രാത്രി എന്റെ ചൂടിൽ കിടക്കുന്ന അവളെ പൊതിഞ്ഞുപിടിച്ച് ഞാനും കിടന്നു രാവിലെ ഒന്ന് പുറത്തേക്കിറങ്ങണം..

(രചന: J. K)

ഇന്നലെ രാത്രി ഇവിടെ വന്നിറങ്ങിയതേയുള്ളൂ രാജീവ്‌… ഖത്തറിൽ നിന്ന് ഇങ്ങോട്ട് പോരുമ്പോൾ ഇനി മൂന്നുമാസത്തേക്ക് നാട്ടിലെ ഹരിതാഭയും പച്ചപ്പും എല്ലാം കൺകുളിർക്കെ കാണാമല്ലോ എന്ന സന്തോഷമായിരുന്നു മനസ്സിൽ നിറയെ…

ഒപ്പം ഭാര്യയെ മക്കളെയും അമ്മയെയും എല്ലാം മൊബൈൽ എന്ന മാധ്യമത്തിലൂടെ അല്ലാതെ കാണാലോ എന്ന സന്തോഷം വേറെയും..

എനിക്കിഷ്ടപ്പെട്ടതെല്ലാം വച്ചു വിളമ്പി പോകുമ്പോൾ മിഴി നിറയ്ക്കുന്ന പാവങ്ങൾ..

എയർപോർട്ടിൽ നിന്ന് കൂട്ടാൻ അളിയനാണ് വന്നിരുന്നത്.. അവരോട് ആരോടും ഈ രാത്രിയിൽ കഷ്ടപ്പെട്ട് അത് വരെ വരണ്ട എന്ന് ഞാൻ തന്നെയാണ് പറഞ്ഞത്… അളിയന്റെ കൂടെ വീട്ടിലേക്ക് എത്തിയപ്പോഴേക്ക് എനിക്കിഷ്ടപ്പെട്ട എല്ലാ വിഭവങ്ങളും മേശയിൽ നിരന്നിരുന്നു…

രാത്രി പന്ത്രണ്ടു മണി ആവാറായിട്ടും ഞാൻ വരാതെ അവർ ഒന്നും കഴിച്ചിട്ടില്ല..
ഓർത്തപ്പോൾ സന്തോഷം കലർന്ന ഒരു സങ്കടം തോന്നി പിന്നെ ഓരോ ഉരുള മക്കൾക്കും അവൾക്കും അമ്മയ്ക്കും വായിൽ കൊടുത്തിട്ടാണ് ഞാൻ എന്റെ ഭക്ഷണം കഴിക്കാൻ തുടങ്ങിയത് മനസ്സ് നിറഞ്ഞിരുന്നു..

രാത്രി എന്റെ ചൂടിൽ കിടക്കുന്ന അവളെ പൊതിഞ്ഞുപിടിച്ച് ഞാനും കിടന്നു രാവിലെ ഒന്ന് പുറത്തേക്കിറങ്ങണം കൂട്ടുകാരെ എല്ലാം ഒന്ന് കാണണം എന്ന് അവളോട് പറഞ്ഞിട്ടാണ് ഇറങ്ങിയത് കുറച്ചു നേരത്തെ ആയതുകൊണ്ട് ആരും വന്നിട്ടില്ല ഫിറോസിന്റെ കട അടഞ്ഞു തന്നെയാണ് കിടപ്പ്. അവൻ വന്നു തുറക്കാൻ ഒമ്പത് മണി എങ്കിലും ആകും…

അതുകൊണ്ടുതന്നെ അതിന്റെ അപ്പുറത്ത് ഇട്ടിട്ടുള്ള ചെറിയ ബെഞ്ചിൽ പോയിരുന്നു.. എല്ലാവരെയും കാണുകയും ചെയ്യാം…

ബോറടിച്ചപ്പോഴാണ് പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്ത് ചുണ്ടിലേക്ക് വെച്ചത്.. അതുവരേക്കും കടത്തിണ്ണയിൽ കിടന്ന ആൾ മെല്ലെ എന്റെ അരികിലേക്ക് വരുന്നുണ്ടായിരുന്നു…
ഏതോ ഒരു ഭിക്ഷക്കാരൻ അവിടെ കിടക്കുന്നത് കണ്ടപ്പോൾ ഞാൻ മൈൻഡ് ചെയ്യാൻ പോയിരുന്നില്ല.

“”ട്രിപ്പിൾ ഫൈവ് ആണോ കുഞ്ഞെ എനിക്കൊരെണ്ണം തരാവോ??””

എന്ന് ചോദിച്ച് അടുത്തേക്ക് വന്നയാളെ കണ്ടപ്പോൾ ചിരിയാണ് വന്നത് ഭിക്ഷക്കാരൻ ബ്രാന്റഡ് മാത്രേ വലിക്കൊള്ളോ എന്ന് ഞാൻ ചിന്തിച്ചു….

എങ്കിലും അയാളുടെ കണ്ണിലെ പ്രതീക്ഷയാണ് അത് എന്റെ കൗതുകം കൊണ്ട് ഞാൻ എന്നറിയില്ല ഞാൻ വേഗം പുതിയ ഒരെണ്ണം എടുത്ത് അയാളുടെ കയ്യിലേക്ക് നീട്ടി…

“”ഓ ആ വലിച്ചു പാതിയായത് മതിയായിരുന്നു…””
അയാൾ വിനയത്തോടെ പറഞ്ഞു സാരമില്ല എന്ന് പറഞ്ഞ് എന്റെ കയ്യിലെ ലൈറ്റ്ർ നീട്ടി മടി കൂടാതെ അയാൾ അത് വാങ്ങി….

“” കൊല്ലങ്ങളായി മോനെ ഇതിന്റെ രുചി അറിഞ്ഞിട്ട് ഒരുകാലത്ത് ഞാൻ ഒരു ചെയിൻ സ്മോക്കർ ആയിരുന്നു അതും ബ്രാൻഡഡ് മാത്രം… ഹാ അതൊക്കെ ഒരു കാലം”””

അത്രയും പറഞ്ഞ് അയാൾ എന്റെ അരികിൽ നിലത്തിലിരുന്ന് എങ്ങോട്ടോ നോക്കി പുക ഊതി വിട്ടു…

അയാളുടെ കണ്ണിൽ ഒരു കടൽ ആർത്തിരമ്പുന്നത് എനിക്ക് കാണാനുണ്ടായിരുന്നു എന്തൊക്കെയോ സങ്കടങ്ങൾ ഉള്ളിൽ ഒളിപ്പിച്ചാണ് ആ മനുഷ്യൻ അവിടെ ഇരിക്കുന്നത് എന്ന് തോന്നി. ഞാൻ മെല്ലെ അയാളുടെ നേരെ തിരിഞ്ഞ് ചോദിച്ചു നിങ്ങൾ എവിടെയായിരുന്നു എന്ന്…

“”മസ്കറ്റ് “”
അത് കേട്ടപ്പോൾ ഞാൻ അയാളെ മെല്ലെ ഒന്ന് നോക്കി….

“”അവിടെ??””

കൗതുകം കൊണ്ടാവണം എനിക്കിയാളെ വെറുതെ വിടാൻ ഉദ്ദേശമില്ലായിരുന്നു ഒരു സിഗരറ്റ് തന്നതിന് നന്ദി എന്നോണം അയാൾ ചോദിക്കുന്ന
ചോദ്യങ്ങൾക്കെല്ലാം മറുപടിയും തരുന്നുണ്ട്…

“”” അവിടെ ഭവൻ ഇലക്ട്രിക്കൽസിൽ നല്ല ജോലിയായിരുന്നു.. സമ്പാദിച്ചു കൂട്ടിയതിന് കണക്കില്ല.. എന്റെ പഠിപ്പ് കഴിഞ്ഞ് നല്ല പ്രായത്തിൽ പോയതാണ് അങ്ങോട്ടേക്ക്…

മൂന്ന് പെങ്ങന്മാരായിരുന്നു എനിക്ക് താഴെ അച്ഛന് കൃഷിപ്പണി അച്ഛനെ കൊണ്ടൊന്നും ആവുമായിരുന്നില്ല ആ മൂന്ന് പെങ്ങന്മാരുടെ വിവാഹം ആർഭാടമായി കഴിച്ചു കൊടുത്തു… വീടും പുതുക്കി പണിഞ്ഞതിനുശേഷം മാത്രമാണ് ഞാൻ വിവാഹം കഴിച്ചത് അതും ഒരു പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടി…

അവൾക്കെന്നെ ജീവനായിരുന്നു അവൾ സ്നേഹം കൊണ്ട് എന്നെ മൂടി… ഇവിടെ നാട്ടിൽ അവൾക്കായി ഞാനൊരു കൊട്ടാരം പോലത്തെ വീട് പണികഴിപ്പിച്ചു കൊടുത്തു അവിടെ എന്റെ രണ്ട് ആൺമക്കളും…. ഒന്നിനും ഒരു കുറവും വരരുത് എന്ന് എനിക്ക് നിർബന്ധമായിരുന്നു…”””

“” ഇതൊക്കെ എന്റെയും കഥകളല്ലേ എന്ന് ഞാനും വെറുതെ ചിന്തിച്ചു… “”

ഒരു നിമിഷം നിർത്തി അയാൾ പുകയൂതി വിട്ട് വീണ്ടും പറഞ്ഞു തുടങ്ങി….

“”” ഭാര്യയ്ക്ക് മാത്രമായിരുന്നടോ എന്നോട് സ്നേഹം മക്കൾക്ക് അവർ പറയുന്നതെല്ലാം മേടിച്ചു കൊടുക്കുന്ന മാസം അവർക്കുള്ള പണം അടയ്ക്കുന്ന ഒരു മെഷീൻ മാത്രമായിരുന്നു ഞാൻ എന്നോട് യാതൊരു അറ്റാച്ച്മെന്റ് അവർക്കുണ്ടായിരുന്നില്ല… പത്തറുപത് വയസ്സായപ്പോൾ അവൾ തന്നെയാണ് പറഞ്ഞത് ഇനി മതി കഷ്ടപ്പെട്ടത് നാട്ടിലേക്ക് വരാൻ…

.അത് പ്രകാരമാണ് നാട്ടിലേക്ക് വന്നത്.. അപ്പോഴേക്കും മക്കളുടെ രണ്ടുപേരുടെയും വിവാഹം കഴിഞ്ഞിരുന്നു അവർക്ക് രണ്ടുപേർക്കും വീട് ആയി അതിനുള്ള പൈസ അയച്ചു കൊടുത്തത് ഞാൻ തന്നെയാണ്…
തറവാട്ടിൽ മൂത്തമകനായിരുന്നു അതിനരികിൽ തന്നെ ഇളയ മകനും വീട് വച്ചു…

അവരും അവരുടെ കുട്ടികളും എല്ലാവരുമായി…
ഇനിയും ഞാൻ സമ്പാദിക്കേണ്ട ആവശ്യമില്ല അതുകൊണ്ടുതന്നെ ഞാൻ തിരിച്ചു പോന്നു…
അവളോടൊത്ത് ഒരു വർഷം സുഖമായി ജീവിച്ചു പക്ഷേ വിധി ഒരു സൂക്കേടിന്റെ രൂപത്തിൽ വന്ന് അവളെ എന്നിൽ നിന്നും തട്ടിപ്പറിച്ച് കൊണ്ടുപോയി.. “””

സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അയാൾ കൂടുതൽ അസ്വസ്ഥൻ ആകുന്നത് ശ്രദ്ധിച്ചു..

“” ഒരുപക്ഷേ പണം ചെലവാക്കിയാൽ എനിക്ക് അവളെ രക്ഷിക്കാൻ കഴിയുമായിരുന്നു… അവരുടെ ഒരു അവയവം മാറ്റിവച്ചാൽ മതിയായിരുന്നു അതിന് ചിലവാക്കുന്നത് അമ്പത് ലക്ഷത്തോളം രൂപയായിരുന്നു…. ഡോണറെ വരെ കിട്ടി..

എല്ലാ സ്വത്തും മക്കളുടെ പേരിലായിരുന്നു… അവരുടെ അമ്മയെ രക്ഷിക്കാനുള്ള പണത്തിനായി എനിക്ക് അവരുടെ കാലു പിടിക്കേണ്ടി വന്നു അതും ഞാൻ സമ്പാദിച്ച പണം… തരില്ല എന്ന് രണ്ടുപേരും പറയുമ്പോൾ.. അവരെ വിശ്വസിച്ച അവർക്ക് വേണ്ടി ജീവിച്ച ഞാൻ തോറ്റുപോയടോ ഈ ജീവിതത്തിൽ….

ഇത്ര വലിയ തുകയൊക്കെ ചെലവാക്കി അമ്മ ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടില്ലെങ്കിൽ പിന്നെ അതെല്ലാം വെറുതെ ആവില്ലേ എന്ന്… ഒരു പരീക്ഷണത്തിന് അവരുടെ കയ്യിൽ പണമില്ല എന്ന്…

പിന്നെയും കേട്ടു വാദങ്ങൾ ഇത്രയും വയസ്സായി ഒരാൾക്ക് വേണ്ടി ഇത്ര വലിയ തുക ചെലവാക്കുന്നത് മണ്ടത്തരം അല്ലേ എന്ന്..
ഈ പണത്തിന്റെ ഭാഷ എനിക്ക് മനസ്സിലാകുന്നില്ല ആയിരുന്നു…

അവളുടെ ശവസംസ്കാരം വരെ അവിടെ നിന്നു. പിന്നെ അവിടെ നിന്നിറങ്ങിയത് എന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് അവിടെ നിന്നാൽ എനിക്ക് മൂന്ന് നേരം ഭക്ഷണം കഴിക്കാൻ പറ്റുമായിരിക്കും. പട്ടു മെത്തയിൽ കിടന്നുറങ്ങാൻ പറ്റുമായിരിക്കും പക്ഷേ അതെല്ലാം അവരുടെ ഒരു കാവൽപ്പട്ടിയുടെ വിലയോടെ മാത്രമായിരിക്കും എനിക്ക് വച്ചു നീട്ടുക…. അതിലും ഭേദം ഈ കടത്തിണ്ണ അല്ലേടോ…?? “”

അത്രയും പറഞ്ഞ് അയാൾ എന്നോട് ഒരു പത്തു രൂപ ചോദിച്ചു… എല്ലാം പെട്ടെന്ന് കേട്ടതിന്റെ ഷോക്കിൽ ഞാൻ പേഴ്സിൽ നിന്ന് നൂറ് രൂപ എടുത്തു അയാൾക്ക് കൊടുത്തു..

“” താങ്ക്സ് എന്ന് പറഞ്ഞ് അയാൾ അത് വാങ്ങി എങ്ങോട്ടോ നടന്നു മറഞ്ഞു…
പോകുന്നതിനു മുമ്പ് ഇത്ര കൂടെ അയാൾ പറഞ്ഞിരുന്നു..

“” എത്ര അടുപ്പമുള്ളവരാണെന്ന് പറഞ്ഞാലും നമ്മൾ നമ്മളുടെ പേരിൽ എന്തെങ്കിലും ഒരു നീക്കിയിരിപ്പ് വെക്കണം… അല്ലെങ്കിൽ ഒടുവിൽ ഒരു പട്ടിയുടെ വിലയെ ഉണ്ടാവു… “”
അയാൾ പറഞ്ഞതായിരുന്നു മനസ്സിൽ നിറയെ..
അപ്പോഴേക്കും ഫിറോസ് വന്ന് കട തുറന്നിരുന്നു പിന്നെ അവരോട് എല്ലാം സൗഹൃദ സംഭാഷണങ്ങൾ നടത്തി എങ്കിലും ഒരു കരട് പോലെ അയാളുടെ വർത്തമാനവും ഉപദേശവും എല്ലാം മനസ്സിൽ തങ്ങി നിന്നു….

വീട്ടിലെത്തി മുറിയിൽ മേലെ ഫാൻ കറങ്ങുന്നത് നോക്കി കിടന്നപ്പോൾ വെറുതെ സ്വയം ഒന്ന് ചിന്തിച്ചു താനും അയാളെ പോലെ തന്നെയല്ലേ കിട്ടുന്ന പണം മുഴുവൻ ഭാര്യക്ക് അയച്ചുകൊടുക്കും അവൾ ഇവിടെ അതെല്ലാം മക്കൾക്കും മറ്റുമായി ചെലവഴിക്കും…

ഇത്രയും ഒക്കെ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന തന്റെ പേരിൽ ഒന്നുമില്ല… ഓരോ ആവശ്യങ്ങൾക്ക് എളുപ്പത്തിന് വേണ്ടി വീട് പോലും അവളുടെ പേരിലാണ്…

ഒരുപക്ഷേ അവൾക്ക് എന്നോടുള്ള സ്നേഹം അതുപോലെതന്നെ നിലനിൽക്കാം… മക്കൾക്ക് നാളെ ഒരു നാൾ അവരുടെ കാര്യങ്ങൾ മാത്രമാകാം…
അന്ന് പ്രവാസ വേഷം അഴിച്ചുവച്ച് താൻ ഇവിടെ വന്നു നിൽക്കുമ്പോൾ ആർക്കും ഒരു ഭാരം ആവരുത്…

അതുകൊണ്ടുതന്നെ പുതിയ ഒരു അക്കൗണ്ട് എടുത്തു…
നോമിനിയായി ഭാര്യയുടെ പേര് തന്നെ വെച്ചു…
ഞാനില്ലാതായാൽ അവളുടെ ഗതിയും എന്താണെന്ന് പറയാൻ പറ്റില്ലല്ലോ…

അതുകൊണ്ടുതന്നെ ഇത്തവണ ലീവ് കഴിഞ്ഞ് തിരിച്ച് ഗൾഫിലേക്ക് ചെല്ലുമ്പോൾ തന്റെ അക്കൗണ്ടിലേക്ക് ഒരു തുക മാറ്റാൻ മറന്നില്ല…

ആരെയും വിശ്വാസമില്ലാത്തതുകൊണ്ടല്ല നാളെ ഒരു നാൾക്ക് വേണ്ടി ഇന്നേ കരുതിയാൽ അന്ന് വിഷമിക്കുന്നതിൽ നിന്നും അല്പം കുറവ് ഉണ്ടായേക്കാം…
അറിയാവുന്ന കൂട്ടുകാരോടും ഈ കഥ ഒരു ഉപദേശം പോലെ ഞാൻ പറയാറുണ്ട്…

നാളെ ഒരു കാലത്ത് ആർക്കെങ്കിലും ഉപകാരപ്പെടും എങ്കിൽ ആവട്ടെ എന്ന് കരുതി…