(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” ഏട്ടാ ഇന്ന് നൈറ്റ് നമുക്ക് ഒന്നിച്ചു പുറത്ത് പോയി ഫുഡ് ഒക്കെ കഴിച്ചു .. ബീച്ചിലുമൊക്കെ ഒന്ന് പോകാം പ്ലീസ്.. ”
വാട്ട്സാപ്പിൽ ഭാര്യ മീനാക്ഷിയുടെ വോയിസ് മെസേജ് കേട്ടുകൊണ്ടിരിക്കുകയാണ് ബോസ്സിന്റെ കേബിനിൽ നിന്നും നിതിനു കോൾ വന്നത്. ആ കോൾ എന്തിനാകും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഫോൺ പോക്കറ്റിലേക്കിട്ട് മനസ്സില്ലാ മനസ്സോടെ അവൻ ബോസ്സിന്റെ കേബിനിലേക്ക് നടന്നു. ഊഹം തെറ്റിയില്ല.
“നിതിൻ ഇതെന്താണ് ഈ ചെയ്ത് വച്ചേക്കുന്നത്. നിങ്ങളൊക്കെ ഇങ്ങനെ തോന്ന്യ പോലെ വർക്ക് ചെയ്താൽ ഈ കമ്പനി എങ്ങിനെ ഞാൻ മുന്നോട്ട് കൊണ്ട് പോകും… ”
പതിവ് പോലെ തന്നെ ചെന്നപാടെ ബോസ് ശകാരം ആരംഭിച്ചു. ഒരു പ്രമുഖ കമ്പനിയിൽ സെയിൽ മാനേജർ ആയ നിതിന് ഇതിപ്പോൾ പതിവാണ്. കുറച്ചു നാളായി സെയിൽസ് അല്പം പിന്നിലേക്ക് പോയതാണ് കാരണം. എന്നാൽ കാലവർഷം ആരംഭിച്ചതോടെ പെരുമഴ കാരണം ജനങ്ങൾ വീട് വിട്ട് പുറത്തേക്കിറങ്ങാൻ മടിക്കുന്നതാണ് ഈ ഒരു പ്രശ്നത്തിന് കാരണം എന്നത് എത്ര വ്യതമാക്കിയിട്ടും മാനേജ്മെന്റ് കേൾക്കാൻ കൂട്ടക്കാത്തത് അവനെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ടായിരുന്നു.
” എന്താണ് നിതിൻ നിങ്ങൾക്ക് ഒന്നും പറയാൻ ഇല്ലേ ”
ബോസ്സ് വിടാൻ തീരുമാനിച്ചിട്ടില്ല എന്ന് മനസ്സിലാക്കി കൂടുതൽ പ്രശ്നങ്ങൾക്ക് നിൽക്കാതെ മൗനമായി നിതിൻ. ഇതിനിടയിൽ പലവട്ടമായി അവന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു. കാൾ കട്ട് ചെയ്തിട്ടും വീണ്ടും വീണ്ടും കോൾ വന്നത് ബോസിനെ വീണ്ടും ചൊടിപ്പിച്ചു.
” താനെന്താ എന്നെ കളിയാക്കുവാണോ നിതിൻ. ഇത്രയും സീരിയസ് ആയി സംസാരിക്കുമ്പോൾ ഫോൺ സൈലന്റ് ആക്കണം എന്ന് അറില്ലേ നിനക്ക്. കൂടുതൽ ഒന്നും പറയാൻ ഇല്ല എനിക്ക് .. ഗെറ്റ് ഔട്ട്. ”
അതോടെ പല്ലിറുമ്മിക്കൊണ്ട് തിരിഞ്ഞു നോക്കാതെ അവൻ പുറത്തേക്ക് നടന്നു. തന്റെ ക്യാബിനിലേക്ക് എത്തുമ്പോഴേക്കും ഫോൺ വീണ്ടും റിങ് ചെയ്തു. കടുത്ത രോഷത്തോടെ നോക്കുമ്പോൾ മീനാക്ഷിയുടെ കോൾ ആയിരുന്നു. ഒന്നല്ല ഒൻപത് മിസ്സ്ഡ് കോൾസ് അതും പത്തു മിനിറ്റിനിടക്ക്. തിരികെ മീനാക്ഷിയുടെ നമ്പറിലേക്ക് വിളിക്കുമ്പോൾ അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എന്നതാണ് സത്യം. അവൾ കോൾ എടുത്തപാടെ നിയന്ത്രണം വിട്ടു നിതിന്.
” എന്താ മീനാക്ഷി. ഒന്ന് രണ്ട് വട്ടം വിളിച്ചിട്ട് കോൾ കട്ട് ആക്കിയാൽ നിനക്ക് മനസ്സിലാക്കിക്കൂടെ തിരക്കിലാണെന്ന്. വീണ്ടും വീണ്ടും എന്തിനാ ഈ കിടന്ന് വിളിക്കുന്നെ. മനുഷ്യനെ ശല്യം ചെയ്യാനായിട്ട്. ഇതിനെല്ലാം കൂടി കണ്ടവൻന്മാരുടെ വായിൽ ഇരിക്കുന്ന തെറി മുഴുവൻ കേൾക്കുന്നത് ഞാൻ ആണ് ”
ഒട്ടും പ്രതീക്ഷിക്കാത്ത ആ ശകാരത്തിൽ മീനാക്ഷി പേടിച്ചു പോയി എന്ന് മാത്രമല്ല സങ്കടം കൊണ്ട് അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പി
” ഏട്ടാ.. ഞാൻ ശല്യം ചെയ്യാൻ വിളിച്ചതല്ല. നൈറ്റ് എന്നെ ഒന്ന് പുറത്ത് കൊണ്ട് പോകോ ന്ന് ചോദിക്കാൻ വിളിച്ചതാ..”
അവളുടെ ഒച്ചയിടറുന്നുണ്ടായിരുന്നു.
” ആ കൊള്ളാം മനുഷ്യന് ആകെ വട്ടെടുത്ത് നിൽക്കുവാ.. പുറത്ത് പോകാൻ പറ്റിയ സാഹചര്യം.. ഇന്നെന്തായാലും പറ്റില്ല എനിക്ക് ഒന്ന് വന്നു കിടന്നാൽ മതി.. പുറത്തൊക്കെ വേറെന്നേലും പോകാം. നീ ഫോൺ വയ്ക്ക് ”
അത്രയും പറഞ്ഞു മറുപടിക്ക് കാക്കാതെ കോൾ കട്ട് ആക്കി നിതിൻ. അപ്പോഴേക്കും വീണ്ടും അവനെ തേടി ബോസ്സിന്റെ വിളിയെത്തി.
കോൾ കട്ട് ആകുമ്പോൾ അറിയാതെ വിങ്ങി പൊട്ടിപ്പോയി മീനാക്ഷിയും. മനസ്സിൽ വല്ലാതെ ആഗ്രഹിച്ചിരുന്നു അവൾ. മാത്രമല്ല അത്രയും ദേഷ്യപ്പെട്ടു നിതിൻ പെരുമാറുമെന്ന് അവൾ ഒരിക്കലും കരുതിയില്ല.
സമയം വീണ്ടും നീങ്ങി. ഓഫീസ് ടൈം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോൾ മാനസികമായി ആകെ തളർന്ന അവസ്ഥയിൽ ആയിരുന്നു നിതിൻ. വീട്ടിലേക്ക് പോകുവാൻ കാറിലേക്ക് കയറുമ്പോൾ ആണ് മീനാക്ഷി വിളിച്ചതും താൻ ചൂടായി സംസാരിച്ചതും അവൻ ഓർത്തത്. ആ നിമിഷം ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെട്ടു അവന്. ഒരു വർഷം മുന്നേ അനാഥനായ തന്നെ വിവാഹം കഴിക്കുവാൻ സമ്മതിക്കില്ല എന്ന് പറഞ്ഞ സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചു തനിക്കൊപ്പം ഇറങ്ങി വന്നവളാണ്. ഇപ്പോൾ അവൾക്ക് ഈ ഭൂമിയിൽ സ്വന്തക്കാരനായി താൻ മാത്രമേ ഉള്ളു. അത്രക്ക് ദേഷ്യപ്പെടാൻ പാടില്ലായിരുന്നു… ഉള്ളിൽ വല്ലാത്ത കുറ്റബോധം തോന്നി അവന്.
” ആ വീട്ടിൽ ചെന്ന് ശെരിയാക്കാം. തന്റെ അവസ്ഥ പറഞ്ഞാൽ മനസ്സിലാകും അവൾക്ക് ”
പിറുപിറുത്തു കൊണ്ടവൻ പതിയെ ആക്സിലേറ്ററിലേക്ക് കാലമർത്തി.
വീട്ടിലെത്തി കോളിങ്ങ് ബെൽ അമർത്തി അല്പം കഴിഞ്ഞപ്പോൾ ആണ് മീനാക്ഷി വാതിൽ തുറന്നത്. അവളുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല നിതിന് . വിഷമത്താൽ കരഞ്ഞു കലങ്ങിയ ആ മിഴികൾ നിതിന്റെ ഉള്ളിൽ നോവായി. ഡോർ തുറന്ന് മൗനമായി അവൾ തിരിയവേ പതിയെ ആ കരങ്ങൾ കവർന്നു നിതിൻ
” സോറിയെടോ.. അത്രക്ക് ടെൻഷനിൽ നിൽക്കുവാരുന്നു ഞാൻ. ബോസ്സ് എന്നെ കൊന്നോണ്ടിരുന്നപ്പോ ആണ് താൻ ചറപറാ വിളിച്ചേ. അതാ ദേഷ്യം വന്നേ. ഒന്ന് ക്ഷെമിക്കു പ്ലീസ്.. ”
ആ വാക്കുകൾ കേട്ടിട്ടും മീനാക്ഷി മൗനമായിരുന്നു. അവളുടെ ഉള്ള് അത്രത്തോളം വേദനിച്ചു എന്ന് മനസിലാക്കി നിതിൻ. അതോടെ പതിയെ കയ്യിൽ പിടിച്ചു വലിച്ചു അവളെ തനിക്ക് അഭിമുഖമാക്കി നിതിൻ. ശേഷം കുമ്പിട്ടു നിന്ന അവളുടെ മുഖം തന്റെ വലത് കയ്യാൽ പിടിച്ചുയർത്തി.
“പൊന്നല്ലേ പ്ലീസ്.. പിണങ്ങല്ലേ ”
ആ വാക്കുകൾ കേൾക്കെ പിന്നെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല മീനാക്ഷിക്കും. അവളുടെ മിഴികൾ തുളുമ്പി. അത് കണ്ട് നിതിന്റെയും മിഴികളിൽ നനവ് പടർന്നു. മീനാക്ഷിയെ പതിയെ തന്റെ മാറോടു ചേർത്തു അവൻ.
” പോട്ടെടോ.. ഇത്തവണ ഒന്ന് ക്ഷെമിക്ക് നീ.. ഇനി ഞാൻ ആവർത്തിക്കില്ല.. ”
ഒരു പൂച്ചക്കുഞ്ഞിനെ പോൾ അവന്റെ മാറിൽ പറ്റിച്ചേർന്നു നിന്നും അവൾ. അല്പസമയം അങ്ങിനെ നിന്ന ശേഷം പതിയെ അവൾ തലയുയർത്തി.
” ഏ. ഏട്ടാ.. എന്നെ പുറത്ത് കൊണ്ട് പോകോ ഇന്ന് ”
മടിച്ചു മടിച്ചാണവൾ വീണ്ടും ചോദിച്ചത്. അത് കേട്ട് അല്പസമയം നിഷ്കളങ്കമായ ആ മുഖത്തേക്ക് നോക്കി നിൽക്കെ അറിയാതെ ചിരിച്ചു പോയി നിതിൻ.
” ആഗ്രഹം മതിയായില്ലേ നിനക്ക്.. ഞാൻ കരുതി ഉച്ചയ്ക്കുള്ള ആ ഫോൺ കോളോടെ ഈ ആഗ്രഹം തീർന്നു കാണും ന്ന് ”
അവന്റെ വാക്കുകൾ കേട്ട് പതിയെ മുഖം താഴ്ത്തി ചിരിച്ചു മീനാക്ഷി.
” പ്ലീസ് ഏട്ടാ.. എന്റെ ആഗ്രഹം അല്ലെ പ്ലീസ്. ”
അവൾ കെഞ്ചിയപ്പോൾ എതിർക്കാൻ തോന്നിയില്ല നിതിന് . തന്റെ ക്ഷീണം മറന്നു കൊണ്ടവൻ ഓക്കേ പറഞ്ഞു. അതോടെ അതിയായ സന്തോഷത്തിൽ അവനെ പുണർന്നു കൊണ്ട് ആ കവിളുകളിൽ ഒന്ന് മുത്തി മീനാക്ഷി. അവളെ വാരി പുണർന്നു കൊണ്ടാണ് നിതിൻ തന്റെ സ്നേഹം തിരികെ കാട്ടിയത്.
” ഞാൻ ഒന്ന് കുളിച്ചു വരാം താൻ റെഡിയാക്.. കാറെടുക്കേണ്ട നമുക്ക് ബൈക്കിൽ പോകാം.. ”
മീനാക്ഷി തന്നിൽ നിന്നും അടരവേ. അതും പറഞ്ഞ് പതിയെ മുറിയിലേക്ക് നടന്നു നിതിൻ.
” അത് പറ്റില്ല ഏട്ടാ.. കാറിൽ തന്നെ പോണം പ്ലീസ്.. ”
അടുത്ത ആഗ്രഹവുമായി അവൾ പിന്നാലെ ചെന്നു.
” എന്റെ മീനു നല്ല ബ്ലോക്ക് ആകും ഈ സമയം ബൈക്ക് ആണേൽ നമുക്ക് വേഗം ചൂഴ്ന്നു കേറി പോകാം. തനിക്ക് ബീച്ചിൽ ഒക്കെ പോണം ന്ന് അല്ലേ പറഞ്ഞെ … ചുമ്മാ വാശി കാട്ടല്ലേ… പോയി റെഡിയാക് ”
മറുപടി പറഞ്ഞു കൊണ്ട് തനിക്ക് നേരെ തിരിഞ്ഞ നിതിന്റെ മുന്നിൽ വീണ്ടും തല കുമ്പിട്ടു മീനാക്ഷി.
” അത് ഏട്ടാ ബൈക്ക് ശെരിയാകില്ല. മൂന്ന് പേർക്ക് ബൈക്കിൽ പോകാൻ പറ്റില്ലല്ലോ പോലീസ് പിടിക്കില്ലേ.. ”
“ഓ പിന്നെ പോലീസ്.. ആരും പിടിക്കില്ല ഹെൽമറ്റ് വച്ചാൽ മതി ”
അലക്ഷ്യമായി മറുപടി പറഞ്ഞു കൊണ്ട് തിരിഞ്ഞെങ്കിലും അവൾ പറഞ്ഞത് പെട്ടെന്ന് വീണ്ടും മനസ്സിൽ ഓർത്തു നിതിൻ.
” മൂ.. മൂന്ന് പേരോ…. ആരാ മൂന്നാമത്തെ ആള്.. കഴിഞ്ഞ ആഴ്ച സിനിമയ്ക്ക് പോയപോലെ അയല്പക്കത്തെ കുട്ടികളെ ആരേലും ഒപ്പം കൊണ്ട് പോകാൻ റെഡിയാക്കി നിർത്തിയേക്കുവാണോ നീ. ”
സംശയത്തോടെ നിതിൻ നോക്കവേ. നാണത്താൽ പതിയെ ഒന്ന് പുഞ്ചിരിച്ചു മീനാക്ഷി
” അയല്പക്കത്തെ കുട്ടി ഒന്നുമല്ല നമ്മുടെ തന്നെ കുട്ടിയാ.. ”
അത് പറഞ്ഞു കൊണ്ടവൾ പതിയെ തന്റെ വയറിൽ ഒന്ന് തലോടി. അത് കണ്ട് ഒരു നിമിഷം ഇമ വെട്ടാതെ അങ്ങിനെ നിന്നു നിതിൻ അവൾ ഉദ്ദേശിച്ചത് എന്താണെന്ന് മനസ്സിലാക്കവേ അറിയാതെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു മിഴികൾ വിടർന്നു.
” മീനു.. സ.. സത്യമാണോ.. നമുക്ക്….. ”
സന്തോഷത്താൽ വാക്കുകൾ അവൻ മുഴുവിപ്പിച്ചില്ല. അപ്പോഴേക്കും അതെ എന്ന് തലയാട്ടി മീനാക്ഷി.
അതോടെ തുള്ളിച്ചാടിപോയി നിതിൻ.. ശേഷം അമിതമായ ആനന്ദത്താൽ ഓടിച്ചെന്ന് മീനാക്ഷിയെ എടുത്തുയർത്തി അവൻ.
“ഏയ്.. ഏട്ടാ.. ഇതെന്താ.. വട്ടായോ.. ”
അപ്രതീക്ഷിതമായിരുന്നത് കൊണ്ട് തന്നെ മീനാക്ഷിയും ഒന്ന് ഭയന്നു എന്നാൽ ആ ഭയം വേഗത്തിൽ സന്തോഷമായി മാറി.
” ഇതറിഞ്ഞപ്പോ ആണോ താൻ പുറത്ത് പോകാം ന്ന് പറഞ്ഞിട്ട് എന്നെ വിളിച്ചേ.. ”
നിതിന്റെ ചോദ്യത്തിന് ‘അതെ’ എന്ന് തലയാട്ടി മീനാക്ഷി.
“ബീച്ചിൽ പോയിട്ട് അവിടെ വച്ചു പറയാം ന്നാ വച്ചേ.. അപ്പോഴല്ലേ ഏട്ടൻ ബൈക്കിൽ പോകാം ന്ന് പറഞ്ഞെ. പിന്നെ വേറെ വഴി ഇല്ലാത്തോണ്ടാ സസ്പെൻസ് അങ്ങ് പൊട്ടിച്ചേ.. ആരംഭം അല്ലേ നമ്മൾ നല്ലോണം കെയർ ചെയ്യണം..”
അവളുടെ വാക്കുകൾ കേൾക്കെ ഉള്ളിൽ ഒരു നീറ്റൽ തോന്നി നിതിന്
” ഈ സന്തോഷ വാർത്ത അറിഞ്ഞിട്ട് വിളിച്ചപ്പോ ആണല്ലോ ഞാൻ തന്നെ ചീത്ത പറഞ്ഞത്. എന്നോട് ക്ഷെമിക്ക് പൊന്നെ.. ”
നിലത്തേക്ക് നിർത്തി വീണ്ടും അവളെ വാരി പുണർന്നു നിതിൻ.
” സാരമില്ല ഏട്ടാ.. എനിക്ക് മനസിലാകും ഏട്ടനെ.. ഇനി ഇതും പറഞ്ഞ് മോൻ സെന്റി അടിച്ചു നിൽക്കാതെ വേഗം പോയി റെഡിയായി വാ.. ഇന്ന് നൈറ്റ് ഫുൾ എനിക്ക് ഏട്ടനൊപ്പം കറങ്ങി അടിച്ചു പൊളിക്കണം ”
ആ വാക്കുകൾ കേൾക്കെ നിതിനും ആവേശത്തിൽ ആയി.
” നാളെ വെളുക്കുന്നത് വരെ നമുക്ക് അടിച്ചു പൊളിക്കാം.. നാളത്തേക്ക് ലീവാ ഞാൻ. ഈ സന്തോഷം ഒരു ടെൻഷനും ഇല്ലാതെ ആഘോഷിക്കണം എനിക്ക് ”
അത്രയും പറഞ്ഞു കൊണ്ട് വീണ്ടും മീനാക്ഷിയെ തന്നോട് ചേർത്ത് പുണർന്നു അവൻ.
” ഒരു കുഞ്ഞൊക്കെ ആകാൻ പോകുന്നു ന്ന് അറിയുമ്പോ ചിലപ്പോൾ എന്റെ അച്ഛനും അമ്മയും ഒക്കെ ദേഷ്യം മറന്ന് വന്നേക്കും അല്ലേ ഏട്ടാ ”
അവളുടെ ആ ചോദ്യം കേട്ട് പതിയെ നെറുകയിൽ തന്നോടി നിതിൻ
“എല്ലാം ഓക്കേ ആകും. താൻ വിഷമിക്കേണ്ട..”
ശേഷം അവളെ ചേർത്തു പിടിച്ചവൻ ബെഡ് റൂമിലേക്ക് നടന്നു.
അവരുടെ ജീവിതത്തിൽ അങ്ങിനെ സന്തോഷത്തിന്റെ നാളുകൾ വന്നെത്തി