സൗന്ദര്യം
(രചന: Rajitha Jayan)
”അരയ്ക്ക് താഴേക്ക് നീണ്ടു കിടക്കുന്ന അവളുടെ ആ കറുത്ത് തഴച്ച തലമുടിയിൽ അതിന്റെ ഗന്ധമാസ്വദിച്ച് വേണം എനിക്ക്ഓരോ ദിവസവും ഉറങ്ങാൻ…, ഉണരുമ്പോൾ അവളുടെ
ചുവന്നു തുടുത്ത മുഖമാവണം എന്റ്റെ ഓരോ ദിവസത്തെയും കണി…..
അവളുടെ നീണ്ട മുടിയിഴകളിൽ നിന്നിറ്റുവീഴുന്ന ജലകണങ്ങളാലവളെന്നെ കുസൃതിയാലെണീപ്പിക്കവേ ആ നീണ്ട കയ്യിൽ പിടിച്ചവളെ എന്നോടു ചേർത്തുകൊണ്ടാവണം ഞങ്ങളുടെ ഓരോ പ്രഭാതവും പുലരേണ്ടത്…
ഞാൻ ചാർത്തിയ താലിയിലും ഞാനണിയിച്ച സിന്ദൂരചുവപ്പിലും കൂടുതൽ സുന്ദരിയായി തീർന്ന അവളുമൊത്ത് എല്ലായിടത്തും ചുറ്റികറങ്ങണം….
അവളെ ആരാധനയോടെയും എന്നെ അസൂയയോടെയും നോക്കുന്ന ഓരോരുത്തരും കാൺകെ അവളെ എന്നോട് കൂടുതൽ ചേർത്ത് പിടിച്ചൊരു ഭാഗ്യശാലിയായ് പുഞ്ചിരിക്കണം….
സായാഹ്ന നടത്തതിനിറങ്ങുമ്പോൾ അലസമായാരെങ്കിലും അവളെ തൊടാൻ കൈകൾ നീട്ടുന്നുണ്ടോന്ന് ശ്രദ്ധിച്ചൊരു പോലീസുക്കാരനെപോലെ അവളെ അനുഗമിക്കണം….
ആരുടെ കയ്യും അവളിൽ പതിയാതെയവളെ എന്നോട് കൂടുതൽ ചേർത്ത് നിർത്തി അവൾക്ക് സംരക്ഷണമൊരുക്കണം. …
പിന്നെ പതിവായി ദർശനത്തിന് പോവുന്ന ക്ഷേത്രത്തിലെത്തുമ്പോൾ മൗനമായവിടെത്തെ ദേവിയോട് പറയണം ദേവീ നിന്നെക്കാൾ ചന്തമുണ്ടെന്റ്റെ പെണ്ണിനെന്ന്……”
വിറക്കുന്ന വിരലോടെ ഡയറിയുടെ കൂടുതൽ പേജുകൾ മറിച്ചു നോക്കാനായ് ഭദ്ര ശ്രമിച്ചപ്പോൾ അവളുടെ കണ്ണുനീരാ ഡയറിയിലെ അക്ഷരങ്ങളിൽ വീണു ചിതറി. .
ഭദ്രേ…എന്തായിത്. ..ഇങ്ങനെ കരയാൻ വേണ്ടിയാണോ താനാ ഡയറി കാണണമെന്ന് വാശിപിടിച്ചതും വാങ്ങിയതും …കഷ്ടാണ് ട്ടോ…..
ഭദ്രയുടെ നിറഞ്ഞു തൂവുന്ന കണ്ണുകളിൽ ചുണ്ടമർത്തികൊണ്ട് ഗൗതമത് പറയുമ്പോൾ പെയ്യാനെന്ന വണ്ണം അയാളുടെ കണ്ണുകളും നിറഞ്ഞു തുടങ്ങീരുന്നു….
”ഗൗതം…ഈ താളുകളിലോരോ വരി നീ കുറിച്ചപ്പോഴും അതിൽ നിറഞ്ഞു നിന്നത് നിന്റ്റെ മോഹങ്ങളും നമ്മൾ ഒരുമ്മിച്ചുളള മനോഹരമായ ജീവിതവും ആയിരുന്നു…. പക്ഷേ ഞാൻ നിന്നിലെത്തിയപ്പോഴാവട്ടെ നീ ഈ പറഞ്ഞതൊന്നും എന്നിലവശേഷിക്കാത്തരവസ്ഥയിലും….
ഇത് വേണമായിരുന്നോ ഗൗതം….? നമ്മുടെ ഈ വിവാഹം. …? എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല. .
നീ വർണ്ണിച്ചിരിക്കുന്ന എന്റ്റെയാ നീണ്ട മുടിയിഴകളെന്നിലിന്നവശേഷിക്കുന്നില്ല ഗൗതം…
ചോരപൊടിഞ്ഞിരുന്ന മുഖകാന്തിയും ഇല്ല. .
എല്ലാം നഷ്ടമായിരിക്കുന്നു, അല്ല നഷ്ടപ്പെടുത്തിയിരിക്കുന്നു ഞാൻ ക്ഷണിക്കാതെ തന്നെ എന്നിൽ ആധിപത്യം സ്ഥാപിച്ച ക്യാൻസറെന്ന തോഴൻ. …
മുടി കൊഴിഞ്ഞു പോയ തലയിലൂടെ. ….,രക്ത പ്രവാഹം നഷ്ടപ്പെട്ട ശരീരത്തിലൂടെ വിരലോടിച്ചുകൊണ്ടത് പറയുമ്പോൾ ഭദ്രയുടെ നോട്ടം വിദൂരതയിലേക്കായിരുന്നു…..
”ഭദ്രേ നിന്നെ പ്രണയിച്ചിരുന്ന കാലത്ത് ഞാനെഴുതിയ എന്റെ ആ സ്വപ്നങ്ങളില്ലല്ല എന്റ്റെ ഇന്നത്തെ ജീവിതം….
ഞാൻ അന്ന് കണ്ടിരുന്നത് നിന്റ്റെ പുറംഭംഗികളായിരുന്നുവെങ്കിൽ ഇന്ന് കാണുന്നത് നിന്റ്റെ മനസ്സിന്റെ നന്മയും ധൈര്യവുംമാണ്….
എവിടെയും തളരാതെ തോൽക്കാതെ ജീവിക്കുന്ന ഈ ഭദ്രയെ ആണെനിക്കിപ്പോൾ കൂടുതൽ ഇഷ്ടം. ….
അത് പറയുമ്പോൾ ഗൗതമിന്റ്റെ മിഴികളിൽ തെളിഞ്ഞ പ്രണയം ഭദ്രയെ തരളിതയാക്കി….
‘അപ്പോൾ നിന്റ്റെയീ സ്വപ്നങ്ങൾ എല്ലാം നീ ഉപേക്ഷിച്ചോടാ… ? ഡയറിയിലേക്ക് നോക്കിയതു ചോദിക്കുമ്പോഴൊരു പുഞ്ചിരി ഭദ്രയുടെ ചുണ്ടുകളിൽ നിറഞ്ഞു നിന്നിരുന്നു. ..
“ഇല്ല പെണ്ണെ എന്റ്റെ ഒരു സ്വപ്നങ്ങളും ഞാൻ ഉപേക്ഷിക്കില്ല …
എല്ലാം നേടും ഞാൻ നിന്നോടൊത്ത് ജീവിച്ചു കൊണ്ട് നിന്നിലൂടെ തന്നെ. … പക്ഷേ അതിനുമുൻപ് ആദ്യം ഞാൻ നിന്നെയും കൊണ്ട് എന്റെ കാവിലെ ദേവിയുടെ അടുത്തൊന്ന് പോവും….
എന്തിന് ഗൗതം…നിന്റ്റെ ദേവിയെ വെല്ലുവിളിക്കാനാണോ….എങ്കിലാ ചന്തം എന്നിലിപ്പോൾ ഇല്ലാട്ടോ….?
വെല്ലുവിളിക്കാനല്ല പെണ്ണെ…. നിന്നോടുളള അയൂയയാൽ ദേവി നിന്റ്റെ പുറം ഭംഗികളെല്ലാം തിരികെ എടുത്തപ്പോഴും തളരാത്തൊരു മനസ്സും സ്നേഹം നിറച്ചൊരു ഹൃദയവും നിന്നിൽ ബാക്കി വെച്ചില്ലേ. …അതിനൊരു നന്ദി പറയാൻ. …
അതും പറഞ്ഞു കൊണ്ട് ഗൗതമവളെ കൈകളിൽ കോരിയെടുത്തകത്തേക്ക് നടക്കവേ ഭദ്ര തിരിച്ചറിയുകയായിരുന്നു ക്ഷണികമായ ബാഹ്യ ഭംഗിയല്ല യഥാർത്ഥ ഭംഗി…
മറിച്ച് സ്നേഹമുള്ള മനസ്സിനാണെന്നും ഭംഗി എന്ന്… …ഒരിക്കലും ഒരു രോഗത്തിനും ഒരു ശക്തിക്കും നശിപ്പിക്കാൻ കഴിയാത്തത്ര ഭംഗി. ….