തേഞ്ഞു പോയ പ്രണയം.
(രചന: Nisha L)
എനിക്ക് ആ റോഡ് പണിക്കാരനെ ഒരുപാട് ഇഷ്ടപ്പെട്ടു. കറുത്ത നിറമുള്ള നല്ല ഉയരമുള്ള ഒരു ചെറുപ്പക്കാരൻ.
പിന്നെ വെയിലും കൊണ്ട് റോഡ് പണി ചെയ്യുന്നവർ വെളുത്തു തുടുത്തു ഇരിക്കില്ലല്ലോ…
എനിക്കെന്തോ അയാളെ വല്ലാതെ ഇഷ്ടപ്പെട്ടു. ഇതു വരെ ആരെയും പ്രണയിച്ചിട്ടില്ല . ഇയാളെ എനിക്ക് പ്രണയിക്കാൻ തോന്നി. ചിലപ്പോൾ ഒരു പത്തൊൻപതുകാരിയുടെ ചാപല്യമാകാം.
എനിക്ക് കോളേജിൽ എക്സമിനു മുൻപുള്ള സ്റ്റഡി ലീവ് ആയിരുന്നു. ഞാൻ എന്നും ഒരു ബുക്കുമെടുത്തു വരാന്തയിൽ വന്നിരിക്കും. അയാളെ കാണാൻ വേണ്ടി..
രാവിലെയും വൈകുന്നേരവും ഈ ഇരിപ്പ് പതിവാക്കിയിരുന്നു . അയാൾ എന്നും അച്ഛനോട് സംസാരിക്കാറുണ്ട്. അച്ഛൻ അവർക്ക് കപ്പയും കാച്ചിലും നൽകിയിരുന്നു…
“പാവങ്ങൾ തെക്കു നിന്ന് റോഡ് പണിക്ക് വേണ്ടി വന്നിരിക്കുന്നവരാണ്. അവർ എല്ലാവരും കൂടി ഒരു വീട്ടിലാണ് താമസം.
കപ്പയും കാച്ചിലും പുഴുങ്ങി കഴിച്ചാൽ ചോറ് വേവും വരെ വയറ്റിലെ കത്തൽ ഒന്നടങ്ങുമല്ലോ. പൊരി വെയിലിൽ പണിയെടുക്കുന്നവരല്ലേ….”
അച്ഛൻ അമ്മയോട് പറയുന്നത് കേട്ടു.
ഓരോ ദിവസം കഴിയും തോറും അയാൾ എന്റെ ഹൃദയത്തിന്റെ അടിത്തട്ടോളം പടർന്നു കയറി.
അച്ഛനോടുള്ള പരിചയം കൊണ്ടാകാം അയാൾ എന്നുമെനിക്കൊരു പുഞ്ചിരി സമ്മാനിച്ചിരുന്നു. പിന്നെ പിന്നെ ചെറിയ ചെറിയ കുശലം ചോദിക്കലുകൾ..
എന്റെ മനസിലെ പ്രണയം അയാളോട് തുറന്നു പറയാനുള്ള അടുപ്പമായപ്പോൾ ഞാൻ അയാളോട് പറഞ്ഞു.
“നിജുവേട്ടനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. എനിക്ക് നിജുവേട്ടന്റെ കൂടെ ജീവിക്കണം…”
ചെറിയ പിള്ളേരുടെ വാശിയോടെ ഞാൻ പറഞ്ഞത് കേട്ട് നിജു അന്തം വിട്ട് എന്നെ നോക്കി നിന്നു.
പക്ഷേ..
അതിനു ശേഷം നിജു എന്റെ മുന്നിൽ വരാതെ ഒഴിഞ്ഞു മാറാൻ തുടങ്ങി.
എന്നും കിട്ടിയിരുന്ന ചെറു പുഞ്ചിരികളും നോട്ടവും കിട്ടാതെ ഞാൻ ശ്വാസം മുട്ടി പിടയാൻ തുടങ്ങി. ഒരു ദിവസം അമ്പലത്തിലേക്ക് എന്ന് പറഞ്ഞു ഞാൻ വീട്ടിൽ നിന്നിറങ്ങി.
നിജുവിനെ കാണുക എന്നതായിരുന്നു ഉദ്ദേശം. അവർ താമസിക്കുന്ന വീട്ടിലേക്ക് ഞാൻ കയറി ചെല്ലാനൊരുങ്ങി. എന്നെ കണ്ടിട്ടായിരിക്കണം നിജു ഓടി ഇറങ്ങി വന്നു.
“എന്താ.. എന്താ അച്ചു ഇത്.. ആരെങ്കിലും കണ്ടാൽ എന്ത് പറയും… “??
“അതൊന്നും എനിക്ക് അറിയണ്ട. എന്താ എന്നെ നോക്കാത്തത്..?? എന്താ എന്നോട് ചിരിക്കാതെ,, മിണ്ടാതെ പോകുന്നത്.. “??
“അത്… അത് വേണ്ട അച്ചു.. അതൊന്നും ശരിയാവില്ല. നമ്മൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്. അത് വേണ്ട.. ശരിയാവില്ല.. ”
“അതെന്താ ശരിയാവാത്തത്.. ശരിയാകും… ഇല്ലെങ്കിൽ നമുക്ക് ശരിയാക്കാം.. ” ആവേശത്തോടെ ഞാൻ പറഞ്ഞു.
“അത്.. അത്.. എനിക്ക് അച്ചുവിനെ ഇഷ്ടമാണ്.. പക്ഷേ…. ”
“എന്താ ഒരു പക്ഷേ…? ”
“മൂന്നു വർഷം മുൻപ് എന്റെ കല്യാണം കഴിഞ്ഞു. ഇപ്പോൾ ഒരു വയസായ ഒരു കുഞ്ഞുമുണ്ട്… ഇനിയൊരു വിവാഹത്തിനു അവർ സമ്മതിക്കില്ല… ”
വിഷണ്ണനായി നിജു പറഞ്ഞു.
“ഛെ… നേരത്തെ കെട്ടേണ്ടായിരുന്നു… ആരറിഞ്ഞു ഇങ്ങനെ ഒരു ഓഫർ വരുമെന്ന്.. ”
പിറു പിറുത്തു കൊണ്ട് നിജു തിരികെ നടന്നു…
ഞാനാകട്ടെ കൗമാരമൊട്ടു കടന്നതുമില്ല യൗവ്വനത്തിലേക്ക് എത്തിയതുമില്ല എന്ന അവസ്ഥയിൽ പകച്ചു പണ്ടാരമടങ്ങി..
പറന്നു പോയ കിളികളെയൊക്കെ അവയുടെ പാട്ടിനു വിട്ടു കൊണ്ട് ഞാൻ വീട്ടിലേക്കുള്ള വഴി തിരഞ്ഞു ദിക്കറിയാതെ എങ്ങോട്ടോ നടന്നു.
ഇതാ പറഞ്ഞത് ഈ പ്രണയമൊന്നും എനിക്ക് പറ്റിയ പണിയല്ലെന്ന്…
ചുമ്മാതല്ല മഹാകവി രാജൻ പാടിയത് “പ്രണയം ദുഃഖമാണുണ്ണി വായ്‌നോട്ടമല്ലോ സുഖപ്രദം… ” എന്ന്..