(രചന: കർണ്ണിക)
“”” അവസാനമായി നിങ്ങൾക്ക് കോടതിയെ എന്തെങ്കിലും ബോധിപ്പിക്കാൻ ഉണ്ടോ?? “”
ഇരട്ട ജീവപര്യന്തം വിധിച്ച കുറ്റവാളിയോട് ജഡ്ജി ഒരിക്കൽ കൂടി ചോദിച്ചു ഇല്ല എന്നു പറഞ്ഞു അയാൾ…
ഇനിയുള്ള കാലം ജയിലിൽ തന്നെ കഴിഞ്ഞാലും സമാധാനം!! എന്ന് മനസ്സു പറഞ്ഞു താൻ ചെയ്തത് ശരിയോ തെറ്റോ എന്ന് അറിയില്ല തെറ്റ് തന്നെയാണ് ഒരാളുടെ ജീവൻ എടുക്കാനുള്ള അവകാശം തനിക്കില്ല…
പക്ഷേ ആ ഒരു സമയത്ത് മനപ്പൂർവ്വം അല്ലെങ്കിൽ പോലും ചെയ്തു പോയതാണ്!!!
അയാളെയും കൊണ്ട് പോലീസുകാർ ജയിലിലേക്ക് യാത്രയായി ജയിലിലെ സെല്ലിൽ കിടന്നപ്പോൾഉറക്കം വരുന്നുണ്ടായിരുന്നില്ല..
അല്ലെങ്കിലും ഉറക്കം കുറവാണ് ഇപ്പോൾ ചെയ്തുപോയത് തെറ്റാണ് എന്നറിയാം അതിന്റെ കുറ്റബോധം ഇങ്ങനെ അലട്ടിക്കൊണ്ടിരിക്കും…
അയാളുടെ ഓർമ്മകൾ ഒരുപാട് മുന്നിലേക്ക് പോയി…
നാട്ടിൽ സ്വന്തമായി വർക്ക് ഷോപ്പ് ആയിരുന്നു തനിക്ക് അമ്മയെയും പെങ്ങളെയും പൊന്നുപോലെയാണ് നോക്കിയത് പെങ്ങളെ കല്യാണപ്രായം ആയപ്പോൾ ഒരാളുടെ കയ്യിൽ നിന്നും അഞ്ചു പൈസ കടം വാങ്ങാതെ കല്യാണം കഴിപ്പിച്ചു വിട്ടു അതിനുള്ളത് ആദ്യമേ സമ്പാദിച്ചു വച്ചിരുന്നു ചെറുപ്പത്തിലെ അച്ഛൻ മരിച്ചപ്പോൾ അവളെ ഒരു മകളുടെ സ്ഥാനത്ത് തന്നെയാണ് കണ്ടിരുന്നത് അതിനുശേഷം ആണ് അമ്മ പറഞ്ഞത് ഇനി നിനക്കും ഒരാളെ നോക്കാം എന്ന്.
വർക്ക് ഷോപ്പിന്റെ അപ്പുറത്തുള്ള അക്ഷയ സെന്ററിൽ ഒരു കുട്ടി വരുമായിരുന്നു വിവാഹം കഴിഞ്ഞ് അവളെ ഒഴിവാക്കിയതാണ് എന്ന് ആരോ പറഞ്ഞു കേട്ടു അവളോട് ഞാൻ സംസാരിച്ചു കള്ളുകുടിയൻ ആയ ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയാണ് ആ കാര്യം ഒഴിവാക്കിയത് എന്ന് അവൾ എന്നോട് പറഞ്ഞു അന്നുമുതൽ അവളോട് എന്തോ ഒരു സഹാനുഭൂതിയാണ്.
അമ്മയോട് ആ കുട്ടിയുടെ കാര്യം പറഞ്ഞു ഒരിക്കൽ കല്യാണം കഴിഞ്ഞതല്ലേ മോനെ പിന്നെ അതൊക്കെ എന്തുകൊണ്ടാണെന്ന് ആർക്കറിയാം?? ആ കുട്ടി തന്നെ വേണോ നിനക്ക് നല്ല ബന്ധം വേറെ കിട്ടുമല്ലോ എന്ന് പറഞ്ഞപ്പോൾ ഞാനും പറഞ്ഞു അത് ആ കുട്ടിയുടെ പ്രശ്നം കൊണ്ടല്ലല്ലോ അമ്മേ എന്ന്.
അമ്മയ്ക്കും ഒരു പെൺകുട്ടി ഉള്ളതുകൊണ്ട് എന്തോ അമ്മ പിന്നെ കൂടുതൽ എതിർക്കാൻ നിന്നില്ല പൂർണ്ണ മനസ്സോടെ തന്നെ ഈ കല്യാണത്തിന് സമ്മതിച്ചു അങ്ങനെയാണ് ഞാനും അമ്മയും കൂടി അവളെ പെണ്ണ് കാണാൻ പോയത്..
പണി മുഴുവൻ കഴിയാത്ത ചെത്തി തേക്കുക പോലും ചെയ്യാത്ത ഒരു വീടായിരുന്നു അവളുടേത്… കൂടെ വന്ന എല്ലാവരും പറഞ്ഞു ഈ വിവാഹം വേണ്ട എന്ന് എങ്കിലും ഇതു മതി എന്നു പറഞ്ഞ് വാശിപിടിച്ച് അത് നടത്തിയത് ഞാൻ തന്നെയായിരുന്നു..
അവളുടെ താഴെ ഒരു പെൺകുട്ടി കൂടിയുണ്ട് അവളെക്കാൾ ഒരു വയസ്സിന് താഴെ ആ കുട്ടിക്ക് കല്യാണാലോചനകൾ വരുന്നതുകൊണ്ട് ഞാൻ അവരുടെ വീട് നന്നാക്കാനുള്ള പൈസ അവളുടെ അച്ഛനെ ഏൽപ്പിച്ചു അയാൾക്ക് ഹോട്ടലിൽ ആയിരുന്നു ജോലി..
അവിടെ ചെത്തി തേച്ചതും നിലത്ത് ടൈൽസ് പിടിപ്പിച്ചതും, പെയിന്റ് അടിച്ചതും എല്ലാം എന്റെ പണം കൊണ്ടായിരുന്നു അവളുടെ വീട്ടുകാരെ ഞാൻ എന്റെ സ്വന്തം ആളുകളെ പോലെ കരുതി..
ഒടുവിൽ അനിയത്തിക്ക് ഒരു കല്യാണ ആലോചന വന്നപ്പോൾ അവളുടെ സ്വർണം മുഴുവൻ കൊണ്ട് കൊടുത്ത് നടത്തിക്കോളാൻ പറഞ്ഞതും ഞാൻ തന്നെയായിരുന്നു…
അവൾക്ക് എന്റെ വീട്ടിൽ നിൽക്കുന്നത് വലിയ താല്പര്യം ഉണ്ടായിരുന്നില്ല സ്വന്തം വീട്ടിലേക്ക് എപ്പോഴും പോകും..
അന്നേരം ഞാൻ ചിന്തിക്കുക എനിക്ക് എന്റെ അമ്മയെ വിട്ടു വന്നാൽ എത്രത്തോളം മനസ്സമാധാനക്കേട് ഉണ്ടാകും അതുപോലെതന്നെയല്ലേ അവൾ എന്ന് അതുകൊണ്ട് പോകണം എന്ന് പറയുമ്പോൾ ഞാൻ അധികം തടസ്സം പറയാറില്ല..
ഒരിക്കൽ ഞാൻ അവളുടെ വീട്ടിലേക്ക് പറയാതെ ചെന്നു അന്ന് അകത്ത് ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു,
എന്നെ കണ്ടതും അവളുടെ അമ്മയ്ക്കും അവൾക്കും എന്തോ ഒരു പരിഭ്രമം പോലെ!!!
അവൻ അടുത്തുള്ളതാണ് വെറുതെ ഇവിടെ വന്നിരുന്ന് ഇവരോടൊക്കെ സംസാരിക്കും എന്ന് പറഞ്ഞു അവളുടെ അമ്മ..
എനിക്ക് അതിൽ അന്ന് അസ്വഭാവികതയൊന്നും തോന്നിയില്ല ..
പിന്നെ ഒരിക്കൽ എവിടെനിന്നോ അവളെ ബൈക്കിൽ കേറ്റി കൊണ്ടുവരുന്ന അവനെയാണ് ഞാൻ കണ്ടത്!!!
എന്നെ കണ്ടതും അവൾ വെപ്രാളത്തോടെ ബൈക്കിൽ നിന്ന് ഇറങ്ങി അതും ഞാൻ അത്ര കാര്യമാക്കിയിരുന്നില്ല…
പക്ഷേ അതെന്റെ മണ്ടത്തരം ആയിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത് ഒരു ദിവസം വീട്ടിൽ തലചുറ്റി വീണിരുന്നു അവൾ അന്ന് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് അറിഞ്ഞത് അവൾ ഗർഭിണിയാണ് എന്ന്!!!
ഒരുപാട് സന്തോഷം ഉണ്ടായിരുന്നു എനിക്ക് ഒരു അച്ഛനാവാൻ പോകുന്നതിൽ… അവൾക്ക് റസ്റ്റ് വേണം അതുകൊണ്ട് സ്വന്തം വീട്ടിലേക്ക് പോകുകയാണ് എന്ന് പറഞ്ഞപ്പോൾ ആ പ്രാവശ്യവും ഞാൻ തടഞ്ഞില്ല…
പിന്നെ അവൾ അവളുടെ വീട്ടിലായി സ്ഥിരതാമസം ഇടയ്ക്ക് കാണാൻ പോകും അവർക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുക്കും അവരുടെ വീട്ടിലേക്ക് ചിലവും ഞാൻ തന്നെ കൊടുത്തു…
പലപ്പോഴും വർക്ക് ഷോപ്പിലെ ജോലി കൂടുതൽ കാരണം വിചാരിച്ച സമയത്ത് പോകാൻ പറ്റുന്നുണ്ടായിരുന്നില്ല എങ്കിലും സമയം ഉണ്ടാക്കി അങ്ങോട്ടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട് അങ്ങനെയാണ് അവളുടെ വീടിന് അരികിൽ ഒരു കല്യാണം വന്നത്… ഞങ്ങളുടെ വീട്ടിലും ക്ഷണിച്ചിരുന്നു ഞാൻ വരുന്നില്ല എന്നാണ് അവളോട് പറഞ്ഞത്..
അന്ന് പക്ഷേ വർക്ക്ഷോപ്പിൽ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാത്തതുകൊണ്ട് അവളോട് പറയാതെ പോകാം ഒരു സർപ്രൈസ് കൊടുക്കാം എന്ന് കരുതി അങ്ങനെ ചെന്നപ്പോഴാണ് അകത്തുനിന്ന് എന്തൊക്കെയോ ശബ്ദം കേട്ടത് അവളുടെ അച്ഛനും അമ്മയും കല്യാണത്തിന് പോയിട്ടുണ്ടാകും എന്ന കാര്യം ഉറപ്പാണ് പിന്നെ ആരായിരിക്കും അകത്ത് എന്ന് വിചാരിച്ചു ഞാൻ വാതിൽ ശക്തമായി തള്ളി തുറന്നു….
നേരത്തെ കണ്ട ആ ചെറുപ്പക്കാരനും അവളും കൂടി മുറിയിൽ..
ഞാൻ അവിടെയെല്ലാം നോക്കി അവരുടെ വസ്ത്രങ്ങളെല്ലാം നിലത്ത് ചിന്നി ചിതറി കിടക്കുന്നുണ്ട്!!”
എന്നെ കണ്ടതും അവൾ വേഗം എണീറ്റ് ബെഡ്ഷീറ്റ് എടുത്ത് പുതച്ചു അവൻ നിലത്തുള്ള അവന്റെ വസ്ത്രങ്ങളും എടുത്ത് അവിടെ നിന്ന് ഓടിപ്പോകാൻ ആയി നിന്നു അന്നേരം ഞാൻ അവനെ പിടിച്ചുവച്ച് എന്റെ കലി തീരുന്നത് വരെ അടിച്ചു അവൾക്കും കിട്ടി ഒരെണ്ണം!!!
“” വിടെടാ സഞ്ജയ്നേ!!!”””
എന്നു പറഞ്ഞ് അവൾ എന്റെ കയ്യിൽ കയറിപ്പിടിച്ചു…
”’ എന്താടി നീയും അവനും തമ്മിലുള്ള ബന്ധം ഇങ്ങനെ ഒരുത്തൻ ഉണ്ടെങ്കിൽ പിന്നെ എന്തിനാടീ എന്റെ ജീവിതം കുളം ആക്കിയത്!!”””
എന്ന് ഞാൻ അവളുടെ മുടി കുത്തിന് കടന്നുപിടിച്ചു ചോദിച്ചു..
“””” ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ് ഇവിടെ അച്ഛൻ സമ്മതിക്കാത്തത് കൊണ്ട് കല്യാണം കഴിക്കാത്തതാണ് നിന്നോട് ആരാണ് അതിനിടയിൽ കയറി വരാൻ പറഞ്ഞത്??? ഇനി ഒരു കാര്യം കൂടി കേട്ടോ!!!
എന്റെ വയറ്റിലുള്ള കുഞ്ഞ് അവന്റെ ആണ്!””””
ആ പറഞ്ഞത് മാത്രമേ ഓർമ്മയുണ്ടായിരുന്നുള്ളൂ. ഞാൻ അവളെ പിടിച്ച് അവിടെയുള്ള ചുമരിലേക്ക് തല ഇടിപ്പിച്ചു…
അത് കണ്ടതും അവൻ ഇറങ്ങിയോടി..
കൊല്ലണം എന്ന് വിചാരിച്ച് ചെയ്തതല്ല പക്ഷേ അന്നേരത്തെ എന്റെ മാനസികാവസ്ഥ അതായിരുന്നു അത്രത്തോളം അവളെ സ്നേഹിച്ച് അവൾക്കായി എല്ലാം വിട്ടു നൽകി ഒടുവിൽ അവൾ എന്നെ ഇങ്ങനെ ചതിക്കും എന്ന് കരുതിയില്ല.
തലയ്ക്ക് പുറകിൽ ആയിരുന്നു ക്ഷതം അവിടെ വച്ച് തന്നെ അവൾ മരിച്ചു..
അല്ലെങ്കിലും ജീവിതം നഷ്ടപ്പെട്ടവന് പിന്നെ ജീവിക്കണം എന്നില്ലായിരുന്നു പക്ഷേ അമ്മയുടെ കാര്യം ആലോചിച്ചിട്ടായിരുന്നു ടെൻഷൻ ഞാൻ മാത്രമേ ഉള്ളൂ ആ പാവത്തിന്..
പോലീസിൽ വിവരമറിയിച്ചത് ഞാൻ തന്നെയാണ് അവർ വന്ന് എന്നെ സ്റ്റേഷനിലേക്ക് കൂട്ടി..
അങ്ങോട്ടേക്ക് അനിയത്തിയും ഭർത്താവും ഓടിവന്നിരുന്നു അവളോട് ഞാൻ അമ്മയെ നോക്കണം എന്ന് മാത്രം പറഞ്ഞു.
അമ്മയെ അവൾ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി…
ഗർഭിണിയായ സ്വന്തം ഭാര്യയെ കൊന്ന കേസിന് ഇപ്പോൾ ജയിലിൽ കഴിയുന്നു…
മോഹങ്ങൾ ഒന്നുമില്ല!! ഇടയ്ക്ക് അമ്മ കാണാൻ വരും അമ്മയുടെ സങ്കടം കാണുമ്പോൾ മാത്രം വല്ലാത്തൊരു വിഷമം ആണ്.
പിന്നെയെല്ലാം സഹിക്കാൻ ഇപ്പോൾ മനസ്സിനെ പഠിപ്പിച്ചു കഴിഞ്ഞു അല്ലെങ്കിലും മരവിച്ചു മരവിച്ച് കല്ലായി തീർന്ന ഒരു മനസ്സു മാത്രമാണ് ഇപ്പോൾ സമ്പാദ്യം!!!!!