ഇന്ന് നേരം വെളുത്താൽ അവളെ കല്യാണം അല്ലേ. എന്ത്‌ പണിയാ ആ കുട്ടി കാണിച്ചേ. ന്റെ ഈശ്വരാ ചെക്കന്റെ വീട്ടുകാരോട്..

(രചന: ഞാൻ ഗന്ധർവ്വൻ)

“ചതിച്ചല്ലോ ദൈവമേ, മോള് കത്തെഴുതി വെച്ച് നാട് വിട്ടിരിക്കുന്നു”

ഭാസ്കരൻ മുതലാളി കയ്യിൽ കത്തും പിടിച്ച് ഭാര്യയെ നോക്കി അലറി

“ഇന്ന് നേരം വെളുത്താൽ അവളെ കല്യാണം അല്ലേ. എന്ത്‌ പണിയാ ആ കുട്ടി കാണിച്ചേ. ന്റെ ഈശ്വരാ ചെക്കന്റെ വീട്ടുകാരോട് ഇനിയെന്ത് പറയും”

ഇതേ സമയം റെയിൽവേ സ്റ്റേഷനിൽ…

“ചേട്ടാ ഈ ട്രെയിൻ എങ്ങോട്ടാ പോണേ”

ട്രെയിനിനരികിൽ മാസ്കും ഇട്ടോണ്ട് മൊബൈലിൽ ഗെയിം കളിച്ചോണ്ട് നിക്കുന്ന മനുവിനെ നോക്കി അനാമിക ഇത് ചോദിച്ചപ്പോൾ അവൻ ട്രെയിനിലേക്ക് ഒന്ന് നോക്കി

“സത്യം പറഞ്ഞാൽ ഞാനും അതാ നോക്കുന്നേ”

“ആഹാ, ഇതൊന്നും അറിയാതെ ആണോ ഇവിടെ ഗെയിമും കളിച്ച് നിക്കുന്നേ”

മനു അവളെ അടിമുടി ഒന്ന് നോക്കി

“ആഹാ, ഇയാള് ആള് കൊള്ളാലോ. ഇയാൾക്ക് എങ്ങോട്ടാ പോവെണ്ടേ”

ഈ ചോദ്യം കേട്ടപ്പോൾ അവളൊന്ന് പരുങ്ങി, അവളോട് സംസാരിക്കുമ്പോഴും ഗെയിം കളി മനു തുടർന്നു

“അതുപിന്നെ… അത്…”

“അതെന്താ ഇയാൾക്ക് പോവാനുള്ള സ്ഥലത്തിന് പേരില്ലേ”

ഇതും പറഞ്ഞ് മനു അവളെ സൂക്ഷിച്ചൊന്ന് നോക്കി, എന്നിട്ട് ഗെയിം കളി തുടർന്നു

“കണ്ടിട്ട് ഒരു കള്ള ലക്ഷണം ഉണ്ടല്ലോ. വല്ല ഒളിച്ചോട്ടവും ആണോ പ്ലാൻ”

അനാമിക അത്ഭുതത്തോടെ മനുവിനെ നോക്കി

“ഇയാൾക്ക് എങ്ങനെ മനസിലായി, ജ്യോൽസ്യൻ ആണോ”

“അതുശരി, അപ്പൊ ഒളിച്ചോട്ടം ആണല്ലേ. കൊള്ളാലോ നീ. എന്നിട്ട് ചെക്കൻ എവിടെ”

അനാമികയുടെ മുഖം പെട്ടെന്ന് മാറി

“കോളേജ് ലൈഫ് തൊട്ട് ഒരു തെണ്ടിയെ ജീവനായിരുന്നു. അവനായിരുന്നു എന്റെ ലോകം. ആ തെണ്ടി എന്നെ നന്നായൊന്ന് തേച്ചു”

ഒന്ന് നിറുത്തിയിട്ട് അനാമിക മനുവിനെ നോക്കി. ഗെയിം കളിക്കുന്നുണ്ടെങ്കിലും അവൾ പറയുന്നത് അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു

“നാളെ എന്റെ കല്യാണമാണ്. കല്യാണം ഉറപ്പിക്കാൻ തീരുമാനിച്ചത് മുതൽ ഞാൻ അവനോട് പറഞ്ഞിരുന്നു എന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ.

പക്ഷേ, അവൻ നൈസായി ഒഴിഞ്ഞ് മാറി. അപ്പോഴൊന്നും എനിക്ക് സംശയം തോന്നിയില്ല. ഞാൻ കരുതി സ്ഥിരമായി ഒരു ജോലി ഇല്ലാത്തത് കൊണ്ടാണ് വീട്ടിൽ വന്ന് സംസാരിക്കാൻ മടി എന്ന്.

പക്ഷേ, ഞാൻ ഇന്ന് വീട് വിട്ടിറങ്ങും നമുക്ക് എവിടെയെങ്കിലും പോയി ജീവിക്കാം എന്ന് പറഞ്ഞപ്പോൾ ഈ റെയിൽവേ സ്റ്റേഷനിൽ വരാം എന്ന് പറഞ്ഞ് ഫോൺ വെച്ചതാണ്. എനിക്കാണേൽ അവനില്ലാതെ ജീവിക്കാൻ പോലും പറ്റാത്ത അവസ്ഥയും. ഞാൻ ഒന്നും ആലോചിക്കാതെ വീട് വിട്ടിറങ്ങി”

“എന്നിട്ട് അവനെവിടെ…?”

“അതല്ലേ മണ്ടൂസേ ഞാൻ പറഞ്ഞേ, അവൻ നൈസായി എന്നെ തേച്ചു എന്ന്”

“എന്താ ചെയ്തേ അവൻ”

“ഒന്നും ചെയ്തില്ല. ഫോൺ ഓഫ്‌ ആക്കിവെച്ചു. അവന്റെ ഒരു കൂട്ടുകാരൻ എനിക്ക് വിളിച്ചിരുന്നു. ഇന്നവന്റെ കല്യാണ നിശ്ചയം ആണെന്നും അവനെ ഇനി ശല്യം ചെയ്യരുതെന്നും പറഞ്ഞ്”

“ഇതാണോ നിങ്ങളുടെ ദിവ്യ പ്രണയം”

അനാമിക ഒന്ന് പുഞ്ചിരിച്ചു

“എനിക്ക് അങ്ങനെ ആയിരുന്നു. അവന് ഞാൻ പലരിൽ ഒരുവൾ മാത്രം ആയിരുന്നെന്ന് ഇപ്പോഴാണ് മനസിലായത്”

ഒന്ന് നിറുത്തിയിട്ട് അനാമിക മനുവിനെ നോക്കി

“അവനിട്ട് എട്ടിന്റെ പണി കൊടുക്കാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ, എന്തോ എനിക്കത് തോന്നിയില്ല. ജീവനുതുല്യം സ്നേഹിച്ചവർ നമ്മളെ വലിച്ചെറിഞ്ഞ് പോവുമ്പോൾ നെഞ്ചിനുള്ളിൽ ഒരു കത്തലുണ്ട് മാഷേ. അത്രക്ക് ഇഷ്ടായിരുന്നു എനിക്കവനെ”

“ഉം, എന്നാ ഇയാൾക്ക് വീട്ടിൽ പൊക്കൂടെ. അവരൊക്കെ വിഷമിച്ച് നിക്കാവില്ലേ”

“മാഷിന് എന്റെ അച്ഛനെ അറിയാഞ്ഞിട്ടാ. എന്നെ ഇപ്പൊ കയ്യിൽ കിട്ടിയാൽ തല്ലികൊല്ലും. ഞാൻ ഒരു കതെഴുതി വെച്ചിട്ടാ വീട്ടിൽ നിന്നും ഇറങ്ങിയേ.

അതിൽ എല്ലാം എഴുതിയിട്ടുണ്ട്. എന്റെ സർട്ടിഫിക്കറ്റ് എല്ലാം കയ്യിലുണ്ട് എവിടേലും പോയി ജോലിയെടുത്ത് ജീവിക്കണം. എനിക്ക് വയ്യ ഇനി വീട്ടുകാരുടെ മുന്നിൽ പോയി നാണംകെട്ട് നിക്കാൻ. മരിക്കാൻ എനിക്ക് പേടിയാണ്. അതുകൊണ്ട് ആ പരിപാടിക്ക് ഞാനില്ല”

“എടോ ചെങ്ങായീ, തന്നെപ്പോലെ സുന്ദരിയായ ഒരു പെൺകുട്ടി എങ്ങോട്ടെന്നില്ലാതെ ഇങ്ങനെ ഇറങ്ങിതിരിച്ചാൽ അത് വലിയ അപകടത്തിലേ ചെന്ന് ചാടൂ. ഇയാൾ ന്യൂസ്‌ ഒന്നും കാണാറില്ലേ. വെറുതേ വിഡ്ഢിത്തം ഒന്നും കാണിക്കല്ലേ. ഇത്രേം ബോൾഡ് ആയി സംസാരിക്കുന്ന താനെന്തിനാടോ നാടുവിട്ട് പോണേ. തനിക്ക് നിസ്സാരമായി വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ പറ്റും”

അവൾ മനുവിനെ നോക്കി പുഞ്ചിരിച്ചു. ഗെയിമിൽ നിന്ന് കണ്ണെടുത്ത് മനു അവളെ നോക്കി. അവളുടെ കണ്ണ് നിറയുന്നത് അവൻ ശ്രദ്ധിച്ചു. അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തന്റെ ഷാളുകൊണ്ട് കണ്ണീർ തുടച്ചുമാറ്റി അവൾ മുഖത്ത് ചിരി വിടർത്താൻ പാടുപെട്ടു. മനു അവളുടെ കണ്ണീരിൽ കലങ്ങിയ കരിമഷിക്കണ്ണിലേക്ക് നോക്കി

“താൻ വീട്ടിലേക്ക് വിളിക്ക്. എന്നിട്ട് നടന്നതൊക്കെ പറ. അവർ ഇയാളെ ഒന്നും പറയില്ല. ഉറപ്പാണ്. ഇനി അതല്ല, വീട്ടുകാർ ഇയാളോട് ദേഷ്യപ്പെട്ടാൽ ഞാൻ തടയില്ല ഇയാളെ”

മനുവിന്റെ നിർബന്ധം കാരണം മനസ്സില്ലാ മനസ്സോടെ അവൾ മൊബൈൽ എടുത്ത് വീട്ടിലേക്ക് വിളിച്ചു. ഭാഗ്യത്തിന് അവൾ കത്തെഴുതി വെച്ച് പോയത് വീട്ടിൽ ഉള്ളവരല്ലാതെ പുറത്തുള്ള ആരും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. എന്തുചെയ്യും എന്ന് വീട്ടുകാർ ആലോചിച്ച് നിൽകുമ്പോഴാണ് അവളുടെ ഫോൺ വരുന്നത്

“ന്റെ കുട്ടി എന്ത് പണിയാ കാണിച്ചേ, ഈ അച്ഛനോട് പറഞ്ഞിരുന്നേൽ ഞാൻ നടത്തിത്തരുമായിരുന്നല്ലോ നിങ്ങളുടെ വിവാഹം. മോളേക്കാൾ വലുതല്ല എനിക്ക് മറ്റൊന്നും”

അവൾ നടന്നതൊക്കെ അച്ഛനോട് പറഞ്ഞു. അച്ഛൻ അവളെ ആശ്വസിപ്പിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടാൻ വരാം എന്ന് പറഞ്ഞ് അച്ഛൻ ഫോൺ വെച്ചു.

അനാമികയുടെ മുഖത്ത് വല്ലാത്ത സന്തോഷം. മനു ഗെയിം കളിയിൽ മുഴുകി ഇരിക്കാണ്

“മാഷേ, നിങ്ങളെ കണ്ടില്ലായിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കല്ലായിരുന്നു ട്ടോ. ഒരു പരിചയവുമില്ലാത്ത നിങ്ങളോട് ഇത്രേം നേരം സംസാരിച്ചത് പോലും എന്തിനാന്ന് എനിക്കറിയില്ല. ചിലപ്പോൾ അങ്ങനൊരു നിയോഗം ഉണ്ടാകാം അല്ലേ”

മനു പുഞ്ചിരിച്ചു

“ടോ, ഇത്രേ ഒള്ളൂ കാര്യങ്ങൾ. വെറുതേ പെട്ടെന്നുള്ള ആവേശത്തിന് എടുത്ത് ചാടി ഓരോ ദുരന്തങ്ങൾ ഉണ്ടാക്കിയിട്ട് എന്തിനാ. താൻ എന്തായാലും വീട്ടുകാർ കണ്ടെത്തിയ ചെക്കനെ കെട്ടി ഹാപ്പിയായി ജീവിക്ക്. ഓൾ ദി ബെസ്റ്റ്”

“ഉം, ആ തെണ്ടി മനസ്സിൽ ഉള്ളോണ്ട് അയാളുമായി ഒന്ന് ചിരിച്ച് മിണ്ടിയിട്ട് പോലുമില്ല. ഇനി എനിക്ക് പറ്റും, കാരണം അവൻ എന്റെ മനസ്സിൽ നിന്നും ചത്തു. എനിക്കും ജീവിക്കണം നല്ല ഹാപ്പിയായി”

ഒന്ന് നിറുത്തിയിട്ട് അവൾ മനുവിനെ നോക്കി

“അല്ല മാഷ് എങ്ങോട്ടാ. ഞാൻ ചോദിക്കണം കരുതി ഇരിക്കായിരുന്നു ഇതെന്തിനാ മാസ്ക് ഇട്ടിരിക്കുനന്നേ. മാഷിന്റെ മുഖം ഒന്ന് കാണാൻ പറ്റോ”

മനു അവളെ നോക്കി കണ്ണിറുക്കി പുഞ്ചിരിച്ചു

“മുഖം കണ്ടിട്ട് എന്തിനാ. നമ്മൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ നോക്കിയാൽ പോരേ”

ഒന്ന് നിറുത്തിയിട്ട് മനു വീണ്ടും ഗെയിം കളിച്ചുകൊണ്ടിരുന്നു

“ഞാൻ എന്റെ അച്ഛന്റെയും അമ്മയുടേയും രണ്ട് സഹോദരങ്ങളുടേയും അടുത്തേക്ക് പോവാ”

“ഓഹ്, അവർ എവിടേയാ…?”

അവരുടെ സംസാരത്തിനിടയിൽ അവളുടെ അച്ഛനും ചേട്ടന്മാരും വന്നു. അവളെ കണ്ടതും അച്ഛൻ കെട്ടിപിടിച്ച് നെറ്റിയിൽ വാത്സല്യത്തോടെ ഉമ്മവെച്ചു. അവൾ മനുവിനെ നോക്കി പോവാണ് എന്ന അർഥത്തിൽ തലകൊണ്ട് ആഗ്യം കാണിച്ചു. മനു ചിരിച്ചോണ്ട് അവളെ യാത്രയാക്കി.

ഒരു ട്രെയിൻ വരുന്ന ശബ്ദം അവളുടെ കാതിൽ മുഴങ്ങി. ആ സ്റ്റേഷനിൽ സ്റ്റോപ്പ്‌ ഇല്ലാത്ത സൂപ്പർ ഫാസ്റ്റ് ട്രെയിൻ ആണ്. കുറച്ച് ദൂരം മുന്നോട്ട് നടന്ന് അവൾ മനുവിനെ തിരിഞ്ഞ് നോക്കി. അപ്പോൾ അവൾ കണ്ട കാഴ്ച്ച ചീറിപാഞ്ഞു വരുന്ന ആ ട്രയിനിന്റെ മുന്നിലേക്ക് എടുത്ത് ചാടുന്ന മനുവിനെയാണ്. ഞെട്ടലോടെയാണ് അവളത് കണ്ടത്

“മാഷേ….”

ചിതറി കിടക്കുന്ന മനുവിന്റെ ശരീരാവശിഷ്ടങ്ങൾക്കിടയിലേക്ക് നിറകണ്ണുകളോടെ അവൾ നോക്കി. അവന്റെ പോക്കറ്റിൽ നിന്നും തെറിച്ച കത്ത് ആരോ ഉച്ചത്തിൽ വായിക്കുന്നത് അവളുടെ കാതിൽ മുഴങ്ങി

“എന്റെ പേര് മനു. സ്വന്തമെന്ന് പറയാൻ ഇപ്പൊ ആരുമില്ല. അച്ഛനും അമ്മയും രണ്ട് സഹോദരങ്ങളും ഉണ്ടായിരുന്നു.

ഞാൻ അവരെ കൊന്നു. അടിച്ച് അടിച്ച് കൊന്നു. ചോര വാർന്ന് മരിക്കുന്ന അവരെ കാണാൻ എനിക്ക് വല്ലാത്ത ആവേശം ആയിരുന്നു. മണ്ടൻ പോലീസുകാർക്ക് ഇപ്പോഴാണ് മനസിലായത് ഞാനാണ് അവരെ കൊന്നത് എന്ന്.

അവർക്ക് എന്നെ പിടിക്കാൻ പറ്റിയിട്ടില്ല. പക്ഷേ, അവർ എന്റെ തൊട്ട് പിറകിലുണ്ട് എന്ന് എനിക്ക് മനസിലായി. എന്റെ മുഖം അവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് എനിക്ക് എവിടേം പോവാൻ പറ്റാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിച്ചു. സോഷ്യൽ മീഡിയയിലുള്ളവർ എനിക്ക് ഒരു പേരും ഇട്ടു, “സൈക്കോ ഗെയിമർ”

താൻ ഇത്രേം നേരം സംസാരിച്ചത് കേരളം മൊത്തം വാർത്തയായ, സോഷ്യൽ മീഡിയയിൽ പേടിപ്പിക്കുന്ന കഥകൾ പ്രചരിക്കുന്ന കൊടും ക്രൂരനായ മനസാക്ഷിയില്ലാത്ത ക്രിമിനൽ “സൈക്കോ ഗെയിമറോടാണ്” എന്ന് തിരിച്ചറിഞ്ഞ അനാമിക കുറച്ച് സമയം അന്തംവിട്ട് നിന്നു…

താൻ ആത്മഹത്യ ചെയ്യുന്നതിന് മുന്നേ ആരേയും കൊല്ലാൻ മൂഡില്ലാത്തതിനാൽ മാത്രം അനാമിക സൈക്കോ ഗെയിമറുടെ കയ്യിൽ നിന്നും ഭാഗ്യത്തിന് രക്ഷപെട്ടു…