(രചന: Nisha L)
“അമ്മേ എന്റെ പെൻസിൽ എവിടെ,? “
” അമ്മേ ടിഫിൻ എടുത്തു വച്ചോ,? “
” മീരേ എന്റെ പേഴ്സ് എവിടെ….? “
ഹോ… രാവിലെ എന്തൊക്കെ ചെയ്യണം.. എവിടൊക്കെ ഓടി എത്തണം. ഭർത്താവിനെയും കുട്ടികളെയും വിടാനുള്ള തിരക്കിലാണ് മീര.
ഭർത്താവ് ഹരി ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്യുന്നു. മൂത്ത മകൾ ഒൻപതാം ക്ലാസ്സിലും ഇളയ മകൻ നാലാം ക്ലാസ്സിലും പഠിക്കുന്നു. എല്ലാർക്കും ബ്രേക്ക് ഫാസ്റ്റും കൊടുത്തു ടിഫിനും കെട്ടി മൂന്നു പേരെയും യാത്രയാക്കി.
“ഹോ…. ഇനി ഇത്തിരി വിശ്രമിച്ചിട്ടേയുള്ളു ബാക്കി ജോലി. “..
അവൾ ബ്രേക്ക് ഫാസ്റ്റും എടുത്തു, ടീവി ഓൺ ചെയ്തു ന്യൂസ് ചാനൽ വച്ചു.കഴിച്ചു കഴിഞ്ഞു കുറച്ചു നേരം കൂടി tv കണ്ട് ഇരുന്നു.
“ഇനിയും ഇരുന്നാൽ ശരിയാവില്ല. തൂത്തു വാരണം, തുണി അലക്കണം, അടുക്കള ഒതുക്കണം.”… വീണ്ടും ജോലികളിലേക്ക് തിരിഞ്ഞു.
” മീരാ…… ” ആരോ വിളിക്കുന്നത് കേട്ട് അവൾ ഉമ്മറത്തേക്ക് വന്നു..
“അല്ല ആരിത് വിഷ്ണുവോ… നീയിന്നു നേരത്തെ വന്നോ..വാ കയറി ഇരിക്ക്..” അവൾ വശ്യമായി പറഞ്ഞു.
” ഞാൻ കുളിച്ചില്ല.. ഒന്ന് കുളിച്ചിട്ടു വരാം.” പറഞ്ഞിട്ട് അവൾ ബാത്റൂമിൽ കയറി…
കുളിച്ചിറങ്ങിയ അവൾ കണ്ണാടിയുടെ മുന്നിൽ നിന്നു.. പൗഡർ ഇട്ടു, പൊട്ടു വെച്ചു, കണ്ണെഴുതി.. മുടി ചിക്കി വിടർത്തിയിട്ടു.
നാല്പത് കഴിഞ്ഞെങ്കിലും താൻ ഇപ്പോഴും സുന്ദരി തന്നെ എന്ന് അവൾ മനസ്സിൽ ഓർത്തു.
ഹാളിലേക്ക് വന്ന അവൾ വിഷ്ണുവിന്റെ അരികിൽ ഇരുന്നു. അവന്റെ തോളിൽ തല ചായ്ച്ചു..
“മ്മ് പറയെടാ എന്തൊക്കെയാ നിന്റെ വിശേഷം..? “
“എനിക്ക് എന്തു വിശേഷം.. നീ പറ പെണ്ണേ..നിന്റെ വിശേഷം… അത് കേൾക്കാൻ അല്ലേ ഞാൻ വന്നത്.. “
“മ്മ്… “
“നിന്റെ ഭാര്യയും കുട്ടികളും സുഖമായി ഇരിക്കുന്നോ.. “
“ഉവ്വ്… “
അവൾ അവന്റെ കവിളിൽ തലോടി.
“നിനക്ക് ഓർമ്മയുണ്ടോ നമ്മുടെ കുട്ടിക്കാലം..
പെറ്റു പെരുകുമെന്നു കരുതി മാനം കാണാതെ നമ്മൾ പുസ്തക താളുകളിൽ ഒളിപ്പിച്ചു വെച്ച മയിൽപീലി തുണ്ടുകൾ.? “
“ഉവ്വ്… “
“ഇന്ന് എന്റെ ജീവിതവും ഞാൻ ആരും കാണാതെ ഒളിപ്പിച്ചു വച്ചിരിക്കുകയാ ചെക്കാ.. “
“നിനക്ക് എന്തും എന്നോട് പങ്കു വയ്ക്കാം മീര.. “
അവന്റെ വിരലുകൾ അവളുടെ കൈകളിൽ തലോടി ചിത്രം വരച്ചു…
“അന്നത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം എന്തായിരുന്നു എന്ന് നിനക്ക് അറിയാമോ? “
“എന്താ..? “
“നക്ഷത്രം എണ്ണണം എന്നത്. മിനി ചേച്ചി പറഞ്ഞില്ലേ ഒൻപതു ദിവസം അടുപ്പിച്ചു ഒൻപതു നക്ഷത്രം എണ്ണിയാൽ മനസ്സിൽ വിചാരിച്ച ആഗ്രഹം നടക്കും എന്ന്.
അതിനു വേണ്ടി ഞാൻ എത്ര ശ്രമിച്ചെന്നോ.. പക്ഷേ ഒരിക്കൽ പോലും എനിക്ക് ഒൻപതു ദിവസം എണ്ണാൻ പറ്റിയിട്ടില്ല.. ഒൻപതാം ദിവസം എന്നെ പറ്റിച്ചു അവ എവിടെയോ പോയി ഒളിച്ചിരിക്കും. “
അവൻ ചിരിയോടെ അവളെ ചേർത്തു പുൽകി.
“നീ വല്ലതും കഴിച്ചോ..? വാ ചോറ് കഴിക്കാം. ഉപ്പിലിട്ട മാങ്ങയുണ്ട്.”
“കുറച്ചു കഴിയട്ടെ.. നമുക്ക് ഒരുമിച്ചു കഴിക്കാം പെണ്ണേ…”
“നിനക്ക് ഓർമയുണ്ടോ… സ്കൂളിന്റെ മുന്നിൽ മമ്മദ് ഇക്കാക്ക വിൽക്കാൻ കൊണ്ട് വെച്ച നെല്ലിക്കയും, ലോലോലീക്കയും ഉപ്പിലിട്ടതും, കമ്പിളി നാരങ്ങ അല്ലികളും…? എന്ത് രുചിയായിരുന്നു അവയ്കൊക്കെ… ഇപ്പോഴും ആ രുചികൾ നാവിൻ തുമ്പിലുണ്ട്…. “
“അതെ… ആ രുചികൾ പിന്നെ ഒരിക്കലും തേടി വന്നിട്ടില്ല അല്ലെടി…. “
“മ്മ്… “
“ഒരിക്കൽ ഒരു മഴ കാലത്തു വെള്ളം പൊങ്ങി പാടവും തോടും ഒരുമിച്ചു കായൽ പോലെ ഒഴുകിയത് ഓർക്കുന്നോ വിഷ്ണു… “
“ഉവ്വ് ഓർമയുണ്ട്…..
“അവിടെ നിന്നെയും കൂട്ടി പോയി നീന്തിയതിനു എന്റെ അച്ഛൻ, എന്റെ തുട അടിച്ചു പൊട്ടിച്ചത് മറന്നോ. ഇപ്പോഴും ഉണ്ട് ആ പാടുകൾ.. നിനക്ക് കാണണോ..? “
“അയ്യേ… ഛി.. പോടാ നാണം ഇല്ലാത്തവനെ..”
അവൻ ചിരിച്ചു…
“പക്ഷേ അത് നീന്തി കയറിയപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്… “
“മ്മ് അതെ… നിന്റെ സന്തോഷം കണ്ടപ്പോഴാണ് അടി കിട്ടിയതിന്റെ വേദന ഞാൻ മറന്നത്.. “
“എനിക്ക് ഈ ഫ്ലാറ്റ് ജീവിതം മടുത്തെടാ. എന്ത് രസമായിരുന്നു നമ്മുടെ ആ കൊച്ചു ഗ്രാമം. മണിക്കൂർ മിട്ടായിയും പ്യാരിസ് മിട്ടായിയും മധുരം നിറച്ച നമ്മുടെ ബാല്യം. ഹോ… ഓർക്കുമ്പോൾ തന്നെ എന്ത് കുളിർമ്മ.
“പത്താം ക്ലാസ്സ് കുട്ടികളുടെ സെന്റ് ഓഫ് സമയത്തു മിട്ടായി വിതരണം ചെയ്തപ്പോൾ നമ്മൾ അവിടെ പോയി കൈ നീട്ടി നിന്നതും, അത് കണ്ടു വന്ന നമ്മുടെ ക്ലാസ്സ് ടീച്ചർ അജി സാർ “എന്റെ കുട്ടികൾ എങ്ങും പോയി വായിനോക്കി നിക്കരുത്… “
എന്ന് പറഞ്ഞു പ്യാരിസ് മിട്ടായിയും ഓറഞ്ച് മിട്ടായിയും വാങ്ങി തന്നത് നീ ഓർക്കുന്നോ…? പാവം സർ ഒക്കെ ഇപ്പൊ എവിടെയാണോ എന്തോ.. “അവൾ ചിന്തയോടെ പറഞ്ഞു.
അവൻ മെല്ലെ ചിരിച്ചു..
“കറുത്ത തൊപ്പിയുള്ള കുന്നിക്കുരു കൊണ്ട് മാല കൊരുക്കാൻ പറ്റുമെന്ന് എന്നോട് നീ ബെറ്റ് വച്ചില്ലേ…? “
“ശരിയാ…. സൂചിയും നൂലും കൊണ്ട് മാല കോർക്കാൻ ഞാൻ ശ്രമിച്ചു നോക്കിയിരുന്നു.. ശോ…. എന്തൊരു പൊട്ടിയായിരുന്നു ഞാൻ അന്ന്.”
“അന്ന് മാത്രം അല്ല…. ഇന്നും നീയൊരു പൊട്ടി പെണ്ണ് തന്നെയാണ്.. “
അവൻ അരുമയോടെ അവളുടെ തലയിൽ തലോടി മൂർദ്ധാവിൽ ഉമ്മ വച്ചു..
“നിനക്ക് എന്നോട് എപ്പോഴെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോടാ… “?
“നീയെന്റെ ചങ്ക് അല്ലെടി…”
“നമുക്ക് പ്രണയം തോന്നാഞ്ഞത് നന്നായി.. അല്ലെങ്കിൽ ഇപ്പോൾ ഒന്ന് സംസാരിക്കാൻ നീ പോലും ഉണ്ടാവില്ലായിരുന്നു… ഈ ഏകാന്തതയിൽ ഞാൻ ശ്വാസം മുട്ടി മരിച്ചേനെ..
നിനക്ക് അറിയാമോ എനിക്ക് ഇപ്പോൾ പത്തു മിനിറ്റ് സംസാരിച്ചാൽ തൊണ്ട വേദന എടുക്കും. ആരോടും മിണ്ടാൻ ഇല്ലാതെ, ഞാൻ.. സംസാരിക്കാൻ പോലും മറന്നു പോയെടാ… “
“വിഷമിക്കാതെടാ.. .. നിനക്ക് ഞാനില്ലേ.. “നീ എപ്പോൾ ഓർക്കുന്നോ അപ്പോഴൊക്കെ ഞാൻ നിന്റെ അരികിൽ കാണും. “
“നമുക്ക് ഒന്ന് കൂടി ആ കുട്ടികാലത്തിലേക് തിരിച്ചു പോകാമെടാ.. നിറയെ ചുവന്ന പൂക്കൾ പരവതാനി വിരിച്ച വാകമര ചുവട്ടിൽ നിന്നോടൊത്തു എനിക്ക് കളിച്ചു ചിരിച്ചു സന്തോഷിക്കണം….നിന്റെ മടിയിൽ തല ചായ്ച്ചു കിടക്കണം…. ‘”
പെട്ടെന്ന് അവൾ ചാടി എണീറ്റു.
“അയ്യോ നിന്നോടൊത്തിരുന്നു സമയം പോയത് അറിഞ്ഞില്ല… കുട്ടികൾ വരാൻ സമയം ആയി.. അവർക്ക് കാപ്പി ഒരുക്കട്ടെ…”
ഇങ്ങനെ ചില” ഭ്രാന്തൻ പകൽകിനാവുകൾ” കൂടി ഇല്ലായിരുന്നു എങ്കിൽ താനിപ്പോ ഒരു മുഴു ഭ്രാന്തി ആയേനെ.. ഇല്ലെങ്കിൽ ചിലപ്പോൾ ശ്വാസം മുട്ടി മരിച്ചു പോയേനെ.. എന്ന് ഓർത്തു കൊണ്ട് അവൾ വൈകുന്നേരത്തെ തിരക്കുകളിലേക്ക് നീങ്ങി.