അപ്പോഴാണ് ഞാൻ കണ്ണുകൾ തിരുമ്മി തല ഉയർത്തി ഭാര്യയെ നന്നായൊന്ന് നോക്കിയത്. അവളുടെ കയ്യിൽ ഉലക്ക ആയിരുന്നില്ല..

(രചന: ഞാൻ ഗന്ധർവ്വൻ)

“അപ്പൊ ഇങ്ങള് കഥയൊക്കെ എഴുതും ല്ലേ…?”

നേരം വെളുക്കുമ്പോൾ തന്നെ കയ്യിൽ ഉലക്കയും പിടിച്ചുള്ള ഭാര്യയുടെ ചോദ്യം കേട്ടപ്പോൾ ഞാനൊന്ന് ഞെട്ടി

“സത്യായിട്ടും ഞാനിനി കഥ എഴുതില്ല. ഒരു തെറ്റ് പറ്റിപ്പോയി”

ഇതും പറഞ്ഞ് ഞാൻ കട്ടിലിൽ നിന്നും ചാടി ഭാര്യയുടെ രണ്ട് കാലും മുറുകെ പിടിച്ചു

“എന്നെ തല്ലരുത്. ഞാനിനി എഴുതില്ല”

“ഇങ്ങക്ക് എന്താണ് മനുഷ്യാ…? നേരം വെളുക്കുമ്പോൾ തന്നെ പിച്ചും പേയും പറയുന്നേ…?”

അപ്പോഴാണ് ഞാൻ കണ്ണുകൾ തിരുമ്മി തല ഉയർത്തി ഭാര്യയെ നന്നായൊന്ന് നോക്കിയത്. അവളുടെ കയ്യിൽ ഉലക്ക ആയിരുന്നില്ല, മഫ് ആയിരുന്നു. ഉറക്ക പിച്ചിലെ ഓരോ തോന്നലുകൾ.

ഞാൻ പല്ലിളിച്ച് അവളുടെ കാലിൽ നിന്നും പിടിവിട്ട് മെല്ലെ എഴുന്നേറ്റു. അല്ല എന്നേയും കുറ്റം പറയാൻ പറ്റില്ല.
കാരണം കഥ എഴുതുക എന്നൊക്കെ പറഞ്ഞാൽ എന്റെ വീട്ടിൽ എന്തോ മഹാപാപമാണ്

“നിന്നോടിപ്പോ ആരാ പറഞ്ഞേ ഞാൻ എഴുതും എന്ന്…?”

“ഉം… അതൊക്കെ ഞാൻ അറിഞ്ഞു”

എഴുതാൻ തുടങ്ങീട്ട് വർഷങ്ങൾ ഏറെയായി. ഞാൻ എഴുതുന്ന കഥകൾ വായിച്ചിട്ട് ഞാൻ ആരെന്ന് പോലും അറിയാത്ത പലരും നല്ലത് പറയുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാവാറുണ്ട്.

സ്വന്തം വീട്ടിലുള്ള ആർക്കും ഞാൻ ഫേസ്ബുക്കിൽ എഴുതുന്നത് അറിയില്ലായിരുന്നു. ഞാൻ എഴുതിയ പല കഥകളും എന്റെ ജീവിതത്തിൽ ഞാൻ കടന്നുപോയ വഴികളും, കണ്ടതും കേട്ടതുമായ പല അനുഭവങ്ങളുമൊക്കെയാണ് എന്നൊന്നും ഞാൻ പറയുന്നില്ല. മനസ്സിൽ തോന്നുന്നത് എല്ലാം എഴുതും.

വീട്ടിൽ ഉപ്പയും ഉമ്മയും ഇക്കയും ഒന്നിച്ചിരുന്ന് കുശലം പറയുന്ന നേരങ്ങളിൽ ഞാൻ എഴുതിയ കഥകളോ ഉള്ളിലുള്ള ആശയങ്ങളോ അവരോട് പറയാൻ ശ്രമിച്ചാൽ നല്ല കളിയാക്കലായിരുന്നു കിട്ടിയിരുന്നത്

“ന്റെ ഫൈസീ, അനക്ക് വേറെ പണിയൊന്നും ഇല്ലേ…? ചെറിയ കുട്ടികളെ പോലെ ഇങ്ങനെ കഥകളും എഴുതി നടക്കാണ്. അനക്ക് തലക്ക് വല്ല കുഴപ്പോം ഉണ്ടോ…? അള്ളാനേ വിചാരിച്ച് നീ എഴുതിയ കഥ ഞങ്ങളോട് പറയല്ലേ”

പരിഹാസങ്ങൾ, കളിയാക്കലുകൾ ആഹാ അന്തസ്സ്. വലിയ തറവാട്ടുകാരാണ്. ഫാമിലി മൊത്തം ബിസിനസുകാർ ആണ്. അതിന്റെ എല്ലാ അഹങ്കാരവും വീട്ടുകാർക്കുണ്ട്. അതുപിന്നെ അങ്ങനെ ആണല്ലോ അല്ലേ.

ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ കിട്ടിയ ഒരുപാട് സർട്ടിഫിക്കേറ്റുകൾ എവിടെയോ പൊടിയും പിടിച്ച് കിടപ്പുണ്ട്.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ യുവജനോത്സവത്തിൽ അധ്യാപകരുടെ മക്കളുടെ നാടകത്തിന് ഒപ്പം ഞാൻ രചിച്ച നാടകവും മത്സരിച്ചിരുന്നു. ഞങ്ങൾക്കായിരുന്നു അന്ന് ഒന്നാം സമ്മാനം കിട്ടിയത്. സ്റ്റേറ്റ് ലെവലിൽ പോയി ഫസ്റ്റും കിട്ടി.

പിന്നെ മിമിക്രി, മോണോആക്ട്, പ്രച്ഛന്നവേഷം, ഓട്ടം ചാട്ടം അങ്ങനെ പലതിലും ഒന്നാം സമ്മാനം കിട്ടിയതിന്റെ സിർട്ടിഫിക്കറ്റ് വീട്ടിലെ തട്ടിൻപുറത്ത് ഇരിപ്പുണ്ട്. സത്യം പറഞ്ഞാൽ ആ സിർട്ടിഫിക്കറ്റ് ഒന്നും എന്റെ വീട്ടുകാർ കണ്ടിട്ട് പോലും ഉണ്ടാവില്ല.

ഞാൻ ഇപ്പൊ ഇതൊക്കെ പറയാൻ കാരണം, ഇന്നലെ എന്റെ മനസ്സിനെ ഒരുപാട് സന്തോഷിപ്പിച്ച ഒരു സംഭവം ഉണ്ടായി. കസിൻ ബ്രോക്ക് അവന്റെ കോളേജ് മാഗസിന് വേണ്ടി ഒരു കഥയും കവിതയും എഴുതി കൊടുത്തു. അത് അവിടെ എല്ലാവർക്കും ഇഷ്ടായി. അവന്റെ മാഡം എന്നെ വിളിച്ച് ഒരുപാട് സംസാരിച്ചു.

എഴുത്തിനെ അഭിനന്ദിച്ചു. ഇതൊക്കെ അറിഞ്ഞ എന്റെ ഉപ്പയും ഉമ്മയും പിന്നെ എന്നെ ഏറ്റവും കൂടുതൽ വിമർശിച്ചിരുന്ന ഭാര്യയും എന്നോട് അവന് കൊടുത്ത കഥ എന്താണ് എന്ന് പറയാൻ ആവശ്യപ്പെട്ടു. സത്യം പറഞ്ഞാൽ അവരത് പറയാൻ പറഞ്ഞപ്പോൾ ഒരു ഓസ്കാർ കിട്ടിയ അനുഭൂതി ആയിരുന്നു എനിക്ക്.

കാരണം ആദ്യമായിട്ടാണ് വീട്ടിലുള്ളവർ ഇങ്ങനെയൊക്കെ എന്നോട് സംസാരിക്കുന്നത്. ഞാൻ ഒരു പിഞ്ചു പൈതലിന്റെ മനസ്സോടെ ആവേശത്തോടെ അവരോട് ആ കഥ മുഴുവൻ വിവരിച്ച് വിശദമായി പറഞ്ഞു കൊടുത്തു. ഭാര്യ എന്നെ നോക്കി

“ഇത് ഇങ്ങള് എഴുതിയ കഥ തന്നെയാണോ…? ഇങ്ങക്ക് ഇങ്ങനെയൊക്കെ എഴുതാൻ അറിയോ…?”

ഭാര്യയുടെ ആ ചോദ്യത്തിന്റെ ഉത്തരം ഞാൻ ഒരു പുഞ്ചിരിയിൽ ഒതുക്കി. ഉമ്മയും ഉപ്പയും എന്നെത്തന്നെ നോക്കി ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഭാര്യയോട് ഞാൻ ഇരുന്നൂറിൽ കൂടുതൽ കഥകൾ എഴുതിയിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അത്ഭുതം. ഉപ്പ അപ്പോൾ പറഞ്ഞ ആ വാക്കാണ് ഇപ്പോൾ ഈ എഴുത്ത് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്

“നീ എഴുതുന്ന കഥകൾ സ്ഥിരമായി അഹാനക്ക് അയച്ച് കൊടുക്കാറുണ്ട് എന്ന് അവൾ പറയാറുണ്ട്. (കസിൻ സിസ്റ്ററാണ് സന. ഡോക്ടറാണ് അവൾ) ഞാൻ അവളോട് എപ്പോഴും പറയും, അവന് വട്ടാണ് ഈ കുടുംബത്ത് ഇങ്ങനെ ഒരുത്തൻ എങ്ങനെ ജനിച്ചു എന്നൊക്കെ. അവൻ എഴുതുന്ന വട്ട് വായിക്കാൻ നിന്നെപ്പോലെ കുറേ ആളുകളും. അപ്പോഴെല്ലാം അവൾ പറയാറുണ്ട്.

അത് ഇങ്ങക്ക് ഫൈസിക്കയെ അറിയാഞ്ഞിട്ടാണ്, മൂപ്പരെ കഥകളൊക്കെ കൊള്ളാം എന്ന്. അപ്പോഴൊക്കെ പുച്ഛമായിരുന്നു എനിക്ക് തോന്നിയിരുന്നത്. പക്ഷേ അന്നൊന്നും ഞാൻ നീ എഴുതിയ ഒരു കഥപോലും വായിച്ചിട്ടില്ലായിരുന്നു. പക്ഷേ, ഈ നിമിഷം മുതൽ ഞാൻ നിന്റെ ഫാനാണ്”

ശരിക്കും ഓസ്കാർ കിട്ടിയ പോലെ തോന്നി ആ നിമിഷം. ഫേസ്ബുക്കിൽ പതിനായിരം ലൈക്ക് കിട്ടിയാലും ചുറ്റിലും ഉള്ളവർ നല്ലത് പറയുമ്പോൾ കിട്ടുന്ന ആ ഒരു ഫീൽ ഉണ്ടല്ലോ… അതൊരു ഫീൽ തന്നെയാ. എന്ന് നിങ്ങളുടെ ഫേസ്ബുക്കിലെ ഗന്ധർവ്വൻ…