നിനക്ക് നഷ്ട ബോധം തോന്നുന്നുണ്ടോ വേണി, കാറ്റിൽ പാറിയ മുടിയിഴകൾക്കൊപ്പം..

ബെസ്റ്റ്ഓപ്ഷൻ
(രചന: Nijila Abhina)

“നിനക്ക് നഷ്ട ബോധം തോന്നുന്നുണ്ടോ വേണി??

കാറ്റിൽ പാറിയ മുടിയിഴകൾക്കൊപ്പം കണ്ണീരു കൂടി തുടച്ചു മാറ്റുമ്പോഴും ചുണ്ടിലൊരു പുഞ്ചിരി വിടർത്തി ഞാൻ…

“ഏയ്‌ എന്തിന് എനിക്കെന്തിന് നഷ്ട ബോധം തോന്നണം ”

പറഞ്ഞത് കള്ളമാണെന്ന് ബോധ്യമായതിനാലാവണം ഹേമ ഒന്ന് പുഞ്ചിരിച്ചു..

“കള്ളം പറയാൻ നിന്നെ കഴിഞ്ഞേ ആളുള്ളൂ വേണി ”

“ഞാനെന്തിന് കള്ളം പറയണം?? എന്റെ ചിന്തയിൽ പോലും അവനില്ല എന്നേ നഷ്ടപ്പെട്ടതാണത് ”

“നീ പറഞ്ഞതിൽ വീണ്ടുമൊരു കള്ളമുണ്ടല്ലോ വേണി,,,,, നഷ്ടപ്പെടുത്തിയത് അല്ലെങ്കിൽ പിഴുതെറിഞ്ഞത്… അങ്ങനെ പറയണം ”

“നീയെന്നെ കുറ്റപ്പെടുത്താൻ ഇറങ്ങിയതാണോ അതോ കുത്തി നോവിക്കാനോ ”

ഞാനത് പറയുമ്പോൾ അവളുടെ മുഖത്തെ ഭാവമെന്തായിരുന്നു… പുച്ഛം. അത് തന്നെയാണത്.

ബാഗിൽ നിന്നെടുത്ത കവർ നിവർത്തി ഒരു കയ്യിൽ സ്നേഹ മോള്ടെ കൈ പിടിച്ചു മുന്നോട്ട് നടക്കുമ്പോൾ ആദ്യമായി ഒറ്റയ്ക്കാണ് എന്നൊരു തോന്നലെന്നെ വീർപ്പു മുട്ടിച്ചു.

“ആരാമ്മേ നമ്മളോട് വന്ന് മിണ്ടിയ മാമൻ ” മോളുടെ ചോദ്യം വീണ്ടുമെന്നെ കുഴക്കി..

“അതൊരു മാമൻ ”

“ആരായാലും മോൾക്ക് കൊറേ ഇഷ്ടായി.. മാമനും മാമീം കുഞ്ഞാവേം ന്ത് രസാല്ലേ.. ന്താമ്മേ മ്മടെ ഗിരിയഛ മാത്രം ഇങ്ങനെ??

അവള് ചോദിച്ചതൊന്നും കേട്ടിരുന്നില്ല ഞാൻ ഓർമയിലപ്പോൾ പത്തു വർഷം പിന്നിലായിരുന്നു ഞാൻ..

എന്നെ തന്നെ നോക്കിയിരിക്കാറുള്ള പിൻബെഞ്ചിലെ കോലൻ മുടിക്കാരൻ ചെക്കൻ അറിഞ്ഞിട്ടും അറിയാത്ത ഭാവത്തിൽ ആ നോട്ടമാസ്വദിക്കാറുള്ള ഞാനും…. ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വിടരുന്നുണ്ടോ..

പതിയെ ഞാനെന്റെ നഷ്ടം മനസിലാക്കുകയായിരിരുന്നു വർഷങ്ങൾക്കിപ്പുറവും അവനെന്നിൽ പുഞ്ചിരി വിടർത്താൻ സാധിച്ചിരിക്കുന്നു…

ഞാനില്ലെങ്കിൽ നീയും നീയില്ലെങ്കിൽ ഞാനുമില്ലെന്ന പതിവ് സത്യപ്രതിജ്ഞയും കാണാതെയിരിക്കുമ്പോഴുള്ള നോവും പ്രണയം വിരിയിച്ച കവിതകളും.

ഓര്മകള്ക്കിന്ന് നാട്ടിലെ മൂവാണ്ടൻ മാവിന്റെ തണലിന്റെയും അമ്പലക്കുളത്തിന്റെയും ചാലിച്ച ചന്ദനത്തിന്റെയും ഗന്ധമാണ്….

“നിനക്കൊരിത്തിരി റൊമാന്റിക് ആയിക്കൂടെ അഭയ്… അയ്യേ ഇതൊരുമാതിരി…..

അന്നത്തെയെന്റെ വാക്കുകൾക്ക് അവൻ പൊട്ടിച്ചിരിക്കുമായിരുന്നു… എങ്കിലും താഴെ പുരയിലെ കുട്ടി നല്ലൂട്ടിയാ ആങ്കുട്ടി എന്ന് അച്ഛനും മുത്തച്ചനും പറയുന്നത് ഒരു സന്തോഷമായിരുന്നു….

ഡിഗ്രി എക്സാം കഴിഞ്ഞു വരുമ്പോ കുട്ടിയെ കാണാൻ ആള്ക്കാര് വന്നിട്ടുണ്ട് എന്ന് കേട്ടുണ്ടാക്കിയ വഴക്കിന് വാസന സോപ്പിനെക്കാൾ ഗന്ധം പരത്തുന്ന പെർഫ്യൂമും

മുറ്റത്തെ കാറും പിന്നെ ഒരിത്തിരി റൊമാന്റിക് ആയി സംസാരിക്കേം ചെയ്ത ഗിരിധർ എന്ന ഗിരിയെ കാണുന്നത് വരെയേ ആയുസ്സുണ്ടായിരുന്നുള്ളു…

ഓർത്തപ്പോൾ എന്നോട് തന്നെ ആദ്യമായി പുച്ഛം തോന്നി… ടിപിക്കൽ പെണ്ണ്.

അഭയോടുള്ള ഇഷ്ടം എത്ര പെട്ടെന്നാണ് മറന്നത്… വീട്ടിൽ പറഞ്ഞാൽ ഉറപ്പായും സമ്മതിച്ചേനെ ന്നിട്ടും അന്നവനെ ഒഴിവാക്കാനായിരുന്നു തിടുക്കം..

“അഭയ് ഇനിയെന്നെ കാണാൻ വരരുത്…. ഇത് നടക്കില്ല എനിക്ക് വീട്ടുകാരെ വിഷമിപ്പിക്കാൻ വയ്യടാ നീയെന്നെ മറക്കണം നിനക്ക്… നിനക്കെന്നെക്കാള് നല്ലൊരു പെണ്ണിനെ കിട്ടും ”

“വേണി ”

“ഞാൻ വന്ന് സംസാരിക്കട്ടെ നിന്റെ വീട്ടിൽ…

“സീ അഭയ്… ഇതെനിക്കൊരു കച്ചി തുരുമ്പാണ് നല്ല കുട്ടിയെന്ന ലേബലല്ലാതെ നിനക്കെന്തുണ്ട് ഗിരിയേട്ടൻ നല്ലനിലയിൽ ജീവിക്കുന്നയാളാണ് എല്ലാം കൊണ്ടും ബെറ്റർ ഓപ്ഷൻ സോ ഇനിയെന്റെ ലൈഫിൽ വരരുത് പ്ലീസ് ”

ഗിരിയെപ്പറ്റി ഓർത്തപ്പോൾ ഭയം കൊണ്ട് അറിയാതെ ഞാൻ സ്നേഹ മോളേ അമർത്തി പിടിച്ചു….

പണക്കാരന്റെ ആഡംബര ഭാര്യാ പദവി മോഹിച്ചു ചെന്നവൾക്ക് കിട്ടിയ വരവേൽപ് അത്ര നന്നായിരുന്നില്ല..

എങ്കിലും ആദ്യ നാളുകളിൽ ഗിരി കൂടെ നിൽക്കുമായിരുന്നു.. കൗതുകം കഴിഞ്ഞ കളിപ്പാട്ടത്തോടുള്ള മനോഭാവമായി പിന്നെപ്പിന്നെയവനും എന്നോട്……

മ ദ്യ ത്തിന്റെ മണമുള്ള രാത്രികളിൽ അയാൾക്ക് ചോദിച്ചറിയാനുണ്ടായിരുന്നത് ഞാൻ സ്വപ്നം കണ്ടിരുന്ന കവിതയായിരുന്നില്ല മറിച്ച് സംശയങ്ങൾ നിറഞ്ഞ എന്തൊക്കെയോ ആയിരുന്നു….

തല്ലി ചതച്ചത് ദേഹം മാത്രമായിരുന്നില്ല അന്നൊന്നും എന്നും സ്വപ്‌നങ്ങൾ മാത്രം കണ്ടിരുന്ന മനസ് കൂടിയായിരുന്നു….

കഴിക്കാനെടുത്തു വെച്ച ചോറിനു മുന്നിൽ പോലും മകന്റെ പേക്കൂത്ത് കൂടാതെ അമ്മ പറഞ്ഞിട്ടുണ്ട്

“നാലണയില്ലാണ്ട് കേറി വന്നോളുമാർക്ക് ഞെളിഞ്ഞിരുന്നുണ്ണാൻ സത്രമല്ലിത്…..

അന്ന് വായിലേക്ക് വെച്ച ചോറ് താഴോട്ടിറങ്ങാതെ തൊണ്ടക്കുഴിയിൽ തങ്ങി നിന്നപ്പോൾ ആദ്യമായി തിരിച്ചു വീട്ടിലേക്ക് പോയാലോ എന്നോർത്തു..

എന്നിട്ടും പിടിച്ചു നിന്നത് മോൾക്ക് വേണ്ടിയായിരുന്നു… അവൾക്ക് മുന്നിൽ ചൂണ്ടിക്കാണിക്കാൻ ഒരച്ഛൻ വേണമായിരുന്നു അതാണല്ലോ സമൂഹത്തിനും വേണ്ടത്.

അഞ്ച് വയസു മാത്രം പ്രായമുള്ള കുഞ്ഞിനു നേരെയും കയ്യോങ്ങി നിൽക്കുന്ന ഗിരിയെ കണ്ടപ്പോൾ മകനെ അതിനും സപ്പോർട്ട് ചെയ്യുന്ന അമ്മയെ കണ്ടപ്പോൾ

അന്ന് പെട്ടെന്നൊരു ധൈര്യത്തിൽ തൊട്ട് പോവരുതെന്നേo മോളേം എന്നൊരു വക്കിലവിടെ നിന്നിറങ്ങുമ്പോൾ മുന്നിൽ ശൂന്യത തന്നെയായിരുന്നു…

അമ്മേടെ ഓര്മകളുറങ്ങുന്ന ഞാനോടി കളിച്ച തറവാട്ടിൽ വന്ന് കയറുമ്പോൾ ഒന്നും പറയാതെ അച്ഛൻ ചേർത്ത് പിടിച്ചു…

ചുമച്ചു ചുമച്ചു മതിയാകാഞ്ഞിട്ടാവാം എന്തോ പറയാൻ വന്നത് വിഴുങ്ങിയ അച്ഛനെ നിസ്സഹായതയോടെ നോക്കിയന്നു താൻ…

പതിയെ പതിയെ നിവർന്നു നിന്ന് തുടങ്ങി…

അന്നായിരുന്നു അഭയെ അവസാനം കണ്ടത്. തറവാട്ടിൽ വന്നതിന് ശേഷം കാണുമെന്നു കരുതിയിരുന്നെങ്കിലും കണ്ടിരുന്നില്ല.. കണ്ടെങ്കിൽ എന്ത് പറയുമെന്നോർത്ത് ഒരുപാട് വൈകുന്നേരങ്ങൾ വെറുതെ കളഞ്ഞിട്ടുണ്ട്…

വീണ്ടും ഓർമകളിൽ ആ വൈകുന്നേരം വിരുന്നെത്തുന്നു …

ഇനിയെന്നെ കാണരുത് എന്നെ വെറുതെ വിട്ടേക്കഭയ്……

പിന്നീടൊന്നും പറഞ്ഞില്ല അന്നവൻ . കരയുക കൂടി ചെയ്തിരുന്നില്ല.. പിന്നീട് കാണുന്നത് ഇന്നാണ്. അമ്മേടെ ഓർമ ദിനമായൊണ്ടാണ് പതിവില്ലാതെ അമ്പലത്തിൽ പോയത്…

എന്നെങ്കിലും കാണുമെന്നു പ്രതീക്ഷിച്ചിരുന്നു എങ്കിലും പെട്ടെന്ന് കണ്ടപ്പോൾ ഷോക്കായിരുന്നു.

അഭയ്. കൂടെ ഭാര്യയും രണ്ട് വയസോളം പ്രായമുള്ള കുഞ്ഞും..

കയ്യിലുള്ള പാതി ഐസ്ക്രീം നുണഞ്ഞിറക്കുന്ന കുഞ്ഞു മോളും അവളെ മടിയിൽ വെച്ചവനും വഴിപാട് കൗണ്ടറിനു മുന്നിലെ കസേരയിൽ അവനോട് തോൾ ചേർന്നവളും…

കണ്ടു എന്ന് മനസ്സിലായിട്ടും കാണാത്ത പോലെ നടക്കാൻ തുനിഞ്ഞതും പുറകിൽ നിന്നവൻ വിളിച്ചു..

“വേണിക്ക് മനസ്സിലായോ ”

“ഉവ്വെന്ന് തലയാട്ടി ”

കൗതുകം നിഴലിക്കുന്ന അവളുടെ ഉണ്ടക്കണ്ണുകളിൽ നോക്കി അവനൊന്നു ചിരിച്ചു

“അപ്പു ഇതാ ഞാൻ പറയാറുള്ള എന്റെ കഥയിലെ നായിക വേണി ”

ചോദിച്ച വിശേഷങ്ങൾക്കൊക്കെ ഒറ്റ വാക്കിൽ ഉത്തരം നൽകി തിരിച്ചു നടക്കുമ്പോൾ അവൻ പറഞ്ഞ അവസാന വാക്കായിരുന്നു നെഞ്ചിൽ തറച്ചു കേറിയത്

അന്ന് നമ്മൾ പിരിഞ്ഞതിൽ പിന്നെ ഞാനേറെ മാറി കേട്ടോ പക്ഷേ എന്ത് കാര്യം ഇവളില്ലേ എന്റപ്പു ഒട്ടും റൊമാന്റിക്കല്ല കണ്ടില്ലേ നാലാള് കൂടിയാ ഒന്ന് ചേർന്നിരിക്ക പോലുമില്ല…

പക്ഷേ പ്രണയിക്കാനറിയാത്തവന്,, നല്ല കുട്ടി ഇമേജ് മാത്രമുള്ളവന് കിട്ടിയ ബെറ്റർ ഓപ്ഷൻ ഇത് തന്നെയാട്ടോ പരാതീം പരിഭവോം ഇണക്കവും പിണക്കവും അങ്ങനെയങ്ങനെ ഈ വഞ്ചിയിപ്പോ മൂന്നര വർഷമായി….

അത് പറയുമ്പോൾ എന്തോ പറഞ്ഞു തീർത്ത ആശ്വാസം ആ മുഖത്തുള്ളത് പോലെ.. ചുവന്നു തുടുത്ത് അപ്പുവിന്റെ മുഖവും….

പൊട്ടിച്ചിരി കേട്ട് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു പാതി കടിച്ച ചോക്ലേറ്റ് അഭയുടെ വായിൽ വെച്ച് കൊടുക്കുന്ന അപ്പുവിനെ,,,

മടിയിൽ നിന്ന് മടിയിലേക്ക് ചാടിക്കളിക്കുന്ന കുഞ്ഞിനെ ””പ്രണയം വഴിഞ്ഞൊഴുകുന്ന രണ്ടു ജോഡി കണ്ണുകളെ…

ഹേമ കണ്ടിരിക്കുന്നു ഞങ്ങള് പരസ്പരം കണ്ടത്…. അല്ലെങ്കിലും മറയ്ക്കാനെന്തിരിക്കുന്നു നഷ്ടപ്പെടുത്തിയതിനോളം വരില്ലല്ലോ പിന്നീട് വന്ന നാണക്കേടുകളൊന്നും.

കണ്ണാടിയിൽ നോക്കിയപ്പോൾ എനിക്കാ പഴയ വാക്കുകൾ ഓർമ വന്നു

“അഭയ് അതൊരു ബെറ്റർ ഓപ്ഷനാണ് ”

കൂടെയിന്ന് അഭയുടെ വാക്കും……

സാരിത്തുമ്പു കൊണ്ട് മുഖമമർത്തി തുടച്ച് അടുക്കളയിലേക്ക് നടക്കുമ്പോൾ നീണ്ട ഇടനാഴിയിലെ നിശബ്ദതയും ഒറ്റപ്പെടലും ആദ്യമായി നിരാശ നിറച്ചു…

അപ്പോഴും ബെറ്റർ ഓപ്ഷൻ ആ വാക്കെന്നെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *