(രചന: Dhanu Dhanu)
ഒരിക്കലും തിരിച്ചു വരത്തോരാൾക്കുവേണ്ടി നിയിങ്ങനെ ജീവിതം നശിപ്പിച്ചു കളയരുത്…..
നിറഞ്ഞ കണ്ണുകളോടെ അമ്മയിതു പറഞ്ഞപ്പോൾ. എന്തിന്നില്ലാത്ത ദേഷ്യത്തോടെ പൊട്ടിത്തെറിച്ചുകൊണ്ടു ഞാനമ്മയോട് പറഞ്ഞു…
എന്റെ ജീവിതം ഞാൻ നശിപ്പിക്കും അമ്മയ്ക്കെന്താ പ്രശ്നം ഒന്നു മിണ്ടാതെ പോകുന്നുണ്ടോ…..
കത്തിപോലെ എന്റെ വാക്കുകൾ അമ്മയുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയതുകൊണ്ടാവാം നിറഞ്ഞ കണ്ണുകൾ കവിഞ്ഞൊഴുകാൻ തുടങ്ങിയത്….
പതിയെ സാരിതുമ്പുകൊണ്ടു ആ കണ്ണുതുടച്ചുകൊണ്ടു ‘അമ്മ ഉമ്മറത്തേക്ക് നടന്നപ്പോൾ . ഇതെല്ലാം കേട്ടുകൊണ്ട് തൊട്ടടുത്തു ന്റെ പെങ്ങൾ നിൽക്കുന്നുണ്ടായിരുന്നു…
അതുകണ്ട് ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി തിരിഞ്ഞു നടന്നപ്പോൾ…
പുറകിൽ നിന്നും പല്ലുകടിച്ചമർത്തികൊണ്ടുള്ള ഒരു വിളി ഞാൻ കേട്ടു…തിരിഞ്ഞു നോക്കിയത് മാത്രമേ എനിക്കോർമയുണ്ടായിരുന്നുള്ളൂ…
പിന്നീട് കണ്ണുതുറന്നപ്പോൾ കാണുന്നത് മുകളിൽ കറങ്ങി കൊണ്ടിരിക്കുന്ന ഫാൻ ആയിരുന്നു…
അതും പരിചയം ഇല്ലാത്ത ഫാൻ പതിയെ ചുറ്റും നോക്കാൻ ഒരു ശ്രേമം നടത്തി..പക്ഷെ നടന്നില്ല തലയിൽ നല്ലൊരു കെട്ടുണ്ടായിരുന്നു. അപ്പോഴാണ് മനസ്സിലായത് ഇന്നലെ പെങ്ങൾ തന്നോരു സമ്മാനം ഇത്രയും വലുതായിരുന്നെന്നു…
വേദനയുടെ ഒരു ഇതു നോക്കുമ്പോൾ മിക്കവാറും ഒലക്കയാണെന്നു മനസ്സിലാക്കാം…
പതിയെ എണീറ്റിരുന്നു ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ ദേ ആ സാധനം തൊട്ടടുത്തിരുന്നു ആപ്പിൾ തിന്നുന്നു.. എന്നെ ഈ പരുവത്തിലാക്കിയിട്ട് ഒരു ഭാവവ്യത്യാസവുമില്ലാതെ അവൾ ചെയ്യുന്നത് കണ്ടില്ലേ…
വന്ന ദേഷ്യത്തിനെ കടിച്ചമർത്തി ഞാനവളുടെ മുഖത്തേക്ക് തറപ്പിച്ചൊന്നു നോക്കി… അതുകണ്ടിട്ടാണ് അവളെന്റെ അടുത്തേക്ക് വന്നിരുന്നത്.
ഒന്നും മിണ്ടാതെ ഞാൻ മുഖം തിരിച്ചപ്പോൾ പതിയെ അവളെന്റെ തലയിൽ തലോടികൊണ്ടു പറഞ്ഞു…
എടാ ഏട്ടാ ഒരുത്തി ഇട്ടിട്ടുപോയാൽ അതോർത്ത് വേദനിച്ചും വിഷമിച്ചും ജീവിതം ഇങ്ങനെ തള്ളി നീക്കിയിട്ട് എന്താ കാര്യം…
പോയത് ഒരിക്കലും തിരിച്ചുവരില്ല കിട്ടാത്തതിനെ ഓർത്തു വിഷമിച്ചിട്ടു അവസാനം നീയൊരു പ്രാന്തനായാൽ ആർക്കാണ് ദോഷം… ഇനിയും നിനക്ക് നിരാശ കാമുകനെപോലെ വീട്ടിലിരിക്കാൻ പ്ലാനുണ്ടെങ്കിൽ പറഞ്ഞോ…
അച്ഛനോട് പറഞ്ഞു ആൽത്തറയിൽ നിനക്കൊരു സ്മാരകം പണിയാം.. അതുകേട്ട് ഞാനവളുടെ മുഖത്തേക്ക് നന്നായി ഒന്നുനോക്കി …
ചിരിച്ചുകൊണ്ട് അവളെന്നോട് പറഞ്ഞു… പേടിക്കേണ്ട ചെക്കാ നിന്നെ കൊല്ലാനൊന്നും പോണില്ല… നിയിങ്ങനെ സങ്കടപെട്ടിരിക്കുന്നത് കാണാൻ എനിക്ക് വയ്യടാ …
നിന്നോട് തല്ലുകൂടാനും പിണങ്ങാനും ഇടയ്ക്ക് നിന്റെയൊപ്പം കറങ്ങാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്.. നമ്മുടെ ഇണക്കവും പിണക്കവും സ്നേഹവുമൊക്കെ കാണുമ്പോൾ നമ്മടെ അമ്മയുടെ മുഖത്തെ സന്തോഷം നി കണ്ടിട്ടുണ്ടോ…
ആരും കാണാതെ അച്ഛൻ ഒളിപ്പിച്ചുവെച്ച കള്ളിൽ പാതികുടിച്ചു പാതി വെള്ളം ചേർത്തു വെച്ചപ്പോൾ.. അതറിഞ്ഞു കള്ളുകുടി നിർത്തിയ അച്ഛന്റെ സ്നേഹം നി മനസ്സിലാക്കിയിട്ടുണ്ടോ….
കത്തി പോലുള്ള അവളുടെ ചോദ്യത്തിന് മുന്നിൽ എനിക്ക് അധികനേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല… ഞാനുറക്കെ അവളോട് പറഞ്ഞു…വെള്ളം വെള്ളം…
അതുകേട്ട് കലിപ്പിൽ ഒരു ഗ്ലാസ് വെള്ളമെടുത്തു തന്നിട്ട് അവളെന്നോട് പറഞ്ഞു… ഒരു ഫ്ളോയിൽ ഡയലോഗ് പറഞ്ഞ് വന്നതാ അപ്പോഴേക്കും അവന്റെയൊരു വെള്ളം…കോപ്പ് എല്ലാം മറന്നുപോയി…
അതുകേട്ട് അന്തംവിട്ട് ഞാനവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ..
ഒന്നു പോയെടാ എന്നുപറഞ്ഞ് അവൾ മുഖം തിരിച്ചിരുന്നു…
പതിയെ ഞാനവളുടെ കയ്യിൽ പിടിച്ചിട്ടു പറഞ്ഞു.. ഡി ചിന്നു സോറി…
സോറി ഒന്നും വേണ്ട എനിക്കെന്റെ വഴക്കാളി ഏട്ടനെ മതി… ആ പറച്ചിലിൽ തന്നെ അവളുടെ സ്നേഹവും കരുതലും എല്ലാം ഉണ്ടായിരുന്നു…
അല്ലെങ്കിലും നമ്മളെ സ്നേഹിക്കുന്നവർക്ക് നമ്മൾ എന്നും സന്തോഷത്തോടെ കാണാനായിരിക്കും ഇഷ്ടം…
അമ്മയോട് സോറി പറയണം ..ഒന്നും പ്രതീക്ഷിക്കാതെ നമ്മളെ സ്നേഹിക്കുന്നത് നമ്മടെ കുടുംബം മാത്രമായിരിക്കും…
അതോടെ ഞാനൊരു കാര്യം മനസ്സിലാക്കി “കൂടെയുള്ള എല്ലാവരെയും സ്നേഹിക്കുക.. അകന്നു പോയതിനെക്കുറിച്ചു ഓർക്കാതിരിക്കുക… ജീവിതം ഹാപ്പി ആവും….