ഓ , ഓളെ പഞ്ചാരേം കേട്ടോണ്ട് വണ്ടിയോടിക്കാൻ എന്താ ആവേശം ല്ലേ.. ഇനി അതിനൊരു മറുപടിപറഞ്ഞു മഴക്കൊപ്പം ഇടിയും മിന്നലും..

മാപ്പ്
(രചന: Muhammad Ali Mankadavu)

അളിയന്റെ തള്ളും ഉമ്മുകുൽസുവിന്റെ തുള്ളും സഹിക്കാൻ പറ്റാഞ്ഞിട്ടായിരുന്നു ഉമ്മർ അന്ന് വൈകുന്നേരം കാറിൽ യാത്ര തുടങ്ങിയത്.

അൻപത്തഞ്ച് കിലോമീറ്റർ ദൂരം കാറോടിക്കണം. അതിൽ പകുതിയോളം ഹൈവേയിൽ നിന്നും മാറിയുള്ള നിരത്തുമാണ്. വീതികുറഞ്ഞതും ഒന്നാന്തരം കുണ്ടുകളും കുഴികളും എന്തിനധികം…

കുളങ്ങളുമാലും പ്രകൃതിഭംഗി നിറഞ്ഞു കവിഞ്ഞു തുളുമ്പുന്ന കോളാമ്പി പോലെയുള്ള നിരത്ത് നാടിന് അലങ്കാരം തന്നെയാണല്ലോ എന്ന് ഉമ്മർ അഭിമാനം കൊണ്ടു.

അളിയന്റെ വീടുകൂടലിന് പങ്കെടുക്കാൻ അന്നേദിവസത്തെ ജോലിത്തിരക്ക് കാരണം ഉമ്മറിന് സാധിച്ചിരുന്നില്ല. ഉമ്മുകുൽസു കാലേക്കൂട്ടിപ്പോയി പ്രധാനദിവസവും കഴിഞ്ഞു പിന്നെയും രണ്ടു ദിവസം കഴിഞ്ഞു ബസ് കയറി മടങ്ങിയതാണ്.

അന്നുമുതൽ തുടങ്ങിയതാണ് “ഇങ്ങളെന്റെ ആങ്ങളന്റെ വീട് കൂടലിന് പോയിട്ടില്ലല്ലാ” എന്ന മുന്നറിയിപ്പിന്റെ സ്വരമുള്ള ഓർമ്മപ്പെടുത്തൽ. മഴയൊന്നടങ്ങട്ടെ എന്ന ഉമ്മറിന്റെ അഭിപ്രായം അവളൊട്ട് ഗൗനിച്ചതുമില്ല.

സ്വന്തമായി അടുക്കളയിൽ യുദ്ധം ചെയ്തു ഭക്ഷണമുണ്ടാക്കി കഴിക്കുന്നവളാണെങ്കിലും രാവിലെയെന്താണ് ഉണ്ടാക്കി കഴിച്ചതെന്ന് വൈകിട്ടാകുമ്പോളേക്കും മറക്കുന്നവളാണ് ഉമ്മുകുൽസു. ആ പഞ്ചാര ഓളോട് നിന്റെ ആങ്ങളയുടെ വീട്ടിലേക്കുള്ള വഴിയെങ്ങനെയാണെന്ന് ചോദിച്ചതിന് ഉമ്മറിനോട് അവൾ പറഞ്ഞത്

“ഏയ് മനുഷ്യാ മാപ്പ് നോക്ക്” എന്ന വേദവാക്യമായിരുന്നു.

ഹൈവേയിലെത്തും മുൻപ് മാപ്പിനകത്തെ മദാമ്മ വഴിപറഞ്ഞു തരാൻ തുടങ്ങിയിരുന്നു. അതുകേട്ടപ്പോ ഉമ്മുകുൽസുവിന്റെ എല്ലില്ലാത്ത നാക്ക് വീണ്ടും വായിലിട്ടടിച്ചു ..

“ഓ , ഓളെ പഞ്ചാരേം കേട്ടോണ്ട് വണ്ടിയോടിക്കാൻ എന്താ ആവേശം ല്ലേ”..ഇനി അതിനൊരു മറുപടിപറഞ്ഞു മഴക്കൊപ്പം ഇടിയും മിന്നലും കൂടി ഉണ്ടാവേണ്ടെന്ന് കരുതി ഉമ്മർ മിണ്ടാതിരുന്നു.

കറുത്ത ആകാശം, കറുത്ത നിരത്ത്.. ഉമ്മുകുൽസുവിനെയും വഹിച്ചുകൊണ്ട് നിരത്തും മാപ്പും നോക്കി ഉമ്മർ വണ്ടിയുടെ ആക്‌സിലേറ്ററിൽ ശ്രദ്ധാപൂർവ്വം കാൽവെച്ചു. ഇടക്ക് എന്തെങ്കിലും സംസാരിച്ചു കൊണ്ടിരിക്കുന്ന ഉമ്മുകുൽസുവിനെ ശ്രദ്ധിക്കുന്നില്ല എന്ന് തോന്നാതിരിക്കാൻ ങ്‌ഹും , ങ്ഹാ എന്നിങ്ങനെ അലസമായി മൂളിക്കൊടുത്തു. ഓരോ വളവും തിരിവും എത്തുമ്പോൾ മാപ്പ് മദാമ്മ കൃത്യമായി വഴി നയിച്ചു കൊണ്ടിരുന്നു.

ആങ്ങളയുടെ പുതിയ വീടിരിക്കുന്ന നാടിന്റെയും വീടിന്റെയും മികവ് ഉമ്മുകുല്സു പലവുരു ആവർത്തിച്ചുകൊണ്ടിരുന്നു. ഇതിനേക്കാൾ ഭേദം കാറിലെ റേഡിയോ ഓൺ ചെയ്യലായിരുന്നുവെന്നാണ് ഉമ്മറിന് തോന്നിയത്. റേഡിയോ കേൾക്കുമ്പോൾ മാപ്പ് മദാമ്മ വഴി പറയുന്നത് വ്യക്തമാകില്ലല്ലോ എന്നു കരുതിയാണ് അത് ചെയ്യാതിരുന്നത്.

എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്തു ഇരുട്ടിനെയും മഴയെയും കീറിമുറിച്ചു ഉമ്മറിന്റെ കാർ പാഞ്ഞുകൊണ്ടിരുന്നു. അളിയന്റെ വീടെത്താൻ ഇനി പതിനൊന്നു കിലോമീറ്റർ സഞ്ചരിച്ചാൽ വലത്തോട്ടുള്ള റോഡിലേക്ക് തിരിയണം എന്ന അറിയിപ്പ് വന്നു. ഉമ്മർ ഇടയ്ക്കിടെ പിന്നിടുന്ന കിലോമീറ്ററുകൾ ഫോണിലെ സ്‌ക്രീനിൽ നോക്കിക്കൊണ്ടിരുന്നു.

പെട്ടെന്ന് മഴക്ക് ശക്തികൂടി. ഉമ്മർ അതിനനുസരിച്ച് കാറിന്റെ വേഗതയും കുറച്ചു ഓടിച്ചു.

ഇനി അഞ്ചുകിലോമീറ്ററുകൾ കൂടി പിന്നിട്ടാൽ വലത്തോടുള്ള നിരത്തിലേക്കാണ് വണ്ടി തിരിക്കേണ്ടത്.

“അദേയ് ഉമ്മർക്ക , ഉസ്മാന്റെ വീടിന്റെ ഹാളിൽ വിരിച്ച കാർപ്പറ്റ് കാണേണ്ടത് തന്നെയാണ്, എന്തൊരു ഭംഗിയാണെന്നറിയാമോ. ഓൻ അത് ഗൾഫീന്ന് കൊണ്ടന്നതാ പോലും. എനിക്കും അങ്ങനത്തൊന്ന് കൊണ്ടുതരണമെന്ന് ഓനോട്‌ പറഞ്ഞിട്ടുണ്ട്” അതും പറഞ്ഞു ഉമ്മുകുല്സു പ്രതീക്ഷയോടെ ചിരിച്ചു.

“ഗോ സ്ട്രൈറ്റ് ഫോർ എനതർ ടു കിലോമീറ്റർസ് , ദെൻ ടേൺ റൈറ്റ് ടു പാക്കരൻ റോഡ്” അടുത്ത അറിയിപ്പ് വന്നു.

കനത്തമഴ തുടർന്നു. ഉമ്മർ സ്ട്രൈറ്റ് ആയി തന്നെ വണ്ടി മുന്നോട്ടോടിച്ചു. പെട്ടെന്ന് കാർ പ്രധാനനിരത്തിൽ നിന്നും മാറി കല്ലും മണ്ണും നിറഞ്ഞ വഴിയിലേക്ക് നീങ്ങി. പെട്ടെന്നുള്ള വെപ്രാളത്തിൽ ബ്രെയ്ക്കിന് പകരം ആക്‌സിലേറ്ററിൽ കാലമർത്തിയ ഉമ്മറിന്റെ കാർ ഞൊടിയിടക്കുള്ളിൽ ഒരു കായലിലേക്ക് പാഞ്ഞു.

കാർ മുങ്ങിക്കൊണ്ടിരിക്കെ ഉമ്മുകുൽസു ബേജാറോടെ ഉമ്മറിനോട് ചോദിച്ചു..

“ഇങ്ങളെങ്ങോട്ടേക്കാ ഉമ്മർക്ക കാറോടിച്ചേ?, കാറ് വെള്ളത്തിലായല്ലാ, ഇനിയെങ്ങനെ ഓന്റെ വീട്ടിലെത്തും ?”

“കുൽസൂ.. കാർ നേരെ പോകാനാണ് ഗൂഗിൾ മാപ്പ് പറഞ്ഞത്. ഞാൻ ഓടിച്ചതും നേരെ തന്നെയായിരുന്നു. ചെറിയൊരു വളവുള്ളത് മാപ്പ് പറഞ്ഞില്ല. നിന്റെ ബഡായി കേട്ട് എന്റെ നോട്ടം ഒരു നിമിഷം നിന്റെ മുഖത്തേക്കായിപ്പോയതിനാൽ മാപ്പിൽ വരച്ചു കാണിച്ചത് കണ്ടതുമില്ല..”

“എന്തായാലും ഒരുമാസമായി കഴുകാതെ പക്ഷിക്കാട്ടം പുരണ്ടു നിന്ന ഇങ്ങളെ കാറൊന്നു വൃത്തിയായല്ലോ.. സമാധാനമായി” ഉമ്മുകുൽസു വളിച്ച വെള്ളത്തിൽ നൃത്തം ചെയ്യുന്ന കാറിൽ നിന്ന് ചിരിയോടെ കമന്റ്റ് പാസ്സാക്കി.

“തള്ളെടാ, തള്ള്.. എവിടെ നിന്നൊക്കെയോ ഓടിക്കൂടിയ ആളുകൾ പരസ്പരം പറഞ്ഞു തള്ളി തള്ളി കാർ കരക്കെത്തിച്ചു.. കാർ വീണ്ടും നേരെ ഉസ്മാന്റെ വീട്ടിലേക്ക് പാഞ്ഞു തുടങ്ങി.

ഉമ്മുകുൽസു സഹതാപത്തോടെ ഉമ്മറിനോട് പറഞ്ഞു.. “ഉമ്മർക്കാ മാപ്പ്”

“ഇനി മേലാൽ നീ മാപ്പെന്നും പറഞ്ഞു എന്നോട് മിണ്ടാൻ വന്നാ”..

“ഹെന്റെ ഉമ്മർക്കാ .. ആ മാപ്പല്ല ഈ മാപ്പ്.. ഇത് ശരിക്കുള്ള മാപ്പ്.. ഇങ്ങള് കാറോടിക്കുന്നതിനിടയിൽ ഞാൻ വർത്താനം പറഞ്ഞോണ്ടിരുന്നോണ്ടല്ലേ ഇങ്ങളെ ശ്രദ്ധ മാറിപ്പോയത്. അതോണ്ടല്ലേ കാർ വെള്ളത്തിലായത്.. അയിന് ഞാൻ ഇങ്ങളോട് മാപ്പ് ചോയ്ക്കുന്നതാ..”