(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“ടാ.. ദേ നോക്ക് അവള് വരുന്നുണ്ട്… ഇന്നേലും നീ കാര്യം പറയോ.. നാള് കുറെ ആയി ഇങ്ങനെ പിന്നാലെ നടക്കുന്നു.”
നിഖിൽ പറഞ്ഞത് കേട്ട് തലയുയർത്തിയ ശ്രീഹരി കണ്ടു അകലെ നിന്നും നടന്നടുക്കുന്ന ചന്ദനയെ. ഒരു നിമിഷം കണ്ണെടുക്കാതെ നോക്കി നിന്നു പോയി അവൻ.
” നോക്ക്യേ ടാ.. എന്തൊരു ഭംഗി ആണ് അവൾക്ക്.. ഒരു ദേവിയെ പോലുണ്ട്.. അല്ലേ കണ്ടിട്ട്”
” ഓ പിന്നെ.. വെറും ദേവി അല്ല ഭൂലംദേവി. ഒന്ന് പോടാ പ്പാ… പ്രേമിക്കുന്ന പെണ്ണിനെ കാണുമ്പോ എല്ലാവന്മാർക്കും ഇങ്ങനൊക്കെ തന്നാ തോന്നുന്നേ… കെട്ട് കഴിയുമ്പോ ഈ തോന്നൽ ഒക്കെ മാറിക്കോളും… ”
പരിഹാസത്തോടെ നിഖിൽ പറഞ്ഞത് അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല ശ്രീഹരിക്ക്.
” ഓ നിനക്ക് പിന്നെ എല്ലാം ടൈം പാസ് ആണല്ലോ.. ആ ഗീതികയുടെ പിന്നാലെ പ്രേമം എന്ന് പറഞ്ഞു നടന്നിട്ട് അവളേം കൊണ്ട് പോയി റൂം എടുത്ത കാര്യമൊക്കെ അറിഞ്ഞിരുന്നു ഞാൻ.. കേട്ടോ.. ”
ആ പറഞ്ഞത് കേട്ട് പരുങ്ങി പോയി നിഖിൽ. മുഖം കടുപ്പിച്ചു അവനെ ഒന്ന് നോക്കി ശേഷം വീണ്ടും നടന്നു വരുന്ന ചന്ദനയെ നോക്കി ശ്രീഹരി. ക്ഷണ നേരം കൊണ്ട് മുഖത്തെ കടുപ്പം മാറി. വീണ്ടും അവളിൽ മയങ്ങി വാ പൊളിച്ചു നിന്നു അവൻ.
” ആഹാ. ദേ നിൽക്കുന്നു കക്ഷി.. ഇന്ന് ലൊക്കേഷൻ മാറിയുള്ള നിൽപ്പാണല്ലോ.. സ്ഥിരം അപ്പുറത്തെ ആലിന്റെ ചുവട്ടിൽ അല്ലേ നിൽക്കാറ് ”
കൂട്ടുകാരി ശ്രീഹരിയെ ചൂണ്ടി കാണിക്കുന്നതിനു മുന്നേ തന്നെ അവനെ ശ്രദ്ധിച്ചിരുന്നു ചന്ദന.
” ഈ ചേട്ടൻ ഇങ്ങനെ പിന്നാലെ നടക്കൽ അല്ലാതെ മര്യാദക്ക് മുഖത്ത് നോക്കി കാര്യം പറയും ന്ന് നീ പ്രതീക്ഷിക്കേണ്ട കേട്ടോ ചന്ദനെ .. അതിനുള്ള ധൈര്യം ഒന്നും കക്ഷിക്കില്ലെന്നാണ് തോന്നുന്നേ. ”
ആ കമന്റ് കേട്ട് ഒന്ന് പുഞ്ചിരിച്ചു അവൾ. പറഞ്ഞത് ശെരിയാണ് മാസം രണ്ടാകുന്നു ഇതുപോലെ പിന്നാലെ നടക്കൽ ആരംഭിച്ചിട്ട്.
“അളിയാ.. അവള് അടുത്ത് വരും തോറും എന്റെ ധൈര്യം മുഴുവൻ ചോർന്നു പോകുവാ. ഒന്ന് മിണ്ടാൻ കൂടി പറ്റുന്നില്ല.. ”
പതിവ് ഡയലോഗിലേക്ക് കടന്നിരുന്നു ശ്രീഹരി.
” ആ..കൊള്ളാം.. അപ്പോ ഇന്നും അവളോട് കാര്യം പറയുന്ന കോളില്ല അല്ലേ.. ചുമ്മാ വാ പൊളിച്ചു നോക്കി നിന്നിട്ട് തിരിച്ചു പോകാൻ ആണോ പ്ലാൻ. ”
നിഖിലിന് കലി കയറി. മറുപടി പറയാതെ തല കുനിച്ചു ശ്രീഹരി അപ്പോഴേക്കും ചന്ദനയും കൂട്ടുകാരികളും നടന്നടുത്തിരുന്നു. ശ്രീഹരി ഒന്നും മിണ്ടില്ല ന്ന് ഉറപ്പായതോടെ രണ്ടും കല്പിച്ചു നിഖിൽ അവർക്ക് മുന്നിലേക്ക് കയറി നിന്നു. അത് കണ്ട് ശ്രീഹരി വാ പൊളിക്കവേ ഒന്ന് പരിഭ്രമിച്ചു ചന്ദന.
” ഏയ്.. ചന്ദന പേടിക്കേണ്ട.. ഞാൻ വഴി തടയുവൊന്നുമല്ല. ദേ.. ഇവന് വേണ്ടി ഒരു കാര്യം പറയാനാ..”
തനിക്ക് നേരെ നിഖിൽ വിരൽ ചൂണ്ടിയത് കണ്ട് വിളറി നിന്നു പോയി ശ്രീഹരി. ഒരു നിമിഷം അവനെ ഒന്ന് നോക്കവേ ചന്ദനയുടെ മിഴികൾ ആ മിഴികളിൽ ഒന്നുടക്കി.
“ഇവനെ ചന്ദനയ്ക്ക് അറിയാലോ.. നാള് കുറെയായി നിന്റെ പിന്നാലെ നടക്കുവല്ലേ.. ഇഷ്ടമാന്നെന്ന് നേരിട്ട് പറയാൻ ഉള്ള ധൈര്യം ഇവനില്ല. ഇത്രേം നാളത്തെ പിന്നാലെ നടപ്പിൽ നിന്ന് നിനക്ക് ഇതിനോടകം കാര്യം മനസിലായി കാണും ന്ന് വിശ്വസിക്കുന്നു.
ഒരു മറുപടി കൊടുത്തേക്കണേ പാവത്തിന്… ഉള്ള പണിയും കളഞ്ഞിട്ട് ഇങ്ങനെ ഇവന്റെ പിന്നാലെ നടന്ന് എന്റെ സമയം കൂടെ പോകുവാ ”
ആ വാക്കുകൾ കേൾക്കെ ശ്രീഹരിയെ ഒരിക്കൽ കൂടി ഒന്ന് നോക്കി ചന്ദന. ആകെ പതറി നിൽക്കുകയായിരുന്നു അവൻ.
” ടാ ഇനിയേലും ഒന്ന് പറയെടാ.. ”
ആ നിൽപ്പ് കണ്ട് കലി കയറി നിഖിലിന്. അത് കേട്ടിട്ട് കൂട്ടുകാരികൾ ചിരിച്ചെങ്കിലും ചന്ദന ചിരിച്ചില്ല അവളുടെ നോട്ടം അപ്പോൾ ശ്രീഹരിയുടെ മുഖത്തേക്കായിരുന്നു. പതിയെ വിറച്ചു വിറച്ചു അവളുടെ മുന്നിലേക്ക് ചെന്നു അവൻ.
” ച. ചന്ദന.. ഇ… ഇവൻ പറഞ്ഞത്.. സത്യമാണ്.. എ.. എനിക്ക് എങ്ങിനെ പറയണം ന്ന് അറില്ല പക്ഷെ ഒരുപാട് ഇഷ്ടമാണ് തന്നെ.. ജീവനാണ്.. ”
ആ പറഞ്ഞത് കേൾക്കെ പെട്ടെന്ന് തല കുമ്പിട്ടു അവൾ. എന്തോ ഒരു ഭയം ഉള്ളിൽ കടന്ന് കൂടിയ പോലെ തോന്നിപോയി. അതുവരെ ശ്രീഹരിയെ കാണുമ്പോഴൊന്നും തോന്നാത്തൊരു പതർച്ച അന്നേരം അവളിലും രൂപപ്പെട്ടു. ഒരുപക്ഷെ പെട്ടെന്ന് അങ്ങനൊരു കാര്യം കേട്ടത് കൊണ്ടാകാം.
” താ… താൻ ഒരു മറുപടി തരുമോ..”
പ്രതീക്ഷയോടെ അവൻ നോക്കുമ്പോൾ ആകെ മൊത്തത്തിൽ ഒന്ന് വിറച്ചു ചന്ദന.
പെട്ടെന്ന് കൈകൊണ്ട് എന്തൊക്കെയോ ആംഗ്യങ്ങൾ കാട്ടി ചന്ദന. അത് കണ്ടിട്ട് ശ്രീഹരിയും അമ്പരന്നു. അവൻ മാത്രമല്ല ഒപ്പം നിന്ന നിഖിലും.
” അളിയാ.. ഇവൾക്ക് സംസാരിക്കാൻ പറ്റില്ലേ..”
പതിയെ അരികിലേക്ക് ചേർന്ന് നിഖിൽ ചെവിയിൽ ചോദിക്കവേ ആകെ നടുക്കത്തിൽ ആയിരുന്നു ശ്രീഹരി. താൻ കാട്ടിയ ആംഗ്യം ശ്രീഹരിക്ക് മനസിലായില്ല എന്ന് ചന്ദന തിരിച്ചറിഞ്ഞു. വീണ്ടും അവന് മനസിലാകുന്ന രീതിയിൽ കൈകളാൽ സംസാരിക്കുവാൻ ശ്രമിച്ചു അവൾ പക്ഷെ ഫലമുണ്ടായില്ല
” ചന്ദന.. എ.. എന്താ ഇത് എന്താ ഇങ്ങനെ.. സംസാരിക്കില്ലേ നീ”
ശ്രീഹരി വാ പൊളിക്കവേ ഒന്നും പറയാതെ നിരാശയിൽ എന്തോ ഒരു ആംഗ്യം കൂടി കാട്ടി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുന്നിലേക്ക് നടന്നു പോയി അവൾ.
” ടാ അവൾക്ക് ഇഷ്ടക്കേട് ഒന്നും ഇല്ല ചിരിക്കുന്നുണ്ട് പക്ഷെ ഈ കുട്ടിക്ക് സംസാരിക്കാൻ കഴിയില്ല എന്ന് തോന്നുന്നു. ഇന്നേവരെ ഈ കാര്യം നിനക്ക് അറിയില്ലായിരുന്നോ.. ”
നിഖിലിന്റെ ചോദ്യത്തിനു മറുപടി പറയുവാൻ കഴിയാതെ നിന്നു ശ്രീഹരി. സത്യത്തിൽ ഇഷ്ടം തോന്നി പിന്നാലെ നടന്നു എന്നല്ലാതെ ചന്ദനയെ പറ്റി ഒന്നും അവന് അറിയില്ലായിരുന്നു.
” എന്താടാ മിഴിച്ചു നിൽക്കുന്നെ. നിനക്ക് അറില്ലായിരുന്നോ”
നിഖിൽ ചോദ്യം ആവർത്തിക്കവേ മൗനമായി അവൻ. അവന്റെ ഉള്ളിൽ വല്ലാത്തൊരു നോവ് ആയി മാറി ചന്ദന.
” ടാ.. എന്താ ഞാൻ പറയാ.. പാവം.. ഞാൻ അറിഞ്ഞില്ല അവൾക്ക് സംസാരിക്കാൻ കഴിയില്ല എന്ന്.. പെട്ടെന്ന് മനസിലാക്കിയപ്പോ എന്തോ ഉള്ളിൽ ഒരു വീർപ്പു മുട്ടൽ.. ”
നടന്നകലുന്ന ചന്ദനയെ നോക്കിയാണവൻ മറുപടി പറഞ്ഞത്. മുന്നോട്ട് പോയെങ്കിലും ഇടക്കിടക്ക് അവൾ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു
” ടാ.. എന്തായാലും ഇനി പറഞ്ഞിട്ട് കാര്യം ഇല്ല. സംസാരിക്കാൻ ഒക്കെ കഴിയില്ല ന്ന് വച്ചാൽ എങ്ങിനെ അഡ്ജസ്റ്റ് ചെയ്യാനാ.. നീ അവളെ മറന്നേക്ക്.. ”
നിഖിലിന്റെ വാക്കുകൾ കേട്ട് ഒരു നിമിഷം നടുക്കത്തോടെ അവനെ നോക്കി ശ്രീഹരി.
” എന്താടാ നീ ഈ പറയുന്നേ… ഞാൻ മനസ്സ് കൊണ്ടാ അവളെ ഇഷ്ടപെട്ടെ.. സംസാരിക്കാൻ കഴിയില്ല എന്ന ഒറ്റക്കാരണത്തിൽ എന്റെ ഇഷ്ടം വേണ്ട ന്ന് വയ്ക്കാൻ പറ്റില്ല എനിക്ക് അങ്ങിനൊരാളല്ല ഞാൻ. പിന്നെ പെട്ടെന്ന് അറിഞ്ഞപ്പോ ഒന്ന് പതറി പോയെന്നെ ഉള്ളു.അവൾക്ക് സംസാരിക്കാൻ കഴിയില്ലേൽ ഇനിയുള്ള നാൾ അവളുടെ ശബ്ദമാകും ഞാൻ. അതിനെനിക്ക് ഒരു മടിയും ഇല്ല ”
ഉറച്ചതായിരുന്നു അവന്റെ വാക്കുകൾ അത് കേട്ട് അറിയാതെ നിഖിലിന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു.
” ടാ… സത്യത്തിൽ എന്റെ മനസിലും നീ ഇങ്ങനെ തന്നെ ചെയ്യണമെന്നായിരുന്നു. പിന്നെ പെട്ടെന്നുള്ള നിന്റെ ഞെട്ടൽ കണ്ടപ്പോ ഞാനും ഒന്ന് സംശയിച്ചു അതാ ഇങ്ങനെ പറഞ്ഞെ. ഇപ്പോ അഭിമാനം ഉണ്ടെടാ നീ എന്റെ സുഹൃത്താണെന്ന് പറയാൻ.. വാ പൊളിച്ചു നിൽക്കാതെ ചെന്ന് പറയ് അവളോട് ഈ ശബ്ദം ഇല്ലായ്മയിൽ അവളുടെ ശബ്ദമാകാൻ നീ തയ്യാറാണെന്ന് ”
അഭിമാനത്തോടെ നിഖിൽ അത് പറയുമ്പോൾ പിന്നെ മടിച്ചില്ല ശ്രീഹരി. ഒരു പുഞ്ചിരിയോടെ അവൻ ചന്ദനയ്ക്ക് പിന്നാലെ ഓടി.
” ചന്ദനാ.. ഒന്ന് നിൽക്കണെ. ഒരു കാര്യം പറയാൻ ഉണ്ട്. ”
ഇപ്പോൾ അവന്റെ ശബ്ദത്തിൽ പതർച്ചയില്ലായിരുന്നു. അവന്റെ കൈകാലുകൾ വിറ പൂണ്ടില്ല. ഉറച്ച ആത്മവിശ്വാസത്തോടെ ഓടി അവൾക്കൊപ്പം എത്തി അവൻ.
പിന്നാലെ ശ്രീഹരി ഓടി വന്നത് കണ്ട് ചന്ദനയും ഒരു നിമിഷം സംശയത്തോടെ തിരിഞ്ഞു നിന്നു.
” എടോ.. ഒരു കാര്യം പറയാനാ ഞാൻ ഈ ഓടി വന്നേ.. ”
അത് പറയുമ്പോൾ അവൻ ഏറെ കിതയ്ക്കുന്നുണ്ടായിരുന്നു. അതിശയത്തോടെ നോക്കി നിൽക്കുന്ന ചന്ദനയുടെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു അവൻ.
” എടോ.. തനിക്ക് ഇങ്ങനെ ഒരു പ്രശ്നം ഉണ്ടെന്ന് അറിയില്ലായിരുന്നു… അതാ പെട്ടെന്ന് അറിഞ്ഞപ്പോ ഒന്ന് ഞെട്ടിയത്. ആത്മാർത്ഥമായാണ് ഞാൻ നിന്നെ സ്നേഹിച്ചത് ആ എനിക്ക് നിന്റെ ഈ കുറവ് ഒരു പ്രശ്നമല്ല.. ഇനിയുള്ള കാലം ശബ്ദമില്ലാത്ത നിന്റെ ശബ്ദമായിക്കോട്ടെ ഞാൻ.. ”
ആ ചോദ്യം കേട്ട് ഒരു നിമിഷം ചന്ദന അന്താളിച്ചു നിൽക്കവേ പെട്ടെന്ന് പൊട്ടിച്ചിരിച്ചു പോയി കൂടെ നിന്ന കൂട്ടുകാരികൾ. ആ ഒരു നിമിഷം ശ്രീഹരിയും ഒന്ന് പതറി. എന്താണ് സംഭവിക്കുന്നത് എന്ന് അവന് മനസിലായില്ല. പതിയെ പതിയെ പതിയെ കൂട്ടുകാരികളുടെ ചിരിയിലേക്ക് ചന്ദനയും ഭാഗമായി അതോടെ ആകെ ചൂളിപ്പോയി അവൻ. ഒക്കെയും കണ്ട് നിന്ന നിഖിലും ഒന്നും മനസിലാകാതെ വാപൊളിച്ചു പോയി.
” എ.. എന്താ എല്ലാരും ചിരിക്കണേ.. ”
നിഷ്കളങ്കമായ ശ്രീഹരി ചോദിക്കവേ കൂട്ടുകാരികൾ ഒരു തരത്തിൽ ചിരി അടക്കി.
” എന്റെ പൊന്ന് ചേട്ടാ.. പ്രേമിക്കുന്ന പെണ്ണിനെ പറ്റി ഒന്നും മനസിലാക്കാതെ ആണോ ഇങ്ങനെ മാസങ്ങളായി പിന്നാലെ നടക്കുന്നത്.. ഇവള് ഊമയൊന്നുമല്ല.. ”
കൂട്ടുകാരിൽ ഒരാളുടെ സംസാരം കേട്ട് അന്ധാളിച്ചു ചന്ദനയെ ഒന്ന് നോക്കി ശ്രീഹരി.
” ഇവൾക്ക് ഇച്ചിരി ഭക്തിടെ അസുഖം ഉണ്ട്. ഇച്ചിരിയല്ല അല്പം കൂടുതൽ.. .. അന്നേരം ഇടക്കിടക്ക് ഇതുപോലെ മൗന വൃതങ്ങൾ പിടിക്കും. ചിലദിവസം നോമ്പെന്ന് പറഞ്ഞു പട്ടിണി കിടക്കും ഇന്നും മൗനവൃതം ആണ്. അതാണ് കൈ കൊണ്ട് ഓരോ ചേഷ്ടികൾ കാണിച്ചു പോയത്…”
ഇത്തവണ ശെരിക്കും ഇളിഭ്യനായി പോയി അവൻ.
“എന്റെ പൊന്ന് ചേട്ടാ.. എന്നാലും ഇത്രയും ഉദാരമനസ്കനായിരുന്നല്ലേ ചേട്ടൻ. ഞങ്ങൾ കരുതി വെറും പൈകിളി ടൈപ്പ് പൂവാലൻ ആകും ന്ന്.. ഇതിപ്പോ ശബ്ദമില്ലാത്തവൾക്ക് ശബ്ദമാകാൻ വന്നതല്ലെ..”
ആ കമന്റ് കൂടി കേട്ടിട്ട് ദയനീയമായി ഒന്ന് തിരിഞ്ഞു നിഖിലിനെ നോക്കി ശ്രീഹരി . വെളുക്കെ ഒന്ന് ചിരിച്ചു കാണിച്ചു തല താഴ്ത്തി അവൻ. ശ്രീഹരിയുടെ മുഖഭാവം കണ്ട് ചന്ദനയും പൊട്ടിച്ചിരിച്ചു പോയി. അതോടെ പതിയെ ചമ്മലോടെ തലതാഴ്ത്തി അവൻ.
വീണ്ടും എന്തോ ഒരു ആംഗ്യം കാട്ടി ചന്ദന. അത് കണ്ട് ഒന്നും മനസിലാകാതെ കൂട്ടുകാരികളുടെ മുഖത്തേക്ക് നോക്കി ശ്രീഹരി.
” ചേട്ടാ.. മറുപടി നാളെ പറയാം ന്ന് ആണ് അവള് ആംഗ്യം കാണിച്ചേ.. ചേട്ടൻ ഒന്ന് ക്ഷെമിക്ക്. പോസിറ്റീവ് ആകുമെന്നെ.. എന്തായാലും ഇത്രേം നാള് പിന്നാലെ നടന്നില്ലേ ഇനീപ്പോ നാളെ ഒരു ദിവസം കൂടി കാക്ക് ”
കൂട്ടുകാരികൾ പറഞ്ഞു ചിരിക്കവേ പതിയെ പതിയെ അവന്റെ മുഖത്തേക്കും ആ പുഞ്ചിരി പടർന്നു
” പോസിറ്റീവ് ആയിരിക്കും അല്ലേ.. ”
ചെറു ചിരിയോടെ ചന്ദനയുടെ മുഖത്തേക്ക് നോക്കുമ്പോൾ ആ മുഖത്ത് നാണം കണ്ടു ശ്രീഹരി. അതോടെ അവന് പാതി ആശ്വാസമായി.
” എന്റെ പൊന്ന് ചന്ദന.. നീ വേണേൽ പട്ടിണി കിടന്നോ പക്ഷെ ദയവ് ചെയ്ത് ഇനി ഇതുപോലുള്ള മൗന വൃതങ്ങൾ ഒന്നും പിടിച്ചേക്കല്ലേ.. ടെൻഷൻ അടിച്ചു ഒരു വഴിക്കായി ഞാൻ ”
അവന്റെ വാക്കുകൾ കേട്ട് എല്ലാവരും വീണ്ടും പൊട്ടിച്ചിരിച്ചു. ആ ചിരിയോടെ തന്നെ ചന്ദനയും കൂട്ടുകാരും തിരിഞ്ഞു നടന്നു. കുറച്ചു മുന്നിലേക്ക് പോയി വീണ്ടും അവളൊന്നും തിരിഞ്ഞു നോക്കി. ആ മുഖത്തെ പുഞ്ചിരിയിൽ നിന്നും തനിക്കുള്ള മറുപടി എന്താണെന്ന് അവൻ മനസിലാക്കിയിരുന്നു.
അതോടെ ഏറെ സന്തോഷത്തിൽ തിരിഞ്ഞു നടന്നു ശ്രീഹരിയും .
” അളിയാ ഇച്ചിരി നാണം കെട്ടാൽ എന്താ അവസാനം എല്ലാം സെറ്റ് ആയില്ലേ.. ”
നിഖിലും അത് മനസിലാക്കിയിരുന്നു.
” സെറ്റാണളിയാ.. അവള് വാ തുറന്ന് പറയണ്ട ആ പുഞ്ചിരി മതി മറുപടി എന്താണെന്ന് മനസിലാക്കാൻ.. ”
ഏറെ സന്തോഷവാനായിരുന്നു ശ്രീഹരി. ഒരുപാട് നാളായി മനസിൽ കൊണ്ട് നടന്ന ഇഷ്ടം സഫലീകരിച്ച സന്തോഷം… എത്രയും പെട്ടെന്ന് പിറ്റേന്നായിരുന്നെങ്കിൽ എന്ന് മനസിൽ കൊതിച്ചു പോയി അവൻ. ചന്ദനയും ഏറെ സന്തോഷിച്ചു കാരണം ശ്രീഹരി പിന്നാലെ നടപ്പ് തുടങ്ങിയത് മുതൽ അവനെ ശ്രദ്ധിച്ചു തുടങ്ങിയതാണ് അവളും.
രണ്ടാളുടെയും മസ്സിൽ ഒരേ പോലെ ഇഷ്ടം പൂവിട്ടു.