(രചന: Nisha L)
ഒരു മാസം പ്രായമുള്ള കുഞ്ഞിനേയും കൊണ്ട് അവൾ താഴേക്കു ഇരിക്കാൻ ശ്രമിച്ചു. മുറിവുകളുടെ വേദന പൂർണ്ണമായും മാറാത്തത് കാരണം അവൾ ആ ശ്രമം ഉപേക്ഷിച്ചു.
ശേഷം മുൻവശത്തെ കൊച്ചു തിണ്ണയിൽ പാള വച്ചു,, കുഞ്ഞിനെ കുളിപ്പിക്കാനുള്ള ചെറു ചൂടുവെള്ളം എടുത്തു കൊണ്ടു വന്നു. കുഞ്ഞിനെ പാളയിൽ കിടത്തി എണ്ണ തേപ്പിച്ചു,, ശേഷം കുഞ്ഞിനെ കുളിപ്പിക്കാൻ തുടങ്ങി.
എങ്ങനെയാണ് കുളിപ്പിക്കുന്നത്..??
ഇരുപത്തിഎട്ടു കെട്ടുന്നത് വരെ അടുത്തുള്ള പാറുവമ്മ കുഞ്ഞിനെ കുളിപ്പിക്കാൻ വന്നിരുന്നു. അവർ കുഞ്ഞിന്റെ കയ്യും കാലും കണ്ണും മൂക്കും കവിളുമൊക്കെ തിരുമ്മി കുളിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. അതുപോലെയൊക്കെ ചെയ്യാൻ അവളും ശ്രമിച്ചു.
എന്റെ അമ്മയുണ്ടായിരുന്നെങ്കിൽ…. ഇല്ലെങ്കിൽ അമ്മായിഅമ്മയെങ്കിലും…
ഇങ്ങനെയുള്ള സാഹചര്യങ്ങളിലാണ് അമ്മയുടെ കുറവ് ഏറ്റവും കൂടുതൽ അറിയുന്നത്.. അവൾ വേദനയോടെ ഓർത്തു….
മാതാപിതാക്കളുടെ ഒറ്റ മകളായിരുന്നു ശ്രുതി.. അജയ് അവളുടെ ജീവിതത്തിലേക്ക് വന്നപ്പോൾ അവൾ സ്വന്തം മാതാപിതാക്കളെ മറന്നു. അല്ലെങ്കിലും പ്രണയം തലയ്ക്കു പിടിച്ചാൽ പിന്നെ സ്വന്ത ബന്ധങ്ങൾ ഒക്കെ മറക്കുമല്ലോ…
പ്രൈവറ്റ് ബസ് കണ്ടക്ടർ ആണ് അജയ്. ദിവസവും കണ്ടു കണ്ടു ശ്രുതി അവനുമായി പ്രണയത്തിലായതാണ്. അവന് പ്രായമായ അച്ഛൻ മാത്രമേയുള്ളു. അമ്മ അവന്റെ ചെറുപ്പത്തിൽ മരിച്ചതാണ്. രണ്ടു ചേട്ടൻമാർ വിവാഹം ചെയ്തു വേറെ വീടുകളിൽ താമസം.
പ്രായമുള്ള അച്ഛന്റെ പൂർണ്ണ ഉത്തരവാദിത്തവും അവർ അജയെ ഏൽപ്പിച്ചു,, വല്ലപ്പോഴും വരുന്ന വിരുന്നുകാരായി മാറിയിട്ട് നാളു കുറെയായി.
ശ്രുതിയുടെ മാതാപിതാക്കൾ അജയുമായുള്ള വിവാഹത്തിന് സമ്മതിക്കാതെ ഇരുന്നത് ആ വീടിന്റെ എല്ലാ ഉത്തരവാദിത്തവും ശ്രുതിയിൽ വന്നു ചേരും എന്ന് മനസിലാക്കിയാണ്.
അവൾക്ക് സ്വന്തം കാര്യങ്ങൾ പോലും കണ്ടറിഞ്ഞു ചെയ്യാനുള്ള പക്വത വന്നിട്ടുമില്ല. ഒരാവേശത്തിന് കിണറ്റിൽ ചാടിയാൽ ആയിരം ആവേശം കൊണ്ട് കയറി വരാൻ ആകില്ല എന്ന സാമാന്യ തത്വം അവർ ഓർത്തു. ഇപ്പോഴത്തെ ഈ ആവേശം പ്രായത്തിന്റെ പക്വത കുറവാണ്…
പക്ഷേ… ഒരു ദിവസം കോളേജിലേക്ക് എന്ന് പറഞ്ഞു പോയ അവൾ തിരികെ വന്നില്ല. നാട്ടുകാർ പലരും അടക്കം പറഞ്ഞത് കേട്ടാണ് അവളുടെ അമ്മയും അച്ഛനും അവൾ അജയുടെ കൂടെ പോയ വിവരം അറിയുന്നത്.
തങ്ങളുടെ വാക്കിന് വില കൽപ്പിക്കാതെ,, തങ്ങളെ കറിവേപ്പില പോലെ എറിഞ്ഞു കളഞ്ഞു പോയ മകളെ അവർ പിന്നീട് തിരഞ്ഞു പോയതുമില്ല.
വിവാഹശേഷം അജയ് അവളെയും കൂട്ടി ഒരിക്കൽ അവളുടെ വീട്ടിൽ എത്തിയെങ്കിലും അവരെ കണ്ട മാത്രയിൽ അവളുടെ മുന്നിൽ ആ മാതാപിതാക്കൾ വാതിൽ കൊട്ടിയടച്ചു.
ആകെ ഒരു ആശ്വാസം അജയ് അവളെ നന്നായി നോക്കുന്നുണ്ട് എന്നുള്ളത് മാത്രമാണ്..
വിവാഹശേഷം ഏറെ താമസിയാതെ അവൾ പ്രെഗ്നന്റ് ആകുകയും അതോടെ അവളുടെ പഠിപ്പ് മുടങ്ങി പോകുകയും ചെയ്തു.
സ്വന്തം തുണി പോലും കഴുകിയിടാത്ത അവൾ ആ വീട്ടിലെ ജോലികളൊക്കെ കണ്ടറിഞ്ഞു ചെയ്യുന്നത് അജയ്‌ക്കും ഒരു അത്ഭുതമായിരുന്നു. ഒഴിവ് സമയങ്ങളിൽ അവനും സഹായത്തിനു കൂടുമെങ്കിലും അങ്ങനെ പ്രത്യേക അവധിയില്ലാത്ത ജോലി ആയതിനാൽ ഒഴിവു സമയം കിട്ടുന്നത് കുറവായിരുന്നു.
ഭാഗ്യം കൊണ്ട് ഗർഭ സംബന്ധമായ ബുദ്ധിമുട്ടുകൾ ഒരുപാട് ഇല്ലാഞ്ഞത് കൊണ്ട് ഗർഭകാലം ഒരു വിധം കഴിഞ്ഞു കൂടി.
ഒരാളെ നിർത്തി വീട്ടു ജോലികൾ ചെയ്യിക്കാനുള്ള സാമ്പത്തികം അവനില്ലാത്തത് കൊണ്ടാണ് ഇപ്പോൾ പ്രസവിച്ചു ഒരു മാസത്തിനു ശേഷം അവൾ കുഞ്ഞിനെ കുളിപ്പിക്കുന്ന ജോലി സ്വയം ഏറ്റെടുത്തത്.
കുഞ്ഞിനെ കുളിപ്പിച്ച് പാലു കൊടുത്ത് ഉറക്കിയ ശേഷം അവളും ഒന്ന് കുളിച്ച് അടുക്കളയിൽ കയറി.
രാവിലെ പോകും മുൻപ് അജയ് ചോറും ഒരു കറിയും ആക്കി വച്ചിരുന്നു . ഇനിയെന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചു നിക്കുമ്പോഴാണ് പുറത്ത് ആരോ വിളിക്കുന്നത് കേൾക്കുന്നത്..
അവൾ വേഗം ഉമ്മറത്തേക്ക് പോകും വഴി കുഞ്ഞിനെയുമൊന്നു നോക്കി. തൊട്ടിയിൽ കിടന്ന് അവൾ സുഖമായി ഉറങ്ങുന്നുണ്ട്.
പുറത്തേക്കുള്ള വാതിൽ തുറന്ന അവൾ സ്തംഭിച്ചു നിന്നു പോയി.
“അമ്മ… അച്ഛൻ…””
ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ അവൾ നിന്നു.. അപ്പോഴേക്കും അമ്മ ഓടി വന്നവളെ കെട്ടിപിടിച്ചു. അവളും ഒരു കരച്ചിലോടെ അമ്മയെ പുണർന്നു. അച്ഛൻ അവളുടെ തലയിൽ ഒന്ന് തലോടി..
“എവിടെ… ഞങ്ങളുടെ കുഞ്ഞി പെണ്ണ്.. “??
“ഉറങ്ങുവാ അച്ഛാ… വാ.. ” അവൾ കൈ പിടിച്ചു അവരെ അകത്തേക്ക് കൂട്ടി… തൊട്ടിലിൽ ഉറങ്ങുന്ന കുഞ്ഞിന്റെ അടുത്തെത്തിച്ചു..
“അമ്മൂമ്മയുടെ ചുന്ദരി ഉറങ്ങുവാണോ… തൊട്ടിലിൽ നിന്ന് കുഞ്ഞിനെ എടുത്തു മടിയിൽ കിടത്തി അവർ കൊഞ്ചിച്ചു. ഈ സമയം അച്ഛൻ അജിയുടെ കിടപ്പിലായ അച്ഛനെയും കയറി കണ്ടു.
“നിന്റെ വിശേഷങ്ങൾ ഒക്കെ ഞങ്ങൾ അറിയുന്നുണ്ടായിരുന്നു മോളെ.. നീ വീട്ടിലെ കാര്യങ്ങളൊക്കെ കണ്ടറിഞ്ഞു ചെയ്യുന്നു എന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.
സ്വന്തമായി ഒന്നും ചെയ്യാൻ അറിയാത്ത കുട്ടി ഒരു വീടു നോക്കി നടത്തുന്നു എന്ന് കേൾക്കുമ്പോൾ ഞങ്ങൾക്ക് ആശ്ചര്യം ആയിരുന്നു. നിനക്ക് വിശേഷം ആയി എന്നറിഞ്ഞപ്പോൾ വന്നു കാണണമെന്ന് എനിക്ക് വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു..
പക്ഷേ അച്ഛൻ വല്ലാത്ത വാശിയിലായിരുന്നു. “നമ്മളെ ഉപേക്ഷിച്ചു പോയതല്ലേ.. നമ്മൾ കൊടുത്ത സ്നേഹം പോരാഞ്ഞിട്ടായിരിക്കുമല്ലോ അവൾ നമ്മളെ ഉപേക്ഷിച്ചു പോയതെന്ന്…” പലപ്പോഴും വിഷമത്തോടെ പറയുമായിരുന്നു..
“കുഞ്ഞിനെ ഒന്ന് വന്ന് കാണണം എന്നും ഞാൻ പറഞ്ഞതാണ് പലവട്ടം… പക്ഷേ അച്ഛൻ വാശിയിലായിരുന്നു… ഇന്നിപ്പോൾ നീ തനിയെ കുഞ്ഞിനെ കുളിപ്പിക്കുന്ന വിവരം ഒരാൾ പറഞ്ഞറിഞ്ഞപ്പോൾ എന്നെപ്പോലെ തന്നെ അച്ഛനും വല്ലാത്ത വിഷമം ആയി.. “
“ഇപ്പോൾ അവൾക്ക് ഒരു അമ്മയുടെ സാന്നിധ്യം ആവശ്യമാണ് ഭാമേ.. നമുക്ക് അവിടെ വരെ ഒന്നു പോകാം.. ” എന്നു പറഞ്ഞ് അച്ഛൻ തന്നെയാണ് ഇപ്പോൾ മുന്നിട്ടിറങ്ങിയത്…
“അജയ് വന്നിട്ട് അവനോട് ചോദിച്ചു നിന്നെ കൂട്ടിക്കൊണ്ടുപോകാനാണ് ഞങ്ങൾ വന്നത്… അവൻ എപ്പോൾ വരും മോളെ…?? “
” ഉച്ചയ്ക്ക് ഉണ്ണാൻ വരും അമ്മേ… “
“ഊണിന് കറി വല്ലതുമുണ്ടോ മോളെ… ഇല്ലെങ്കിൽ വാ അമ്മ എന്തെങ്കിലും ഉണ്ടാക്കി തരാം… “
ഭാമ അടുക്കളയിൽ കയറി ഇത്തിരി ഉള്ളി എടുത്തു വഴറ്റി ഒരു ഉള്ളി കറിയും കുറച്ചു കുടംപുളി വെച്ച് ഒരു നല്ല ചമ്മന്തിയും അരച്ചു..
” പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങൾ ഇതൊക്കെയാ കഴിക്കേണ്ടത്.. ശരീരം തണുക്കാൻ നല്ലതാ.. “
പറഞ്ഞു കൊണ്ട് ഒരു പ്ലേറ്റിൽ കുറച്ച് ചോറും കറികളും എടുത്ത് ഉരുട്ടി ശ്രുതിയുടെ വായിലേക്ക് വച്ചു കൊടുത്തു.. അവൾ നിറകണ്ണുകളോടെ അത് സ്വീകരിച്ചു…
“ഹാ എന്തൊരു സ്വാദ്.. ഏറെ കാലത്തിനു ശേഷം അമ്മയുടെ ആഹാരം സ്വാദോടെ അവൾ കഴിച്ചു..
ഉച്ചയ്ക്ക് ഉണ്ണാൻ വന്ന അജയ് വീട്ടിലെ അതിഥികളെ കണ്ട് അമ്പരന്നു..
” അച്ഛാ… അമ്മേ… എപ്പോൾ വന്നു…..?? “
“ഞങ്ങൾ വന്നിട്ട് കുറച്ചു നേരമായി മോനെ.. മോൻ വാ ഊണ് വിളംബാം … “
സന്തോഷത്തോടെ കൈകഴുകി അവർ ഉണ്ണാനിരുന്നു..
“മോളെ ഞങ്ങൾ കൂട്ടിക്കൊണ്ടു പോകട്ടെ മോനെ… മൂന്ന് മാസം അവിടെ നിർത്തിയിട്ട് വിടാം… നിനക്ക് സമ്മതമാണോ… “??
“അതിനെന്താ അച്ഛാ കൂട്ടിക്കൊണ്ടു പൊയ്ക്കോളൂ… ഇവിടെ ഒരു അമ്മയില്ലാത്ത ബുദ്ധിമുട്ട് അവൾക്ക് നന്നായി അനുഭവപ്പെടുന്നുണ്ട്… എനിക്ക് എന്നും ലീവ് എടുത്തു വീട്ടിൽ ഇരിക്കാൻ കഴിയില്ലല്ലോ..
കുഞ്ഞിന്റെ കാര്യങ്ങൾ ഒക്കെ അവൾ തനിയെ ചെയ്യണ്ടേ… എല്ലാം കൂടി ചെയ്യാൻ പറ്റിയ ശാരീരിക അവസ്ഥയല്ലല്ലോ അവൾക്ക്… അവളുടെ ശരീരം എല്ലാം ഒക്കെയായി കഴിയുമ്പോൾ ഞാൻ വന്ന് കൂട്ടിക്കൊണ്ടു പോന്നു കൊള്ളാം….” അജയ് സമ്മതമറിയിച്ചു.
ശേഷം…
“പോയിട്ട് വാ ശ്രുതി… ഞാൻ ഇടയ്ക്ക് വന്ന് കണ്ടോളാം… ” അവൻ സ്നേഹത്തോടെ അവളുടെ നെറുകയിൽ മുത്തി.
പോകും മുൻപ് അകത്തെ മുറിയിലെത്തി അവൾ അച്ഛനോടും യാത്ര ചോദിച്ചു.
ഒരുപാട് അകലെയല്ലാത്ത അവളുടെ വീട്ടിലേക്ക് ശ്രുതി കാറിൽ കയറി പോകുന്നത് അജയ് ആശ്വാസത്തോടെ നോക്കി നിന്നു.. വലിയൊരു പിണക്കത്തിന് പരിസമാപ്തി വന്നതോർത്തു സന്തോഷിച്ചു കൊണ്ട്.