(രചന: ദേവൻ)
അച്ഛൻ മരിച്ചു മാസം തികയുംമുന്നേ അയാൾ എന്റെ വീട്ടിലെ സ്ഥിരം സന്ദർശകൻ ആകുന്നതും അമ്മ അതിൽ സന്തോഷം കണ്ടെത്തുന്നതും കാണേണ്ടിവരുന്ന പെൺകുട്ടിയുടെ അവസ്ഥ നിങ്ങൾ ഒന്ന് ചിന്തിച്ചുനോക്കൂ.
അന്നെനിക്ക് വയസ്സ് പതിനാല്.
അച്ഛന്റെ മരണശേഷം പലരും പറഞ്ഞു കേട്ടത് അച്ഛൻ മരിക്കാൻ കാരണം അമ്മ ആണെന്ന് ആയിരുന്നു.
ആദ്യമൊന്നും ആ വാക്കുകളെ അവഗണിച്ചെങ്കിലും പിന്നീടുള്ള അമ്മയുടെ പെരുമാറ്റങ്ങളിൽ എനിക്കും തോന്നി തുടങ്ങിയിരുന്നു പലരും പറയുന്നതിൽ എന്തോ സത്യമുണ്ടെന്ന്.
ഒരിക്കൽ അമ്മയോടത് ചോദിച്ചതും ആണ്.
അന്ന് അമ്മ ചിരിച്ചുകൊണ്ടാണ് അതിന് മറുപടി നൽകിയത്.
” അയാളെ ഞാൻ ഒരു പ്രാവശ്യമേ കൊന്നിട്ടുള്ളൂ… എന്നാൽ അയാളെന്നെ കൊന്നുകൊണ്ടിരുന്നത് എന്റെ ജീവിതത്തിലെ പതിനഞ്ചു വർഷങ്ങൾ ആണ് ”
അവസാനവാക്കുകളിൽ അമ്മയുടെ വാക്കിടറുന്നത് കാണാമായിരുന്നെങ്കിലും മുഖത്തെ പുഞ്ചിരിക്ക് വെളിച്ചം കൂടുതൽ തന്നെ ആയിരുന്നു.
“എന്ത് പറഞ്ഞാലും അമ്മയ്ക്ക് പറയാൻ ന്യായീകരണമുണ്ടല്ലോ. എന്നിട്ടിപ്പോ അച്ഛൻ മരിച്ചു ചിതയുടെ ചൂടാറും മുന്നേ മറ്റൊരുത്തനെ വീട്ടിൽ വിളിച്ചുവരുത്തി…….”
വാക്കുകൾ മുഴുവനാക്കുംമുന്നേ അമ്മയുടെ കൈ എന്റെ കവിളിൽ പതിഞ്ഞു.
ആ നിമിഷം അടിയുടെ വേദനയെക്കാൾ കൂടുതൽ മനസ്സിനായിരുന്നു വേദന.
അയാൾക്ക് വേണ്ടി അമ്മ എന്നെ തല്ലി എന്നോർക്കുമ്പോൾ ആ വേദന വെറുപ്പായി മാറാൻ അധികസമയം വേണ്ടിവന്നില്ല.
” ഏതോ ഒരാൾക്ക് വേണ്ടി നിങ്ങളെന്നെ തല്ലി അല്ലെ.
നാളെ നിങ്ങൾ അയാളെ ഇവിടെ കേറ്റി പാർപ്പിക്കുമോ? ഇനി അകും കൂടെ അല്ലെ വേണ്ടൂ… ”
അത് പറയുമ്പോൾ എന്റെ കണ്ണുകൾ വല്ലാതെ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അന്ന് നിർത്തിയതാണ് അമ്മയോടുള്ള സംസാരം.
ആ മുഖത്ത് നോക്കാൻ പോലും താല്പര്യം തോന്നിയില്ല.
എന്റെ ആ നിമിഷത്തെ പ്രതികരണം കൊണ്ടാവാം പിന്നീട് അയാൾ വീട്ടിൽ വന്നു കണ്ടിട്ടില്ല.
“മോളെ ” എന്ന് വിളിച്ചു പിറകെ വരുന്ന അമ്മയെ അവഗണിക്കുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടിട്ടുണ്ട്.
പക്ഷേ, ആ കണ്ണുനീരിനെ ഞാൻ അവിശ്വസിച്ചു തുടങ്ങിയിരുന്നു.
കോളേജിൽ പോകുമ്പോൾ അമ്മ നീട്ടുന്ന കാശ് അവഗണിക്കാൻ കൂടെ തുടങ്ങിയപ്പോൾ മനസ്സിൽ ഒരു ചിന്തയായിരുന്നു. ഒരു പാർട്ട്‌ടൈം ജോലി.
എന്റെ ആവശ്യങ്ങൾക്ക് ഞാൻ തന്നെ അദ്വാനിക്കണമെന്ന ഉറച്ച തീരുമാനം.
പാർട്ട്‌ടൈം ജോലി രാത്രി എട്ടു മണിവരെ നീളുമ്പോൾ വീട്ടിലെത്താൻ ഒൻപത് മണിയാകുമ്പോൾ വെപ്രാളത്തോടെ ഗേറ്റിൽ കാത്തു നിൽക്കുന്ന അമ്മയെ ഞാൻ അവഗണിക്കുമ്പോൾ ഞാൻ അതിലെല്ലാം സന്തോഷം കണ്ടെത്തി.
“മോളെ… എന്തിനാണ് അമ്മയോട് മോളിങ്ങനെ…. ഒരാൾ വീട്ടിൽ വന്നെന്ന് കരുതി അതിനെ മോൾ മറ്റൊരർത്ഥത്തിൽ കണ്ടപ്പോൾ അമ്മയ്ക്കുണ്ടായ ദേഷ്യവും വിഷമവും ആണ് അന്ന് അമ്മ അങ്ങനെ പ്രതികരിച്ചത്.
അതിന്റെ പേരിൽ മോളിങ്ങനെ അമ്മയോട് വെറുപ്പ് കാണിച്ചു നടക്കുമ്പോൾ അമ്മയ്ക്കുണ്ടാകുന്ന വിഷമം മോൾക്ക് അറിയോ. ”
അമ്മ എന്റെ കയ്യിൽ പിടിച്ച് കരയുമ്പോൾ ആ കൈ ഞാൻ പുച്ഛത്തോടെ കുടഞ്ഞുമാറ്റി.
“എനിക്ക് കാണണ്ട ഈ കള്ളക്കണ്ണീര്.
എന്റെ കാര്യങ്ങൾ നോക്കാൻ എനിക്ക് അറിയാം. കേട്ടല്ലോ ”
അതും പറഞ്ഞ് ഞാൻ അകത്തേക്ക് നടക്കുമ്പോൾ പിറകിൽ അമ്മയുടെ തേങ്ങൽ എന്റെ കാതിലേക്ക് ഒഴുകിയെത്തി.
ആ വീട് മൗനത്തിന്റെ മാറാല പിടിച്ചതും വാക്കുകൾക്ക് മേൽ ചങ്ങല വീണതും പെട്ടന്ന് ആയിരുന്നു.
അന്ന് കുറച്ച് നേരത്തെ ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ ഒരിക്കലും പ്രതീക്ഷിച്ചില്ല വഴിയിൽ അയാളെ കണ്ടുമുട്ടുമെന്ന്.
അന്ന് അമ്മയോട് മുഖത്തു നോക്കി ചോദിച്ച ശേഷം പിന്നീട് ഒരിക്കലും ആ പടി കയറിവരാതിരുന്ന ആ മുഖം പെട്ടന്ന് കണ്ടപ്പോ മനസ്സിൽ ഒരു പേടിയും വെപ്രാളവും ഉണ്ടായിരുന്നു.
വഴിയിൽ അങ്ങിങ്ങായി ആളുകൾ ഉണ്ടെന്നതായിരുന്നു ആശ്വാസം.
അയാൾക്ക് വരുന്നത് എന്റെ അരികിലേക്ക് ആണെന്ന് തോന്നിയപ്പോൾ അയാൾക്ക് മുഖം കൊടുക്കാതെ വേഗം മുന്നോട്ട് നടന്നു ഞാൻ.
“മോളെ…..”
അയാൾ പിറകിൽ നിന്ന് വിളിക്കുന്നത് കാതിൽ പതിയുമ്പോൾ ഞാൻ മുന്നോട്ട് ഒന്നുകൂടെ കാൽ വലിച്ചു വെച്ചു.
” മോളെ… ഒരാളെ തെറ്റിദ്ധരിക്കാൻ കാണിക്കുന്ന മനസ്സ് ഒരാളെ കേൾക്കാൻ കൂടെ കാണിക്കണം. ”
അയാളത് പറയുമ്പോൾ ഞാൻ ഒരു നിമിഷം നിന്നു. പിന്നെ അയാൾക്ക് നേരെ തിരിഞ്ഞുകൊണ്ട് പുച്ഛത്തോടെ ചിരിച്ചു.
” ഒരാൾ മരിച്ചു ചൂടാറും മുന്നേ ആ വീട്ടിൽ വന്നു പോകുന്ന ആളെയാണോ ഞാൻ കേൾക്കേണ്ടത് അതോ അയാളെ സ്നേഹത്തോടെ കാത്തിരിക്കുന്ന ആളെയോ? ”
മുഖത്തടിച്ചപ്പോലെ ഉള്ള ചോദ്യത്തിന് മുന്നിൽ അയാൾ പതറുന്നത് ഞാൻ കണ്ടു.
“എന്താ ഉത്തരം ഇല്ലേ.,?”
അയാൾക് നേരെ ചെന്ന എന്റെ ചോദ്യത്തിന് അയാളുടെ മറുപടി ഒരു പുഞ്ചിരി ആയിരുന്നു.
” ഇപ്പോൾ മോളെ ചോദിച്ചല്ലോ മോൾ ആരെ കേൾക്കണം എന്ന്.. മോൾ ഈ പറഞ്ഞ രണ്ട് പേരിൽ ആരെ കേട്ടാലും പറയാൻ അവസാനം ഒരു ഉത്തരമേ ഉണ്ടാകൂ…
മോൾടെ അച്ഛനെയോ അല്ലെങ്കിൽ അമ്മയെയോ മോൾക്ക് കേൾക്കാം എന്ന്. ”
അയാളുടെ മറുപടി എന്നെ ഞെട്ടിക്കുന്നത് ആയിരുന്നു.
” മോൾക്ക് വിശ്വാസം വരുന്നില്ല അല്ലെ. എന്നും അകലെ നിന്ന് മാത്രം കാണാൻ കഴിഞ്ഞിരുന്ന എന്റെ മോളെ കാണാൻ ആയിരുന്നു ഞാൻ വന്നത്.
നിന്റ അമ്മയ്ക്ക് പറയാൻ കഴിയാതെ പോയ സത്യം. ”
ഞാൻ ഷോക്കേറ്റപ്പോലെ അല്പനേരം നിന്നു. മുന്നിൽ എന്താണ് നടക്കുന്നത് എന്ന് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥ.
” മോൾക്ക് അറിയോ… ഞാനും മോൾടെ അമ്മയും ഒരിക്കൽ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നതാണ്. കോളേജ്കാലം മുതലുള്ള ഇഷ്ടം.
വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു ഒരുപാട് സ്വപ്‌നങ്ങൾ നെയ്‌തുകൂട്ടുമ്പോൾ , ജീവിതത്തിൽ ആർക്ക് മുന്നിലും കൈ നീട്ടാതിരിക്കാൻ ജോലി തേടി ഗൾഫിലേക്ക് പോകുമ്പോൾ അറിഞ്ഞില്ല എന്റെ മോൾ അവളിൽ തുടിക്കുന്നുണ്ടെന്ന്.
ഞാൻ പോയ സമയം നോക്കി അവളെ നിർബന്ധിച്ചു വേറെ വിവാഹത്തിന് സമ്മതിപ്പിക്കുമ്പോൾ മോൾടെ അമ്മടെ വീട്ടുകാർക്ക് മാത്രം അറിയാവുന്ന ഒരു കാര്യമായിരുന്നു അവൾ രണ്ട് മാസം ഗർഭിണി ആണെന്ന്.
അത് മറച്ചുവെച്ചു നിന്റ അമ്മയെ വിവാഹം കഴിപ്പിക്കുമ്പോൾ ഒന്നുമറിയാത്ത ഞാൻ ഗൾഫിൽ ഞങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാനുള്ള അധ്വാനത്തിൽ ആയിരുന്നു.
എല്ലാവരും എന്നിൽ നിന്ന് മറച്ചുവെച്ച ഈ കാര്യം പക്ഷേ ഞാൻ അറിഞ്ഞപ്പോൾ മാസം നാലായിരുന്നു.
അന്ന് വിവാഹം കഴിഞ്ഞ രാത്രി തന്നെ നിന്റ അമ്മ അയാളോട് എല്ലാം തുറന്ന് പറഞ്ഞു.
അയാൾ പ്രതികരിച്ചില്ല.. പക്ഷേ, അന്ന് മുതൽ വീട്ടിൽ വെറുമൊരാൾ മാത്രമായിരുന്നു നിന്റ അമ്മ. ഇപ്പോൾ അയാൾ മരിക്കുന്നത് വരെ.
ഞാൻ നാട്ടിൽ വന്നത് മുതൽ ഞാൻ മോളെ കാണാൻ ശ്രമിച്ചതാണ്. പക്ഷേ അയാൾ സമ്മതിച്ചില്ല.
അന്നോക്കേ പല വഴിയിലും ഞാൻ കാത്തു നിന്നു മോളെ ഒന്ന് കാണാൻ. ഇപ്പോൾ അയാൾ മരിച്ചപ്പോൾ മോളെ നേരിട്ട് കാണാൻ വേണ്ടിയാണ് ഞാൻ വീട്ടിൽ… അല്ലാതെ മോൾ കരുതുംപ്പോലെ ഞാനും അമ്മയും തമ്മിൽ….. ”
അയാൾ കൂടുതൽ പറയുംമുന്നേ ഞാൻ അയാളെ കൈ ഉയർത്തി വിലക്കി.
” ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഞാൻ ഒന്ന് ചോദിച്ചോട്ടെ….
ഞാൻ എങ്ങനെ ആണ് ഇനി ജീവിക്കേണ്ടത്?
തന്തയ്ക്ക് പിറന്ന മോൾ ആയിട്ടോ തന്തയ്ക്ക് പിറക്കാത്ത മോൾ ആയിട്ടോ…
ഒരുത്തരം നിങ്ങൾക്ക് തരാൻ കഴിയോ ”
എന്റെ ചോദ്യത്തിന് മുന്നിൽ അയാൾ ഒന്ന് പതറി.
“മോളെ… നീ എന്റെ മോൾ ആണ്. ഈ അച്ഛന്റ മോൾ..”
അത് പറയുമ്പോൾ അയാൾ വികാരഭരിതനാകുന്നത് ഞാൻ കണ്ടു.
ഞാൻ ഒന്ന് പുഞ്ചിരിച്ചു.
” പക്ഷേ ഞാൻ വളർന്നത് മരിച്ചുപോയ ആ അച്ഛന്റെ മോൾ ആയിട്ടാണ്. ആ മനുഷ്യൻ എന്നെ സ്വന്തം അച്ഛനെപ്പോലെ ആണ് സ്നേഹിച്ചത്. ആ മനുഷ്യന് പിറന്നതല്ല ഞാൻ എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. തോന്നിച്ചിട്ടില്ല ആ മനുഷ്യൻ.
പിന്നെ അയാൾ ചതിക്കപ്പെട്ടു എന്നറിഞ്ഞിട്ടും അമ്മയോട് ക്ഷമിച്ചെങ്കിൽ സ്വന്തം മോളല്ല എന്ന് അറിഞ്ഞിട്ടും മരണം വരെ ഒരു കുറവും ഇല്ലാതെ എന്നെ വളർത്തിയെങ്കിൽ ആ മനുഷ്യൻ തന്നെ ആണ് എന്റെ ജീവിതത്തിൽ ഞാൻ കണ്ട വലിയവൻ.
ഇതിൽ തെറ്റും ശരിയും ആരുടെ ഭാഗത്ത് ആണെന്ന് ഞാൻ ചിന്തിക്കുന്നില്ല.
പക്ഷേ, എന്റെ ശരി എന്നെ സ്നേഹിച്ചുവളർത്തിയ എന്റെ അച്ഛനാണ്.
ആ അച്ഛന്റെ മോളായി ജീവിക്കാൻ ആണ് എനിക്ക് താല്പര്യവും.. അതുകൊണ്ട് ഈ വിഷയം ഇവിടെ തീർന്നു. ഇനി അച്ഛന്റെ സ്ഥാനത്തിന് വേണ്ടി എനിക്ക് മുന്നിൽ വരരുത്.
പറയുന്നത് കെട്ടിട്ടുണ്ട് അമ്മ ചൂണ്ടി കാണിക്കുന്നവൻ ആണ് അച്ഛൻ എന്ന്.
പക്ഷേ, എന്റെ അച്ഛനെ അറിയാന് എനിക്ക് അമ്മ ചൂണ്ടിക്കാണിക്കേണ്ട ആവശ്യം ഇല്ല. ആ സ്ഥാനത്തിന് എന്റെ മനസ്സിൽ ഒരാളെ ഉള്ളൂ…
ആ മനുഷ്യൻ ഇന്ന് ജീവിച്ചിരിപ്പില്ല… ”
അതും പറഞ്ഞു ഞാൻ എന്റെ ശരികളെ മുറുക്കെ പിടിച്ച് കണ്ണുകൾ തുടച്ചുകൊണ്ട് മുന്നോട് നടക്കുമ്പോൾ പിറകിൽ അയാൾ പരവശനായി നിൽപ്പുണ്ടായിരുന്നു.
ആരുടെ ഭാഗത്ത് ആണ് തെറ്റ് എന്ന് മനസ്സിലാവാതെ…..