പൂർണ്ണമായും താല്പര്യമുണ്ടെങ്കിൽ മാത്രം ഈ വിവാഹത്തിന് നിൽക്കുന്നുള്ളൂ എന്ന് അവൾ ആദ്യമേ..

(രചന: Jk)

അവര് വന്ന് ഒന്ന് കണ്ടിട്ട് പൊയ്ക്കോട്ടെ മോളെ!! പെൺകുട്ടികളുടെ ഭാഗ്യം പെരുവഴിയിലാന്നാ പറയാ എത്രകാല നീയിങ്ങനെ അമ്മയെ നോക്കി ഇവിടെ നിൽക്കുക!

അമ്മയും ഞാനും ഒന്നും എല്ലാകാലത്തും ഉണ്ടാവില്ല മോളെ ഒരു കാലം കഴിഞ്ഞാൽ ഞങ്ങളെല്ലാവരും ദൈവത്തിന്റെ ഹിതം പോലെ അങ്ങ് പോവും പിന്നെയും നിനക്ക് ഇവിടെ ജീവിതം അങ്ങനെ ബാക്കി കിടക്കും അന്നേരം ആരുമില്ലാതെ നീ ബുദ്ധിമുട്ടും….!””

ചിറ്റപ്പൻ അത് പറഞ്ഞപ്പോൾ ഒന്നും പറയാനുണ്ടായിരുന്നില്ല ചന്ദനയ്ക്ക് ആ പറഞ്ഞതെല്ലാം സത്യമാണ് എന്നറിയാമായിരുന്നു. എല്ലാം അവരുടെ ഉള്ളിലുള്ള ആവലാതികളാണ്…

ചുളിവ് വീണ ആ കൈയിൽ പിടിച്ചു ചിറ്റപ്പന്റെ സന്തോഷത്തിനായി പറഞ്ഞു ചിറ്റപ്പൻ പറഞ്ഞതുപോലെ അവര് വന്ന് കണ്ടിട്ട് പോകട്ടെ എന്ന്..

അത് കേട്ടതും അമ്മയോട് ആ വാർത്ത അറിയിക്കാനായി ചിറ്റപ്പൻ അടുക്കളയിലേക്ക് ഓടിയിരുന്നു..

അമ്മയും അച്ഛനും ചിറ്റപ്പനും അടങ്ങുന്നതായിരുന്നു തന്റെ കുടുംബം… ഏറെ സന്തോഷകരമായി തന്നെയാണ് മുന്നോട്ടുപോയത് ചിറ്റപ്പൻ എന്ന് പറഞ്ഞാൽ അച്ഛന്റെ അനിയൻ എന്നാണ് അർത്ഥം ഇവിടെയത് അഛച്ചന്റെ അനിയനാണ് അച്ഛനും അമ്മയും ചിറ്റപ്പൻ എന്ന് വിളിക്കാൻ തുടങ്ങി താനും അത് തുടർന്നു എന്നെ ഉള്ളൂ..

ചിറ്റപ്പൻ ഒറ്റത്തടിയാണ് വിവാഹം കഴിച്ചിട്ടില്ല പണ്ട് ഏതോ ഒരു പെൺകുട്ടിയെ പ്രണയിച്ച്, ആ വിവാഹം നടത്താൻ അച്ഛനും അമ്മയും സമ്മതിക്കാത്തത് കൊണ്ട് അങ്ങനെ തന്നെ നിന്നു പോയതാണ് എന്നൊക്കെ കേട്ടിട്ടുണ്ട് എന്തായാലും ഒന്നും ചിറ്റപ്പനോട് നേരിട്ട് ചോദിക്കാൻ പോയില്ല…

ആ കുടുംബത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു വ്യക്തിയായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു..
പെട്ടെന്നുള്ള അച്ഛന്റെ മരണം ആകെ തകർത്തത് എല്ലാവരെയും ആയിരുന്നു അതിൽ നിന്ന് കരകയറാൻ സഹായിച്ചത് ചിറ്റപ്പൻ ആണ്..

അതുവരേക്കും കുടുംബത്തിലെ കാര്യങ്ങൾ മാത്രം നോക്കിയിരുന്ന ചിറ്റപ്പൻ അന്നുമുതൽ അടുത്തുള്ള ഒരു ഫാക്ടറിയിൽ ജോലിക്ക് പോകാൻ തുടങ്ങി കിട്ടുന്നത് തുച്ഛമായ വരുമാനമാണെങ്കിലും അത് കൊണ്ടുവന്ന കൃത്യമായി അമ്മയെ ഏൽപ്പിക്കും തന്റെ പഠനം പോലും മുടങ്ങാതിരുന്നത് ചെറുതെങ്കിലും ആ സംഖ്യ കൊണ്ടാണ്..

അതും തികയാതെയായപ്പോഴാണ് അമ്മ തുന്നൽ പൊടിതട്ടിയെടുത്തത് ഒന്ന് രണ്ടുമാസം അവിടെയുള്ള ഒരു ചേച്ചിയുടെ കീഴിൽ പോയി പഠിച്ചു ആദ്യമേ കുറച്ച് അറിയാമായിരുന്നു പിന്നീട് അങ്ങോട്ട് തുന്നലും കൂടി ആയപ്പോൾ വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ മുന്നോട്ടു കൊണ്ടു പോകാമെന്നായി..

പക്ഷേ വിധി അത്രയും കൊണ്ട് അടങ്ങിയില്ല വീണ്ടും അത് വന്നിരുന്നു അമ്മയ്ക്ക് ഒരു അസുഖത്തിന്റെ രൂപത്തിൽ..
എന്തുവേണമെന്ന് പോലും അറിയാതെ ഞങ്ങൾ തകർന്നു പോയി ഒടുവിൽ മരുന്നു മന്ത്രവും ഒക്കെയായി അമ്മയെ തിരിച്ചുകിട്ടി പക്ഷേ പഴയ ആരോഗ്യം മാത്രം തിരിച്ചുവന്നില്ല…

എങ്കിലും അമ്മയെ ഞങ്ങൾക്ക് കിട്ടിയല്ലോ എന്ന ആശ്വാസമാണ് ഇപ്പോൾ അമ്മയ്ക്ക് ഭയമാണ് അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചു പോയാൽ ഞാൻ ഒറ്റയ്ക്കാവുമോ എന്ന ഭയം!!!

അതുകൊണ്ടുതന്നെ കുറെയായിരുന്നു കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു.
അവർ രണ്ടുപേരും തനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് തന്റെ ഡിഗ്രി പഠനത്തിന്റെ സമയത്ത് ഫീസ് അടച്ചത് എങ്ങനെയാണെന്ന് ശരിക്കും അറിയാം…

അച്ഛനുള്ളപ്പോഴേ ടി ടി സി കഴിഞ്ഞിരുന്നു…
ഇപ്പോൾ ദേ ഡിഗ്രിയും കഴിയാറായി. ഇനി ഏതെങ്കിലും ഒരു സ്കൂളിൽ ഒരു ചെറിയ ജോലി,
അതുകഴിഞ്ഞ് അവരെ രണ്ടുപേരെയും ഒരു ജോലിക്കും വിടാതെ വീട്ടിലിരുത്തണം ഇനി വിശ്രമം കൊടുക്കണം ഇതൊക്കെയായിരുന്നു മോഹം പക്ഷേ അപ്പോഴാണ് വിവാഹത്തിന് രണ്ടുപേരും ചേർന്ന് നിർബന്ധിക്കുന്നത്…

വിവാഹം എന്നത് ചെറിയൊരു കാര്യമല്ല.. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ വളർന്ന രണ്ടുപേരുടെ കൂടിച്ചേരലാണ്!!! ഒരാളുടെ മാനസികാവസ്ഥ മറ്റൊരാൾക്ക് മനസ്സിലായി കൊള്ളണം എന്നില്ല ഒരാളുടെ ശരി തെറ്റുകൾ മറ്റൊരാൾക്ക് അതേപോലെ ആയിക്കോളണം എന്നും ഇല്ല അതുകൊണ്ട് തന്നെ ആശങ്കയുണ്ടായിരുന്നു വിവാഹം ചെയ്തു പോകാൻ…

തന്റെ അമ്മയുടെ കഷ്ടപ്പാട് മനസ്സിലാക്കാത്ത ചിറ്റപ്പന്റെ വില മനസ്സിലാക്കാത്ത ഒരാളാണ് വിവാഹം കഴിക്കാൻ വരുന്നതെങ്കിൽ എന്ത് ചെയ്യും എന്ന് ഒട്ടും അറിയില്ലായിരുന്നു അവൾക്ക്..

വരട്ടെ എന്ന് കരുതി അവൾ ചിറ്റപ്പന്റെയും അമ്മയുടെയും മനസ്സമാധാനത്തിനു വേണ്ടി പെണ്ണുകാണലിന് ഒരുങ്ങി..

വരുന്ന ചെറുക്കനോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് തന്റെ ഭാഗം പറഞ്ഞു, പൂർണ്ണമായും താല്പര്യമുണ്ടെങ്കിൽ മാത്രം ഈ വിവാഹത്തിന് നിൽക്കുന്നുള്ളൂ എന്ന് അവൾ ആദ്യമേ തീരുമാനമെടുത്തിരുന്നു…

അകത്തളത്തിൽ നിന്ന് തന്നെ അവൾ ആളെ കണ്ടിരുന്നു…
മുന്തിരി കളർ ഷർട്ടും ക്രീം പാന്റിലും ആള് സുന്ദരനായിരുന്നു വെട്ടിയൊതുക്കിയ താടിയും, സദാസമയത്ത് ചിരിയും അയാളുടെ മുഖത്തേക്ക് ഒരു പ്രത്യേക ഭംഗി നൽകിയിരുന്നു…

ഒരുപക്ഷേ തനിക്ക് അച്ഛൻ നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ സമാധാനമായി തന്റെ ഭാവി മാത്രം സ്വപ്നം കാണാൻ കഴിയുമായിരുന്നു ഇപ്പോൾ അതല്ല തന്റെ പശ്ചാത്തലം കൂടെ നിൽക്കുന്നവരോട് കൂടി കടമയുണ്ട് തനിക്ക്..

നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ ആവാം എന്ന് ബ്രോക്കർ പറഞ്ഞപ്പോഴാണ് സമാധാനമായത്..

മുറ്റത്തേക്ക് ഇറങ്ങി അവിടെ വലിയൊരു മാവുണ്ട് അതിന്റെ ചുവട്ടിൽ പോയി ആള് തനിക്ക് വേണ്ടി കാത്തു നിന്നു.

കണ്ടപ്പോഴേ ആളെ ഇഷ്ടമായിരുന്നു ഒരു കുറ്റവും പറയാനില്ല..

തന്റെ കാര്യങ്ങളെല്ലാം പറഞ്ഞാൽ ഈ ബാധ്യതയൊന്നും എടുത്തു തലയിൽ വയ്ക്കാൻ ആരും തയ്യാറാവില്ല ഈ വിവാഹാലോചനയും ഇവിടെ തീരും… മുമ്പ് രണ്ട് എണ്ണം വന്നു, തനിക്ക് പറയാനുള്ളത് കേട്ടപ്പോൾ മുടങ്ങിയത് പോലെ….
ചെറിയൊരു നഷ്ടബോധം ഉണ്ടോ??

അവൾ അതിനെ പറ്റി കൂടുതൽ ഒന്നും ചിന്തിക്കാൻ നിന്നില്ല..

“”” എനിക്ക് എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു!!””

എന്ന് പറഞ്ഞ് ഞാൻ എല്ലാം പറഞ്ഞിരുന്നു ഒരിക്കലും അയാളുടെ കൂടെ ചെല്ലാൻ കഴിയില്ല എന്നും അമ്മയ്ക്ക് ഒട്ടും വയ്യ ഇപ്പോൾ റസ്റ്റ് ആവശ്യമാണ് അതുകൊണ്ട് അമ്മേ തനിച്ചാക്കി എനിക്ക് എന്റെ കാര്യം നോക്കി വരാൻ കഴിയില്ല…

ഇവിടെ ആകെയുള്ളത് ചിറ്റപ്പൻ ആണ് അമ്മയ്ക്ക് എല്ലാം ചെയ്തു കൊടുക്കുന്നതിൽ ചിറ്റപ്പന് പരിമിതികൾ ഉണ്ട്…
അതുകൊണ്ട് നിങ്ങൾ ഈ വിവാഹത്തിൽ നിന്ന് പിന്മാറി മറ്റൊരു………..””””

അത്രയും പറഞ്ഞപ്പോഴേക്ക് അദ്ദേഹം മതി എന്ന് പറഞ്ഞ് എന്നെ തടഞ്ഞിരുന്നു എന്നിട്ട് എന്നോട് പറഞ്ഞു…

“”” തനിക്ക് അമ്മയുണ്ട് അച്ഛന്റെ സ്ഥാനത്ത് ചിറ്റപ്പനും!!! ഇതൊന്നുമില്ല എനിക്ക്!!! ചെറുപ്പത്തിലെ അവരെ രണ്ടുപേരെയും നഷ്ടപ്പെട്ടിരുന്നു പിന്നെ വളർന്നത് അമ്മാവന്റെ ഔദാര്യത്തിലാണ് അതും അവർക്ക് പലർക്കും ഞാൻ അവിടെ നിൽക്കുന്നത് ഇഷ്ടമല്ലായിരുന്നു

വേറെ വഴിയില്ലാതെ അവിടെ കടിച്ചു തൂങ്ങി നിന്നു പ്രായമായപ്പോൾ എന്തെങ്കിലും ഒരു ജോലി അന്വേഷിച്ചു… ഒരു പ്രായം കഴിഞ്ഞപ്പോൾ ഞാൻ തന്നെയാണ് ജോലിക്ക് പോയി ബാക്കി പഠനം പൂർത്തിയാക്കിയത്…

അന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു താങ്ങായി തണലായി ആരെങ്കിലും കൂടെയുണ്ടായിരുന്നു എങ്കിൽ എന്ന്…

ദുബായിൽ നല്ല ജോലി ശരിയായപ്പോൾ എല്ലാവരും തലയിൽ വച്ച് നടക്കാൻ തുടങ്ങി പക്ഷേ എനിക്കറിയാം ഓരോരുത്തരുടെയും യഥാർത്ഥ മുഖം!!!

തനിക്ക് ഈ രണ്ടു പേരെങ്കിലും ഇല്ലെടോ…
അവരിൽനിന്ന് തന്നെ അടർത്തിമാറ്റി കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല.. സ്വന്തം കാര്യം നോക്കാതെ ചിറ്റപ്പന്റെയും അമ്മയുടെയും കാര്യം നോക്കുന്ന തന്നെ വിട്ടു കളയാനും എനിക്ക് പറ്റില്ല!!! കാരണം അധികമാർക്കും ഈ കാലത്ത് ഇങ്ങനെ ഒരു മനസ്സ് ഉണ്ടാവില്ലടോ!!!!

എന്നെ മനസ്സിലാക്കുന്ന എന്റെ ചുറ്റുമുള്ളവർക്ക് എന്റെ പോലെ തന്നെ പ്രാധാന്യം കൊടുക്കുന്ന അയാളെക്കാൾ നല്ലൊരു ബന്ധം എനിക്കിനി വരില്ല എന്ന് അറിയാമായിരുന്നു..

വിവാഹം കഴിഞ്ഞതും എന്റെ അമ്മയെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചിരുന്നു വിനുവേട്ടൻ..
ആള് സ്വന്തമായി ഒരു കുഞ്ഞു വീട് പണിതിട്ടിട്ടുണ്ടെങ്കിലും അങ്ങോട്ട് പോകാൻ അനുവദിച്ചില്ല ഞങ്ങളെ അമ്മയും ചിറ്റപ്പനും വിനുവേട്ടനും അങ്ങോട്ട് പോകണമെന്ന് ഉണ്ടായിരുന്നില്ല…

ഒരു മാസത്തെ ലീവ് കഴിഞ്ഞ് ദുബായിലേക്ക് തിരിച്ചു പോകുമ്പോൾ ഏറ്റവും കൂടുതൽ സങ്കടം അമ്മയ്ക്കും ചിറ്റപ്പനും ആയിരുന്നു കാരണം വിനുവേട്ടന് അവരെന്ന് വെച്ചാൽ ജീവനായി തീർന്നിരുന്നു…

“” ഇപ്പഴാ എനിക്കൊരു സമാധാനമായത് ഈ വീടിനൊരു ആളും തുണയും വന്നതുപോലെ!!”””

എന്ന് ചിറ്റപ്പൻ പറഞ്ഞപ്പോൾ എന്റെ മനസ്സിലും അത് തന്നെയായിരുന്നു..
പിന്നെ സന്തോഷത്തിന്റെ അളവ് കൂട്ടാനായി, പുതിയൊരു അതിഥി കൂടി വരുന്നുണ്ട് എന്ന് അറിയിച്ചു കഴിഞ്ഞു..

എല്ലാംകൊണ്ടും ഞങ്ങൾക്ക് ഭാഗ്യം കൊണ്ടു വന്ന പോലെയായിരുന്നു വിനുവേട്ടന്റെ ഈ കുടുംബത്തിലേക്കുള്ള വരവ്…
ഇരട്ടിമധുരത്തിന് ആയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഞങ്ങളെല്ലാവരും..