ശാപം പിടിച്ചവൾ
(രചന: Rajitha Jayan)
“” രാവിലെ തന്നെ ഉടുത്തൊരുങ്ങി മുന്നിൽ വന്നു നിന്നുക്കൊളളും അശ്രീകരം….””
അമ്മേ….,, അമ്മേ … ദാ ഈ ദുശ്ശകുനത്തിനോട് എന്റെ മുമ്പിൽ വന്നു നിൽക്കാതെ മാറിപൊയ്യ്ക്കൊളളാൻ പറഞ്ഞോണം…..
എപ്പോഴും കാണാം എങ്ങോട്ടെങ്കിലും ഇറങ്ങാൻ നിൽക്കുമ്പോൾ ശകുനം മുടക്കിയായ് മുന്നിൽ അസത്ത്… …
ദേഷ്യം കൊണ്ട് കത്തിക്കാളി ഉയർന്ന സ്വരത്തിൽ ഗിരീഷ് ചീത്ത വിളിക്കുമ്പോൾ എന്താ ചെയ്യേണ്ടത് എന്നറിയാതെ പകച്ചവനുമുന്നിൽ നിൽക്കുകയായിരുന്നു അശ്വതി. ..
കണ്ണുകൾ നിറഞ്ഞു തൂവാതിരിക്കാൻ അവൾ പാടുപ്പെടുകയായിരുന്നു….കരച്ചിലോ കണ്ണുനീരോ കണ്ടാൽ ദേഷ്യം കൂടി ചിലപ്പോൾ ഗിരീഷേട്ടൻ അടിച്ചൂന്നും വരാം. ..
ഒന്നു രണ്ടു പ്രാവശ്യം ആ കയ്യുടെ അടിയേറ്റ് ചുണ്ട് പൊട്ടി ചോരയൊഴുകിയതപ്പോൾ അശ്വതിയുടെ മനസ്സിലേക്കോടിയെത്തി…
എന്താണ് ഗിരീ. ..?? എന്തിനാ നീയിങ്ങനെ ഉറക്കെ സംസാരിക്കണത് ??
ഈ വീട്ടിലുളളവർ കേട്ടാൽ പോരെ ഇവിടുത്തെ കാര്യങ്ങൾ അല്ലാതെ അയൽപക്കത്തെ വീട്ടുക്കാരെ കൂടി അറിയിക്കണോ…? ?
ആരറിഞ്ഞാലും കേട്ടാലും എനിക്കൊന്നുമില്ല…
ദേ …..അമ്മയോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുളളതല്ലേ ഇവളെ എന്റ്റെ മുമ്പിൽ കാണരുതെന്ന്… ,, എനിക്കിഷ്ടമില്ല ഈ ജന്തുവിനെ എന്ന്. …
വെറുപ്പോടെ അശ്വതിയുടെ നേർക്ക് വിരൽ ചൂണ്ടി ഗിരീഷത് പറയുമ്പോൾ കരച്ചിലടക്കാൻ പാടുപ്പെടുകയായിരുന്നു അശ്വതി. ..
ആ…. അത് ..അവളറിയാതെ സംഭവിച്ചതാവുമെടാ….,, അവൾക്കിന്നൊരു ഇന്റ്റർവ്യൂ ഉണ്ട് അതിനുപോവാൻ വേണ്ടി ഇറങ്ങീതാണാ കുട്ടി …. നീ ഇപ്പോൾ ഇറങ്ങി വരുംന്ന് അവളറിഞ്ഞിട്ടുണ്ടാവില്ല…
സാരമില്ല പോട്ടെ ..
നീ എങ്ങടാന്ന് വെച്ചാൽ പോവാൻ നോക്ക് ഗിരി … എന്നിട്ടേ അവളിനി പോണുളളു അതിന്റെ പേരിലിനി വഴക്ക് ഉണ്ടാക്കണ്ട…..
ഇവളെ കണികണ്ടോണ്ട് ഞാനിനി എങ്ങടും പോയെന്റ്റെ ജീവൻ കളയണില്ല….
കയ്യിലിരുന്ന വണ്ടിയുടെ താക്കോൽ പൂമുഖത്തെ സോഫയിലേക്ക് ദേഷ്യത്തിൽ വലിച്ചെറിഞ്ഞ് ഗിരി അകത്തേക്ക് കയറി പോയി
അശ്വതി…
ജനിച്ചു വീണപ്പോൾ തന്നെ അമ്മയുടെ പ്രാണനും ,,,നടന്നു തുടങ്ങിയപ്രായത്തിലച്ഛന്റ്റെ ജീവനുംമെടുത്തവൾ….അതായിരുന്നു അവളെ അറിയുന്ന എല്ലാവർക്കും അവൾ…. ശാപം പിടിച്ചവൾ..
ജാതകദോഷത്തോടെ പിറന്നവൾ…. വളർച്ചയുടെ പടവുകൾ കയറുംതോറും ഇരിക്കുന്നിടം മുടിക്കുമെന്നാണ് അവളുടെ ജാതകത്തിലുളളതെന്നറിഞ്ഞപ്പോൾ ബന്ധുക്കളോരുത്തരും അവളെ കയ്യൊഴിഞ്ഞു…
ഒടുവിൽ വളരെ അകന്ന ബന്ധുക്കളായ ഗിരിയുടെ അമ്മയും അച്ഛനും അവളെ ഈ വീട്ടിലേക്ക് വിളിച്ച് കൊണ്ടു വന്നു. ആ ചെറുപ്രായം മുതലീ ഇരുപത്തിരണ്ടാം വയസ്സുവരെ അവൾ വളർന്നത് ഇവിടെ ഈ വീട്ടിലാണ്
കളിക്കൂട്ടുകാരനായ് ചെറുപ്പംമുതലവൾക്കൊപ്പം ഉണ്ടായിരന്നതാണ് ഗീരീഷും…
എന്നാൽ കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഗിരീഷിന്റെ അച്ഛൻ പെട്ടെന്ന് അറ്റാക്ക് വന്നു മരിച്ചപ്പോൾ അതിനു കാരണം..
അശ്വതിയുടെ ജാതകമാണെന്ന് ബന്ധുക്കൾ പറഞ്ഞത് ഗിരീഷിന്റെ അമ്മ കാര്യത്തിൽ എടുത്തില്ലെങ്കിലും ഗിരീഷിന്റെ മനസ്സിലത് തറച്ചിരുന്നു…
അന്ന് തൊട്ടു തുടങ്ങിയതാണവന് അവളോടുളള ദേഷ്യവും വൈരാഗ്യവും….. അവൻ വളരുംതോറും അതിന്റെ അളവു കൂടിയതല്ലാതെ കുറഞ്ഞില്ല. ..
ഒടുവിൽ അവളെ കണ്ണിനുമുമ്പിൽ കണ്ടാൽ പോലും അവന് ദേഷ്യം വന്നു തുടങ്ങിയപ്പോൾ അവന്റെ കൺമുന്നിൽ വരാതൊരു നികൃഷ്ട ജീവിയെ പോലെ അവളാ വീട്ടിനുളളിൽ ഒതുങ്ങി കൂടി..
പക്ഷെ ഇന്ന് തീരെ പ്രതീക്ഷിക്കാതെയാണ് ഗിരീഷിന്റെ മുമ്പിൽ അവളെത്തിച്ചേർന്നത്…
നിറഞ്ഞു വരുന്ന കണ്ണുകൾ മറ്റുള്ളവർ കാണാതെ തുടച്ച് ഇറ്റർവ്യൂവിന് വന്ന മറ്റുളളവർക്കൊപ്പം ഇരിക്കുമ്പോൾ ഒരു പ്രാർഥന മാത്രമേ അശ്വതിയുടെ മനസ്സിലുണ്ടായിരുന്നുളളു ഈ ജോലിയെങ്കിലും തനിക്ക് ലഭിക്കണേയെന്ന് …
തനിക്കും ഗിരീഷേട്ടനുമിടയിൽ ദേവിഅമ്മ വല്ലാതെ കഷ്‌ടപ്പെടുന്നു….ഒരു ജോലി കിട്ടിയാൽ ആരെയും ബുദ്ധിമുട്ടിക്കാതെ എവിടെയെങ്കിലും കഴിയാമായിരുന്നു….
അമ്മേ.. അമ്മേ… . വീടിന്റെ പടികടന്നകത്തേക്ക് കയറുമ്പോൾ പതിവിലധികം സന്തോഷവാനായിരുന്നു ഗിരീഷ്.. ..
മകന്റെ മുഖത്തെ സന്തോഷവും തിളക്കവും കണ്ടപ്പോൾ കാര്യം മനസ്സിലാകാതെ പകച്ചു നിന്ന ദേവി അമ്മയുടെ കവിളിലൊരു കൊച്ചു കുഞ്ഞിനെയെന്നപോലെ നുളളിയിട്ട് താൻ റാങ്കോടെ വക്കീൽ പരീക്ഷ പാസായ വിവരം അവൻ അമ്മയോട് പറഞ്ഞു ….
ഇത് ഞാൻ തീരെ കരുതിയില്ല അമ്മേ…
ഇതിനുമുമ്പ് ഇതിനെക്കാൾ നന്നായി ഞാൻ പലപ്പോഴും പഠിച്ചിരുന്നു എന്നാൽ അന്നൊന്നും എനിക്ക് ഞാൻ ആഗ്രഹിച്ചയിടത്ത് എത്താൻ പറ്റിയില്ല ..
എന്നാലിപ്പോൾ കണ്ടോ ഞാൻ പോലും പ്രതീക്ഷിക്കാത്തത് ആണിത്….
എല്ലാം ആ ശാപംപിടിച്ചവളീ വീടിന്റെ പടിയിറങ്ങി പോയതിന്റ്റെ ഗുണമാണ്,,,അറിയുമോ അമ്മയ്ക്ക്. ..
മകന്റ്റെ വാക്കുകൾ കേട്ട് ഒന്നും പറയാൻ സാധിക്കാതെ നിൽക്കുമ്പോൾ ദേവിയമ്മയുടെ മനസ്സിൽ അശ്വതിയുടെ മുഖമായിരുന്നു… പങ്കെടുത്ത ഇന്റ്റർവ്യൂ നല്ല നിലയിൽ പാസായ അവൾ ഇപ്പോൾ ജോലിസ്ഥലത്തിനടുത്തുളള ഹോസ്റ്റലിൽ ആണ് താമസം..
ഏറെ വിഷമമായിരുന്നു തനിക്കവളുടെ പോക്ക്.. എന്നാൽ അവൾ ഇറങ്ങി പോയപ്പോൾ ചാണകം വെള്ളം കലക്കി വീടിനകത്തും പുറത്തു കുടയുന്ന മകനെ കണ്ടപ്പോൾ എന്ത് ചെയ്യണംന്ന്പ്പോലും അറിയാതെയായ് ..
ഇപ്പോൾ രണ്ടു മാസത്തിലേറെയായിരിക്കുന്നു അവൾ പോയിട്ട്. .. ….
“”അമ്മേ ഞാനൊന്ന് പുറത്തു പോവുകയാണ്…
കൂട്ടുകാർക്കെല്ലാം ഒരു പാർട്ടി കൊടുക്കണം..
വരാൻ കുറച്ചുവൈകും അമ്മ കിടന്നോളുട്ടോ…
ചുണ്ടിലൊരു ചൂളം വിളിയുമായ് ബുള്ളറ്റ് എടുത്ത് പോവുന്ന ഗിരീഷിനെ നോക്കി നിൽക്കുമ്പോൾ അവനിൽ നിറഞ്ഞുകിടക്കുന്ന അന്ധവിശ്വാസങ്ങളോർത്ത് ദേവിയമ്മ നെടുവീർപ്പിട്ടു…
ഒരു പക്ഷേ ഏറെ സ്നേഹിച്ച അച്ഛന്റെ മരണത്തിനു അശ്വതി കാരണക്കാരിയായെന്ന ചിന്തയാവാം അവനെ ഇത്തരത്തിലെല്ലാം ചിന്തിപ്പിക്കുന്നത്.
മിനുട്ടുകൾക്ക് മണിക്കൂറുകളുടെ ദൈർഘ്യം ഉണ്ടെന്നു തോന്നുമായിരുന്നു ആശുപത്രിയിൽ ഐസിയുവിന് മുന്നിലുള്ള ഈ കാത്തിരിപ്പിന്…..
കരഞ്ഞു കരഞ്ഞു അബോധത്തിലായ ദേവിയമ്മയെ മടിയിൽ കിടത്തി ആ തലയിലൂടെ മെല്ലെ വിരലുകൾ കൊണ്ട് പരതുപ്പോൾ ഒരൊറ്റ പ്രാർഥന മാത്രമേ അശ്വതിയുടെ മനസ്സിലുണ്ടായിരുന്നുളളു… ഗിരീഷേട്ടന് അപകടമൊന്നും സംഭവിക്കരുതേന്ന്….
തനിക്ക് നേരെ നീണ്ടു വരുന്ന ബന്ധുക്കളുടെ കണ്ണുകളിലൊരു കുറ്റപ്പെടുത്തലുണ്ടോ…..??
അമിതമായി മദ്യപിച്ച് ബൈക്ക് ഓടിച്ചതിനാലാണ് ഗിരീഷേട്ടന് അപകടം ഉണ്ടായത്…
ലോറിക്കുള്ളിൽ നിന്ന് വണ്ടി വെട്ടിപൊളിച്ച് കൊണ്ടു വരുമ്പോൾ ചെറിയ ജീവൻ മാത്രമേ ആ ശരീരത്തിൽ ഉണ്ടായിരുന്നുളളു എന്നാണ് അറിഞ്ഞത്…
“ഈശ്വരൻമാരെ ആ ജീവൻ വച്ചൊരു പരീക്ഷണം നിങ്ങൾ നടത്തരുതേ…..
താനിപ്പോൾ അവിടെ അല്ല താമസം പക്ഷെ തന്നെ കുറ്റപ്പെടുത്താൻ നിൽക്കുന്നവർക്കതൊന്നും കാര്യമല്ലല്ലോ…ഈ ഒരു ശാപം കൂടി താങ്ങാൻ വയ്യ …..
ശരീരം മുഴുവൻ പലവിധ ഉപകരണങ്ങൾ ഘടിപ്പിച്ച് അതിനുളളിലൊരു ശിശുവിനെപ്പോലെ കിടക്കുമ്പോൾ ഗിരീഷിന് തന്നോട് തന്നെ വല്ലാത്ത പുച്ഛം തോന്നി. … . .
അവന് മുന്നിൽ വീൽചെയറിൽ അവന്റെ മുഖത്തേക്ക് തന്നെ നോക്കി അപ്പോൾ അശ്വതി ഇരിക്കുന്നുണ്ടായിരുന്നു…
“”ഇപ്പോൾ എന്ത് തോന്നുന്നു ഗിരീഷേട്ടാ …??
ഇവിടെ നിന്ന് എല്ലാം വലിച്ചെറിഞ്ഞോടാൻ തോന്നുന്നുണ്ടോ…??
അതോ എണീറ്റുവന്നെന്റ്റെ മുഖം അടിച്ചു പൊട്ടിക്കാൻ തോന്നുന്നുണ്ടോ…??
ഇത് ഈശ്വരെന്റ്റെ പരീഷണംആണ് …ഈ ലോകത്തിലാർക്കും ഞാൻ ഇന്നേവരെ അറിഞ്ഞുകൊണ്ട് ഒരു ദ്രോഹവും ചെയ്തിട്ടില്ല എന്നിട്ടും ശാപം പിടിച്ചവളായ് ഈ ലോകം എന്നെ കളിയാക്കി…
നിങ്ങൾക്ക് അപകടം സംഭവിക്കുമ്പോൾ ഞാൻ ആ വീട്ടിൽ ഇല്ലായിരുന്നു എന്നിട്ടും അപകടത്തിൽ ഗുരുതര പരുക്കേറ്റ് നിങ്ങളുടെ കരൾ പ്രവർത്തനം നിലച്ചപ്പോൾ എല്ലാവരും പഴിപറഞ്ഞതെന്നെ…
ഒടുവിൽ അതേ എന്റെ കരൾ ഞാൻ പകുത്ത് തന്നത് കൊണ്ടല്ലേ നിങ്ങളിന്നും ജീവിക്കുന്നത്….???
നിങ്ങളേറെ വെറുത്ത എന്റ്റെ ശരീരത്തിലെ ഒരു അവയവം കൊണ്ടു വേണ്ടേ നിങ്ങളുടെ ബാക്കി ജീവിതം നിങ്ങൾ ജീവിക്കാൻ. …??
ഒരു ശാപവും തലയിലേറ്റിയല്ല ഇവിടൊരു ജീവനും പിറവിയെടുക്കുന്നത് ഗിരീഷേട്ടാ…
നമ്മൾ മനുഷ്യരാണ് മോനെ ഓരോ ജീവന്റ്റെ മുകളിലും ,,ശാപങ്ങളും പാപങ്ങളും മതങ്ങളും എല്ലാം നൽക്കുന്നത്. .ഇനിയെങ്കിലും നീ അത് തിരിച്ചറിയണം.
അമ്മയുടെയും അശ്വതിയുടെയും വാക്കുകൾ മനസ്സിന്റെ ഉളളറകളിൽ വേദനകളായ് പടർന്നപ്പോൾ ഒരു പ്രായശ്ചിതം പോലെ ഗിരീഷിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…