(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” ബാലേട്ടാ.. ഇന്നെന്താ പതിവില്ലാതെ നട്ടുച്ച ആയിട്ടും പാടത്തു തന്നെ.. ചേച്ചിയുമായി പിണങ്ങി ദേഷ്യത്തിൽ എങ്ങാനും വന്നതാണോ ”
ബാലചന്ദ്രൻ പാടത്തു പിടിപ്പതു പണിയിൽ നിൽക്കുമ്പോഴാണ് അയൽക്കാരൻ അനീഷ് ഡ്യൂട്ടി കഴിഞ്ഞു ആ വഴിക്ക് വന്നത്. സർക്കാർ ഉദ്യോഗസ്ഥനായ അനീഷ് വല്ലപ്പോഴുമേ നാട്ടിൽ വരാറുള്ളൂ.
” ആ അനീഷേ നീയോ….. ഇന്നിച്ചിരി ലേറ്റായെടാ… രാവിലെ മോന്റെ സ്കൂളിൽ ഒന്ന് പോയിരുന്നു അത് കഴിഞ്ഞു വന്നപ്പോ സമയം പതിനൊന്ന് കഴിഞ്ഞാരുന്ന്.. ഇനീപ്പോ കുറച്ചു പണി കൂടി ഉണ്ട് അതൂടെ തീർത്തു കേറിയാൽ നാളെ പിന്നെ ഈ വഴിക്ക് വരേണ്ട.. അതാ ലേറ്റ് ആയിട്ടും നിൽക്കുന്നെ.. ”
മറുപടി പറയുമ്പോൾ അയാൾ ഏറെ ക്ഷീണിതനായിരുന്നു.
ബാലചന്ദ്രൻ നാട്ടിൽ എല്ലാവർക്കും പരിചിതൻ ആണ് . കണ്ടാൽ ഒരു ആറടി പൊക്കം ഇരു നിറം. കഷണ്ടി തലയാണെങ്കിലും കട്ടത്താടിയാണ്. കണ്ണുകളിൽ ലെൻസുവച്ച പോലെ കൃഷ്ണമണിയിൽ ചെറിയൊരു പച്ച നിറം. മൊത്തത്തിൽ ഇരു നിറമാണെങ്കിലും ആരും ഒറ്റ നോട്ടത്തിൽ ഒന്ന് ശ്രദ്ധിച്ചു പോകുന്ന എല്ലാവർക്കും പ്രിയങ്കരനായ ജാഡയില്ലാത്ത പച്ചയായ മനുഷ്യൻ.
” എന്തായി ചേട്ടാ കാവടിയുടെ കാര്യങ്ങൾ. ക്ഷേത്രത്തിൽ കമ്മിറ്റി കൂടി എല്ലാം തീരുമാനിച്ചിട്ടു ഇപ്പോ എല്ലാരും ചേർന്ന് മുങ്ങി ഒക്കെ നിങ്ങടെ തലയ്ക്കായെന്ന് കേട്ടു.. ഉള്ളതാണോ…”
അനീഷിന്റെ ആ ചോദ്യം കേട്ട് നിരാശയിൽ തൂമ്പ നിലത്തേക്ക് നിർത്തി അതിൽ കൈ താങ്ങി നിന്നു ബാലചന്ദ്രൻ.
” അതേടാ.. അങ്ങനൊരു പണി പറ്റി. ഇപ്പോ ഉത്സവം നടത്തിപ്പും പിരിവും എല്ലാം എന്റെ തലയ്ക്ക് ആണ്. ഇനീപ്പോ ഉച്ച കഴിഞ്ഞു ക്ഷേത്രത്തിൽ ഒന്ന് പോണം ഒരു കമ്മിറ്റി ഉണ്ട്. ഒക്കെയും ഒറ്റയ്ക്ക് എന്നെ കൊണ്ട് പറ്റില്ല. ആരേലും ഒക്കെ സപ്പോർട്ട് ഉണ്ടേലെ പറ്റുള്ളൂ.. പുതിയൊരു കമ്മിറ്റി ഉണ്ടാക്കണം.. ”
നട്ടുച്ച നേരവും പൊരി വെയിലും ആയതിനാൽ മറുപടി പറയുമ്പോൾ അയാൾ കിതയ്ക്കുന്നുണ്ടായിരുന്നു.
” ശെരി ബാലേട്ടാ.. എല്ലാം ശെരിയാകും നമുക്ക് വൈകിട്ട് കാണാം.. ”
അത്രയും പറഞ്ഞു അനീഷ് നടന്നകലുമ്പോൾ അൽപനേരം കൂടി നോക്കി നിന്ന ശേഷം അയാൾ വീണ്ടും തന്റെ പണി തുടർന്നു. സമയം പിന്നെയും നീങ്ങി. രണ്ട് മണിയോളം ആയപ്പോൾ വിശപ്പും ദാഹവും കാരണം ആകെ ക്ഷീണമായി ബാലചന്ദ്രനൻ . വീട്ടിലേക്ക് പോയാൽ പിന്നെ തിരിച്ചു വരവ് നടക്കില്ല എന്ന് ഉറപ്പുള്ളോണ്ട് തത്കാലം അടുത്തുള്ള ഹോട്ടലിൽ പോയി എന്തേലും കഴിക്കാൻ തീരുമാനിച്ചു അയാൾ. പിന്നെ വേഷം മാറാനൊന്നും നിന്നില്ല ചേറു പറ്റിയ കുപ്പായം ഇട്ട് തന്നെ കയ്യും മുഖവും കഴുകി തന്റെ ബൈക്കിലേക്ക് കയറി.
ഹോട്ടലിൽ എത്തുമ്പോൾ വല്യ തിരക്ക് ഇല്ലാരുന്നു.
” ഇതെന്നാ ബാലേട്ടാ.. പാടത്തൂന്ന് നേരിട്ടുള്ള വരവാണെന്ന് തോന്നുന്നല്ലോ.. ”
പരിചയക്കാരനായ ഹോട്ടൽ ഉടമയുടെ ചോദ്യത്തിന് ഒരു പുഞ്ചിരിയാണയാൾ ആദ്യം മറുപടിയായി നൽകിയത്.
” ഇച്ചിരി പണി കൂടി ബാക്കി ഉണ്ട്. വിശപ്പ് സഹിക്കാൻ വയ്യാണ്ടായപ്പോ ഇങ്ങട് കേറിയതാ.. നീ ഒരു ഊണ് എടുക്ക്. സ്പെഷ്യൽ ഒന്നും വേണ്ട വെജിറ്റബിൾ മതി ഇത് കഴിഞ്ഞിട്ട് ഇനി ക്ഷേത്രത്തിൽ പോണം”
കൈകഴുകി ടേബിളിൽ ഇരിക്കുമ്പോഴേക്കും ഇലയെത്തിയിരുന്നു. പിന്നാലെ ചോറും കറികളും. വിശപ്പ് അധികമായതിനാൽ അല്പം വേഗത്തിലാണ് ബാലചന്ദ്രൻ കഴിച്ചു തുടങ്ങിയത്. അപ്പോഴേക്കും ഒരു ആഡംബര കാർ ഹോട്ടലിന് മുന്നിലായി വന്നു നിന്നു. കാറിൽ നിന്നിറങ്ങിയവരെ വേഗത്തിൽ തിരിച്ചറിഞ്ഞു അയാൾ .
‘ ചന്ദ്രദാസും കുടുംബവുമല്ലേ ഇത്..’
ബാലചന്ദ്രന്റെ പഴയ സഹപാഠിയായിരുന്നു ചന്ദ്രദാസ്. പ്രവാസി ആയ അയാൾ സകുടുംബസമേതം ഏതോ യാത്ര കഴിഞ്ഞുള്ള വരവാണെന്ന് ഒറ്റ നോട്ടത്തിൽ മനസിലായി. അയാളുടെ ഭാര്യ മായയെ കണ്ട് അമ്പരന്നു ബാലചന്ദ്രൻ. പണ്ടെന്നോ കണ്ട് മറന്നതാണ് ആ മുഖം. തനി നാട്ടിൻപുറത്തു കാരിയായിരുന്ന അവൾ ഇപ്പോൾ ആകെ മാറിയിരിക്കുന്നു. ഒറ്റ നോട്ടത്തിൽ ഒരു പത്രാസ് കാരി കൊച്ചമ്മ ലുക്ക്.
” ടാ ചന്ദ്ര… നീ എന്നെത്തി നാട്ടിൽ… എന്നെ മനസ്സിലായോ.. ”
തനിക്ക് ഓപ്പോസിറ്റ് ഉള്ള ടേബിളിൽ അവർ വന്നിരിക്കുമ്പോൾ ഒരു മടിയുമില്ലാതെ പരിചയം പുതുക്കി ബാലചന്ദ്രൻ. എന്നാൽ ചേറു പറ്റിയ കുപ്പായവും വാടിയ മുഖവുമൊക്കെയായി ഇരിക്കുന്ന ബാലചന്ദ്രനെ കാൺകെ പരിചയം പുതുക്കുവാൻ ഒന്ന് മടിച്ചു ചന്ദ്രദാസ്.
” ആ.. ബാലചന്ദ്രൻ.. അറിയാം.. ഓർമയുണ്ട് ”
വല്യ പരിചയം കാണിക്കാതെ ഒന്ന് രണ്ട് വാക്കിൽ മറുപടി പറഞ്ഞു ചന്ദ്രദാസ് മുഖം തിരിച്ചപ്പോൾ മിണ്ടേണ്ടിയിരുന്നില്ല എന്ന് തോന്നിപോയി ബാലചന്ദ്രന്. എന്നാൽ അതിനേക്കാൾ അതിശയം തോന്നിയത് മായയുടെ നോട്ടത്തിൽ ആയിരുന്നു. ഒരു ഭിക്ഷക്കാരനെ കണ്ടപ്പോലുള്ള പുച്ഛഭാവമായിരുന്നു അവൾക്ക്.
‘ ഇവൾ ഇതെന്നാ നോട്ടമാ ‘
അറിയാതെ മനസ്സിൽ ചിന്തിച്ചു പോയി ബാലചന്ദ്രൻ . ആ നോട്ടം അത്ര ദഹിച്ചില്ല അയാൾക്ക്. അതുകൊണ്ട് തന്നെ ഒന്ന് വെറുപ്പിക്കാൻ തീരുമാനിച്ചു. ഇലയിൽ ഇരുന്ന പപ്പടം നല്ലവണ്ണം ചോറുമായി ചേർത്ത പൊടിച്ചു സാമ്പാറും കൂട്ടി കണ്ടാൽ അറപ്പു തോന്നും വിധം ഒന്ന് കുഴച്ചു വലിയൊരു ഉരുള ഉരുട്ടി മായയുടെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് വായിലേക്ക് വച്ചു ബാലചന്ദ്രൻ.
കട്ടത്താടി ആയതിനാൽ തന്നെ കുറച്ചു താടിയിലും പറ്റിപ്പിടിച്ചു. ശേഷം ചെറിയ ശബ്ദത്തോടെ തന്നെ ചവച്ചരച്ച് അകത്താക്കി എന്തായാലും ശ്രമം വിജയിച്ചു. അറപ്പ് തോന്നിയാകണം അതോടെ മായയുടെ നോട്ടം പിൻവലിച്ചു . പിന്നെ വേഗത്തിൽ കഴിച്ചെഴുന്നേറ്റു അവർ.
” അതെ ഈ ഗതിയില്ലാത്തവർ ഒക്കെ ആണോ നിങ്ങടെ കൂട്ടുകാർ.. അയാളുടെ കോലം നോക്യേ..”.
പുച്ഛത്തോടെയുള്ള മായയുടെ ചോദ്യത്തിന് മറുപടി നൽകിയില്ല ചന്ദ്രദാസ്. കാശ് കൊടുത്തവർ പുറത്തേക്കിറങ്ങുമ്പോഴേക്കും ബാചന്ദ്രനും കഴിച്ചു കൈ കഴുകി വന്നിരുന്നു.
” ചേട്ടന്റെ കാശ് കൂടി പുള്ളിക്കാരൻ തന്നു ”
ഹോട്ടൽ ഉടമയുടെ വാക്കുകൾ കേട്ട് അതിശയത്തോടെ ചന്ദ്രദാസിനെ നോക്കുമ്പോൾ ‘ താൻ കൊടുത്തു ‘ എന്ന അർത്ഥത്തിൽ കൈ കൊണ്ട് ആംഗ്യം കാട്ടി അയാൾ.
” ബാലേട്ടാ എന്തായി കാശിന്റെ കാര്യം… എന്തേലും നടക്കോ.. ”
ഹോട്ടൽ ഉടമയുടെ ചോദ്യത്തിന് മുന്നിൽ ഒന്ന് മൗനമാകുമ്പോൾ ബാലചന്ദ്രന്റെ മുഖത്തു ചെറിയൊരു ആശങ്ക നിറഞ്ഞു.
” ശ്രീവിനായകൻ ഒരു വഴി കാട്ടി തരും..കാശൊക്കെ കിട്ടും ന്ന് ആണ് പ്രതീക്ഷ ”
അത്രയും പറഞ്ഞയാൾ വിഷണ്ണനായി പുറത്തേക്കിറങ്ങുമ്പോൾ ഒക്കെയും കേട്ടുനിന്ന ചന്ദ്രദാസ് പതിയെ അരികിലേക്ക് ചെന്നു..
” നീ ഇപ്പോ അങ്ങ് വല്ലാത്ത കോലം ആയിപ്പോയല്ലോ ബാലചന്ദ്രാ… കഷ്ടപ്പാട് ആകും അല്ലെ.. കോലം കണ്ടാൽ അറിയാം.”
അത് പറയുമ്പോൾ തന്നെ പേഴ്സിൽ നിന്നും രണ്ടായിരം രൂപ എടുത്ത് ബലമായി ബാലചന്ദ്രന്റെ പോക്കറ്റിലേക്ക് വച്ചു കൊടുത്തു..
” ഏയ്..എന്താ ഇത് ചന്ദ്രാ. ഇതൊന്നും വേണ്ട ”
അയാൾ കുതറി മാറാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല.
” സാരമില്ലടാ വച്ചോ.. നിന്റെ കഷ്ടപ്പാട് മനസിലാകും മായ കൂടി പറഞ്ഞിട്ടാ ഇത് തരുന്നേ.. ”
അത്രയും ചന്ദ്രദാസ് തിരികെ നടക്കുമ്പോൾ ആകെ വിളറി വെളുത്തു നോക്കി നിന്നു പോയി ബാലചന്ദ്രൻ.
മായയുടെ നോട്ടത്തിന് അപ്പോഴും കുറവൊന്നും ഇല്ലാരുന്നു. എന്തോ ഔദാര്യം ചെയ്ത ഭാവമായിരുന്നു അവൾക്ക്. അവരുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരേയ്ക്കും പുച്ഛത്തോടെ ബാലചന്ദ്രനെ തിരിഞ്ഞു നോക്കി അവൾ. ആ നോട്ടം കണ്ടിട്ട് ഹോട്ടൽ സ്റ്റാഫുകൾ വരെ അമ്പരന്നു.
‘ ബാലേട്ടന്റെ പഴേ സെറ്റപ്പ് വല്ലോം ആണാ ആ പെണ്ണുംപിള്ള. വല്ലാത്തൊരു നോട്ടം ‘
അവരുടെ കമന്റുകൾ ഇപ്രകാരം ആയിരുന്നു.
തിരികെ ബൈക്കിലേക്ക് കയറവേ വല്ലാത്ത ജാള്യത തോന്നി ബാലചന്ദ്രന്. ചന്ദ്രദാസിന്റെ ആ പ്രവൃത്തി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അയാൾ.
ചന്ദ്രദാസ് വൈകുന്നേരം ടീവി കണ്ടിരിക്കുമ്പോഴാണ് മായ ഓടി അരികിലേക്ക് ചെന്നത്
” ചന്ദ്രേട്ടാ.. ദേ ഉച്ചയ്ക്ക് ഹോട്ടലിൽ വച്ചു കണ്ട അയാള് കൊച്ചിനെയും കൊണ്ട് മുറ്റത്ത് വന്നു നിൽക്കുന്നു. അന്നേരം കാശ് കൊടുത്തപ്പോ വീണ്ടും വന്നു മുട്ടിയാൽ കുറെ കൂടി കിട്ടും ന്ന് ഉള്ള പ്രതീക്ഷയിൽ ആണെന്ന് തോന്നുന്നു കൊച്ചിനെയും കൊണ്ട് വന്നേക്കുന്നത്. ഇനി കാശൊന്നും കൊടുക്കാൻ നിന്നേക്കരുത് ഓടിച്ചു വിട്ടില്ലേൽ തലവേദന ആകും കേട്ടോ ”
അവളുടെ വാക്കുകൾ കേട്ട് അരിശം കയറി ചന്ദ്രദാസിന്
” അവനെ ഞാൻ ഇപ്പോ ഓടിക്കാം ”
പല്ലുകൾ ഞെരിച്ചു കൊണ്ട് പുറത്തേക്ക് പാഞ്ഞു അയാൾ. മുറ്റത്ത് പുഞ്ചിരിയോടെ നിന്നിരുന്നു ബാലചന്ദ്രനും മോനും അവരെ കണ്ട പാടെ പൊട്ടിത്തെറിച്ചു ചന്ദ്രദാസ്
” ദേ.. ബാലാ കയ്യിൽ ഉള്ളത് ഉച്ചക്ക് ഞാൻ തന്നു ഇനീം കൊച്ചിനെയും കൊണ്ടിങ്ങനെ വന്നു സെന്റി അടിച്ചു ഒപ്പിക്കാൻ നിൽക്കല്ലേ.. എന്റേൽ വേറെ ഇല്ല. സംഭവം ശെരിയാണ് എനിക്ക് ഗൾഫിൽ നല്ല ജോലിയാണ് ഇപ്പോ അത്യാവശ്യം സെറ്റപ്പ് ഒക്കെ ഉണ്ട്. പക്ഷെ ഞങ്ങൾക്കും ഞങ്ങളുടേതായ ചിലവുകൾ ഉണ്ട്.. ഇനി ഇതുപോലെ വരല്ലേ നീ.. വന്നാൽ എനിക്ക് മുഖം കറുത്ത് എന്തേലും പറയേണ്ടി വരും ”
ഒറ്റവാക്കിൽ അയാൾ പറഞ്ഞവസാനിപ്പിക്കുമ്പോൾ മായയും പുറത്തേക്ക് വന്നു. അവളുടെ തുറിച്ചു നോട്ടവും ചന്ദ്രദാസിന്റെ പെട്ടെന്നുള്ള പ്രതികരണവും കണ്ടിട്ട് ആകെ പതറി പോയി ബാലചന്ദ്രൻ.
” എന്താ ചന്ദ്രാ നീ ഈ പറയുന്നേ… ”
മോൻ ആകട്ടെ ആകെ പേടിച്ചു ‘പോകാം’ എന്ന അർത്ഥത്തിൽ
അയാളെ തന്നെ നോക്കി.
“നിനക്ക് വിഷമം തോന്നരുത്.. ഞാൻ പറയാൻ ഉള്ളത് മുന്നേ പറഞ്ഞ് ന്നേ ഉള്ളു ”
പറഞ്ഞതിനെ ഒന്നുകൂടി ന്യായീകരിച്ചു ചന്ദ്രദാസ്.
ആദ്യത്തെ ഒരു നടുക്കം മാറവേ പെട്ടെന്ന് കാര്യം മനസിലാക്കി പുഞ്ചിരിച്ചു ബാലചന്ദ്രൻ.
” എടാ ഞാൻ വീണ്ടും നിന്നോട് ഇരക്കാൻ വന്നതല്ല.. നീ തന്ന ആ രണ്ടായിരം രൂപയുടെ റസീപ്റ്റ് തരാൻ വന്നതാ.. ”
ആ മറുപടി കേട്ട് ചന്ദ്രദാസും മായയും നടുക്കത്താൽ പരസ്പരം നോക്കി
“റസീപ്റ്റോ.. എന്ത് റസീപ്റ്റ്….”
അയാള് സംശയത്തോടെ തന്നെ നോക്കവേ വീണ്ടും ചിരിച്ചു പോയി ബാലചന്ദ്രൻ
” ടാ നീ തന്ന രണ്ടായിരം ഞാൻ നമ്മടെ മുരുകൻ ക്ഷേത്രത്തിലെ ഉത്സവ പിരിവിലേക്കിട്ടു നിന്റെ പേരിൽ തന്നെ. അതിന്റെ ആണ് റെസിപ്റ്റ്.ഞാനാ ക്ഷേത്രത്തിലെ ഉത്സവ കമ്മിറ്റി സെക്രട്ടറി. ഹോട്ടലിലെ ചെക്കൻ ക്ഷേത്രം ഉത്സവ പിരിവിന്റെ കാര്യമാണ് എന്നോട് ചോദിച്ചത്.
അത് കേട്ടിട്ട് എന്റെ ഏതോ ബാധ്യതയുടെ കാര്യമാണെന്ന് തെറ്റിദ്ധരിച്ചു നീ എനിക്ക് ദാനമായി തന്നതാണ് ആ രണ്ടായിരം രൂപ എന്നറിയാം.. പക്ഷെ എനിക്കിപ്പോ അതിന്റെ ആവശ്യം ഇല്ലടാ.. ഊണിന്റെ കാശ് നീ കൊടുത്തത് ഒരു സൗഹൃദത്തിന്റെ പേരിൽ ആകും എന്ന് കരുതി ഞാൻ വിട്ടു. പക്ഷെ അല്ലാതെ കാശൊന്നും വേണ്ട എനിക്ക് അത്രക്ക് ഗതി കെട്ടിട്ടില്ല ഞാൻ..”
അത്രയും പറഞ്ഞു കൊണ്ടയാൾ വച്ച് നീട്ടിയ റെസിപ്റ്റ് അറിയാതെ കൈ നീട്ടി വാങ്ങി ചന്ദ്രദാസ്.
“എന്നാൽ ഞാൻ പോട്ടെ.. ”
തന്നെ തുറിച്ചു നോക്കി നിന്ന മായയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തിരികെ നടന്നു ബാലചന്ദ്രൻ.
ഗേറ്റിനരികിൽ ചെന്നിട്ട് അയാൾ ഒന്ന് നിന്നു. ശേഷം വീണ്ടും തിരിഞ്ഞു.
” ചന്ദ്രാ.. നീ പറഞ്ഞില്ലേ ആ ഗൾഫ്…. അവിടെ രണ്ട് മാസം കൂടുമ്പോ ഒന്ന് പോയി വരുന്ന ആളാണ് ഞാൻ. ജോലിക്കായി ആണ് ആദ്യം പോയത് അവിടുത്തെ സമ്പാദ്യവും നാട്ടിൽ ന്ന് വിറ്റു പെറുക്കിയതും വച്ചിട്ട് രണ്ടും കല്പ്പിച്ചു ഒരു ഹോട്ടൽ ബിസിനസ്സിൽ പാർട്ട്‌ണർ ആയി. സംഗതി വിജയിച്ചു.
ഇപ്പോ ഞങ്ങൾക്ക് മൂന്നു ഹോട്ടലുകൾ ഉണ്ട് യു എ ഇ യിൽ പലയിടത്തായി . മൂന്നും നല്ല വരുമാനത്തിൽ ആണ് മാത്രല്ല കുറച്ചു കാശ് ഞാൻ അവിടെ റോളിങ്ങിൽ ഇട്ടിട്ടുണ്ട്. രണ്ട് മാസങ്ങൾ കൂടുമ്പോൾ ഞാനും പാർട്ട്‌ണറും മാറി മാറി ചെന്നു നിന്നാണ് കാര്യങ്ങൾ നോക്കുന്നത്. ”
അത്രയും പറഞ്ഞു നിർത്തുമ്പോൾ അന്ധാളിപ്പോടെ നോക്കി നിൽക്കുന്ന ചന്ദ്രദാസിനെയും മായയേയും കണ്ടിട്ട് ഉള്ളു കൊണ്ട് ചിരിച്ചു പോയി ബാലചന്ദ്രൻ. ശേഷം കുറച്ചു കൂടി അരികിലേക്ക് ചെന്ന് തുടർന്നു അയാൾ.
” പിന്നെ ഇത്രേം വലിയ വീട് ഒന്നുമില്ല കേട്ടോ.. പഴേ തറവാട് ആണ്. നാല് കെട്ട്.. ഞാൻ അതിന്റെ ഭംഗി പോകാതെ വൃത്തിക്ക് പണിഞ്ഞെടുത്തു. ഇപ്പോ നാട്ടുകാർക്ക് കൗതുകമാണ് എന്റെ വീട്. എ സി വച്ചിട്ടുണ്ടേലും ആവശ്യം ഇല്ല പകലും രാത്രിയുമെല്ലാം എന്നാ തണുപ്പാണെന്ന് അറിയോ..
ചുമ്മ പെമ്പ്രന്നോത്തിയേയും കെട്ടിപ്പിടിച്ചു കിടക്കാൻ എന്നാ സുഖമാണ് അവിടെ അതിനെന്താ പിള്ളേര് രണ്ടായി ഇപ്പോ തന്നെ…. പിന്നെ മാസ വരുമാനം നോക്കിയാൽ ഗൾഫിൽ ന്ന് കിട്ടുന്നതും ഇവിടെ നാട്ടിൽ കൃഷി പണി ചെയ്ത് കിട്ടുന്നതും കൂടാതെ സിറ്റിയിൽ ഒരു കടമുറിയുണ്ട് അതിന്റെ വാടകയും എല്ലാം കൂടി ചേർത്താൽ നിന്നെക്കാൾ ഒരുപടി മുന്നിൽ തന്നെ നിൽക്കും ഞാൻ. അത് ഉറപ്പാണ്. ”
ഒക്കെയും കേട്ട് മറുപടിയില്ലാതെ ചന്ദ്രദാസും മായയും വിറളി വെളുത്തു നിൽക്കവേ ഒന്നു കൂടി കൂട്ടിച്ചേർത്തു ബാലചന്ദ്രൻ.
” എടോ.. വേഷമോ കോലമോ കണ്ടിട്ട് ആരെയും വിലയിരുത്തരുത് കേട്ടോ.. ആ കാലമൊക്കെ കഴിഞ്ഞു. ആഡംബര കാറിൽ നടക്കുന്നവർ എല്ലാം കോടീശ്വരൻമാരാകണം എന്നില്ല. അതുപോലെ നാടൻ വേഷത്തിൽ സാധാരണക്കാരനായി നടക്കുന്നവൻ ദരിദ്രൻ ആകണമെന്നുമില്ല ഗൾഫിൽ ഞാൻ ഇൻഷർട്ട് ചെയ്താണ് നടക്കാറ്.
പക്ഷെ ഇവിടെ അതിന്റെ ആവശ്യം ഇല്ലല്ലോ.. എന്റെ നാടല്ലേ ഇത്.. ഞാൻ കൃഷിപണി ചെയ്യുന്നത് മനസിന് ഇഷ്ടം ഉള്ളത് കൊണ്ടാണ്. മാത്രമല്ല അത് എനിക്കൊരു വ്യായാമം കൂടിയാണ്.
ജോലിയൊന്നും എടുക്കാതെ ചുമ്മാതിരുന്നാൽ വേണ്ടാത്ത രോഗങ്ങൾ വന്നു ചേരും.. മണ്ണിൽ ആത്മാർത്ഥമായി പണിയെടുക്കുന്നവന്റെ ദേഹത്തു ഇച്ചിരി മണ്ണൊക്കെ പറ്റും… അത് കണ്ടിട്ട് അവൻ ദാരിദ്രൻ ആണെന്ന് ചിന്തിച്ച നിങ്ങളാണ് പൊട്ടന്മാർ. അപ്പോ ശെരി ഞാൻ പോട്ടെ… ”
അത്രയും പറഞ്ഞു തിരിയുമ്പോൾ മായയെ ഒരിക്കൽ കൂടി നോക്കാൻ മറന്നില്ല ബാലചന്ദ്രൻ. അവളുടെ മുഖത്ത് അപ്പോൾ പുച്ഛമായിരുന്നില്ല മറിച്ചു ജാള്യതയായിരുന്നു.
ബാലചന്ദ്രൻ ഗേറ്റ് കടന്ന് പുറത്തിറങ്ങി നിമിഷങ്ങൾക്കകം ഒരു ഫോർച്യൂണർ കാർ ഗേറ്റ് കടന്നു പോകവേ അയാൾ പറഞ്ഞത് സത്യമാണെന്നു നൂറു ശതമാനവും വിശ്വാസമായി ചന്ദ്രദാസിനും മായയ്ക്കും കാരണം കാറിന്റെ മുൻ സീറ്റിൽ ഇരുന്ന് ബാലചന്ദ്രന്റെ മകൻ അവരെ തന്നെ എത്തിയുളിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
അവശ്യാമില്ലാതെ പൊങ്ങച്ചം കാട്ടിയതിൽ വല്ലാത്ത ജാള്യത തോന്നി അവർക്ക് അപ്പോൾ..