ആരാധിക
(രചന: രാജീവ് രാധാകൃഷ്ണപണിക്കർ)
°°°°°°°°°°°°°
ഒരു ഞായർ അവധിയുടെ ആനുകൂല്യം പൂർണമായും മുതലെടുത്തുകൊണ്ട് രാവിലെ ഒമ്പതരയോട് കൂടി ‘വസു’ ഉണ്ടാക്കിത്തന്ന മൂന്നാമത്തെ മസാലദോശയും നല്ല എരിവുള്ള പച്ചമുളക് ചട്ണിയിൽ മുക്കി അകത്താക്കി കൊണ്ടിരി ക്കുമ്പോളാണ് ഗേറ്റിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്.
ആരാണെന്നു നോക്കാൻ പോയ വസു അല്പസമയത്തിനുള്ളിൽ അകത്തെക്കുവന്നു.
“ദേണ്ടെ സുകുമാരൻ നായര് സാറിനെ കാണാൻ ഒരാരാധിക വന്നു നിൽക്കുന്നു.”
അവളുടെ വാക്കുകളിൽ പുച്ഛ രസം നിറഞ്ഞിരുന്നു.
“ആരാധികയോ നിനക്കെന്താ വട്ടുണ്ടോ വസു?”
“വട്ട് ആർക്കാനാണെന്നു ഇന്ന് ഞാൻ തീരുമാനിക്കാം.തീറ്റ മതിയാക്കി പുറത്തോട്ടു ചെല്ല്”
കഴിച്ചു കൊണ്ടിരുന്ന ദോശ പാത്രത്തിൽ ഉപേക്ഷിച്ചു കയ്യും കഴുകി മുണ്ടിന്റെ കോന്തലയിൽ തുടച്ചു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി.
ശരിയാണ് ഗേറ്റിനു വെളിയിൽ പത്തുമുപ്പതു വയസ്സു പ്രായം തോന്നുന്ന ഒരു യുവതി. കാണാൻ തരക്കേടില്ലാത്ത പ്രകൃതം.ചുരിദാർ ആണ് വേഷം.
ഇതാരപ്പ രാവിലെ കുടുംബം കലക്കാനായിട്ടു വന്നിരിക്കുന്നത്?
ഞാൻ ആശങ്കയോടെ ഗേറ്റ് തുറന്നു.
“ആരാ മനസ്സിലായില്ല”
“സാറേ ഞാൻ സാറിന്റെ
ഒരാരാധികയാണ്.
“എടോ തനിക്കു ആള് മാറിപ്പോയെന്നാ തോന്നുന്നത്. ഒരുസാഹിത്യ നിരൂപകൻ സുകുമാരൻ നായർ ഇവിടെ എവിടയോ താമസിക്കുന്നുണ്ട്.നിങ്ങൾ അദ്ദേഹത്തെയായിരിക്കും തേടി വന്നിരിക്കുന്നത്. ഞാൻ പ്രശസ്തനൊന്നു മല്ല”
“എനിക്ക് സാറിനെ കണ്ടാൽ അറിഞ്ഞൂടെ.
ഫേസ് ബുക്കിൽ സാറിന്റെ ഫോട്ടോസ് നിത്യവും കാണുന്നതല്ലേ.
ഫോട്ടോയിൽ കാണുന്നതിലും സുന്ദരനാ ണെട്ടോ. പ്രായം അത്രക്ക് തോന്നുകയില്ല”
ഒരു നിമിഷം ഞാൻ നിലത്തു നിന്നും ഒന്നു പൊങ്ങിയെന്നു തോന്നി.
കാണാൻ തരക്കേടില്ലാത്ത ഒരു പെണ്ണ് രാവിലെ വീട്ടിൽ കയറി വന്നു മുഖസ്തുതി പറഞ്ഞാൽ ഏതൊരു പുരുഷ കേസരിയായാലും ഒന്നു പൊങ്ങും. പിന്നെയാണോ
ഈയുള്ളവൻ.
പക്ഷെ വസുവിനെ കുറിച്ചുള്ള ഓർമ ഒരുനിമിഷം കൊണ്ട് എന്നെ മാനത്തു നിന്നും മണ്ണിലേക്കിറക്കി.
“അതിരിക്കട്ടെ എന്താ ആരാധികയുടെ പേര്”
“കെ.കെ.മോഹനവല്ലി. സാറെന്നെ മറന്നോ.ഞാൻ ഇടുന്ന കമന്റുകൾക്കൊക്കെ മറുപടിയായി സാർ ലവ് ഇമോജി ഇടാറുള്ളതല്ലേ”
വസു ഇതെങ്ങാനും കേട്ടോ .ഞാൻ പാളി നോക്കി.
പൂമുഖ വാതിൽക്കൽ ഇതെല്ലാം കണ്ടുകൊണ്ടു നിന്നിരുന്ന വസുവിന്റെ പല്ലുകൾ ഞെരിയുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു .
‘വീടെവിടെയാ”
“കൊടുങ്ങല്ലൂരാ”
“എങ്ങനെയാ വന്നേ”
“ഓട്ടോറിക്ഷക്കാ”
“എന്തായാലും മോഹനവല്ലി വാ ഇരിക്ക്”
ഞാൻ സിറ്റ്ഔട്ടിലെ കസേര ചൂണ്ടിക്കാട്ടി.
“മോഹനവല്ലി എന്തിനാ ഇപ്പോൾ വന്നത്
സാറിന്റെ കഥകളെ കുറിച്ചു സംസാരിക്കാനാ”
“ഞാൻ അത്രക്കൊന്നും എഴുതിയിട്ടില്ലല്ലോ നാലോ അഞ്ചോ കഥകൾ.അതെല്ലാം പൊളിയാണ് താനും”
“പൊളിഞ്ഞ കഥയാണെന്നു സാറിനോടാരാ പറഞ്ഞത് ‘ഇടവഴിയിലെ നിഴൽപാടുകൾ’ എന്ന കഥ ഞാൻ എത്രപ്രാവശ്യമാണെന്നറിയാമോ വായിച്ചത്.അതിലെ നായിക അനാർക്കലിക്ക് എന്റെ ജീവിതവുമായി സാമ്യമുണ്ട്.
ഒരുനിമിഷം മനസ്സിലൂടെ ഒരു കുളിർ തെന്നൽ കയറിയിറങ്ങി
കഥാപാത്രം നേരിട്ടു വന്നു കഥാകാരനോട് സംസാരിക്കുന്നു.
ഇതൊക്കെ പുസ്തകങ്ങളിൽ വായിച്ച അറിവേ യുള്ളൂ
ഇപ്പോളിതാ നേരിട്ട് അനുഭവിക്കുന്നു.
സാറിന്റെ ‘കാത്തിരുപ്പ്’ എന്ന കഥയിൽ ദേവയാനി എത്ര വർഷമാ ഹരിയേട്ടനെ കാത്തിരിക്കുന്നത്. അവസാനം ഹരിയേട്ടനെ കൊന്നു കളഞ്ഞത്
ശരിയായില്ല.
സാറൊരു ദുഷ്‌ഠനാ”
അപ്പോഴേക്കും മോഹനവല്ലിയുടെ ഭാവം ‘നാഗവല്ലിയുടേത് ‘ പോലെ മാറി.
ഞാൻ ഭയത്തോടെ വസുവിനെ നോക്കി.
അവൾ ആകെ അന്ധാളിച്ചു നിൽക്കുകയായിരുന്നു .
കണ്ണുകൾ
കൊണ്ടെന്നെ
അവൾ അകത്തേക്ക് വിളിച്ചു.
“വട്ടു കേസാ നിങ്ങളെ തേടി വന്നപ്പോഴേ എനിക്ക് തോന്നി എന്തോ കുഴപ്പമുണ്ടെന്ന്.അനുഭവിച്ചോ”
“എന്റെ കാവിലമ്മേ ഞാൻ പെട്ടോ എന്താ ഒരു നിവൃത്തി”
ഞാൻ കാവിലെ ഭഗവതിക്ക് ഗുരുതി പുഷ്പാഞ്ജലി നേർന്നു
“സാർ ഇവിടെ വന്നു നിക്കുകയാണോ.മുഴുവൻ പറഞ്ഞില്ലല്ലോ.മോഹനവല്ലി അകത്തേക്ക് വന്നു
സോഫയിൽ ഇരുന്നു. ഞാനും വാസുവും എന്താണ് ചെയ്യേണ്ടതെന്നറിയാതെ മന്ദിച്ചു നിൽക്കുമ്പോൾ മോഹനവല്ലി ഓരോ കഥാപാത്രങ്ങളെ കുറിച്ചും ആഴത്തിൽ സംസാരിച്ചു കൊണ്ടിരുന്നു.ഞാനും വസുവും കേൾവിക്കാരായി
.എന്റെ കഥാപാത്രങ്ങൾക്ക് ഇത്രയും
റേഞ്ചുണ്ടെന്നു ഇന്നാണ് ഞാൻ മനസ്സിലാക്കിയത്.മനസ്സിൽ ഇടക്കിടെ സന്തോഷവും അതോടൊപ്പം സന്താപവും തലപൊക്കി.
അപ്പോഴേക്കും എന്റെ ഫോൺ റിങ് ചെയ്തു.
പരിചയമില്ലാത്ത നമ്പർ ആണ്.
“ഹലോ ആരാണ്
സുകുമാരൻ നായർ അല്ലെ”
“അതേ
ചേട്ടാ അവിടെ ഒരു പെണ്ണ് വന്നിരുപ്പുണ്ടോ’
“നിങ്ങൾ ആരാ”
“ഞാനവളുടെ ഭർത്താവാണ്”ഞാൻ പതിയെ ഫോണും കൊണ്ടു പുറത്തേക്കിറങ്ങി.
“അവരെന്തിനാ ഇങ്ങോട്ടു വന്നത്”
ഫേസ് ബുക്കും വാട്‌സ് ആപ്പും നോക്കി പ്രാന്തായത ഇന്ന് രാവിലെ ഞാൻ ജോലിക്കു പോയിക്കഴിഞ്ഞു സുകുമാരൻ നായര് സാറിനെ കാണാൻ പോകുന്നു എന്ന്അമ്മയോട് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയതാ.അമ്മക്ക് തടയാൻ പറ്റിയില്ല.
‘അമ്മ എന്നെ വിളിച്ചു പറഞ്ഞു.ആദ്യം സുകുമാരൻ നായർ എന്നുപറഞ്ഞപ്പോ വിചാരിച്ചത് ആ നിരൂപകൻ ആണെന്നാണ്. അങ്ങേരെ വിളിച്ചപ്പോൾ നല്ല തെറിയാ കേട്ടത്.ഇവൾ ആദ്യം അവിടെ ചെന്നിരുന്നു എന്ന്. ഒരുവിധത്തിലാ അവിടെ നിന്നും പടിയിറക്കിയത്.
ചേട്ടന്റെ നമ്പർ കണ്ടു പിടിക്കാൻ ഇത്തിരി ബുദ്ധിമുട്ടി.മുൻപും ഇങ്ങനെ ഓരോരുത്തരുടേയും പേരും പറഞ്ഞു ഇറങ്ങി പോയിട്ടുണ്ട്. ചേട്ടന്റെ വീടെവിടെയാ”
“ആനമല കാവിന്റെ അടുത്താ”
ചേട്ടൻ ഒരുപകാരം ചെയ്യണം.ഞങ്ങൾ വരുന്നവരെ അവളെ അവിടെ ഒന്നു പിടിച്ചിരുത്തണം അല്ലെങ്കിൽ
പിന്നേം ചാടും”
“സഹോദരാ നന്ദിയുണ്ട്. പെട്ടെന്ന് ഒന്നിങ്ങോട്ടുവാ” ഞാൻ വസുവിനെ നോക്കി ആംഗ്യം കാട്ടിയിട്ടു അകത്തേക്ക് ചെന്നു. ഇനി എന്തു പറഞ്ഞാണാവോ ഈ മാരണത്തെ ഭർത്താവ് വരുന്നത് വരെ പിടിച്ചു നിർത്തുക!
ഞാൻ അങ്കലാപ്പോടെ മോഹനവല്ലിയെ നോക്കി!
ശുഭം
(പഴയൊരു കഥ കാലികമായ പുതുമകളോടെ )