പക്ഷേ വിവാഹം കഴിഞ്ഞതോടെയാണ് അറിഞ്ഞത് ഒരുപാട് സ്വപ്നങ്ങളുമായി ആ മണലാരണ്യങ്ങളിൽ ജീവിതം തുലക്കുന്ന..

(രചന: J. K)

ചലന മറ്റ് കിടക്കുന്ന അയാളുടെ ദേഹത്തേക്ക് അവർ വീണ്ടും നോക്കി ആ നെഞ്ച് ശ്വാസം എടുക്കുന്നുണ്ടോ??? ഉണ്ട്”””””

“””ഏട്ടാ… ന്റെ ബാലേട്ടൻ മരിച്ചിട്ടില്ല.. ദേ നോക്കിയേ ഈ നെഞ്ചിന്റെ ഉള്ളിൽ ചൂട് പോലും പോയിട്ടില്ല നിങ്ങളെല്ലാം കൂടി എന്നെ പറ്റിക്കുകയാണ്…..”””

അതും പറഞ്ഞ് ബാലനെ കുലുക്കി വിളിക്കുന്ന ഗീതയെ എല്ലാവരും കൂടി തടഞ്ഞുവെച്ചു…

“””” ഒന്ന് വിളിക്ക് കണ്ണാ അച്ഛനെ നീ വിളിച്ചാൽ അച്ഛൻ എണീക്കും”””

എന്ന് മകനോട് പറഞ്ഞപ്പോൾ അവൻ അമ്മയെ പിടിച്ച് മുറിയിലേക്ക് കൊണ്ട് ചെന്നാക്കി അവരെ നോക്കാൻ മറ്റുള്ളവരെ ഏർപ്പാടാക്കി ഇനി അങ്ങോട്ട് വിടണ്ട എന്നും പറഞ്ഞു….

മുറിയിൽ കൊണ്ട് കിടന്നപ്പോൾ സ്വന്തം ശരീരത്തിലെ ഭാരം ഇല്ലാതാകുന്നതും താൻ ആ കട്ടിലിലേക്ക് ബോധരഹിതയായി വീഴുന്നത് അവൾ അറിഞ്ഞിരുന്നു…..

“””ബാലേട്ടൻ “””

ദുബായ്ക്കാരന്റെ ആലോചനയാണ് എന്ന് പറഞ്ഞപ്പോൾ എല്ലാവരും അന്ന് തന്നെ നോക്കിയത് വലിയ ഗമയിൽ ആയിരുന്നു…

ഇനിയിപ്പോ ഗീതയ്ക്ക് പത്രാസ് കൂടുമല്ലോ എന്ന് കൂട്ടുകാരികൾ കളി പറഞ്ഞപ്പോൾ ചിരിയാണ് വന്നത്…. ഇത്രയും വലിയ ഒരാളാണോ ഈ ദുബായ്ക്കാരൻ പ്രവാസി എന്ന് മനസ്സ് വെറുതെ സ്വയം ചോദിച്ചു…

പക്ഷേ വിവാഹം കഴിഞ്ഞതോടെയാണ് അറിഞ്ഞത് ഒരുപാട് സ്വപ്നങ്ങളുമായി ആ മണലാരണ്യങ്ങളിൽ ജീവിതം തുലക്കുന്ന വെറും പ്രവാസിയാണ് അവർ എന്ന് മനസ്സിലായത്..

16 വർഷമായി കല്യാണം കഴിഞ്ഞിട്ട് പക്ഷേ ഒന്നിച്ചുണ്ടായിരുന്ന ദിവസം കണക്കിലെടുത്താൽ വെറും തുച്ഛം ആയിരുന്നു അത്…..

ബാലേട്ടന് ചെയ്തു തീർക്കാൻ കടമകൾ ഏറെ ഉണ്ടായിരുന്നു ബുദ്ധി പൂർവ്വം മൂത്ത ഏട്ടൻ ഒന്നിലും പെടാതെ നടക്കും….

അതുകൊണ്ടുതന്നെ താഴെയുള്ള പെങ്ങന്മാരുടെ കാര്യങ്ങൾ എല്ലാം ബാലേട്ടന്റെ ചുമലിൽ ആയിരുന്നു അവരെയെല്ലാം കല്യാണം കഴിപ്പിച്ചയക്കണം….

ദുബായ് കാരന്റെ പെങ്ങമ്മാരല്ലേ അതുകൊണ്ടുതന്നെ അവിടെ നിന്ന് വരുമ്പോൾ അവർക്ക് സ്വർണം ഒക്കെ കൊണ്ട് കൊടുക്കണമായിരുന്നു…

പാവം അവിടെ കിടന്നു ഓരോന്നും ഒപ്പിച്ച് കൊടുത്ത് അവരെയെല്ലാം വിവാഹം കഴിച്ചു വിട്ടു…

അതുകഴിഞ്ഞണ് പറഞ്ഞത് ഇനി നമുക്ക് വേണ്ടി ജീവിക്കാം എന്ന് പക്ഷേ അപ്പോഴും പെങ്ങമ്മാർ ഓരോ ആവശ്യങ്ങൾ പറഞ്ഞ് എത്തി…

വയ്യ എന്ന് പറയാൻ ബാലേട്ടനോ അങ്ങനെ ചെയ്യേണ്ട എന്ന് പറയാൻ ഞാനോ പഠിച്ചിട്ടില്ലായിരുന്നു…

അവർക്കായി വീണ്ടും ഓരോ കാര്യത്തിനും പണം അയക്കും കടം വാങ്ങിയിട്ട് ആണെങ്കിൽ കൂടി…

എങ്കിലും ചെലവ് കുറച്ചൊക്കെ കടിച്ചുപിടിച്ച് ഒരു കുഞ്ഞു വീട് ഞങ്ങൾക്കായി വെക്കാം എന്ന് അദ്ദേഹം പറഞ്ഞു…

ആ പറഞ്ഞത് മാത്രമേ ഉണ്ടായിരുന്നുള്ളൂ… മിച്ചം വയ്ക്കാൻ പോയിട്ട് കിട്ടുന്ന പണം ആവശ്യങ്ങൾക്ക് പോലും തികയുന്നില്ല ആയിരുന്നു….

ഇതിനിടയിൽ ഞങ്ങളുടെ മക്കൾ അവരുടെ പഠിപ്പ് അതിനെല്ലാം ഒരു സംഖ്യ ചെലവാകുന്നുണ്ടായിരുന്നു…

എല്ലാവർക്കും വീടായി ഞങ്ങൾ മാത്രം തറവാട്ടിൽ.. അതൊന്ന് പുതുക്കി പണിയാൻ പോലും അദ്ദേഹത്തെ കൊണ്ട് സാധിച്ചില്ല…
എങ്കിലും ഒരു നല്ല കാലം എന്നെങ്കിലും വരും എന്ന് കരുതി ആശ്വസിച്ചു…

അങ്ങനെയൊരു കാലം വന്നില്ല…. മക്കൾക്ക് ഒക്കെ തിരിച്ചറിവായപ്പോൾ അവർ അച്ഛനോട് പറഞ്ഞു അവർക്ക് നല്ല വീട് വേണം…. അവരുടെ മറ്റ് ആവശ്യങ്ങൾ എല്ലാം പറഞ്ഞു ബുദ്ധിമുട്ടിക്കാൻ തുടങ്ങി…..

വീട് വെക്കണം എന്ന് മക്കൾക്ക് നിർബന്ധം കൂടിയപ്പോൾ അദ്ദേഹത്തിന് വേറെ വഴിയില്ലാതെ എവിടെ നിന്നുമൊക്കെയോ പണം കടം വാങ്ങി നാട്ടിലേക്ക് അയച്ചു….

അവരുടെ കൂട്ടുകാരെ ഈ പഴഞ്ചൻ വീട്ടിലേക്ക് അവർക്ക് കൊണ്ടുവരാൻ മടിയാണത്രേ…
ദുബായിൽ അല്ലേ നിന്റെ അച്ഛൻ എന്നിട്ടും ഇങ്ങനത്തെ കുടിലിൽ ആണോ താമസം എന്ന് പറഞ്ഞ് അവർ കളിയാക്കുന്നുണ്ട് എന്നൊക്കെ പറഞ്ഞപ്പോൾ ബാലേട്ടനും ആകെ വിഷമമായി…

അതുകൊണ്ട് മാത്രമാണ് അദ്ദേഹം കടം വാങ്ങാനും അയക്കാനും ഒക്കെ തുനിഞ്ഞത്….

അദ്ദേഹത്തിന്റെ കൊക്കിൽ ഒതുങ്ങില്ല എന്നറിഞ്ഞിട്ട് പോലും മക്കൾക്ക് വേണ്ടി അദ്ദേഹം ആ വീട് പൊളിച്ചുമാറ്റി അവിടെ വലിയൊരു വീട് പണിതു. അദ്ദേഹത്തിന്റെ മുഴുവൻ സമയവും ജോലി ചെയ്യേണ്ടി വന്നു ആ കടങ്ങൾ ഒക്കെ ഒന്ന് വീടാൻ…

രണ്ടുവർഷം കൂടുമ്പോൾ നാട്ടിലേക്ക് വന്നുകൊണ്ടിരുന്ന ആൾ അതുപോലും വരാൻ പറ്റാതെ ഗൾഫിൽ തന്നെ കിടന്നു നരകിച്ചു…

തനിക്ക് അല്ലാതെ മറ്റാർക്കും അദ്ദേഹത്തെ കാണണമെന്ന് അദ്ദേഹത്തിന്റെ സാമീപ്യം വേണമെന്ന് ആഗ്രഹമില്ല എന്നുള്ളത് താൻ തിരിച്ചറിഞ്ഞ ഒരു സത്യം മാത്രമായിരുന്നു…

എല്ലാ വെള്ളിയാഴ്ചയും വീഡിയോ കോളിൽ വിളിക്കുമ്പോൾ ചോദിക്കും എന്നാണ് തിരികെ വരുന്നത് എന്ന് അപ്പോൾ ആ മുഖത്ത് നോവുള്ള ഒരു ചിരി കാണാം. അത് കാണുമ്പോൾ നെഞ്ചുപൊട്ടും…

“”” ആകെ മുങ്ങിയിരിക്കുക അല്ലേടി ഇവിടെനിന്ന് ആഞ്ഞു തുഴയാൻ തുടങ്ങിയാലേ എല്ലാവരും കരയ്ക്ക് കയറുള്ളൂ അതല്ലേ എനിക്ക് വരാൻ കഴിയാത്തത് എന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിക്കും…..

ഞാനവിടെ ഇല്ലെങ്കിലും എന്റെ മനസ്സ് മുഴുവൻ നിന്റെ കൂടെ തന്നെയല്ലേ എന്ന് ചോദിക്കും…””

“”” അതെ ശരീരമടുത്തില്ലാതെ മനസ്സുകൊണ്ട് മാത്രം പ്രിയപ്പെട്ട ആ ആളുടെ സാമീപ്യം അറിയാൻ പ്രവാസികളുടെ ഭാര്യമാരോളം മറ്റാർക്കാണ് കഴിയുക??? “””

അദ്ദേഹം വരുന്ന നാളുമെണ്ണി കഴിയുകയായിരുന്നു പാവത്തിന് എടുത്താൽ പൊന്താത്തത്ര ഭാരം എല്ലാവരും കൂടി തലയിൽ വച്ചു കൊടുത്തതാണ്…

അതിനിടയിലാണ് ഒരു ചെറിയ നെഞ്ചുവേദന അദ്ദേഹം എല്ലാവരെയും വിട്ടു പോയത്…

അച്ഛൻ നാട്ടിൽ വരുന്നുണ്ട് എന്ന് മാത്രമാണ് മക്കൾ എന്നോട് പറഞ്ഞത് അദ്ദേഹത്തിന്റെ വരവും പ്രതീക്ഷിച്ച ചിരിയോടെ കാത്തിരിക്കുകയായിരുന്നു

ആറ് വർഷത്തിനുശേഷം ആ മുഖം ഒന്ന് കാണാൻ.. ആ നെഞ്ചിൽ ചേർത്ത് ആ ഹൃദയത്തിന്റെ താളവും കേട്ട് മെല്ലെ ഒന്ന് മയങ്ങാൻ..

ഇതൊക്കെ എന്റെ കൊതികൾ ആയിരുന്നു… ഒത്തിരി മോഹിച്ചിട്ടും നടക്കാത്ത ആഗ്രഹങ്ങൾ…
ചില രാത്രികളിൽ വല്ലാത്ത ഒറ്റപ്പെടൽ തോന്നുമ്പോൾ പോകുന്ന അന്ന് ഇട്ടിട്ടു പോയ ആ ഷർട്ട് കെട്ടിപ്പിടിച്ച് കിടക്കും..

അപ്പോൾ അദ്ദേഹം അടുത്തുള്ള പോലെ തോന്നും… അങ്ങനെയൊക്കെയാണ് അദ്ദേഹം വരുന്നത് വരെയും തള്ളിനീക്കിയിരുന്നത്…

പക്ഷേ ഇത്തവണ അദ്ദേഹത്തെ കാത്തിരുന്ന ഞാൻ കണ്ടത് പെട്ടിയിൽ പൊതിഞ്ഞ ജീവനില്ലാത്ത ആ ദേഹമാണ്….

വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു എന്നെ വിട്ടു അദ്ദേഹത്തിനെ ഇങ്ങനെ പോകാൻ കഴിയും എന്ന്…

അതാണ് ആ മുഖത്തേക്ക് മാത്രം ഞാൻ ഇങ്ങനെ നോക്കിയിരുന്നത്….ആറു വർഷമായി ഞാൻ ഒന്ന് നേരിൽ കണ്ടിട്ട്..
വരാമെന്ന് പറഞ്ഞിരുന്നു ഇങ്ങനെ സങ്കടപ്പെടുത്താൻ ആണോ വന്നത് എന്ന് മൗനമായി പരിഭവം പറയുകയായിരുന്നു ഞാൻ…

അപ്പോഴും തോന്നും ഇല്ല എന്നെ വിട്ട് അദ്ദേഹത്തിനു പോകാൻ കഴിയില്ല എന്ന്..

ആമുഖത്തേക്ക് നോക്കി തന്നെയിരുന്നു കണ്ണിമ പോലും ചിമ്മാതെ…വാശിപിടിച്ച് മുറിയിൽ നിന്ന് പുറത്തേക്ക് വന്നിട്ട്,

കുറച്ചു കഴിഞ്ഞപ്പോൾ അവിടെ ഉള്ളവരുടെ ശബ്ദം ഒന്നും കേൾക്കാത്തത് പോലെ… ഒരു തണുപ്പ് ആകെ വന്ന് പൊതിയുന്നത് പോലെ…. തോന്നി…

നോക്കിയപ്പോൾ അദ്ദേഹം… എന്നെ വിളിക്കാനായി വന്നതാണ്.. എന്റെ പരിഭവം കേട്ട് ഇരിക്കാൻ കഴിയുന്നില്ലത്രെ…

ചിരിയോടെ ഞാന് കൈകളിൽ ചേർത്ത് കൂടെ ഇറങ്ങി…

അപ്പോൾ കേൾക്കാമായിരുന്നു തൊടിയിൽ അടുത്തടുത്ത് രണ്ട് കുഴിവെട്ടുന്ന ശബ്ദം….