ഒരു ഭാര്യ എന്ന നിലയിൽ കിടപ്പ് മുറിയിൽ മറ്റൊന്നും കുറച്ചു നാളത്തേക്ക് എന്നിൽ നിന്നും പ്രതീക്ഷിക്കരുത് എന്ന് ഏട്ടനോട് അച്ഛൻ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“മോളെ.. ഞാൻ നിന്റെ അച്ഛനാണ്. ആ ഒരു വില മോള് എനിക്ക് തരണം. ഞാൻ പറയുന്നത് ഒന്ന് കേൾക്കണം എനിക്കൊപ്പം ഒന്ന് വാ അരുണിന്റെ വീട് വരെ.. ”

മാധവന്റെ വാക്കുകൾ കേട്ട് രോഷത്തോടെ സെറ്റിയിലേക്കിരുന്നു മീര.

” അച്ഛാ എനിക്ക് പറ്റില്ല ഇനിയും നാണം കെട്ട് അരുണേട്ടന്റെ അരികിലേക്ക് പോവാൻ. ഞാൻ വലിഞ്ഞു കേറി ചെന്നവൾ ഒന്നുമല്ലല്ലോ അന്തസായി അച്ഛൻ തന്നെ അല്ലെ എന്നെ അങ്ങേർക്ക് കെട്ടിച്ചു കൊടുത്തത്. എന്നിട്ട് എന്നും വഴക്കും ബഹളവും. എനിക്ക് മടുത്തു. ഇനി അരുണേട്ടൻ ഇവിടെ വന്നു എന്നെ തല്ലിയതിനു സോറി പറഞ്ഞ് തിരികെ വിളിക്കാണ്ട് ഞാൻ പോവില്ല. ”

വാശിയിലായിരുന്നു മീര അതോടെ ആകെ കുഴഞ്ഞു മാധവൻ. പതിയെ അയാൾ മീരയ്ക്ക് ഒപ്പം സെറ്റിയിൽ ഇരുന്നു

” മോളെ അച്ഛൻ പറയുന്നത് ഒന്ന് കേൾക്ക്. ആ വീട്ടിൽ നിന്നും തന്നിഷ്ടത്തിന് ഇറങ്ങി വന്നവൾ അല്ലെ നീ അപ്പോ നീ തന്നെ തിരികെ പോണം ഞാനും ഒപ്പം വരാം. ഒരു വട്ടം..

ഒരുവട്ടമെങ്കിലും നീ അവനെ ഒന്ന് കാണണം. ഇപ്പോൾ അരുണിന്റെ അമ്മയ്ക്ക് എന്തോ വയ്യായ്ക ഉണ്ട്. നിന്നെ ഒന്ന് കാണണം എന്ന് അവരും ആഗ്രഹം പറഞ്ഞേക്കുവാണ്. ഈ അവസരത്തിൽ നിന്റെ സാമീപ്യം ഒരുപക്ഷെ അവൻ ആഗ്രഹിക്കുന്നുണ്ടാകും ”

വീണ്ടും അച്ഛൻ നിർബന്ധിക്കുമ്പോൾ പതിയെ എഴുന്നേറ്റു മീര.

“അച്ഛാ.. അമ്മ പാവമാണ് അമ്മയെ കാണാൻ എനിക്കും ആഗ്രഹം ഉണ്ട്. പക്ഷെ അയാൾ എന്നെ കൈ നീട്ടി അടിച്ചത് കൊണ്ടാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത് അല്ലാതെ വെറുതെ അല്ല.. അതച്ഛൻ മറക്കരുത്. അമ്മയാകട്ടെ മോനെ എതിർത്തൊന്നും പറഞ്ഞതും ഇല്ല.. വിഷമം ഉണ്ട് അച്ഛാ എനിക്കും ..”

” മീരാ.. ഞാൻ പറഞ്ഞാൽ നീ കേൾക്കില്ലേ.. ഒരു വട്ടം നീ അവനെ ഒന്ന് കാണ്. ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞില്ലേ.. വെറുതെ വാശി പിടിക്കാതെ എനിക്കൊപ്പം വാ.. ”

ഇത്തവണ മാധവന്റെ സ്വരം അല്പമൊന്ന് ഉയർന്നു. അതോടെ മീരയുടെ മിഴികളിൽ ചെറിയൊരു നടുക്കം തെളിഞ്ഞു.എന്നിട്ടും വിട്ടുകൊടുക്കുവാൻ തയ്യാറല്ലായിരുന്നു അവൾ.

” അച്ഛാ.. സത്യം പറയ്.. ഞാൻ ഭർത്താവുമായി പിണങ്ങി വന്നു നിൽക്കുന്നു എന്ന് പറയുന്നത് അച്ഛന് നാണക്കേട് ആണോ.. അതോണ്ട് ആണോ നിർബന്ധിച്ചു എന്നെ തിരിച്ചു വിടാൻ നോക്കുന്നത്… അങ്ങനാണേൽ അച്ഛൻ പറഞ്ഞാൽ മതി നിങ്ങൾക്ക് ആർക്കും നാണക്കേട് ആയി ഞാൻ നിൽക്കില്ല. ഏതേലും ഹോസ്റ്റലിലോട്ട് മാറാം ഞാൻ ”

ആ വാക്കുകൾ മാധവനും ഒരു നടുക്കമായി

” എന്താ മോളെ നീ ഇങ്ങനൊക്കെ പറയുന്നേ.. അച്ഛൻ അങ്ങിനെ കരുതും ന്ന് തോന്നുന്നുണ്ടോ നീ.. എത്രയൊക്കെ വെറുപ്പെന്നു പറഞ്ഞാലും എനിക്കറിയാം ഉള്ളിന്റെ ഉള്ളിൽ നിനക്ക് അവനോട് സ്നേഹം മാത്രമേ ഉള്ളു.. അതറിയാവുന്നത് കൊണ്ടാണ് അച്ഛൻ വിളിക്കുന്നത്.

ഇതിപോലെ ഈ പ്രശ്നം ഉണ്ടായത് തന്നെ നിനക്ക്‌ അവനോടുള്ള സ്വാർത്ഥത കൊണ്ട് അല്ലേ.. അതിന്റെ പേരിൽ അല്ലേ നീ വഴക്ക് ഉണ്ടാക്കിയെ.. അല്ലാതെ അരുണിന് ഒരു പരസ്ത്രീ ബന്ധം ഉണ്ടാകും ന്ന് നിനക്ക് തോന്നുന്നുണ്ടോ.. അതാ അച്ഛൻ പറഞ്ഞെ.. മോളൊന്ന് വാ അച്ഛനൊപ്പം എല്ലാം അച്ഛൻ നോക്കിക്കോളാം.. നീ ഒന്ന് വന്നാൽ മാത്രം മതി ”

ഇത്തവണ അമ്മ ശ്രീദേവി കൂടി മീരയേ നിർബന്ധിച്ചു.

” മോളെ അച്ഛൻ പറയുന്നത് കേൾക്ക് അച്ഛനും ഞാനും നിനക്ക് ഒപ്പം വരാം എല്ലാം ഞങ്ങൾ നോക്കിക്കോളാം നമുക്ക് അവനെ ചെന്നൊന്ന് കാണാം…. ഒന്ന് സമ്മതിക്ക് നീ.. ”

അമ്മ കൂടി അച്ഛനൊപ്പം ചേരവേ പിന്നെ വഴങ്ങാതിരിക്കുവാൻ കഴിഞ്ഞില്ല മീരയ്ക്ക്.

” എനിക്കറിയാം അച്ഛാ.. എന്തൊക്കെ പറഞ്ഞാലും ഞാനിങ്ങനെ വീട്ടിൽ വന്നു നിൽക്കുന്നത് നിങ്ങൾക്ക് നാണക്കേട് തന്നെയാണ് അത് കൊണ്ട് തന്നെയാണ് ഇപ്പോൾ രണ്ടാളും ഒരുമിച്ച് എന്നെ ഇങ്ങനെ നിർബന്ധിക്കുന്നതും. സാരമില്ല ഞാൻ വരാം.. അച്ഛനെ അനുസരിക്കാതിരുന്നിട്ടില്ല ഇതുവരെ. ഇനിയും അങ്ങിനെ ചെയ്യില്ല. ”

അത്രയും പറഞ്ഞു മറുപടിക്ക് കാക്കാതെ മനസ്സില്ലാ മനസ്സോടെ മുറിയിലേക്ക് പോയി മീര. തിരിച്ചു ഒന്നും പറയാനില്ലായിരുന്നു മാധവനും ശ്രീദേവിക്കും. അല്പസമയം കഴിയവേ കയ്യിൽ ഒരു ബാഗുമായി പുറത്തേക്ക് വന്നു അവൾ.

” പോകാം അച്ഛാ.. പക്ഷെ.. ഒരുവാക്ക് അച്ഛൻ എനിക്ക് തരണം. നിങ്ങൾക്ക് വേണ്ടി മാത്രം വീണ്ടും അരുണേട്ടനുമായി ഒന്നിക്കുവാൻ ഞാൻ തയ്യാറാവുകയാണ്. പക്ഷെ ഉടനെയൊന്നും പഴയത് പോലെ ആകാൻ കഴിയില്ല എനിക്ക്. എത്രയൊക്കെയായാലും എന്നെ വേദനിപ്പിച്ച ആളാണ് അത്.

അത് കൊണ്ട് ഒരു ഭാര്യ എന്ന നിലയിൽ കിടപ്പ് മുറിയിൽ മറ്റൊന്നും കുറച്ചു നാളത്തേക്ക് എന്നിൽ നിന്നും പ്രതീക്ഷിക്കരുത് എന്ന് ഏട്ടനോട് അച്ഛൻ പറയണം. ഇത് അച്ഛനോട് പറയേണ്ടി വന്നതിൽ എനിക്ക് വിഷമം ഉണ്ട് പക്ഷെ ഇതിപ്പോ പറഞ്ഞില്ലെങ്കിൽ ഇനി ആ പേരിൽ ചിലപ്പോൾ മറ്റൊരു വഴക്ക് ഉണ്ടായേക്കും ”

മകളുടെ ആവശ്യം കേട്ട് മുഖാമുഖം നോക്കി മാധവനും ശ്രീദേവിയും ശേഷം അത് അംഗീകരിച്ചു കൊണ്ട് തലയാട്ടി മാധവൻ.

ഒട്ടും താത്പര്യമില്ലാതെയാണ് അച്ഛനും അമ്മയ്ക്കും ഒപ്പം മീര കാറിലേക്ക് കയറിയത്. യാത്രയിൽ ഉടനീളം അവൾ മൗനമായിരുന്നു. ആ മൗനം മനസ്സിലാക്കി ഒന്നും ചോദിക്കാൻ നിന്നുമില്ല മാധവൻ. അരുണിന്റെ വീട് എത്താറായപ്പോഴേക്കും നെഞ്ചിടിപ്പ് ചെറുതായി വർധിച്ചതായി തോന്നി മീരയ്ക്ക്.

‘ തന്നെ അരുണേട്ടൻ അടിച്ചപ്പോൾ നോക്കി നിന്നതിനു അമ്മയെ വരെ ചീത്ത പറഞ്ഞാണ് താൻ അവിടെ നിന്നും ഇറങ്ങിയത്. ഇനി എങ്ങിനെ തിരികെ ചെന്ന് അവരുടെ മുഖത്തേക്ക് നോക്കും.. ഇനി അമ്മയ്ക്ക് അതിനു ശേഷമായിരിക്കോ വയ്യായ്ക വന്നത് ‘ അതാണ് അവളെ അലട്ടിയ ഏക പ്രശ്നം. പതിയെ കാറിന്റെ സീറ്റിലേക്ക് ചാഞ്ഞു മീര.

‘സത്യത്തിൽ എന്താണ് പ്രശ്നം.. സന്തോഷകരമായ ഒരു വർഷത്തെ ദാമ്പത്യത്തിനു ശേഷം എപ്പോഴാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ‘

ചിന്തകൾ പലതും അവളുടെ ഉള്ളിലൂടെ മിന്നി മറഞ്ഞു.

‘ അരുണിന്റെ ഫോണിലേക്ക് വന്ന പഴയ കാമുകി ധന്യയുടെ ആ കോൾ.. അതായിരുന്നു എല്ലാത്തിനും തുടക്കം ‘

കഴിഞ്ഞ കാര്യങ്ങൾ ഓരോന്നായി ആ യാത്രയിൽ ഓർത്തെടുത്തു മീര.

” മീര.. എല്ലാം നിന്നോട് തുറന്ന് പറഞ്ഞതല്ലെ ഞാൻ അവളുമായി എനിക്കൊരു ബന്ധവും ഇപ്പോ ഇല്ല… ഞാൻ പറഞ്ഞിട്ടില്ലേ അവൾ എന്റെ കാമുകി മാത്രമായിരുന്നില്ല ക്ലാസ് മേറ്റ് കൂടിയായിരുന്നു. പഴയ ബാച്ചിന്റെ ഒരു ഗെറ്റുഗെദർ പ്ലാൻ ചെയ്ത ശേഷം എങ്ങിനെയോ എന്റെ നമ്പർ തപ്പിപ്പിടിച്ചു അതറിയിക്കാൻ വിളിച്ചതാണ് ”

അരുൺ അന്ന് പറഞ്ഞ ആ മറുപടിയിൽ മീര തൃപ്തയല്ലായിരുന്നു. മാത്രമല്ല അന്ന് മുതൽ അരുണിന്റെ ഓരോ ചലനങ്ങളും സംശയത്തോടെ മാത്രമാണ് അവൾ നോക്കി കണ്ടിരുന്നത്. ഗെറ്റുഗെതറിനു അരുണിനൊപ്പം ചെല്ലുമ്പോൾ അവളുടെ ഉദ്ദേശം ധന്യയെ കാണുക എന്നതായിരുന്നു.

അന്നവിടെ അവളെ കണ്ട് ഞെട്ടി മീര. കാരണം തന്നെക്കാൾ പത്തിരട്ടി സുന്ദരിയാണ് ധന്യ എന്നത് അപ്പോഴാണ് അവൾ മനസ്സിലാക്കിയത്… അന്നത്തെ ആ അസൂയയിൽ തുടങ്ങിയതാണ് എല്ലാ പ്രശ്നങ്ങളും. ഗെറ്റുഗതർ ദിവസം അവർ ഒന്നിച്ചു സംസാരിച്ചു നിന്നാഹോടെ മീര പ്രശ്നമാക്കി.ഒടുവിൽ അരുണിന്റെ വക ഒരടിയിൽ ആണ് അവസാനിച്ചതും.

ഒരു നെടുവീർപ്പിട്ടു കൊണ്ട് പതിയെ പുറത്ത കാഴ്ചകളിലേക്കു നോക്കി മീര.

‘ഒക്കെയും തന്റെ തോന്നൽ മാത്രമായിരുന്നോ’

എന്ന ചിന്തയും അവളെ അലട്ടി. അരുണിന്റെ വീട്ടിലേക്ക് തിരിയുന്നതിനു തൊട്ട് മുന്നേയുള്ള ജംഗ്ഷനിൽ കാറെത്തിയതോടെ അവളുടെ കൈകാലുകൾ വിരപൂണ്ട് തുടങ്ങി. അവിടെ എന്താകും സംഭവിക്കാൻ പോകുന്നത് എന്ന ചിന്ത മീരയെ വല്ലാതെ കുഴച്ചു. ഒടുവിൽ വീടിനരികിലേക്കെത്തും തോറും ചെറിയൊരു ആൾക്കൂട്ടവും അവളുടെ ശ്രദ്ധയിൽ പെട്ടു. ഒറ്റ നോട്ടത്തിൽ അതൊരു മരണ വീട് പോലെയാണ് അവൾക്ക് തോന്നിയത്.

‘ അരുണിന്റെ അമ്മയ്ക്ക് എന്തോ വയ്യായ്ക ഉണ്ട് അവർക്ക് നിന്നെ ഒന്ന് കാണണമെന്ന് ‘

വീട്ടിൽ അച്ഛൻ പറഞ്ഞ ആ വാക്കുകൾ മനസിലേക്ക് എത്തവേ ചെറുതായൊന്നു നടുങ്ങി മീര

‘ദൈവമേ അമ്മ…..’

കാർ നിർത്തുമ്പോൾ പതിയെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി അവൾ

‘ നീ അവനെ ഒന്ന് പോയി കാണ്. ‘

പുറപ്പെടുന്നതിനു മുന്നേ വീട്ടിൽ നടന്ന ചർച്ചയിൽ അച്ഛൻ പറഞ്ഞ ആ വാക്കുകളുടെ അർത്ഥം പതിയെ പതിയെ മനസ്സിൽ ഓർത്തു മീര.

‘അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ.. ഈ വിഷമ ഘട്ടത്തിൽ എന്റെ സാമീപ്യം അരുണേട്ടനൊപ്പം വേണമെന്ന് കരുതി ആണോ അച്ഛൻ അത് പറഞ്ഞത്. ഉറപ്പായും പിണക്കം മറന്ന് അരുണിനൊപ്പം താൻ നിൽക്കേണ്ടതുണ്ട് എന്ന് തന്നെ ചിന്തിച്ചു മീര. കാരണം അമ്മയോട് അവനുള്ള സ്നേഹം എന്തെന്ന് അവൾക്ക് നേരിട്ട് അറിയാവുന്നതാണ്. മീര വന്നിറങ്ങിയപ്പോൾ തന്നെ അവിടെ കൂടിയവരുടെയെല്ലാം ശ്രദ്ധ അവൾക്ക് നേരെ തിരിഞ്ഞിരുന്നു. ഉള്ളിൽ ആരോ അലമുറിയിട്ട് കരയുന്ന ശബ്ദം കേൾക്കുന്നുണ്ട്.

” അച്ഛാ.. അമ്മ…. ഇതെന്നോട് മുന്നേ പറയാമായിരുന്നു ”

മാധവനെ നോക്കി അത്രമാത്രം പറഞ്ഞു കൊണ്ട് മീര പതിയെ വീടിനുള്ളിലേക്ക് നടന്നു. ഉള്ളിലൊരു ഞെട്ടൽ, ഒരു ഭയത്തോടെയാണ് അവൾ ആ വീടിനുള്ളിലേക്ക് കയറിയത്. പ്രതീക്ഷ തെറ്റിയില്ല. അകത്തെ ഹാളിൽ വെള്ള പുതപ്പിച്ചു കിടത്തിയിരുന്നു അമ്മയെ. പാദമാണ് ആദ്യം കണ്ടത് മുഖത്തേക്ക് നോക്കാൻ ത്രാണി കിട്ടിയില്ല മീരയ്ക്ക് ഒരു നിമിഷം അവളുടെ ഉള്ളൊന്ന് കാളി.

” അമ്മ… ”

ചുണ്ടുകൾ വിറ പൂണ്ടു.

‘ദൈവമേ.. വല്ലാത്ത വേദനയായല്ലോ ഇത്. ‘

മീരയുടെ ഉള്ളം വല്ലാതെ നീറി.

” മോളേ.. നീ വന്നോ മോളെ.. ദേ കണ്ടില്ലേ.. ഇനി നിന്നെ തല്ലാനോ ശകാരിക്കാനോ അവൻ വരില്ല മോളെ.. അവൻ പോയി മോളെ.. നിന്നോട് മാപ്പ് പറഞ്ഞ് കൂട്ടിക്കൊണ്ട് വരാൻ ഇറങ്ങിയതാ എന്റെ കുട്ടി.. ”

കാതുകളിൽ പതിച്ച ആ വാക്കുകൾ ഒരു നിമിഷം നടുക്കമായി അവൾക്ക്. ഞെട്ടിതിരിഞ്ഞു നോക്കവേ അലമുറിയിട്ടു കരയുന്ന അമ്മയെയാണ് കണ്ടത്.

“അമ്മ….! അപ്പോൾ ഇത്. ”

ഞെട്ടലോടെ തന്നെ അവൾ വീണ്ടും ആ മൃദദേഹത്തിലേക്ക് ഒന്ന് നോക്കി. ഒരു നിമിഷം മിഴികൾ തുറിച്ചു. ചുണ്ടുകൾ വിളറി പോയി. സപ്ത നാഡികളും തളരുന്ന പോലെ തോന്നി. കണ്ണുകളിൽ ഇരുട്ട്. കയറി. നില തെറ്റി അറിയാതെ പിന്നിലേക്ക് വേച്ചു പോയ മീരയെ പിന്നിൽ നിന്നും ഓടിയെത്തി താങ്ങിയത് മാധവനാണ്.

” അ… അച്ഛാ.. ദേ.. ദേ അരുണേട്ടൻ.. ”

വാക്കുകൾ മുറിയുമ്പോൾ തലയിൽ എന്തോ വല്ലാത്ത ഭാരം പോലെ തോന്നി അവൾക്ക്. കണ്മുന്നിൽ കണ്ടത് വിശ്വസിക്കാൻ കഴിയാതെ വിറങ്ങലിച്ചു നിന്നു മീര . തലമണ്ട പൊട്ടുന്ന പോലൊരു വേദന… പതിയെ പതിയെ അവൾ പോലുമറിയാതെ മിഴികളിൽ ഇരുട്ട് കയറി താനേ അടഞ്ഞു. മാധവന്റെ കൈകളിലൂടെ ഊഴ്ന്നവൾ നിലത്തേക്ക് വീണു.

“മോളേ ”

മാധവൻ അന്ധാളിച്ചു നോക്കവേ നിലവിളിച്ചു കൊണ്ട് ഓടിയെത്തി ശ്രീദേവിയും.

” അയ്യോ.. ആരേലും കുറച്ചു വെള്ളമെടുക്കണേ.. ”

കണ്ടുനിന്നവരിൽ ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു.

സമയം പിന്നെയും ഇഴഞ്ഞു നീങ്ങി. ബോധം തെളിയവേ അലമുറിയിട്ട് കരയുവാൻ മാത്രമേ കഴിഞ്ഞുള്ളു മീരയ്ക്ക്. നിറ മിഴികളോടെ തന്നെ അവളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു കൊണ്ട് അമ്മ ശ്രീദേവിയും ഒപ്പമിരുന്നു. ഒന്നും കണ്ട് നിൽക്കുവാണ് ത്രാണിയില്ലാതെ മാധവൻ പതിയെ പുറത്തേക്കിറങ്ങി.

” എന്താ പറ്റിയെ.. ആക്‌സിഡന്റ് ആയിരുന്നോ…”

” ആ അതെ… ഒന്നും പറയാത്തതാ നല്ലത് കെട്ട്യോളുമായി എന്തോ വഴക്ക് ആയി ഒടുക്കം അവളെ ഒന്ന് തല്ലി ഇവൻ. അവളാണേൽ അന്നേരം തന്നെ പിണങ്ങി വീട്ടിലോട്ടും പോയി. ദേഷ്യമൊക്കെ മാറിയപ്പോ കുറ്റബോധം തോന്നീട്ട് അവളെ തിരികെ വിളിക്കാൻ ടൂ വീലറും എടുത്ത് പോയ പോക്കാണ്.

നമ്മടെ ആ വടകോട്ട് ജംഗ്ഷനിൽ ന്ന് റൈറ്റ് എടുത്തതാ നേരെ വന്ന ബസ്സ്‌ ശ്രദ്ധിച്ചില്ല ഇടിച്ചു നിലത്തേക്ക് വീണ് ബസ്സിന്റെ ബാക്ക് ടയറു കേറി… അപ്പോ തന്നെ ആള് തീർന്നു . കണ്ട് നിന്നവരൊക്കെ ആത്മഹത്യ ആകുമെന്നാ പോലീസിനോട് മൊഴി കൊടുത്തേ.. കാരണം മനപ്പൂർവം കൊണ്ടിടിച്ച പോലായിരുന്നു. പക്ഷെ കാര്യം അറിഞ്ഞപോ ഈ പയ്യന്റെ അമ്മയാണ് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞെ.. ”

“അത് ശെരിയാ.. മാപ്പ് പറഞ്ഞു കെട്ട്യോളെ തിരികെ വിളിക്കാൻ പോയ ആള് ആത്മഹത്യ ചെയ്യേണ്ട കാര്യം ഇല്ലല്ലോ.. ഇതിപ്പോ മനസ്സ് അസ്വസ്ഥമായിരുന്നിരിക്കണം അതാകും ശ്രദ്ധ പോയത് ”

” എന്തായാലും നഷ്ടം ആ വീട്ടുകാർക്കും ആ പെങ്കൊച്ചിനും തന്നെ എത്രയൊക്കെ വഴക്കിട്ടാലും അവളുടെ കെട്ട്യോൻ അല്ലെ… കണ്ടില്ലേ പാവം കിടന്ന് അലറി കരയുന്നത് ”

ചുറ്റുമതിലിനു പുറത്ത് നിന്ന് നാട്ടുകാർ ആരൊക്കെയോ തമ്മിൽ സംസാരിക്കുന്നത് കേൾക്കെ ഉള്ള് പിടഞ്ഞു മാധവനും.

വാശിയും പിണക്കവുമൊക്കെ കാണിച്ചു പിരിയാൻ എളുപ്പം ആണ്. പക്ഷെ ഇതുപോലൊരു അവസ്ഥ വരുമ്പോഴേ ആ നഷ്ടം എത്രത്തോളമാണെന്ന് തിരിച്ചറിയാൻ പറ്റുള്ളൂ..