ഇരട്ടിമധുരം
(രചന: Nijila Abhina)
“കട്ടും പിടിച്ചു പറിച്ചും നടക്കുന്ന ഒന്നിനെ പെറ്റിട്ട നിന്നെയൊക്കെ പറഞ്ഞാ മതിയല്ലോ ത്ഫൂ ”
അത് പറഞ്ഞ് വല്യേട്ടൻ നീട്ടി തുപ്പി പടിയിറങ്ങി പോകുമ്പോൾ കണ്ണനെയോർത്ത് ഭയം തോന്നിയെനിക്ക്.
ഏട്ടൻ പറഞ്ഞത് സത്യാവുമോ?
ന്റെ കണ്ണൻ. അവനങ്ങനെ ചെയ്യാൻ പറ്റോ? ഓർക്കുംതോറും കണ്ണിൽ ഇരുട്ട് കയറി.
പുറത്ത് തകർത്തു പെയ്യുന്ന മഴയോടൊപ്പം എന്റെ തേങ്ങലും അലിഞ്ഞു തീർന്നു.
വലിച്ചു കെട്ടിയ ഓല മറയുടെ ഇടയിലൂടെ തണുപ്പ് അരിച്ചു കേറുന്നുണ്ട്. പൊന്നൂന്റെ പനി ഇതുവരെ കുറഞ്ഞിട്ടില്ല. ആകെയുള്ള രണ്ട് കമ്പിളിയും വച്ച് പൊതിഞ്ഞു വെച്ചിട്ടുണ്ട് പൊന്നൂനെ..
ജനിച്ചപ്പോൾ മുതലുള്ള ശ്വാസം മുട്ടലും പനിയും. പൊന്നൂനെ ഓർക്കുമ്പോൾ എന്നുമെന്റെ നെഞ്ച് പിടയും.
ഓല കീറിലൂടെ പതിക്കുന്ന വെള്ളത്തുള്ളികൾ അരികു പൊട്ടിയ പാത്രത്തിൽ പതിച്ചുണ്ടാകുന്ന ശബ്ദം കേട്ട് ഇടയ്ക്കിടയ്ക്ക് പൊന്നു ഞെട്ടുന്നുണ്ട്..
അരികിൽ ചേർന്നു കിടക്കുമ്പോൾ തോന്നി ദേഹം പൊള്ളുന്നു എന്ന്..
മരുന്ന് മേടിച്ചോ മോൾക്ക് എന്ന് പറഞ്ഞ് വല്യേട്ടൻ ഏൽപ്പിച്ച നൂറുരൂപ നൈറ്റിയുടെ മടിക്കുത്തിലിരുന്ന് തലയറഞ്ഞു ചിരിക്കുന്നുണ്ട്..
എവിടോ പോയി വരുന്ന വഴി കണ്ണനെ പറ്റി ആരോ പറഞ്ഞത് കേട്ട് അന്വേഷിക്കാൻ വന്ന, ദരിദ്രനെ കെട്ടിയതിന്റെ പേരിലെന്നെ പടിയടച്ചു പിണ്ഡം വെച്ച തറവാടിന്റെ കാരണവർ. വല്യേട്ടൻ പ്രഭാകരൻ..
വീട്ടിൽ വരുന്ന പിരിവുകാർക്ക് പോലും കൊടുക്കാറില്ലേ ഇതിലധികം.
അമ്മയെന്തിനാ അത് വാങ്ങിയതെന്ന് പനച്ചൂടിലും പൊന്നു ചോദിക്കുമ്പോൾ അടുക്കളയിലെ ഒഴിഞ്ഞ പാത്രങ്ങളായിരുന്നു എന്റെ മനസ്സിൽ..
നിസഹായതയുടെ അങ്ങേയറ്റം നേരിട്ട് കണ്ടവൾക്ക്, ജനനം കൊടുത്ത മക്കൾക്ക് മരണം സ്വയം വിധിക്കാനുള്ള കെല്പില്ലാത്തവൾക്ക് ഇതിലപ്പുറം മറ്റെന്ത് ചെയ്യാനാകും..
വീണ്ടുമെന്റെ ചിന്തകൾ കണ്ണനിലെത്തി നിൽക്കുമ്പോൾ തന്നെ നനഞ്ഞു കുളിച്ചവൻ വലിച്ചു കെട്ടിയ വാതിലിൽ തട്ടി.
മുഖവുരയില്ലാതെ ഞാനവനെ നോക്കി ചോദിച്ചു.
“നാരായണേട്ടന്റെ കടേന്നു എന്തെങ്കിലും എടുത്തോ നീ. അമ്മേ കൊന്നു കളയാരുന്നില്ലെ കണ്ണാ നിനക്ക് ഇതിലും ഭേദം.
ആഗ്രഹങ്ങൾക്കൊത്ത് ഒന്നും നടത്തി തരാൻ പറ്റണില്ല അറിയാ അമ്മയ്ക്ക് ന്നാലും… അമ്മേടെ കണ്ണനീന്ന് അമ്മ പ്രതീക്ഷിച്ചില്ല ഇങ്ങനൊന്നും ”
“ഒരു കാര്യത്തിനും തിരിഞ്ഞു പോലും നോക്കാത്ത വല്യമ്മാവന്റെ വാക്കും കേട്ട് ഏട്ടനെ കുറ്റപ്പെടുത്താൻ നിക്കല്ലേ അമ്മാ ”
പൊന്നൂന്റെ വാക്കുകളിൽ നിറഞ്ഞ സങ്കടം കണ്ടു ഞാനവളെ ചേർത്തു പിടിച്ചു.
“ഒഴിഞ്ഞു കിടന്ന അരിക്കലവും അമ്മേടേം ഇവൾടേം ഒഴിഞ്ഞ വയറും ന്റെ പൊന്നൂന്റെ ക്ഷീണിച്ച മുഖോം കണ്ടപ്പോ എനിക്കങ്ങനെ പറ്റിപ്പോയി മ്മാ..
ആരാന്റെ ഒന്നും ആഗ്രഹിക്കരുത് ന്ന് പഠിപ്പിച്ച അച്ഛന്റെ മോനാ ഞാനും. അച്ഛൻ നമ്മളെ തനിച്ചാക്കി പോകുമ്പോഴും ഈ ചക്ര കസേര കൊണ്ട് മൂന്ന് നേരവും ഞങ്ങളെയൂട്ടിയ ഈ അമ്മേടെ മോനാ ഞാൻ.
ഒരുനിമിഷം അതെല്ലാം മറന്നത് നിങ്ങളുടെ ഒട്ടിയ വയറു കണ്ടിട്ടാ. ക്ഷെമിക്കമ്മാ ന്നോട്..
കൈകൂപ്പി പൊട്ടിക്കരഞ്ഞെന്റെ കാലിൽ വീഴുന്ന കണ്ണനെ താങ്ങി പിടിക്കുമ്പോൾ പൊന്നുവും ന്നോട് ചേർന്നിരുന്നു.
ചേമ്പ് പുഴുങ്ങിയതും കാന്താരി പൊട്ടിച്ചതും മുന്നിലേക്ക് നീക്കി വെക്കുമ്പോൾ അവനെന്നെ അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു.
മക്കള് രണ്ടും മധുരമിടാത്ത കട്ടൻ ചായ ഓരോയിറക്ക് കുടിക്കുമ്പോഴും എന്റെ കണ്ണിൽ നിന്ന് കണ്ണീര് പൊഴിയുന്നുണ്ടായിരുന്നു പുറത്തെ മഴയുടെ അതേ താളത്തിൽ..
കണ്ണനെന്നെ നോക്കി ഒരു കുഞ്ഞി ചിരി ചിരിച്ചു.. ഈ ചായയ്ക്കിന്ന് ഇരട്ടി മധുരം തോന്നുന്നു മ്മാ എന്റമ്മേടെ സ്നേഹം നിറഞ്ഞ മധുരം…
സന്തോഷം കൊണ്ടെന്റെ കണ്ണിൽ നിന്നൊലിച്ച കണ്ണീരിനും പതിവ് പോലെ ഉപ്പുരസമായിരുന്നില്ല പകരം സ്നേഹം കലര്ന്ന മധുരമായിരുന്നു. ഇരട്ടി മധുരം.