(രചന: Lekshmi R Jithesh)
ഇവിടെ ആരും ഇല്ലേ..?
മുറിയിൽ പനി പിടിച്ചു മൂടി കിടക്കുമ്പോൾ ഉമ്മറത്തു നിന്നു ആരോ വാതിൽ തട്ടി വിളിക്കുന്നതു കേട്ടാണ് ഞാൻ കണ്ണുകൾ തുറന്നതു.
പതിയെ എഴുനേറ്റു വിളി കേട്ടയിടതേക്ക് പോകാൻ ശ്രെമിക്കുമ്പോളേക്കും അമ്മ അടുക്കളയിൽ നിന്നു അവിടേക്ക് എത്തിയിരുന്നു..
ഹാ.. ഗീത ചേച്ചിയോ.. എന്താ കാര്യം..?
അമ്മയുടെ ശബ്ദത്തിനു കാതു കൊടുത്തു ഞാൻ പതിയെ മുറിയിൽ നിന്നു നടന്നു തുടങ്ങി., വാതിലിൽ എത്തിയപ്പോൾ വാതിൽ പടിയിൽ നില്ക്കുന്നു ഗീത ചേച്ചി.അങ്ങനെ പറഞ്ഞാൽ ഈ നാട്ടിൽ ആർക്കും വലിയ വിവരം ഇല്ല ആ പേരിൽ.
ഹൌയ്യ് ഷൻമുഖി എന്ന് പറഞ്ഞാൽ അറിയാത്തവർ ആയി ആ നാട്ടിൽ ആരും ഇല്ല എന്നതാണ് സത്യം..
എങ്ങനെ ആ പേര് അവർക്ക് വീണത് എന്നോ കിട്ടിയത് എന്നോ അറിയില്ല.. ആ പേര് അവർക്കും അറിയാമോ എന്നും ഞങ്ങൾക്കു അറിയില്ല എങ്കിലും എല്ലാരും അവരെ അഭിസംബോധന ചെയ്തിരുന്നത് അങ്ങനെ ആയിരുന്നു..
പത്തു നാല്പത് വയസു തോന്നിക്കുന്ന അവരെ കല്യാണം കഴിച്ചത് ഒരു പഞ്ചാബി ആണെന്നും രണ്ടു മക്കൾ ഉണ്ടെന്നും അവരുമൊക്കെ ആയി പിണങ്ങി നാട്ടിൽ വന്നതാണ് എന്നും..,
സ്വഭാവം അത്ര ശെരി അല്ല എന്നും ഒക്കെ കഥകൾ ഉണ്ടെങ്കിലും സത്യാവസ്ഥ ആർക്കും വ്യക്തമായിരുന്നില്ല..
നെറ്റിയിലെ വലിയ ചുവന്ന പൊട്ടും, പുരികത്തിനു മുകളിൽ കൂടി ഉള്ള കോലം വരച്ച പോലത്തെ കരിയും ചുണ്ടിലെ മായവും ഒക്കെ അവർക്കു നാട്ടുകാർ ചിലർ വേശ്യ എന്ന ഒരു പേരും അണിഞ്ഞു നൽകിയിരുന്നു..
ജോലി എന്താന്നോ എവിടെയാണോ എന്നോ ഒന്നും അറിയില്ല രാവിലെ ഒരു ബാഗ്, കൈയ്യിൽ ഒരു കുടയും ചൂടി പോകുന്ന അവർക്ക് പല നേരത്തും പല പല വേഷ വിധാനങ്ങൾ ആയിരുന്നു..,
ഇന്ന് സാരിയിൽ മുട്ടോളം മുടി ഉണ്ടെങ്കിൽ നാളെ ചുരിദാറിൽ തോളറ്റം വരെ ആയിരിക്കും മുടി.. അതുകൊണ്ടു ഒക്കെ ആയിരിക്കണം ഹൌയ്യ് ഷൻമുഖി എന്ന പെരും കിട്ടിയത്..
പലപ്പോളും പലരുടെയും കൂടെ അവരെ കാറിലും മറ്റും പലരും കണ്ടിട്ടുണ്ടെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളതു..
പക്ഷേ തെറ്റായാ ഒരു രീതിയിൽ ഇതുവരെ ഞങ്ങൾ ആരും അവരെ കണ്ടില്ല എങ്കിലും അയൽവാസി ആണെങ്കിൽ പോലും അങ്ങനെ പേരും കഥകളും ഉള്ള അവരോടു അധികം ഒന്നിനും അമ്മയോ അച്ഛമ്മയോ പോയി കണ്ടിട്ടില്ല മറ്റു അയൽക്കാരെ പോലെ.
ഒളിഞ്ഞും പാത്തും കുറ്റം പറയുന്ന ആണുങ്ങൾ തന്നെ അവരുടെ കണ്ണുകൾ കൊണ്ടു പല രീതിയിൽ അവരുടെ സ്കാൻ എടുക്കുന്നതു എത്രയോ പ്രാവിശ്യം ഞാൻ കണ്ടിരിക്കുന്നു..
അങ്ങനെ നാട്ടുകാർ വിശേഷിപ്പിക്കുന്ന അവരുടെ വരവ് ഞങ്ങൾക്കു തികച്ചും അപ്രതീക്ഷികമായിരുന്നു.. വീട്ടിൽ വന്ന അവരോട് കയറി ഇരിക്കാൻ ഉള്ള ആദിത്യ മര്യാദ അമ്മ കാണിച്ചു..
സ്നേഹപൂർവ്വം അത് നിരസിച്ച അവർ എന്റെ കൈയിലെക്കു ഒരു കവർ വെച്ചു തന്നു..സ്കൂൾ തുറക്കാൻ ഇരിക്കുന്ന വേളയിൽ ചിക്കുൻ ഗുനിയ എന്ന പനി പിടിച്ചു എഴുനേറ്റു നടക്കാൻ പോലും ആകാതെ കിടക്കുന്ന അച്ഛന് ജോലിക്ക് പോകാൻ കഴിയില്ല എന്നും,
റേഷൻ ഉള്ള കൊണ്ടു കഞ്ഞി കുടിക്കുന്നു എന്നും മനസിലാക്കി ഞങ്ങൾക്കു ബുക്കും പെൻസിലും പേനയും ഒക്കെ ആയി വന്നതായിരുന്നു ഹൌയ്യ് ഷൻമുഖി എന്ന ഗീത..
അപ്പച്ചിയും മാമൻമാരും കൊച്ചച്ചനും ഒക്കെ ഉള്ള ഞങ്ങൾക്കു അവർ എന്തിനു ഇതു ഒക്കെ വാങ്ങി തന്നു എന്ന് ചിന്തിക്കുമ്പോലേക്കും അവർ ഒന്നും പറയാതെ ഒരു പുഞ്ചിരി മാത്രം നൽകി പോയിരുന്നു.. ഒന്നും മനസ്സിലാകാതെ അമ്മയും ഒന്നും പറയാൻ കഴിയാതെ ഞാനും.
അവരുടെ ആ ചിരിയിൽ വേറെ ഒരു വേഷം കൂടി അവർക്കു ഞങ്ങൾ മനസ് കൊണ്ടു നൽകിയിരുന്നു ആ നിമിഷം.., ഹൌയ്യ് ഷൻമുഖിയിൽ നിന്നു വ്യത്യാസമുള്ള മറ്റൊരു വേഷം ഹൃദയത്തിൽ….