നിങ്ങൾ ആഗ്രഹിച്ചത് പോലെ ഒരു രാത്രി ഞാൻ നിങ്ങടൊപ്പം കിടന്നാൽ എന്റെ അച്ഛൻ നിങ്ങടെന്ന് വാങ്ങിയ പൈസ തിരികെ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” നിങ്ങൾ ആഗ്രഹിച്ചത് പോലെ ഒരു രാത്രി ഞാൻ നിങ്ങടൊപ്പം കിടന്നാൽ എന്റെ അച്ഛൻ നിങ്ങടെന്ന് വാങ്ങിയ പൈസ തിരികെ തരുന്നതിൽ സാവകാശം തരുമോ.. ”

രേവതി അത് ചോദിക്കുമ്പോൾ ചന്ദ്രമോഹന്റെ മിഴികളിൽ വജ്രത്തിളക്കമായിരുന്നു.

” നിനക്ക് അറിയാമല്ലോ… എനിക്ക് ഒരു വാക്കേ ഉള്ളു.. കോടികളുടെ ആസ്തിയുണ്ട് എനിക്ക്… ഒരു രാത്രി.. ഒരേ ഒരു രാത്രി നീ അതിനു സമ്മതിച്ചാൽ നിന്റെ അച്ഛൻ തരാനുള്ള നാല് ലക്ഷം ഞാൻ വെട്ടി ചുരുക്കി രണ്ട് ലക്ഷം ആക്കും.. മാത്രമല്ല സാവകാശവും തരും.”

” അപ്പോ ഇത്രയും നാളും പീറ പെണ്ണ് എന്ന് നിങ്ങൾ വിളിച്ചു ആക്ഷേപിച്ചിരുന്ന എനിക്ക് വിലയുണ്ട് അല്ലെ.. രണ്ട് ലക്ഷം.. രണ്ട് ലക്ഷമല്ലേ ഈ പീറയുടെ ഒരു രാത്രിക്ക് ഉള്ള വില.. ”

പുച്ഛമായിരുന്നു രേവതിയുടെ ആ വാക്കുകളിൽ നിറഞ്ഞിരുന്നത് എന്ന് മനസിലാക്കിയിട്ടും നിശബ്ദനായി ചന്ദ്രമോഹൻ കാരണം വളരെ നാളത്തെ അയാളുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു രേവതി.

” ശെരി.. എനിക്ക് സമ്മതം.. വൈകിക്കേണ്ട.. ഇന്ന് തന്നെ… ഇന്നത്തെ രാത്രി ഞാൻ നിങ്ങളോടൊപ്പം ഉറങ്ങാൻ തയ്യാർ.. ”

ചാടി തുള്ളണമെന്ന് തോന്നിപോയി ചന്ദ്രമോഹന് അപ്പോൾ പക്ഷെ ആവേശം ഉള്ളിലടക്കി അയാൾ..

” സമ്മതമെങ്കിൽ രാത്രി പതിനൊന്നിനു റെഡിയായി നിൽക്കണം.. എന്റെ ആള് വണ്ടിയുമായി വരും നിന്നെ കൂട്ടാൻ നേരെ തോട്ടത്തിലെ എസ്റ്റേറ്റിൽ. അവിടെയാണ് ഇന്നത്തെ നമ്മുടെ രാത്രി.. ”

“സമ്മതം.. ”

അത്രമാത്രം പറഞ്ഞു കൊണ്ട് രേവതി തിരിഞ്ഞു നടന്നു. അടങ്ങാത്ത സന്തോഷത്തിൽ പല്ലുകൾ ഞെരിച്ചു ചന്ദ്രമോഹൻ.

” അങ്ങിനെ ഒടുവിൽ നീ എന്റെ വരുതിയിൽ വന്നു.. ആഗ്രഹിച്ച ഒന്ന് കൂടി ഞാൻ നേടി.. ഒരുവട്ടം വന്നാൽ പിന്നെ നിന്നെ സ്ഥിരമായി വരുത്തുവാനുള്ള ചതിക്കുഴികൾ ഒക്കെ എന്റെ പക്കൽ ഉണ്ട് പെണ്ണെ.. തീർത്തു തരാം നിന്റെ അഹങ്കാരം ”

വഷളൻ ചിരിയോടെ വേഗത്തിൽ തന്റെ കാറിലേക്ക് കയറി വീട്ടിലേക്ക് പാഞ്ഞു അയാൾ.

എന്നാൽ ആ സമയം തിരികെ നടന്ന രേവതിയുടെ മിഴികൾ തുളുമ്പുകയായിരുന്നു. ഗതികെട്ട് ഒടുവിൽ തന്റെ മാനത്തിനു പോലും വിലപേശേണ്ടി വന്ന ആ സാഹചര്യത്തെ വെറുത്തു അവൾ.

കുട്ടിക്കാലത്ത് തന്നെ അമ്മ മരണപ്പെട്ട രേവതിക്ക് എല്ലാം അവളുടെ അച്ഛൻ സുധാകരനായിരുന്നു. ഡ്രൈവർ ആയിരുന്ന അയാൾ പൊന്ന് പോലെയാണ് തന്റെ മകളെ നോക്കി വളർത്തിയത്. മകള് വലുതായി വന്നപ്പോൾ അടച്ചുറപ്പുള്ള ഒരു വീട് വേണമെന്ന സാഹചര്യത്തിൽ ആണ് ചന്ദ്രമോഹന്റെ കയ്യിൽ നിന്നും പൈസ പലിശക്ക് എടുത്ത് അയാൾ വീട് പണി ആരംഭിച്ചത്. കയ്യിൽ ഉള്ള ചെറിയ സമ്പാദ്യവും ഒപ്പം പലിശ പണവും കൂടി ആയപ്പോൾ വേഗത്തിൽ അയാൾ പുതിയ വീടിന്റെ പണികൾ പൂർത്തിയാക്കി എന്നാൽ പെട്ടെന്ന് ഉണ്ടായ ഒരു ഹാർട്ട് അറ്റാക്ക് ആണ് എല്ലാം തകർത്തത്. ശാരീരികമായി വല്ലാതെ ക്ഷീണിച്ചു പോയ സുധാകരന് പിന്നെ ജോലിക്ക് പോകുവാൻ കഴിയാത്ത സാഹചര്യമായി. ഡിഗ്രി വിദ്യാർത്ഥിനിയായിരുന്ന രേവതി അന്ന് മുതൽ പഠിത്തം നിർത്തി അടുത്തുള്ള ഒരു ടെക്സ്ടൈൽസിൽ ജോലിക്ക് പോയി തുടങ്ങി. ഇന്നിപ്പോ ആ തുച്ഛമായ വരുമാനമാണ് അവരുടെ ജീവിത മാർഗം അതിനിടയിൽ ആണ് പലിശയും കൂട്ട് പലിശയും ചേർത്ത് വാങ്ങിയ തുക ഇരട്ടിയാക്കി ഒരു കണക്കുമായി ചന്ദ്രമോഹനന്റെ വരവ്. ബഹളം വച്ച് അവരെ വീട്ടിൽ നിന്ന് ഇറക്കി വിടുവാനായാണ് ചെന്നതെങ്കിലും രേവതിയെ കണ്ട മാത്രയിൽ സഹല ദേഷ്യവും കെട്ടടങ്ങി. അതി സുന്ദരിയായ അവളിൽ അയാൾ അത്രമേൽ ആകൃഷ്ടനായി പോയി. ആവശ്യം അറിയിച്ചപ്പോൾ ആട്ടി ഇറക്കുകയാണ് രേവതി ചെയ്തത്. പിന്നീട് അങ്ങോട്ടുള്ള നിരന്തര പരിശ്രമങ്ങൾക്കും ഭീഷണികൾക്കുമൊടുവിൽ ഗത്യന്തരമില്ലാതെയാണ് ഇപ്പോൾ രേവതി അയാളുടെ ആഗ്രഹത്തിന് സമ്മതം മൂളിയത്.

വീട്ടിലേക്ക് നടക്കവേ അവളുടെ വിഷമം കൂടി വന്നു. ചന്ദ്രമോഹനോട് വല്ലാത്ത അറപ്പായിരുന്നു അവൾക്ക്. നാട്ടിൽ അയാൾക്കുള്ള പേര് അത്രയ്ക്കുണ്ട്. അയാൾക്കൊപ്പം ഒരു രാത്രി അത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു രേവതിയ്ക്ക്.

” എന്റെ ഒരു ഗതികേട്.. ചത്ത് കളഞ്ഞാൽ മതിയായിരുന്നു ”

മിഴിനീർ തുടച്ചു കൊണ്ട് അമർഷത്തോടെ പിറുപിറുത്തു അവൾ. വീണ്ടും അച്ഛനെ മനസിൽ ഓർക്കവേ ആ ദേഷ്യം അടങ്ങി.

വീട്ടിലേക്ക് ചെന്നു കയറുമ്പോൾ ഉമ്മറത്തു തന്നെയുണ്ടായിരുന്നു സുധാകരൻ.. രേവതിയെ കണ്ട പാടെ വെപ്രാളത്തിൽ അയാൾ കയ്യിൽ നിവർത്തി വച്ചിരുന്ന പത്രം പിന്നിലേക്ക് ഒളിപ്പിച്ചു എന്നാൽ കണ്ട മാത്രയിൽ തന്നെ രേവതിയ്ക്ക് കാര്യം മനസിലായിരുന്നു. സുധാകരൻ പരുങ്ങുമ്പോൾ അവളുടെ മിഴികളിൽ രോഷം എരിഞ്ഞു.

” അച്ഛന് ഇനിയും മതിയായില്ല അല്ലെ.. കടം കയറി മനുഷ്യന്റെ മാനം പോണ അവസ്ഥയിൽ ആയി അന്നേരവും അച്ഛന് ഈ ലോട്ടറി എടുത്ത് കാശ് കളഞ്ഞേ പറ്റുള്ളൂ ല്ലേ… ”

ആ ചോദ്യത്തിന് മുന്നിൽ ഒന്ന് പതറി സുധാകരൻ.

“അത്.. മോളെ.. ഇ.. ഇത് അടിച്ചാൽ നമ്മൾ രക്ഷപെട്ടില്ലേ… കഷ്ടപ്പാട് ഒക്കെ മാറില്ലേ.. ”

” ഓ ഇപ്പൊ അടിക്കും.. എത്ര പറഞ്ഞാലും മനസിലാകില്ല അല്ലെ അച്ഛന്… മടുത്തു മനുഷ്യന്.. ഇത്തവണത്തെ ഓണം ബംബറും എടുത്തില്ലേ അച്ഛൻ റൂമിൽ കണ്ടു ടികെറ്റ്. അഞ്ഞൂറ് രൂപയാണ് പോയത് ആ പൈസ ഉണ്ടായിരുന്നേൽ നമുക്ക് ഒരാഴ്ച കഴിയാരുന്നു.”

നിറഞ്ഞു തുളുമ്പിയ മിഴികൾ തുടച്ചു കൊണ്ട് രേവതി ഉള്ളിലേക്ക് കയറവേ ആകെ വിഷമത്തിലായി സുധാകരൻ.

” മോളെ…. അച്ഛൻ ഒന്നിനും കൊള്ളാത്തവൻ ആയില്ലേ… നീ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത് കാണുമ്പോ എങ്ങനേലും നിന്നെ ഒന്ന് രക്ഷപ്പെടുത്തുവാനാ ഞാൻ… എന്നെ കൊണ്ട് ഇതല്ലെ പറ്റു ഈ അവസ്ഥയിൽ.. ”

അയാളുടെ വാക്കുകൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഉള്ളു പിടഞ്ഞുള്ള ആ വാക്കുകൾക്ക് മുന്നിൽ പിന്നെ കയർത്ത് ഒന്നും പറഞ്ഞില്ല രേവതി. പക്ഷെ അവളുടെ ഉള്ളിലെ വിങ്ങൽ അത് അടക്കാവുന്നതിലും അപ്പുറമായിരുന്നു.

” അച്ഛാ അയാൾ.. ആ ചന്ദ്രമോഹനെ കണ്ടു ഞാൻ.. ഇനി എത്ര നാൾ പിടിച്ചു നിൽക്കാൻ പറ്റുമെന്ന് അറിയില്ല… ”

ആ വാക്കുകൾ കേൾക്കെ പതിയെ എഴുന്നേറ്റു സുധാകരൻ.

” മോളെ.. ഈ വീട് വിറ്റ് അയാളുടെ കടം തീർത്തു എവിടേക്കേലും പോകുക… അത് മാത്രേ നമ്മുടെ മുന്നിൽ ഒരു വഴി ആയിട്ടുള്ളു പക്ഷെ അതിനും വസ്തുവിന്റെ പ്രമാണം വേണ്ടേ.. അത് അയാളുടെ പക്കൽ അല്ലെ.. ആലോചിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ല എനിക്ക്.. ”

” എല്ലാം ഓക്കേ ആകും അച്ഛാ.. വിഷമിക്കേണ്ട… ഒരു വഴി തെളിയും.. നമുക്ക് നോക്കാം.. ”

രേവതിയുടെ വാക്കുകളിൽ ഒരു ദൃഢത കൈ വന്നത് അറിഞ്ഞു സുധാകരൻ. അത് അയാളെ. ഭയപ്പെടുത്തി

” മോളെ.. നിന്നിൽ കണ്ണ് വച്ചിട്ടാണ് അയാള് ഇത്രയും സാവകാശം നമുക്ക് തന്നത്.. ഇനിയും അയാളുടെ ചിന്ത അത് തന്നെയാണ്.. അതുകൊണ്ട് എങ്ങിനെയും നമുക്ക് ഇവിടുന്ന് രക്ഷപ്പെടണം.. ”

” എവിടേ പോകും അച്ഛാ.. എവിടേക്ക് പോയാലും കാശ് വേണ്ടേ ചിലവിനു.. നമ്മൾ ഈ ഗതിയില്ലാത്തവർ എന്ത് ചെയ്യും.. ഇതിനോടകം അച്ഛന്റെ എടുത്തുകൂട്ടിയ ലോട്ടറികൾ വിറ്റാൽ കാശ് കിട്ടുമോ… കിട്ടുമെങ്കിൽ പറയ് അത് ചെയ്യാം നമുക്ക്.. ”

മകളുടെ ചോദ്യത്തിന് മുന്നിൽ വീണ്ടും പതറി സുധാകരൻ. അത് കാൺകെ രേവതിയ്ക്കും വിഷമമായി.

” അച്ഛാ.. അച്ഛനെ വേദനിപ്പിക്കാൻ പറഞ്ഞതല്ല.. നമ്മുടെ മുന്നിലെ എല്ലാ വഴികളും അടഞ്ഞിരിക്കയാണ്.. ഇനീപ്പോ ഗത്യന്തരം ഇല്ലാതെ അയാൾക്ക് മുന്നിൽ സമ്മതം മൂളേണ്ടി വന്നാൽ അത് ചെയ്തിട്ട് ആയാലും നമുക്ക് ഇവിടെ പിടിച്ചു നിൽക്കണം.. വേറെ വഴി ഇല്ല അച്ഛാ. ”

അത്രയും പറഞ്ഞു കൊണ്ട് രേവതി മുറിയിലേക്ക് പോകുമ്പോൾ അവൾ എന്തോ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട് എന്ന് മനസിലാക്കി സുധാകരൻ. ആ തിരിച്ചറിവ് അയാളെ കൂടുതൽ ഭയപ്പെടുത്തി.

‘ ഭഗവാനെ.. കാത്തോളണേ..’

പ്രാർത്ഥനയോടെ അയാൾ പതിയെ തന്റെ മുറിയിലേക്ക് പോയി.

” അച്ഛന്റെ ഓണം ബംബർ ഇന്നല്ലേ നറുക്കെടുപ്പ്.. ”

ഉച്ചയ്ക്ക് ചോറ് വിളമ്പുന്നതിനിടയിൽ രേവതി ചോദിക്കുമ്പോൾ മൗനമായി ഒന്ന് പുഞ്ചിരിച്ചു സുധാകരൻ. ‘ശവത്തിൽ കുത്തരുത് ‘

എന്നൊരു ഭാവം ആ ചിരിയിൽ അടങ്ങിയിരുന്നു.

” അച്ഛാ പ്രൈസ് അടിച്ചാൽ എനിക്കെന്ത് വാങ്ങി തരും.. ”

രേവതി വീണ്ടും ചോദ്യങ്ങൾ ആവർത്തിച്ചു.

” അടിച്ചാൽ നിനക്ക് നല്ലൊരു നെക്ലെസ് വാങ്ങും ആദ്യം. മോള് പണ്ട് കുറെ ആഗ്രഹിച്ചതല്ലേ.. ”

ചെറു പുഞ്ചിരിയോടെ ആഹാരം കഴിച്ചു കഴിഞ്ഞു എഴുന്നേറ്റു സുധാകരൻ.

” ആ ഈ പറഞ്ഞതൊക്കെ ഓർമ ഉണ്ടായിരുന്നാൽ മതി.. ഇപ്പോ തന്നെ അടിക്കും കാത്തിരുന്നോ.. ”

രേവതിയുടെ കുത്തിയുള്ള ആ കമന്റിനു പുഞ്ചിരി മാത്രം മറുപടി നൽകി അയാൾ

അല്പസമയം സെറ്റിയിൽ ഇരിക്കവേ അയാളുടെ മിഴികളിൽ ഉറക്കം വന്നു മൂടി.. അറിയാതെ ഉച്ച ഉറക്കത്തിലേക്ക് ആണ്ടു സുധാകരൻ … കുറച്ചു സമയം അങ്ങിനെ ഇരിക്കവേ പെട്ടെന്ന് ലോട്ടറി ഏജന്റ് അശോകൻ ഓടി പിടച്ചെത്തി.

” സുധാകരേട്ടാ… സുധാകരേട്ടാ… ”

ഉച്ചത്തിൽ അയാൾ വിളിക്കുമ്പോൾ അത് കേട്ട് ആദ്യം പുറത്തേക്ക് വന്നത് രേവതിയാണ്. പിന്നാലെയാണ് സുധാകരനും എത്തിയത്.

” എന്താ അശോകാ.. ”

” ചേട്ടാ.. അടിച്ചു.. നിങ്ങൾ ബംബറിന്റെ ഫലം നോക്കീലേ.. ഫസ്റ്റ് അടിച്ചേക്കുന്ന ടിക്കറ്റ് ഞാൻ വിറ്റതാ… അതും നിങ്ങൾക്ക്.. നിങ്ങള് കോടിപതിയായി സുധാകരേട്ടാ.. ഒപ്പം ഞാനും രക്ഷപ്പെട്ടു ”

ഒറ്റവാക്കിൽ അശോകൻ പറഞ്ഞു നിർത്തുമ്പോൾ കേട്ടത് കാതുകളിൽ മുഴക്കമായി സുധാകരനും രേവതിയ്ക്കും. വിശ്വസനീയമായി അവര് നോക്കി നിൽക്കുന്നത് കണ്ട് ആവേശത്തോടെ തന്റെ കയ്യിലെ പേപ്പർ എടുത്തു അശോകൻ

” മിഴിച്ചു നോക്കേണ്ട.. സത്യമാണ്.. ചേട്ടാ ദേ നോക്ക് റിസൾട്ട്‌.. 243647 ഞാൻ ഇത് അവസാനം നിങ്ങൾക്ക് വിറ്റ ടിക്കറ്റ് ആണ്.. നിങ്ങൾക്ക് ആണ് പ്രൈസ് ”

സുധാകരൻ ഓടി മുറിയിലേക്ക് പോയി ലോട്ടറി ടികെറ്റ് എടുത്തു വന്നു അത് ചേർത്തു വച്ച് ആ പേപ്പറിലേക്ക് നോക്കവേ പതിയെ പതിയെ രേവതിയും സുധാകരനും ആ സത്യം മനസിലാക്കി അതേ ഒറ്റ നിമിഷം കൊണ്ട് തങ്ങൾ കോടിപതി ആയിരിക്കുന്നു. ഉള്ളിലെ വികാരം എന്താണെന്ന് പറയാൻ കഴിയാത്ത പൊട്ടിക്കരഞ്ഞു പോയി രേവതി. അമിതമായ ആനന്ദത്തിൽ മകളെ വാരി പുണർന്നു സുധാകരൻ.

” ഭഗവാൻ കാത്തു.. നമ്മള് രക്ഷപ്പെട്ട് മോളെ.. ”

പൊട്ടി കരഞ്ഞുപോയി ആയാലും . രേവതിയും സന്തോഷത്താൽ കരയുകയായിരുന്നു.

” നിങ്ങൾ മാത്രമല്ല ഞാനും രക്ഷപ്പെട്ടു സുധാകരേട്ടാ.. എനിക്കും കിട്ടും നല്ലൊരു തുക കമ്മീഷൻ ആയിട്ട്.. ”

അശോകനും ഏറെ സന്തോഷത്തിൽ ആയിരുന്നു. പിന്നെ പതിയെ പതിയെ നാട്ടുകാരായി.. ചാനലുകാരായി വാർത്തകൾ ആയി.. അവരുടെ ജീവിതം മാറി മറിഞ്ഞു.. എല്ലാവരും ഒക്കെയും അസൂയയോടെ നോക്കി കാണുമ്പോൾ ഒരാൾ… ഒരാൾ മാത്രം ചങ്കു പൊട്ടുന്ന വേദനയോടെ ആ വാർത്തകൾ കണ്ടിരുന്നു.. മാറ്റാരുമല്ല ചന്ദ്രമോഹനൻ

” പുല്ല്.. വല്ലാത്ത ചെയ്ത്തായിപ്പോയി കൈ വെള്ളയിൽ വന്നിട്ട് വഴുതി പോയ്‌ക്കളഞ്ഞല്ലോ കുറച്ചൂടെ മുന്നേ കാര്യങ്ങൾ നടത്തി എടുക്കേണ്ടതായിരുന്നു ”

അടങ്ങാത്ത നിരാശയിൽ പിറുപിറുത്തിരുന്നു അയാൾ.

വീട്ടിൽ വന്ന ബന്ധുക്കളും നാട്ടുകാരും ചാനലുകാരുമൊക്കെ ഒന്ന് ഒഴിയവേ പതിയെ സുധാകരനരികിലേക്ക് ചെന്നു രേവതി..

” അച്ഛാ.. എന്റെ നെക്ക്ലെസ്.. അത് മറക്കരുത് ”

അവൾ പറഞ്ഞത് കേൾക്കെ നിരമിഴികളോട് തന്നോട് ചേർത്തു പുണർന്നു സുധാകരൻ

” ആ കാശ് ഇങ്ങട് വന്നോട്ടെ… അച്ഛന്റെ വാങ്ങി തരും ഒരു ഡയമണ്ട് നെക്ലെസ്.. ”

അച്ഛന്റെ മാറിൽ തല ചായ്ക്കുമ്പോൾ ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി രേവതിയ്ക്ക്

‘ ഒരു പക്ഷെ ഇത് സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്നത്തെ രാത്രി.. ‘

അത് ഓർക്കവേ ആശ്വാസത്തോടെ മനസുരുകി ഭഗവാന് നന്ദി പറഞ്ഞു അവൾ.. അങ്ങിനെ അവരുടെ ജീവിതവും പൂവണിഞ്ഞു.

(ശുഭം)