്തുണ്ടായിരുന്നു
“ആ പിന്നേ ഇനിയൊരുമടക്കം ഇവിടേയ്ക്കില്ല ,കല്യാണം ക്ഷണിക്കാൻ പോയ ആളുകൾ മടങ്ങി വരുമ്പോൾ നീയിതെല്ലാം അവരോട് കൂടി പറഞ്ഞേക്ക് ട്ടോ.. അല്ല അതിപ്പോ ഞാൻ പറഞ്ഞില്ലെങ്കിലും നീ പറയും എന്നാലും പറഞ്ഞേക്ക് …
”ഇതെല്ലാം എടുത്ത് ഇവന്റെ കൂടെ നീയെവിടെ വരെ പോകൂടി ….?
നിന്നെ ഞാനിവിടെ എന്റെ കാൽചുവട്ടിൽ തന്നെ കൊണ്ടുവരും ..
അനങ്ങാൻ വയ്യാത്ത ആ അവസ്ഥയിലും നീതു ഗീതുവിനു നേരെ ചീറി
”അതെനിക്കറിയാലോ ചേച്ചി അതു കൊണ്ട് ഞാൻ വേറെ ഒരു മുൻകരുതൽ കൂടി എടുത്തിട്ടുണ്ട് കാണിച്ചു തരാം, പറഞ്ഞു കൊണ്ട് ഗീതു നീതുവിന് നേരെ തന്റെ ഫോൺ നീട്ടി അതിലേക്ക് നോക്കിയ നീതു വിളറി വെളുത്തു അപമാനത്താൽ അവരുടെ തല കുനിഞ്ഞു
പ്രകാശനെ തന്റെ കാൽചുവട്ടിലായ് കൊണ്ടുവരുന്നതിനു വേണ്ടി താനവന്റെ കൂട്ടുക്കാരനായ അമീറിനെ കൂട്ടുപിടിച്ചതും അവനെ വിശ്വസിച്ച് തന്റെ ശരീരം പ്രതിഫലമായ് അവനു നൽക്കുന്നതുമായ വീഡിയോ..
“ചേച്ചി അമീർ നിന്നെ പോലെ അല്ല, പ്രകാശേട്ടന്റെ നല്ല സുഹൃത്താണ് കൂടെ നിന്ന് പ്രകാശേട്ടനെ ചതിക്കില്ല, പിന്നെ നിന്റെ ശരീരം നേടിയത്, കൊടുക്കാൻ നീ തയ്യാറായപ്പോ ചോരയും നീരുമുള്ള ആണൊരുത്തനായതു കൊണ്ട് അവനത് അവനു വേണ്ടവിധത്തിൽ ഉപയോഗിച്ചു എന്നു മാത്രം
“പുച്ഛം തോന്നുന്നുചേച്ചി നിന്നോട് നിന്റെ പ്രവർത്തിക്കളോട് ,ഒന്നു മാത്രം പറയാം എന്റെ ജീവിതത്തിന് വിലങ്ങുതടിയായ് നീ വന്നാൽ നിന്റെ തനി രൂപം നമ്മുടെ അച്ഛനമ്മമാരുൾപ്പെടെ ഈ നാട്ടുക്കാർ മുഴുവൻ കാണും അതുകൊണ്ട് എല്ലാമൊന്ന് നോക്കിയും കണ്ടും ചെയ്യ് കേട്ടോ ..
“അപ്പോ ശരി ഇനിയൊരിക്കലും തമ്മിൽ കാണാതെ ഇരിക്കട്ടെ
ഒരു യാത്ര ചോദിക്കൽ പോലെ പറഞ്ഞിട്ട് പ്രകാശന്റെ കയ്യും പിടിച്ച് ഗീതു നടന്നു മറയുന്നത് ഒരു മങ്ങിയ കാഴ്ചയിലെന്നവണ്ണം നീതു നോക്കിയിരുന്നു, അമ്പേ തകർന്നവളായ് .. തോറ്റ വളായ് ..