(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” ഹലോ.. ”
കോൾ എടുത്ത പാടെ മറു തലയ്ക്കൽ സ്ത്രീ ശബ്ദം കേട്ട് സനോജ് ഒന്ന് പരുങ്ങി.
” ആ…. ഹലോ… ആരാണ്..”
ആളെ മനസിലായെങ്കിലും മനസിലാകാത്ത പോലെ തിരികെ ചോദിച്ചു അവൻ.
” ചേട്ടാ ഞാൻ മായയാണ്… ഇങ്ങട് വിളിക്കും ന്ന് കരുതി വെയിറ്റ് ചെയ്യുവായിരുന്നു കോൾ വരാതായപ്പോ അങ്ങട് വിളിച്ചതാ. ”
” ആ.. അത്… ഞാൻ ഇച്ചിരി തിരക്കിൽ ആയി പോയി.. ”
ആ മറുപടി കള്ളമാണെന്ന് മായയ്ക്ക് മനസിലായിരുന്നു. എങ്കിലും അവളത് കാര്യമാക്കിയില്ല.
” ചേട്ടൻ എന്റെ നമ്പർ ഇതുവരെ സേവ് ചെയ്തിട്ടില്ലേ… ഇപ്പോ എവിടാ.. ”
” ഞാൻ.. അത് മറന്നു.. ഞാൻ കവലയിലാ.. ഇപ്പോ തിരക്കാ.. പിന്നെ വിളിക്കാം.. കേട്ടോ.. ”
വെപ്രാളത്തിൽ കോൾ കട്ട് ചെയ്തു സനോജ്. അവൻ നിന്ന് വിയർക്കുന്നത് കണ്ട് അതിശയിച്ചു കൂട്ടുകാരൻ അനീഷ്.
” നീ ഇതെന്നതാടാ.. ആ കൊച്ച് വിളിക്കുമ്പോ എല്ലാം നേരെ ചൊവ്വേ സംസാരിക്കാതെ കോൾ കട്ട് ആക്കുന്നെ രണ്ട് മാസങ്ങൾ കൂടി കഴിഞ്ഞാൽ നിങ്ങടെ കല്യാണം അല്ലെ.. ഇനി നിനക്ക് എന്തേലും ഇഷ്ടക്കേട് ഉണ്ടോ അവളോട്.. ”
ആ ചോദ്യം കേട്ടിട്ടും സനോജ് മൗനമായിരുന്നു.
” എടാ നിന്നോടാണ് ചോദിച്ചത്. ഇതിപ്പോ ഒരുപാട് വട്ടമായി ഇങ്ങനെ കാണുന്നു. എന്താ നിന്റെ പ്രശ്നം. ”
അവനെ വിടാൻ തയ്യാറായില്ല അനീഷ്.
“ഒന്നുല്ല.. നിനക്ക് വെറുതെ തോന്നുന്നതാ.. എനിക്ക് അതിനോട് ഇഷ്ടക്കേട് ഒന്നും ഇല്ല.. പിന്നെ എപ്പോഴും ഇങ്ങനെ വിളിച്ചു സംസാരിച്ചോണ്ടിരിക്കാൻ എന്താ.. ഉള്ളെ.. എന്തായാലും ഒരുമിച്ചു ജീവിക്കാൻ ഉള്ളതല്ലേ..”
പരമാവധി ഒഴിഞ്ഞു മാറി സനോജ് പക്ഷെ അനീഷ് പിന്നാലെ കൂടി.
” എടാ.. ഒഴിഞ്ഞു മാറേണ്ട.. എന്താ നിന്റെ.. പ്രശ്നം..നീ ആ കൊച്ചിനെ നല്ലോണം ഒഴിവാക്കുന്നുണ്ട്.. നിനക്ക് ഇനി എന്തേലും കുഴപ്പം ഉണ്ടോ.. അതായത് ഈ ലൈംഗിക പരമായി എന്തേലും.. ഉണ്ടേൽ തുറന്ന് പറയ് കേട്ടോ.. നമുക്ക് പരിഹാരം ഉണ്ടാക്കാം.. ”
കാര്യം കൈവിട്ട് പോകുമെന്ന് മനസിലായതോടെ മറ്റു ഗതിയില്ലാതെ മനസ്സ് തുറന്നു സനോജ്.
” എടാ.. എടാ.. അങ്ങിനൊന്നും പറയല്ലേ.. പ്രശ്നം ഒന്നും ഇല്ല എനിക്ക്… പക്ഷെ ആ കൊച്ചിനോട് ഞാൻ..എന്താ മിണ്ടേണ്ടേ.. എങ്ങിനാ മിണ്ടേണ്ടേ.. എനിക്ക് അറിയില്ല ഒന്നും.”
“ങേ.. ”
ഇത്തവണ അനീഷ് ഒന്ന് ഞെട്ടി..
” ടാ എന്താ നീ ഉദ്ദേശിക്കുന്നേ.. ”
സംശയത്തോടെ അവൻ നോക്കുമ്പോൾ പതിയെ തന്റെ പ്രശ്നം വിവരിച്ചു സനോജ്..
” ടാ.. അച്ഛൻ പണ്ട് തൊട്ടെ എന്നെ അധികം വെളീൽ ഒന്നും വിടാണ്ടാണ് വളർത്തിയെ.. നിനക്ക് അറിയാലോ എനിക്ക് ഈ പെൺകൊച്ചുങ്ങളുമായി ഒന്നും കൂട്ട് ഇല്ല ഒറ്റ മോൻ ആയത് കൊണ്ട് ആകെ ഉള്ള കൂട്ട് അമ്മ മാത്രം ആണ്.. അമ്മയോട് അല്ലാതെ അധികം പെണ്ണുങ്ങളോട് ഇടപഴകീട്ടില്ല ഞാൻ.. ഇതിപ്പോ ഈ കൊച്ചിനോട് എന്താ ഞാൻ മിണ്ടേണ്ടത്… അതിന്റെ കോൾ വരുമ്പോഴേ എനിക്ക് ആകെ വിറയൽ ആണ്. എനിക്ക് പറ്റുന്നില്ല ഒന്നും. ”
അത് കേട്ട് ആകെ അന്ധാളിച്ചു നിന്നുപോയി അനീഷ്.
” എടാ.. ഇതിപ്പോ സത്യമാണോ നീ ഈ പറയുന്നേ.. നിനക്ക് അങ്ങനൊരു പ്രശ്നം ഉണ്ടോ….എങ്കിൽ നമുക്ക് വല്ല കൗൺസിലിംഗും നടത്തിയാലോ.. ”
” ഏയ്.. അതൊന്നും ശെരിയാവില്ല.. ആരേലും അറിഞ്ഞാൽ ആകെ നാണക്കേട് ആകും… ”
അസ്വസ്തനായി അടുത്ത് കണ്ട കടത്തിണ്ണയിലേക്ക് ഇരുന്നു സനോജ്.
” മായ നല്ല കൊച്ചാണ്. അത്യാവശ്യം വിദ്യാഭ്യാസം ഒക്കെ ഉള്ള എല്ലാവരോടും നല്ലത് പോലെ ഇടപെഴകുന്ന നല്ല കൊച്ച്. അവൾക്ക് ഞാൻ ചേരില്ലടാ.. ഞാൻ ആണേൽ പത്താം ക്ലാസും ഗുസ്തീം മാത്രല്ല പുറത്താരോടും അധികം മിണ്ടി പരിചയം ഇല്ലാത്ത തനി നാട്ടിൻ പുറത്ത്കാരൻ… ഞാൻ ഒട്ടും മാച്ചല്ല അവൾക്ക്.. ”
മറുപടി എന്ത് പറയണമെന്ന് അറിയാതെ അല്പം കുഴഞ്ഞു അനീഷ്. പ്രശ്നം അല്പം വഷളാണ്… പക്ഷെ പെട്ടെന്ന് അവൻ അതിനൊരു പോംവഴി ഓർത്തെടുത്തു.
” എടാ ഈ പ്രശ്നത്തിൽ നിന്നെ സഹായിക്കാൻ ഒരാൾക്ക് മാത്രേ കഴിയൂ.. അത് മായയ്ക്ക് തന്നെ… ”
അത് കേട്ട് അവനെ തന്നെ തുറിച്ചു നോക്കി സനോജ് .
” എടാ സത്യമാണ്.. നിന്റെ പ്രശ്നം ഇതാണെന്ന് നീ തന്നെ അവളോട് പറയ്.. നീ പറഞ്ഞ വിദ്യാഭ്യാസവും അറിവും വിവരവും ഒക്കെ ഉള്ള കൊച്ചല്ലേ.. ഒക്കെയും കേട്ടിട്ട് അവൾക്ക് എന്ത് തോന്നുന്നുവോ അത് ചെയ്യട്ടെ.. നിന്നെ വേണ്ട എന്ന് തോന്നുന്നേൽ അങ്ങനേം ചെയ്യാലോ.. ”
ആ പറഞ്ഞതിൽ വാസ്തവം ഉണ്ട് എന്ന് സനോജിനും തോന്നി.
” ശെരിയാണ്. ഇതേ ഉള്ളു പോംവഴി.. പക്ഷെ.. പക്ഷെ അത് എങ്ങിനെ മായയോട് പറയും.. എന്നെ കൊണ്ട് പറ്റും ന്ന് തോന്നുന്നില്ല..”
വീണ്ടും നിരാശയിലായി സനോജ്.
” എന്റെ പൊന്ന് സനോജേ .. ഇതേലും ഒന്ന് തുറന്ന് സംസാരിക്കാൻ ഉള്ള ധൈര്യം കാട്ട് നീ.. ”
ആകെ കലി കയറി അനീഷിന് അപ്പോൾ .
എന്നാൽ സനോജ് അപ്പോഴും മൗനമായി അതോടെ ഇതും നടപ്പുള്ള കേസല്ല എന്ന് അനീഷിന് മനസിലായി. ഒടുവിൽ ആ ദൗത്യം അവൻ തന്നെ ഏറ്റെടുത്തു.
” നീ മായയെ കോൾ ചെയ്ത് എനിക്കൊന്ന് തന്നെ.. ഞാൻ സംസാരിക്കാം.. കാര്യങ്ങൾ പറയാം.. ഇനി അതേ ഉള്ളു വഴി. ”
അത് കേൾക്കെ വീണ്ടും ആശയക്കുഴപ്പത്തിലായി സനോജ്.
” ടാ അത് വേണോ.. ഇനീപ്പോ അവൾക്ക് ഇഷ്ടപെട്ടില്ലേലോ.. ”
” ടാ കോപ്പേ ഇങ്ങട് താ ഫോൺ. ”
ഇത്തവണ ബലമായി തന്നെ ഫോൺ പിടിച്ചു വാങ്ങി അനീഷ് ശേഷം അവസാനം വിളിച്ച നമ്പർ മായയുടെ ആണെന്ന് മനസിലാക്കി അതിലേക്ക് കോൾ ചെയ്തു.
അവർ എന്താണ് സംസാരിക്കുന്നത് എന്ന് കേൾക്കുവാനുള്ള ചളിപ്പ് കാരണം ചെവികൾ മൂടി തലകുമ്പിട്ടിരുന്നു സനോജ്.
അൽപനേരം നീണ്ട ഫോൺ സംഭാഷണത്തിനൊടുവിൽ അനീഷ് സനോജിനരുകിൽ തിരികെയെത്തി. ആകാംഷയിൽ തന്നെ നോക്കി ഇരിക്കുന്ന സനോജിനെ കണ്ട് ഒന്ന് പുഞ്ചിരിച്ചു അവൻ.
” ടാ എന്താ ചിരിക്കുന്നെ.. എന്താ അവള് പറഞ്ഞെ.”
സനോജിന്റെ ക്ഷമ നശിച്ചു തുടങ്ങി.
” അവള് കാര്യമായി ഒന്നും പറഞ്ഞില്ല.. നിന്നെ നേരിട്ട് കാണണം ന്ന് പറഞ്ഞു.. ഇന്ന് വൈകിട്ട് പാർക്കിൽ വച്ചിട്ട്.. ”
” ഓ.. തുലഞ്ഞു… ഇതാണോടാ നീ എല്ലാം ശെരിയാക്കി തരാം ന്ന് പറഞ്ഞത്.. ഇനീപ്പോ അവളുടെ മുഖത്ത് ഞാൻ എങ്ങിനെ നോക്കും.. ഞാൻ പോവില്ല…വേണ്ട ഈ ബന്ധം വേണ്ട ഇനി.. ഞാൻ അവളുടെ വീട്ടിൽ വിളിച്ചു പറയാൻ പോവാ ”
ആകെ അസ്വസ്ഥനായി എഴുന്നേറ്റു നടന്നു സനോജ്.
” എടാ നീ ഒന്ന് അടങ്ങ്.. നീ അവളെ കണ്ട് ചെന്ന് സംസാരിക്ക്.. തെറ്റൊന്നും ചെയ്തില്ലല്ലോ നീ പിന്നെ എന്തിനാ പേടിക്കുന്നെ.. അവൾ നിന്നെ മനസിലാക്കി സപ്പോർട്ട് ചെയ്താൽ എല്ലാം ഓക്കേ ആകും… എന്തായാലും ഒന്ന് പോയി നോക്ക് ”
പരമാവധി അവന് ധൈര്യം നൽകി അനീഷ് . ഒടുവിൽ പോകാൻ തന്നെ തീരുമാനിച്ചു .
വൈകിട്ട് കൃത്യസമയത്ത് സനോജ് പാർക്കിൽ എത്തുമ്പോൾ അവിടെ ഒരു ഒഴിഞ്ഞു മാറി ഒരു ഇരിപ്പിടത്തിൽ ഉണ്ടായിരുന്നു മായ. അറച്ചറച്ചാണ് അവൻ അവളുടെ അരികിലേക്ക് ചെന്നത്. എന്നാൽ അവനെ കണ്ട പാടെ എഴുന്നേറ്റു മായ..
” ആ ഇതാര്.. സ്ലീവാച്ചനോ.. ”
പെട്ടെന്നുള്ള ആ ചോദ്യം കേട്ട് സനോജ് ഒന്ന് പരുങ്ങി.
” സ്.. സ്ലീവാച്ചൻ… അ.. അതാര്..”
മറുപടി കേട്ട് ചിരിച്ചു പോയി മായ.
” എന്റെ ചേട്ടാ.. സിനിമയൊന്നും കാണാറില്ലേ…നിങ്ങടെ കൂട്ടുകാരൻ പറഞ്ഞത് ശെരിയാണ് കേട്ടോ. നിങ്ങൾ ഇപ്പോഴും പഴേ ട്യൂബ് ലൈറ്റ് ആണ്.. ”
ചെറിയൊരു പരിഹാസം നിറഞ്ഞ ആ മറുപടി സനോജിന് അത്ര ബോധിച്ചില്ല. അവന്റെ മുഖത്ത് ആ അസ്വസ്ഥത തെളിയുകയും ചെയ്‌തു അത് മനസിലാക്കിയതോടെ പെട്ടെന്ന് സീരിയസ് ആയി മായ..
” ഇനി നേരിട്ട് പറയ്.. എന്താണ്.. എന്താണ് ചേട്ടന്റെ പ്രശ്നം… ”
ആ ചോദ്യം കേട്ട് മറുപടിയില്ലാതെ തലകുമ്പിട്ടു സനോജ്.
“അ.. അത്.. അനീ … ഷ്.. പറഞ്ഞില്ലേ.. ”
മറുപടിയ്ക്കായി അവൻ വാക്കുകൾ ചികയുമ്പോൾ അവനെ തന്നെ സൂക്ഷ്മതയോടെ വീക്ഷിക്കുകയായിരുന്നു മായ.
” ചേട്ടൻ വാ.. നമുക്ക് ഇച്ചിരി നടക്കാം.. ”
അവൾ മുന്നേ പോകുമ്പോൾ അറച്ചറച്ച് പിന്നാലെ ചെന്നു അവൻ.
” ചേട്ടാ.. മൂന്ന് മാസങ്ങൾ കഴിഞ്ഞാൽ നമ്മുടെ വിവാഹം ആണ്. ഓരോരുത്തരും അനേകം കനവുകൾ കണ്ട് കൊണ്ടാണ് പുതിയൊരു ജീവിതത്തിലേക്ക് കാൽ വയ്ക്കുന്നത്. ഈ ഞാനും അങ്ങിനെ തന്നെയാണ്.. പക്ഷെ എൻഗേജ്മെന്റ് കഴിഞ്ഞ അന്ന് തൊട്ട് ഇന്ന് വരെയും നേരെ ഒന്ന് ഫോണിൽ സംസാരിക്കാനോ കാണുവാനോ ചേട്ടൻ തയ്യാറായിട്ടില്ല.. ”
അത്രയും പറഞ്ഞു മായ തിരിയുമ്പോഴും തലകുമ്പിട്ടു പിന്നിൽ നിന്നു സനോജ്.
” ഞാൻ കരുതിയത് ചേട്ടന് എന്നോട് എന്തോ ഇഷ്ടക്കേട് ഉണ്ട് എന്ന് ആണ്. സത്യത്തിൽ ഈ കാര്യം വീട്ടിൽ സംസാരിച്ചു താത്പര്യം ഇല്ലെങ്കിൽ ഈ ബന്ധം ഒഴിവാക്കണം എന്ന് തന്നെ തീരുമാനിച്ചതാണ് ഞാൻ. പക്ഷെ ഇപ്പോഴത്തെ ചേട്ടന്റെ ഈ പെരുമാറ്റത്തിൽ ന്ന് നിങ്ങടെ പ്രശ്നം എന്താണെന്ന് എനിക്ക് മനസ്സിലായി…”
അവളുടെ ആ വാക്കുകൾ ക്ക് മുന്നിൽ സനോജ് പതിയെ തലയുയർത്തി. ഇനിയെന്താണ് അവൾ പറയാൻ പോകുന്നത് എന്നറിയാനുള്ള ഒരു ആകാംഷ ആ മുഖത്തുണ്ടായിരുന്നു.
ആ ഭാവം കണ്ടിട്ടാകണം അറിയാതെ പുഞ്ചിരിച്ചു പോയി മായ.
“ചേട്ടാ.. നമുക്ക് ഒരു കൗൺസിലിംഗിന് പോകാം.. എന്റെ ഫ്രണ്ടിന്റെ അച്ഛന്റെ അടുത്തു. പുള്ളിക്ക് ചേട്ടനെ സഹായിക്കാൻ പറ്റും.. ചേട്ടന്റെ ഈ പേടിയും പരിഭ്രമവും എല്ലാം നമുക്ക് ഒരുമിച്ചു മാറ്റി എടുക്കാം . എനിക്കെന്തായാലും ഇനി നിങ്ങളെ മതി… അത് ഞാൻ ഉറപ്പിച്ചു. ”
അത് പറയുമ്പോൾ മായയുടെ മുഖത്ത് ചെറിയ നാണം തെളിഞ്ഞിരുന്നു. സനോജിന്റെ മുഖവും ആ വാക്കുകൾക്ക് മുന്നിൽ വിടർന്നു.
” മാ.. മായ.. സത്യമാണോ.. അപ്പോ തനിക്ക് എന്നെ കെട്ടുന്നതിൽ പ്രശ്നം ഇല്ലേ.. ”
അവിശ്വസനീയമായി അവൻ ഒരിക്കൽ കൂടി ചോദിക്കവേ പുഞ്ചിരിച്ചു മായ.
“ചേട്ടാ.. നിങ്ങൾ പഞ്ചപാവം ആണ്. ഒരു നിഷ്കളങ്കൻ. അടുത്താൽ ആർക്കും നിങ്ങളെ ഇഷ്ടപ്പെട്ടു പോകും.. ഞാനും വീണു പോയെന്ന് കൂട്ടിക്കോ.. ഇനീപ്പോ മുന്നോട്ട് നമുക്ക് ഒരുമിച്ചു നടക്കാം..”
വല്ലാത്ത സന്തോഷം തോന്നി സനോജിന്. അറിയാതെ അവന്റെ മിഴികളിൽ നീരുറവ തെളിഞ്ഞു.
“ആഹാ.. ഇത് ആനന്ദകണ്ണീർ ആണെന്ന് വിശ്വസിക്കുവാ കേട്ടോ… ”
ആ ഒരു കമന്റോടൊപ്പം വാച്ചിലേക്ക് നോക്കി മായ..
“അയ്യോ ലേറ്റ് ആയി.. ഞാൻ പോവാ കേട്ടോ.. ”
അവൾ യാത്ര പറയുമ്പോൾ പോകരുത് എന്ന് പറയണമെന്ന് തോന്നിയെങ്കിലും മിണ്ടിയില്ല സനോജ്.
” ഏട്ടാ.. നൈറ്റ് വിളിക്കും ഞാൻ. ഇന്നെന്നല്ല ഇനിയെന്നും രണ്ടും മൂന്നും വട്ടം വച്ച് വിളിക്കും ഞാൻ ഫോണെടുത്തു സംസാരിച്ചേക്കണം.. ഞാനൊന്ന് നോക്കട്ടെ എന്റെ നായരെ മാറ്റി എടുക്കാൻ പറ്റോ ന്ന് ”
കുസൃതി ചിരിയോടെയാണ് മായ അത് പറഞ്ഞത്. എന്നാൽ അത് കേൾക്കെ നാണത്തോടെ വീണ്ടും തലകുമ്പിട്ടു സനോജ്..
അങ്ങിനെ പരസ്പരം അറിഞ്ഞും മനസിലാക്കിയും അവരൊന്നിച്ചൊരു പുതിയ ജീവിതം സ്വപ്നം കണ്ട് തുടങ്ങി. സനോജ് ഈ സന്തോഷത്തിനു നന്ദി പറയേണ്ടത് അനീഷിനോട് ആണ്. അത് അവൻ ചെയ്യുകയും ചെയ്തു. പറയുകയല്ല പകരം മനസ് നിറഞ്ഞ് ഒന്ന് ആലിംഗനം ചെയ്തു അനീഷിനെ ..
(ശുഭം )