(രചന: ഹേര)
പതിവിന് വിപരീതമായി മഹേഷ് അന്ന് ജോലി കഴിഞ്ഞു നേരത്തെ വീട്ടിലേക്ക് തിരിച്ചു. ഒരു കൺസ്ട്രക്ഷൻ കമ്പനിയിലാണ് അവന്റെ ജോലി. ഭാര്യയും ഏഴ് വയസ്സുള്ള മോളുമാണ് അവനുള്ളത്. അച്ഛനും അമ്മയും നേരത്തെ ഒരു അപകടത്തിൽ മരിച്ച് പോയതാണ്.
വീട്ടിലേക്കുള്ള വളവ് തിരിയുമ്പോൾ മഹേഷിന്റെ ഭാര്യ രേഷ്മയുടെ വീടിനടുത്തുള്ള കിരൺ ബൈക്കിൽ എതിരെ വരുന്നത് അവൻ കണ്ടു.
മഹേഷിനെ കണ്ടതും കിരണിന്റെ മുഖത്തൊരു പരുങ്ങൽ ദൃശ്യമായി.
“നീയെന്താ കിരൺ ഈ വഴിക്കൊക്കെ.” മഹേഷ് റോഡരികിനോട് ചേർന്ന് ബൈക്ക് നിർത്തി. അതോടെ ഒട്ടും താല്പര്യമില്ലാതെ അവനും അവിടെ നിർത്തി.
“ഞാനിത് വഴി ജോലിയുടെ ആവശ്യമായിട്ട് വന്നതാ ചേട്ടാ. പോയിട്ട് കുറച്ചു തിരക്കുണ്ട് ചേട്ടാ.”
“എന്നാ നീ വിട്ടോ.” കിരണിന്റെ ധൃതി കണ്ട് മഹേഷ് പറഞ്ഞു.
അത് കേട്ടതും അവൻ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്ത് സ്പീഡിൽ ഓടിച്ചുപോയി.
കിരൺ പോയി കഴിഞ്ഞിട്ടും മഹേഷ് അവിടെ തന്നെ എന്തൊക്കെയോ ആലോചനയിലാണ്ട് നിന്നു.
ആ വളവ് തിരിഞ്ഞാൽ നിര നിരയായി വീടുകൾ മാത്രമുള്ള ഹൗസിങ് കോളനിയാണ്. ഇവിടെ എന്ത് ജോലികാര്യമാണ് കിരണിനെന്ന് അവനോർത്തു. തന്നെ കണ്ടപ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ കള്ള ലക്ഷണമൊക്കെ മഹേഷിന്റെ സംശയം വർധിപ്പിച്ചു.
രേഷ്മയുടെ അതേ പ്രായമാണ് കിരണിനും. രണ്ട് വർഷം മുൻപാണ് അവന്റെ കല്യാണം കഴിഞ്ഞത്. പക്ഷേ കിരണിന് ഏതോ കല്യാണം കഴിഞ്ഞ സ്ത്രീയുമായി ചുറ്റിക്കളി ഉള്ളതറിഞ്ഞ് ഒരു വർഷം മുൻപാണ് ഭാര്യ പിണങ്ങി പോയത്.
പിണങ്ങി പോയവളെ തിരിച്ചു വിളിച്ചു കൊണ്ട് വരാൻ അവനും ഉദേശമില്ലാത്തത് പോലെയാണ് മഹേഷിന് തോന്നിയിട്ടുള്ളത്. രേഷ്മയുടെ വീട്ടിൽ പോകുമ്പോൾ കണ്ടുള്ള പരിചയമാണ് കിരണുമായി.
മഹേഷും രേഷ്മയും വീട്ടിൽ ചെല്ലുമ്പോഴൊക്കെ ഒരു ചിരിയോടെ കിരൺ അവരെ കാണാനായി ഓടി വരാറുണ്ട്. അവരോട് വലിയ കാര്യവുമാണ്. അവന്റെ ജീവിതം നന്നാകാൻ എന്തെങ്കിലും ഉപദേശം മഹേഷിൽ നിന്ന് കേട്ടാൽ മാത്രം അനിഷ്ടത്തോടെ കിരൺ എഴുന്നേറ്റു പോകും.
ഇപ്പൊ സംശയത്തക്ക സാഹചര്യത്തിൽ അവനെ അവിടെ വച്ച് കണ്ടപ്പോൾ കിരണിന് എന്തോ ചുറ്റിക്കളിയുണ്ടെന്ന് മഹേഷ് ഉറപ്പിച്ചു. വീട്ടിൽ ചെന്നയുടനെ ഇക്കാര്യം രേഷ്മയോട് പറയണമെന്നവൻ തീരുമാനിച്ചു.
കാളിംഗ് ബെല്ലടിക്കുന്ന ശബ്ദം കേട്ട് രേഷ്മ ഓടിവന്ന് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന ഭർത്താവിനെ കണ്ട് ഒരു നിമിഷം അവളുടെ മുഖത്തെ ചിരി മാഞ്ഞു.
“ചേട്ടനെന്താ ഇത്ര നേരത്തെ. സാധാരണ ഈ സമയം സൈറ്റിൽ അല്ലെ ഉണ്ടാവാ.”
“ഇന്ന് നേരത്തെ പണി കഴിഞ്ഞു. എന്നെ കണ്ടതും നിന്റെ മുഖത്തെ സന്തോഷമൊക്കെ എങ്ങോട്ട് പോയി.”
“ചേട്ടന് തോന്നിയതാവും.” മുഖത്തെ വെപ്രാളം മറച്ച് അവൾ ചിരിക്കാൻ ശ്രമിച്ചു.
“എത്ര നാളിനു ശേഷമാ നമുക്ക് മാത്രമായിട്ട് ഇത്തിരി സമയം കിട്ടുന്നത്.” രേഷ്മയെ ചേർത്ത് പിടിച്ച് അവൻ ചുംബിച്ചു.
അവന്റെ സ്പർശനവും ചുംബനവുമൊന്നും ഇഷ്ടപ്പെടാത്തത് പോലെ രേഷ്മ അവനിൽ നിന്നകന്നു.
“കുളിച്ച് വാ ചേട്ടാ ആകെ നാറുന്നു. അപ്പോഴേക്കും ഞാൻ ചായ വക്കാം.” മഹേഷിനെ ഒഴിവാക്കി അവൾ അടുക്കളയിലേക്ക് പോയി.
ഭാര്യയുടെ നിസ്സഹകരണവും ഒഴിഞ്ഞുമാറ്റവും അവനെ വേദനിപ്പിച്ചു. ജോലിതിരക്കുകൾ കാരണം ഇത്തിരി നേരമാണ് ഭാര്യയുമായും മകളുമായും ചിലവഴിക്കാൻ സമയം കിട്ടുന്നത്.
ടെൻഷൻ നിറഞ്ഞ ജോലി കാരണം രേഷ്മയുമായി സെക്സ് ചെയ്തിട്ട് തന്നെ മാസങ്ങളാകുന്നു. ഇപ്പൊ വർക്ക് ലോഡ് കുറഞ്ഞു നിക്കുന്നത് കൊണ്ട് ഇനിയങ്ങോട്ട് തിരക്കുകൾ കുറവായിരിക്കും. ഈ ദിവസങ്ങളൊക്കെ കുടുംബത്തോടൊപ്പം ചിലവഴിക്കണമെന്നായിരുന്നു അവന്റെ മനസ്സിൽ.
ഒന്നിലും ഒരു പരാതി പറയാതെ തന്റേം മോൾടേം കാര്യങ്ങൾ കൃത്യമായി നോക്കി പോകുന്ന രേഷ്മയോട് അവന് തീർത്താൽ തീരാത്ത സ്നേഹമാണ്.
ഒരു അന്യ പുരുഷൻ ദേഹത്ത് തൊടുന്നത് പോലെയാണ് മഹേഷിന്റെ കൈ തട്ടിമാറ്റി അവൾ അടുക്കളയിലേക്ക് പോയത്.
“ചായയ്ക്കുള്ള വെള്ളം ഗ്യാസിൽ വയ്ക്കുന്ന ഭാര്യയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പുണർന്ന് അവൻ കാതിൽ മെല്ലെ കടിച്ചു.
“ഇത്ര നാൾ തിരക്കായോണ്ട് മൈൻഡ് ചെയ്യാതിരുന്നതിന്റെ ദേഷ്യമാണോ നിനക്ക്.”
“വിട് ചേട്ടാ.. പോയി കുളിച്ചു വാ. എനിക്ക് പിണക്കമൊന്നുമില്ല.” രേഷ്മ ഭർത്താവിനെ ഒഴിവാക്കാൻ ശ്രമിച്ചു.
“ഇനി അഥവാ പിണക്കമുണ്ടെങ്കിൽ ഞാനത് മാറ്റുന്നുണ്ട്. എത്ര മാസമായി നമ്മളൊന്ന്…” പറഞ്ഞു വന്നത് മുഴുമിക്കാതെ അവന്റെ കൈകൾ അവളുടെ വയറ്റിലും മാറിലുമായി കുസൃതി കാട്ടി.
“അയ്യേ… ഒന്ന് മാറി നിക്ക് ചേട്ടാ. സത്യമായിട്ടും ചേട്ടനെ നല്ല വിയർപ്പ് നാറുന്നു. റൊമാൻസൊക്കെ കുളിച്ചു വന്നിട്ട് മാത്രം.” അവന്റെ പിടിയിൽ അസ്വസ്ഥത പൂണ്ടു രേഷ്മ മഹേഷിൽ നിന്നകന്നു.
“പണ്ട് എന്റെ വിയർപ്പ് മണം പോലും ഇഷ്ടമായിരുന്നവളാണ് ഇപ്പൊ ഇങ്ങനെ.” നിരാശയോടെ മഹേഷ് മുറിയിലേക്ക് പോയി.
രേഷ്മ അത് കണ്ട് ചിറി കോട്ടി നിന്നു.
മഹേഷ് ബാത്റൂമിൽ നിന്ന് കുളിച്ചിറങ്ങുമ്പോഴാണ് പരിചയമില്ലാത്തൊരു മൊബൈൽ തങ്ങളുടെ മുറിയിലെ ടേബിളിൽ ഇരിക്കുന്നത് കണ്ടത്. അവൻ ചെന്ന് അതെടുത്തു നോക്കി. ലോക്ക് ബട്ടണിൽ ക്ലിക് ചെയ്തപ്പോ കിരണിന്റെ മുഖം കണ്ട് അവൻ ഞെട്ടി. അത് കിരണിന്റെ ഫോൺ ആണോന്ന് ഉറപ്പിക്കാൻ മഹേഷ് അവന്റെ നമ്പറിൽ വിളിച്ചു നോക്കിയപ്പോ കൈയിലിരുന്ന് വിറ കൊള്ളുന്ന മൊബൈൽ കണ്ട് മഹേഷ് നടുങ്ങി നിന്നു.
തന്റെ മുന്നിൽ വച്ച് ഒരായിരം വട്ടം മൊബൈൽ ലോക്ക് തുറക്കുന്ന കിരണിനെ കണ്ടിട്ടുള്ളതിനാൽ മഹേഷ് വേഗം ആ ഫോണിന്റെ ലോക്ക് മാറ്റി നോക്കി.
ഉള്ളിൽ തോന്നിയ സംശയം സത്യമാവല്ലെന്ന പ്രാർത്ഥനയോടെ വാട്സാപ്പും കാൾ ഡീറ്റെയിൽസ് ഒക്കെ എടുത്ത് നോക്കിയപ്പോൾ മാസങ്ങളായി കിരണും രേഷ്മയും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്ന് അവൻ മനസ്സിലാക്കി.
തന്റെ ഭാര്യ അവളുടെ കാമുകനൊപ്പം നടത്തിയ സെക്സ് ചാറ്റ് വായിച്ച് മഹേഷിന് അറപ്പ് തോന്നി. ആ ബന്ധം തങ്ങളുടെ ബെഡ്റൂമിൽ വരെ എത്തിയിട്ടും താൻ മാത്രം ഒന്നും അറിഞ്ഞില്ല. അവളിൽ സംശയവും തോന്നിയില്ല.
സമർത്ഥമായി തന്റെ ഭാര്യ തന്നെ പറ്റിക്കുവായിരുന്നുവെന്ന് മഹേഷ് നോവോടെ ഓർത്തു.
മോൾടെ ഭാവി ഓർത്ത് പോലും അവളോട് ക്ഷമിക്കാൻ കഴിയുന്നില്ല. ഇങ്ങനെയുള്ള അമ്മയെ കണ്ട് വളർന്നാൽ തന്റെ മകൾ വഷളാകും. അതുറപ്പാണ്.
മനസ്സ് മരവിച്ച് ശരീരം തളർന്ന് അവൻ കട്ടിലിലേക്ക് ഇരുന്നു. പിന്നെ എന്തോ ഓർത്ത പോലെ വെറുപ്പോടെ ചാടി എഴുന്നേറ്റു.
കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന ബെഡ് ഷീറ്റ് കണ്ട് മഹേഷ് അവജ്ഞയോടെ നോക്കി. ഇവിടെ കിടന്നല്ലേ അവളവനുമായി കെട്ടി മറിഞ്ഞത്.
“ഛെ… വൃത്തികെട്ടവൾ… വളർന്ന് വരുന്ന ഒരു പെൺകുട്ടി ഉണ്ടെന്നെങ്കിലും അവൾക്ക് ഓർക്കാമായിരുന്നു.”
തലയ്ക്ക് കൈയ്യും കൊടുത്ത് സർവ്വവും തകർന്നവനെ പോലെ മഹേഷ് ഏറെ നേരം വെറും നിലത്തിരുന്നു.
“ചേട്ടനെന്താ ഇവിടെ ഇരിക്കണേ. വന്ന് ചായ കുടിക്ക്. എത്ര നേരായി ഞാൻ എടുത്ത് വച്ചിട്ട്.” അവനെ കാണാതെ മുറിയിലേക്ക് വന്ന രേഷ്മ അവന്റെ ഇരിപ്പ് കണ്ട് അന്ധാളിച്ചു.
“ദാ വരുന്നു.” മഹേഷ് എഴുന്നേറ്റ് അവൾക്ക് പിന്നാലെ നടന്നു.
” ഞാനിന്ന് ഇങ്ങോട്ട് വരുന്ന വഴിക്ക് കിരണിനെ കണ്ടു. അവനെന്താ ഈ വഴിക്ക്. നിനക്കറിയോ.” ഒന്നുമറിയാത്ത മട്ടിൽ അവൻ ചോദിച്ചു.
അപ്രതീക്ഷിതമായി കേട്ട അവന്റെ ചോദ്യത്തിൽ രേഷ്മ പതറിപ്പോയി.
“ഏയ്… എനിക്കറിയില്ല ചേട്ടാ. ഞാൻ അവനെ വിളിക്കുമ്പോ ചോദിക്കാം.” വല്ലവിധേനയും അവളെ പറഞ്ഞൊപ്പിച്ചു.
രേഷ്മ അത് പറഞ്ഞു നാവ് വായിലേക്കിട്ടതും മഹേഷ് അവളുടെ കരണം നോക്കി അടി പൊട്ടിച്ചു. അടികൊണ്ട് പകച്ച് നിൽക്കുന്നവളുടെ മുഖത്തേക്ക് ചൂട് ചായ അവൻ വീശി ഒഴിച്ചു.
“എനിക്കെല്ലാം മനസ്സിലായെടി. രണ്ടും കൂടി കുറേ നാളായി എന്നെ വഞ്ചിക്കുവായിരുന്നല്ലേ. ഈശ്വരനായിട്ടാ ഇന്നവനെ എന്റെ കണ്മുന്നിൽ കൊണ്ട് വന്നത്.
എങ്ങനെ തോന്നിയെടി നിനക്കെന്നെ ചതിക്കാൻ. തേവിടിച്ചി…”
“ചേട്ടാ… ഞാൻ…”
“ഇനിയൊരക്ഷരം നീ മിണ്ടരുത്. എന്റെ മോള് വരുന്നതിനു മുൻപ് ഈ വീട്ടിൽ നിന്നും എന്റെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി ഇറങ്ങി പൊയ്ക്കോ. മോളിലും ഒരവകാശം പറഞ്ഞു നീ വരരുത്. വന്നാൽ നിന്റേം അവന്റേം അവിഹിതവും തുണിയില്ലാത്ത പടങ്ങളും നാട്ടുകാർ കൂടി കാണും. അവൻ മറന്ന് വച്ച് പോയ ഫോൺ മുറിയിൽ ഉണ്ടായിരുന്നത് നീ കണ്ടില്ലല്ലേ.
ഇതിനി എന്റെ കയ്യിലിരിക്കട്ടെ. ഞാൻ പറയുന്നത് അനുസരിച്ചു മിണ്ടാതെ ഇറങ്ങി പോയാൽ ആരും ഒന്നും അറിയില്ല. എന്റെ മോളെ ഓർത്ത ആരേം ഒന്നും അറിയിക്കാത്തത്. അവളെ ചോദിച്ചു വന്നാൽ എല്ലാം എല്ലാരും അറിയും. അതുകൊണ്ട് ഇപ്പൊ തന്നെ ഇറങ്ങിപോടി.”
മഹേഷിന്റെ കയ്യിലിരിക്കുന്ന കിരണിന്റെ മൊബൈൽ കണ്ട് എല്ലാം അവൻ മനസ്സിലാക്കിയെന്ന് മനസ്സിലായ രേഷ്മ ഒരു തർക്കത്തിന് നിക്കാതെ തന്റെ സാധനങ്ങളുമെടുത്തു അവിടുന്ന് പടിയിറങ്ങി.
അവൾക്ക് മുന്നിൽ ആ വീടിന്റെ വാതിലവൻ എന്നന്നേക്കുമായി കൊട്ടിയടച്ചു. പിന്നീടുള്ള മഹേഷിന്റെ ജീവിതം മകൾക്ക് വേണ്ടി ഉഴിഞ്ഞു വച്ചു. അവൻ രേഷ്മയോ രേഷ്മ അവനെയോ പിന്നെ അന്വേഷിച്ചില്ല. തന്റെ മോളോടൊപ്പം സന്തോഷത്തോടെയാണ് മഹേഷ് ജീവിച്ചത്.