(രചന: രജിത ജയൻ)
” എന്നാലുമെന്റെ ശ്രീരാഗേ…
നീയിത് എവിടെയായിരുന്നു ഇത്ര നേരം..
ദേ അവിടെ ദക്ഷിണ കൊടുക്കാനുള്ള കാര്യങ്ങളെല്ലാം റെഡിയാണ്..
ഭാമിയും ഒരുങ്ങി ഇറങ്ങാൻ നിന്നെ കാത്തു നിൽക്കാണ്..
ആങ്ങളയുടെ കൈ പിടിച്ചേ ഒരുങ്ങി പുറത്തേക്കിറങ്ങൂന്നുള്ള വാശിയിലാ നിന്റെ പെങ്ങൾ..
വേഗം ചെന്നേ നീ..
ശ്രീരാഗ് ഉമ്മറം കടന്നു വന്നതേ സുമയവനോടു പറഞ്ഞതു കേട്ടവനൊരു ചിരിയോടെ അകത്തേക്ക് നടന്നു..
”രാവിലെത്തെ കല്യാണ മേളമൊന്നൊതുങ്ങിയപ്പൾ ആ ചെക്കനൊന്ന് കുളിക്കാൻ പോയതിനാണോ ഇവിടെ ഈ തിരക്ക്…
“ഇതൊക്കെ കുറച്ചു കടുപ്പാണ് ട്ടോ സുമയേ… എല്ലാറ്റിനും ഈ ചെക്കൻ തന്നെ മുന്നിൽ കിടന്നോടണമെന്ന് വാശി പിടിക്കുന്നത്…
രാവിലെത്തെ കാലി ചായ കുടിച്ചോണ്ടു നിൽക്കുന്ന രാമേട്ടൻ കല്യാണ പെണ്ണിന്റെ അമ്മ സുമയോടു പറയുമ്പോൾ അവരുടെ കണ്ണുകൾ ധൃതിയിൽ അകത്തേക്ക് കയറിപ്പോയ ശ്രീരാഗിലായിരുന്നു..
“നിന്റെ ഭാഗ്യാണ് സുമേ ആ ചെക്കൻ… എന്തിനും ഏതിനും കുട്ടികൾക്ക് ആങ്ങളയായും നിനക്ക് മകനായും നിന്റെ ഒപ്പമവൻ ഉണ്ടല്ലോ…
നിന്റെ ഹരികുട്ടൻ നിനക്ക് തന്നതാ അവനെ.. അവനു പകരമായിട്ട്..
ഹാളിൽ മാല ചാർത്തിയിട്ട പുഞ്ചിരിക്കുന്ന ചെറുപ്പക്കാരന്റെ ഫോട്ടോയിലേക്കൊന്ന് പാളി നോക്കി രാമേട്ടൻ പറഞ്ഞതിനവരൊന്ന് മൂളി…
ഹരി തന്നതല്ല രാമേട്ടാ… ഹരി തന്നെയാണവൻ എനിക്ക്…
അവരുടെ മനസ് അവരോടു തന്നെ പറയുന്നുണ്ടായിരുന്നു അന്നേരം …
ഒന്നിങ്ങട് പുറത്തേക്കിറങ്ങന്റെ ഭാമിയേ നീ.. ഞങ്ങളൊന്ന് കാണട്ടെ നിന്നെ….
വധുവായണിഞ്ഞൊരുങ്ങിയിട്ടും മുറിയിൽ നിന്ന് പുറത്തേക്കിറങ്ങാതെ നിൽക്കുന്ന ഭാമിനിയെ അമ്മായിമാർ നിർബന്ധിച്ചു കൊണ്ടിരികുന്നതിനിടയിലേക്കാണ് ശ്രീരാഗൊരു ചിരിയോടെ കയറി ചെന്നത്..
ദാ… വന്നൂലോ നിന്റെ ആങ്ങള ചെക്കൻ…
ഇനിയെങ്കിലുമൊന്ന് പുറത്തിറങ്ങ് നീ.. മുഹൂർത്തം ആവാറായ്..
ശ്രീരാഗിനെ നോക്കിയൊന്ന് ചിരിച്ചു കൊണ്ടമ്മായിമാർ പറഞ്ഞു നിർത്തിയതും ഭാമി ഓടി അവനരികിലെത്തിയിരുന്നു..
വധുവായണിഞ്ഞൊരുങ്ങി തനിക്ക് മുമ്പിൽ നിൽക്കുന്നവളെ നിറകണ്ണോടെ നോക്കി നിന്നു ശ്രീരാഗ്….
അവനെ നോക്കിയ ഭാമിയുടെ കണ്ണുകളിലും അതേ നീർ തിളക്കമുണ്ടായിരുന്നു…
എങ്ങനെയുണ്ട് ശ്രീ എന്നെകാണാൻ…?
അടിപൊളിയല്ലേ..?
നിന്റെ ഹരി പറഞ്ഞതുപോലെ തന്നെയില്ലേ..?
നിറകണ്ണുകളോടെ ഭാമി ചോദിച്ചതിനെല്ലാം നിറഞ്ഞ മനസ്സോടെ ശിരസ്സിളക്കി ശ്രീരാഗവളെ കൂട്ടി ഉമ്മറത്തേക്ക് നടന്നു..
എവിടെ ഭാമ..?
ഉമ്മറത്തേക്ക് നടക്കുന്നതിനിടയിൽ അവന്റെ കണ്ണുകൾ ചുറ്റും ആരെയോ തിരഞ്ഞു..
ഭാമ ഇപ്പോ വരും ശ്രീ.. അപ്പുറത്തുണ്ട്
ഭാമി പറഞ്ഞു നിർത്തിയതും ഭാമ അങ്ങോട്ടു കടന്നു വന്നിരുന്നു..
നീണ്ട മുടിയിഴകൾ അലസമായഴിച്ചിട്ട് ഒരിളം നീല അനാർക്കലി ധരിച്ചു വരുന്നവളിൽ അവന്റെ മിഴികൾ ഉടക്കി..
അവളെ കാണുമ്പോൾ പിടഞ്ഞടിക്കുന്ന ഹൃദയത്തെ ശാസിച്ചവൻ…
ശ്രീരാഗിന്റെ അനിയത്തി കുട്ടി ഇതാ വന്നല്ലോ…
ശ്രീരാഗിനരികിലേക്ക് വരുന്ന ഭാമയെ ചൂണ്ടി കാട്ടി അമ്മായിമാരിൽ ആരോ പറഞ്ഞതു കേട്ട ശ്രീരാഗ് തന്റെ ഹൃദയം നോവാൽ പിടയുന്നത് മറ്റൊരാൾ അറിയാതെയിരിക്കാൻ
ഭാമയിൽ നിന്നു തന്റെ കണ്ണുകൾ മാറ്റി..
നിറഞ്ഞു കത്തുന്ന നിലവിളക്കിനും നിറഞ്ഞിരിക്കുന്ന ആർക്കൂട്ടത്തിനും മുന്നിൽ വെച്ച് തന്റെ മകളുടെ കൈ പിടിച്ച് അവളുടെ പുരുഷന്റെ കയ്യിലേക്ക് ചേർത്തുവെക്കുന്ന ശ്രീരാഗിനെ സുമ നിറകണ്ണുകളോടെ, നിറഞ്ഞ മനസ്സോടെ നോക്കി നിന്നു..
ഭർത്താവു നഷ്ടപ്പെട്ട തനിക്ക് ഏക പ്രതീക്ഷയും പ്രചോദനവും തന്റെ മൂന്ന് മക്കൾ ആയിരുന്നു .ഭാമിനിയും ഭാമയും ഹരിയും..
ഹരിയുടെ പ്രിയ സുഹൃത്താണ് ശ്രീരാഗ്…
ഒരുമ്മിച്ച് സ്വപ്നങ്ങൾ കണ്ട് ഒരേ ലക്ഷ്യത്തിലേക്ക് പറന്നിരുന്ന രണ്ടു പേർ… അതിൽ നിന്ന് പാതിയിൽ ഒരപകട രൂപത്തിൽ മരണം കവർന്നെടുത്തു ഹരിയെ..
ഇനിയെന്ത് എന്നറിയാതെ ജീവിതത്തിനു മുന്നിൽ പകച്ചു നിന്നു പോയ തനിക്ക് മുന്നിൽ തന്റെ മകന്റെ സ്ഥാനമേറ്റെടുത്തു വന്നവനാണ് ശ്രീരാഗ്…
ഒരു കടമ നിർവഹിക്കും പോലെ തനിക്കൊപ്പം നിന്നവൻ തന്റെ കുടുംബത്തെ മുന്നോട്ടു കൊണ്ടു പോകുമ്പോഴെല്ലാം താൻ തിരിച്ചറിയുന്നുണ്ടായിരുന്നു അവൻ പൂർത്തിയാക്കുന്നത് തന്റെ ഹരി കണ്ടിരുന്ന സ്വപ്നങ്ങളാണെന്ന് …
അവന്റെ ആഗ്രഹങ്ങളായിരുന്നെന്ന്..
ഇപ്പോഴിതാ മൂത്തമകൾ ഭാമിനിയുടെ വിവാഹം…, ഹരി ആഗ്രഹിച്ച പോലെ അവന്റെ സ്ഥാനത്തു നിന്ന് നടത്തി കൊടുക്കുന്നു ശ്രീരാഗ്…
തന്റെ തോളോടു ചാഞ്ഞ് നിന്ന് കരയുന്ന ഭാമിയെ ശിരസ്സിൽ തലോടി ആശ്വസിപ്പിക്കുന്ന ശ്രീരാഗിനെ കണ്ടവരുടെ മനസ്സിലും ആ ചിത്രം വളരെ മനോഹരമായ് പതിഞ്ഞു
വിവാഹദിനത്തിൽ വിതുമ്പുന്ന സഹോദരിയെ നെഞ്ചോരം ചേർത്തണച്ച സഹോദരന്റെ ചിത്രം..
വിയർപ്പിൽ കുതിർന്നു കിടക്കുന്ന ഭാമയുടെ നഗ്നശരീരത്തിൽ നിന്ന് കിതപ്പോടെ ഉയർന്നു വന്ന ആൺ രൂപം താനാണെന്ന് കണ്ടതും ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു ശ്രീരാഗ്….
കണ്ടതൊരു സ്വപ്നമാണെന്ന് വിശ്വസിക്കാൻ കഴിയാത്ത വിധം അവൻ വിയർപ്പിൽ കുതിർന്നിരുന്നു… ക്രമരഹിതമായിരുന്നു അവന്റെ ശ്വാസം പോലും…
നിറഞ്ഞൊഴുകി പരക്കുന്ന കണ്ണുനീർ തുടയ്ക്കാൻ പോലും കഴിയാത്ത വിധം മരവിച്ചിരുന്നു ശ്രീരാഗ്..
ഹരിയുമായ് സൗഹൃദത്തിലായ നാളുകളിലെന്നോ മനസ്സിൽ കയറിക്കൂടിയവളാണ് ഭാമ …
അവരുടെ വീട്ടിലെ കിലുക്കാംപെട്ടി…
വിവാഹപ്രായമാവുമ്പോൾ അവളെ തനിക്ക് തരണമെന്ന് ഹരിയെ പറഞ്ഞേൽപ്പിച്ചതോർത്തതും ശ്രീരാഗിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു…
എനിക് തന്ന വാക്ക് പാലിക്കാൻ നീയില്ലാതെ പോയല്ലോ ഹരീ…
പ്രാണനായ് മനസ്സിൽ കൊണ്ടു നടന്നവളെ സഹോദരിയായ് കാണാനാണ് എന്റെ വിധി…
ഭാമിയുടെ കല്യാണത്തിന് വന്നവരിലാരോ ഭാമയ്ക്ക് വിവാഹമലോചിച്ചു വന്നു എന്ന് സുമ വൈകുന്നേരം വിളിച്ചു പറഞ്ഞ സമയം മുതൽ അസ്വസ്തമായതാണ് ശ്രീരാഗിന്റെ മനസ്സ്..
മനസ്സിലെ ഇഷ്ട്ടം ആരോടും തുറന്നു പറയാൻ വയ്യാത്ത അവസ്ഥ…
പറഞ്ഞാൽ ഇതു മനസ്സിൽ വെച്ചാണ് താനവിടെ ഓരോന്നും ചെയ്തത് എന്ന് മറ്റുള്ളവർ കരുതിയാലോ എന്ന ഭയം…
മനസ്സിലെ ഇഷ്ടം ഹൃദയത്തിലൊളിപ്പിച്ച് ഒരു ചിരിയോടെ ഭാമയുടെ പെണ്ണു കാണലിന് എത്തിയതാണ് ശ്രീരാഗ്…
ഇന്നാണവർ ഭാമയെ കാണാൻ വരുന്നത് .. ഒരു സഹോദരന്റെ സ്ഥാനത്ത് ഇത്തവണയും ശ്രീരാഗിനെ ക്ഷണിച്ചിരുത്തിയിട്ടുണ്ട്..
സുന്ദരിയായ് ഒരുങ്ങിയ ഭാമ ഒന്നു രണ്ടു വട്ടം അവനുമുമ്പിലായ് വന്നു നിന്നു.. ഭംഗിയുണ്ടോന്ന് ആരാഞ്ഞു കൊണ്ട്
മനസ്സ് കല്ലാക്കിയവൻ അവളെ നോക്കി അടിപൊളിയെന്ന് പറഞ്ഞതും അവളുടെ മുഖം വിടർന്നു… മനോഹരമായ പുഞ്ചിരി തെളിഞ്ഞു അവളിൽ..
” വരുന്നവർക്കിഷ്ട്ടമായാൽ നമ്മുക്കിതങ്ങ് ഉറപ്പിച്ചിടാം മോനെ… അവളുടെ പഠനം കഴിഞ്ഞിട്ട് കല്യാണം…
സുമ വന്നരികിലിരുന്ന് പറഞ്ഞതും ശ്രീരാഗ് സമ്മതമെന്നതു പോലെ തലയാട്ടിയതും സുമയവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി…
” നിന്റെ മുന്നിൽ വെച്ച് അവളുടെ കഴുത്തിൽ മറ്റൊരുത്തൻ താലിചാർത്തുമ്പോഴും നീയിതുപോലെ തന്നെ ഇരിക്കുമോ മോനെ..?
സുമയവന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി ചോദിച്ചതും അവനൊന്നു ഞെട്ടി.. പിന്നെ പകച്ചവരെ നോക്കി
“അമ്മ…അമ്മ… എന്താ ചോദിച്ചത്…?
വിറച്ചിരുന്നു അവന്റെ ശബ്ദം…
“സ്വന്തം മനസ്സിലെ ഇഷ്ട്ടം അവളെ നഷ്ടപ്പെടുമ്പോഴെങ്കിലും നീ തുറന്നു പറയുമോന്ന്…?
സുമ വ്യക്തമാക്കിയതും കണ്ണുകൾ നിറഞ്ഞവന്റെ…
“അമ്മയ്ക്കറിയാം മോന്റെ ഉള്ളം…
ഹരി എന്നോടു പറഞ്ഞ് ഏൽപ്പിച്ചിരുന്നു ഭാമയെ മോനു തന്നെ തരണമെന്ന്….
ആ വാക്ക് ഞാൻ കേൾക്കാണ്ടിരിക്കോ …
എനിക്ക് സമ്മതമാണ് എന്റെ മകളെ നിനക്ക് തരാൻ …അവൾക്കും സമ്മതമാണ് മോന്റെ ഭാര്യയാവാൻ…
ഞങ്ങൾക്കും സമ്മതമാണ് അവളെ ഞങ്ങളുടെ മകന്റെ ഭാര്യയായ് കൊണ്ടുപോവാൻ …
അവിടേക്കു വന്ന ശ്രീരാഗിന്റെ മാതാപിതാക്കൾ കൂടി പറഞ്ഞതോടെ ശ്രീരാഗ് വാതിലിനു മറവിൽ നിന്ന് തന്നെ നോക്കിയവളെ നോക്കി നിറഞ്ഞൊന്ന് ചിരിച്ചു…
നഷ്ട്ടപ്പെട്ടെന്ന് കരുതിയ നിധി തിരികെ കിട്ടിയവന്റെ സന്തോഷമുള്ള ചിരി… അതിനോളം ഭംഗി മറ്റൊന്നിനും ഇല്ല അല്ലേ…
…