കളിപ്പാവകൾ
രചന: നിഷ സുരേഷ്കുറുപ്പ്
പതിവു പോലെ വിരസമായ പകലിൻ്റെ വാതിൽ തുറന്ന് നിരഞ്ജന ചായ കപ്പുമായി സിറ്റൗട്ടിലെ കസേരയിൽ ഇരുന്നു ചായ മെല്ലെ ഊതി കുടിയ്ക്കാൻ തുടങ്ങി. മനസ് അശാന്തമായ ചിന്തകളിലേക്ക് ഊളിയിട്ടു. എന്നും ഒരേ കാര്യങ്ങൾ എഴുന്നേൽക്കുന്നു ,ആഹാരം ഉണ്ടാക്കുന്നു , കഴിക്കുന്നു ഉറങ്ങുന്നു ജീവിതം വല്ലാതെ മുഷിപ്പ് തോന്നി. എല്ലാ ഞായറാഴ്ചകളിലും പുറത്ത് കറങ്ങാൻ പോകുന്നതാണ് ഇന്നലെ ഞായറായിട്ടു കൂടി വിവേകേട്ടൻ്റെ സുഹൃത്തും കുടുംബവും വന്നു അതും കുളമാക്കി. ആ അമർഷം രാത്രി വിവേകേട്ടനോട് തീർത്തു. താൻ വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് ആദ്യം ശാന്തനായി ഇരുന്ന വിവേകേട്ടനെ പ്രകോപിതനാക്കി. ഒടുവിൽ തിരിച്ചു വിവേകേട്ടനും ദേഷ്യപ്പെട്ടു . വഴക്കും കരച്ചിലും എല്ലാം കഴിഞ്ഞ് രണ്ട് പേരും പിണങ്ങി തിരിഞ്ഞ് കിടന്നുറങ്ങി. ഓർക്കും തോറും നിരഞ്ജനയിൽ അരിശം വന്നു മൂടി. വിവേക് എഴുന്നേറ്റു വന്നിരുന്നു അയാൾ പിണക്കമൊന്നും കാണിക്കാതെ അവളുടെ താടിയിൽ വന്നു പിടിച്ചു.
അവൾ കൈയ്യ് തട്ടി മാറ്റി മുഖം തിരിച്ചു.
“നാളെ വൈകിട്ട് നമ്മൾക്ക് മാളിൽ പോകാം നീരു ഇന്നും കൂടി നീ ക്ഷമിക്ക് ”
അയാൾ വാത്സല്യത്തോടെ പറഞ്ഞു
“എന്തിന് രാത്രി പോയിട്ട് ആരെ കാണിക്കാനാണ് പകലാണേൽ ഫോട്ടോയെങ്കിലും നേരെ എടുത്ത് ഇൻസ്റ്റയിലൊക്കെ ഇടാം ഇത് വൈകിട്ട് കെട്ടിയൊരുങ്ങി പോയിട്ട് എന്ത് ചെയ്യാനാണ് അതും മാളിൽ എന്തോ ഇരിക്കുന്നു ”
“പകലൊത്തിരി ജോലി തിരക്കുണ്ട് നിനക്കറിയാവുന്ന കാര്യമല്ലേ ”
വിവേകിൻ്റെ ക്ഷമ നശിച്ചു തുടങ്ങിയിരുന്നു.
“സ്വന്തം ബിസിനസ് സ്ഥാപനമല്ലെ ജോലിക്കാരെ ഏല്പിച്ചു വന്നു കൂടെ” ?
“നിന്നോട്ട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല എല്ലാ കാര്യത്തിലും എൻ്റെ കണ്ണെത്തണമെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട് ”
“ഓ പിന്നെ എൻ്റെ കൂടെയും മോൻ്റെ കൂടെയും നിങ്ങൾക്ക് വരാൻ സമയമില്ല അല്ല താല്പര്യമില്ല ”
നിരജ്ഞന പതിവ് പല്ലവി തന്നെ ആവർത്തിക്കുന്ന കണ്ട് എനിക്ക് വഴക്കിടാൻ സമയമില്ല പോകാൻ റെഡിയാകട്ടേന്ന് പറഞ്ഞു വിവേക് അകത്ത് കയറി പോയി…
ചായ കുടിയും കഴിഞ്ഞ് പ്രാതലും ഉണ്ടാക്കി വെച്ചു ആറ് വയസുകാരൻ മകനെ വിളിച്ചുണർത്തി കൊണ്ട് വന്നപ്പോൾ കോളിംഗ് ബല്ലടിക്കുന്ന ശബ്ദം കേട്ട് നിരഞ്ജന വീണ്ടും സിറ്റൗട്ടിലേക്ക് വന്നു.
നിറം മങ്ങിയ വസ്ത്രം ധരിച്ച മുഖം ഒരു വശത്തേക്ക് കോടിയിരിക്കുന്ന തലയിൽ തോർത്തും കെട്ടി നില്ക്കുന്ന ഒരു സ്ത്രീ പൈസയ്ക്ക് വേണ്ടി കൈ നീട്ടി നില്ക്കുന്നു . അവരെ കണ്ടപ്പോൾ തന്നെ നിരഞ്ജനക്ക് വല്ലാത്ത സഹതാപം തോന്നി. അവൾ അകത്ത് പോയി കാശെടുത്തു കൊണ്ട് കൊടുത്തപ്പോൾ പോകാനുള്ള തയ്യാറെടുപ്പുമായി നിന്ന വിവേകും ബെല്ലടിക്കുന്ന ശബ്ദം കേട്ട് ആരാന്നറിയാൻ വന്നു നോക്കി.
ആ സ്ത്രീ പൈസ വാങ്ങി രണ്ടു കണ്ണിലും വെച്ചു മാറി മാറി തൊഴുത് കൊണ്ട്
“മോളെ ദൈവം അനുഗ്രഹിക്കും “എന്ന് പറഞ്ഞപ്പോൾ നിരഞ്ജന അറിയാതെ ചോദിച്ചു പോയി
“എന്ത് പറ്റിയതാ എന്താ അസുഖം”
“ബിപി കൂടിയതാ കുഞ്ഞേ കൈയ്യും ഇതുവരെ നേരെ ആയില്ല ”
അവരത് പറയുമ്പോൾ വിറക്കുന്ന കൈയ്യിലേക്ക് നിരഞ്ജന നോക്കി..
“കുടുംബമൊക്കെ ”
അറിയാനുള്ള ആകാംഷയോടെ അവൾ ചോദിച്ചു
“ഭർത്താവ് മരിച്ചു പോയി മോളെ ”
അത് പറയുമ്പോൾ അവരുടെ കണ്ണുകൾ ഈറനാവുകയും വാക്കുകൾ ഇടറുകയും ചെയ്തു.
നിരഞ്ജന പെട്ടന്ന് വാതിലിൽ നില്ക്കുന്ന വിവേകിനെ നോക്കി.. വിവേകും അവരെ തന്നെ ശ്രദ്ധിച്ചു നില്ക്കുവായിരുന്നു.
“ഭർത്താവുള്ളപ്പോൾ ജീവിതം സന്തോഷം നിറഞ്ഞതായിരുന്നു ”
ആ സ്ത്രീയിൽ നിന്നും വീണ്ടും നിരാശയുടെ ശബ്ദം പുറത്തേക്ക് വന്നു
എന്തോ പ്രേരണ തോന്നി നിരഞ്ജന ചോദിച്ചു
“എന്തേലും കഴിച്ചോ” ?
അവരൊന്നും മിണ്ടാതെ അവളെ നോക്കി നിന്നു
ഒന്നും കഴിച്ചില്ലെന്ന് അവരുടെ നില്പിൻ നിന്നും അവള് മനസിലാക്കി
“അവിടെയിരിക്കൂ ഞാൻ എന്തേലും കഴിക്കാൻ എടുക്കാം”
സോപാനത്തിലേക്ക് കൈ കാട്ടി നിരഞ്ജന അവരോട് പറഞ്ഞു
അവരെന്തോ പറയാൻ മടിക്കുന്ന പോലെ തലയും ചൊറിഞ്ഞു നിന്നു
“എന്താ ”
നിരജ്ഞന ആകാംഷയോടെ ചോദിച്ചു
ഒരു വൃത്തിയില്ലാത്ത കവർ അലസമായി സാരി ചുറ്റിയിരുന്ന അരയിൽ നിന്ന് എടുത്ത് നീട്ടിയിട്ട് ആ സ്ത്രീ പറഞ്ഞു
“കുഞ്ഞേ ഇതിലിട്ട് തന്നാൽ മതി കഴിക്കാനുള്ളത് ”
അത് പറയുമ്പോൾ നിസഹായയായ ഒരുവളുടെ പതർച്ച അവരുടെ ശബ്ദത്തിലുണ്ടായി.
നിരഞ്ജന ചോദ്യ ഭാവത്തിൽ അവരെ നോക്കി നിന്നു.
“മോൾക്ക് കൊടുക്കാനാണ് കുഞ്ഞേ ഇന്നലത്തെ ചോറിൽ ഉപ്പും വെള്ളവും കാന്താരിയും ചേർത്താണ് അവൾക്ക് രാവിലെ കൊടുത്തത് ”
“മോള്….
നിരഞ്ജന ആശ്ചര്യചിഹ്നമിട്ടു നിർത്തി
“സുഖമില്ലാത്ത കുട്ടിയാ മുപ്പത് വയസ് കഴിഞ്ഞു ബുദ്ധിക്ക് സ്ഥിരതയില്ല എല്ലാം ഈശ്വരൻ തരുന്നതല്ലേ ഏറ്റു വാങ്ങുക തന്നെ “…
നിരഞ്ജന അകത്ത് പോയി അവർക്ക് കഴിക്കാനുള്ള ഇഡ്ഡലിയും സാമ്പാറും പാത്രത്തിലും കുറച്ചധികം ഇഡ്ഢലി കവറിലും സാമ്പാർ ഒരു ടിന്നിലുമാക്കി കൊണ്ടു വന്നു. വിവേക് അകത്തേക്ക് കയറി പോയിരുന്നു.
അവർ നന്ദിയോടെ അവളെ നോക്കി കഴിക്കാനായി സിറ്റൗട്ടിലെ തറയിലിരുന്നു.
കോടിയിരിക്കുന്ന വായിൽ ആഹാരം വെച്ചു വളരെ കഷ്ടപ്പെട്ടു ചവച്ചിറക്കുന്നത് നോക്കി നിരഞ്ജന സോപാനത്തിലും ഇരുന്നു.
അവര് കഴിക്കുന്നതിനിടയിൽ തൻ്റെ കഥയും പറയാൻ തുടങ്ങി
“സ്നേഹിച്ചു വിവാഹം കഴിച്ചതായിരുന്നു ഞങ്ങൾ. അത് കൊണ്ട് തന്നെ ബന്ധുക്കൾ ആരും അടുപ്പത്തിൽ അല്ല. സ്നേഹവും സന്തോഷവും നിറഞ്ഞെ ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിച്ചു പോന്നിരുന്നു. കുഞ്ഞ് ജനിച്ചപ്പോൾ സൂക്കേടുകാരിയായതിൽ വിഷമിച്ചിരുന്ന എന്നെ ഭർത്താവ് ആശ്വസിപ്പിച്ചു . മകളുടെ കാര്യങ്ങൾ നോക്കാൻ , അവൾക്ക് ഒരു കുറവും വരാതിരിക്കാൻ മറ്റൊരു കുട്ടി പോലും വേണ്ടെന്ന് തീരുമാനിച്ചു . ചുമട്ടു തൊഴിലാളിയായ ഭർത്താവ് രാപ്പകൽ ജോലി ചെയ്തു കുടുംബം നോക്കി. ഒടുവിലൊരു ദിവസം അറ്റാക്കിൻ്റെ രൂപത്തിൽ അയാളെ ദൈവം തിരികെ വിളിച്ചു. അതിനു ശേഷം കഷ്ടപ്പാട് നിറഞ്ഞതായി ജീവിതം. കയറിക്കിടക്കാൻ ഒരു കൊച്ചു കൂര ഉണ്ടെന്നല്ലാതെ സമ്പാദ്യം ഒന്നുമില്ല. മകൾക്ക് ഇടയ്ക്ക് അപസ്മാരം വരുന്നത് കൊണ്ട് ചികിത്സിച്ച് ചികിത്സിച്ച് ഒന്നും കരുതി വയ്ക്കാനും കഴിഞ്ഞില്ല . ഒടുവിൽ അടുത്തുള്ള ഹോട്ടലിൽ പാചക ജോലിക്കു പോയി തുടങ്ങി . മകളെ അകത്താക്കി വീടു പൂട്ടി അയൽപക്കത്തെ വീട്ടുകാരോട് ഇടയ്ക്കു ഒന്നു നോക്കാനും എല്പിച്ചു ജോലിക്ക് പോയി. ആഹാരമൊക്കെ തനിച്ച് കഴിക്കാൻ അവൾക്കറിയാം. എന്നാലും ആധിയാണ്.”..
അത്രയും പറഞ്ഞു അവർ കഴിച്ച പാത്രം കഴുകാനായി എഴുന്നേറ്റു മുറ്റത്തെ പൈപ്പിൻ ചോട്ടിലേക്ക് നടന്നു. അവര് പറയുന്നതൊക്കെ കേട്ടിരുന്ന നിരജ്ഞന സ്വന്തം വീട്ടിലേക്കും ചുറ്റുപാടിലേക്കും ഒന്നു കണ്ണോടിച്ചു. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും തൃപ്തിയില്ലാതെ പരാതിയും പരിഭവവും മാത്രം പറയുന്ന തന്നോട് തന്നെ അവൾക്ക് പുച്ഛം തോന്നി. അപ്പോഴേക്കും അവർ മടങ്ങി വന്നു പാത്രം അവളെ ഏല്പിച്ചു.
വീണ്ടും തൻ്റെ കഥയിലേക്ക് കടന്നു
“ഒരു ദിവസം ജോലി സ്ഥലത്ത് വെച്ചു പെട്ടന്ന് കുഴഞ്ഞ് വീണു. എല്ലാരും കൂടി ആശുപത്രിയിൽ കൊണ്ടു പോകുന്ന വഴിക്ക് നാവു കുഴയുകയും ഒരു വശത്തെ കൈയ്യും കാലും തളരുകയും ചെയ്തു. ബിപി കൂടിയതാണത്രെ കുറേ ദിവസം ചിക്തിസിച്ചു. ആരൊക്കെയോ സഹായിച്ചു ഈ വിധത്തിൽ എത്തി. ഇപ്പോഴും ചികിത്സയിലാണ്. ജോലി ചെയ്യാൻ വയ്യ. മരിക്കാന്ന് വെച്ചാൽ മകളെ കൊല്ലാനുള്ള ശേഷിയില്ല. സഹായിച്ചവരൊക്കെ മടുത്തു എത്രയെന്നും പറഞ്ഞാണ് എല്ലാവർക്കും അവരവരുടേതായ പ്രാരാബ്ധങ്ങൾ ഇല്ലേ…അത് കൊണ്ട് എല്ലാവരുടെ മുന്നിലും കൈ നീട്ടി ജീവിക്കാൻ തുടങ്ങി.ഭർത്താവ് ദൈവം ആയിരുന്നു. ഇല്ലായ്മയും ,വല്ലായ്മയും ഒന്നും അറിയിക്കാതെ സംരക്ഷണം നല്കിയ തണൽ മരം .,..അത് കടപുഴുകി വീണു പോയില്ലേ അന്ന് തുടങ്ങിയ ദുരിതം ആണ് “.
നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവര് സോപാനത്തിലിരുന്ന കവറു കൈയ്യിലെടുത്തു .
“പോട്ടേ കുഞ്ഞേ”…
നിരജ്ഞന പെട്ടന്ന് പറഞ്ഞു
“നില്ക്ക്”
അവൾ അകത്ത് പോയി അഞ്ഞൂറ് രൂപ കൂടി എടുത്തു വന്നു
‘വേണ്ട കുഞ്ഞേ ഇന്നത്തേക്ക് ആഹാരം ഉണ്ടല്ലോ പിന്നെ കുഞ്ഞ് നേരത്തെ തന്ന പൈസയും”…
നൂറ് രൂപ നേരത്തേ കൊടുത്തത് മടിക്കുത്തിലുണ്ടായിരുന്നു
“സാരമില്ല ഇത് പിടിക്കൂ”
അവൾ അവരുടെ കൈ കവർന്ന് അതിൽ പൈസ വെച്ചു കൊടുത്തു.
വേറെ എന്താ ചെയ്യേണ്ടത് എന്ന് അവൾക്കറിയില്ലായിരുന്നു ചോറായിട്ടില്ല. തുണി കൊടുത്താലോ , അരിയും സാധനങ്ങളും കൊടുത്താലോ എന്നൊക്കെ ചിന്തിച്ചവൾ നില്ക്കെ
“പോട്ടെ കുഞ്ഞേ നല്ലതേ വരൂ ”
പറഞ്ഞു കൊണ്ടവർ പോകാനായി തിരിഞ്ഞു
അവൾ തലയാട്ടി
അവർ അടുത്ത വീട് ലക്ഷ്യമാക്കി നടന്നകലുന്നത് നോക്കിയവൾ നിന്നു. ഓരോരുത്തരുടെയും ജീവിതത്തിൽ എന്തെല്ലാം ദുരിതങ്ങളാണ് ദൈവത്തിൻ്റെ കളിപ്പാവകൾ ചിന്തിച്ചവൾ കുറച്ചു നേരം അവര് പോയ വഴി നോക്കി നിന്നു.
അപ്പോഴേക്കും മകന് സ്കൂളിൽ പോകാനുള്ളത് കൊണ്ട് നിർബന്ധിച്ച് ആഹാരം കഴിപ്പിക്കുന്ന വിവേകിലേക്ക് അവളുടെ ശ്രദ്ധ തിരിഞ്ഞു.
ഒന്നും താനറിയുന്നില്ല വീട്ടുകാര്യങ്ങളുൾപ്പെടെ എല്ലാ കാര്യവും ഭംഗിയായി നോക്കി നടത്തുന്ന വിവേകേട്ടൻ… എല്ലായിടത്തും കൊണ്ട് പോകുന്നു, എല്ലാം വാങ്ങി തരുന്നു, പുറം പണിക്ക് ഒരു സ്ത്രീ വരുന്നുണ്ട് ജോലിക്ക് പോകാതെ മടിച്ച് വീട്ടിലിരുന്നതും താനാണ് എന്നിട്ടും എന്തേലും ചെറിയ കാര്യം മതി വഴക്കിടാനും പരാതി പറയാനും നേട്ടങ്ങൾ കാണാതെ കുറ്റങ്ങൾ മാത്രം കണ്ടെത്തി സ്വയം വിഷാദത്തിലേക്ക് പോകുന്നു .
നിരഞ്ജന വിവേകിൻ്റെ പിന്നിൽ ചെന്നയാളെ കെട്ടിപ്പിടിച്ചു
വിവേകേട്ടാ ……
അയാൾ നിറഞ്ഞ ചിരിയോടെ ഇഡ്ഢലി സാമ്പാറിൽ മുക്കിയത് അവൾക്ക് വായിൽ വെച്ചു കൊടുത്തു പുഞ്ചിരിച്ചു…
നിഷ സുരേഷ്കുറുപ്പ്✍️