ഡെലിവറി കഴിഞ്ഞു നമ്മുടെ കുഞ്ഞിന്റെ മുഖം ഒന്ന് കണ്ടിട്ട് പോയാൽ പോരെ.. എത്ര നാളത്തെ കാത്തിരിപ്പിനൊടുവിലാ..

പുനർജ്ജന്മം
(രചന: Prajith)

“ഏട്ടാ…. ഉറപ്പായിട്ടും ഏട്ടന് നാളെ പോണോ..കുറച്ചൂടെ നിൽക്കാൻ പറ്റില്ലേ.. ഡെലിവറി കഴിഞ്ഞു നമ്മുടെ കുഞ്ഞിന്റെ മുഖം ഒന്ന് കണ്ടിട്ട് പോയാൽ പോരെ.. എത്ര നാളത്തെ കാത്തിരിപ്പിനൊടുവിലാ ദൈവം നമുക്ക് ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യം തന്നത്. …”

നോവ് നിറഞ്ഞ നന്ദനയുടെ ആ ചോദ്യത്തിന് മുന്നിൽ ഉള്ളു പിടഞ്ഞെങ്കിലും അല്പ സമയം മൗനമായി ആനന്ദ്. ശേഷം തന്റെ മാറിൽ പറ്റി കിടക്കുന്ന അവളുടെ നെറുകയിൽ പതിയെ തലോടി

” ആഗ്രഹം ഉണ്ട് നന്ദു.. നിനക്കൊപ്പം നിൽക്കണം എന്നും നമ്മുടെ കുഞ്ഞിനെ ആദ്യമായി കയ്യിലേക്ക് വാങ്ങണമെന്നുമൊക്കെ
.. പക്ഷെ…പോയെ പറ്റുള്ളൂ മോളെ.. ഞാൻ ഒരു പട്ടാളക്കാരൻ അല്ലെ എന്റെ ഡ്യൂട്ടി എനിക്ക് മുടക്കാൻ പറ്റില്ലല്ലോ.. കാശ്മീരിൽ എന്തൊക്കെയോ പ്രശ്നങ്ങൾ നടക്കുന്നുണ്ട്.. അതാണ് ലീവ് ക്യാൻസൽ ചെയ്ത് പെട്ടെന്ന് തിരികെയെത്താൻ അറിയിപ്പ് വന്നത് ”

അത് കേൾക്കവേ നന്ദനയുടെ മുഖത്തു നോവിനൊപ്പം ഒരു വേവലാതി കൂടി നിറഞ്ഞു

” ഏട്ടാ… എന്തേലും പ്രശ്നം ആണോ.. ഇതിപ്പോൾ എങ്ങിനാ മനസമാധാനത്തോടെ ഏട്ടനെ ഞാൻ യാത്ര അയയ്ക്കുക.. ”

” ഏയ് പേടിക്കേണ്ട ടോ.. ഇത് പതിവാണ് എന്തേലും ഒരു ചെറിയ പ്രശ്നം ഉണ്ടാകുമ്പോൾ തന്നെ മുൻകരുതൽ എന്നോണം ലീവിൽ ഉള്ള എല്ലാവരെയും തിരികെ വിളിക്കും… ഡെലിവറി ഡേറ്റിനു ഇനിയും പത്തു ദിവസം ഉണ്ടല്ലോ നോക്കട്ടെ എങ്ങിനേലും ഒരു ലീവ് കൂടി തരപ്പെടുത്താൻ.. നടക്കുമോ ന്ന് അറില്ല.. ”

ആനന്ദിന്റെ മറുപടി കേൾക്കവേ ഒരു നെടുവീർപ്പോടെ അവന്റെ മാറിലേക്ക് മുഖമമർത്തി നന്ദന. അവളുടെ ചുടു നിശ്വാസം മാറിൽ ചൂട് പടർത്തവെ പതിയെ വാരി പുണർന്നുകൊണ്ട് അവളുടെ നെറുകയിൽ ഒരു മുത്തം നൽകി ആനന്ദ്.പതിയെ പതിയെ ആ രാത്രിയും മറഞ്ഞു തുടങ്ങി ആനന്ദും നന്ദനയും ഉറക്കത്തിലേക്കും ആണ്ടു.

പിറ്റേന്ന് രാവിലെ തന്നെ ആനന്ദ് പുറപ്പെടാൻ തയ്യാറെടുത്തു. ഉള്ളിലെ വേദന മറച്ചു കൊണ്ട് അവനൊപ്പം തന്നെ നിന്നു നന്ദനയും. ആനന്ദിനും അതേ അവസ്ഥ തന്നെയായിരുന്നു. എല്ലാവരുടെയും മുന്നിൽ അവൻ പുഞ്ചിരിച്ചെങ്കിലും ഉള്ളു പിടയുകയായിരുന്നു. ഒടുവിൽ പുറപ്പെടുന്ന സമയമെത്തി.

ബെഡ് റൂമിൽ ആനന്ദിന്റെ മാറിലേക്ക് ചാഞ്ഞു കിടന്നു നന്ദന. കരയാതിരിക്കുവാൽ ഏറെ പണിപ്പെട്ടെങ്കിലും ഉള്ളിലെ വേദന അടക്കുവാൻ കഴിഞ്ഞില്ല അവൾക്ക്. അവളുടെ ചുടു കണ്ണീർ ഷർട്ടിൽ നനവ് പടർത്തിയപ്പോൾ ആണ് ആനന്ദും ശ്രദ്ധിച്ചത്

” അയ്യേ.. ന്റെ നന്ദു കരയുവാണോ .. ഇങ്ങനെ കരഞ്ഞോണ്ട് ആണോ എന്നെ യാത്രയാക്കുന്നത്. ഒന്ന് ചിരിച്ചേ… ഇനി എങ്ങിനാ ഞാൻ തിരിച്ചു വരുന്നെന്നു ഭഗവാന് പോലും അറീല്ല. ഡെഡ്ബോഡി ആകാതിരുന്നാൽ ഭാഗ്യം.. അങ്ങിനെയായാൽ അന്നേരം നിനക്ക്‌ സങ്കടം തോന്നും ഏട്ടനെ ഒന്ന് ചിരിച്ചോണ്ട് യാത്രയാക്കാൻ പോലും കഴിഞ്ഞില്ലല്ലോ എന്നോർത്തിട്ട്.. ”

പറഞ്ഞവസാനിപ്പിച്ചത് മാത്രമേ ആനന്ദിന് ഓർമയുണ്ടായിരുന്നുള്ളു. വലതു കയ്യിൽ ചോര കിനിയുമാറ് പിച്ചിഎടുത്തു നന്ദന.

” എന്ത് അറം പറ്റുന്ന വാക്കുകളാണ് ഏട്ടൻ ഈ പറയുന്നേ.. കൊള്ളാം കേട്ടോ.. ഈ അവസ്ഥയിൽ ഇരിക്കുന്ന എന്നോട് പറയാൻ പറ്റിയ വാക്കുകൾ തന്നെ … ”

അവളുടെ മുഖഭാവം മാറിയത് കണ്ടപ്പോഴാണ് താൻ പറഞ്ഞത് അല്പം കൂടി പോയോ എന്നുള്ള ചിന്ത ആനന്ദിന്റെയുള്ളിലും ഉടലെടുത്തത്.

” എടോ സോറി.. ഒരു തമാശക്ക് പറഞ്ഞതാ ഞാൻ താൻ ഇനി അത് സീരിയസ് ആക്കല്ലേ.. ദേ എനിക്ക് പോകാൻ സമയമായി മുഖം വീർപ്പിച്ചു നിൽക്കല്ലേ.. ”

നന്ദനയെ ചേർത്ത് പിടിച്ചു ആനന്ദ്. അന്നേരം വളരെ പണിപ്പെട്ടു മുഖത്തേക്ക് ഒരു പുഞ്ചിരി വരുത്തി അവൾ. വീടിന് പുറത്തേക്ക് ഇറങ്ങുമ്പോൾ ആണ് അടുത്ത പ്രശ്നം വന്ന് ഭവിച്ചത്.

” ഏട്ടാ.. പണി പാളി കാറിന്റെ ടയർ പഞ്ചർ ആണ് സ്റ്റെപ്പിനിയും വർക്ഷോപ്പിൽ ആണ്. ഇനീപ്പോ ഞാൻ വേഗം ഒരു ഓട്ടോ പിടിക്കാം ഏട്ടൻ ഒന്ന് വെയിറ്റ് ചെയ്യ്. ”

അനിയൻ അനന്ദു റോഡിലേക്ക് പായുമ്പോൾ വീണ്ടും നന്ദനയുടെ മുഖം കുറുകി.

” ആകെ മൊത്തം ദുർ നിമിത്തങ്ങൾ ആണല്ലോ ഏട്ടാ.. ഇന്നിനി യാത്ര വേണോ.. ”

അവളുടെ മുഖത്തേക്ക് വീടും വേവലാതി വന്ന് നിറയവെ. പതിയെ ആ കവിളുകളിൽ തലോടി ആനന്ദ്.

” എന്റെ പൊന്നെ.. ഞങ്ങൾ പട്ടാളക്കാർക്ക് ഈ നിമിത്തങ്ങളും ദുർനിമിത്തങ്ങളും ഒന്നും ഇല്ല. ഞങ്ങളുടെ ജീവന് ഗ്യാരന്റി തരാൻ ഒരു നിമിത്തത്തിനും കഴിയുകയും ഇല്ല… അതോണ്ട് ഇപ്പോ അതൊന്നും ഓർത്തു നീ വിഷമിക്കേണ്ട. അനന്ദു ഇപ്പോൾ വണ്ടിയുമായെത്തും. ”

പറഞ്ഞു നിർത്തുമ്പോഴേക്കും ഗേറ്റിന് വെളിയിൽ ഒരു ഓട്ടോ വന്ന് നിന്നു അതിൽ നിന്നും അനന്ദു വേഗത്തിൽ ഇറങ്ങി.

” ഏട്ടാ വേഗം പോന്നേക്ക് സമയം അല്പം വൈകി. ട്രെയിനിനു സമയം ആകുന്നു ”

നിമിഷങ്ങൾക്കകം അമ്മയോടും നന്ദനയോടുമൊക്കെ യാത്ര പറഞ്ഞു ആ ഓട്ടോയിലേക്ക് കയറി ആനന്ദ് ഒപ്പം അനന്ദുവും. ഓട്ടോ കണ്ണിൽ നിന്നു മറയുമ്പോഴും നന്ദനയുടെ വേവലാതി വിട്ടൊഴിഞ്ഞിരുന്നില്ല

” ന്റെ ഭഗവാനേ ആകെ ദുർ നിമിത്തങ്ങളോടെ ആണല്ലോ ഏട്ടൻ പോയേക്കുന്നത്. ഒന്നും വരാതെ കാത്തോളണേ ”

ഉള്ളു പിടഞ്ഞു കൊണ്ട് അൽപനേരം നോക്കി നിന്നു അവൾ.

” മോള് വിഷമിക്കേണ്ട… അവനെ ഭഗവതി കാത്തോളും… ഇങ്ങനെ വേവലാതിപ്പെട്ടു ഓരോന്ന് വരുത്തി വയ്‌ക്കേണ്ട.. ഉള്ളിൽ ഒരു ജീവൻ കൂടി ഉള്ളതാ.. വാ അകത്തേക്ക് വാ.. ”

ആനന്ദിന്റെ അമ്മയുടെ സ്നേഹത്തിനു മുന്നിൽ എതിർപ്പ് കാട്ടാതെ വീടിനുളിലേക്ക് പോയി നന്ദന.

ആനന്ദ് സുരക്ഷിതമായി എത്തിയെങ്കിലും ദിവസത്തിൽ വരുന്ന അവന്റെ കോൾ ഒന്ന് വൈകിയാൽ, വാട്ട്സാപ്പിൽ മെസേജിനു മറുപടി അല്പം വൈകിയാൽ…. ആകെ വേവലാതിയായിരുന്നു നന്ദനക്ക്. പ്രസവ ഡേറ്റ് അടുത്തത് കൊണ്ട് തന്നെ അത്തരത്തിൽ ഒരു ടെൻഷൻ നന്ദനയ്ക്ക് വരാതിരിക്കുവാൻ ആനന്ദും ഏറെ ശ്രദ്ധിച്ചിരുന്നു.

ഇടയ്ക്കിടെ ന്യൂസ്‌ ചാനലുകളിൽ ക ശ് മീരിലെ ഭീ ക രക്രമങ്ങളെ പറ്റിയുള്ള വാർത്തകൾ വരുമ്പോൾ നെഞ്ചിടിപ്പോടെ ഓടി ടീവിക്ക് അരികിൽ എത്തുമായിരുന്നു അവൾ. അങ്ങിനെ ഒരു ദിവസം പകൽ ടീവി കണ്ടിരിക്കെയാണ് നന്ദന ആ ഞെട്ടിക്കുന്ന വാർത്ത ന്യൂസിൽ കണ്ടത്…

‘ഇപ്പോൾ കിട്ടിയ വാർത്ത. കാ ശ്മീ രിൽ വീണ്ടും ഭീ ക ര ക്രമണം. പട്ടാളക്കാർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെ അക്രമകാരികൾ ബോംബ് എറിയുകയായിരുന്നു. ആക്രമണത്തിൽ മലയാളി ജവാൻ അടക്കം അഞ്ചു പേർ മരണപ്പെട്ടതായി ഔദ്യോഗിക റിപ്പോർട്ട്‌..’

ആ വാർത്തയ്‌ക്കൊപ്പം കാണിച്ച അഞ്ചു ഫോട്ടോകളിൽ ഒന്നിൽ നന്ദനയുടെ മിഴികൾ ഉടക്കി. ക്ഷണനേരം കൊണ്ട് തന്നെ അവൾ ആളെ തിരിച്ചറിഞ്ഞു. ആ നിമിഷം കണ്ണുകളിൽ ഇരുട്ടു പടരുന്നത് പോലെ തോന്നി നന്ദനയ്ക്ക്.

” ആ..ആനന്ദേട്ടൻ…. ”

ഒരു നടുക്കത്തോടെ നെഞ്ചിൽ കൈ വച്ചുപോയി അവൾ. അല്പസമയത്തേക്ക് ഒന്ന് ഒച്ചവയ്ക്കാൻ പോലും കഴിയാതെ നിന്ന അവൾ ആദ്യ നടുക്കം വിട്ടകലവെ ഉച്ചത്തിൽ നിലവിളിച്ചു.

” അമ്മേ.. അമ്മേ… ദേ നോക്ക് അല്ലെ.. ആനന്ദേട്ടൻ… അമ്മേ.. ”

അപ്രതീക്ഷിതമായ ആ അലർച്ച കേട്ട് അടുക്കളയിൽ നിന്നും പേടിച്ചോടിയെത്തിയ ആനന്ദിന്റെ അമ്മയും ടീവിയിലേക്ക് നോക്കിയ നിമിഷം നടുങ്ങി തരിച്ചു നിന്നു പോയി.

” അയ്യോ മോനെ…”

എന്ത് ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചു പോയി അവർ.

” അമ്മേ… അമ്മേ… എനിക്ക് വയ്യമ്മേ.. ”

നടുക്കത്തിൽ നിന്നും ഞെട്ടിയുണരവേ പിന്നിൽ നിന്നും വലിയൊരു ഒച്ചകേട്ടാണ് ആനന്ദിന്റെ അമ്മ തിരിഞ്ഞത്. വലതു കൈ വയറിൽ അമർത്തി നിലത്തേക്ക് വീണു കിടന്ന് കരയുന്ന നന്ദനയെ കണ്ട നിമിഷം അവർക്ക് കാര്യം മനസ്സിലാക്കി.

” ന്റെ ഭഗവതി…അനന്ദു …മോനെ ഓടി വാടാ.. ദേ മോൾക്ക് പ്രസവ വേദന തുടങ്ങി വേഗം ഹോസ്പിറ്റലിൽ കൊണ്ട് പോണം.. ”

അവരുടെ ഒച്ച കേട്ട് അകത്തേക്ക് ഓടിയെത്തിയ അനന്ദു കണ്മുന്നിലെ കാഴ്ചകൾ കണ്ട് ആദ്യമൊന്ന് നടുങ്ങിയെങ്കിലും വെപ്രാളത്തിൽ നന്ദനയെ പിടിച്ചെഴുന്നേല്പിച്ചു. പിന്നെ എല്ലാം വേഗത്തിലായിരുന്നു. ക്ഷണനേരം കൊണ്ട് അവളെ കാറിൽ കയറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു. ആ ഒരു നിമിഷം ആനന്ദിന്റെ വിയോഗം എല്ലാവരും മറന്നു എന്നതാണ് സത്യം.

നാട്ടിലൊക്കെ ആ മരണവാർത്ത വേഗത്തിൽ പരന്നു. നാടിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാന്റെ ഫോട്ടോ പതിപ്പിച്ച ആദരാഞ്ജലി ബോർഡുകൾ പലയിടത്തും ഉയർന്നു. ആ സമയം വേവലാതിയോടെ ലേബർ റൂമിനു മുന്നിലായിരുന്നു ആനന്ദിന്റെ അമ്മയും അനന്ദുവും മറ്റു ബന്ധുക്കളും.

“നന്ദനയുടെ ആൾക്കാർ ഉണ്ടോ..ആൺകുഞ്ഞാണ് ”

ലേബർ റൂമിൽ നിന്നും പുറത്തേക്ക് വന്ന നേഴ്സ് ഉച്ചത്തിൽ വിളിച്ചു പറയുമ്പോൾ ഒന്ന് ചിരിക്കണോ കരയണോ എന്നറിയാതെ തളർന്നു പോയി ആനന്ദിന്റെ അമ്മയും അനന്ദുവും എല്ലാരും.

” ന്റെ ദേവി.. അവന്റെ ജീവനെടുത്തെങ്കിലും ആ ജീവൻ തന്നെ മോളുടെ ഉദരത്തിൽ പിറന്നല്ലോ…”

നിറ കണ്ണുകളോടെ ആനന്ദിന്റെ അമ്മ കൈകൂപ്പി.

കൈകുഞ്ഞുമായി നേഴ്സ് പുറത്തേക്ക് വന്നപ്പോൾ ഓടിപ്പോയി കയ്യിലേക്ക് വാങ്ങി അവർ. ആ കുഞ്ഞ് മുഖത്തേക്ക് നോക്കി പൊട്ടിക്കരഞ്ഞു പോയി അവർ.

” എന്റെ മോനേ
. ഈ മുഖമൊന്നു കാണുവാൻ നിനക്ക്‌ ഭാഗ്യം ലഭിച്ചില്ലല്ലോ… ”

കുഞ്ഞിനെ കാണുവാൻ ഓടിയെത്തിയ അനന്ദുവും കരഞ്ഞു പോയി. വീരമൃത്യു വരിച്ച ജവാന്റെ കുടുംബത്തിന്റെ അവസ്ഥ പകർത്തുവാൻ ഓടിക്കൂടിയ മാധ്യമ പ്രവർത്തകരും വേദനയോടെ മിഴിനീർ പൊഴിച്ചു.

‘കാശ്മീരിൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻമാരുടെ മൃദദേഹങ്ങൾ പോലും തിരിച്ചറിയാൻ പറ്റാത്ത വിധം ചിതറി പോയി എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഈ അവസരത്തിൽ മലയാളി ജവാൻ ആനന്ദിന്റെ മൃദദേഹം നാട്ടിലേക്ക് എത്തിക്കുവാൻ കഴിയുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.

നീണ്ട മൂന്ന് വർഷത്തെ കാത്തിരിപ്പിനോടുവിൽ ആണ് ആനന്ദ് – നന്ദന ദമ്പതികൾക്ക് ഒരു കുഞ്ഞിക്കാല് കാണുവാൻ ഭാഗ്യമുണ്ടായത്. എന്നാൽ ആ കുഞ്ഞിന്റെ മുഖമൊന്നു കാണുവാൻ ധീര ജവാൻ ആനന്ദിന് സാധിച്ചില്ല.

സ്വന്തം വേദനകളും ആഗ്രഹങ്ങളും ഉള്ളിലൊതുക്കി യുദ്ധ ഭൂമിയിലേക്ക് തിരികെയെത്തി നാടിനു വേണ്ടി പോരാടി വീരമൃത്യു വരിച്ച ധീരനായ ജവാനായിരുന്നു ആനന്ദ്. നമുക്കഭിമാനിക്കാം നാടും വീടും കുടുംബവും മറന്ന് ഇതുപോലെ അനേകം ആനന്ദുമാർ ഇന്നും നമുക്ക് കാവലായുണ്ട്. ഒരു നിമിഷം അവർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.’

നോവ് നിറഞ്ഞ അവസാന വാചകത്തോടെ മീഡിയക്കാരും പിരിഞ്ഞു തുടങ്ങി. അനുശോചന പ്രവാഹങ്ങൾ അപ്പോഴും വന്നു കൊണ്ടേയിരുന്നു.

ആരോഗ്യപരമായി ഏറെ അവശയായിരുന്നതിനാൽ രണ്ട് ദിവസം കഴിഞ്ഞാണ് നന്ദനയെ വാർഡിലേക്ക് മാറ്റിയത്. ബെഡിൽ കുഞ്ഞിനോട് പറ്റിച്ചേർന്നു കിടന്ന് വിങ്ങി വിങ്ങി കരയുന്ന അവളെ എങ്ങിനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ കുഴഞ്ഞു ആനന്ദിന്റെ അമ്മ.

” മോളെ.. നീ ഇങ്ങനെ തളരാതെ…. എന്റെ മോൻ നാടിനു വേണ്ടി ജീവൻ കളഞ്ഞവനാണ്. അവന്റെ ഭാര്യയാണ് നീ. ആ നീ ഇങ്ങനെ തളർന്നു അവശയവാൻ പാടില്ല. നോക്ക് അവൻ പോയാൽ എന്താ.. തനി പകർപ്പാ നമ്മുടെ കുഞ്ഞ്.അവനെ പോന്നു പോലെ വളർത്തണം നമുക്ക്… “.

അമ്മയുടെ ആശ്വാസ വാക്കുകൾക്ക് നന്ദനയുടെ വേദന അടക്കുവാനുള്ള ശേഷിയില്ലായിരുന്നു. അപ്പോഴാണ് ടേബിളിൽ ഇരുന്ന അവളുടെ ഫോൺ ശബ്ദിച്ചത്. കേൾക്കാത്ത മട്ടിൽ തന്നെ നന്ദന കിടന്നപ്പോൾ അടുത്ത് നിന്ന അനന്ദു ആണ് കോൾ അറ്റന്റ് ചെയ്തത്.

” ഹലോ ആരാണ്… ”

റേഞ്ച് പ്രശ്നം ഉള്ളത് കൊണ്ട് തന്നെ ഫോണുമായി അടുത്തുള്ള ജനലിനരികിലേക്ക് പോയി അവൻ. അല്പസമയം സംസാരിക്കവേ അവന്റെ മിഴികൾ വിടരുന്നത് ശ്രദ്ധിച്ചു നന്ദന. പെട്ടെന്ന് ആ മിഴികൾ തുളുമ്പി എന്തെന്നില്ലാത്ത സന്തോഷം അവന്റെ മുഖത്തേക്ക് അലയടിച്ചു. നന്ദനയെ നോക്കി അവൻ പുഞ്ചിരിച്ചു. ആ പുഞ്ചിരി പതിയെ പൊട്ടിച്ചിരിയായി മാറി.

“ഏട്ടത്തി… ദേ.. ഏട്ടൻ.. ഏട്ടന് ഒന്നും പറ്റിയിട്ടില്ല.. ”

വെപ്രാളത്തിൽ അവൻ ഫോണുമായി അടുത്തപ്പോൾ അന്ധാളിച്ചു നോക്കി കിടന്നു നന്ദന.. ആ വാക്കുകൾ അവളുടെ കാതുകളിലേക്ക് തുളഞ്ഞു കയറിയിരുന്നു.

” സത്യമാണ് ദേ ഏട്ടൻ ആണ് കോളിൽ ഏട്ടൻ രക്ഷപെട്ടു. ”

വെപ്രാളത്തിൽ ഫോണുമായി തനിക്കരികിലേക്ക് ഓടിയെത്തുന്ന അനന്ദുവിനെ അവിശ്വസനീയമായി നോക്കി കിടന്നു നന്ദന.. അവളുടെ കാതുകളിൽ ആ വാക്കുകൾ തുളഞ്ഞു കയറിയിരുന്നു.

” സത്യമാണ് ദേ ഏട്ടൻ.. ആണ് കോളിൽ ഏട്ടൻ രക്ഷപെട്ടു.. ഏട്ടത്തി സംസാരിക്ക് ”

അനന്ദു വച്ച് നീട്ടിയ ഫോൺ കയ്യിലേക്ക് വാങ്ങിയെങ്കിലും ഒന്നും മനസ്സിലാകാതെ, ഒന്നും ഉൾക്കൊള്ളുവാൻ കഴിയാതെ അന്ധാളിച്ചു നോക്കി അവൾ

” സംസാരിക്ക് ഏട്ടത്തി… ”

അവളുടെ പതർച്ച കണ്ട് ബലമായി ആ ഫോൺ അവളുടെ ചെവിയിലേക്ക് ചേർത്തു അനന്ദു. അല്പ സമയം നിശബ്ദത പരന്നു. പതിയെ നന്ദനയുടെ വിറയാർന്ന ചുണ്ടുകൾ ചലിച്ചു.

” ഹ… ഹലോ… ”

മറുതലയ്ക്കൽ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് ഒരു ഏങ്ങൽ ആണ് അവൾ ആദ്യം കേട്ടത്. ആ ശബ്ദം കേട്ട് ആശ്ചര്യത്തോടെ ചാടി എഴുന്നേറ്റു പോയി നന്ദന

” ഏട്ടാ… ഏട്ടാ… ഭഗവതീ .. എനിക്കിതു വിശ്വസിക്കാൻ കഴിയുന്നില്ല.. അമ്മേ.. ദേ ഏട്ടൻ തന്നാ ഏട്ടന് ഒന്നും പറ്റിയില്ല.. ”

കേട്ടത് വിശ്വസിക്കുവാൻ കഴിയാതെ ആനന്ദിന്റെ അമ്മ കൂപ്പു കൈകളോടെ നിലത്തേക്ക് മുട്ടു കുത്തിപ്പോയി. അവരുടെ മിഴികൾ. നിറഞ്ഞു തുളുമ്പി.

” ഏട്ടാ.. എന്താ എന്റെ ഏട്ടന് പറ്റിയെ ഏട്ടൻ എവിടെയാ ഇപ്പോ….”

” ഞാൻ എല്ലാം പറയാം നന്ദു… മരണത്തിൽ നിന്നുമാണ് ഞാൻ തെന്നി മാറിയത് എല്ലാം ഭഗവതിയുടെ കടാക്ഷം ”

ആനന്ദിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

“ഏട്ടാ…ദേ നമുക്ക് ഒരു മോൻ പിറന്നു.. ഏട്ടന്റെ ആഗ്രഹം പോലെ തന്നെ ഒരു തങ്കക്കുടം ”

നന്ദനയുടെ അടുത്ത വാക്കുകൾ ആനന്ദിൽ ഉളവാക്കിയ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം ആയിരുന്നു.

” സത്യാണോ നന്ദു… മോനാണോ … എന്റെ പ്രാർത്ഥന ഭഗവതി കേട്ടു.. സുഖായിരിക്കുന്നോ നമ്മുടെ മോൻ .. ”

” ഉവ്വ് ഏട്ടാ…. ഞാൻ അമ്മേടേൽ കൊടുക്കാം അമ്മ ഇവിടുണ്ട്.. ”

നഷ്ടപെട്ട ജീവിതം തിരികെ കിട്ടിയ സന്തോഷത്തിലായിരുന്നു നന്ദന അപ്പോൾ. സന്തോഷത്തോടെ ഫോൺ അവർ പരസ്പരം കൈമാറി സംസാരിക്കുമ്പോൾ അത് നോക്കി നിന്ന ശേഷം അനന്ദു പതിയെ മിഴി നീർ തുടച്ചു കൊണ്ട് വാർഡ് മുറിയിലെ ടീവി ഓൺ ആക്കി. ന്യൂസ്‌ ചാനലുകളിൽ ബ്രെക്കിങ് ന്യൂസ്‌ അപ്പോൾ ആനന്ദിന്റെ തിരിച്ചു വരവായിരുന്നു

” കാശ്മീർ ഭീകരക്രമണത്തിൽ മരണപ്പെട്ടു എന്ന് കരുതിയ മലയാളി ജവാന് പുനർജ്ജന്മം. ഇന്ന് രാവിലെയാണ് സ്ഫോടനം നടന്ന സമീപ പ്രദേശത്തു നിന്നും അല്പം മാറിയുള്ള പാറയിടുക്കുകൾക്കിടയിൽ നിന്നും ആനന്ദിനെ സേന കണ്ടെത്തിയത്.

കൈകാലുകളിലെ അസ്ഥികൾക്ക് പൊട്ടൽ ഉൾപ്പെടെ മാരക പരിക്കുകളുമായി അബോധാവസ്ഥയിലായിരുന്നു ആനന്ദ്. ഇപ്പോൾ നില മെച്ചപ്പെട്ടതായി അറിയുവാൻ കഴിയുന്നു. സ്ഫോടന സമയം വണ്ടിയിൽ നിന്നും ദൂരേക്ക് തെറിച്ചു വീണതാണ് ആനന്ദ് രക്ഷപ്പെടാൻ കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

എന്തായാലും ആനന്ദിന്റെ കുടുംബത്തിനും നാടിനും വലിയൊരു സന്തോഷ വാർത്തയാണിത്. ഒരാഴ്ചയ്ക്കകം വിദഗ്ധ ചികിത്സ നൽകി ആനന്ദിനെ ജന്മനാട്ടിലേക്ക് എത്തിക്കുമെന്നും ആർമി ഉദ്യോഗസ്ഥർ അറിയിച്ചു. ”

ആ വാർത്ത കേട്ട് വാർഡിൽ ഉണ്ടായിരുന്നവരെല്ലാം ടീവി ക്ക് ചുറ്റും കൂടിയിരുന്നു എല്ലാവരും സന്തോഷത്തോടെ കയ്യടിക്കവേ നിറ കണ്ണുകൾ തുടച്ചു അനന്ദു.

അല്പം വേദന സഹിച്ചെങ്കിലും ഒടുവിൽ എല്ലാം ശുഭമായതിന്റെ തിളക്കമുണ്ടായിരുന്നു അവന്റെ മുഖത്ത്. അല്പം മുന്നേ വരെ വാടി തളർന്നു കിടന്നിരുന്ന നന്ദനയിൽ പെട്ടെന്നുണ്ടായ ഉന്മേഷം അവനെ ഏറെ സന്തോഷിപ്പിച്ചു.

” എല്ലാം ഭഗവതിയുടെ കടാക്ഷം “