നീ പണ്ട് കുറെ നാള് വച്ചോണ്ടിരുന്നതല്ലേ ടാ നാറി അവളെ.. അവളിപ്പോ എന്റെ ഭാര്യയാണ്.. ഇനി അങ്ങട് അവിഹിതം ഉണ്ടാക്കിക്കൊണ്ട…

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“നീ പണ്ട് കുറെ നാള് വച്ചോണ്ടിരുന്നതല്ലേ ടാ നാറി അവളെ.. അവളിപ്പോ എന്റെ ഭാര്യയാണ്.. ഇനി അങ്ങട് അവിഹിതം ഉണ്ടാക്കിക്കൊണ്ട് വരണ്ട കേട്ടോ.. തടി കേടാകും ”

നടു റോഡിൽ നാട്ടുകാരുടെ മുന്നിൽ വച്ച് ഉച്ചത്തിൽ അലറി കൊണ്ട് രാജേഷ് തന്റെ ഷർട്ടിന്റെ കോളറിൽ കുത്തി പിടിക്കവേ ആകെ പതറി പോയി സന്തോഷ്‌.

” സുഹൃത്തേ.. ഞാ.. ഞാൻ…. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെ അല്ല..”

നടന്നതെന്താണെന്ന് വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ ഒച്ച പുറത്തു വന്നില്ല..

” നിർത്തിക്കോ നാറി.. ഇനി ഇത് പോലെ ആകില്ല എന്റെ പ്രതികരണം..”

രൂക്ഷമായി ഒന്ന് നോക്കി കലി തുള്ളി രാജേഷ് നടന്നകന്നു.

” പെണ്ണ് കേസാണ് കേട്ടോ.. ”

“ഇവനൊക്കെ വേറെ പണി ഇല്ലേ വല്ലവന്റേം ഭാര്യമാരുടെ പിന്നാലെ പോകുന്നു ”

ചുറ്റും നിന്നവർ കുത്തുവാക്കുകൾ പറയവേ ഇളിഭ്യനായി അവിടെ നിന്നും പതിയെ തിരിഞ്ഞു നടന്നു സന്തോഷ്‌. തന്റെ നിരപരാധിത്വം തെളിയിക്കാൻ കഴിയാതെ അവന്റെ ഉള്ളം നീറുകയായിരുന്നു അപ്പോൾ.

ആ നടന്ന സംഭവത്തിന്‌ പിന്നിൽ ഒരു കഥയുണ്ട്. രണ്ട് വർഷങ്ങൾ മുന്നേ വരെ ആത്മാർത്ഥമായി സന്തോഷ്‌ സ്നേഹിച്ചിരുന്നതാണ് രാജേഷിന്റെ ഭാര്യ ചിത്രയെ.. അവളും തിരിച്ചു അങ്ങിനെ ആയിരുന്നു. പക്ഷെ ജാതിയിൽ താഴ്ന്നവനും ഓട്ടോ ഡ്രൈവറും ആയ സന്തോഷിനു മകളെ കെട്ടിച്ചു കൊടുക്കുവാൻ ചിത്രയുടെ അച്ഛൻ തയ്യാറായില്ല. അവൾ ഇറങ്ങി ചെല്ലുവാൻ തയ്യാറായിരുന്നു. പക്ഷെ അച്ഛന്റെ ആത്മഹത്യാ ഭീക്ഷണിക്കു മുന്നിൽ പരാജയപ്പെട്ടു പോയി. ചിത്രയുടെ വിവാഹവും കഴിഞ്ഞു.ഒരു വയസ്സ് ഉള്ള മകളുമുണ്ട്. ഭർത്താവ് രാജേഷ് എല്ലാ കാര്യങ്ങളും അറിഞ്ഞിട്ടു തന്നെയാണ് അവളെ വിവാഹം ചെയ്യുന്നത് എന്നാൽ പലപ്പോഴും തമ്മിൽ തർക്കിക്കുമ്പോൾ ചിത്രയെ ജയിക്കുവാൻ അവൻ സന്തോഷിനെ അവർക്കിടയിൽ എടുത്തിടുമായിരുന്നു. ഇന്നിപ്പോൾ പകൽ വീട്ടിൽ നിന്നും സന്തോഷിന്റെ ഓട്ടോയിൽ ചിത്ര എവിടേക്കോ പോകുന്നത് കണ്ടു എന്നൊരു സുഹൃത്ത്‌ പറഞ്ഞു കേട്ടത് പ്രകാരമാണ് രാജേഷ് കലി തുള്ളി വന്നതും നാട്ടുകാർക്ക് മുന്നിൽ വച്ച് സന്തോഷിനെ നാണംകെടുത്തിയതും.

കവലയിൽ നിന്നും രാജേഷ് നേരെ പോയത് ബാറിലേക്ക് ആണ്. അടങ്ങാത്ത കലിയിൽ പല്ലിറുമ്മി അവൻ.

” നന്ദി ഇല്ലാത്തവള്.. കെട്ടി കൊച്ചും ആയി എന്നിട്ടും പഴയ കാമുകന്റെ പിന്നാലെ പോയേക്കുന്നു. കാണിച്ചു കൊടുക്കാം ഞാൻ… വീട്ടിൽ ചെല്ലട്ടെ. ”

അമർഷം അടങ്ങാതെ കൌണ്ടറിനു മുന്നിൽ ഇരുന്നു പിറുപിറുത്തു അവൻ.

” എന്താ സാർ എന്തേലും പറഞ്ഞോ.. ”

സപ്ലൈയർ അരികിലേക്ക് ചെല്ലവേയാണ് പെട്ടെന്നു താൻ എവിടെയാണെന്നുള്ള ബോധം രാജേഷിനു തിരികെ വന്നത്.

” ഏയ്… ഒന്നുല്ല..ഒരു ലാർജ് എടുക്ക്…റം മതി.. ”

ഓർഡർ കൊടുത്ത് കൊണ്ട് പതിയെ തന്റെ ഫോൺ കയ്യിലേക്ക് എടുത്തു അവൻ. അത് സ്വിച്ച് ഓഫ്‌ ആണെന്ന് അപ്പോഴാണ് മനസിലായത്.

” അനിയാ ഈ ഫോൺ ഒന്ന് ചാർജ് നു ഇടോ.. ഓഫ്‌ ആണ്.. ഒന്ന് ഓൺ ആക്കിയേക്കണേ..”

കൗണ്ടറിൽ നിന്ന പയ്യന്റെ കയ്യിൽ ഫോൺ കൊടുക്കുമ്പോഴേക്കും മദ്യം എത്തിയിരുന്നു ഒറ്റ വലിക്കു തന്നെ അത് അകത്താക്കി അവൻ. തൊണ്ടയിലൂടെ കത്തിയെരിഞ്ഞു കൊണ്ട് മദ്യം ഉള്ളിലേക്ക് പോകവേ മനസിലെ പക കൂടുതൽ ഇരട്ടിച്ചു തുടങ്ങിയിരുന്നു.

” സാറേ.. ദേ ഇതില് കുറെ മിസ്സ്ഡ് കോൾസ് ഉണ്ട് കേട്ടോ.. നാല്പത് മിസ്സ്ഡ് കോൾസ്.. ആരോ അർജന്റ് ആയി വിളിക്കുന്നുണ്ട് സാറിനെ.”

ഫോൺ ഓൺ ആയ പാടെ ചാർജർ കണക്ഷനോടു കൂടി തന്നെ ആ പയ്യൻ രാജേഷിനു നേരെ വച്ചു നീട്ടി.

” നാൽപ്പത് മിസ്സ്ഡ് കോൾസോ ”

സംശയത്തോടെ അത് കയ്യിലേക്ക് വാങ്ങി ലോക്ക് മാറ്റി അവൻ.

‘ ചിത്ര മുപ്പത്തി നാല് കോൾസ് അമ്മ ആറും.. ഇതെന്താ സംഭവം. ‘

പെട്ടെന്ന് ഉള്ളിൽ ഒരു ആന്തൽ ഉണ്ടായെങ്കിലും അടങ്ങാത്ത ദേഷ്യം ഉള്ളിൽ ഉള്ളതിനാൽ തന്നെ ചിത്രയേ വിളിച്ചില്ല ആദ്യം അമ്മയെ ആണ് അവൻ വിളിച്ചത്.

“നീ ഇതെവിടെ പോയി കിടക്കുവാ രാജേഷേ. എത്ര വിളി വിളിച്ചു ഞങ്ങൾ. വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വാ.”

അമ്മയുടെ വാക്കുകളിൽ ശകാരത്തിന്റെ സ്വരം നിഴലിച്ചു. എന്നാൽ ആ വാക്കുകൾ കേട്ടത്തോടെ അവന്റെ ഉള്ളിൽ ടെൻഷൻ ഇരട്ടിയായി.

” ഹോസ്പിറ്റലിലോ.. എന്ത് പറ്റി.. ”

” മോനെ.. പേടിക്കാൻ ഇല്ല.. അച്ചു മോള് ഒന്ന് വീണു. നെറ്റിയിൽ ഒരു മുറിവ് പറ്റി.. ചിത്ര മാത്രേ വീട്ടിൽ ഉണ്ടായിരുന്നുള്ളു പാവം അവളും പേടിച്ചു ആകെ പോയി.. ഭാഗ്യത്തിന് ഓടി റോഡിലേക്ക് ഉറങ്ങിയപ്പോ ഒരു ഓട്ടോ കിട്ടി.. ദൈവം സഹായിച്ചു നല്ലൊരു പയ്യൻ ആയിരുന്നു. ഇവളുടെ വെപ്രാളം കണ്ടിട്ട് അവൻ വേഗം ഇവിടെ കൊണ്ട് വന്നു ഒരു ബന്ധുവിനെ പോലെ ഒപ്പം നിന്ന് കാര്യങ്ങൾ ചെയ്ത് ഞാൻ വന്ന ശേഷം ആണ് പോയെ. മോള് ഇപ്പോ ഓക്കേ ആണ്. രക്തം കുറച്ചു പോയി… സമയത്ത് എത്തിച്ചോണ്ട് വേറെ പേടിക്കാൻ ഒന്നും ഇല്ല.. ”

ആ പറഞ്ഞത് കേൾക്കെ ഒരു നിമിഷം നടുങ്ങി രാജേഷ്.

” ഓട്ടോക്കാരനോ.. അത്.. അ.. അയാളാണോ ഹോസ്പിറ്റലിൽ കൊണ്ട് വന്നത്… ”

അവന്റെ ശബ്ദം ചെറുതായൊന്നു വിറച്ചു.

” അതേ മോനെ.. ചിത്രയുടെ നാട്ടുകാരൻ പയ്യനാണ്.. പാവം നല്ലൊരു ചെക്കൻ… അവൻ ഉള്ളോണ്ട് വേഗം ഡോക്ടർ നെ ഒക്കെ പോയി വിളിച്ചു മോൾക്ക് പെട്ടെന്ന് ചികിത്സ കിട്ടി…”

ആ മറുപടിയോടെ രാജേഷിന്റെ നടുക്കം പൂർണ്ണമായി.

‘അപ്പോൾ സുഹൃത്ത്‌ പറഞ്ഞത് പോലെ സന്തോഷിന്റെ ഓട്ടോയിൽ ചിത്ര മോളെ ഹോസ്പിറ്റലിൽ കൊണ്ട് വന്നതാണോ.. ദൈവമേ.. കൃത്യമായി ഒന്നും അറിയാതെ സഹായിച്ചവനെ ആണോ താൻ വെറുപ്പിച്ചു വിട്ടത്.. ‘

ആ ചിന്തയിൽ ഏസി ബാറിനുള്ളിലും അവന്റെ നെറ്റിയിൽ വിയർപ്പു തുള്ളികൾ കിനിഞ്ഞു.

” നീ ഇത് എന്ത് ഓർത്തിരിക്കുവാ.. വേഗം ഇങ്ങട് വാ ചെക്കാ.. ഇവിടെ ഞാൻ ഒറ്റയ്ക്കെ ഉള്ളു..”

അത്രയും പറഞ്ഞു അമ്മ കോൾ കട്ട്‌ ആക്കവേ പെട്ടെന്ന് വെപ്രാളത്തിൽ ബില്ല് പേ ചെയ്ത് പുറത്തേക്കിറങ്ങി രാജേഷ്.. വേഗം കാറിനരുകിൽ എത്തി സിറ്റി ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.

‘ ശ്ശേ.. അപ്പോൾ തെറ്റ് പറ്റിയത് തനിക്ക് ആയിരുന്നോ.. ‘

ആ ഒരു ചിന്ത രാജേഷിനെ അലട്ടിക്കൊണ്ടിരുന്നു. പോകുന്ന വഴിയിൽ പെട്ടെന്ന് കവലയിൽ ഓട്ടോ സ്റ്റാൻഡിൽ സന്തോഷിനെ കണ്ടു അവൻ. വണ്ടി സൈഡ് ആക്കി ഇറങ്ങവേ രാജേഷിനെ കണ്ട് സന്തോഷ്‌ വീണ്ടും ഒന്ന് പരുങ്ങി. എന്നാൽ അരികിലെത്തിയ രാജേഷ് പെട്ടെന്ന് അവനെ ആലിംഗനം ചെയ്തു.

” സോറി… ഞാൻ അറിഞ്ഞില്ല.. നിങ്ങൾ കാരണമാണ് എന്റെ മോൾ… നന്ദിയുണ്ട് ”

ഒന്ന് നിവർന്നു കൂപ്പ് കൈകളോടെ അവൻ മുഖം കുനിച്ചു.

ആ ഒരു പെരുമാറ്റം സന്തോഷും ഒട്ടും പ്രതീക്ഷിച്ചില്ല..

” ഏയ്.. ചേട്ടാ.. സാരമില്ല.. ഞാൻ അത് അപ്പോഴേ വിട്ടു.. ചേട്ടൻ ഹോസ്പിറ്റലിലേക്ക് ചെല്ല് മോളിപ്പോ ഓക്കേ ആണ്.”

അവന്റെ വാക്കുകളിൽ വല്ലാത്ത ആശ്വാസം നിഴലിച്ചു.

” നീ…നീ…ആണ് സഹായിച്ചത് എന്ന് അമ്മ പറഞ്ഞു.. ആ നിന്നെയാ ഞാൻ നാണം കെടുത്തിയെ.. ”

രാജേഷിന്റെ ഉള്ളിലെ കുറ്റബോധം ഇരട്ടിച്ചു കൊണ്ടിരുന്നു.

” ഹാ.. അത് വിട് ചേട്ടാ… ഇപ്പോ മോളെ പോയി കാണ് ചേട്ടൻ… ബാക്കിയൊക്കെ പിന്നീട് അല്ലെ.. ”

പുഞ്ചിരിയോടെ തന്നെ സന്തോഷ്‌ അവന്റെ തിരികെ കാരിനരികിലേക്ക് കൊണ്ട് പോയി.ഒരിക്കൽ കൂടി സന്തോഷിന്റെ ചുമലിൽ ഒന്ന് തട്ടി തിരികെ കാറിലേക്ക് കയറി രാജേഷ്.

ആ കാറ് കണ്ണിൽ നിന്നും മായുന്നത് ആശ്വാസത്തോടെ തന്നെ നോക്കി നിന്നു സന്തോഷ്‌. അവന്റെ ഉള്ളിലെ വിങ്ങൽ അപ്പോഴാണ് അവസാനിച്ചത്.

ഹോസ്പിറ്റലിൽ എത്തി മോളെ കാണുന്നത് വരെ ആകെ ഒരു വെപ്രാളമായിരുന്നു രാജേഷിനും എന്നാൽ മോൾക്ക് കുഴപ്പമൊന്നുമില്ല എന്ന് കണ്ടതോടെ ആശ്വാസമായി അവന്.

” പേടിക്കാനില്ല ഏട്ടാ.. കൃത്യസമയത്ത് ആ ഓട്ടോക്കാരനെ കണ്ടത് ഭാഗ്യമായി.. അല്ലേൽ എന്ത് ചെയ്യണം എന്നറിയാണ്ട് ഞാൻ കുഴഞ്ഞു പോയേനെ..”

അത് പറയുമ്പോൾ. ചിത്ര ഒന്ന് അറച്ചത് ശ്രദ്ധിച്ചു രാജേഷ്. താൻ എന്ത് പറയുമെന്ന് പേടിച്ചിട്ട് അവൾ സന്തോഷിന്റെ പേര് മറച്ചു എന്ന് മനസിലാക്കവേ ഒന്ന് പുഞ്ചിരിച്ചു അവൻ.

” ആ ഓട്ടോക്കാരനോ… പേടിക്കേണ്ട… ധൈര്യമായി സന്തോഷിന്റെ പേര് പറഞ്ഞോളൂ താൻ.. എന്റെ കുഞ്ഞിനൊരു ആപത്ത് വന്നപ്പോ സഹായിച്ചതിന്റെ പേരിൽ ഒരു പ്രശ്നത്തിന് വരില്ല ഞാൻ.. ഇനിയൊരിക്കലും അവന്റെ പേര് പറഞ്ഞു നിന്നെ വിഷമിപ്പിക്കുകയും ഇല്ല.. ”

ആ മറുപടി ചിത്രയും ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല….

” ഏ.. ഏട്ടാ.. ”

അതിശയത്തോടെ നോക്കുമ്പോൾ തന്നെ അവളുടെ മിഴികൾ തുളുമ്പിയിരുന്നു. ആ മിഴികൾ തുടച്ചു കൊണ്ട് ചിത്രയേ സ്നേഹത്തോടെ തന്റെ മാറോട് ചേർത്തു രാജേഷ്..

” ഞാൻ അറിഞ്ഞു എല്ലാം ആദ്യം ഒരു തെറ്റിദ്ധാരണയിൽ അവനുമായി ചെറിയൊരു കച്ചറയുണ്ടാക്കി ഞാൻ പക്ഷെ ഒക്കെയും അറിഞ്ഞപ്പോ നേരിട്ട് കണ്ട് മാപ്പ് പറഞ്ഞിട്ടാ വരുന്നേ… ”

അതുകൂടി കേൾക്കെ ചിത്ര അവനോട്‌ കൂടുതൽ പറ്റിചേർന്നു..

ഒക്കെയും കേട്ടു കൊണ്ട് മുറിയിലേക്ക് വന്ന അവന്റെ അമ്മയുടെയും മുഖത്തും ഒരു പുഞ്ചിരി വിടർന്നു.

(ശുഭം )