സർക്കാർ ജോലിക്കാർ തന്നെ വേണം ന്ന് ഇല്ല പക്ഷെ നിന്നെ കൈ പിടിച്ചു വിടുന്നത് ഒരു നല്ല ചുറ്റുപാടിലേക്ക് ആയിരിക്കണം എന്ന്..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

” ഞാൻ ജീവൻ.. ഇവിടെ അടുത്ത് ഗവണ്മെന്റ് സ്കൂളിന്റെ ബാക്കിൽ തന്നാ വീട്. വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളു. എനിക്ക് ഇവിടുത്തെ മേഖയെ ഇഷ്ടമാണ്. അവൾക്ക് എന്നെയും.. ഞങ്ങൾക്ക് വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. അച്ഛന്റെ സമ്മതമില്ലാതെ മേഖ അതിനു തയ്യാറാകില്ല.. മേഖയുടെ അച്ഛൻ സമ്മതിക്കണം. കെട്ടിച്ചു തന്നാൽ പൊന്നുപോലെ നോക്കിക്കോളാം ഞാൻ. ”

മാധവൻ രാവിലെ മുറ്റത്തെ ചെടികൾക്ക് വളമിട്ടു കൊണ്ട് നിൽക്കവേയാണ് ജീവൻ അവിടേക്ക് കയറി വന്നത്. വന്ന പാടെ അവൻ പറഞ്ഞത് കേട്ട് ഒരു നിമിഷം അവനെ തന്നെ തുറിച്ചു നോക്കി അയാൾ.

“നിന്നെ ഞാൻ എവിടെയോ…കണ്ടിട്ടുണ്ടല്ലോ… നീ.. ആ അഷ്ടമി ബസിലെ ഡ്രൈവർ അല്ലെ . ”

ആ ചോദ്യം കേട്ട് പുഞ്ചിരിച്ചു ജീവൻ.

” അതെ.. അത് തന്നെ… മുന്നേ ചെറിയ വണ്ടി ഓടിച്ചിരുന്നു.ഇപ്പോ ബസിലേക്ക് കടന്നു . ”

ആ മറുപടിയിൽ അല്പസമയം മൗനമായി ഇരുന്നു മാധവൻ. ജീവൻ വരുന്നതറിയാവുന്നത് കൊണ്ട് തന്നെ മേഖയും പതിയെ വാതുക്കൾ നിലയുറപ്പിച്ചിരുന്നു.

” മോൻ ആ നൽസറി ടീച്ചർ ജലജയുടെ മകൻ അല്ലെ.. ”

മാധവനു പിന്നിൽ നിന്നും മേഖയുടെ അമ്മ ശ്രീദേവിയുടെ ആ ചോദ്യം കേട്ട് പുഞ്ചിരിയോടെ തന്നെ അതെ എന്ന അർത്ഥത്തിൽ തലയാട്ടി ജീവൻ.

” എന്റെ അമ്മയെ അറിയോ.. ”

” വലിയ പരിചയം ഒന്നുമില്ല കണ്ടാൽ ചിരിക്കും അത്ര തന്നെ.. ആട്ടെ…അമ്മയ്ക്ക് അറിയോ നീ ഇവിടെ പെണ്ണ് ചോദിക്കാൻ വന്ന കാര്യം.”

ശ്രീദേവിയുടെ വക ചോദ്യത്തിനും പുഞ്ചിരി മായാതെ തന്നെ ജീവൻ മറുപടി നൽകി.

” ഉവ്വ് അറിയാം.. എനിക്കമ്മ മാത്രല്ലേ ഉള്ളു… അതോണ്ട് എല്ലാം പറഞ്ഞിരുന്നു ഞാൻ അമ്മയ്ക്ക് ഈ ബന്ധത്തിന് എതിർപ്പില്ല. മേഖയെയും ഇഷ്ടം ആണ്.ഇനി ഇവിടുന്ന് കൂടി.. ”

പറഞ്ഞു നിർത്തി അവൻ നേരെ നോക്കിയത് മാധവനെയാണ്.
അയാൾ അപ്പോഴും മൗനമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങൾ ആയതിനാൽ ആ മൗനം അൽപനേരം കൂടി നീണ്ടു. ശേഷം പതിയേ ജീവനെ നോക്കി.

” മോനെ.. ഇതിപ്പോ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നീ ഇങ്ങനൊക്കെ വന്ന് പറഞ്ഞാൽ…..ഞങ്ങൾക്ക് ആകെ ഇവളെ ഉള്ളു.. അതോണ്ട് തന്നെ ലാളിച്ചു ഓമനിച്ചാ ഞങ്ങൾ വളർത്തിയ ഇനി കെട്ടിച്ചു വിടുമ്പോഴും അത് നല്ലൊരു വഴിക്ക് ആയിരിക്കണം എന്ന് വലിയ ആഗ്രഹം ഉണ്ട്. മോന് മനസിലാകോ ന്ന് അറില്ല പെൺമക്കളുള്ള രക്ഷകർത്താക്കൾക്ക് എല്ലാം ഇതുപോലുള്ള ഓരോരോ സ്വപ്‌നങ്ങൾ കാണും. ”

അയാളുടെ സംസാരം ഏത് വഴിക്കാൻ നീളുന്നത് എന്ന് മനസിലായത് കൊണ്ട് തന്നെ മൗനമായി നിന്ന് കേട്ടു നിന്നു ജീവൻ. മേഖയ്ക്കാകട്ടെ ഞെഞ്ചിടിപ്പേറി തുടങ്ങി.. ജീവനെ നോക്കി
തുടർന്നു മാധവൻ.

” മോൻ വേറൊന്നും വിചാരിക്കരുത്. എന്തേലും ഒരു നല്ല ജോലി അല്ലേൽ സർക്കാർ ജോലി… അതൊന്നുമില്ലാതെ ഈ ബസിൽ ഒക്കെ ജോലി ചെയ്യുന്നു ന്ന് പറയുമ്പോൾ.. എനിക്കത് ഉൾക്കൊള്ളാൻ പറ്റുന്നില്ല ”

അയാൾ പറഞ്ഞു നിർത്തുമ്പോൾ ആ മറുപടി പ്രതീക്ഷിച്ചിരുന്നതിനാൽ തന്നെ ജീവനിൽ പ്രത്യേകിച്ച് ഭവമാറ്റങ്ങൾ ഒന്നും ഉണ്ടായില്ല.

” ഈ ഡ്രൈവർ ജോലി അത്ര മോശം ജോലി അല്ല കേട്ടോ.. ഒരുപാട് ആൾക്കാരുടെ ജീവൻ മുറുകെ പിടിച്ചാ ഞങ്ങൾ ആ വളയത്തിനു മുന്നിൽ ഇരിക്കുന്നെ.. എനിക്ക് ഈ ജോലി ഒരു ആവേശം ആണ്. ”

പറയേണ്ട മറുപടി പുഞ്ചിരിയോടെ തന്നെ അവൻ പറയുമ്പോൾ മാധവനും ഒന്ന് പരുങ്ങി

” ഞാൻ അങ്ങിനല്ല മോനെ ഉദ്ദേശിച്ചത്… ഡ്രൈവർ ജോലി ഒരിക്കലും മോശം അല്ല. പക്ഷെ എന്റെ മോളെ ഒരു ബസ് ഡ്രൈവറെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നത് എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല.. അതാണ് വാസ്തവം ”

പറഞ്ഞ വാക്കുകളെ ഒന്ന് വിശദീകരിച്ചു അയാൾ.

” അച്ഛാ.. ”

അത്ര നേരം മൗനമായി നിന്ന മേഖയും മാധവന്റെ വാക്കുകൾ കേട്ട് മുന്നിലേക്ക് വന്നു.

” അച്ഛാ.. അച്ഛൻ എന്താ ഈ പറേണെ… എന്റെ സന്തോഷം അല്ലെ അച്ഛാ വലുത്. ഈ കാലത്തും സർക്കാർ ജോലി നോക്കി കെട്ടാൻ നിൽക്കുന്നത് നാണക്കേട് അല്ലെ.. ”

മേഖയുടെ ശബ്ദമിടറുന്നുണ്ടായിരുന്നു അതോടെ ശ്രീദേവിയും ഇടപെട്ടു.

” അച്ഛൻ പറഞ്ഞത് അങ്ങിനല്ല മോളെ.. സർക്കാർ ജോലിക്കാർ തന്നെ വേണം ന്ന് ഇല്ല പക്ഷെ നിന്നെ കൈ പിടിച്ചു വിടുന്നത് ഒരു നല്ല ചുറ്റുപാടിലേക്ക് ആയിരിക്കണം എന്ന് ഞങ്ങൾക്ക് ആഗ്രഹിച്ചൂടെ… അതാണ് അച്ഛൻ ഉദ്ദേശിച്ചത്. ”

മേഖയോട് അത് പറഞ്ഞ് ജീവന് നേരെ തിരിഞ്ഞു അവർ.

“മോനെ.. നീ തത്കാലം ചെല്ല്.. ഇതൊക്കെ ഇങ്ങനെ പെട്ടെന്ന് വന്നു കേറി തീരുമാനം ആക്കേണ്ടതല്ലല്ലോ.. അത് പോലെ ആശിച്ചതെല്ലാം നടക്കണമെന്നും ഇല്ലല്ലോ.. നമുക്ക് പിന്നീട് പതിയെ സംസാരിക്കാം.. എന്തായാലും ഉള്ളിൽ തോന്നിയ ഇഷ്ടം രണ്ടാളും തുറന്നു പറഞ്ഞല്ലോ അത് തന്നെ സന്തോഷം ”

ആ മറുപടി കേട്ട് അല്പസമയം മൗനമായി ജീവൻ. ശേഷം പതിയെ പറഞ്ഞ് തുടങ്ങി.

” അമ്മ പറഞ്ഞത് ശെരിയാണ്.. ഇങ്ങനെ പെട്ടെന്ന് വന്ന് പറഞ്ഞാൽ ആർക്കും ഉൾക്കൊള്ളാൻ പറ്റി ന്ന് വരില്ല. പിന്നെ ഈ ബസ് ഫീൽഡിൽ ഉള്ളോരേ പറ്റിയൊക്കെ അത്ര നല്ല അഭിപ്രായങ്ങളും നാട്ടിൽ കേൾക്കാറില്ല. പക്ഷെ എല്ലാരും മോശക്കാർ അല്ല കേട്ടോ… ചുമ്മാ പ്രേമിച്ചു നടന്നു പെൺകുട്ടികളെ പരമാവധി ആസ്വദിച്ചു കാര്യം കഴിഞ്ഞ ശേഷം ഉപേക്ഷിച്ചു പോണവരുടെ കൂട്ടത്തിൽ അല്ല ഞാൻ. എനിക്ക് മേഖയോട് തോന്നിയത് ആത്മാർത്ഥമായ ഇഷ്ടം ആണ്. അതാണ് നേരിട്ട് വന്ന് ചോദിച്ചേ.. നിങ്ങൾ ആലോചിച്ചു ഒരു മറുപടി തന്നാൽ മതി. ”

അത്രയും പറഞ്ഞ് പതിയെ മേഖയുടെ നേരെ തിരിഞ്ഞു അവൻ.

“താൻ ടെൻഷൻ ആകേണ്ട.. നമ്മളൊന്നിക്കാൻ വിധിച്ചിട്ടുണ്ടേൽ നടക്കും ”

” മോന് വിരോധം ഒന്നും തോന്നരുത്.. ”

മാധവൻ ഇടയ്ക്ക് കയറവേ പതിയെ പുഞ്ചിരിച്ചു ജീവൻ.

” ഏയ്.. ഒരിക്കലും ഇല്ല.. എനിക്ക് മനസിലാകും മേഖയുടെ അച്ഛൻ പറഞ്ഞത്. പെൺമക്കൾ ഉള്ള എല്ലാർക്കും ഇത് പോലെ ടെൻഷൻ ആണ്. എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരാള്. അനിയത്തിയാ.. മരിച്ചു പോയി കുഞ്ഞിലേ ഒരു പനി വന്നതാ…. ഇപ്പോ ഉണ്ടാരുന്നേൽ ഒരു പതിനെട്ടു വയസ്സ് പ്രായം ഉണ്ടായിരുന്നേനെ.. ”

ജീവന്റെ വാക്കുകളിൽ നോവ് പടരുന്നതറിഞ്ഞു മേഖ. മാധവനും ശ്രീദേവിയും അത് മനസ്സിലാക്കി.

“അവളുടെ പേരാ കേട്ടോ അഷ്ടമി… ഞാൻ പിന്നത് ബസിനിട്ടു. ”

സംസാരിച്ചു നിർത്തവേ പെട്ടെന്ന് എന്തോ ഓർത്തു ജീവൻ.

” അത് പറയാൻ മറന്നു… ഞാൻ ഓടിക്കുന്ന ‘അഷ്ടമി ‘ ബസ്.. സ്വന്തം വണ്ടിയാ കേട്ടോ.. വണ്ടി ഭ്രാന്ത് മൂത്തപ്പോ അമ്മേടെ കയ്യീന്ന് വീടിന്റെ ആധാരം കടം വാങ്ങി ലോൺ വച്ച് എടുത്തതാ ഈ ഒരു ബസ്… ആത്മാർത്ഥമായി തന്നെ പണിയെടുത്തു. ഇപ്പോ ഒന്നല്ല.. ഇതുപോലത്തെ അഞ്ചു ബസുകൾ ഉണ്ട്.പല പല റൂട്ടുകളിൽ. അതുപോലെ മോശം ചുറ്റുപാടും അല്ല ഞങ്ങളുടേത്. അതൊന്ന് അന്യോഷിച്ചാൽ മനസിലാകും.. ”

ആ വാക്കുകൾ മാധവനെയും
ശ്രീദേവിയെയും അമ്പരപ്പിച്ചു. അപ്പോഴേക്കും ജീവൻ മാധവന്റെ അരികിൽ എത്തി അയാളുടെ കരം കവർന്നു

” അത് കൊണ്ട് സർക്കാർ ജോലിയില്ലേലും മകളെ പൊന്ന് പോലെ പോറ്റാൻ കഴിവുള്ള ഒരാൾക്ക് അവളെ കെട്ടിച്ചു കൊടുക്കാൻ താത്പര്യം ഉണ്ടേൽ.. എനിക്ക് തരണം.. ഞാൻ പറഞ്ഞില്ലെ ഒരു കുറവും ഇല്ലാതെ പോറ്റിക്കോളാം ”

മറുപടി പറഞ്ഞില്ല മാധവൻ. ശ്രീദേവിയും മൗനമായി അതോടെ പതിയെ യാത്ര പറഞ്ഞിറങ്ങി ജീവൻ. അവൻ നടന്നു ഗേറ്റിനരികിൽ എത്തവേ പിന്നാലെ മുറ്റത്തേക്കിറങ്ങി മാധവൻ

” മോനെ…. നീ എന്തായാലും അടുത്ത ഞായറാഴ്ച അമ്മയെ കൂട്ടി ഒന്നുകൂടി വാ.. അന്ന് നമുക്ക് അകത്ത് ഇരുന്ന് ഒരു ചായയൊക്കെ കുടിച്ച് വിശദമായി സംസാരിക്കാം ”
ഒരു നിമിഷം ഉള്ളിലുണ്ടായ നോവ് മാറ്റാൻ ആ വാക്കുകൾ മാത്രം മതിയായിരുന്നു ജീവന്. കേട്ട വാക്കുകൾ അവിശ്വസനീയം ആകവേ സന്തോഷം കൊണ്ട് അവന്റെ മിഴികൾ തുളുമ്പി. ശ്രീദേവിയും ആ വാക്കുകൾ കേട്ട് പുഞ്ചിരിക്കവേ സന്തോഷത്താൽ പൊട്ടിക്കരഞ്ഞു മേഖയും.

അവിശ്വസനീയമായി നോക്കി നിന്ന ജീവനരികിലേക്ക് നടന്നടുത്തു മാധവൻ.

” മോനെ.. വേറൊന്നും കൊണ്ടല്ല.. വലിയ പുരോഗമന ചിന്തകൾ ഒന്നും ഇല്ലാത്ത ഒരു സാധാരണ അച്ഛൻ ആണ്. ആകെ ഉള്ള സ്വത്ത്‌ എന്റെ മേഖയാണ്. അവളുടെ കാര്യം ആകുമ്പോൾ ഒരുപാട് വട്ടം ചിന്തിച്ചേ ഞാൻ ചെയ്യാറുള്ളു.. മോൻ പറഞ്ഞ പോലെ ബസ് ജീവനക്കാരെ പറ്റി പലതും പറഞ്ഞ് കേൾക്കാറുണ്ട്. പലർക്കും പല പല സ്ത്രീകളുമായും അടുപ്പം ഉണ്ടെന്നും.. അങ്ങിനൊക്കെ.. പിന്നെ ഇടയ്ക്കിടക്കുള്ള അടിപിടി വാർത്തകളും… അതുകൊണ്ടാ ആദ്യം ഞാൻ.. പക്ഷെ സംസാരത്തിൽ എനിക്ക് മനസിലായത് നീ ഒരു മാന്യൻ ആണ്. പിന്നെ ഞാൻ ഉദ്ദേശിച്ചത് പോലെ മോളെ പൊന്ന് പോലെ നോക്കാനുള്ള കഴിവും നിനക്ക്‌ ഉണ്ടെന്ന് വിശ്വസിക്കുന്നു. അതുകൊണ്ട് അമ്മയുമായി വാ. നമുക്ക് വിശദമായി സംസാരിക്കാം. ഓക്കേ ആണേൽ ഉറപ്പിക്കാം ”

അയാൾ പറഞ്ഞ് നിർത്തുമ്പോൾ സന്തോഷത്താൽ മേഖയെ ഒന്ന് നോക്കി ജീവൻ. അവളുടെ മുഖത്തെ പുഞ്ചിരി അവന്റെയുള്ളിൽ കുളിർമയായി.

” എന്നെ വിശ്വസിക്കാം.. പൊന്ന് പോലെ നോക്കിക്കോളാം ഞാൻ. പിന്നെ ഒന്നും പെട്ടെന്ന് വേണ്ട.. വിശദമായി എന്നെയും കുടുംബത്തെയും പറ്റി അന്യോഷിച്ചു ഓക്കേ ആണെങ്കിൽ മതി.. അപ്പോൾ ഞായറാഴ്ച കാണാം.. ”

മാധവനോടും ശ്രീദേവിയോടും യാത്ര പറഞ്ഞ് തിരിയുമ്പോൾ ഏറെ സന്തോഷവാനായിരുന്നു ജീവൻ. മേഖയും ഏറെ സന്തോഷിച്ചു. ശ്രീദേവിയുടെ മാറിലേക്ക് ചാഞ്ഞു അവൾ..

എല്ലാം മംഗളമാകണെ ന്ന് പ്രാർത്ഥിച്ചു മാധവനും തിരികെ വീട്ടിലേക്ക് കയറി.

” താങ്ക്സ് അച്ഛാ.. താങ്ക് യൂ സോ മച്ച്.”

കേറിയ പാടെ അയാളുടെ കവിളിൽ ഒരു മുത്തം നൽകി മേഖ.

“അപ്പോ എന്റെ കുട്ടിക്ക് കല്യാണപ്രായം ഒക്കെ ആയി അല്ലേ.. ഞാൻ കരുതിയത് ഇപ്പോഴും ആ പഴേ പത്തുവയസ്സ് കാരി പാവാടക്കാരിയാണെന്നാ.. ”

മാധവന്റെ ആ കമന്റിൽ ശ്രീദേവിയും പൊട്ടിച്ചിരിക്കവേ നനത്താൽ വീടിനുള്ളിലേക്ക് ഓടി മേഖ.