സർവ്വശക്തിയുമെടുത്ത് പിടഞ്ഞിട്ടും അവരുടെ പിടിയിൽ നിന്ന് എനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല, രക്ഷപ്പെടാനാവില്ല എന്നറിഞ്ഞും..

(രചന: J. K)

സമയം ഏഴര കഴിഞ്ഞതേയുള്ളൂ.. ബസിനുള്ളിൽ ഉള്ളവരുടെ തുറിച്ചുനോട്ടം സഹിക്കാതെ മറ്റെങ്ങൊ മിഴിനട്ടു ഇരുന്നു ചിത്ര….

ഓണത്തിന്റെ കച്ചവടമാണ് ഇപ്പോൾ ടെക്സ്റ്റൈൽസിൽ അതുകൊണ്ട് തന്നെ ആർക്കും നേരത്തെ പോരാൻ പറ്റില്ല…

അല്ലെങ്കിൽ ആറു മണി ആകുമ്പോൾ അവിടെ നിന്നും ഇറങ്ങാം ഇതിപ്പോ ഏഴും എട്ടും ഒക്കെ ആവും…

ഒരുവിധം അവിടെയുള്ള ചേച്ചിമാർക്ക് ഒക്കെ സ്വന്തം ആയി വണ്ടി ഉണ്ട് അതുകൊണ്ട് അവർക്ക് യാത്ര ഒരു പ്രശ്നമല്ല…..

ബസ്സിൽ പോകുന്നവരുടെ കാര്യമാണ് കഷ്ടം അധികം പെണ്ണുങ്ങൾ ആ നേരത്ത് കാണില്ല ഉള്ളവരോ മുഴുവൻ കള്ളുകുടിയന്മാരും ആയിരിക്കും…

ബസ്സിലുള്ളവരുടെ തുറിച്ചുനോട്ടം സഹിച്ച് എങ്ങനെയെങ്കിലും സ്റ്റോപ്പ് എത്തിയാൽ മതി എന്ന് വിചാരിച്ച് അതിനുള്ളിൽ ഇരിക്കണം…

കുറച്ചു ദൂരമേ ഉള്ളൂ എങ്കിലും ദുസ്സഹമാണ് ആ യാത്ര….

ഇനി ബസ്സിറങ്ങിയാലോ അവിടെയും നിൽക്കുന്നുണ്ടാവും കുറേപേർ തുറിച്ചുനോക്കി…

സ്റ്റോപ്പിൽ നിന്നും വീട്ടിലേക്ക് കുറച്ചു ദൂരം നടക്കണം അത്രയും ദൂരം ജീവനും കയ്യില്പിടിച്ച് ആണ് നടക്കാറ് വഴിയിൽനിന്ന് ഓരോരുത്തരുടെ അശ്ലീലച്ചുവയുള്ള കമന്റുകളും മൂളി പാട്ടുകളും ഒക്കെ കേട്ട് പേടിച്ച് പേടിച്ച്… ഏറെ ഭയം ആ ബസ്റ്റോപ്പിൽ സ്ഥിരമായി ഇരിക്കാറുള്ള ഒരു ഭ്രാന്തനെ യാണ്…

അയാൾ ഞാൻ ബസ് ഇറങ്ങുന്നത് മുതൽ തുറിച്ചുനോക്കി നിൽക്കും.. അടുത്തേക്ക് വരുമോ എന്തെങ്കിലും ചെയ്യുമോ എന്ന് ഭയന്നിട്ടാണ് എന്നും പോകാറുള്ളത്..

സകല ദൈവങ്ങളോടും പ്രാർത്ഥിച്ചിട്ട്.. അല്ലാതെ എനിക്ക് എന്ത് ചെയ്യാൻ കഴിയും…..

ഇഷ്ടം ഉണ്ടായിട്ട് ഒന്നുമല്ല പ്ലസ് ടു കഴിഞ്ഞ പാട് ഈ ജോലി തെരഞ്ഞെടുത്തത് വേറെ ഒരു മാർഗ്ഗവും ഇല്ലാഞ്ഞിട്ട് ആണ്…

അമ്മയും അച്ഛനും അനിയത്തിയും അടങ്ങുന്ന തന്റെ കുടുംബം നന്നായി തന്നെയാണ് മുന്നോട്ട് പോയിരുന്നത്…

അച്ഛൻ നാട്ടിലെ എല്ലാ തരം പണിക്കും പോയിരുന്നു, തൂമ്പ പണിക്കും തെങ്ങുകയറാനും, കൊയ്യാനും എല്ലാം.. അച്ഛന് ജോലി ചെയ്യാൻ യാതൊരു മടിയും ഉണ്ടായിരുന്നില്ല..

അതുകൊണ്ടുതന്നെ വീട്ടിലെ കാര്യങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല…
അമ്മയെ എങ്ങും പറഞ്ഞു അയക്കില്ലായിരുന്നു ജോലിക്ക്,

അമ്മയുടെ ഒപ്പമുള്ള അയൽവാസി സ്ത്രീകൾ കഷ്ടപ്പെട്ട് ജോലി ചെയ്തു കൊണ്ടുവരുന്നതും കൂടി ഭർത്താക്കന്മാർ തട്ടിപ്പറിച്ച് കുടിക്കാനായി വാങ്ങുമ്പോൾ അമ്മയ്ക്ക് എന്ത് ഭാഗ്യമാണ് എന്ന് അവർ പരസ്പരം പറഞ്ഞു നെടുവീർപ്പിടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്…..

എനിക്കും അനിയത്തിക്കും ഒന്നിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല അച്ഛനോട് പറയുകയേ വേണ്ടിയിരുന്നുള്ളൂ…. പറഞ്ഞ സാധനം കണ്മുന്നിൽ എത്തിച്ചു തരും…

പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്..
ഞങ്ങളുടെ കഷ്ടകാലത്തിന് അന്ന് തെങ്ങു കയറുമ്പോൾ തെങ്ങിന്റെ മുകളിൽ നിന്നും വീണ് പരിക്ക് പറ്റി..

ആദ്യം ഒക്കെ പ്രതീക്ഷയോടെ ചികിത്സിച്ചു… കയ്യിലുള്ളതും നാട്ടുകാർ പിരിവെടുത്ത് പണം തന്നിരുന്നു അതും ഒക്കെ ചേർത്ത്… പക്ഷേ അതെല്ലാം പോയി എന്നുള്ളതല്ലാതെ അച്ഛന്റെ കാര്യത്തിൽ യാതൊരു മാറ്റവും കണ്ടില്ല….

ക്രമേണ അച്ഛൻ പൂർണ്ണമായി കിടപ്പിൽ തന്നെ ആയി.. അരയ്ക്കുതാഴെ ചലനം നഷ്ടപ്പെട്ടു.. അമ്മ വീട്ടുജോലിക്ക് എല്ലാം പോകേണ്ടിവന്നു….

പക്ഷേ അതുകൊണ്ടൊന്നും അച്ഛന്റെ ചികിത്സയും ഞങ്ങൾ നാല് പേരും അടങ്ങുന്ന ആ കുടുംബവും മുന്നോട്ടു പോയില്ല…

അതുകൊണ്ടാണ് പ്ലസ്ടുവിന് അത്യാവശ്യം നല്ല മാർക്ക് കിട്ടിയിട്ടും അവിടെ വച്ച് പഠനം നിർത്തി ജോലിക്ക് പോകേണ്ടി വന്നത് അച്ഛനായിരുന്നു ഏറെ വിഷമം എന്നെ പറഞ്ഞയക്കാൻ…

എനിക്കും സങ്കടം ആയിരുന്നു.. പക്ഷേ എന്റെ വിഷമം അച്ഛന്റെ മുന്നിൽ കാണിക്കാതെ ഞാൻ വളരെ സന്തോഷവതിയാണ് എന്ന് വരുത്തി തീർത്തു… അങ്ങനെയാണ് ഒരു ബന്ധു വഴി ഈ തുണിക്കടയിൽ ജോലി വാങ്ങി തന്നത്….

അവിടുന്ന് കിട്ടുന്ന പണവും അമ്മ സമ്പാദിക്കുന്നതും എല്ലാം കൊണ്ട് അത്യാവശ്യം ബുദ്ധിമുട്ടില്ലാതെ മുന്നോട്ട് പോകാം എന്ന അവസ്ഥയായിരുന്നു… അതുകൊണ്ട് തന്നെ ഈ ജോലി ഉപേക്ഷിക്കാനും വയ്യ…

ഇനിയുള്ള പ്രതീക്ഷ മുഴുവൻ അനിയത്തി യിൽ ആയിരുന്നു അവളെ പഠിപ്പിക്കണം നല്ലനിലയിൽ എത്തിക്കണം.. പറ്റുമെങ്കിൽ എന്റെ തുടർപഠനം കൂടി അതിനിടയിലൂടെ എങ്ങനെയെങ്കിലും മുന്നോട്ടു കൊണ്ടുപോകണം…

കുറെ മോഹങ്ങളും പ്രതീക്ഷകളും ആയിരുന്നു മുന്നോട്ട് നയിച്ചത്…

ഓരോന്നോർത്ത് സ്റ്റോപ്പ് എത്തിയത് അറിഞ്ഞില്ല പെട്ടെന്ന് ഇറങ്ങുന്നില്ലേ എന്ന് കണ്ടക്ടർ ചോദിച്ചപ്പോഴാണ് സ്വബോധത്തിലേക്ക് തിരിച്ച് വന്നത്… വേഗം അവിടെ ഇറങ്ങി നടന്നു..

വഴിയരികിൽ ഇരിക്കാറുള്ള ആ ഭ്രാന്തൻ ഇപ്പോഴും അവിടെ തന്നെ ഇരുന്നിരുന്നു…
തുറിച്ചു നോക്കി… ജട പിടിച്ച് അയാളുടെ മുടിയും കീറി പറിഞ്ഞ ഷർട്ടും പാന്റും.. അയാളുടെ നരച്ച താടിയും എല്ലാം അയാൾക്ക് ഒരു ഭീകര രൂപം കൊടുത്തിരുന്നു…

വേഗം അങ്ങോട്ട് നോക്കാതെ മുന്നോട്ട് നടന്നു…
പെട്ടന്നാണ് ബൈക്കിലെത്തിയ രണ്ടുപേർ കൈ പിടിച്ചു വലിച്ചത് സഹായത്തിനായി ചുറ്റും നോക്കി ആരും ഇല്ലായിരുന്നു എന്തുചെയ്യണമെന്നറിയാതെ നിന്നു കരഞ്ഞു..

അതിലൊരാൾ വായ് പൊത്തിപ്പിടിച്ചു.. മറ്റേയാൾ ഭ്രാന്തനെ ചൂണ്ടിക്കാണിച്ചപ്പോൾ, അത് ഒരു ഭ്രാന്തനല്ലേ ഒന്നും വരില്ല എന്ന് പറഞ്ഞ്, അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് എന്നെ വലിച്ചുകൊണ്ടുപോയി…

സർവ്വശക്തിയുമെടുത്ത് പിടഞ്ഞിട്ടും അവരുടെ പിടിയിൽ നിന്ന് എനിക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല…

രക്ഷപ്പെടാനാവില്ല എന്നറിഞ്ഞും വെറുതെ കുതറി പാഴ്ശ്രമം നടത്തി കൊണ്ടിരുന്നു…
കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച് അതിലൊരാൾ എന്നിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമം നടത്തി…

പെട്ടെന്നാണ് അയാൾ തല പൊത്തി കരഞ്ഞുകൊണ്ട് അവിടെ നിന്നും മാറിയത്… ആ ഭ്രാന്തൻ അവിടെയുള്ള ഒരു കല്ലെടുത്ത് അയാളുടെ തലയിൽ ശക്തിയായി ഇടിച്ചിരുന്നു….

എന്തുചെയ്യണമെന്നറിയാതെ വിളിച്ചിരുന്ന എന്നോട്, പോ”””” എന്ന് പറഞ്ഞു…

എന്റെ ബാഗുമെടുത്ത് ഞാൻ അവിടെ നിന്നും എങ്ങനെയോ ഓടി രക്ഷപ്പെട്ടു… അന്ന് രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ല… അടുത്ത ദിവസം കേട്ടത് ആ ഭ്രാന്തൻ ഒരാളെ ഒരാവശ്യവുമില്ലാതെ തലക്കടിച്ചു കൊന്നു എന്നാണ്……

രാവിലെ വീണ്ടും ജോലിക്കായി പോകേണ്ടിവന്നു എനിക്ക്… അവിടെ എത്തിയപ്പോൾ കണ്ടത് അയാളെ പോലീസുകാർ വലിച്ചു ഇഴച്ചു പോലീസ് ജീപ്പിൽ കേറ്റുന്നതാണ്…

അയാളുടെ മുഖത്തു യാതൊരു ഭാവഭേദവും കണ്ടില്ല… സ്വതവേ കാണുന്ന പുഞ്ചിരി അല്ലാതെ….

“””ഭ്രാന്തൻ “”” “”കൊലപാതകി “”” എന്ന് എല്ലാവരും വിളിച്ചുപറയുന്നുണ്ടായിരുന്നു…

അത് കേൾക്കെ എനിക്ക് ഹൃദയം നുറുങ്ങുന്ന പോലെ തോന്നി…

അയാൾ അങ്ങനെയല്ല എന്ന് എനിക്ക് വിളിച്ചു കൂവണമെന്നുണ്ടായിരുന്നു…. എന്റെ മാനം കാത്ത, നന്മയുള്ള ഒരാൾ… ബുദ്ധി മരവിച്ച ഇരുകാലി മൃഗങ്ങളുടെ ഈ നാട്ടിൽ, അയാളെ പോലെയുള്ളവർക്ക് ആണ് ഇത്തിരിയെങ്കിലും സന്മനസ്സ്….

പക്ഷേ ഇതൊന്നും ആരോടും തുറന്നു പറയാൻ കഴിയില്ലായിരുന്നു എനിക്ക് അതിനുള്ള ധൈര്യം ഇല്ലായിരുന്നു.. ഒഴുകുന്ന മിഴിയോടെ അയാളെ നോക്കി ഞാൻ..

നിറഞ്ഞ ഒരു പുഞ്ചിരി പകരമായി തന്ന് കൈകൊണ്ട് പൊയ്ക്കോളൂ എന്ന് കാണിക്കുന്നുണ്ടായിരുന്നു.. ഈ മാനവും ജീവിതവും അയാൾ ഭിക്ഷ തന്നതാണ് എന്ന മട്ടിൽ….