(രചന: Dhanu Dhanu)
“ഡാ കരുമാടി നിയിന്നു കല്യാണത്തിന് വരുന്നില്ലേ.” ഇതുകേട്ട് ഞാനെന്റെ കുരുത്തംകെട്ടാ പെങ്ങളോട് പറഞ്ഞു.”കരുമാടി നിന്റെ കെട്ടിയോൻ..
ഞാനിത്തിരി നിറം കുറഞ്ഞുപോയത് എന്റെ തെറ്റാണോ.”നീ പോടീ ഭദ്രകാളി…
“നീ പോടാ കരുമാടി ചുമ്മാതല്ലാ നിയിങ്ങനെ കറുത്തുപോയത് കുരുത്തംകെട്ടാ കരുമാടി .”
പിന്നെയും പിന്നെയും അവളെന്നെ കരുമാടി എന്നുവിളിക്കുന്നതുകേട്ടു എനിക്കൊരുപാട് ദേഷ്യം വന്നു.
പിന്നെ ഒന്നും നോക്കിയില്ല നേരെ അവളുടെ അടുത്തേക്ക് ചെന്നിട്ട് കവിളത്തു നല്ലൊരു ന്നുള്ളൂ കൊടുത്തു..
ന്നുള്ളു കിട്ടിയ അവളാണെങ്കിൽ ഓളിയിട്ടു കരയാൻതുടങ്ങി.. പിന്നെ ഞാനവിടെ നിന്നില്ല വേഗം റൂമിലേക്ക് ഓടികേറി ഇല്ലെങ്കിൽ അമ്മയുടെ കൈയിന്നു നല്ല ചീത്ത കേൾക്കും..
നേരെ റൂമിലേക്ക് കേറിയിട്ടു കണ്ണാടിയുടെ മുന്നിൽ ചെന്നുനിന്നു. എന്നിട്ടു അവിടെയിരിക്കുന്ന കുറെ ക്രീമുകളൊക്കെ എടുത്തു മുഖത്തേക്ക് വാരി തേച്ചു..
എന്തിനാണെന്ന് ചോദിച്ചാൽ ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസ്സിലാകും.. അത് തേച്ചിട്ടെങ്കിലും ഞാനൊന്നു വെളുത്താലോ ചെറിയൊരു പരീക്ഷണം.
റൂമിനകത്തുകേറി ഒരുപാടു നേരമായിട്ടും എന്നെ കാണാത്തതുകൊണ്ടാണ് അമ്മ വന്നു വാതിലിൽ മുട്ടിയത്.
ഞാൻ പതുക്കെ വാതിൽ തുറന്നതും അമ്മ എന്നെകണ്ടു ഞെട്ടലോടെ ചോദിച്ചു..
“എന്താ ചെക്കാ നീ മുഖത്ത് കാണിച്ചു വെച്ചിരിക്കുന്നത്.”
“അമ്മേ കല്യാണത്തിന് പോകുകയല്ലേ കുറച്ചു ഗ്ലാമർ ആയിക്കോട്ടെ എന്നുവിചാരിച്ചു തേച്ചതാ…
“ചെക്കാ പ്രാന്ത് കാണിക്കാതെ വേഗം മുഖം കഴുകി കല്യാണത്തിന് പോകാൻ നോക്ക് കൂടെ ചിന്നുവിനെയും കൂട്ടിക്കോ.”
“ഓ ശരിയമ്മേ അവളെ ഞാൻ കൊണ്ട് പൊയ്ക്കോളാം…
അമ്മയെന്റെ പറച്ചിൽകേട്ടു ഒരു മൂളലോടെ പറഞ്ഞു..”ഒരുമിച്ചു പോകുന്നതൊക്കെ കൊള്ളാം രണ്ടുംകൂടെ തല്ലുകൂടിയിട്ടു വരേണ്ടാ പറഞ്ഞത് കേട്ടല്ലോ..”
“ഹോ ന്റെ അമ്മേ പറഞ്ഞതൊക്കെ കേട്ടു..!
അതും പറഞ്ഞ് അമ്മ അടുക്കളയിലേക്കു പോയപ്പോൾ ഞാൻ വേഗം കുളിച്ചു റെഡിയായി ന്റെ കാന്താരി പെങ്ങളെയും വിളിച്ച്.
വണ്ടി സ്റ്റാർട്ട് ചെയ്തു പോകാൻ നിൽക്കുമ്പോൾ അവളെന്നോട് പറഞ്ഞു.”ഡാ ഏട്ടാ ഒരു മിനിറ്റ് ഞാനിപ്പോ വരാം.”
അവൾ ബൈക്കിൽ നിന്നിറങ്ങി അകത്തേക്ക് ഓടി ഞാൻ വിചാരിച്ചു അവളെന്തോ മറന്നുവെച്ചെന്ന്..
അവൾ തിരിച്ചു വന്നപ്പോ ഞാനവളോട് ചോദിച്ചു .എന്താ പെണ്ണെ വല്ലതും മറന്നുവെച്ചോ.
“അതൊക്കെ പറയാം നീ വണ്ടിയെടുക്കു ചെക്കാ സമയമായി..”
ഞാനവളെയും കൂട്ടി കല്യാണവീട്ടിലേക്ക് യാത്രയായി പോകുന്നവഴിക്കു ഞാനവളോട് ചോദിച്ചു എന്തിനാ നീ തിരക്കുപിടിച്ച അകത്തേക്ക് ഓടിയത്. അവൾ ചിരിച്ചിട്ടു പറഞ്ഞു.” നീയെന്നെ ചീത്ത പറയില്ലെങ്കിൽ ഞാൻ പറയാം..”
“ശരി ഞാൻ ചീത്ത പറയില്ല നീ പറയടി പെണ്ണെ.” അവളൊരു ചെറിയ ചിരിയോടെ പറഞ്ഞു.”ഞാൻ കണ്ണാടി നോക്കാൻ പോയതാ..”
ഇതുകേട്ട് എനിക്ക് ചിരിയാണ് വന്നത് അല്ലെങ്കിലും പെണ്ണുങ്ങളുടെ ഈ സ്വഭാവം മാറ്റാൻ ഏതുകാലത്തും കഴിയില്ലലോ..
എത്ര ഒരുങ്ങിയാലും വീണ്ടും വീണ്ടും കണ്ണാടിയിൽ പോയി നോക്കുന്നത് അവർക്കൊരു ശീലമല്ലേ.. അതെങ്കിലുമായിക്കോട്ടെ ഞങ്ങൾ കല്യാണവീട്ടിലേക്ക് എത്തിയിട്ടുള്ള കാര്യം പറയാം..
എന്റെ പെങ്ങൾക്കു എന്നോടുള്ള സ്നേഹം എന്താണെന്നും അവളുടെ മനസ്സ് എങ്ങനെയാണെന്നും ഞാനാവിടെവെച്ചു മനസ്സിലാക്കി..
താലികെട്ടും ബഹളവും കഴിഞ്ഞു ഞാനൊരു ചെയറിൽ പോയിരുന്നു. ചിന്നു ആണെങ്കിൽ അവളുടെ ഫ്രണ്ട്സിനെയും കൂട്ടി കല്യാണപ്പെണ്ണിന്റെ കൂടെ സെൽഫിയെടുക്കുന്ന തിരക്കിലാണ്..
ഞാനവിടെ കട്ട പോസ്റ്റായിരിക്കുമ്പോഴാണ് കുറച്ചു പെൺകുട്ടികളുടെ ശബ്ദം പിന്നിൽ നിന്നും കേട്ടത് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കുറച്ചു സുന്ദരി കുട്ടികൾ..
അവരെ ഞാൻ നോക്കിയിട്ടെന്തു കാര്യം അവർ ഇങ്ങോട്ടു നോക്കില്ലലോ. ഇനി ഞാനങ്ങോട്ടു നോക്കിയാൽ പറയും വായ്നോക്കി എന്ന് എന്തിനാ വെറുതെ..
അതുകൊണ്ടു കൈയിലിരിക്കുന്ന മൊബൈലെടുത്തു ഞാനതിൽ കുത്തിക്കൊണ്ടിരിന്നു.. അപ്പോഴാണ് പിന്നിൽ നിന്നൊരു വിളികേട്ടത് ഏട്ടാ എന്ന്..
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആ സുന്ദരികുട്ടികളാണ് ഞാനൊരു ഞെട്ടലോടെ അവരോടു ചോദിച്ചു.
നിങ്ങളൊക്കെ ആരാ.. ഇതുകേട്ട് അതിലൊരു കുട്ടിപറഞ്ഞു “ഞങ്ങളെല്ലാരും ചിന്നുവിന്റെ ഫ്രണ്ട്സാണ് ഏട്ടനെ പരിചയപ്പെടാൻ വന്നതാണ്.
ചിന്നു എപ്പോഴും ഏട്ടനെ കുറിച്ച് ഞങ്ങളോട് പറയാറുണ്ട്. അതുകൊണ്ടു എട്ടനെയൊന്നു പരിചയപ്പെടാണമെന്നു തോന്നി കല്യാണത്തിന് ഏട്ടൻ വരുമെന്ന് പറഞ്ഞിരുന്നു..
പിന്നെ ഏട്ടന്റെ ഫോട്ടോ ചിന്നുവിന്റെ ഫോണിൽ മുൻപ് കണ്ടിട്ടുണ്ട്..
അതുകൊണ്ടു ഏട്ടനെ പെട്ടെന്ന് കണ്ടുപിടിക്കാൻ പറ്റി.. പിന്നെ ഏട്ടനെ എവിടെവെച്ചെങ്കിലും കണ്ടാൽ ഇങ്ങനെ വന്നു ഞെട്ടിക്കണമെന്നു അവൾ പറഞ്ഞിരുന്നു..
പിന്നെ ഏട്ടനെ കുറിച്ച് ചിന്നു പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഇങ്ങനെയൊരു ഏട്ടനെ കിട്ടിയില്ലലോ എന്നോർത്ത് വിഷമം തോന്നാറുണ്ട്..
ഏട്ടൻ ചിന്നുവിന്റെ മൂക്കു കുത്തിയ കഥയൊക്കെ കേട്ടപ്പോ ചിരിയും ഒരുപാടു സന്തോഷവും തോന്നി..
പിന്നെ ഏട്ടനെ അവൾ ഒലക്കകൊണ്ടു അടിച്ചതും. ഏട്ടൻ അവൾക്കു പാദസരം വാങ്ങിച്ചുകൊടുത്ത് സർപ്രൈസ് കൊടുത്തതും അതിനടിയിൽ ഏട്ടനെ റൂമിൽ പൂട്ടിയിട്ടതും..
തല്ലുകൂടിയതും പിണങ്ങിയതും
അങ്ങനെ കുറെ കഥകളൊക്കെ ചിന്നു ഞങ്ങളോട് പറയാറുണ്ട്..
ഇതൊക്കെ കേൾക്കുമ്പോൾ ഞങ്ങൾക്ക് ചിന്നുവിനോട് ചെറിയൊരു അസൂയ തോന്നാറുണ്ട്. ഇതുപോലെ കുറുമ്പും കുസൃതിയുമുള്ളൊരു ഏട്ടന്റെ കിട്ടിയത്തിന് ” ഇതുകേട്ടപ്പോൾ തോന്നി എന്റെ പെങ്ങൾക്കു എന്നോട് ഇത്ര സ്നേഹമോ.
ഞങ്ങളുടെ അടിയും ഇടിയും ഇത്രയ്ക്കു ഹിറ്റായോ കണ്ണുനിറഞ്ഞുപോയി.. അങ്ങനെ കല്യാണതിരക്കൊക്കെ കഴിഞ്ഞപ്പോൾ ഞാനവളെയും വിളിച്ചു വീട്ടിലേക്കു മടങ്ങി. പോകുന്ന വഴിയ്ക്ക് അവളെന്നോട് പറഞ്ഞു.
“ഡാ നിയിന്നു എന്റെ ഫ്രണ്ട്സിനെ കണ്ടു അന്തംവിട്ടു നിൽക്കുന്നത്. ഞാൻ കണ്ടു ഹ ഹ..”
“എടി കാന്താരി നീയെനിക്ക് പണി തന്നതാണല്ലേ വീട്ടിലെത്തിയിട്ടു നിന്നെ ഞാൻ ശരിയാക്കി തരാം..
നിയെന്തിനാടി കാന്താരി നമ്മൾ അടികൂടിയാതൊക്കെ കൂട്ടുകാരോട് പറഞ്ഞത് നിനക്ക് പറയാൻ വേറൊന്നും കിട്ടിയില്ലേ.!
“അവർക്കു അവരുടെ കാമുകന്റെ കഥപറയാമെങ്കിൽ എനിക്ക് എന്റെ ഏട്ടന്റെ കഥപറയമല്ലോ..”
“ഡാ കരുമാടി നീയെന്റെ ഫ്രണ്ട്സിന് മുന്നിൽ ഹീറോയാണ്. അവരുടെ വീട്ടിലൊന്നും നമ്മളെപോലെ പിണങ്ങുകയോ തല്ലുകൂടുകയോ ചെയ്യാറില്ലത്രേ…
എല്ലാവരും ടിവിയിലും ഫോണിലും മുഴുകിയിരിക്കുന്നവരാ. പരസ്പരം സംസാരിക്കാനോ തമാശ പറയാനോ തല്ലുകൂടാണോ നിൽക്കാറില്ലത്രെ.
അങ്ങനെയാകുമ്പോൾ വീട് മരണവീടിന് തുല്യമായി തോന്നും ഒച്ചയും അനക്കവുമില്ലാതെ. ഇതുകേട്ടപ്പോൾ എനിക്ക് വിഷമം തോന്നി..
എനിക്കാണെങ്കിൽ ഒരു മിനിറ്റ് പോലും മിണ്ടാതെയും സംസാരിക്കാതെയും ഇരിക്കാൻ പറ്റില്ല.
അവരുടെ വീട്ടിലെ കാര്യമോർത്തപ്പോൾ എനിക്ക് പേടിതോന്നി.. അവർക്കു നമ്മുടെ വീട്ടിലെ കഥകളൊക്കെ കേൾക്കുമ്പോൾ അദ്ഭുതം തോന്നാറുണ്ടത്രെ..” നമ്മുടെ വീട് സ്വർഗമാണെന്ന അവർ പറയാറ്.”
ഇതൊക്കെ കേട്ട് ഞാനവളോട് പറഞ്ഞു.”.ഡി കാന്താരി നിന്റെ കൂട്ടുകാർക്കു നമ്മുടെ വീട് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ അവരെ ഇങ്ങോട്ടു കൊണ്ടുവന്നാലോ..
ഇതുകേട്ട് ആ കാന്താരി പറയാ.. അവരെ ഇങ്ങോട്ടു കൊണ്ടുവന്നിട്ടു നിനക്ക് പഞ്ചാര അടിക്കാനല്ലേ എന്ന്…
ആരെയും ഇങ്ങോട്ടു കൊണ്ടുവരെണ്ടാ എന്റെ ഏട്ടനോട് ഞാൻ മാത്രം തല്ലുകൂടിയ മതിയെന്ന്.
സത്യത്തിൽ എല്ലാ ഏട്ടൻമാർക്കും പെങ്ങളുടെ കുറുമ്പും കുസൃതിയും ഒരുപാടു ഇഷ്ടമായിരിക്കും അത് പുറത്തു കാണിച്ചില്ലെങ്കിലും അവരുടെ ഉള്ളിൽ ഉണ്ടാകും സന്തോഷം നൽകുന്ന ഓർമകളായി..
ഇത്തവണ അവളെനിക്കു തന്ന പണി എന്താണെന്നു അറിയാവോ..
രാവിലെ ഉറങ്ങി കിടക്കുന്ന എന്നെ വിളിച്ചുണർത്തി ചെറിയൊരു കുപ്പിക്കാണിച്ചിട്ടു പറഞ്ഞു. ഡാ ഏട്ടാ ഇത് തേച്ചാൽ നീ വെളുക്കുമെന്നു..
ഞാനാണെങ്കിൽ വെളുക്കാനുള്ള ആഗ്രഹത്തിൽ ഒന്നും നോക്കാതെ ആ കുപ്പി തുറന്നു മുഖത്തേക്ക് തേച്ചു..
ഇതുകണ്ട് അവൾ പൊട്ടിച്ചിരിച്ചിട്ടു പറഞ്ഞു. നിന്നെ വെളുപ്പിക്കാൻ ഈ മരുന്നിനെ പറ്റു. അപ്പോഴാണ് എനിക്ക് മനസ്സിലായത് ആ കുപ്പിയിലുള്ളത് വൈറ്റ് വാഷാണെന്നു..
ഞാൻ എണീക്കുമ്പോഴേക്കും അവൾ അവിടെന്നു മുങ്ങി.. ഇങ്ങനെയും അവളെനിക്കു പണി തന്നിട്ടുണ്ട്.. ഇങ്ങനെയൊക്കെ ഏട്ടന് പണികൊടുത്ത വല്ല പെങ്ങൾസും ഉണ്ടോ ആവോ…