രേവതിയെ പലപ്പോഴും അവരെല്ലാം ഒരു വേലക്കാരിക്ക് സമം കാണുന്നത് പിന്നീട് പലപ്പോഴും താൻ കണ്ടിട്ടുണ്ട്, അമ്മയടക്കം അവർക്കൊപ്പം..

(രചന: രജിത ജയൻ)

“ടാ.. മോനെ, നിനക്ക് നാളെ നേരത്തെ ഓഫീസിൽ പോണോ ..?

കിടക്കാനൊരുങ്ങും മുമ്പ് പതിവില്ലാതെ അമ്മ മുറിയിലേക്ക് വന്നു ചോദിക്കുന്നത് കേട്ട് വിനോദ് അമ്മയുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി

അതല്ലെടാ നാളെ പറമ്പിലും പാടത്തും കൂടുതൽ ആളുകൾ ഉണ്ട് പണിക്ക്, അടുക്കളയിൽ സഹായിക്കാൻ ആരും ഇല്ലെടാ,
ഞാനൊറ്റയ്ക്ക് കൂട്ടിയാൽ കൂടില്ല,നീയൊന്ന് സഹായിച്ചാൽ …..

പറഞ്ഞു വന്നത് പാതിയിൽ നിർത്തി അമ്മ നിശബ്ദ ആയതും വിനോദ് തന്റെ പുറകിലേക്ക് തിരിഞ്ഞു നോക്കി, അവിടെ വിനോദിന്റെ ഭാര്യ രേവതി ബാത്ത് റൂമിൽ നിന്നിറങ്ങി വരുന്നുണ്ടായിരുന്നു

രേവതിയെ കണ്ടതും എന്തിനെന്നറിയാതൊരു ദേഷ്യം വിനോദിലുടലെടുത്തു ..

”ഓഫീസിലെ കാര്യങ്ങൾക്ക് പുറമെ ഞാനിനി ഇവിടെ അടുക്കള പണി കൂടി ചെയ്യണമെന്നാണോ അമ്മ പറഞ്ഞു വരുന്നത്..?

ദേഷ്യമടക്കി മുരണ്ടു കൊണ്ട് വിനോദ് അമ്മയോട് ചോദിക്കുന്നത് കേട്ടതും രേവതിയുടെ ചുണ്ടിലൊരു പുച്ഛ ചിരി വിരിഞ്ഞു …

“ഞാൻ നാളെ ലീവെടുത്ത് അമ്മയെ അടുക്കളയിൽ സഹായിക്കാനാണ് അമ്മ ഈ നാടകം നടത്തുന്നതെങ്കിൽ അത് നിർത്തുന്നതാണ് നല്ലത്, കാരണം എനിക്ക് നാളെ നേരത്തെ ഓഫീസിൽ പോണം അതു മാത്രമല്ല വേറെയും തിരക്കുകൾ ഉണ്ട് ,

വിനോദിന് കിടക്കാനായില്ലെ..?

അമ്മയോടു പറഞ്ഞു വിനോദിനെ നോക്കിയാ ചോദ്യം ചോദിക്കുമ്പോൾ രേവതിയുടെ കണ്ണുകൾ അമ്മയുടെ മുഖത്തായിരുന്നു ,അമ്മ മുറി വിട്ടു പോയിരുന്നെങ്കിൽ എന്ന അവളുടെ മുഖഭാവം ആ മുഖത്തു നിന്ന് തിരിച്ചറിഞ്ഞ അമ്മമുറി വിട്ടിറങ്ങി

“രേവതി തനിയ്ക്ക് ഇടയ്ക്കെങ്കിലും അമ്മയെ ഒന്ന് സഹായിച്ചൂടെ ..? ഇതെല്ലാം നമ്മുക്ക് വേണ്ടി തന്നെ അല്ലേ..?

വിനോദ് ശബ്ദം താഴ്ത്തി രേവതിയോട് ചോദിച്ചു

“ഏതാണ് വിനോദ് നമ്മുക്ക് വേണ്ടിയുള്ളത് ..?
ഈ പാടത്തെയും പറമ്പിലെയും പണിയാണോ ..?

കണ്ണുകൾ കുറുക്കി പ്രത്യേകമൊരു ഭാവത്തിൽ രേവതി ചോദിച്ചതും വിനോദൊന്ന് പതറി

“എന്താ വിനോദിന് ഉത്തരമില്ലേ ഞാൻ ചോദിച്ചതിന് ..?

” ഉത്തരമുണ്ടാവില്ല എനിക്കറിയാം കാരണം നിങ്ങളുടെ ഈ പറമ്പിലെയും പാടത്തെയും വരുമാനവും കൂടാതെ നിങ്ങൾ സമ്പാദിക്കുന്നതിന്റെ വീതവും പങ്കിട്ടെടുക്കുന്നതും വീതംപറ്റുന്നതും നിങ്ങളുടെ സഹോദരിമാർ ഉൾപ്പെടെയാണ് അതുകൊണ്ട് അവരോട് തന്നെ പറയൂ ഈ വക പണികളിൽ കൂടി പങ്കുചേരാൻ, വിതയ്ക്കുന്നവനു മാത്രമേ കൊയ്യാനുള്ള അവകാശമുള്ളുവെന്ന് അവരോട് പറഞ്ഞു മനസ്സിലാക്കൂ ഒപ്പം തന്നെ വിനോദിന്റെ അമ്മയോടും പറയൂ..

ഉറപ്പുള്ള ശബ്ദത്തിൽ അവനോട് പറഞ്ഞു കൊണ്ട് രേവതി കിടക്കയിലേക്ക് ചായുമ്പോൾ അവളോടൊരു മറുപടി പോലും പറയാനില്ലാതെ വിനോദവളെ തന്നെ നോക്കി നിന്നു

അപ്പോഴവന്റെ മനസ്സിൽ തെളിഞ്ഞത് ആദ്യമായ് രേവതിയെ പെണ്ണുകാണാൻ പോയ ദിവസമായിരുന്നു

താനും അമ്മയും മൂന്നു പെങ്ങൻമാരും കൂടിയാണ് രേവതിയ് പെണ്ണ് കാണാൻ പോയത് .

കൃഷിക്കാരായ
മാതാപിതാക്കളുടെ രണ്ടു പെൺകുട്ടികളിൽ ഇളയവൾ ,കാണാനും നല്ല സുന്ദരി ഒപ്പം തന്നെ ഉയർന്ന വിദ്യാഭ്യാസവും..

പെങ്ങൻമാർക്കും അമ്മയ്ക്കുമെല്ലാം പൂർണ്ണ സമ്മതമായിരുന്നു വിവാഹത്തിന് ,അവരുടെ ഇഷ്ട്ടങ്ങളായിരുന്നു പണ്ടുമുതലേ തന്റെ ഇഷ്ട്ടം ..അവരെ എതിർത്തൊന്നും പറഞ്ഞു ശീലവുമില്ല

സ്വപ്നതുല്യമായിരുന്നു വിവാഹ ശേഷമുള്ള കുറച്ചു മാസങ്ങൾ ,ആർക്കും ആരെ പറ്റിയും പരാതികളില്ലാത്ത കുറച്ചു മാസങ്ങൾ

വിവാഹിതരെങ്കിലും തന്റെ പെങ്ങൻമാരധികവും താമസിക്കുന്നത് ഇവിടെ തന്നെയാണ് അവർ മാത്രമല്ല പലപ്പോഴും അവരുടെ കുട്ടികളും ഭർത്താക്കന്മാരുമെല്ലാം ഇവിടെ തന്നെയാണ് ..

രേവതിയെ പലപ്പോഴും അവരെല്ലാം ഒരു വേലക്കാരിക്ക് സമം കാണുന്നത് പിന്നീട് പലപ്പോഴും താൻ കണ്ടിട്ടുണ്ട്, അമ്മയടക്കം അവർക്കൊപ്പം കൂടുന്നതു കണ്ടിട്ടും താനവരെ കുറ്റപ്പെടുത്തിയില്ല , ചീത്ത പറഞ്ഞില്ല .
രേവതിയെ ആശ്വസിപ്പിച്ചുമില്ല .അവൾക്കൊന്നിനും പരാതിയില്ലല്ലോ എന്നതായിരുന്നു തന്റെ ന്യായം

എല്ലാ പണികളും തീർന്ന് കിടപ്പറയിൽ തനിക്കരിക്കിലെത്തുമ്പോഴും അവളിലൊരു പുഞ്ചിരിയുണ്ടായിരുന്നു ,ഒടുവിൽ തന്റെ ആവശ്യങ്ങളും അവളിൽ തീർത്ത് താൻ മയങ്ങുമ്പോഴും ഒരു പുഞ്ചിരിയോടെ ഉറങ്ങാതെയവൾ ഉണർന്നു കിടന്നിരുന്നു പലപ്പോഴും..

ചില സമയങ്ങളിൽ അത്ഭുതപ്പെട്ടിട്ടുണ്ട് അവളെ നോക്കി, ഇവൾക്കൊരു ക്ഷീണവുമില്ലന്നോർത്ത് ,ഒരു പരാതിയും ഇല്ലേ എന്നോർത്ത് .. എന്നിട്ടുപോലും അതവളോട് ചോദിച്ചിട്ടില്ല തന്റെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും മുടങ്ങാതെ നടക്കുന്നുണ്ടല്ലോ ,അതായിരുന്നു തന്റെ മനസ്സിൽ

ഒടുവിലൊരു ദിനം വില്ലേജോഫീസിൽ അവൾക്ക് നിയമനം ലഭിച്ചതായിട്ടുള്ള വാർത്ത വന്നതും മാറി തുടങ്ങുകയായിരുന്നു അവൾ

അവളെ കൊണ്ടു സാധിയ്ക്കാവുന്ന കാര്യങ്ങൾ മാത്രം വീട്ടിൽ ചെയ്തവൾ മുറിയിലേക്ക് ഒതുങ്ങിയപ്പോൾ പരാതികളുയർന്നു, പരിഭവങ്ങൾ ഉയർന്നു ,അവളൊന്നിനും പ്രതികരിച്ചില്ല അവളിലെ പുഞ്ചിരി മായ്ച്ചു കളഞ്ഞതുമില്ല ഇന്നുമതേ അവൾ അവളുടെ കാര്യങ്ങൾ തുറന്നു പറഞ്ഞു സ്വസ്തമായ് ഉറങ്ങുന്നു താനോ..?

പിറ്റേദിവസം രാവിലെ ജോലിയ്ക്കായ് പുറപ്പെടും മുമ്പ് അത്യാവശ്യം വീട്ടുജോലികൾ രേവതി ചെയ്തു വെച്ചിരുന്നുവെങ്കിലും ഓഫീസിലേക്ക് ഇറങ്ങും മുമ്പായ് അവിടേയ്ക്ക് വിനോദിന്റെ പെങ്ങൻമാരും ഭർത്താക്കൻമാരും വന്നു ചേർന്നത് വിനോദിനൊപ്പം തന്നെ രേവതിയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

“എന്താണ് രേവതിയുടെ ഉദ്ദേശം..?

ഭക്ഷണം കഴിക്കാൻ തീൻമേശക്കരികിലെത്തിയ
രേവതിയോട് വിനോദിന്റെ മൂത്ത പെങ്ങൾ ചോദിച്ചതും അവളൊരു പുഞ്ചിരിയോടെ അവരെ നോക്കി

“ഇപ്പോൾ ഭക്ഷണം കഴിക്കുക എന്നതാണ് ചേച്ചി എന്റെ ഉദ്ദേശം, അവളതേ ചിരിയോടെ പറഞ്ഞു കൊണ്ടവരെ നോക്കിയതും അവൾക്ക് ചുറ്റും നിന്നവരുടെ മുഖം ദേഷ്യത്താൽ ചുവന്നു

“നീയെന്താടീ എന്റെ മോളെ കളിയാക്കുകയാണോ ..?

അമ്മ രേവതിയ്ക്ക് നേരെ തിരിഞ്ഞു

“ഞാനാരെയും കളിയാക്കില്ല അമ്മാ, എന്നോടു ചോദിച്ചതിനുള്ള ഉത്തരം പറഞ്ഞതാണ്, അതു മറ്റുള്ളവർക്ക് കളിയാക്കലായ് തോന്നിയെങ്കിൽ അതവരുടെ മാത്രം പ്രശ്നമാണ് അതിനെന്റെ നേരെ ചാടണ്ട ആരും

ആ വീട്ടിലാദ്യമായ് രേവതിയുടെ ശബ്ദം ഉയർന്നതും അവർ പതറി

“നോക്കണേ മിണ്ടാപ്പൂച്ചപ്പോലെ പതുങ്ങി ഇരുന്നവളുടെ ഒരു ശൌര്യം ,ഒരു സർക്കാർ ജോലി കിട്ടീയെന്ന് വെച്ച് വല്ലാതെ നെഗളിക്കല്ലേ ടീ ..

വിനോദിന്റെ രണ്ടാമത്തെ പെങ്ങൾ രേവതിയ്ക്ക് നേരെ ശബ്ദമുയർത്തിയപ്പോൾ രേവതി ഒരു നോട്ടം അവരെ നോക്കി ഒപ്പം ഭിത്തി ചാരി ഇതിലൊന്നും പങ്കു ചേരാതെ വെറും കാഴ്ചക്കാരനായ് നിൽക്കുന്ന വിനോദിലും അവളുടെ മിഴികളൊന്ന് പാറി വീണു

“ഞാനൊരു മിണ്ടാപ്പൂച്ച ഒന്നുമല്ല ചേച്ചീ ,പറയാനുള്ള കാര്യം ഞാനെവിടെയും പറയും അതു ജോലി കിട്ടിയതിന്റെ നിഗളിപ്പ് കൊണ്ടല്ല മറിച്ച് ഞാൻ ചെയ്യുന്നതിലെ തെറ്റും ശരിയും എനിക്ക് വേർതിരിച്ചറിയാവുന്നതുകൊണ്ടാണ്..

“നിനക്ക് അഹങ്കാരം തന്നെയാണെടീ ,അല്ലെങ്കിൽ വന്ന നാൾ ഈ വീട്ടിലെ മുഴുവൻ ജോലികളും നോക്കിയിരുന്ന നിനക്കിപ്പോൾ മാത്രമെന്താ അതിനു പറ്റാത്തത് ..?

മൂത്ത പെങ്ങളാണ്

ഈ വീട്ടിലെ മുഴുവൻ ജോലി എന്നുദ്ദേശിച്ചത് നിങ്ങളുടെയും നിങ്ങളുടെ ഭർത്താക്കന്മാരുടെയും അടിവസ്ത്രങ്ങൾ ഉൾപ്പെടെ അലക്കി നിങ്ങൾക്കോരോരുത്തർക്കും ഇഷ്ട്ടാനുസരണം വെച്ചുവിളമ്പി തന്നിരുന്നതിനെയാണ് ഉദ്ദേശിച്ചതെങ്കിൽ ആ പണി ഞാൻ നിർത്തി

രേവതീ….

വിനോദ് ശബ്ദമുയർത്തി വിളിച്ചതും മുഖത്ത് യാതൊരു ഭാവഭേതവുമില്ലാതെ രേവതി അവനെ നോക്കി

“നീയെന്തൊക്കെയാണ് വിളിച്ചു പറയുന്നതെന്ന് നിനക്ക് വല്ല ബോധവും ഉണ്ടോ രേവതീ…

“ഞാൻ ഈ വീട്ടിൽ ചെയ്തതു മാത്രമേ ഞാൻ വിളിച്ചു പറഞ്ഞിട്ടുള്ളു വിനോദ്,നിങ്ങളതൊന്നും കാണുകയോ കണ്ടപ്പോൾ കണ്ട ഭാവം നടിക്കുകയോ ചെയ്തിട്ടില്ല പിന്നെന്തിനിപ്പോൾ മാത്രം ശബ്ദമുയർത്തുന്നു

രേവതി വിനോദിനു നേരെ തിരിഞ്ഞതും അമ്മയും പെങ്ങൻമാരും പരസ്പരം നോക്കി

“നിങ്ങളെല്ലാവരും എന്റെ ആണെന്ന തോന്നലിൽ തന്നെയാണ് ഞാൻ നിങ്ങളെയെല്ലാം സ്നേഹിച്ചത് ,പക്ഷെ നിങ്ങൾ എന്നിൽ കണ്ടതൊരു വേലക്കാരിയെ മാത്രമാണ് ,അങ്ങനെ ഒരു സ്ഥാനം എനിക്കിവിടെ വേണ്ട എന്നെനിക്ക് തോന്നിയപ്പോൾ ഞാനതു നിർത്തി അത്ര മാത്രം

പിന്നെ ഇപ്പോൾ ഈ സംസാരങ്ങളെല്ലാം ഉണ്ടായത് ഇവിടുത്തെ വീട്ടുജോലിയെ ചുറ്റിപ്പറ്റിയാണല്ലോ, ഈ ഒരു വീട്ടിലെ അത്യാവശ്യം എല്ലാ കാര്യങ്ങളും ഞാനിന്നും എന്നും ചെയ്യാറുണ്ട് ചെയ്യാത്തത് പുറംപണികളാണ് അതിനു കാരണവുമുണ്ട് അതു ഞാൻ നിങ്ങളുടെ സഹോദരനോട് പറഞ്ഞിട്ടുമുണ്ട് വിനോദ് പറഞ്ഞു തരും നിങ്ങൾക്ക് ,പിന്നെ നിങ്ങൾ അറിയാൻ വേണ്ടി പറയുകയാണ് എനിക്ക് കിട്ടുന്നതേ ഞാൻ തിരിച്ചു കൊടുക്കൂ അതാർക്കായാലും, എന്തായാലും ..

പിന്നെ ഇപ്പോൾ എല്ലാവരും ഇവിടെ തന്നെയുള്ള സ്ഥിതിക്ക് വേറൊരു കാര്യം കൂടി പറയാം, ഞാൻ ഗർഭിണിയാണ് .. കുഞ്ഞിന് മൂന്നു മാസമായ് ..

സ്വാഭാവിക രീതിയിൽ എല്ലാവരോടും കൂടി പറഞ്ഞു കൊണ്ട് വിനോദിനെ ഒന്നു നോക്കുക പോലും ചെയ്യാതെ രേവതി തന്റെ ബാഗുമെടുത്ത് ഓഫീസിലേക്കിറങ്ങിയതും കേട്ട വാർത്തയുടെ ഞെട്ടലോടെ വിനോദവളുടെ കയ്യിൽ കയറി പിടിച്ചു ,എന്തിനെന്നറിയാതെയവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അന്നേരം

“ഇതെന്തേ എന്നോടു ആദ്യമേ പറഞ്ഞില്ല രേവതീ..?

അമ്പരപ്പോടെ വിനോദ് ചോദിച്ചതിനു മറുപടിയായ് രേവതിയൊന്ന് പുഞ്ചിരിച്ചു ,പക്ഷെ ഈ പ്രാവശ്യമതിൽ വേദന തിങ്ങിയിരുന്നു

“വിനോദിനോട് മാത്രമായ് ഈ കാര്യം പറയാൻ തോന്നിയില്ല വിനോദ്, കാരണം നമ്മൾ തമ്മിൽ അതിനു മാത്രമൊരു അടപ്പമുണ്ടായിരുന്നില്ലല്ലോ?

മാത്രവുമല്ല ഈ കാര്യം വിനോദ് അംഗീക്കരിക്കണമെങ്കിലും നിങ്ങൾക്ക് ഇവരുടെയെല്ലാം അനുവാദമോ സമ്മതമോ വേണ്ടി വരും ,അപ്പോൾ പിന്നെ എല്ലാവരോടും കൂടി പറയുന്നതല്ലേ ഒന്നൂടി നല്ലത് ,വെറുതെ കുറെ സമയം കളയണ്ടല്ലോ ..

ഇനി ആലോചിക്കൂ എല്ലാവരും കൂടി… എന്നിട്ടൊരു തീരുമാനം എടുക്കൂ എല്ലാ കാര്യത്തിനും ,വിനോദ് ഇഷ്ട്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുകയാണെങ്കിൽ ഇതു നമ്മുടെ രണ്ടു പേരുടെയും കുഞ്ഞാണ് മറിച്ചാണെങ്കിൽ ഇതെന്റെ മാത്രം കുഞ്ഞാണ് …

പതിവു പുഞ്ചിരിയോടെ പറഞ്ഞു കൊണ്ട് രേവതി എല്ലാവരെയും ഒന്നു കൂടി നോക്കിപുറത്തേക്കിറങ്ങിയതും വിനോദിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി താനെന്ന ഭർത്താവിന്റെ പരാജയമോർത്ത് ,രേവതിയ്ക്ക് മുമ്പിൽ താനെത്ര ചെറുതാണെന്ന തിരിച്ചറിവിൽ …

ഏറ്റവുമൊടുവിലെപ്പോഴോ താനെന്ന സഹോദരൻ തന്റെ പെങ്ങൻമാർക്കൊരു കളിപ്പാട്ടം മാത്രമാണെന്ന തിരിച്ചറിവിൽ..

ചില തിരിച്ചറിവുകൾ അങ്ങനെയാണ് വൈകി മാത്രം ഉണ്ടാകുന്നവ ..