തന്നെ മറ്റൊരു രീതിയിലും കാണാൻ എനിക്ക് പറ്റില്ല, ഇനിയും ഇത്തരം സംസാരവുമായ് താനെന്റെ മുമ്പിൽ വന്നാൽ ഇപ്പോൾ..

(രചന: രജിത ജയൻ)

“അലക്സ് ഏതൊരു പുരുഷനും ഒരു സ്ത്രീയിൽ ആഗ്രഹിക്കുന്ന മുഖസൗന്ദര്യവും ശരീര സൗന്ദര്യവും എനിക്കുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം ,

പിന്നെന്തു കൊണ്ടാണ് അലക്സിന് എന്നെ ഇഷ്ട്ടമില്ലാത്തത് ..?

എത്ര നാളായ് ഞാനെന്റെ ഇഷ്ട്ടം തന്നോടു പറയുന്നു അലക്സ് .. തനിക്കെന്നെയൊന്ന് പരിഗണിച്ചൂടെ ..?

അത്ര മാത്രം തന്നെ എനിക്കിഷ്ട്ടമാണലക്സ് പ്ലീസ് …

നിറകണ്ണുമായ് തനിക്ക് മുമ്പിൽ നിന്ന് മിയ പറയുമ്പോൾ അലക്സ് ഒന്നും മിണ്ടാതെയവളെ നോക്കി നിന്നു ഒരു നിമിഷം

നിറഞ്ഞ അവളുടെ കണ്ണുകളിലേക്ക് നോക്കിയതും അവന്റെ മനസ്സിലേക്ക് രണ്ടു കരി കൂവള മിഴികൾ കടന്നു വന്നു ..

ആ ഓർമ്മയിൽ അവന്റെ മനസ്സൊന്ന് പ്രണയാർദ്രമായ് ..

അലക്സിച്ചാ …. കൂയ് ..

കാതിനരികെ ആരോ വിളിച്ചത് പോലെയവന്റെ ശരീരമൊന്ന് കുളിരു കോരി

അവൻ മിയയെ നോക്കി .. പ്രതീക്ഷയോടെ തന്നെ നോക്കി നിൽക്കുന്ന അവളുടെ കണ്ണുകളിലേക്കവൻ തന്റെ കണ്ണുകളുറപ്പിച്ചു

”നോക്ക് മിയാ ഞാൻ ഇതിനു മുമ്പും തന്നോട് പറഞ്ഞിട്ടുണ്ട് ഒരേ ഓഫീസിൽ വർക്ക് ചെയ്യുന്ന രണ്ടു പേർ തമ്മിലുള്ള സുഹൃത്ത് ബന്ധം മാത്രമേ നമ്മുക്കിടയിലുള്ളുവെന്ന്

തന്നെ മറ്റൊരു രീതിയിലും കാണാൻ എനിക്ക് പറ്റില്ല, ഇനിയും ഇത്തരം സംസാരവുമായ് താനെന്റെ മുമ്പിൽ വന്നാൽ ഇപ്പോൾ നമ്മുക്കിടയിലുണ്ടെന്ന് ഞാൻ വിശ്വസിക്കുന്ന സൗഹൃദം കൂടി ഞാനുപേക്ഷിക്കും സോ പ്ലീസ്…

ശാന്തമായതും എന്നാൽ കാഠിന്യം കൂടിയതുമായ ശബ്ദത്തിൽ അലക്സ് പറഞ്ഞതും മിയ നിറമിഴികളോടെ അവനെ ഒന്ന് നോക്കിയിട്ട് മുറി വിട്ടിറങ്ങി…

എന്താ മോനെ അലക്സി മിയ വീണ്ടും വന്നോ പ്രണയം പറഞ്ഞ് …?

അലക്സിന് മുമ്പിൽ ഇരുന്ന് കൊണ്ട് ശ്രീഹരി ചോദിച്ചതും അലക്സ് മിയ പോയ വഴിയിലേക്ക് നോക്കി

അവൾക്കെന്താ ഹരി എത്ര പറഞ്ഞാലും മനസ്സിലാവാത്തത് ?

വെറുതെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാനായിട്ട് ഓരോന്ന് വന്ന് കേറിക്കോളും ..

അലക്സ് ദേഷ്യത്തിൽ പിറുപിറുത്തതും ശ്രീഹരി അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു

ഏതൊരു പെണ്ണും സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന വിധം സുന്ദരനാണ് തന്റെ കൂട്ടുകാരൻ എന്നോർത്തതും ശ്രീഹരിയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു .അവന്റെ ആ പുഞ്ചിരിയിലേക്ക് നോക്കിയ അലക്സിന്റെ കണ്ണുകൾ കൂർത്തു

നീയെന്താടാ ഹരീ എന്നെ നോക്കി ചിരിച്ചോണ്ടിരിക്കുന്നത് ?

ഞാനെന്താ തുണി ഇല്ലാണ്ടാണോ നിൽക്കുന്നത് ഇങ്ങനെ ചിരിക്കാൻ ..?

അലക്സിന് ദേഷ്യം വന്നെന്നു മനസ്സിലായതും ശ്രീഹരി അവനെ നോക്കി ചിരി തുടർന്നു ..

ടാ.. നീ നിർത്തിക്കോ ട്ടോ നിന്റെ അവിഞ്ഞച്ചിരി ,എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്..

ഞാൻ നിർത്തി, നിർത്തി .. ഇനി ഞാൻ ചിരിക്കില്ല അലക്സി ,നിന്റെ ദേഷ്യം കാണുപ്പോൾ എനിക്ക് ചിരി വരുന്നതാടാ .. ദേഷ്യപ്പെടാത്ത നിന്നെയാണെനിക്ക് ഇഷ്ട്ടം.. ഹരി പറഞ്ഞു

ഓ..ആയ്ക്കോട്ടെ, ഇതു പറയാനാണോ നിന്നെ ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുത്തത് ? നിനക്ക് നിന്റെ ക്യാബിനിൽ വർക്ക് ഒന്നും ഇല്ലേ.?

ഓ… എന്റെ വർക്കെല്ലാം ഞാൻ കൃത്യമായിട്ട് ചെയ്യുന്നുണ്ട് ,നീ അല്ലേ വർക്കെല്ലാം പെഡിംഗ് ആക്കിയിട്ടിരിക്കുന്നത് ,അപ്പോൾ നിന്നെ ഒന്ന് സഹായിക്കാന്ന് വെച്ച് വന്നതാ ഞാൻ …

പക്ഷെ നിനക്ക് മുടിഞ്ഞ ജാഡയും ദേഷ്യവും ,ഇനി എനിക്ക് സൗകര്യമില്ല ഹെൽപ്പ് ചെയ്യാൻ ഞാൻ പോവാ…

അലക്സിനെ നോക്കി പറഞ്ഞു കൊണ്ട് ശ്രീഹരി പോവാനായ് എഴുന്നേറ്റൂ

അയ്യോ… അങ്ങനെ പറയല്ലേ ഹരി.. ഞാൻ വെറുതെ ദേഷ്യപ്പെട്ടതല്ലേ ..നീയെന്റെ മുത്തല്ലേടാ ..

ഹരിയുടെ താടിയിൽ പിടിച്ച് അലക്സ് ചോദിച്ചതും ശ്രീഹരി പൊട്ടി ചിരിച്ചു പോയ് …

നീയെന്നെ സോപ്പിടുകയൊന്നും വേണ്ട അലക്സി ഞാനിനി നിന്നെ സഹായിക്കില്ല ..

ടാ… ടാ.. പ്ലീസ് ടാ.. അലക്സി വീണ്ടും ഹരിയോട് കെഞ്ചി

നീയിത്രയും കെഞ്ചിയ സ്ഥിതിക്ക് വേണോങ്കിൽ ഒരു സഹായം ചെയ്യാം.. വൈകുന്നേരം താൻ ഇല്ലത്തേക്ക് വാ ..

ശ്രീക്കുട്ടി വന്നിട്ടുണ്ട് കോളേജ് ടൂർ കഴിഞ്ഞ് .. അവള് സഹായിക്കും നിന്നെ, അവളല്ലേ പലപ്പോഴും നിന്റെ പി.എ

അപ്പോൾ ശരി വൈകുന്നേരം.. മറക്കണ്ട…

അലക്സിനോട് പറഞ്ഞു കൊണ്ട് ശ്രീഹരി അവന്റെ മുറി വിട്ട് പോയതും അവൻ പറഞ്ഞ പേരിൽ കുടുങ്ങി കിടക്കുകയായിരുന്നു അലക്സ്

ശ്രീക്കുട്ടി ..

അവന്റെ മനസ്സിൽ വീണ്ടുമാ കരി കൂവള മിഴികൾ തെളിഞ്ഞു വന്നു

ശ്രീശൈല…

എല്ലാവരുടെയും ശ്രീക്കുട്ടി…

ശ്രീഹരിയുടെ പ്രിയപ്പെട്ടഅനിയത്തി

പ്രാണനാണ് ഹരിക്ക് അനിയത്തിയെ .. അവന്റെ ജീവനും ശ്വാസവും അവൾ മാത്രമാണ് …

എന്നോ ഒരിക്കൽ അലക്സിന്റെമനസ്സിൽ കയറി കൂടിയതാണ് ശ്രീശൈല …

താനും അവൾക്ക് സഹോദരതുല്യനാണന്നറിയാം..

ഇന്നേവരെ അവളൊരു സഹോദരിയെ പോലെയേ തന്നോടു പെരുമാറിയിട്ടുള്ളു..

പക്ഷെ എത്ര ശ്രമിച്ചിട്ടും അവളെ സഹോദരിയായ് കാണാൻ തനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല

അലക്സിച്ചാ എന്നവളുടെ നീട്ടിയുള്ള വിളിയും അവളുടെ കരിമിഴികളും എന്നും അവന്റെ ഉറക്കം കെടുത്തി ..

ആരോടും പറയാത്തൊരിഷ്ട്ടമായ് മനസ്സിന്റെ കോന്നിലവളെ ഒളിപ്പിച്ചു നിർത്തി ..ദൂരെ നിന്ന് കണ്ട് സന്തോഷിച്ചു പലപ്പോഴും

ഒരു കൂടപ്പിറപ്പിനെ പോലെതന്നെ കൊണ്ടു നടക്കുന്ന ശ്രീഹരിയോട് താൻ കാട്ടുന്ന ചതിയാണിതെന്നറിയാം പക്ഷെ എത്ര തടഞ്ഞു നിർത്തിയിട്ടും അവളല്ലാതെ വേറൊരു പെണ്ണിനെ തന്റെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ പോലും അലക്സിന് സാധിച്ചില്ല

ആരോടും പറയാത്തൊരിഷ്ട്ടമായ് ശ്രീശൈല അലക്സിന്റെ ഹൃദയത്തിലിരിക്കട്ടെ എന്നും…

അനാഥനായ തന്നെ സനാഥനാക്കിയവനാണ് തന്റെ ഹരി… അവനോടൊരിക്കലും താൻ നന്ദിക്കേട് കാണിക്കില്ല … അലക്സ് മനസ്സിലുറപ്പിച്ചു

തിരക്കൊഴിഞ്ഞ വൈകുന്നേരം ഹരിയുടെ വീട്ടിലെത്തിയ അലക്സിന്റെ മിഴികൾ ശ്രീശൈലയെ തേടി അവിടെയാകെ പരതി നടന്നു…

അലക്സിച്ചാ …..

പെട്ടന്ന് പിന്നിൽ നിന്ന് ആ വിളിയൊച്ച അവന്റെ കാതിനരികെ പതിഞ്ഞതും അവന്റെ മുഖത്ത് സന്തോഷം നിറഞ്ഞു

കടും നീല ചുരിദാറിൽ അതിസുന്ദരിയായ് ശ്രീശൈല അവനുമുമ്പിൽ നിന്നു

അലക്സ് കണ്ണെടുക്കാതെ അവളെ നോക്കി നിന്നു പോയ് ..

അവളിൽ നിന്നുയരുന്ന വാസന സോപ്പിന്റെ ഗന്ധം തനിക്ക് ചുറ്റും പരക്കവേ ഒരു സ്വപ്നത്തിലെന്ന പോലെ മയങ്ങി ഇരുന്നു പോയ് അലക്സ്..

ചായ കുടിക്ക് അലക്സിച്ചാ … നേർത്ത ശബ്ദത്തിൽ അവൾ പറഞ്ഞതും അലക്സ് അവളിൽ നിന്ന് മിഴികൾ മാറ്റി ചായ കപ്പ് കയ്യിലെടുത്തു

അലക്സി…

ഗൗരവത്തിൽ ശ്രീഹരി വിളിച്ചതും ചായ കപ്പ് കയ്യിൽ പിടിച്ച് അലക്സ വനെ നോക്കി

നിന്റെ ഫയലുകൾ നാളെ ശരിയാക്കിയാൽ മതിയോ ? ഇന്ന് ഇവിടെ ചെറിയൊരു ഫങ്ഷനുണ്ടെടാ ..

എന്തു ഫങ്ഷൻ.. അതിന്റെ തിരക്കൊന്നും കാണുന്നില്ലല്ലോടാ ഇവിടെ

അലക്സ് തനിക്ക് ചുറ്റും നിൽക്കുന്ന ഹരിയുടെ മാതാപിതാക്കളെ ഒന്ന് നോക്കിയിട്ട് ചോദിച്ചു

അത്ര വലിയ ഫങ്ങ്ഷനൊന്നും അല്ലടാ.. ശ്രീക്കുട്ടിയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ട്

ഹരി പെട്ടന്ന് പറഞ്ഞതും നെഞ്ചിലൊരു കനം വന്നു വീണതുപോലെ അലക്സിന്റെ കയ്യിലെ ചായ കപ്പ് തുളുമ്പി ചായ അവന്റെ ദേഹത്തായ്

പെ … പെണ്ണ് കാണലോ

നെറ്റിയിൽ പൊടിഞ്ഞ വിയർപ്പോടെ അലക്സ് അവരെ നോക്കി

അതേ ടാ.. അലക്സീ ..അതിന് നീയിത്ര ടെൻഷനൊന്നും ആവണ്ട.. അവര് ജസ്റ്റ് ഒന്ന് വന്നു കണ്ടു പോവും ..

അവളെ കണ്ടിഷ്ട്ടായി വന്ന ടീം ആണ്

ഹരി വിശേഷങ്ങളോരോന്നായ് പറയുമ്പോൾ അലക്സ് അവിടെ നിന്നുരുക്കുകയായിരുന്നു.

അവൻ ശ്രീശൈലയെ നോക്കി.. അവൾ വളരെ സന്തോഷത്തോടെ ഹരി പറയുന്നതും കേട്ടിരിക്കുകയായിരുന്നു

വയ്യ.. താൻ മനസ്സിൽ കൊണ്ടു നടക്കുന്നവൾ വെറുതെ പോലും മറ്റൊരുവന് മുന്നിൽ വേഷം കെട്ടി നിൽക്കുന്നത് കാണാൻ വയ്യ

നിറയുന്ന കണ്ണും നീറുന്ന ഹൃദയവും മറ്റൊരാളും കാണാതിരിക്കാൻ അലക്സ് വേഗം അവിടുന്ന് പോവാനൊരുങ്ങി

“ഹ.. നീയിതെങ്ങോട്ടാ അലക്സീ .. ?
അവരു വരുമ്പോൾ നീയും കൂടി വേണം ഇവിടെ ..

അലക്സിന്റെ ചുമലിൽ പിടിച്ചു ഹരി

“അതല്ലെടാ ഞാനൊരു അത്യാവശ്യക്കാര്യം മറന്നു പോയിരുന്നു .
ഇപ്പോഴാണ് ഓർത്തത് ഞാൻ.. ഞാൻ പോയിട്ട് പിന്നെ വരാം

തന്റെ നിറഞ്ഞ കണ്ണുകൾ ഹരിയിൽ നിന്ന് മറച്ച് അലക്സ് വേഗം തന്റെ കാറിനരികിലേക്ക് നടന്നു

“അതേ അലക്സീ, ഒരു കാര്യം പോണതിന് മുമ്പ് എന്റെ അനിയത്തിയെ നിനക്കിഷ്ട്ടമായോന്ന് പറഞ്ഞിട്ട് പോടാ …

പിന്നിൽ നിന്ന് ഹരിയുടെ ശബ്ദം കേട്ടതും അലക്സ് ഞെട്ടി പകച്ചവനെ നോക്കി

“നീ.. നീ എന്താ ചോദിച്ചത് ഹരീ..?

“ഞാൻ ചോദിച്ചത് നീ കേട്ടില്ലേടാ അലക്സീ..

“എന്റെ അനിയത്തി ശ്രീശൈലയെ നിനക്കിഷ്ട്ടപ്പെട്ടോന്ന്.. ഇഷ്ട്ടപ്പെട്ടെങ്കിൽ നമ്മുക്ക് ബാക്കി കാര്യങ്ങൾ ആലോചിക്കാം ..
എന്തു പറയുന്നു അലക്സീ…?

ഹരി ഒരു നേർത്തകുസൃതി ചിരിയോടെ പറഞ്ഞതും അലക്സവനെ മുറുകെ കെട്ടി പിടിച്ചു ..

അവന്റെ കണ്ണുനീർ തന്റെ തോൾ നനക്കുന്നത് ഹരി അറിയുന്നുണ്ടായിരുന്നു

“ഹരി… ഞാൻ…

എന്തൊക്കയോ പറയാൻ ശ്രമിച്ച് പരാജയപ്പെടുന്ന അലക്സിയെ ഹരി തന്റെ നെഞ്ചോടു ചേർത്ത് നിർത്തി..

“എനിക്കറിയായിരുന്നു അലക്സി നിനക്ക് എന്റെ ശ്രീയോടുള്ള ഇഷ്ട്ടം ..

ഞാൻ നിന്റെ ചങ്കലേ ടാ .. ഞാനറിയാതെ പോവുമോ നിന്നെ..?

“ശ്രീക്കുട്ടിക്ക് നിന്നോട് അങ്ങനെ എന്തെങ്കിലും ഉണ്ടോന്നറിയാനാ ഞാൻ കാത്തിരുന്നത് അപ്പഴാ ഇവളെന്നോട് നിന്നെ ഇവൾക്കിഷ്ട്ടമാണെന്ന് പറഞ്ഞത്..

“എന്റെ പ്രാണനെ എന്റെ ചങ്കിന് തരാൻ ഞങ്ങൾക്ക് നൂറുവട്ടം സമ്മതമാണെടാ ..

“എന്നെ ഓർത്താണ് നീ നിന്റെ ഇഷ്ട്ടത്തെ മറച്ചതെന്ന് എനിക്കറിയാടാ ..

” നിന്നോളം നല്ലൊരാളെ ഞാൻ വേറെ കണ്ടിട്ടില്ലെടാ അലക്സീ.. നീ മതിയെന്റെ ശ്രീക്കുട്ടിക്ക്..

ഹരി അലക്സിനെ ചേർത്ത് നിർത്തി പറയുമ്പോൾ സംഭവിച്ചത് വിശ്വസിക്കാൻ പറ്റാതെ അലക്സ് നിന്നു

തന്റെ ഇഷ്ട്ടത്തെ തനിക്ക് കിട്ടാൻ പോവുന്നു..

വിശ്വസിക്കാൻ കഴിയാതെ അലക്സ് ശ്രീശൈലയെ നോക്കിയപ്പോൾ അവളും അവനെ നോക്കി നിൽക്കുകയായിരുന്നു

കണ്ണിലൊരു പ്രണയകാലവും നിറച്ച് …