(രചന: Rajitha Jayan)
നിനക്കെന്താ ഭ്രാന്താണോ ഗിരീഷേ….,ഇത്രയും അനുഭവിച്ചതൊന്നും പോരാഞ്ഞിട്ടാണോ നീ വീണ്ടും ആ സ്ത്രീയെ കൂടെ കൂട്ടുന്നത്…? നീ നിന്റ്റെ വീട്ടിലെ മറ്റുള്ളവരുടെ അവസ്ഥ ചിന്തിച്ചോ…? അവരുടെ സമ്മതം വാങ്ങിയോ…..?
ആശുപത്രിയിൽ ആണെന്നോർക്കാതെ പരിസരം മറന്നു തന്നെ ചീത്ത വിളിക്കുന്ന സുനിലിന്റെ മുഖത്തേക്കൊരു നിമിഷം ഗിരീഷ് നോക്കി നിന്നു. ..അവന്റെ മുഖത്തൊരു ചിരി വിടർന്നപ്പോൾ..
ഞാൻ വീട്ടിൽ എല്ലാവരോടും ചോദിച്ചു സുനിലേ ..അവർക്ക് സമ്മതമാണ്….ഇനി ആർക്ക് സമ്മതമില്ലെങ്കിലും ഞാൻ അവരെ എന്റെ കൂടെകൊണ്ടുപോവും..
ഒരനാഥയെ പോലെ ഇവിടെ ഈ ആശുപത്രിയിൽ അവരെ ഉപേക്ഷിച്ച് പോവാൻ വയ്യെനിക്ക് കാരണം, അവരെന്റ്റെ പെറ്റമ്മയല്ലേ..? അവരും മറ്റുളളവരും അത് മറന്നാലും ഞാനത് മറക്കാൻ പാടില്ലല്ലോ..?
ഇടറിയ ശബ്ദത്തോടത് സുനിലിനോട് പറഞ്ഞു കൊണ്ട് ഗിരീഷ് നടന്നുപോയപ്പോൾ സുനിൽ അവനെ അന്തംവിട്ട് നോക്കി നിന്നുപോയ്…
ഇങ്ങനെയും മനുഷ്യരുണ്ടോ ഈ ലോകത്ത് .?
എത്ര അനുഭവങ്ങൾ ഉണ്ടായാലും പഠിക്കാത്തൊരു ജന്മം. .അവൻ പിറുപിറുത്തു
ഗിരീഷ് ആശുപത്രിയിൽ കിടക്കുന്ന അവന്റെ അമ്മയെ അവന്റെ കൂടെ വാടകവീട്ടിലേക്ക് കൊണ്ട് വന്നപ്പോൾ അയൽവാസികളെല്ലാം ആ വീട്ടിലേക്കോടിയെത്തി,
മിണ്ടാനോ ,അനങ്ങാനോ കഴിയാതെ അകത്ത് കട്ടിലിൽ കിടക്കുന്ന ഗിരീഷിന്റെ അമ്മ സാവിത്രിയെ കാണാൻ അവരാരും തന്നെ പോയില്ല.. പകരമവർ ഗിരീഷിന് ചുറ്റും കൂടി. ..
നീയിതെന്ത് ഭാവിച്ചാണ് ഗിരീഷേ .? ചുറ്റും നിന്നവർ ഓരോരുത്തരും ഈ ചോദ്യം അവനോട് ചോദിക്കവേ അവനൊരൊറ്റ ഉത്തരമേ അവരോട് പറയാനുണ്ടായിരുന്നുളളു അവരെ്റ്റെ അമ്മയല്ലേ…??
രാത്രിയിൽ അമ്മയുടെ ദേഹം ഇളംചൂട് വെളളത്തിൽ നനച്ചു തുടയ്ക്കുന്ന ഇന്ദുവിനെ നോക്കിയൊരു നിമിഷം നിൽക്കവേ ഗിരീഷിന്റ്റെ കണ്ണുകൾ ഇന്ദുവിന്റ്റെ വലതുകൈയിൽ പതിഞ്ഞു. ഉണ്ട് ,,,ആ പാടിപ്പോഴും അവിടെ തന്നെ ഉണ്ട്. ..
കുറച്ചു വർഷങ്ങൾക്ക് മുമ്പൊരു ദിവസം അമ്മ അവളെ വാക്കത്തികൊണ്ട് വെട്ടാൻ ശ്രമിച്ചപ്പോൾ പേടിച്ച് പോയ ഇന്ദു അമ്മയുടെ വെട്ടിനെ തടുത്തതാ കൈ കൊണ്ടായിരുന്നു….
കാലമെത്രകഴിഞ്ഞാലും ചിലതങ്ങനെയാണ്…., മായാതൊരടയാളമായവശേഷിക്കും…
“”നിനക്ക് ദേഷ്യമുണ്ടോ ഇന്ദൂ എന്നോട് ..? അമ്മയെ ഞാനിങ്ങോട്ട് കൊണ്ട് വന്നതിന്. …?
എനിക്ക് ദേഷ്യമോ പരാതിയോ ഇല്ല ഗിരീഷേട്ടാ നമ്മുടെ മക്കൾക്കും ഇല്ല.. ചേട്ടന്റ്റെ മറ്റുസഹോദരങ്ങൾ ചെയ്തത് പോലെ അവരെ ആ ആശുപത്രിയിൽ ഉപേക്ഷിച്ച് ചേട്ടനും പോന്നിരുന്നെങ്കിലൊരുപക്ഷേ എന്റ്റെ മനസ്സിൽ ചേട്ടനോടിത്തിരി ദേഷ്യം തോന്നിയേനെ…
അതെന്താടീ …?
സ്വന്തം അമ്മയെ സ്നേഹിക്കാൻ പറ്റാത്തൊരാൾക് ഒരിക്കലും സ്വന്തം ഭാര്യയെ സ്നേഹിക്കാൻ പറ്റില്ലാന്ന് ഞാൻ ഒരു വീക്കിലിയിൽ വായിച്ചിട്ടുണ്ട് ഗിരീഷേട്ടാ..
നിഷ്കളങ്കമായത് പറഞ്ഞു കൊണ്ട് ഇന്ദു ഉറക്കത്തിലേക്ക് വഴുതി വീഴവേ ഗിരീഷ് ഓർക്കുകയായിരുന്നു കഴിഞ്ഞു പോയ കാലങ്ങൾ. .
നാലുമക്കളായിരുന്നു തങ്ങൾ അച്ഛനും അമ്മയ്ക്കും… മൂന്നാണും ഒരു പെണ്ണും. അച്ഛൻ ജോലിയെടുത്തുകൊണ്ട് വരുന്ന ചെറിയ വരുമാനംകൊണ്ട് കഴിഞ്ഞിരുന്ന ഒരു കുടുംബം..
എല്ലായിടത്തും ഉള്ളത് പോലെ തന്നെ ..പക്ഷേ,, തങ്ങൾ മറ്റുള്ളവരിൽ നിന്ന് എപ്പോഴും വ്യത്യസ്തരായ് തീർന്നത് തങ്ങളുടെ അമ്മയുടെ കാര്യത്തിൽ മാത്രമാണ്. ..
ഓർമ്മവെച്ച കാലം മുതലൊരിക്കൽ പോലും അമ്മ തങ്ങളിലാരെയും കൊഞ്ചിക്കുന്നതോ ലാളിക്കുന്നതോആയ ഒരോർമ്മപോലും ഇല്ല മനസ്സിൽ. .. ആരെയെങ്കിലും മോനെ എന്ന് വിളിക്കുന്നത് കേട്ടിട്ടില്ല…
അച്ഛൻ വാങ്ങി കൊണ്ട് വരുന്നത് വെച്ച് വിളമ്പി തരുന്നൊരാൾ മാത്രമായിരുന്നു അമ്മ തങ്ങൾക്ക്. ..
കൂട്ടുക്കാരുടെ അമ്മമാർ അവരെ സ്നേഹിക്കുന്നത് കാണുമ്പോൾ ലാളിക്കുന്നത് കാണുമ്പോൾ എല്ലാം അറിയാതെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട് തങ്ങളിലോരോരുത്തരുടെയും.
അമ്മ വാരിതരുന്ന ഒരുരുള ചോറിനായ് കൊതിച്ച ബാല്യങ്ങൾ. ..,,,അമ്മയുടെ ചൂടുപറ്റി കിടക്കാനാഗ്രഹിച്ച രാത്രികൾ എല്ലാം ജീവിതത്തിലൊരുപാടായിരുന്നു….
പക്ഷേ അമ്മ എപ്പോഴും അമ്മയുടെ പ്രത്യേക ലോകത്തായിരുന്നു അവിടെ ഞങ്ങൾ മക്കൾക്ക് പ്രവേശനവും ഇല്ലായിരുന്നു. ..
തന്റെ പതിമൂന്നാം വയസ്സിൽ അച്ഛൻ മരിച്ചപ്പോഴാണ് അമ്മയുണ്ടായിട്ടും ഞങ്ങളെല്ലാം അനാഥരായ് തീർന്നത്. വിശന്നുകരയുന്ന തങ്ങൾ നാലുമക്കളുടെ കരച്ചിലൊരിക്കൽ പോലും അമ്മയുടെ കാതിൽ പതിഞ്ഞില്ല….
അവർക്ക് ഭക്ഷണം കൊടുക്കാനുള്ള വക തേടി അമ്മ ഒരിടത്തേക്കും ഒരിക്കലും പോയില്ല… .പുകയാത്ത അടുപ്പിലേക്ക് വെറുതെ നോക്കി നിസംഗതയോടെ ഇരിക്കുന്ന അമ്മയുടെ രൂപം ഇന്നും കൺമുന്നിലുണ്ട് ഒളിമങ്ങാതെ….
കൂടപ്പിറപ്പുകളുടെ വിശപ്പകറ്റാൻ കൂട്ടത്തിൽ മുതിർന്ന സഹോദരൻ കൂലിപണിക്കിറയങ്ങിയപ്പോൾ അമ്മയുടെ മുഖത്ത് വന്ന ഭാവം എന്തായിരുന്നെന്ന് ഒരുപാട് രാത്രികളിൽ താനാലോചിച്ചിട്ടുണ്ട്… പക്ഷേ.. ..?
പഠനം പാതിവഴിയിൽ നി ർത്തി തങ്ങളോരുത്തരുംഅന്നതിനുളള വക തേടി ഇറങ്ങി. ഒടുവിൽ സ്വന്തമായൊരു ജീവിതം കരുപിടിപ്പിക്കാൻ ആകെയുണ്ടായിരുന്ന വീടും സ്ഥലവും പകിട്ടെടുത്തു…അന്ന് വീട് ലഭിച്ചത് മൂത്ത സഹോദരനായിരുന്നു…
അപ്പോൾ അമ്മ തന്നോട് പറഞ്ഞു എനിക്ക് നിന്റ്റെ കൂടെ വരാനാണ് ഗിരീഷേ ഇഷ്ടംന്ന്…
കയ്യിലുളളതും കടംവാങ്ങിയതും പിന്നെ ഇന്ദുവിന്റ്റെ ഇത്തിരി പൊന്ന് വിറ്റത്തും ചേർത്തൊരു കുഞ്ഞ് വീട് താനും സമ്പാദിച്ചു..
അപ്പോൾ ആണമ്മ പറയുന്നത് സ്വന്തം എന്ന് പറയാൻ തന്നിലൊന്നും അവശേഷിക്കുന്നില്ല അതുകൊണ്ട് ആ വീട് അമ്മയുടെ പേരിൽ ആക്കാമോന്ന്….
അമ്മയുടെ സ്നേഹം ലഭിക്കുമല്ലോ എന്ന ഒറ്റചിന്തയാൽ താനത് ചെയ്തപ്പോൾ കൂടപ്പിറപ്പുകൾ തന്നെ കുറ്റപ്പെടുത്തി പക്ഷേ ഇന്ദു തനിക്കൊപ്പം നിന്നു കാരണം അവൾക്ക് മാത്രമേ തന്റെ ഉളളം കാണാൻ കഴിഞ്ഞിട്ടുളളു..
അമ്മയുടെ സ്നേഹം ഒരു കൊച്ചു കുഞ്ഞിനെപോലെ ആഗ്രഹിക്കുന്ന തന്റെ മനസ്സ് കാണാൻ പറ്റിയിട്ടുളളു…
പക്ഷേ അമ്മയ്ക്കൊരു മാറ്റവും ഉണ്ടായിരുന്നില്ല അമ്മ അപ്പോഴും പഴയ അമ്മ മാത്രമായിരുന്നു….
ഒരിക്കൽ പോലും തങ്ങളിലാരോടും സ്നേഹത്തോടൊരു വാക്ക് പോലും പറഞ്ഞില്ല…. തങ്ങളുടെ ആരുടെയും ഒരു മക്കളെ പോലും സ്വന്തം പേരക്കുട്ടികളായ് കാണാനോ തൊടാനോ അമ്മ ശ്രമിച്ചില്ല പക്ഷേ തന്റെ ഇളയ മകളെമാത്രം,, അവളെ മാത്രം അവർ പിന്നീടെപ്പോഴേ സ്നേഹിച്ച് തുടങ്ങി. ..
അമ്മ ഇന്ദുവിനെ വീട്ടിലിട്ട് വല്ലാതെ കഷ്ടപ്പെടുത്താറുണ്ടെന്ന് താൻ തിരിച്ചറിഞ്ഞതേറെ വൈകിയാണ്. ..
ഒരിക്കൽ ജോലി കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ കാണുന്നത് വെട്ടുകത്തിയുമായ് ഇന്ദുവിനെ വെട്ടാനോങ്ങി നിൽക്കുന്ന അമ്മയെ ആണ്.. ..തടയാനായ് താൻ ചെല്ലുമ്പോഴേക്കും അമ്മ അവളെ വെട്ടിയിരുന്നു.
പിന്നീട് സംഭവിച്ചത് എന്താണെന്ന് താൻ തിരിച്ചറിഞ്ഞു വരുമ്പോഴേക്കും തങ്ങൾ ആ വീട്ടിൽ നിന്ന് പുറത്തായി കഴിഞ്ഞിരുന്നു. ..അമ്മയുടെ പേരിലാണ് വീടെന്നത് താൻ ഓർത്തത് അപ്പോൾ മാത്രം.
യാചനകളും മദ്ധ്യസ്ഥചർച്ചകളും പരാജയപ്പെട്ടപ്പോൾ തങ്ങളീ വാടക വീട്ടിലഭയം തേടി.. ഇന്നും ഇന്ദുവിനറിയില്ല അമ്മ തന്നെ വെട്ടാൻ ശ്രമിച്ചതെന്തിനാണെന്ന്…
അമ്മയുടെ മനസ്സ് മാറുന്നതും കാത്തിരുന്ന തങ്ങളെ ഞെട്ടിച്ചു കൊണ്ട് അമ്മ ആ വീടും സ്ഥലവും വിറ്റുകളഞ്ഞപ്പോൾ ഞെട്ടിപോയത് താൻ മാത്രമല്ല തങ്ങളെയറിയുന്നവർകൂടിയായിരുന്നു….
ആ പണംകൊണ്ട് അമ്മ ജീവിക്കുന്നത് ഒരു സ്വപ്നത്തിലെന്ന പോലെ താൻ നോക്കി നിന്നു. ഒടുവിലെപ്പോഴോ എല്ലാം കഴിഞ്ഞമ്മയാ ആശുപത്രിയിൽ അനങ്ങാൻ വയ്യാതെ കിടന്നപ്പോൾ പലരും പറയുന്നുണ്ടായിരുന്നു ഗിരീഷിന്റെ ശാപമാണെന്ന്..
പക്ഷേ താനൊരിക്കലും തന്റ്റെ അമ്മയെ ശപിച്ചിട്ടില്ലല്ലോ…?
ആരും കൈയ്യേൽക്കാതെയാ ആശുപത്രിയിൽ അനാഥയായ് അമ്മ കിടന്നപ്പോൾ തന്റെ ഉള്ളിൽ തെളിഞ്ഞു വന്നത് അമ്മ ഉണ്ടായിട്ടും അനാഥനായ് പോയ തന്റെ കുട്ടിക്കാലമായിരുന്നു…
ഇപ്പോൾ ഒരു പ്രതീക്ഷ ഉണ്ട് മനസ്സിൽ. ..ഈ അവസ്ഥകൾ മറികടന്നമ്മ വീണ്ടും എണീറ്റു നടക്കും അന്ന് തന്നെ ആ മാറോട് ചേർത്ത് നിർത്തി നിറുകയിലുമ്മവെച്ച് മോനേന്ന് വിളിക്കുമെന്ന പ്രതീക്ഷ…..അതാണോരോ ദിവസത്തെയും കാത്തിരിപ്പും പ്രാർത്ഥനയും…
ഗിരീഷേട്ടാ…..തീരെ പ്രതീക്ഷിക്കാതൊരു ദിവസം ജോലിസ്ഥലത്തേക്ക് ഇന്ദുവിന്റ്റെ ഫോൺ വന്നതും ഞെട്ടിപോയ്… അമ്മയ്ക്ക് വല്ലതും. ..?
ഗിരീഷേട്ടാ അമ്മ സംസാരിച്ചു. …ഏട്ടനെ ചോദിച്ചു….. ..ഫോണിലൂടെുളള ഇന്ദുവിന്റ്റെ ശബ്ദം ഒരു സ്വപ്നമായ് തോന്നി ഗിരീഷിന്
ധൃതിയിൽ വീട്ടിലെത്തിയപ്പോൾ മനസ്സിലായ് സ്വപ്നമല്ല താൻ കേട്ടത് സത്യം ആണെന്ന്. …
അമ്മ തന്നെ ഇപ്പോൾ മോനേന്ന് വിളിക്കും എന്ന് പ്രതീക്ഷിച്ച് അമ്മയെ തന്നെ സൂക്ഷിച്ച് നോക്കി നിന്ന ഗിരീഷിനെ കുറച്ചു നേരം ആ അമ്മയും നോക്കി കിടന്നു.. .
അമ്മയുടെ മോനെ എന്നുള്ള സ്നേഹ വിളിക്കായ് കാതോർത്ത് ഗിരീഷ് വീണ്ടും വീണ്ടും അമ്മയെ തന്നെ തുറിച്ച് നോക്കവേ ആ അമ്മയുടെ വായിൽ നിന്നു വീണ വാക്കുകൾ കേട്ട് അവിടെ കൂടിയിരുന്നവരെല്ലാം ഒരു നിമിഷം തരിച്ചു നിന്നുപോയ്…..
“”നീ ഒരു കാലത്തും ഗതി പിടിക്കില്ലെടാ….”” ശാപവചനംപോലത് പറഞ്ഞു കൊണ്ടാ അമ്മ എന്നന്നേക്കുമായ് ഈ ലോകം വിട്ടകന്നപ്പോഴും ഗിരീഷിന്റെ മനസ്സിലാ വാക്കുകൾ അലയടിച്ചു . ..
“”നീ ഒരു കാലത്തും ഗതി പിടിക്കില്ലെടാ….””
ആശ്വാസിപ്പിക്കാനെന്ന വണ്ണം ആരോ അവന്റെ തോളത്ത് കയ്യമർത്തവേ വിറയലോടെ അയാളോടവൻ അപ്പോഴും പറയുന്നുണ്ടായിരുന്നു ഇതെന്റ്റെ അമ്മ ആണെന്ന്. ..