ഞാൻ
(രചന: Nisha Pillai)
“പണ്ട് പണ്ടൊരു ഞാനുണ്ടായിരുന്നു. നിനക്കറിയാത്ത ഞാൻ.. ,മഴ ഇഷ്ടപ്പെട്ടിരുന്ന ,
മഴയത്തു മയിലിനെപ്പോലെ നൃത്തം വയ്ക്കുന്ന , മരത്തിൽ കയറുന്ന,സന്തോഷം വരുമ്പോൾ കൂകി വിളിക്കുന്ന ,അടുത്ത നിൽക്കുന്നവരെ കെട്ടിപിടിച്ചു ഉമ്മ വയ്ക്കുന്ന ,ചന്ദനക്കുറി അണിയാൻ ഇഷ്ടപ്പെട്ടിരുന്നൊരു ഞാനുണ്ടായിരുന്നു.”
അമ്മയെന്തിനാ കരയുന്നതെന്ന് ചോദിച്ച മകളോട് അവളൊറ്റ ശ്വാസത്തിൽ പറഞ്ഞു. അവളുടെ ഉത്തരം മകളെ തെല്ലു പരിഭ്രമിപ്പിച്ചു.
ഇടത്തു വശത്തിരുന്ന അമ്മയുടെ വലതുകരം മകളവളുടെ ഇടത് കരത്തോട് ചേർത്ത് പിടിച്ചു. കുടുംബത്തിന്റെ അത്താണി അമ്മയാണ്,അമ്മ തളർന്നാൽ പിന്നെ താനും അനിയനും വഴിയാധാരമാകുമെന്നു അവൾക്കറിയാം.
ജന്മനാ അന്ധനായ ആറു വയസ്സുകാരനായ അനിയൻ മൈക്കിലൂടെ കേൾക്കുന്ന ഗാനത്തിനനുസരിച്ചു താളം പിടിക്കുന്നു. പതിനാലു വയസ്സ് മാത്രമേ അല്ലെങ്കിലും വീട്ടിലെ സ്ഥിതിയെക്കുറിച്ചു മകൾക്കു നല്ല ബോധ്യമുണ്ട്.
അവൾ വീട്ടുകാരെ ധിക്കരിച്ചു സ്വയംവരിച്ച ആളായിരുന്നു പോൾ ,കോളേജിൽ അവളുടെ സീനിയറായിരുന്നു.
കടുത്ത പ്രണയമായിരുന്നു തമ്മിൽ തമ്മിൽ.ഒരിക്കലും ചേരാത്ത സാമൂഹിക സാമ്പത്തിക അന്തരങ്ങളുള്ള രണ്ടുപേർ ,മനസ്സ് കൊണ്ട് ഒന്നാകുക എന്ന അത്ര സാധാരണമല്ലാത്ത പ്രതിഭാസം.
ഒന്നിക്കാൻ വേണ്ടി എന്തും സഹിക്കാൻ തയാറായ അവൾ അവന്റെ കൂടെ ഇറങ്ങി പോയി.അതൊന്നും അംഗീകരിക്കാൻ അവളുടെ വീട്ടുകാർ തയാറായില്ല.
ദരിദ്ര കുടുംബം,അനേകം പ്രശ്നങ്ങളുടെ നടുവിലേക്ക് സമൃദ്ധിയിൽ നിന്നും അവൾ ചേക്കേറി. കൂട്ടു കുടുംബത്തെ നയിക്കാൻ ഭർത്താവ് കഷ്ടപ്പെടുന്നത് കണ്ടു അവളും ജോലിക്കു പോയി തുടങ്ങി.മകളുടെ ജനനം,ജീവിതത്തിനു അർത്ഥങ്ങൾ നൽകി.
അവളെ വളർത്തുക എന്ന സ്വപ്നത്തിന്റെ താലോലിച്ചു അവർ ജീവിച്ചു. സ്വന്തമായി ഒന്നുമില്ലാത്ത അവസ്ഥ.എന്നാലും അയാളുടെ സ്നേഹത്തിന്റെ ചൂടിൽ അവൾക്കും മകൾക്കും പരാതികളില്ലാതെ ജീവിക്കാൻ കഴിഞ്ഞു.
ആറു വർഷം മുൻപ് ,രണ്ടാമത്തെ ഗർഭം ധരിച്ചു എന്നറിഞ്ഞ നിമിഷം,എട്ടു വയസ്സുകാരിയായ മകളെ ചേർത്ത് വച്ചവളൊരു തീരുമാനമെടുത്തു.ഈ ചുറ്റുപാടിൽ നമുക്കിനിയൊരു കുഞ്ഞു കൂടി വേണ്ടെന്നു.
പക്ഷെ അയാൾക്ക് നിർബന്ധമായിരുന്നു , ഒരാൺകുഞ്ഞു കൂടി വേണമെന്ന്.അങ്ങനെ അയാൾക്ക് വേണ്ടി അവളുടെ തീരുമാനം അവൾ മാറ്റി.അയാളുടെ ആഗ്രഹത്തിന് വേണ്ടി അവൾ ആ ഗർഭത്തെ താലോലിച്ചു.
ഗർഭസമയത്തു എന്നുമവൾക്ക് പ്രശ്നങ്ങളായിരുന്നു. വീട്ടിലെ കടുത്ത പണി മൂലമാകണം,കൂടെ കൂടെ രക്തസ്രാവം ഉണ്ടാകുമായിരുന്നു.ഡോക്ടർ ബെഡ് റസ്റ്റ് പറഞ്ഞെങ്കിലും അതൊന്നും നടപ്പിലാക്കാൻ കഴിഞ്ഞില്ല .
കുഞ്ഞു ജനിച്ചു രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോഴായിരുന്നു ,കുഞ്ഞു അന്ധനാണെന്ന് മനസിലായത്.അതോടെ അയാൾ തളർന്നു പോയിരുന്നു.ആറേഴുമാസം കഴിഞ്ഞുണ്ടായ ഒരാക്സിഡന്റിൽ അയാൾ അവരെ വിട്ടു പോയി.
അവളെയും മകളെയും തനിച്ചാക്കി.അപ്പോഴും തളരാതെ അവൾ പിടിച്ചു നിന്നു.ഭർത്താവിന്റെ സഹോദരിയും അവരുടെ ഭർത്താവും അവളെയും കുട്ടികളെയും വീട്ടിൽ നിന്നു പുറത്താക്കിയപ്പോൾ അവൾ തളർന്നു പോയി.സഹായത്തിനെത്തിയത് അയാളുടെ സുഹൃത്തുക്കളായിരുന്നു.
വാടക വീട്ടിൽ കുഞ്ഞുങ്ങളുമായി അവൾ ജീവിക്കാൻ തുടങ്ങി.മകളുടെ കാര്യത്തിൽ അവൾക്കു ആശങ്കയില്ല,പക്ഷെ മകൻ? ആരോടും ഒരു സഹായത്തിനും വേണ്ടി കെഞ്ചിയിട്ടില്ല.പക്ഷെ മകന്റെ പഠനം.
സ്കൂളിൽ ചേർത്തെങ്കിലും മറ്റു കുട്ടികളെപ്പോലെ അവനു കാഴ്ച ഉണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു.ഒരു കണ്ണ് പരിശോധന ക്യാമ്പിൽ അവൾ മകനുമായി ചെന്നപ്പോഴാണ്, ശസ്ത്രക്രിയയിലൂടെ മകന്റെ കാഴ്ച തിരിച്ചു കിട്ടുമെന്നറിഞ്ഞത്.അന്ന് മുതൽ അവൾ അതിനുള്ള ശ്രമത്തിലാണ്.
ഇപ്പോൾ കുട്ടികളെയും കൊണ്ട് അവൾ വന്നിരിക്കുന്നത് അങ്ങനൊരു അവസരത്തിന് വേണ്ടിയാണ്.
പ്രശസ്തമായ ഒരു സന്നദ്ധ സംഘടനയുടെ പുതിയ ഭാരവാഹിത്വം ഏറ്റെടുക്കുന്ന ചടങ്ങാണ്. അവൾക്കു ക്ഷണമുണ്ട്.മകന്റെ ചികിത്സയ്ക്കായി ഒരു അൻപതിനായിരം രൂപയുടെ ചെക്ക് നൽകും.
അതുകൊണ്ട് ഒന്നുമാകില്ല,എന്നാലും പലതുള്ളി പെരുവെള്ളം,കുറച്ചു പൈസ അവളുടെ കയ്യിലുണ്ട്. ഒന്ന് രണ്ടു സംഘടനകൾ സഹായിക്കാമെന്നേറ്റിരിക്കുന്നു.ഈ വർഷം തന്നെ തന്റെ സ്വപ്നം നടക്കുമെന്ന പ്രതീക്ഷയിലാണവൾ.
“വളരെ പ്രശസ്തനായ ഒരു വ്യവസായിയാണ് നമ്മുടെ മുഖ്യ അതിഥി. പേര് വിളിക്കുമ്പോൾ സ്റ്റേജിൽ കയറി ചെക്ക് അദ്ദേഹത്തിന്റെ കയ്യിൽ നിന്നും വാങ്ങണം. അപ്പോൾ കാലിൽ തൊട്ടു വണങ്ങാൻ മറക്കരുത്. അത് കഴിഞ്ഞു ആ വശത്തു ഭക്ഷണം ലഭിക്കും .വാങ്ങി കഴിച്ചിട്ടേ പോകാവൂ,”
ഭാരവാഹികളിൽ ഒരാൾ വന്നു അവളുടെ ചെവിയിൽ പറഞ്ഞു.സ്ഥലത്തെ ഒരു ഡോക്ടർ വഴിയാണ് അവൾക്കു അയാളെ പരിചയമുണ്ടായത്.
തനിക്കു ചെക്ക് നീട്ടിയ ആളുടെ കാല് തൊട്ടു വാങ്ങിയപ്പോൾ അവൾ വിങ്ങി പോയി,ഫോട്ടോഗ്രാഫർ “ഇങ്ങോട്ടു നോക്ക് ” എന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ അവൾ കരഞ്ഞു പോയേനെ.ചെക്ക് വാങ്ങി മടങ്ങാൻ നേരം മകൻ അവളോട്
“അമ്മെ നല്ല മണം,എനിക്ക് വിശക്കുന്നു,ചിക്കൻ ബിരിയാണിയും മസാല ദോശയുടെയും മണം വരുന്നു.നമുക്ക് കഴിക്കാമമ്മേ”
മകളും കഴിച്ചിട്ട് പോകാമെന്നു വാശി പിടിച്ചു.
“ഹോട്ടലിൽ പോയി കഴിക്കണമെങ്കിൽ നല്ല പൈസ ആകില്ലേ,ഇതിപ്പോൾ ഫ്രീ അല്ലേ ,എത്ര നാളായി അമ്മേ ഇറച്ചിയും മീനുമൊക്കെ കഴിച്ചിട്ട്,പപ്പാ ഉണ്ടായിരുന്നേൽ ഞായറാഴ്ച ഒക്കെ എന്നാ രസമായിരുന്നു.”
മകൾ പപ്പയുടെ ഓർമ്മകൾ ഇളക്കി വിട്ടു അവളെ ഇമോഷണലി ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി.മകൻ കപ്പയും മീനും ബിരിയാണിയും ഐസ് ക്രീമുമൊക്കെ ആസ്വദിച്ച് കഴിക്കുന്നത് കണ്ടവൾ സന്തോഷിച്ചു.
“‘അമ്മ കഴിക്കുന്നില്ലേ,വേഗം കഴിക്കു ,ബസ് പോകും.”
മകൾ ഓർമിപ്പിച്ചു .
കഴിച്ചു പ്രോഗ്രാം ഹാളിൽ നിന്നിറങ്ങുമ്പോൾ നേരത്തെ കണ്ട ഭാരവാഹി അടുത്തേക്ക് വന്നു,
“നിൽക്കൂ നിങ്ങളെ കൊണ്ടാക്കാമെന്നു സാർ പറഞ്ഞിട്ടുണ്ട്,സാർ ആഹാരം കഴിക്കുന്നു . സാറിനെ നേരത്തെ അറിയുമോ, അതെന്തായാലും നന്നായി അല്ലേ , കുഞ്ഞുങ്ങളെയും കൊണ്ട് രാത്രി ബസ് യാത്ര ഒഴിവാക്കാമല്ലോ”
അയാൾ മകന്റെ തലയിൽ തലോടി.മുറ്റത്തു നിർത്തിയിട്ടിരുന്ന കാറിൻ്റെ ബാക്ക് സീറ്റിലേക്ക് അവളെയും മക്കളെയും ആനയിച്ചു.മുൻ സീറ്റിൽ മുഖ്യ അതിഥിയും ഡ്രൈവറും.
“‘അമ്മ ഇതിനകത്തു എന്തൊരു മണമാണ് ”
മകൻ കാറിന്റെ പതുപതുത്ത സീറ്റിൽ തപ്പി നോക്കി .ഉൾവശത്തെ സുഗന്ധത്തെ മുഴുവൻ ദീർഘ ശ്വാസത്തോടെ വലിച്ചുള്ളിലാക്കി .ഡ്
രൈവറുടെ പരിഹാസത്തോടെയുള്ള നോട്ടം അവൾക്കു ദഹിച്ചില്ല. അദ്ദേഹത്തിന്റെ ഗൗരവത്തോടെയുള്ള ഒരു നോട്ടം മകന്റെ നേരെ പതിയുന്നത് അവൾ കണ്ടു.
“എന്തൊരു ജാഡയാണ് അയാൾക്ക്,നമ്മളോട് മിണ്ടിയാൽ അയാളുടെ പല്ലു തെറിച്ചു പോകുമോ? അയാളുടെ ഒരു പത്രാസ് ”
കാറിൽ നിന്നിറങ്ങിയപ്പോൾ മകൾ പരാതി പറയാൻ തുടങ്ങി.വീട്ടിൽ വന്നു കയറിയിട്ടും മകളുടെ ദേഷ്യം മാറിയില്ല.
“ഞാൻ കുറെയായി അമ്മയെ ശ്രദ്ധിക്കുന്നു. അമ്മയ്ക്കെന്തു പറ്റി. ചെക്ക് കിട്ടിയതിൽ സന്തോഷിക്കുവല്ലേ വേണ്ടത്. അയാൾ പപ്പയുടെ ശത്രു എങ്ങാനുമാണോ? അയാളുടെ മുഖം കണ്ടതുമുതലാണ് അമ്മക്ക് ഈ മാറ്റം.”
“ഞാൻ വലുതാകുമ്പോൾ അമ്മയെ ഉപദ്രവിക്കുന്ന എല്ലാവരെയും ഇടിച്ചു കൊല്ലും ”
മകനും അവളുടെ ഒപ്പം കൂടി.അവരെ ആശ്വസിച്ചു ഉറക്കാൻ അവൾ കുറെ പാട് പെട്ടു.
പിറ്റേന്ന് ജോലി കഴിഞ്ഞു മടങ്ങിയെത്തിയ അവൾ കണ്ടത് ഉമ്മറത്തു ദുഖിച്ചിരിക്കുന്ന കുഞ്ഞുങ്ങളെയാണ്. അടുത്ത വീട്ടിലെ ശാരദ പറഞ്ഞത് അവർ വാടകയ്ക്ക് താമസിക്കുന്ന വീട് പുതിയ ആൾ വാങ്ങിയത്രേ. എന്ന് പകൽ സ്ഥലം അളക്കലും രജിസ്റ്റർ ചെയ്യാനുള്ള തിരക്കിലും ആയിരുന്നത്രേ വീടിന്റെ ഓണർ.
അപ്പോൾ താനും കുട്ടികളും താമസിയാതെ ഇവിടെ നിന്നും ഒഴിയേണ്ടി വരും .ഉടനെ ഒരു വീട് കിട്ടുന്ന കാര്യം പ്രയാസമാണ്.ഇവിടെയാകുമ്പോ, പരിചയക്കാരുണ്ട് സുരക്ഷിതമാണ്. ആ രാത്രിയും ചിന്തകളിലൂടെ കടന്നു പോയി .
രാവിലെ വീടിന്റെ മുറ്റത്തൊരു കാർ വന്നു നിന്നു.മുറ്റത്തു നിന്നു പല്ലു തേക്കുന്ന മകനെ തോളത്തു ഏറ്റിയ ഒരാൾ ,അയാളോടൊപ്പം വൃദ്ധരായ ഒരു പുരുഷനും ഭാര്യയും,ആദ്യം ആ കാഴ്ച കണ്ടത് മകളായിരുന്നു.
“അമ്മെ നമ്മുടെ മുഖ്യാതിഥി ! ഇവിടെ ,നമ്മളെ ഇവിടെ നിന്നിറക്കി വിടാനാണോ ”
ആ സ്ത്രീ കയ്യിൽ കരുതിയിരുന്ന പേപ്പർ കവർ പെൺകുട്ടിയുടെ കയ്യിലേൽപ്പിച്ചു.
“ഇറക്കി വിടാനല്ല,ഈ വീട് എന്നന്നേക്കുമായി നിങ്ങള്ക്ക് നൽകാനാണ് വന്നത്.”
കുട്ടിയെ തോളത്തു എടുത്തയാൾ പെൺകുട്ടിക്ക് മറുപടി നൽകി.അയാൾ കൈ നീട്ടി പിടിച്ചപ്പോൾ അവളുടെ അമ്മ ഓടി ചെന്ന് അയാളെ കെട്ടി പിടിക്കുന്നതും തേങ്ങി കരയുന്നതും അവൾ അത്ഭുതത്തോടെ നോക്കി നിന്നു.
“‘അമ്മ എന്തിനാ ചേച്ചി കരയുന്നതു? ആരെങ്കിലും അമ്മയെ തല്ലിയോ?”
അന്ധനായ മകൻ മുഷ്ടി ചുരുട്ടി പിടിച്ചു.
“അച്ഛനും അമ്മയ്ക്കും ദേഷ്യവും വാശിയുമുണ്ടായിരുന്നു,നിനക്കും ഉണ്ടെന്നറിയാം.
എന്നാലും ഈ ഏട്ടന് പൊന്നനുജത്തിയെ മറക്കാൻ കഴിയുമോ,രണ്ടു ദിവസമായി അച്ഛനും അമ്മയും ഉറങ്ങിയിട്ടില്ല. ഞാൻ നാട്ടിലുണ്ടായിരുന്നത് കൊണ്ട് കേട്ട പാടെ അവരെയും കൊണ്ടിങ്ങോടി വന്നു.ഈ വീട് നിന്റെ പേരിൽ വാങ്ങി.
ഞാൻ തിരികെ ഡൽഹിയിലേക്ക് മടങ്ങുന്നതിനു മുൻപ് മകന്റെ സർജറി നടത്തണം. നമ്മുടെ സ്കൂളിലെ ടീച്ചിങ് പോസ്റ്റൊന്ന് ഒഴിവുണ്ട്.നിനക്കവിടെ ജോലി ചെയ്യാം.ഇപ്പോൾ നീ ഞങ്ങളുടെ കൂടെ കുട്ടികളെയും കൂട്ടി വരണം.”
വൃദ്ധനായ മനുഷ്യൻ മകളെ ചേർത്ത് നിർത്തി.
“ഇവളെ കണ്ടപ്പോളെനിക്ക് എനിക്കെന്റെ മകളുടെ കൗമാരം ഓർമ വരുന്നു,വലിയ വാശിക്കാരിയല്ലിയോ, അച്ഛൻ തോറ്റു തന്നിരിക്കുന്നു. മകൾ വിജയിച്ചല്ലോ. നിനക്കെന്നെ ഒന്ന് കാണാൻ തോന്നിയില്ലല്ലോ കുഞ്ഞേ .”
“അച്ഛൻ എന്നോട് ക്ഷമിക്കണം ,തെറ്റ് എന്റേത് മാത്രമേ,എന്റെ അഹംഭാവം.പോൾ മരിച്ചപ്പോൾ ഞാൻ അവിടേക്കു വരേണ്ടതായിരുന്നു.”
അച്ഛനും അമ്മയും മകളെ ചേർത്ത് നിർത്തി.
“അമ്മെ നമ്മൾ ആ മണമുള്ള കാറിലാണോ പോകുന്നത്.എനിക്ക് ഇന്നും ചിക്കൻ ബിരിയാണി വാങ്ങി തരുമോ?”
അവൾ ഇത്രകാലം സ്വരൂപിച്ചു വച്ച കരുത്ത് മകന്റെ ചോദ്യത്തിനൊപ്പം ഊർന്നു പോകുന്നതവൾ അറിഞ്ഞു. തന്റെ കുടുംബത്തിന്റെ സ്നേഹത്തിന്റെ കരുതലിൽ തന്റെ മക്കൾ ഇനി വളരുമെന്ന് അവൾ ആശ്വസിച്ചു.
അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം അവൾ പടിയിറങ്ങുമ്പോൾ അവളുടെ സ്നേഹ സമ്പന്നരായ അയൽവാസികൾ അശ്രുകണങ്ങളാൽ അവളെ യാത്രയാക്കി .
ഇത്ര സൗഭാഗ്യവതിയായ ആളായിരുന്നോ തന്റെ അമ്മയെന്ന് മകളവളോട് രഹസ്യമായി ചോദിച്ചു .തന്നിലെ ആ ” ഞാനാണ് ,ഞാൻ മാത്രമാണ് ” അതെന്നു അവൾ പുഞ്ചിരിച്ചു.