വാവുന്റെ സുലു
(രചന: ശിവാനി കൃഷ്ണ)
പുറത്ത് പോകാൻ ഒരുങ്ങുന്ന വാവുന്റെ അടുത്തേക്ക് ഒരു ചെറുപുഞ്ചിരിയോടെ മന്തം മന്തം നടന്ന് ചെല്ലുന്ന സുലു…
“വാവുവണ്ണാ…”
“മ്മ്.. എന്താ?”
“വരുമ്പോ ഒരു തണ്ണിമത്തൻ വാങ്ങിക്കൊണ്ടു വരോ … പിള്ളേർക്ക് അത് ഭയങ്കര ഇഷ്ടോണ്.. അത് ജ്യൂസ് അടിച്ചു കൊടുത്താൽ കുടിക്കും “
“മ്മ്. “
“ആഹ്..”
ആഹ്ലാദതിമിർപ്പിൽ ദോശയും ചായയും വാരി കോരി വിളമ്പി കഴിപ്പിച്ചു കുട്ടപ്പൻ ആക്കി നമ്മടെ സുലു വാവൂനെ ടൗണിലേക്ക് അയച്ചു…
ഉച്ചക്കത്തേക്ക് ഉള്ള ഊണിനു വേണ്ടി ഓരോന്ന് ചെയ്യുമ്പോഴും കയ്യിലൊരു കവറുമായി തിരിച്ചു വരുന്ന വാവു അണ്ണൻ ആയിരുന്നു സുലുന്റെ ഉള്ള് നിറയെ…അത് അവൾടെ മുഖത്തു ചിരി ഓരോ നിമിഷവും ബാക്കി വെച്ചിരുന്നു..
കാറിന്റെ ശബ്ദം കേട്ടതും കിഴങ്ങ് ഉടയ്ക്കാൻ എടുത്ത തുടുപ്പ് താഴെ പോലും വെയ്ക്കാതെ ധൃതിയിൽ സുലു ഉമ്മറത്തേക്ക് ഓടി…
കാറിൽ നിന്ന് വെറും കയ്യോടെ ഇറങ്ങി വരുന്ന വാവു അണ്ണനെ കണ്ടതും സുലുന്റെ മുഖം 110 വോൾട്ടിൽ കത്തി ജ്വലിച്ചു.
പെട്ടെന്നവിടേക്ക് വന്ന സുലുന്റെ മോൾ… പിച്ചക്കുടിയിലെ അറിയപ്പെടുന്ന കാട്ട്കോഴി സംഘത്തിന്റെ കിരീടം വെയ്ക്കാത്ത രാജ്ഞി മനോഹരി bgm ഇടാൻ തുടങ്ങി..
ആപ്പിൾ പെണ്ണാണോ അമ്പിളി ചേലാണോ
അലകടലായി വന്നാട്ടെ നടമാടടി
“മനോ…”എന്നും പറഞ്ഞതും തുടുപ്പും പറന്നു വന്നു നമ്മടെ മനോഹരിടെ കാലിൽ വീണു…
“സുശീലാ…. എന്തോ..ദാ വരണു… എന്നെ ആരോ വിളിച്ചു ഞാൻ പോണു “
പെണ്ണ് പോയതും സുലു തിരിഞ്ഞു വാവൂനെ നോക്കി രണ്ട് ചാട്ടം…
“നിങ്ങളോട ഞാൻ തണ്ണിമത്തൻ വാങ്ങിക്കൊണ്ടു വരണം ന്ന് പറഞ്ഞതല്ലേ മനുഷ്യാ “
അമളി പറ്റിയത് പോലെ വാവു നിന്ന് തല ചൊറിഞ്ഞു
“അത് ഞാൻ മറന്നു സുലു “
“അല്ലങ്കിലും നിങ്ങക്ക് എന്തോന്നാണു ഓർമ.. നാല് നേരോം വെട്ടി വിഴുങ്ങണം.. രാവിലെ രണ്ട് ദോശ ഞാൻ കൂടുതൽ തന്നപ്പോ ഇരുന്നു മുണു മുണാ മുണുങ്ങിയല്ലോ.. എന്നിട്ട് മണന്ന് പോയി പോലും… നിങ്ങൾ ആരെ വായി നോക്കി നിക്കുവാരുന്നു “
“സുലോചനെ……”
“നീ പോടാ… തുഫ് “
“എടീ… നീ എന്നെ തുപ്പിയല്ലേ…. ക്രാ… തുഫ് “
തുപ്പി തുപ്പി വായിലെ തുപ്പൽ വറ്റിയപ്പോ രണ്ട് പേരും തളർന്നു സ്റ്റെപ്പിൽ ഇരുന്നു… മുഖം നാറിയിട്ട് വയ്യ…ബ്ലാ…
വാവൂനെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് തുടുപ്പും എടുത്തു സുലു അടുക്കളയിലോട്ട് നടന്നു…
കുറച്ച് കഴിഞ്ഞപ്പോ വാവു അങ്ങോട്ട് വന്നു…
“സുലു…”
“എന്തോന്ന് വേണം “
“മുഖം കഴുകാൻ… ഡെറ്റോൾ “
“പ്ഫാ…”
ആ ആട്ടിൽ വാവു പറന്നു അപ്രത്ത ഓല മേഞ്ഞ വീടിന്റെ കൂരയിൽ കിടക്കുമെന്ന് തോന്നുന്നതിന് മുൻപേ ഒറ്റ ഓട്ടം വെച്ചു കൊടുത്തു… അല്ല പിന്നെ..
ഉച്ചനേരമായപ്പോ പുള്ളിക്കൈലിയും ഉടുത്തു മിണ്ടാതെ ഡൈനിങ്ങ് റൂമിൽ വന്ന വാവുണ്ണന്റെ മുന്നിൽ ടപ്പേ ന്ന് പറഞ്ഞു ഒരു സ്റ്റീൽ പിഞ്ഞാണം കൊണ്ട് വെച്ചിട്ട് ചാടി തുള്ളി സുലു കിച്ചനിലോട്ട് നടന്നു…
എന്നിട്ട് ഏതൊക്കെയോ വിഭവങ്ങൾ കൊണ്ട് വെച്ചു… കൊതിയോടെ നോക്കിയ വാവു അതെല്ലാം കണ്ട് പകച്ചു പോയി…
ചോറ്… മുരിങ്ങയില തോരൻ.. പാവയ്ക്ക വിഴുക്ക്… പപ്പായ തോരൻ..ചീരയില തോരൻ.. അങ്ങനെ ഇലകളുടെ വിളയാട്ടം…
“ഇറച്ചി ഒന്നുമില്ലേ സുലു..” ആ ഒരു നോട്ടത്തിൽ വാവു അണ്ണൻ സസ്യഭുക്ക് ആയി മാറി…
കരിഞ്ഞ പാവയ്ക്ക എടുത്തു തിന്നിട്ട് “മ്മ് എന്താ ടേസ്റ്റ് ” ന്ന് എങ്ങനെ കള്ളം പറഞ്ഞോ ആവോ…
വാവു അണ്ണനെ നോക്കി ഒന്ന് പുച്ഛിച്ചിട്ട് സുലു അകത്തേക്ക് നടന്നതും കയ്പ്പ് മാറാൻ കുറെ പച്ച ചോറ് വാരി വിഴുങ്ങുവാർന്നു…
കുറെ കഴിഞ്ഞ് മുട്ട് വരെ ഇഴഞ്ഞു കിടക്കുന്ന കാർകൂന്തലിൽ കാച്ചിയ എണ്ണയും വാരി തേച് ഭദ്രകാളിയെ പോലെ കുളിക്കാൻ ഇറങ്ങി വന്ന സുലുനെ കണ്ടപ്പോ സിനിമാപ്രേമി ആയ നമ്മടെ വാവുഅണ്ണൻ ഒരു മോഹം… എന്താന്നാ… ഏഹ്.. ഏഹ്.. പാട്ട് പാടണം… വെച്ചങ് കാച്ചിയില്ലേ…
“വെള്ളത്താമര മൊട്ടു പോലെ വെണ്ണക്കൽ പ്രതിമ പോലെ കുളിക്കാനിറങ്ങിയ പെണ്ണേ നിന്റെ കൂടെ ഞാനും വന്നോട്ടെ “
അത് കേട്ടതും സുലു ഒന്ന് പതഞ്ഞന്ന് കണ്ടപ്പോ വാവു അണ്ണൻ വീണ്ടും തുടങ്ങി..
“നാണം കുണുങ്ങും കാളിന്ദി ആറ്റിൽ നീയൊരു നീരാടും രാധ.. നാണം കുണുമ്പും കാളിന്ദി ആറ്റിൽ നീയൊരു നീരാടും രാധ.. “
അത് കൂടി കേട്ടതും നമ്മടെ സുലു കളം വരപ്പ് തുടങ്ങി… എന്നിട്ട് അങ്ങ് പാടി കളഞ്ഞില്ലേ…
“ആലുംകൊമ്പിൽ കുഴലൂതും…. ആലുംകൊമ്പിൽ കുഴലൂതും.. അങ്ങേന്റെ കാമുകൻ കണ്ണൻ
അങ്ങേന്റെ കാമുകൻ കണ്ണൻ “
അപ്പോഴേക്കും വാവ പ്രണയപരവശനായി സുലുവിനടുത്തേക്ക് നടന്ന് വന്നു…
“സുലു…”
“ഓ…”
“എന്റെ സുലൂ….”
“എന്തോ…”
“എന്റെ ചക്കരെ….”
“എന്തിനെന്റെ വാവു വാവു വാവുവേട്ടാ എന്നെ നോക്കണേ എന്നെ നോക്കണേ എന്നെ നോക്കണേ”
പെട്ടെന്ന് എന്തോ വീഴുന്ന സൗണ്ട് കേട്ടപ്പോൾ നോക്കിയതും ഈ കമിതാക്കളുടെ പേക്കുത്തുകൾ കണ്ട് നമ്മുടെ ആക്രിമോൾ തറയില് കിടന്ന് കരയുന്നു… നില വിളിച്ചു കരയുന്നു…
“അയ്യോ എന്റെ അച്ഛന്റേം അമ്മേടേം പിരി പോയേ… ങ്ങീ ങ്ങീ “
“എഴുനേറ്റ് പോടീ പെണ്ണേ.. മനുഷ്യനെ പ്രേമിക്കാനും സമ്മതിക്കൂല “
“പിന്നെ മൂക്കിൽ പല്ല് മുളയ്ക്കാറായി… അപ്പോഴാണ് കിളവിടെ പ്രേമം.. പോയി വാഴക്ക് തടം എടുക്കാൻ നോക്ക്…പ്ഫ് “
“ഇതിനെയൊക്കെ ഏത് നേരത്താണോ “
“രാത്രി അല്ലാരുന്നോ സുലു…”
“പ്ഫാ…. അച്ഛനും മക്കളും എല്ലാം കണക്കാണ്…”
“നീ ഇനി അടുത്തത് തുടങ്ങാതെ പോയി കാറിലിരിക്കുന്ന ആ ഫയൽ ഒന്നിങ്ങു എടുത്തോണ്ട് വാ.. ഫോട്ടോ അയച്ചു കൊടുക്കാൻ ഉള്ളതാണ് “
“ഹും…”
ഇറങ്ങി ചെന്ന് കാർ തുറന്ന് നോക്കിയ സുലു പകച്ചു പണ്ടാരടങ്ങി പോയി….
പോയിട്ട് കുറെ നേരമായിട്ടും സുലുനെ കാണുന്നില്ലല്ലോ എന്ന് ഓർത്ത് വാവു ഇറാങ്ങി ചെന്നതും കാറിനകത്തേക്ക് തല ഇട്ടു തന്നെ നിക്കുന്നു…
അടുത്തേക്ക് ചെന്ന് “എന്താ സുലു “ന്ന് ചോയ്ച്ചതും അതിനകത്തീന്ന് ഒരു ആന തണ്ണിമത്തൻ എടുത്തു വാവുന്റെ കാലിൽ ഒരു ഏർ വിത്ത് എ ലോങ് പ്ഫാ…..
“ഇതാണോ നിങ്ങൾ വാങ്ങിയില്ല ന്ന് പറഞ്ഞത് “
“എന്റെ പൊന്ന് തമ്പ്രാനെ ഞാൻ മറന്നു പോയി സുലു…”
“മനഃപൂർവം എന്നെ തുപ്പി അഴുക്കാക്കാൻ വേണ്ടി ചെയ്തിട്ട്…മേലാൽ ഇനി ഇവിടെ തണ്ണിമത്തന്റെ കുരു പോലും കണ്ട് പോകരുത് “
എന്ന് പറഞ്ഞു അകത്തേക്ക് നടന്ന് പോകുന്ന സുലുവിനെ കാണുമ്പോ കുണുങ്ങി കുണുങ്ങി അടുത്ത് വാ എന്റെ അരയന്നപിടയെ ഒക്കെ പാടാൻ തോന്നുമെങ്കിലും പാവം വാവു പായ മടക്കി സമയമാം രഥത്തിൽ സ്വർഗയാത്ര ചെയ്യാൻ തുടങ്ങുന്നു…