അതേടി നിന്നെ പ്രസവിച്ച നിന്റെ അമ്മ ആരാണെന്ന് നിനക്ക് അറിയണ്ടേ…. വാ ഇവിടെ.. മാളുവിന് തിരിച്ചൊന്നും പറയാൻ ..

(രചന: മിഴി മോഹന)

ഞാനും അമ്മേടെ മോൾ തന്നെ അല്ലെ അമ്മേ.. പിന്നെ എന്താ അച്ഛൻ എന്നോട് ഇങ്ങനെ പെരുമാറുന്നത്……. “”

എന്റെ അനിയത്തിമാർക്ക് കൊടുക്കുന്ന ഒരു പരിഗണനയും ഇന്ന് വരെ അച്ഛൻ എനിക്ക് തന്നട്ടില്ല… എനിക്ക് വേണ്ടി എന്നും വാദിക്കുന്ന അമ്മയെ അച്ഛൻ ഭീഷണിയുടെ സ്വരത്തിൽ അടിച്ചമർത്തുമ്പോൾ അമ്മയും തിരിച്ച് ഒന്നും പറയാതെ വാ മൂടി കെട്ടിയിട്ടെ ഉള്ളു ഈ നിമിഷം വരെ.. “‘

മാളുവിന്റെ ശബ്ദം കാതുകളിൽ ആഞ്ഞു പതിക്കുമ്പോഴും നിശബ്ദമായി ഒഴുകുന്ന കണ്ണുനീരിനെ തടയിടാൻ ശ്രമിച്ചു ഗായത്രി……

ഓർമ്മവെച്ച നാൾ മുതൽ അവൾ ചോദിക്കുന്നത് ആണ് ഈ ചോദ്യം…. അതിന് ഉത്തരം നൽകാൻ കഴിയാത്ത നിസ്സഹായ ആയ അമ്മയ്ക്ക് നിശബ്ദത മാത്രം ആണ് കൂട്ട്..””

കുറച്ച് കഴിയുമ്പോൾ സങ്കടങ്ങൾ പെയ്തിറക്കി അവൾ പൊയ്ക്കോളും.. “”

ഗായത്രി മെല്ലെ കണ്ണ് തുടച്ചു കൊണ്ട് കട്ടിലിൽ നിന്നും എഴുനെല്കുമ്പോൾ അവൾക്ക് മുൻപിൽ മാളുവിന്റെ കൈ തടസം ആയി ആ നിമിഷം…

മുഖം ഉയർത്തി നോക്കുമ്പോൾ എന്നത്തേയും പോലത്തെ ഭാവം ആയിരുന്നില്ല ഗായത്രി അവളിൽ കണ്ടത്…

അമ്മ എങ്ങോട്ട് പോകുന്നു… ഞാൻ ചോദിച്ചതിന് ഉത്തരം തന്നിട്ട് പോ.. “”

എന്ത്‌ ഉത്തരം തരാൻ.. “” നീ മൂത്ത കുട്ടി ആയത് കൊണ്ട് അച്ഛൻ നിന്നോട് അൽപ്പം കർക്കശം കാണിച്ചു എന്ന് കരുതി അത് നിന്നോടുള്ള ഇഷ്ടകെടും വെറുപ്പും ആണെന്ന് തെറ്റിധരിച്ചു വീട്ടിൽ വഴക്ക് ഉണ്ടാക്കുന്നത് നീ തന്നെ അല്ലെ..”

അച്ഛനെ മനസിലാക്കാൻ നിനക്ക് കഴിയാത്തത് എന്റെ കുറ്റം അല്ല.. “”

മാളുവിൽ നിന്നും മുഖം തിരിച്ച് പോകുമ്പോൾ അവൾക്ക് വിടാൻ ഉദ്ദേശ്യം ഇല്ലായിരുന്നു……

എന്നത്തെയും പോലെ ഓരോ ന്യായം പറഞ്ഞു എന്നെ ഒഴിവാക്കാം എന്ന് അമ്മ കരുതണ്ട…. ഇന്ന് ഞാൻ പഠിച്ച് എന്റെ സ്വന്തം കാലിൽ നില്കാൻ പ്രാപ്തയായി… അപ്പോൾ ചോദിക്കാനും അവകാശം ഉണ്ട്‌..

ഓഹോ.. “” അപ്പോ സ്വന്തം കാലിൽ നിന്നു തുടങ്ങിയപ്പോൾ ചോദിക്കാമെന്നായെന്നാണോ… മ്മ്ഹ്ഹ്.. കൊള്ളാം വളർത്തി വലുതാക്കിയ ആ മനുഷ്യൻ ഇന്ന് നിനക്ക് ചോദ്യം ചയ്യാൻ പാകത്തിന് ആയി അല്ലെ… “” ഗായത്രി നോവ് ഉള്ളിൽ ഒതുക്കി അവൾക് നേരെ നോക്കി…

എന്നെ വളർത്തി വലുതാക്കിയെന്നോ..? ആര് അച്ഛനോ..?

മ്മ്ഹ്ഹ്.. “” ഇളയതുങ്ങൾ പുത്തൻ യൂണിഫോം ഇട്ട് ടൈയും കെട്ടി സ്കൂൾ ബസ്സിൽ പോകുമ്പോൾ സർക്കാർ സ്കൂളിൽ നട തള്ളിയത് പോലെ അല്ലെ അച്ഛൻ എന്നെ കൊണ്ട് ചെന്നു തള്ളിയത്…..

അതിൽ എനിക്ക് വിഷമം ഇല്ല ആ സർക്കാർ സ്കൂൾ ആണ് ഇന്ന് എന്നെ ഞാൻ ആക്കിയത് അതിൽ അഭിമാനമേ ഉള്ളു…

അറിയാത്ത പ്രായത്തിൽ ഒരു വിഷമം ആയിരുന്നു… സഹോദരങ്ങൾക് ടിഫിനും സ്‌നക്സും കെട്ടി പൊതിഞ്ഞു വിടുമ്പോൾ അവിടെ നിന്നും കിട്ടിയ ഉച്ച കഞ്ഞി ആണ് എന്റെ വിശപ്പ് അകറ്റിയത്… “”

അറിയാം അമ്മയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലയിരുന്നു അന്ന് എന്ന്.. “” കുട്ടികൾ അത് കഴിച്ചാൽ മതി… അങ്ങനെ വളർന്നാൽ മതി എന്ന് അച്ഛൻ നിബന്ധന പറയുമ്പോൾ താഴെ ഉള്ള കുട്ടികൾക്ക് ഈ നിബന്ധനകൾ ബാധകം അല്ലെ എന്ന് എന്റെ കുഞ്ഞ് മനസ് ചിന്തിച്ചത് തെറ്റ് ആണോ അമ്മേ… “”

സ്‌നേഹം….. “”””അത് പോട്ടെ മറ്റുള്ളവർക്ക് വാരി കോരി നൽകുമ്പോൾ മൂത്ത കുട്ടി ആയത് കൊണ്ട് ആണ് നിന്നെ അകറ്റി നിർത്തിയത് എന്ന് പറഞ്ഞ് അമ്മ എന്നെ പറ്റിക്കും എ… എന്നും…”””

മാളുവിന്റെ തൊണ്ട ഇടറുമ്പോൾ ഗായത്രി കണ്ണുകൾ ഇറുകെ അടച്ചു അതിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ അവളുടെ കവിളിനെ ചുട്ട് പൊള്ളിച്ചു ആ നിമിഷം.

ഹ്ഹ… പത്തിൽ ആ സ്കൂളിൽ തന്നെ ഉയർന്ന മാർക്ക് വാങ്ങി ഓടി വരുമ്പോൾ അച്ഛനിൽ നിന്നും സ്നേഹത്തോടെ ഒരു വാക്ക് എങ്കിലും പ്രതീക്ഷിച്ചു വെറുതെ എങ്കിലും.. “”

ഹ്ഹ..” കിട്ടിയില്ല… പകരം എന്റെ കൂടപിറപ്പുകൾ നേടുന്ന ഓരോ നേട്ടത്തെ അച്ഛൻ ഉല്സവം പോലെ കൊണ്ടാടി.. “” അതൊക്കെ പോട്ടെ അവർക്ക് മുന്പോട്ട് പഠിക്കാൻ കൊടുത്ത എന്തെങ്കിലും ഒരു ഫെസിലിറ്റി എനിക്ക് തന്നോ.. “”

എന്റെ വിഷമം കണ്ട് അമ്മയുടെ വല്യമ്മാവൻ അല്ലെ എന്നെ മുന്പോട്ട് പഠിക്കാൻ സഹായിച്ചത്… ആ പ്രായം ആയ മനുഷ്യന് എന്നോട് തോന്നിയ ദയ പോലും എന്റെ അച്ഛന് തോന്നിയില്ല.. “” എന്റെ അച്ഛൻ….

ഇനി അയാൾ എന്റെ അച്ഛൻ അല്ലെ…?

ആ നിമിഷത്തെ വാക്കുകൾക്ക് മീതെ മാളുവിന്റെ ശബ്ദം ഉയരുമ്പോൾ ഗായത്രി ഞെട്ടലോടെ തല ഉയർത്തി…

മ്മ്ഹ്ഹ്.. “‘ നിങ്ങൾ എന്റെ അമ്മ ആണെന്നതിന് എനിക്ക് മറ്റു തെളിവുകളുടെ ആവശ്യം ഇല്ലാ… ഗായത്രിയെ പറിച്ചു വച്ചിരികുകയാണ് മാളു എന്ന് ഇനി പറയാൻ ഈ നാട്ടിൽ ആരും ബാക്കി ഇല്ല…””

അപ്പോൾ പിന്നെ പിതൃത്വത്തിന്റെ കാര്യത്തിൽ മാത്രം സംശയിച്ചാൽ മതിയല്ലോ എനിക്ക്….

“””ആർക്ക് പിഴച്ചുണ്ടായതാ ഞാൻ… “” നിങ്ങൾക് ആരുടെ കൂടെ കിടന്നു കിട്ടിയതാ എന്നെ.. “”””

മാളുവിന്റെ ശബ്ദം ഉയർന്ന നിമിഷം ഗായത്രിയുടെ കൈ തലം അവളുടെ കവിളിൽ ആഞ്ഞു പതിച്ചു…

ഛീ.. “” നിർത്തടി അസത്തെ.. “”ഇനി ഒരു നിമിഷം പോലും നിന്റെ നാവ് പൊങ്ങരുത് ഇവിടെ..”””

ഗായത്രിയുടെ ശബ്ദം ഉയരുമ്പോൾ അടി കിട്ടി തിണിർത്താ പാടിലെ വേദനയെക്കാൾ ഉള്ളിലെ വേദനയും വർഷങ്ങൾ കൊണ്ടുള്ള വേദനയും ആയിരുന്നു അവളുടെ മനസിനെ ഭരിച്ചിരുന്നത് ആ നിമിഷം…. അത് അവളുടെ ഉള്ളിൽ നിന്നും വാക്കുകൾ ആയി തന്നെ പുറത്തേക്ക് വന്നു……

“”അടിച്ചമർത്താൻ നോക്കണ്ട നിങ്ങൾ….. എനിക്ക് അറിയണം എന്റെ അച്ഛൻ ആരാണെന്ന് അറിയാതെ ഞാൻ പോകില്ല….

ഗായത്രിക്ക് കുറുകെ നിന്നു മാളു ആ നിമിഷവും…. അവളിൽ നിന്നും അവളുടെ വാക്കുകളിൽ നിന്നും ഇനി ഒരു മോചനം ഇല്ലന്നുള്ള തിരിച്ചറിവിൽ ഗായത്രിയുടെ നെഞ്ച് ഒന്ന് ഉയർന്നു പൊങ്ങി…

ഹ്ഹ്ഹ്..”” നിനക്ക്… നിനക്ക് അറിയണം അല്ലെ നിന്റ്റ് അച്ഛൻ ആരാണ് എന്ന്… “””

ഗായത്രിയുടെ കണ്ണുകൾ നാല് പാടും പായുമ്പോൾ മാളുവിന്റെ പുരികം ഉയർന്നു… അവൾക്ക് മുൻപിലേക്ക് കയറി നിന്നു…അപ്പോഴും ഗായത്രിയുടെ മാറിടം ഉയർന്നു പൊങ്ങി കൊണ്ടിരുന്നു….

നിനക്ക്… നിനക്ക് നിന്റെ അച്ഛൻ ആരാണെന്ന് മാത്രം അറിഞ്ഞാൽ മതിയോ… നിന്റെ.. നിന്റെ അമ്മ ആരാണ് എന്ന് അറിയണ്ടേ….?

ആ ചോദ്യം മാളുവിന്റെ നെഞ്ചിൽ ഒരു ഇടി തീ ആയി ഒഴുകി ഇറങ്ങി….

“””അമ്മ… “”

അവളുടെ ചുണ്ടുകൾ മന്ത്രിക്കുന്ന നിമിഷം ഗായത്രിയുടെ ശബ്ദം ഉയർന്നു…

അതേടി നിന്നെ പ്രസവിച്ച നിന്റെ അമ്മ ആരാണെന്ന് നിനക്ക് അറിയണ്ടേ…. വാ ഇവിടെ…………..””””””

മാളുവിന് തിരിച്ചൊന്നും പറയാൻ ആവും മുൻപേ അവളുടെ കൈ തണ്ടയിൽ പിടിച്ചു വലിച്ച് കൊണ്ട് വലിയ ഹാളിലേക്ക് പോയി ഗായത്രി…..

“”””അതാ… അതാ നിന്റെ അച്ഛനും അമ്മയും….”””

ചുവരിൽ മാല ഇട്ട് വച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളിലേക്ക് ഗായത്രി കൈ ചൂണ്ടുമ്പോൾ ഞെട്ടലോടെ അവിടേക്ക് പോയി മാളുവിന്റെ കണ്ണുകൾ…

“”””അതേടി എന്നെ പ്രസവിച്ച എന്റെ അച്ഛനും അമ്മയും അവർ തന്നെയാണ് നിനക്കും ജന്മം നൽകിയത്… “”””

ഗായത്രിയുടെ ശബ്ദം ഉയരുമ്പോൾ കേട്ടത് സത്യമോ മിഥ്യയോ എന്ന് അറിയാതെ മറ്റൊരു ലോകത്ത് ആയിരുന്നു മാളു..

എന്നെ അച്ചിൽ വാർത്തത് പോലെയാണ് നീ എന്ന് പറഞ്ഞില്ലേ.. അതേടി ഒരേ രക്തത്തിൽ പിറന്ന നീ എന്നെ പോലെ ആകാതെ മറ്റ് ആരെ പോലെ ആകാനാണ്.. “” ഹ്ഹ്ഹ്… “”

ശ്വാസം എടുത്തു വിട്ടു കൊണ്ട് ഗായത്രി കസേരയിലേക്ക് ഇരിക്കുമ്പോൾ സമനില വീണ്ടെടുത്ത മാളു അവൾക് താഴേക്ക് ഇരിക്കുമ്പോൾ ആ മുടിയിൽ മെല്ലെ തഴുകി ഗായത്രി…

ഡിഗ്രി ഫൈനൽ ഇയറിന് പഠിക്കുമ്പോഴായിരുന്നു സുധിയേട്ടനുമായുള്ള എന്റെ വിവാഹം…..ഒറ്റ മോൾ ആയതു കൊണ്ട് തന്നെ ആഘോഷപൂർവ്വം ആയിരുന്നു വിവാഹം….മകൾക്ക് വേണ്ടി വർഷങ്ങളോളം മണലാരണ്യത്തിൽ കഷ്ടപെട്ട മനുഷ്യൻ അന്ന് ആദ്യമായി മൂന്ന് മാസത്തെ ലീവ് എടുത്തു ആണ് വന്നത്…….

മോളുടെ കല്യാണം അല്ലെ കൂടെ നിന്നും നടത്തണം എന്ന ആഗ്രഹം ആയിരുന്നു അതിനു കാരണം.. “”ഹ്ഹ..””

ഗായത്രി കഥകൾ പറഞ്ഞു കൊടുക്കുമ്പോൾ ഒഴുകി വന്ന കണ്ണുനീരിനെ തട ഇടാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു മാളു..

കല്യാണം കഴിഞ്ഞു സുധിയേട്ടന് ഒപ്പം പോകാൻ ഞാൻ തയ്യാർ ആയി നിൽകുമ്പോൾ ആണ് അമ്മ തല ചുറ്റി വീഴുന്നത്.. “” ഒറ്റ മകളെ പിരിയുന്ന സങ്കടം ആണെന്ന് ചുറ്റും ഉള്ളവർ കൂടി നിന്നു പറയുമ്പോൾ അത് ആയിരുന്നില്ല കാരണം…അമ്മയുടെ ഉള്ളിൽ നാമ്പിട്ട നീ ആയിരുന്നു അതിനു കാരണം… ”

അത് അറിഞ്ഞപ്പോൾ അവരെ കുറ്റപെടുത്തിയില്ല ഞ്ഞാൻ കൂടെ നിന്നു…. പക്ഷെ അന്ന് തൊട്ടു സുധിയേട്ടനും വീട്ടുകാർക്ക്കും അത് അനിഷ്ടം ആയിരുന്നു… “””ഗായത്രി പറഞ്ഞു നിർത്തിയതും ആ മുഖത്തേക്ക് നോക്കി മാളു..

ഒറ്റ മോള് ആയത് കൊണ്ട് സ്വത്ത് ഒന്നും ഭാഗം വെച്ച് പോകില്ല എന്ന് കരുതിയിരുന്നവർക്ക് കിട്ടിയ വലിയ ഒരു തിരിച്ചടി ആയിരുന്നു നീ..”” പക്ഷെ എനിക്ക് അങ്ങനെ ആയിരുന്നില്ല ഒരുപാട് ആഗ്രഹിച്ചിരുന്നു ഒരു കൂടെ പിറപ്പിനു വേണ്ടി വൈകി ആണെങ്കിലും കിട്ടിയതിനോട് ഒരു… ഒരു തരം ആവേശം ആയിരുന്നു എനിക്ക്. “”

മ്മ്ഹ്ഹ്.. “” പക്ഷെ ആ സന്തോഷങ്ങൾക്ക് വെറും എട്ടു മാസത്തെ ആയുസ്സ് ഉണ്ടായിരുന്നുള്ളു.. “” ഹ്ഹ്ഹ്.. “” ഗായത്രിയുടെ തൊണ്ട ഇടറി തുടങ്ങി ആ നിമിഷം..

അമ്മയെ ചെക് അപ്പ്‌ന് കൊണ്ട് പോയി തിരിച്ചു വരുന്ന വഴി അച്ഛന്റ്റെ കാർ ആക്‌സിഡന്റ് ആയി..” അച്ഛൻ ആ നിമിഷം തന്നെ… “”” ഹ്…. “” ഗായത്രി കണ്ണുകൾ ഇറുകെ അടയ്ക്കുമ്പോൾ ആ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി…

അമ്മയ്ക്ക് ബോധം ഇല്ലാതെ ദിവസങ്ങളോളം ഹോസ്പിറ്റലിൽ… ഒരു ഇരുപതു വയസ്കാരിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു അതൊക്കെ… പിടിച്ചു നിൽക്കാൻ ഒരുപാട് ശ്രമിച്ചു… മ്മ്ഹ്ഹ്.. “” പക്ഷെ നിന്നെ എന്റെ കൈയിൽ ഏല്പിച്ചു അമ്മയും… പോ…. പോയി.. “”

മുലപാലിന്റെ ഗന്ധം തേടി നീ എന്റെ മാറിടത്തിൽ പരതുമ്പോൾ നിനക്ക് ഞാൻ അമ്മയായി മാറിയിരുന്നു… നിന്നെ ഉപേക്ഷിച്ചു സുധിയേട്ടന്റെ കൂടെ ഞാൻ പോകില്ല എന്ന് അറിയാവുന്നത് കൊണ്ട് ഇഷ്ടം ഇല്ലാഞ്ഞിട്ടും കൂടെ കൂട്ടി.. “”

എനിക്ക് അറിയാം അന്നും ഇന്നും നിന്നെ ഉൾകൊള്ളാൻ അയാൾക്ക് കഴിഞ്ഞിട്ടില്ല എന്ന്… ഇനിയൊട്ട് കഴിയുക ഇല്ലന്നും അറിയാം…. പക്ഷെ എന്റെ മുൻപിൽ വേറെ വഴികൾ ഒന്നും ഇല്ലായിരുന്നു മോളേ.. “””

ഗായത്രി ഉറക്കെ കരയുമ്പോൾ അവളുടെ കൈയിൽ മുറുകെ പിടിച്ചു മാളു… “” അത്രയും നാൾ ഗായത്രിയെ പഴിച്ചതിനൊക്കെയും മാപ്പ് പറയും പോലെ..

എന്നെങ്കിലും ആരെങ്കിലും പറഞ്ഞു നീ എല്ലാം അറിയും എന്ന് എനിക്ക് അറിയാമായിരുന്നു.. പക്ഷെ അത് എന്റെ നാവിൽ കൂടെ ആകരുത് എന്ന് ആഗ്രഹിച്ചിരുന്നു… പക്ഷെ ഇന്ന് ഞാൻ അത് പറഞ്ഞില്ല എങ്കിൽ നീ എന്നെ വെറുക്കും എനിക്ക് അത് താങ്ങാൻ ആവില്ല കുട്ടി…..

ഗായത്രിയുടെ ശബ്ദം ഇടറിയ നിമിഷം മാളു അവളെ മുറുകെ കെട്ടിപിടിച്ചു…

ഇല്ല… ഇനി എനിക്ക് ഒന്ന് കേൾക്കണ്ട… അമ്മ ആകാൻ പ്രസവിക്കണമെന്ന് ഇല്ലല്ലോ… അമ്മ അത് മതി എനിക്ക്…. ചേച്ചി ആവണ്ട…. “””

മാളുവിന്റെ ശബ്ദവും ഇടറുന്ന നിമിഷം ഇരുപതാം വയസിൽ അനിയത്തിക്ക് അമ്മ ആയി മാറിയവളുടെ കണ്ണുനീർ ആ കൂടെ പിറപ്പിന്റെ അല്ല മകളുടെ ശിരസിനെ നനച്ചു കൊണ്ട് പെയ്തിറങ്ങി….

അച്ഛൻ എന്ന് വിളിച്ചവൻ അവഗണിച്ചാലും അമ്മയായി കൂടെ ഉണ്ടെന്നുള്ള ഓർമ്മപെടുത്തലോടെ..