നീ അവന്റെ ഇഷ്ടത്തിന് നിന്ന് കൊടുക്കത്തോണ്ടാവും ഇങ്ങനെ. പെണ്ണുങ്ങളായാൽ ആണുങ്ങൾ പറയുന്ന കേട്ട് നിക്കണം. എങ്കിൽ പിന്നെ..

(രചന: ഹേര)

“അമ്മേ എനിക്കിവിടെ നിൽക്കാൻ പറ്റുന്നില്ലമേ.. അയാളെന്നെ നല്ലോണം ഉപദ്രവിക്കും. അമ്മയോട് പറയാൻ എനിക്ക് മടിയുണ്ട്. അത്രേം സഹിക്കുവാ ഞാൻ. സിഗരറ്റ് കൊണ്ട് ദേഹത്തൊക്കെ പൊള്ളിക്കും. എന്റെ സമ്മതം ഇല്ലാതെ എന്നെ…” ബാക്കി പറയാതെ അനുശ്രീ പൊട്ടിക്കരഞ്ഞു.

“സനൂപിന് എന്താ കുഴപ്പം. അവൻ നല്ല മോനാ. വെറുതെ ഇല്ലാത്തത് പറയല്ലേ നീ.”

“അമ്മേ ഞാൻ പറയുന്നത് ഒന്ന് വിശ്വസിക്ക്.”

“നീ അവന്റെ ഇഷ്ടത്തിന് നിന്ന് കൊടുക്കത്തോണ്ടാവും ഇങ്ങനെ. പെണ്ണുങ്ങളായാൽ ആണുങ്ങൾ പറയുന്ന കേട്ട് നിക്കണം. എങ്കിൽ പിന്നെ ഒരു ഉപദ്രവും ഉണ്ടാവില്ല.

“അമ്മയ്ക്കെന്താ ഞാൻ പറയുന്നത് മനസിലാവിന്നില്ലേ.

“ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം. അടുത്ത മാസം നിന്റെ ചേട്ടന്റെ കല്യാണം ആണ് വരുന്നത്. ആ നേരത്ത് താലിയും പൊട്ടിച്ചു പെങ്ങൾ വീട്ടിൽ വന്നതിന്റെ പേരിൽ അവന്റെ കല്യാണം മുടങ്ങരുത്. തത്കാലം ചെക്കന്റെ കല്യാണം കഴിയുന്നത് വരെയെങ്കിലും നീ ക്ഷമിക്ക്. അത് കഴിഞ്ഞു എന്തെങ്കിലും വഴിയുണ്ടാക്കാം. കല്യാണം കഴിഞ്ഞു കൊല്ലം ഒന്നല്ലേ ആയുള്ളൂ. ഇതുവരെ അവന്റെ ഇഷ്ടം അനുസരിച്ചു നിക്കാൻ നീ പഠിച്ചില്ലേ?

“അമ്മേടെ മോളല്ലേ ഞാൻ. എന്നിട്ടും ഇങ്ങനെ പറയാൻ എങ്ങനെ തോന്നുന്നു അമ്മേ.

“നിന്റെ കയ്യിലിരിപ്പ് കൊണ്ടായിരിക്കും ഇങ്ങനെയൊക്കെ. എന്നെകൊണ്ട് കൂടുതൽ പറയിപ്പിക്കണ്ട. കെട്ടിച്ചു വിട്ടാൽ പിന്നെ അതാ നിന്റെ വീട്. മര്യാദക്ക് അടങ്ങി ഒതുങ്ങി അവിടെ നിൽക്ക്.

കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ രാധ ഫോൺ വച്ചു.

മൊബൈൽ ഫോൺ നെഞ്ചോട് ചേർത്ത് അനുശ്രീ വിതുമ്പി. സ്വന്തം അമ്മ പോലും തന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്നോർത്ത് അവൾക്ക് കഠിനമായ വേദന തോന്നി.

അനുശ്രീയുടെയും സനൂപിന്റെയും വിവാഹം കഴിഞ്ഞു വർഷം ഒന്ന് കഴിഞ്ഞു. ഡിഗ്രി കഴിഞ്ഞ പാടെ സർക്കാർ ഉദ്യോഗസ്ഥനായ സനൂപിന്റ ആലോചന വന്നപ്പോൾ അനുശ്രീയുടെ വീട്ടുകാർ അവളെ കെട്ടിച്ചു വിടുകയായിരുന്നു.

അവളുടെ ആഗ്രഹം പോലെ കല്യാണം കഴിഞ്ഞു ബാക്കി പഠിപ്പിക്കാം എന്ന ധാരണയിൽ കല്യാണം കഴിഞ്ഞെങ്കിലും താലി ചരട് കഴുത്തിൽ വീണതോടെ അവൾ ജയിലിൽ പെട്ടത് പോലെ ആയി.

സനൂപിന്റെ വീട്ടിലെ സകല പണികളും ചെയ്യണം. അമ്മായി അമ്മ പോര് സഹിക്കണം. ഒപ്പം ഭർത്താവിന്റെ രതി വൈകൃതങ്ങളും സഹിക്കേണ്ട അവസ്ഥ. എതിർത്താൽ നല്ല രീതിയിൽ അവളുടെ ശരീരം വേദനിപ്പിക്കും.

സനൂപിന്റെ ചേട്ടനും ഭാര്യയും ആ വീട്ടിലായിരുന്നു താമസം. അമ്മായി അമ്മ പോര് സഹിക്കാൻ പറ്റാതെ ചേട്ടത്തി ഭർത്താവിനേം കൊണ്ട് അവിടുന്ന് മാറിയതാണ് എന്ന് വൈകിയാണ് അനുശ്രീ അറിഞ്ഞത്. സ്വന്തം ഭർത്താവ് പോലും അവൾക്ക് സപ്പോർട്ട് ആയി ഇല്ലാത്തത് കാരണം അവളുടെ അവസ്ഥ വളരെ മോശമായിരുന്നു. ഒരു വർഷം കൊണ്ട് ജീവിതം തന്നെ അനു മടുത്തുപോയി. ആരോടെങ്കിലും തന്റെ അവസ്ഥ തുറന്ന് പറയാൻ അവൾക്ക് ഭയമായിരുന്നു.

സഹനത്തിന്റെ അവസാനം രണ്ടും കല്പിച്ചാണ് സ്വന്തം അമ്മയോട് അനു തന്റെ പ്രശ്നങ്ങൾ അവതരിപ്പിച്ചത്. പക്ഷെ അവരുടെ പ്രതികരണം അവളെ കൂടുതൽ തളർത്തി.

സനൂപിന്റെ അച്ഛൻ നേരത്തെ മരിച്ചതാണ്. അമ്മയും മകനും അനുവുമാണ് ആ വീട്ടിൽ ഉള്ളത്. സനൂപ് അമ്മ മകനാണ്. മറ്റുള്ളവരുടെ മുന്നിലും ഉത്തമനായ ഭർത്താവും മകനുമാണ്. അതുകൊണ്ട് അവനെ പറ്റി താനെന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്ന് അവൾക്ക് ഉറപ്പായി. സ്വന്തം അമ്മയ്ക്ക് മനസ്സിലായില്ല. പിന്നെ ആര് മനസ്സിലാക്കാനാ.

കുഞ്ഞുന്നാൾ മുതൽ വീട്ടുകാരെ അനുസരിച്ചു സ്വന്തമായി ഒരു അഭിപ്രായം ഇല്ലാതെ വളർന്നതിനാൽ അനുവിന് ഈ പ്രശ്നത്തിൽ എന്ത് തീരുമാനം എടുക്കണമെന്നോ എന്താ ഇതിനൊരു പരിഹാരമെന്നോ അറിയില്ല. എല്ലാം ഉപേക്ഷിച്ചു അവിടുന്ന് ഇറങ്ങി പോകാൻ ആഗ്രഹം ഉണ്ടായിട്ടും അതിനുള്ള ധൈര്യം പോലും അവൾക്കില്ലായിരുന്നു.

ഒരു മാസം കഴിഞ്ഞാൽ അനുവിന്റെ ചേട്ടൻ അനൂപിന്റെ കല്യാണമാണ്. ചേട്ടൻ ഗൾഫിൽ ആയതു കൊണ്ട് തന്നെ സ്നേഹമുണ്ടെങ്കിൽ പോലും പുറമെ അവരു തമ്മിൽ വല്യ അടുപ്പമില്ല.

തന്റെ വിധിയെ പഴിച്ചു കൊണ്ട് സനൂപിനൊപ്പമുള്ള ജീവിതം അവൾ എങ്ങനെയൊക്കെയോ സഹിച്ചു പോന്നു. മകൻ മരുമകളെ നല്ല രീതിയിൽ അല്ല നോക്കുന്നതെന്നും അവളെ അവൻ നന്നായി ഉപദ്രവിക്കാറുണ്ടെന്നും സനൂപിന്റ അമ്മയ്ക്കറിയാം. അവന്റെ അച്ഛനും ഇതുപോലെ ഒരു ക്രൂരൻ ആയിരുന്നു. അയാളിൽ നിന്ന് താൻ അനുഭവിച്ചത് മരുമകളും അറിയട്ടെ എന്ന ചിന്തയായിരുന്നു അവർക്ക്.

++++

കല്യാണത്തിന് ഒരാഴ്ച മുൻപേ പെങ്ങളെയും അളിയനെയും വീട്ടിലേക്ക് ക്ഷണിക്കാനായി വന്നതായിരുന്നു അനൂപ്. അവൻ വരുമ്പോൾ വീട്ടിൽ അനുശ്രീ മാത്രേ ഉണ്ടായിരുന്നുള്ളൂ. സനൂപ് ജോലിക്ക് പോയിരുന്നു. അമ്മ അമ്പലത്തിലും.

ഒരു വർഷത്തിന് ശേഷം ചേട്ടനെ സന്തോഷത്തിലായിരുന്നു അനുശ്രീ. തന്റെ സങ്കടം ചേട്ടനറിയണ്ട എന്ന് കരുതി സന്തോഷം അഭിനയിച്ചു കൊണ്ടാണ് അവൾ സഹോദരനെ സ്വീകരിച്ചത്.

വിവാഹത്തിന് ഒരാഴ്ച മുൻപേ സനൂപിനെയും കൂട്ടി വീട്ടിൽ വരണമെന്നും അളിയനെ ഓഫീസിൽ പോയി കണ്ടോളാമെന്നും പറഞ്ഞ് അനൂപ് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് അനുശ്രീ തല കറങ്ങി വീഴുന്നത്. ഉടനെ തന്നെ അനൂപ് അവളെ കാറിൽ ആശുപത്രിയിൽ എത്തിച്ചു.

അനുവിനെ പരിശോധിച്ച ഡോക്ടർ അവൾക്ക് ലോ പ്രെഷർ ആണെന്ന് പറഞ്ഞു. ഒപ്പം അവളുടെ ശരീരത്തിലെ മുറിപ്പാടുകളും സിഗരറ്റ് കൊണ്ട് പൊള്ളിച്ചതുമൊക്കെ എങ്ങനെ സംഭവിച്ചതാണെന്ന് അന്വേഷിച്ചു.

ശാരീരിക പീഡനം നടന്നതിന് തെളിവുണ്ടെന്നും പോലീസിൽ അറിയിക്കുമെന്നും ഡോക്ടർ അനൂപിനോട് പറഞ്ഞപ്പോൾ ഒരു വിധമാണ് അവൻ അവരെ ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.

🌹🌹🌹🌹

“മോളേ… അനു… നിനക്കിപ്പോ എങ്ങനെ ഉണ്ട്?” ബോധം വന്നപ്പോൾ അനിയത്തിയുടെ അരികിലിരുന്ന് അനൂപ് ചോദിച്ചു.

“സുഖണ്ട് ചേട്ടാ.”

“ഞാനൊരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ?”

“എന്താ ചേട്ടാ?”

“നിന്നെ സനൂപ് ഉപദ്രവിക്കാറുണ്ടോ? കള്ളം പറയാൻ നോക്കണ്ട. നിന്നെ പരിശോധിച്ച ഡോക്ടർ എന്നോട് പറഞ്ഞ് നിന്റെ ശരീരം മൊത്തം മുറിവും പൊള്ളലും ആണെന്ന്.”

“സനൂപേട്ടൻ എന്നെ ഉപദ്രവിക്കാറുണ്ട്. കല്യാണം കഴിഞ്ഞപ്പോൾ തൊട്ട് ഉണ്ട്.” അനുശ്രീ കരച്ചിലോടെ പറഞ്ഞു.

“എന്നിട്ട് നീയെന്താ ഇതാരോടും പറയാതിരുന്നത്.”

“സഹിക്കാൻ പറ്റാതായപ്പോ കഴിഞ്ഞ ആഴ്ച ഞാൻ അമ്മയോട് പറഞ്ഞതാ. അമ്മ വിശ്വസിച്ചില്ല. എന്നെ കുറെ കുറ്റപ്പെടുത്തി. ചേട്ടന്റെ കല്യാണം ഞാൻ വീട്ടിൽ വന്ന് നിക്കുന്നതിന്റെ പേരിൽ മുടങ്ങരുതെന്നൊക്കെ പറഞ്ഞു.”

“നിനക്ക് എന്നോട് പറഞ്ഞൂടായിരുന്നോ മോളേ.”

“സനൂപ് മോശക്കാരനാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലല്ലോ. അമ്മ പോലും എന്നെ കുറ്റപ്പെടുത്തി. ചേട്ടനോട് പറഞ്ഞാലും ഇങ്ങനെ തന്നെ ആവുമെന്ന് കരുതി പറയാത്തതായിരുന്നു.”

“അവൻ കാണിച്ച വൃത്തികേടിന് പിടിച്ചു പോലീസിൽ ഏൽപ്പിക്കുകയാ വേണ്ടത്. ഡോക്ടർ പോലീസിൽ അറിയിക്കാൻ പോയതാ. ഒരുവിധം അവരെ പറഞ്ഞ് നിർത്തിയതാ ഞാൻ. നിന്നോട് കൂടെ ചോദിച്ചിട്ട് എന്ത് വേണമെന്ന് തീരുമാനിക്കാമെന്ന് കരുതി.”

“ചേട്ടൻ കൂടെ നിൽക്കുമെങ്കിൽ പോലീസിൽ പരാതി കൊടുക്കണം എന്ന് തന്നെയാണ് എന്റെ ആഗ്രഹം. അത്രേ ഞാൻ അനുഭവിച്ചു. എനിക്ക് അയാളിൽ നിന്നും ഡിവോഴ്‌സും വേണം. ഇനിയൊരു പെൺകുട്ടി കൂടി അയാളെ ക്രൂരതയ്ക്ക് ഇരയാവരുതെന്ന് കരുതിയ കേസ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞത്.”

“ഇത് തന്നെയായിരുന്നു എന്റെ മനസ്സിലും.”

“ഇതിന്റെ പേരിൽ ഏട്ടന്റെ കല്യാണം മുടങ്ങിയാലോ?”

“മുടങ്ങിയാൽ മുടങ്ങട്ടെ എന്ന് വിചാരിക്കും ഞാൻ.”

“അമ്മേം അച്ഛനും എന്നെ ചീത്ത പറയോ.”

“ആരും നിന്നെ ഒന്നും പറയില്ല. നമുക്ക് ഇവിടുന്ന് നേരെ വീട്ടിലേക്ക് പോവാം. ഇപ്പോൾ തന്നെ കയ്യോടെ കേസും കൊടുക്കണം.”

അനൂപിന്റെ സപ്പോർട്ട് കിട്ടിയപ്പോൾ അനുശ്രീക്ക് ധൈര്യം വന്നു.

🌹🌹🌹🌹

അനൂപിന്റെ വീട്ടിൽ വിവരം അറിഞ്ഞപ്പോൾ ഒരു പൊട്ടിത്തെറി തന്നെ അമ്മയുടെ ഭാഗത്തു നിന്നുണ്ടായി. കല്യാണം കഴിയുന്നത് വരെയെങ്കിലും ക്ഷമിച്ചൂടെ എന്നായിരുന്നു അവരുടെ ചോദ്യം. അതുവരെ തന്റെ പെങ്ങളെ അവന് ദ്രോഹിക്കാൻ ഇട്ട് കൊടുക്കണമായിരുന്നോ എന്ന് ചോദിച്ചു അനൂപ് എല്ലാരേം വായടപ്പിച്ചു.

എന്തായാലും കേസ് കോടതിയിൽ എത്തി കുറ്റം തെളിഞ്ഞത് കൊണ്ട് സനൂപിനെ ജോലിയിൽ നിന്നും സസ്പെൻണ്ട് ചെയ്തു.

അനൂപ് കെട്ടാനിരുന്ന പെൺകുട്ടിയുടെ വീട്ടിലും വിവരം അറിഞ്ഞു. ഇതറിഞ്ഞു അവർ വിവാഹത്തിൽ നിന്ന് പിന്മാറുമെന്നാണ് അനൂപ് ഒഴികെ വീട്ടുകാരും ബന്ധുക്കളും ചിന്തിച്ചത്. പക്ഷേ ഇങ്ങനെയൊരു ആണൊരുത്തന്റെ കൂടെ എന്റെ മകൾ സുരക്ഷിതയായിരിക്കും എന്നായിരുന്നു ആ കുട്ടിയുടെ വീട്ടുകാരെ അഭിപ്രായം.

അങ്ങനെ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ അനൂപിന്റെ വിവാഹം നടന്നു. സഹോദരന്റെ പിന്തുണ ഉണ്ടായിരുന്നത് കൊണ്ട് അനുശ്രീക്കും സ്വന്തം വീട്ടിൽ സമാധാനത്തോടെ ജീവിക്കാൻ പറ്റി. അവൾക്ക് തുടർന്ന് പഠിക്കാനുള്ള സൗകര്യവും അനൂപ് ചെയ്തു കൊടുത്തു.

സ്വന്തം കാലിൽ നിന്ന ശേഷം ഇനിയൊരു ജീവിതം വേണമെങ്കിൽ അവൾക്ക് സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാം എന്ന ചേട്ടന്റെ വാക്കുകൾ അവൾക്ക് കൂടുതൽ കരുത്തു നൽകി.