ഒരുവട്ടമൊന്നും പോരാ പൊന്നെ.. നിന്നെ എത്ര അറിഞ്ഞാലും വീണ്ടും വീണ്ടും കൊതി കൂടി വരികയാണ്.. “വല്ലാത്ത ആവേശത്തോടെ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

ഉച്ചസമയം.. വീടിന്റെ ഹാളിലെ സെറ്റിയിൽ അല്പസമയം മൗനമായിരുന്നു മാധവനും ഇന്ദുവും.

“ചേട്ടാ.. മക്കളോട് പറയണ്ടേ കാര്യങ്ങൾ.. ”

നിശബ്ദതയെ കീറിമുറിച്ചുള്ള ഇന്ദുവിന്റെ ആ ചോദ്യത്തിന് മുന്നിൽ മൗനമായി മാധവൻ. ഉള്ളിലെ വേദന അയാളുടെ മുഖത്ത് നിഴലിച്ചു നിന്നിരുന്നു.

” ചേട്ടാ.. ഇങ്ങനെ തളരല്ലേ.. എനിക്കിനി ധൈര്യം തരേണ്ടത് നിങ്ങളാണ്… ഇനിയുള്ള രണ്ട് മാസം നിങ്ങളോടും മക്കളോടുമൊപ്പം മതി വരുവോളം സന്തോഷിക്കണം എനിക്ക്… ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിക്കണം നിങ്ങൾക്ക്. ഞാൻ ഒരു സുപ്രഭാതത്തിൽ ഇല്ലാണ്ടാകുമ്പോൾ ആ ഓർമകളിലൂടെ പിന്നുള്ള നാളുകളിൽ നിങ്ങളുടെ മനസ്സിൽ ഞാൻ ജീവിക്കും ”

പറഞ്ഞു നിർത്തുമ്പോൾ അറിയാതെ വിതുമ്പി പോയി ഇന്ദു.

” ഏയ്.. എന്തൊക്കെയാ നീ ഈ പറയുന്നേ ഡോക്ടർ അങ്ങിനെ പലതും പറയും അതൊക്കെയും നടക്കണമെന്നില്ലല്ലോ.. നീ ചുമ്മാ എഴുതാ പുറം വായിക്കാതെ.. ”

മാധവന്റെ ശബ്ദവും ഇടറുന്നുണ്ടായിരുന്നു.

മറുപടി ഒന്നും പറഞ്ഞില്ല ഇന്ദു. മിഴികൾ തുടച്ചു കൊണ്ടവർ പതിയെ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.

നീണ്ടു നിന്ന ക്യാൻസർ ചികിത്സകൾക്കൊടുവിൽ അന്നാണ് ഡോക്ടർ ആ വേദനിപ്പിക്കുന്ന സത്യം അവരെ അറിയിക്കുന്നത്. ഇന്ദുവിന്റെ ജീവന് ഇനി പരമാവധി രണ്ട് മാസങ്ങൾ മാത്രമേ ആയുസുള്ളൂ.. കേട്ടപ്പോൾ ആകെ അടിമുടി വിറങ്ങലിച്ചു പോയിരുന്നു അവർ രണ്ട് പേരും. പെട്ടെന്ന് എല്ലാവരെയും വിട്ടൊരു പോക്ക്.. അത് മനസ്സ് കൊണ്ട് ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല ഇന്ദുവിന്. മകൻ ആനന്ദ് എസ് ഐ ടെസ്റ്റ്‌ പാസ്സ് ആയി വരുന്ന ദിവസം ആയിരുന്നു അവരുടെ ഏറ്റവും വലിയ സ്വപ്നം. ഒപ്പം തന്നെ മകൾ ആതിരയുടെ വിവാഹവും. ആ സ്വപ്നങ്ങൾ ഒക്കെയും നിറവേറ്റുവാൻ കഴിയില്ല എന്നോർത്തപ്പോൾ ഇന്ദുവിന്റെ ഉള്ളു പിടഞ്ഞു.

” ഡോക്ടർ.. ഇനി.. ഇനി ഒന്നും ചെയ്യാൻ പറ്റില്ലേ നമുക്ക്.. ”

അവസാന പ്രതീക്ഷയിൽ മാധവൻ ചോദിക്കുമ്പോൾ ആ ഡോക്ടർ നിശബ്ദനായിരുന്നു. ഉരുകിയിരുകിയാണവർ രണ്ട് പേരും വീട്ടിലേക്കെത്തിയത്.

അന്ന് വൈകുന്നേരം ആതിര കോളേജിൽ നിന്നും ഇറങ്ങുമ്പോൾ അവളെ കൂട്ടാൻ ആനന്ദ് എത്തിയിരുന്നു.

” എന്താന്ന് അറിയില്ല.. നിന്നേം വിളിച്ചു നേരെ വീട്ടിലേക്കെത്താൻ അച്ഛന്റെ വിളിച്ചു പറഞ്ഞു അതാ ഞാൻ വന്നേ. ”

അവൻ പറഞ്ഞത് കേട്ട് ആതിരയുടെയും നെറ്റി ചുളിഞ്ഞു. ആനന്ദിന്റെ ബൈക്കിൽ അവർ വേഗത്തിൽ വീട്ടിലേക്ക് പാഞ്ഞു. അവിടെയെത്തുമ്പോൾ ഹാളിൽ തന്നെയുണ്ടായിരുന്നു മാധവനും ഇന്ദുവും. രണ്ടാളുടെയും മുഖത്തെ ക്ഷീണം അവരുടെ മുഖത്ത് സംശയത്തിന്റെ നിഴൽ പടർത്തി.

” അച്ഛാ.. എന്താ പെട്ടെന്ന് വരണം ന്ന് പറഞ്ഞെ എന്തേലും പ്രോബ്ലം ഉണ്ടോ ”

” അമ്മേ.. എന്തെ എന്ത് പറ്റി.. ഇന്ന് ഹോസ്പിറ്റലിൽ പോയിട്ട് എന്തേലും പ്രശ്‌നം ഉണ്ടോ ”
മക്കൾ മാറി മാറി ചോദിക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു ഇന്ദു.

” നിങ്ങളൊക്കെ വല്യ കുട്ടികൾ അല്ലെ അതുകൊണ്ട് തന്നെ കൂടുതൽ മുഖവുരയൊന്നും ആവശ്യമില്ല .. ഞാൻ ഇനി അധികം നാൾ നിങ്ങടൊപ്പം ഉണ്ടാകില്ല മക്കളെ…. ഏറിപ്പോയാൽ രണ്ട് മാസങ്ങൾ മാത്രം ”

കേട്ടത് കാതുകളിൽ തുളഞ്ഞു കയറുന്നത് പോലെയാണ് ആനന്ദിനും ആതിരയ്ക്കും തോന്നിയത്. പിന്നീടുള്ള നിമിഷങ്ങളിൽ ആ വീട്ടിൽ കണ്ണീർ പുഴയൊഴുകി. തളർന്നു പോയ മക്കൾക്ക് ആശ്വാസം പകർന്നു ആ അമ്മ. പിന്നീടുള്ള നാളുകളിൽ പരമാവധി സന്തോഷം കണ്ടെത്താൻ ശ്രമിച്ചു ഇന്ദു. അവളെ പരമാവധി സന്തോഷവതിയാക്കുവാൻ വേണ്ടി മാധവനും മക്കളും ഒരുപോലെ ശ്രമിക്കുകയും ചെയ്‌തു. പക്ഷേ വിധി… അതിനെ തടുക്കാൻ ആർക്കും കഴിയുമായിരുന്നില്ല. രണ്ട് മാസമല്ല മൂന്ന് മാസത്തോളം സന്തോഷമായി ജീവിച്ചു അവൾ. പിന്നൊരു ദിവസം പകൽ ഏറെ അവശയായി. ഹോസ്പിറ്റലിൽ എത്തി വൈകിട്ടിനകം ഇരലോകവാസം വെടിഞ്ഞു.

” നിർത്ത് നിർത്ത്.. ഇതെന്തോന്ന് ദുരന്ത സീരിയലോ.. ഇമ്മാതിരി ഐറ്റം ഒന്നും വേണ്ട നമുക്ക്.. ”

ഐസക്ക് ചാടി എഴുന്നേൽക്കുമ്പോൾ ഒന്ന് പരുങ്ങി സത്യൻ. ഒന്ന് പാളി നോക്കുമ്പോൾ കേട്ടിരുന്ന സിദ്ദിഖിന്റെയും മുഖത്ത് തെളിച്ചം കണ്ടില്ല. അതോടെ തന്റെ കഥ പൊളിഞ്ഞു എന്ന് മനസിലാക്കി അവൻ.

” സാറേ.. ഇതിപ്പോ ഞാൻ ജസ്റ്റ് ഡ്രാഫ്റ്റ് ആക്കി ട്ട് ഒന്ന് പറഞ്ഞതാണ്. സിനിമ ആകുമ്പോ കുറെ കൂടി ഉണ്ട്. ഇതിനിടക്ക് പ്രണയവും ആക്ഷനും ഒക്കെ ചേരും. ക്‌ളൈമാക്സ് മാത്രം നൊമ്പരമായി അങ്ങ് അവസാനിക്കും. സംഭവം കേറി കൊളുത്തും സാറേ.. അനുഗ്രഹീതൻ ആന്റണി പടമൊക്കെ കേറി കൊളുത്തിയത് നമ്മൾ കണ്ടതല്ലേ.. ”

പരമാവധി അവരെ വീഴ്ത്താൻ ശ്രമിച്ചു സത്യൻ. എന്നാൽ ഫലമുണ്ടായില്ല.

” എന്റെ സത്യാ… തന്റെ ഈ മുപ്പത് വയസ്സ് പ്രായവും സത്യൻ എന്നുള്ള പേരും തന്നെ തമ്മിൽ ഒട്ടും യോജിക്കുന്നില്ല. എന്നിട്ടും കഥ കേൾക്കാം ന്ന് വച്ചത് നിങ്ങൾ യൂത്തിന്റെ കയ്യിൽ ചിലപ്പോൾ ഫ്രഷ് ഐറ്റങ്ങൾ ഉണ്ടാകും ന്നുള്ള പ്രതീക്ഷയിൽ ആണ്.. ഇതിപ്പോ സെയിം ക്ലീഷേ.. ഇതൊക്കെ ഞങ്ങൾ പ്രൊഡ്യൂസ് ചെയ്യാൻ നിന്നാൽ കുത്തുപാള എടുത്തു പോകും ”

നിരാശയോടെയാണ് സിദ്ദിഖ് എഴുന്നേറ്റത്..

” സാറേ സത്യൻ എന്ന് അച്ഛൻ ഇട്ട പേരാണ് പുള്ളി പഴേ സത്യൻ മാഷ് ഫാൻ ആണ്.. പിന്നെ ഒരു ഫാമിലി ലൈൻ പിടിച്ചാണ് സാറേ ഇത് ഞാൻ എഴുതിയത്. ഫാമിലി ഓഡിയൻസ് കേറി കൊളുത്തും ന്ന് ഉള്ള വിശ്വാസത്തിൽ ”

ദയനീയമായി അയാളെ നോക്കി സത്യൻ.

” എടോ.. താൻ ഈ ലൈൻ വിട്. എന്നിട്ട് നല്ലൊരു മാസ് മസാല പിടിക്ക് ഇച്ചിരി എരിവും പുളിവും ഒക്കെയുള്ള ഒരു ഫെസ്റ്റിവൽ ഐറ്റം. അതല്ലേൽ ഒരു ക്രൈം ത്രില്ലെർ.. അതാകുമ്പോ നമുക്ക് മാർക്കറ്റ് ചെയ്ത് ആളെ കയറ്റാം.. അല്ലാതെ ഇ ഫാമിലി മൂവീസ് ഒക്കെ ഔട്ട്‌ ആയി തുടങ്ങി ”

സിദ്ദിഖ് നേരെ ചെന്ന് ഷെൽഫിൽ നിന്നും ഒരു ബോട്ടിൽ മദ്യം എടുത്ത് അത് ഗ്ലാസ്സിലേക്ക് ഒഴിച്ചു. ആ സമയം ഐസക്കും പതിയെ എഴുന്നേറ്റ് അവിടേക്ക് ചെന്നു.

” സാറേ എന്റേൽ അങ്ങിനെ ഒരു ഐറ്റം കൂടി ഉണ്ട്. ഞാൻ ആദ്യത്തെ സീൻ വേണേൽ ഒന്ന് പറയാം ഫുൾ ആയിട്ടില്ല നിങ്ങൾക്ക് നു ഓക്കേ ആണേൽ ബാക്കി എഴുതാം. ”

വീണ്ടും പ്രതീക്ഷയോടെ ഉറ്റുനോക്കി സത്യൻ.

” എന്നാൽ താൻ അത് പറയ് ഒന്ന് കേട്ട് നോക്കട്ടെ ”

ഇത്തവണ ഐസക്ക് ആണ് മറുപടി പറഞ്ഞത്. ശേഷമവർ കയ്യിൽ ഒരു പെഗ്ഗുമായി വീണ്ടും സെറ്റിയിലേക്ക് ചെന്ന് ഇരുന്നതോടെ സത്യൻ കഥ പറച്ചിൽ ആരംഭിച്ചു

” സാറേ ഇതൊരു ക്രൈം ത്രില്ലർ പ്ലസ് മാസ് മസാല ആണ്.. തുടക്കം ഞാൻ പറയാം.. ”

പെട്ടെന്ന് അവന്റെ മുഖഭാവമൊക്കെ മാറി വളരെ സീരിയസ് ആയി.

“രാത്രിയുടെ ആ രണ്ടാം യാമത്തിൽ അയാൾ പതിയെ ആ മുറിയുടെ വാതിൽ തുറന്ന് അകത്തേക്ക് കയറി. അവിടെ പൊട്ടിചിതറി കിടക്കുന്ന വീട്ടുപകരണങ്ങൾക്ക് നടുവിൽ വാടി തളർന്നു കിടന്നിരുന്നു അവൾ പൂർണ്ണ നഗ്നയായ അവളുടെ മേനിയഴക് കാൺകെ അയാളുടെ മിഴികളിൽ വീണ്ടും കാമാഗ്നി തെളിഞ്ഞു.

” ഒരുവട്ടമൊന്നും പോരാ പൊന്നെ.. നിന്നെ എത്ര അറിഞ്ഞാലും വീണ്ടും വീണ്ടും കൊതി കൂടി വരികയാണ്.. ”

വല്ലാത്ത ആവേശത്തോടെ അയാൾ അവൾക്ക് നേരെ അടുത്തു.

” സാർ.. പ്ലീസ്.. എന്നെ ഇനി ഒന്നും ചെയ്യരുത്.. വെറുതെ വിടണം പ്ലീസ്.. ”

ആ ആവശതയിലും കെഞ്ചുകയായിരുന്നു അവൾ. പക്ഷെ ആ കഴുകന്റെ മുന്നിൽ ആ കെഞ്ചൽ വിഫലമായി.
അടങ്ങാത്ത കാമാഗ്നിയിൽ അയാൾ വീണ്ടും അവളെ പ്രാപിച്ചു. വേദനയാലുള്ള അവളുടെ തേങ്ങലുകൾ കാറ്റിൽ അലിഞ്ഞു ചേർന്നു ”

ഒന്ന് നിർത്തി നോക്കുമ്പോൾ ആകാംഷയിൽ നോക്കി ഇരിക്കുകയായിരുന്നു ഐസക്കും സിദ്ദിക്കും. ആ ഭാവം കണ്ട് സംഗതി ഏറ്റു എന്ന് മനസിലായി സത്യന്..

” സാറേ എങ്ങിനുണ്ട് ഫസ്റ്റ് സീൻ.. ശേഷം അവളെ ക്രൂരമായി കൊല്ലുന്നു. കൊലപാതകിയെ ഒരു നിഴലുപോലെ മാത്രം കാണിക്കാം ആള് ആരെന്ന് അവസാനം സസ്പെൻസ്. ”

” ഇത് പൊളിക്കും.. മോനെ.. നീ മനസ്സ് അറിഞ്ഞൊന്ന് എഴുത് ബാക്കി. നല്ല കലക്കൻ ഒരു ക്രൈം ത്രില്ലെർ ആക്കാം.. ”

സിദ്ദിക്കിന് ആ കഥ പൂർണമായും ബോധിച്ചു.
അപ്പോൾ ഐസക്ക് മറ്റൊരു ചിന്തയിൽ ആയിരുന്നു.

” എടോ.. ആ പെങ്കൊച്ചിന്റെ റോൾ ആർക്ക് കൊടുക്കാം.. റേപ്പ് അല്ലെ അപ്പോ ഫുൾ നേക്കഡ് ആയി അഭിനയിക്കാൻ ആരേലും ഉണ്ടോ ന്ന് നോക്കാം.. മറയ്ക്കേണ്ടത് വിഡിയോയിൽ ബ്ലർ ആക്കി കാണിച്ചാൽ പോരെ. ”

ഒരു കണ്ണിറുക്കി കുസൃതി ചിരിയോടെ അയാൾ അത് പറയുമ്പോൾ സിദ്ദിഖിനു കാര്യം മനസിലായി.

” എടോ കഴിഞ്ഞ പടത്തിലെ ആ പുതുമുഖത്തിനെ കൊണ്ട് നടന്ന് തിന്നിട്ടും തനിക്ക് കൊതി തീർന്നില്ല അല്ലെ. ”

മറുപടി പറയാതെ നാണത്തിൽ പതിയെ കയ്യിൽ ഇരുന്ന ഗ്ലാസ് ചുണ്ടോട് ചേർത്തു മദ്യം നുണഞ്ഞു ഐസക്ക്.

അതൊക്കെയും കണ്ട് നിന്ന സത്യനാകട്ടെ ഉള്ളിൽ കലി കയറി.

‘ കള്ള കിളവന്മാരുടെ ഓരോ പൂതികള് ‘

അമർഷത്തോടെ പിറുപിറുത്തു അവൻ.

അപ്പോഴേക്കും ഐസക്ക് സത്യന് നേരെ തിരിഞ്ഞു.

” എടോ ഈ കഥ ഒന്ന് പൊലിപ്പിച്ച് എഴുത്. ഒന്നല്ല രണ്ട് മൂന്ന് പെൺപിള്ളേരെ കൊന്ന് കളഞ്ഞേക്ക് എന്നാലേ അന്യോഷിക്കാൻ ഒരു മൂഡ് വരുള്ളൂ…. എന്നിട്ട് കൊണ്ട് വാ ഓക്കേ ആണേൽ നമുക്ക് ഈ പ്രൊജക്റ്റ്‌ ചെയ്യാം ”

ആ വാക്കുകളിലും ദ്വയാർത്ഥം നിറഞ്ഞു. എന്നാൽ വര്ഷങ്ങളായി സിനിമ സ്വപ്നം കണ്ട് നടന്ന സത്യന് ഏറെ പ്രതീക്ഷ നൽകുന്ന വാക്കുകൾ ആയിരുന്നു അത്.

” സത്യമാണോ.. സാർ.. ഞാൻ.. ഞാൻ ഉറപ്പായും എഴുതാം.. ഒരു മാസത്തിനുള്ളിൽ ഫുൾ സ്ക്രീപ്റ്റ് ഞാൻ തരാം.. ”

ആവേശത്തിൽ അത് പറയുമ്പോൾ അവന്റെ മിഴികളിൽ നനവ് പടർന്നിരുന്നു. ശബ്ദം വിറച്ചിരുന്നു.

“ഹാ.. സന്തോഷമായല്ലോ അല്ലെ… എന്നാൽ വിട്ടോ താൻ.. ഉടനെ തന്നെ കാണണം നമുക്ക് വീണ്ടും ”

ചുമലിൽ തട്ടി സിദ്ദിഖ് അത് പറയുമ്പോൾ സന്തോഷത്തോടെ തിരിഞ്ഞു നടന്നു സത്യൻ

“എടോ കഴിഞ്ഞ ഓഡിഷന് വന്ന ആ ചുരുളൻ മുടിക്കാരിയെ ഓർമ ഇല്ലേ.. ആ ജീൻസും ടീ ഷർട്ടും ഇട്ട് വന്ന… ഒരു പെങ്കൊച്ചിന്റെ റോള് നമുക്ക് അവൾക്ക് കൊടുക്കാം… അവളെ അന്നേ ഞാൻ നോട്ടം ഇട്ടതാ..നമ്പർ വാങ്ങി വച്ചിട്ടുണ്ട്.. ”

” ആ അവള് കലക്കും.. വേറെയും ഒന്ന് രണ്ട് പേര് എന്റെ ലിസ്റ്റിൽ ഉണ്ട് ”

പിന്നിൽ വലിയ ചർച്ചകൾ തുടങ്ങിയിരുന്നു ഐസക്കും സിദ്ദിക്കും. അത് കേൾക്കെ പുച്ഛമാണ് സത്യന് തോന്നിയത്

” കഷ്ടം കേട്ട കഥയല്ല.. അഭിനയിക്കുന്നവരെ തിരഞ്ഞെടുക്കാൻ ആണ് കിളവന്മാർക്ക് ആർത്തി.. കാശ് ഉണ്ടായിട്ട് എന്ത് കാര്യം.. കല തൊട്ട് തീണ്ടീട്ടില്ല.. നല്ലൊരു ഫാമിലി സ്റ്റോറി പറഞ്ഞപ്പോ അവന്മാർക്ക് വേണ്ടത് മസാല.. രണ്ടും മീ ടൂ വിൽ പെടുന്നേനു മുന്നേ എങ്ങിനെയും ഈ സിനിമ യാഥാർഥ്യമാക്കണം.. ”

മനസിൽ ഉറപ്പിച്ചു കൊണ്ട് പ്രതീക്ഷയിൽ റോഡിലേക്കിറങ്ങി നടന്നു അവൻ..

‘ കഥ.. തിരക്കഥ സംവിധാനം.. സത്യൻ വലിയപുരയ്ക്കൽ ‘

അപ്പോൾ അവന്റെ ഉള്ളിലെ വലിയ സ്വപ്നം അതായിരുന്നു.

(ശുഭം )