തോഴൻ
(രചന: Rajitha Jayan)
ഗോപിയേട്ടാ…..നിങ്ങള് മുത്തുമോളെ കണ്ടിരുന്നോ..?
രാധികയുടെ ചോദ്യം കേട്ട ഗോപി ബൈക്ക് റിപ്പയർ ചെയ്യുന്നത് നിർത്തി മുറ്റമാകെ നോക്കി. …
ഇപ്പോൾ ഇവിടെ ഉണ്ടായിരുന്നു രാധൂ…,ഇത്ര പെട്ടെന്ന് ഇവളിത് എവിടെ പോയി. …?
നീ വീടിന്റെ അകത്ത് നോക്കിയോടീ…..?
ഇവിടെ നിങ്ങളുടെ കൂടെ അവൾ നിൽക്കുന്നത് കണ്ടിട്ടല്ലേ ഞാൻ മീൻ വെട്ടാൻ പോയത്….. അതുകഴിഞ്ഞിത്തിരി കഞ്ഞി കൊടുക്കാമെന്ന് വെച്ച് വിളിച്ച് നോക്കീട്ട് അവളുടെ ഒച്ചപോലും കേൾക്കണില്ല..
ഇതിങ്ങനെയായാൽ ശരിയാവില്ലല്ലോ….വലുതാവും തോറും മുത്തിന് അനുസരണ കുറഞ്ഞു വരികയാണ്…. വയസ്സേ അഞ്ച് ആവാറായി അവൾക്ക്. ..
മുത്തേ. ….മുത്തേ … രാധിക വീടിന്റെ ചുറ്റും നടന്നു വിളിച്ചെങ്കിലും യാതൊരു മറുപടിയും മുത്തുമോളിൽ നിന്ന് കിട്ടീല
എടീ രാധൂ. ..നീ മുത്തുമോളെ വിളിക്കുന്നത് നിർത്ത്…. ..എന്നിട്ടവനെയൊന്ന് വിളിച്ചു നോക്ക് ചങ്കരനെ……
ഓ….ഞാനത് മറന്നു ഗോപിയേട്ടാ…..
ചങ്കരാ…… …..ചങ്കരാ…..
രാധികയുടെ വിളി കേട്ടതും വീടിനകത്ത് നിന്നൊരു കോഴിയുടെ ശബ്ദം ഉയർന്നു.
രാധികയും ഗോപിയും വീടിനകത്ത് ശബ്ദം കേട്ടിടത്തേക്ക് ചെന്നു…. അവിടെ ഊൺമേശക്കടിയിൽ ചങ്കരനെന്ന പൂവൻകോഴിക്ക് അരിയിട്ടുകൊടുത്ത് കൊണ്ട് മുത്തുമോൾ ഒരു കളളചിരിയോടെ ഇരിക്കുന്നുണ്ടായിരുന്നു….
നിന്നെ ഞാൻ ശരിയാക്കിത്തരാടീ….എത്ര പ്രാവശ്യം വിളിച്ചു ഞാൻ… നിനക്കെന്താ മുത്തുമോളെ ഒന്ന് വിളി കേട്ടാൽ…..? രാധിക മുത്തുമോളുടെ ചെവിയിൽ പിടിച്ച് കൊണ്ട് ചോദിച്ചൂ…
വിളി കേട്ടാൽ അമ്മ ചങ്കരനെ തല്ലൂലെ…. അതോണ്ടാണ്… അകത്ത് കയറീന്ന് പറഞ്ഞിട്ട്…..
നിഷ്കളങ്കമായി ഉത്തരം പറഞ്ഞു കൊണ്ട് മുത്തുമോൾ രാധികയുടെ പിടുത്തം വിടുവിച്ച് ചങ്കരനെയും നെഞ്ചോട് ചേർത്ത് പിടിച്ച് പുറത്തേക്കോടീ..
നിന്റ്റെ ഈ ചങ്കരനെ ഞാൻ തല്ലുകയല്ലെടീ കൊല്ലും ഒരീസം….
എന്നാൽ അമ്മേനെ ഞാനും കൊല്ലും…. നിഷ്കളങ്കമായ മുത്തുമോളുടെ സംസാരം കേട്ട ഗോപി ചിരിച്ചു പോയി
നിങ്ങളിങ്ങനെ ചിരിച്ചോ മനുഷ്യാ. ..ആകെ ഒരു കൊച്ചുളളതാ….അതാണെങ്കിൽ എപ്പോഴും കളി ആ കോഴിയുമായിട്ടാ…..
പട്ടീനെയും പൂച്ചനേം ഒക്കെ പുന്നാരിച്ച് കൊണ്ടു നടക്കണത് ഞാൻ കണ്ടിട്ടുണ്ട്…ഇതുപക്ഷേ ആദ്യത്തെ കാഴ്ചയാണ്. ….
എടീ ….അതവൾ കുഞ്ഞായിരിക്കുമ്പോൾ മുതൽ കാണാൻ തുടങ്ങീതല്ലേ ചങ്കരനെ….. അതോണ്ടാണ്…
അവളെ കുഞ്ഞു നാളിൽ ചോറ് കഴിപ്പിക്കാനെന്നും പറഞ്ഞ് നീ തന്നെയല്ലേ ആദ്യം ചങ്കരനെ പരിചയപ്പെടുത്തീത്…? എന്നിട്ടെന്റ്റെ കൊച്ചിനെ ചീത്ത പറഞ്ഞാലുണ്ടല്ലോ….
ഗോപിയുടെ വാക്കുകൾക്ക് മറുപടി ഒന്നും പറയാതെ ചുണ്ടിലൂറിയ ചിരിയോടെ രാധിക മുറ്റത്തേക്ക് നടന്നു…
അവിടെ മുത്തുമോളുടെ മുത്തുകിലുങ്ങുംപോലുളള വർത്തമാനങ്ങൾക്ക് അനുസരണയുളള കേഴ്വിക്കാരനായ് നിൽക്കുന്ന ചങ്കരനെ കണ്ടതും രാധിക പൊട്ടിച്ചിരിച്ചുപോയ്….
എന്നാലുമെന്റ്റെ ചങ്കരാ…..
ഗോപിയുടെയും രാധികയുടെയും ഏകമകളാണ് മുത്തുമോൾ എന്ന് വിളിക്കുന്ന കൃഷ്ണ മോൾ…..അവളുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കൂട്ടുക്കാരനാണ് ചങ്കരനെന്ന ആ പൂവൻ കോഴി….
എത്ര ദൂരെനിന്നാണെങ്കിലും ചങ്കരായെന്ന് മുത്തുമോൾ വിളിക്കുന്നത് കേട്ടാൽ ചിറകുകൾ വീശിയവൻ പാഞ്ഞവൾക്കരികിലേക്കെത്തുന്നത് എല്ലാവർക്കും ഒരു അത്ഭുതം തന്നെയായിരുന്നു.
ഗോപിയേട്ടാ. …ഞാനേ കുടുംബശ്രീയുടെ മീറ്റിംഗിന് പോവാണേ….കുറച്ചു കഴിയും വരാൻ. …മോളകത്ത് ഉറങ്ങുന്നുണ്ട് അവളെണീറ്റാൽ ചായ കൊടുക്കണേ…..
ആ….. നീ വേഗം പോയി വാ.. ….രാധൂ. ….ഞാനും ഒന്ന് മയങ്ങാൻ പോവുകയാണ് ….
മുത്തുമോളെ ഗോപിയുടെ അരികിലാക്കി രാധിക പോയൽപ്പം കഴിഞ്ഞപ്പോൾ തന്നെ ഗോപിയുടെ കൂർക്കംവലി ശബ്ദം ആ വീട്ടിൽ നിറഞ്ഞു…
ഗോപിയേട്ടാ… …ഒന്നെണീറ്റേ….എന്തൊരു ഉറക്കമാണിത്…..?
നീ ഇത്ര വേഗം പോയി വന്നോടീ….?
ആ ….ഇന്ന് അധികം ആളുകൾ ഒന്നും ഇല്ല. ..കുറച്ചു നേരം ഇരുന്നിട്ട് ഞാനിങ്ങ് പോന്നൂ…..അല്ല മോളെവിടെ..?
അവളകത്തില്ലേ…?
ഗോപിയുടെ മറുപടി കേട്ട രാധിക റൂമിൽ ചെന്ന് നോക്കിയപ്പോൾ മുത്തുമോൾ കിടന്നിടം ശൂന്യമായിരുന്നു….
ഗോപിയേട്ടാ ….മോൾ ഇവിടെ ഇല്ലല്ലോ. …
എന്നാൽ ആ മുറ്റത്തെങ്ങാൻ ഉണ്ടാവും രാധൂ. …സാധാരണ അവളെണീറ്റാൽ ആദ്യം ചെയ്യുക ഉറങ്ങി കിടക്കുന്ന മറ്റുള്ളവരെ എണീപ്പിക്കലാണല്ലോ….ഇന്ന് എന്തുപറ്റി. ..മറന്നു പോയോ…?
ചോദിച്ചുകൊണ്ട് രാധിക മുറ്റത്തേക്കിറങ്ങി…. എന്നാൽ അവിടെയും മുത്തുമോളില്ലായിരുന്നു. ….
ഗോപിയേട്ടാ. …ഇവിടെ എവിടെയും മോളെ കാണാൻ ഇല്ല. …രാധികയുടെ ശബ്ദംകേട്ട ഗോപി അവിടെയാകെ അവളെ തിരഞ്ഞു നടന്നു
രാധൂ…നീ ചങ്കരനെ ഒന്ന് വിളിച്ചേ. … അവന്റെ കൂടെ അകത്തെവിടെയെങ്കിലും ഒളിച്ചിരിക്കുന്നുണ്ടാവും അവള്. ..
ആ…ശരിയാ…ചങ്കരാ ….ചങ്കരാ…..രാധികയുടെ ശബ്ദം ഉയർന്നതും പറമ്പിലെന്തോ ചിക്കിചികയുകയായിരുന്ന ചങ്കരൻ വേഗം ശബ്ദമുണ്ടാക്കി അങ്ങോട്ട് വന്നു. .
ഗോപിയേട്ടാ. …ദേ ചങ്കരൻ പറമ്പീന്ന് വരുന്നു. ..അവന്റെ കൂടെ മോളില്ല. …ഈശ്വരാ എന്റ്റെ മോള്…
നിമിഷവേഗം കൊണ്ട് ആ വീടൊരു കരച്ചിലിൽ മുങ്ങിപോയപ്പോൾ ആ വീടിന്റെ കുറച്ചപ്പുറത്തെ പണി തീരാത്തൊരു വീടിന്റെ ഉള്ളിൽ ബലിഷ്ഠമായ രണ്ട് കൈകൾ കൊണ്ട് വാ പൊത്തി പിടിച്ച നിലയിൽ മുത്തുമോളുണ്ടായിരുന്നു….
ഉറക്കമെണീറ്റ് മുറ്റത്തേക്ക് വന്ന മുത്തുമോൾ അയൽവാസിയായ രഘു വിളിച്ചപ്പോൾ അയാൾക്കരികിലേക്ക് ചെന്നതായിരുന്നു…
ദിവസവും ഗോപിയുടെ റിപ്പയറിംഗ് കടയിൽ വന്നു കുശലാന്വേഷണങ്ങൾ പറയാറുളള രഘുമാമനെ മുത്തുമോൾക്ക് ഏറെ ഇഷ്ടമാണ്. ..
പക്ഷേ ഇന്ന് മാമന്റ്റെ അരികിലെത്തിയപ്പോൾ മാമനവളെ വാരിയെടുത്ത് വാ പൊത്തിപിടിച്ച് വീടിനകത്തേക്ക് കയറിയതെന്തിനാണെന്ന് മുത്തുമോൾക്ക് ഇതുവരെ മനസ്സിലായില്ല. …
അമ്മയുടെ മുത്തുമോളെ എന്ന വിളിയൊച്ച കേട്ടതും വാ തുറക്കാൻ അവൾ ശ്രമിച്ചതാണ്… പക്ഷേ രഘുമാമൻ കൈകൾ ഒന്നുകൂടി അമർത്തിപിടിച്ചപ്പോൾ മുത്തുമോൾക്ക് ശ്വാസം കിട്ടാതതായി….
തന്റെ വാ പൊത്തിപിടിച്ച് മറുകൈകൊണ്ട് ധൃതിയിൽ മാമ്മൻ അവളുടെ കുഞ്ഞുടുപ്പ് വലിച്ചൂരാൻ ശ്രമിക്കുന്നതിനിടയിലാണ് അമ്മ ചങ്കരനെ വിളിക്കുന്ന ഒച്ച മുത്തുമോൾ കേട്ടത്…
ചങ്കരാ……….ഒരു വിളിയൊച്ച അവളുടെ തൊണ്ടയിൽ നിന്ന് ഞരക്കമായ് പുറത്തു ചാടി. …
രാധികയുടെ കരച്ചിൽ ശബ്ദം കേട്ട് അയൽപക്കത്തെ ആളുകൾ അങ്ങോട്ട് വന്നു തുടങ്ങിയ നേരത്താണ് ഉറക്കെ കൂവി ശബ്ദം ഉണ്ടാക്കി കൊണ്ട് ചങ്കരൻ പറന്നെന്ന പോലെ അയൽപക്കത്തെ ആ പണിതീരാത്ത വീടിന്റെ
നേരെ പാഞ്ഞു ചെല്ലുന്നത് ഗോപി കണ്ടത്. …
ചങ്കരനൊപ്പം ഗോപിയും ആ വീടിന്റെനേർക്ക് പാഞ്ഞു ചെല്ലവേ പരിഭ്രമിച്ചങ്ങോട്ട് ഓടിയ രാധിക ഒരു നിമിഷം സ്തംഭിച്ചു പോയി. …
മുഖം നിറയെ ചോരയുമായ് കണ്ണുകൾ പൊത്തിപിടിച്ച് ഉറക്കെ കരഞ്ഞുകൊണ്ട് രഘു ആ വീടിന്റെ ഉള്ളിൽ നിന്ന് പുറത്തേക്കോടുന്നു … അവന്റെ പുറകെ അയാളെ പറന്നു കൊത്തികൊണ്ട് ചങ്കരനും….
മോളെ ….എന്ന വിളിയോടെ രാധിക വീടിനുളളിലേക്ക് പാഞ്ഞു കയറവേ പേടിച്ച് വിറച്ചുപോയ മുത്തുമോളെയും തോളിലിട്ട് ഗോപി പുറത്തേക്ക് വന്നു. …
ഗോപിയേട്ടാ. ..നമ്മുടെ മോൾ……
അവൾക്കൊന്നും പറ്റീലെടീ…..നമ്മളൊന്നും കേൾക്കാതിരുന്ന നമ്മുടെ മോളുടെ നേരിയ ശബ്ദം ചങ്കരൻ കേട്ടെടീ…..അവനാ രഘുവിന്റെ കണ്ണിനാ കൊത്തിയേക്കുന്നത്…..
ചങ്കരൻ അവനാടീ നമ്മുടെ മോളെ രക്ഷിച്ചത്. മനുഷ്യന് മനുഷ്യത്വം ഇല്ലെങ്കിലും എല്ലാവരും വെറും കോഴിയെന്ന് നിസ്സാരനാക്കി കണ്ട എന്റെ ചങ്കരനിൽ ഉണ്ടെടീ അതിഷ്ടംപോലെ….
ഗോപിയും രാധികയും മുത്തുമോളെ വാരിയെടുത്ത് വീട്ടിലേക്ക് നടക്കവേ ചങ്കരന്റ്റെ ആക്രമണത്തിൽ കണ്ണിനു പരിക്കേറ്റ രഘുവിനെ നാട്ടുകാർ നല്ല വണ്ണം കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു…..
ഇപ്പോൾ ചങ്കരൻ മുത്തുമോളുടെ മാത്രമല്ല ആ നാട്ടുകാരുടെ കൂടി പ്രിയപ്പെട്ടവനാണ്……..