(രചന: RJ)
ഞാനിപ്പോ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു,
ഈ എരണംകെട്ടവൾ ഇവനെ വിളിച്ച് അകത്ത് കയറ്റില്ലായിരുന്നോ.
ഉറഞ്ഞു തുള്ളുകയായിരുന്നു സുമിത്ര.
അത്കേട്ട് പുറകുവശത്തെ മതിലിനരികിൽ പേടിച്ചരണ്ട് നിൽക്കുകയായിരുന്നു മീനുവും ഒരു ചെറുപ്പക്കാരനും.
വാടീ, അസത്തേ
നിനക്കെന്തിൻ്റെ കുറവാണെന്ന് അറിഞ്ഞിട്ടേയുള്ളു.
അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് ശക്തിയോടെ വലിച്ചിഴച്ചു സുമിത്ര.
” സുമി നീ ഇങ്ങനെ ശബ്ദമുണ്ടാക്കി ആളെ കൂട്ടല്ലേ, നാണക്കേടാ
സതീശൻ സുമിത്രയെ ശാസിച്ചു.
ഇതിലും വലിയ നാണക്കേട് ഇനി എന്താ പുന്നാരമോള് കാണിച്ചു കൂട്ടിയത് നിങ്ങളും കണ്ടതല്ലേ.
കണ്ടവനെ വിളിച്ച് കേറ്റി കെട്ടിപ്പിടിച്ചിരിക്കുന്നു.
സുമിത്രയ്ക്ക് കലി അടങ്ങുന്നുണ്ടായിരുന്നില്ല.
നിന്നോടാണ് ശബ്ദം കുറയ്ക്കാൻ പറഞ്ഞത്,
ഒച്ചയിട്ട് ആളുകൾ കൂടിയാൽ സ്വന്തം പല്ലിട കുത്തി നാറ്റിക്കുന്നതു പോലെയാകും.
സുമിത്രയെ നോക്കി കടുപ്പിച്ചാണയാൾ പറഞ്ഞത്.
തലതാഴ്ത്തി ശബ്ദമില്ലാതെ കരയുകയാണ് മീനു.
പതിനാറ് വയസ്സേ ഉള്ളു , ഇപ്പോഴും തൻ്റെ തോളിൽ തൂങ്ങി നടക്കുന്നവളാണ്.
അവളാണിപ്പോൾ
നടുരാത്രിയിൽ ഇരുട്ടത്ത് ഏതോ ഒരുത്തനുമായി ചേർന്നു നിൽക്കുന്നത്.
വല്ലാതെ ദാഹിച്ചപ്പോൾ അൽപ്പം വെള്ളം കുടിക്കാനായി അടുക്കളയിൽ വന്നതാണ്
അപ്പോഴാണ് പിറകുവശത്ത് ആരുടേയോ സംസാരം കേൾക്കുന്നത്.
അടുക്കളവാതിലും ചാരിയിട്ടിട്ടേയുള്ളു,
കള്ളൻമാരുടെ ശല്യം പതിവാണെന്നതും കഴിഞ്ഞ ദിവസം കൂടി രാഘവൻ്റെ വീട്ടു മതിലിലൂടെ ആരോ ചാടിയോടുന്നത് കണ്ടുവെന്ന ഓർമ്മയും കൊണ്ട് ഒരൽപ്പം ഭയം തോന്നിയാണ് ടോർച്ചുമായി വരാൻ സുമിത്രയോട് പറയുന്നത്.
ആരാണെന്ന് ചോദിക്കും മുൻപേ ഇരുട്ടിൽ പിടഞ്ഞുമാറിയ രണ്ട് ശരീരമാണ് ആദ്യം കണ്ടത്. ടോർച്ചിൻ്റെ വെട്ടത്തിൽ അത് തൻ്റെ മകളാണെന്നും കൂടെയുള്ളത് ഒരു ചെറുപ്പക്കാരനാണ് എന്ന് അറിഞ്ഞതും നെഞ്ചിലൂടൊരു കൊള്ളിയാൻ മിന്നി.
അപ്പോൾ തുടങ്ങിയതാണ് സുമിത്ര മീനുവിനോടുള്ള പരാക്രമം.
രാത്രിയേറെ ആയതിനാൽ എല്ലാവരും ഉറക്കത്തിലാണ്,
ശബ്ദം കേട്ട് വന്നാലുണ്ടാവുന്ന പേരുദോഷം ജന്മം മുഴുവൻ മാറില്ലെന്ന് ഓർമ്മിപ്പിച്ചപ്പോഴാണ് അവൾ അടങ്ങിയത്.
പിന്നെ രണ്ടും കൈയ്യും തലയിൽ താങ്ങി പതം പറച്ചിലായി.
വിങ്ങിക്കരയുന്നുണ്ട് മീനു.
അറിയാതെ പറ്റിയതാണ് അമ്മാ,
ആദ്യായിട്ടാണെന്നൊക്കെ ന്യായീകരിക്കുന്നവളെ കണ്ടപ്പോൾ മുഖമടച്ച് ഒന്നു കൊടുക്കാനാണ് തോന്നിയത് പക്ഷേ
അത് ശരിയല്ലെന്ന് തോന്നി സതീശന് .
ഒന്നും പ്രതികരിക്കാനാവാതെ ആ ചെറുപ്പക്കാരനും തലകുനിച്ച് അതേ നിൽപ്പായിരുന്നു.
അയാളവനെയൊന്ന് നോക്കി,
ഇരുപത്തിയൊന്ന് വയസ്സിലധികം കാണില്ല , വെളുത്ത് വട്ടമുഖമുള്ള സുന്ദരനാണ് . ആരുമൊന്ന് നോക്കും.
തൻ്റെ നേർക്ക് അടുത്ത സതീശനെ കണ്ടതും അവനൊന്ന് വിറച്ചു.
” നിൻ്റെ പേരെന്താ
അവൻ്റെ തോളിൽ പിടിച്ചു കൊണ്ട് സതീശൻ ചോദിച്ചു.
” ജിനിൽ
” ഇവള് വിളിച്ചിട്ടാണോ നീ വന്നത്
അതിനു മറുപടി കൈകൂപ്പി ഒറ്റ കരച്ചിലായിരുന്നു.
” അല്ലങ്കിളേ മീനു പറഞ്ഞിട്ടല്ല,
ഞാനാ….. ഞാനാ നിർബന്ധിച്ച് മീനുവിനോട് പുറത്തേക്ക് വരാൻ പറഞ്ഞത്.
അവളൊരു തെറ്റും ചെയ്തിട്ടില്ല.
പുറകെ നടന്നതും
ഇഷ്ടമാണെന്ന് പറഞ്ഞതും ഒക്കെ ഞാനാ. വേണ്ടെന്നേ മീനു പറഞ്ഞിട്ടുള്ളൂ.
പക്ഷേ അവളെ ഒത്തിരി ഇഷ്ടമുള്ളതുകൊണ്ടാ വീണ്ടും പുറകെ നടന്നതും തിരിച്ച് ഇഷ്ടമാണെന്ന് പറയിച്ചതും.
പ്രേമിക്കുന്നവര് തമ്മിൽ രാത്രി കാണലൊക്കെയുണ്ടെന്ന് പറഞ്ഞ് കൂട്ടുകാർ എരി കേറ്റിയപ്പോഴാ ഞാൻ ഇങ്ങോട്ട് വന്നത്.
ഒരു പാട് പറഞ്ഞിട്ടും ഇറങ്ങി വരാതായപ്പോ വന്നില്ലെങ്കിൽ
ഇനി ഒരിക്കലും കാണില്ലന്ന് പേടിപ്പിച്ചപ്പോഴാ മീനു
ഇറങ്ങി വന്നതും.
ഞങ്ങള് കെട്ടിപ്പിടിച്ചതൊന്നും അല്ല, പോവാൻ തുടങ്ങിയപ്പോ മീനൂൻ്റെ കാല് തട്ടി വീഴാതിരിക്കാൻ പിടിച്ചതാ ഞാൻ.
നിങ്ങള് കരുതുന്ന പോലെ ഒന്നും ഞങ്ങള് ചെയ്തിട്ടില്ല
മുഖം പൊത്തി എങ്ങുന്നവനെ കണ്ട് അയാളുടെ മനസ്സിലൊരു തണുപ്പ് വീണു.
ഇവൻ പറഞ്ഞത് സത്യാണോ ?
അയാൾ മീനുവിനെ നോക്കി.
അതെയെന്ന് തലയാട്ടിയവൾ.
രണ്ടാളും വന്നേ…..
സതീശൻ അടുക്കളവാതിലിലൂടെ അവരുമായി അകത്തേക്ക് കയറി.
അയാളിതെന്ത് ഭാവിച്ചാണെന്ന് മനസ്സിലാകാതെ സുമിത്രയും.
ഇരിക്ക്,
മീനുവിനേയും ജിനിലിനേയും സോഫയിൽ ഇരുത്തി അവരുടെ മുൻപിലേക്കിരുന്നയാൾ.
നിനക്കിവളെ ഇഷ്ടമാണോ ?
പെട്ടന്നുള്ള ചോദ്യം കേട്ട് അവനൊന്ന് പരിഭ്രമിച്ചു പിന്നെ അതെയെന്ന് തലയിളക്കി.
നിനക്കോടി ?
മീനുവിനോടായിരുന്നാ ചോദ്യം.
അവളൊന്നും മിണ്ടിയില്ല.
കണ്ടോ, ഇവൾക്കുത്തരമില്ലാത്തത്.
ഒരു ദീർഘ നിശ്വാസത്തോടെ അയാൾ അവരെ നോക്കി.
” ഈ പ്രായത്തിൽ ആണും പെണ്ണും തമ്മിൽ പരസ്പരം ആകർഷണം തോന്നുന്നതും പ്രേമിക്കുന്നതും ഒക്കെ തെറ്റായ കാര്യമല്ല.
നിങ്ങൾ വലുതായി എന്ന് ശരീരം കാണിച്ചുതരുന്ന അടയാളങ്ങളാണ്.
എതിർലിംഗത്തിൽ പെട്ടവരുമായി ആകർഷിക്കപ്പെടാനും
ലാളിക്കപ്പെടാനുമൊക്കെ ആ സമയത്ത് തോന്നും.
ഞാനും, നിങ്ങളുടെ അമ്മയുമെല്ലാം അതെല്ലാം അനുഭവിച്ച് വന്നവരാണ്.
പക്ഷേ,
പ്രായത്തിൻ്റേതായ ഇത്തരം ആകർഷണീയത കുറച്ച് നാളേ ഉണ്ടാകൂ,
ഒരു ഭംഗിയുള്ള കളിപ്പാട്ടം വാങ്ങി കൊണ്ടു നടന്നിട്ട്
അതിലും നല്ല മറ്റൊന്നിനെ കാണുമ്പോൾ പഴയ കളിപ്പാട്ടം മാറ്റി വയ്ക്കാറില്ലേ അതുപോലെ.
പ്രേമം എന്ന് പറയുന്നതും അങ്ങനെയാണ്. അത് വെറും ശരീരത്തിൻ്റെ ആകർഷണമല്ല, മനസ്സിൻ്റെയാണ്.
ഒന്ന് കണ്ട് സംസാരിച്ചാലോ,
തൊട്ടാലോ ഒന്നും പ്രേമമാവില്ല.
ജന്മം മുഴുവൻ ഒരാളെ തന്നെ വേണമെന്ന് മനസ് പറയുന്നതാണ് പ്രേമം.
നിങ്ങൾക്കിപ്പോ ഞാൻ പറഞ്ഞ കളിപ്പാട്ടം പോലെയാണ് ഈ ഇഷ്ടം. കുറച്ച് നാൾ കഴിഞ്ഞാൽ അത് മാറാം. അപ്പോൾ പരസ്പരം പഴി ചാരാനോ കുറ്റപ്പെടുത്താനോ ഉള്ള സാഹചര്യം ഉണ്ടാക്കാതെ ഇരിക്കുക.
കൂട്ടുകാർ പറയുന്നതൊക്കെ കേൾക്കുന്നത് നല്ലതാണ് പക്ഷേ,
ചെയ്യുന്നത് നല്ലതാണോ ചീത്തയാണോ എന്ന് തിരിച്ചറിയാനുള്ള ബോധം ആദ്യം ഉണ്ടാവണം.
ഓരോന്നിനും സമയമുണ്ട്,
പഠിക്കേണ്ട പ്രായമാ നിങ്ങളുടെ, ഓരോന്ന് അറിഞ്ഞും കേട്ടും പതിയെ വളരേണ്ട പ്രായം. അതിലൂടെ നല്ലതിലൂടെ നടക്ക് എന്നിട്ട് അവസാനം തിരിഞ്ഞു നോക്കുമ്പോഴും ഈ ഇഷ്ടത്തിൽ തന്നെയാണ് നിൽക്കുന്നതെങ്കിൽ
അവിടെയാണ് പ്രണയം തുടങ്ങുന്നത്.
മനസ്സിലാകുന്നുണ്ടോ നിങ്ങൾക്ക് ?
സതീശൻ ഒരു പുഞ്ചിരിയോടെയാണത് ചോദിച്ചത്.
ആ പുഞ്ചിരി ഉള്ളിൽ പടർന്ന തണുപ്പ് അറിഞ്ഞ് അവനയാളുടെ കൈകൾ കൂട്ടിപ്പിടിച്ച് നിലത്ത് മുട്ടുകുത്തി.
” മനസ്സിലായച്ഛാ,
ഇനി ഞാൻ മീനുവിൻ്റെ പിറകെ നടക്കില്ല, അച്ഛൻ പറഞ്ഞതു പോലെ പഠിച്ച് നടന്നു തുടങ്ങട്ടെ , വഴി തീരുന്നിടത്ത് നിന്ന് നോക്കുമ്പോഴും ഇവളെ കണ്ടാൽ അന്ന് ഞാൻ തിരികെ വരും .
ഉറപ്പുണ്ടായിരുന്നവൻ്റെ ശബ്ദത്തിൽ.
തലയുയർത്തി തന്നെ മുൻവാതിൽ തുറന്നിറങ്ങി പോയവനെ നോക്കവേ പുറകിലൂടെ രണ്ട് കൈകൾ അയാളെ ചുറ്റിപ്പിടിച്ചു. പുറത്ത് നനവിൻ്റെ ചൂട് പടരുന്നതറിഞ്ഞ് അയാൾ പുഞ്ചിരിച്ചു.
സോറി അച്ഛാ, ഞാനിനിയൊന്നും…..
അവളെ പറയാനനുവദിക്കാതെ നെറുകിലൊന്ന് തഴുകി സതീശൻ.
രണ്ട് കൊടുത്ത് അടിച്ചിറക്കി വിടേണ്ടവനെ സ്നേഹത്തോടെ പറഞ്ഞുവിട്ടതിൻ്റെ മിഴിച്ചിലിലായിരുന്നു സുമിത്ര. അയാളെന്താണങ്ങനെ പെരുമാറിയതെന്ന് മനസ്സിലാകുന്നുണ്ടായിരുന്നില്ലവർക്ക്.
പക്ഷേ അയാൾക്കറിയാമായിരുന്നു അതിൻ്റെ ഉത്തരം.
” മക്കളെ നേർവഴി നടത്താൻ ഏറ്റവും നല്ല ആയുധം സ്നേഹമാണ് ,
സ്നേഹത്തിനു മുന്നിൽ തലകുനിയാത്തവരാരും തന്നെയില്ല ”
എന്ന്.