1992
നവംബർ 11
രചന: ദർശരാജ്. ആർ. സൂര്യ
തുഞ്ചന്റെ മണ്ണായ തിരൂരിൽ നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവ വേദിയിലെ അഞ്ചാം ദിനം.
സമയം ഏതാണ്ട് സന്ധ്യ മയങ്ങുന്നു.
വേദി ഒന്ന് ‘പാണ്ഡവപുര’ത്തിൽ കുച്ചിപ്പുടി തുടരുന്നു.
🎵കാളീയ ഫണ രംഗ നാട്യ ലോലാ,
ബാല കേളീ വിസ രാധ മനോഗ്ന ലീലാ🎵
എടോ, നമസ്കാരം. കുറച്ചു വെള്ളം തരാമോ?
അതിനെന്താ? എടുത്തോളൂ.
ഈ മേക്കപ്പും ഇട്ട് ഉച്ച മുതൽ നിൽക്കാൻ തുടങ്ങിയതാ. കൃത്യം രണ്ടര മണിക്ക് ആരംഭിക്കുമെന്ന് പറഞ്ഞ പ്രോഗ്രാമാ. ഇപ്പോൾ സമയം ആറര മണിയായി.
ഏത് ഇനത്തിലാ മത്സരിക്കുന്നത്?
എനിക്ക് ഇനിയുള്ളത് കേരള നടനം. തനിക്കോ?
ഞങ്ങൾക്ക് സംഘഗാനമാ. അതും തുടങ്ങാൻ ലേറ്റ് ആവുമെന്നാ പറഞ്ഞേക്കുന്നത്. അത് കൊണ്ട് ബാഗ് എല്ലാം എന്നെ ഏൽപ്പിച്ചിട്ട് ഫ്രണ്ട്‌സ് എല്ലാരും കൂടി മഞ്ജു വാര്യർ എന്ന കുട്ടിയുടെ ഡാൻസ് കാണാൻ പോയേക്കുവാ. പുള്ളിക്കാരിക്ക് ഇത്തവണത്തെ കലാതിലകം കിട്ടുമെന്നാ പറഞ്ഞു കേൾക്കുന്നത്. ചോദിക്കാൻ വിട്ടു , തന്റെ സ്ഥലം എവിടെയാ?
ഇടുക്കി. ഇയാളോ?
ആറന്മുള പാർത്ഥസാരഥി ക്ഷേത്രം കേട്ടിട്ടുണ്ടോ? അതിന്റെ അടുത്തായിട്ട് വരും. അല്ല കുറച്ചു നേരമായിട്ട് ഞാൻ ശ്രദ്ധിക്കുന്നു. ഇടയ്ക്ക് ഇടയ്ക്ക് ഇതാരുടെ ഫോട്ടോ നോക്കിയാ പ്രാർത്ഥിക്കുന്നത്?
ഇത് സിനിമാ നടി മോനിഷ ചേച്ചിയാടോ. ചേച്ചിയുടെ മുഖം കണ്ടിട്ട് സ്റ്റേജിൽ കയറുമ്പോൾ വല്ലാത്തൊരു പോസിറ്റീവ് ഫീലാണ്. എനിക്ക് ആളെ പോലെ വല്യ നടി ആവണമെന്നാ ആഗ്രഹം. ഹരിഹരൻ സാറിന്റെ പുതിയ പടത്തിൽ ഒരു ഓഫറും കിട്ടിയിട്ടുണ്ട്. വിനീതേട്ടനാ ഹീറോ. പിന്നെ സിനിമ അല്ലേ? സംഭവിച്ചിട്ട് സംഭവിച്ചു എന്ന് പറയാം.
ഏയ്, ഇത് നടക്കും എന്ന് എന്റെ മനസ്സ് പറയുന്നു. ആട്ടെ, താൻ മോനിഷ ചേച്ചിയെ നേരിട്ട് കണ്ടിട്ടുണ്ടോ?
ഇത് വരെ ഇല്ല. പക്ഷെ ഈ വരുന്ന ഡിസംബർ 18 ന് ചേച്ചിയെ നേരിൽ കാണാനുള്ള ഒരു അവസരമുണ്ട്. ചേച്ചിക്ക് അന്ന് ഗുരുവായൂരിൽ ഒരു പ്രോഗ്രാമുണ്ട്. കണ്ണന്റെ കടാക്ഷം കൊണ്ട് എനിക്കും അന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച് ശിവന്റെ വർണ്ണമാടാനുള്ള ഭാഗ്യം കിട്ടിയേക്കുവാ.
ആഹാ. ഗുരുവായൂരപ്പൻ രണ്ടാളേം അനുഗ്രഹിക്കട്ടെ. എനിക്കാണേൽ നൃത്തം ചെയ്യുന്നവരെ ഒത്തിരി ഇഷ്ടമാ. പക്ഷെ ഒരു സ്റ്റെപ്പ് പോലും കളിക്കാൻ അറിയില്ലെന്ന് മാത്രം. കൂടെ ആരും വന്നില്ലേ? അല്ല ഇത്രയും നേരമായിട്ടും പേര് ചോദിക്കാൻ ഞാൻ മറന്നു.
എന്റെ കൂടെ അമ്മ വന്നിട്ടുണ്ട്. മോഹിനിയാട്ടം കഴിഞ്ഞപ്പോൾ ഒരു ചിലങ്കയിലെ മണിയോരെണ്ണം ലേശം പൊട്ടി പോയി. അമ്മ അത് ഊരിയെടുത്ത് ശരിയാക്കാൻ കൊണ്ട് പോയേക്കുവാ. അല്ലെങ്കിൽ രണ്ട് ചിലങ്കയിലേയും മണികൾ എണ്ണി നോക്കുമ്പോൾ ഇരട്ട സംഖ്യ വരും. അങ്ങനെ വന്നാൽ അപശകുനം ആണെന്നാ അമ്മ പറയുന്നത്. ആ പിന്നെ എന്റെ പേര്…………….
ആ പെൺകുട്ടി തന്റെ പേര് പറഞ്ഞ് മുഴുവിക്കും മുമ്പേ വേദി രണ്ട് ‘മയൂര സന്ദേശത്തിന്റെ’ പുറകിൽ നിന്നും ആരോ നിലവിളിക്കുന്ന ശബ്ദം കേട്ടു.
“അമ്മാ”……………………………………….
മടിയിൽ വെച്ചിരുന്ന ബാഗും മോനിഷയുടെ ചിത്രവും വലിച്ചെറിഞ്ഞോണ്ട് ആ പെൺകുട്ടി ഒറ്റക്കാലിൽ കെട്ടിയ ചിലങ്കയുമേറി നഗ്ന പാദയായി വേദിയുടെ പുറകിലേക്ക് ഓടി………………
_____________________________________________
1992 ഡിസംബർ 4.
തിരുവനന്തപുരം – പങ്കജ് ഹോട്ടൽ.
സമയം രാത്രി പത്തര മണിയോടടുക്കുന്നു. പിറ്റേ ദിവസം അതി രാവിലെ “ചെപ്പടി വിദ്യ ” എന്ന സിനിമയുടെ സെറ്റിൽ നിന്നും, ഡിസംബർ 18 ന് നടക്കേണ്ട മോനിഷയുടെ ഗുരുവായൂരിൽ വെച്ചുള്ള പ്രോഗ്രാമിന്റെ ഒറ്റ ദിവസത്തേക്കുള്ള റിഹേഴ്സലിനായി എറണാകുളം വഴി ബാംഗ്ലൂരിലേക്ക് പോകേണ്ട തയ്യാറെടുപ്പുകൾ നടത്തുന്ന അമ്മ ശ്രീദേവി ഉണ്ണി. സമീപത്ത് സാലഡ് കഴിച്ചിരിക്കുന്ന മോനിഷ.
ഇപ്പോഴത്തെ കുട്ടികളൊന്നും റൊമാന്റിക് അല്ലന്നേ. ഞാനൊക്കെ ഈ പ്രായത്തിൽ നല്ല റൊമാന്റിക് ആയിരുന്നു.
അമ്മേടെ മാതിരിയൊന്നുമല്ല ഞാൻ.
Life is one
You eat, you drink
Enjoy your life
But dont harm anyone knowingly
Unknowingly forgot it.
മോനിഷയുടെ വാക്കുകൾ കേട്ട് അമ്മ ശ്രീദേവി ആശ്ചര്യത്തോടെ പറഞ്ഞു.
കൊള്ളാല്ലോ. ഓംകാര പൊരുളേ🙏🏾
ഇത് സുബ്രഹ്മണ്യൻ ഓംകാരത്തിന്റെ പൊരുൾ ശിവന് പറഞ്ഞു കൊടുക്കും പോലുണ്ടല്ലോ.
You don’t know me. I am Monishaaaaaaa……
അത് പറഞ്ഞപ്പോഴുള്ള മോനിഷയുടെ മുഖം, സാക്ഷാൽ മൂകാംബികയുടെ രശ്മി നേരിട്ട് ഭൂമിയിലോട്ട് ഇറങ്ങി വന്ന പോലെ പ്രസന്ന വദനമായിരുന്നു.
അമ്മാ, രാവിലെ പോവേണ്ടതല്ലേ? നമുക്ക് കിടന്നാലോ?
മുടി കെട്ടി വെച്ചിട്ട് കിടന്നാൽ മതി. വാ ഇങ്ങോട്ട്.
ഈ അമ്മേടെ ഒരു കാര്യം.
ശേഷം ഡോറിന്റെ കുറ്റിയിട്ടതിന് പിന്നാലെ തന്റെ നൈറ്റിയുടെ ഷോൾഡറിൽ പിടിച്ച് കുലുക്കി കൊണ്ട്, ആ വാക്കുകൾ ഒന്നുകൂടി മോനിഷ ആവർത്തിച്ചു.
You don’t know me. I am Monishaaaaaaaa…..
പിറ്റേ ദിവസം പുലർച്ചേ.
1992 ഡിസംബർ 5 – ശനി.
എറണാകുളത്തേക്ക് പോകാനുള്ള അംബാസിഡർ കാറിന്റെ ഉള്ളിൽ ഇരുന്നോണ്ട് ശ്രീദേവി, മോനിഷയുടെ മുടിയിൽ തലോടി കൊണ്ട് പറഞ്ഞു.
അമ്മേടെ മടിയിൽ തല വെച്ച് മോള് ഉറങ്ങിക്കോ.
അമ്മക്കിപ്പോൾ Hysterectomy കഴിഞ്ഞതല്ലേ ഉള്ളൂ? പോരാഞ്ഞിട്ട് ഒരു മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരമുള്ള ഭാഗം തലയാണ്. അത് കൊണ്ട് അമ്മയുടെ മടിയിൽ ഞാൻ തല വെക്കില്ല. അത് വെയിറ്റ് ആണ്.
ഇത് കേട്ടതും ശ്രീദേവി ചിരിച്ചോണ്ട് മറുപടി നൽകി.
അമ്മമാർക്ക് മക്കളുടെ തല വെയ്റ്റോ?
മോളെ നീ എന്ത് മണ്ടത്തരമാ ഈ പറയുന്നത്?
അതൊന്നും അമ്മക്ക് പറഞ്ഞാൽ മനസ്സിലാവില്ല.
ഒടുവിൽ വേറെ വഴിയില്ലാതെ യാത്ര പുറപ്പെടും മുമ്പേ പങ്കജ് ഹോട്ടലിൽ വിളിച്ച് പറഞ്ഞ് രണ്ട് തലയിണ ശ്രീദേവി വാങ്ങി.
അപ്പോൾ അവിടേക്ക് വന്ന നടി ശ്രീവിദ്യ മോനിഷയോട് പറഞ്ഞു.
മോളെ നമ്മൾ രണ്ടാളും മൂലം നക്ഷത്രമാ. മാത്രമല്ല, ഇപ്പോൾ ചീത്ത സമയം കൂടിയാണ്. ഇരുട്ട് സമയങ്ങളിൽ ഒന്നും അധികം സഞ്ചരിക്കരുത്.
‘Aunty, just two hours. I can make wonders.’
അവർ യാത്ര തുടർന്നു.
പതിവ് പോലെ അന്നും മോനിഷ ഉറങ്ങിയ ശേഷം ശ്രീദേവി തന്റെ മകളുടെ പാദങ്ങൾ തിരുമ്മി കൊണ്ടിരുന്നു.
ആലപ്പുഴ ചേർത്തലയിലെ X-ray ജംഗ്ഷൻ എത്തിയപ്പോഴേക്കും എതിരെ നിന്നും കേറ്റം കയറി വന്ന ഒരു KSRTC ബസിന്റെ രണ്ട് ഹെഡ് ലൈറ്റും ശ്രീദേവിയുടെ കണ്ണിൽ ഒരു ഫിൽറ്ററിട്ട പോലെ പതിഞ്ഞു. ആ സമയത്തും മോനിഷ നല്ല ഉറക്കത്തിലായിരുന്നു. പക്ഷെ പ്രകൃതിയൊരുക്കിയ ആ ഗൂഢാലോചനയുടെ ഫിൽറ്ററിൽ പൊതിഞ്ഞ ഹെഡ് ലൈറ്റിന്റെ വെട്ടം വന്ന് പതിച്ചത് അവർ സഞ്ചരിച്ചിരുന്ന കാറിന്റെ പുറത്തായിരുന്നു.
ഒരു വല്യ ശബ്ദത്തിന്റെ തുടർച്ചയെന്നോളം ഡോർ തുറന്ന് ശ്രീദേവി എത്രയോ ദൂരത്തിൽ തെറിച്ചു വീണു. അപ്പോഴേക്കും മോനിഷ ഇരുന്ന കാറുമായി നിയന്ത്രണം വിട്ട ബസ് ഡിവൈഡറിന് അപ്പുറത്തേക്ക് പോയിരുന്നു. രക്തത്തിൽ കുളിച്ച് നിലത്ത് വീണ് കിടന്ന ശ്രീദേവിക്ക് കാറിന്റെ ഡിക്കി മാത്രമേ കാണാനായിട്ട് സാധിക്കുന്നുണ്ടായിരുന്നുള്ളൂ. എന്നിരുന്നാലും രക്തം പൊട്ടിയൊലിച്ച കാലുകളുമായി ആ അമ്മ തന്റെ മകളുടെ അടുത്തേക്കോടാൻ ശ്രമിക്കവെ ആ കാഴ്ച കണ്ട ഒരോട്ടോക്കാരൻ ശ്രീദേവിയോട് ചോദിച്ചു.
അയ്യോ. ആരാ അമ്മേ നിങ്ങൾ? എന്ത്പറ്റി?
ബസ് ഇടിച്ച് നിർത്തിയേക്കുന്ന കാർ ചൂണ്ടി കാണിച്ച് പൊട്ടി കരഞ്ഞോണ്ട് ശ്രീദേവി മറുപടി പറഞ്ഞു.
എന്റെ മോള്…..മോനിഷേ……………
അയ്യോ അമ്മേ, നമ്മുടെ മോനിഷയുടെ അമ്മയാണോ? കേട്ട പാതി അദ്ദേഹവും കൂടെ നിന്നവരും അങ്ങോട്ടേക്കോടി.
ശേഷം തൽക്ഷണം ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ‘മോളെ കണ്ണ് തുറക്കെന്ന’ ശ്രീദേവിയമ്മയുടെ വാക്കുകളെ ആദ്യമായി ധിക്കരിച്ചോണ്ട് മോനിഷ യാത്രയായി.
Yes, she was right
‘Aunty, just two hours. I can make wonders.’
______________________________________________
ഏതാനും ദിവസങ്ങൾക്ക് ശേഷമുള്ള പത്തനംതിട്ടയിലെ ആറന്മുള പാർത്ഥ സാരഥി ക്ഷേത്രത്തിന് സമീപമുള്ള ഒരു ചെറിയ വീട്.
സമയം ഏതാണ്ട് രാത്രി ഒന്നര മണിയോടടുക്കുന്നു.
ഉറക്കത്തിൽ നിന്നും ഞെട്ടിയെഴുന്നേറ്റ ദ്രൗ പദിയെന്ന പതിനാലു വയസ്സുകാരി വിഭ്രാന്തിയോടെ ആരോടും ഒന്നും പറയാതെ വീടിന് പുറത്തേക്ക് പോയി.
കുറച്ചു കഴിഞ്ഞപ്പോൾ വെളിയിൽ നിന്നും ചീവീടുകളുടെ കരച്ചിലിനെ പോലും ഭേദിച്ചോണ്ട് ചിലങ്കയുടെ ശബ്ദം പുറത്ത് വന്നു. ഇത് കേട്ട് അച്ഛനും അമ്മയും പുറത്ത് ഇറങ്ങി നോക്കിയപ്പോൾ കണ്ട കാഴ്ച അവരെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്നതായിരുന്നു.
നൃത്തത്തെ കുറിച്ച് യാതൊന്നും അറിയാത്ത അവരുടെ മകൾ ഒറ്റക്കാലിൽ ചിലങ്ക കെട്ടി ഇടിഞ്ഞു വീഴാറായ കിണറിന്റെ നേരിയ ഭിത്തിയിൽ നിന്ന് അസാമാന്യ മെയ്‌വഴക്കത്തോടെ നൃത്തം ചെയ്യുന്നു.
ഇരുവരേയും കണ്ടതോടുകൂടി ഭിത്തിയിൽ നിന്നും ചാടിയിറങ്ങിയ ദ്രൗപദി അവരുടെ മുഖത്ത് നോക്കി ഇങ്ങനെ പറഞ്ഞു.
‘You dont know me, i am Durga’………..
അയ്യേ……അമ്മ എന്തിനാ പേടിച്ച് കരയുന്നത്? എനിക്ക് പതിനെട്ടാം തീയതി ഗുരുവായൂരിൽ പ്രോഗ്രാം ഉള്ളത് മറന്നു പോയോ? ഞാൻ അതിന്റെ റിഹേഴ്സൽ നോക്കിയതല്ലേ? പിന്നെ പരിണയത്തിന്റെ സെറ്റിൽ രണ്ടാളും വരണം. പൂജ ഉടനെ കാണും. ഹരിഹരൻ സാറിനെ രണ്ടാൾക്കും പരിചയപ്പെടുത്തി തരാം.
ശേഷം യാതൊന്നും സംഭവിച്ചില്ല എന്ന മട്ടിൽ ദ്രൗപദി ഒറ്റക്കാലിൽ അണിഞ്ഞ ചിലങ്കയുമേന്തി റൂമിനുള്ളിലേക്ക് പോയി.
കണ്മുന്നിൽ എന്താണ് കണ്ടതെന്ന് മനസ്സിലാക്കാനാവാതെ പരസ്പരം നോക്കി നിൽക്കുന്ന അച്ഛനും അമ്മയും.
എന്നാൽ വരും ദിവസങ്ങളിൽ ആ രാത്രിയിലെ സംഭവത്തോട് കൂട്ടി ചേർത്ത് വായിക്കാൻ കഴിയുന്ന യാതൊരു അമാനുഷികതയും ദ്രൗപദിയുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.
പതിവ് പോലെ അവൾ സ്‌കൂളും പഠിത്തവുമൊക്കെയായി ദിവസങ്ങൾ തള്ളി നീക്കി.
പക്ഷെ ഡിസംബർ 18 രാവിലെ മുതൽ ദ്രൗപദിയെ വീണ്ടും കാണാതായി.
സന്ധ്യ മയങ്ങും വരെ ദ്രൗപദിക്കായുള്ള തിരച്ചിൽ തുടർന്നെങ്കിലും കുട്ടി എവിടെയാണെന്നുള്ള യാതൊരു തുമ്പും ആർക്കും കിട്ടിയില്ല.
സമയം രാത്രി പത്തിനോടടുക്കുന്നു. ചാറ്റൽ മഴ പതിയെ ശക്തി പ്രാപിക്കുന്നു.
ഗുരുവായൂർ അമ്പലനട.
മേല്പത്തൂർ ഓഡിറ്റോറിയത്തിൽ നൃത്തങ്ങൾ അരങ്ങേറുന്നു.
ഏതാനും നാഴികക്ക് ശേഷം കോരി ചൊരിയുന്ന മഴയെ പോലും വക വെക്കാതെ ഓഡിറ്റോറിയത്തിൽ കൂടിയ എല്ലാവരും ഗുരുവായൂരിലെ മഞ്ജുളാലിന് സമീപം തടിച്ചു കൂടി. ആ ആൽക്കൂട്ടത്തിൽ ഒരാളായി ദ്രൗപദിയുടെ അച്ഛനും ഉണ്ടായിരുന്നു.
മഞ്ജുളാലിന് താഴെയായി സ്വന്തം മകൾ ഒറ്റ കാലിൽ കെട്ടിയ ചിലങ്കയണിഞ്ഞ്, ഇടി മിന്നലിന്റെ അകമ്പടിയോടെ തകർത്ത് പെയ്യുന്ന പെരുമഴയെ പോലും വക വെക്കാതെ അസാമാന്യ മെയ് വഴക്കത്തോടെ നൃത്തം ചെയ്യുന്നു.
കാണാതായ സ്വന്തം മകളെ തേടിയെത്തിയ അച്ഛന് പോലും ആ നൃത്തത്തിന്റെ ഇടക്ക് കയറി അവളെ ബുദ്ധിമുട്ടിക്കാൻ തോന്നിയില്ല. അത്രക്ക് ദൃശ്യ മനോഹരമായിരുന്നു ആ നൃത്തം.
ഈ അമ്പരപ്പിക്കുന്ന കാഴ്ച കണ്ട ഗുരുവായൂരിലെ മുൻ കീഴ്ശാന്തിയായിരുന്ന നങ്ങാട്ട് തിരുമേനി ഇപ്രകാരം മൊഴിഞ്ഞു.
നടി മോനിഷയുടെ വല്യ ഒരു ആരാധകനായിരുന്നു ഞാൻ. ഭക്തനെന്ന് പറയുന്നതാകും കൂടുതൽ ശരി. മാത്രമല്ല, മോനിഷയുടെ അച്ഛൻ ഉണ്ണി എന്റെ അടുത്ത സ്നേഹിതൻ കൂടിയാണ്.
നടി മോനിഷക്ക് ശേഷം ശിവന്റെ വർണ്ണം ഇത്രയും ഭംഗിയായി ചെയ്യുന്ന ഒരൊറ്റ നർത്തകിയെ പോലും ഞാൻ കണ്ടിട്ടില്ല. ആവർത്തനങ്ങൾ കഴിഞ്ഞ് അനങ്ങാതെ നിൽക്കുന്ന പോസുകൾ കൂടി കാണുമ്പോൾ
പണ്ട് മോനിഷയെ കുറിച്ച് അന്നത്തെ പത്രങ്ങൾ എഴുതിയ അതേ വാക്കുകൾ തന്നെയാണ് ഈ നൃത്തം കാണുമ്പോൾ എനിക്കും പറയാനുള്ളത്.
Rare sense of balancing 🙏🏾
ഒടുവിൽ നടന്ന കാര്യങ്ങൾ ദ്രൗപദിയുടെ അച്ഛൻ നങ്ങാട്ട് തിരുമേനിയോട് തുറന്നു പറഞ്ഞു.
അപ്പോഴേക്കും അവശയായ ദ്രൗപദി അച്ഛന്റെ മടിയിൽ കിടന്നുറങ്ങിയിരുന്നു.
തിരുമേനി ഞങ്ങൾ ഇനി എന്താ ചെയ്യേണ്ടത്?
ഞാൻ മനസ്സിലാക്കിയടത്തോളം നടി മോനിഷയുടെ എന്തോ ഒരു സാനിധ്യം അല്ലെങ്കിൽ ഒരു അദൃശ്യ ശക്തി ഈ കുട്ടിയിൽ കയറിയിരിക്കുന്നു. ഒരുപക്ഷെ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ഇന്ന് ഭഗവാന്റെ സന്നിധിയിൽ നൃത്തം ചെയ്യാൻ മോനിഷയും ഉണ്ടാകേണ്ടതായിരുന്നു. പക്ഷെ…….
അതൊക്കെ പോട്ടെ, ദുർഗ എന്നൊരു പേര് ഈ കുട്ടി ഉപയോഗിച്ചതായി പറഞ്ഞില്ലേ?
ഉവ്വ്.
എങ്കിൽ സംശയം തെല്ലും വേണ്ട. കാരണം നടി മോനിഷക്ക് ആദ്യമിടാൻ വെച്ചിരുന്ന പേരും ദുർഗയെന്നാണ്. കൂടാതെ രണ്ട് പേരുടെയും നക്ഷത്രം മൂലം.
ആട്ടെ, കുട്ടിക്ക് ഈ ചിലങ്ക എവിടെ നിന്നും കിട്ടിയതാണ്?
തിരുമേനി, കുറച്ചു ദിവസം മുമ്പാണ് മോള് ഈ ചിലങ്ക വീട്ടിൽ കൊണ്ട് വരുന്നത്. ചോദിച്ചപ്പോൾ തിരൂരിൽ വെച്ച് നടന്ന യുവജനോത്സവത്തിൽ ആരോ കളഞ്ഞിട്ട് പോയത് എടുത്തോണ്ട് വന്നെന്നാണ് എന്നോട് പറഞ്ഞത്.
അപ്പോഴേക്കും അച്ഛന്റെ മടിയിൽ കിടന്ന ദ്രൗപദി ഞെട്ടിയെഴുന്നേറ്റു.
അച്ഛാ? നമ്മളിത് എവിടെയാ?
ഉടൻ തന്നെ തിരുമേനി തന്റെ കയ്യിലിരുന്ന ഭസ്മം ദ്രൗപദിയുടെ നെറ്റിയിൽ ചാർത്തി. പതിയെ അവൾ വീണ്ടും നിദ്രയിലോട്ടാഴ്ന്നിറങ്ങി.
ഗുരുവായൂരിൽ ഇന്ന് നൃത്തമാടാൻ വരണമെന്നത് കൂടാതെ വേറെ എന്തെങ്കിലും അന്ന് കിണറ്റിൻകരയിൽ വെച്ച് കുട്ടി പറഞ്ഞിരുന്നോ?
അങ്ങനെ ചോദിച്ചാൽ…….
ഈ പെൺകുട്ടിക്ക് നായികയായി ഏതോ സിനിമയിൽ അഭിനയിക്കാനുള്ള അവസരം കിട്ടി എന്ന് പറഞ്ഞില്ലായിരുന്നോ?
ഉവ്വ് പറഞ്ഞിരുന്നു.
ആരാ അതിന്റെ സംവിധായകൻ?
ഹരിഹരൻ. സിനിമയുടെ പേര് “പരിണയം”.
അത് കേട്ടതും നങ്ങാട്ട് തിരുമേനിയാകെ അസ്വസ്ഥനായി.
എങ്കിൽ എന്റെ കണക്ക് കൂട്ടലുകൾ അപ്പാടെ തെറ്റിയിരിക്കുന്നു. കാരണം മോനിഷ ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചിട്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഒരേ സംവിധായകന്റെ സിനിമയിൽ ഒന്നിൽ കൂടുതൽ തവണ അഭിനയിച്ചിട്ടില്ല. അങ്ങനെ നോക്കുമ്പോൾ മോനിഷയുടെ ആദ്യ സിനിമയായ നഖക്ഷതങ്ങൾ എടുത്തതും ഹരിഹരൻ അല്ലേ?
മോളെ ഉണർത്തിയാൽ സംസാരിക്കാൻ പറ്റുമോ?
ശ്രമിക്കാം.
ഒടുവിൽ തിരുമേനിയുടെ ചോദ്യങ്ങൾക്ക് തന്നിലെ അമാനുഷികതയെ ഉടലോടെ ഊരിയെറിഞ്ഞോണ്ട് ദ്രൗപദി മറുപടി നൽകാൻ തുടങ്ങി.
യുവജനോത്സവത്തിന്റെ അന്ന് ഒരു കുട്ടി കളഞ്ഞിട്ട് പോയ ചിലങ്കയാണ് ഞാൻ വീട്ടിൽ എടുത്തോണ്ട് വന്നത്.
അതെന്താ ഒരു ചിലങ്ക മാത്രം കളഞ്ഞിട്ട് പോയത്?
ഞങ്ങൾ പരിചയപ്പെട്ട സമയത്ത് ആ കുട്ടിയുടെ അമ്മ ഒരു ചിലങ്കയിലെ മണി പൊട്ടിയത് ശരിയാക്കാൻ കൊണ്ട് പോയേക്കുകയായിരുന്നു. പക്ഷെ കുറച്ചു നേരം കഴിഞ്ഞപ്പോൾ വല്യ ഒരു ശബ്ദം കേട്ടതും കയ്യിലിരുന്ന എല്ലാം വലിച്ചറിഞ്ഞോണ്ട് ആ കുട്ടി അമ്മേന്നും പറഞ്ഞ് വിളിച്ചോണ്ടോടി. പിന്നീട് ആ കുട്ടിയെ ഞാൻ കണ്ടിട്ടില്ല.
ആ ചിലങ്കയിൽ അസ്വഭാവികമായ എന്തെങ്കിലും കണ്ടിരുന്നോ? ജപിച്ചു കെട്ടിയ ചരടോ അങ്ങനെ എന്തെങ്കിലും?
“ഇല്ല, തിരുമേനി അങ്ങനെ ഒന്നും തന്നെ ആ ചിലങ്കയിൽ ഉണ്ടായിരുന്നില്ല. 100% ഉറപ്പ്”.
മോള് ആ കുട്ടിയുടെ പേര് ചോദിച്ചില്ലായിരുന്നോ?
ചോദിച്ചു. പുള്ളിക്കാരി പേര് പറയാൻ തുടങ്ങുമ്പോഴാണ് ഈ സംഭവം നടക്കുന്നത്. പിന്നെ വിനീതേട്ടന്റെ കൂടെ പരിണയം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയെന്നും പറഞ്ഞിരുന്നു.
സ്ഥലം പറഞ്ഞിരുന്നോ?
കൃത്യമായി ഓർക്കുന്നില്ല. ഇടുക്കി ആണെന്ന് തോന്നുന്നു.
പിന്നെ ആള് മോനിഷ ചേച്ചിയുടെ വല്യ ആരാധികയായിരുന്നു. ഇന്നിവിടെ നൃത്തം ചെയ്യാൻ വരുമെന്നും പറഞ്ഞിരുന്നു.
എങ്കിൽ ഈ കുട്ടി ഇപ്പോൾ എവിടെ ഉണ്ടെന്ന് നമുക്ക് കണ്ടെത്തണം. വഴിയുണ്ട്.
നങ്ങാട്ട് നമ്പൂതിരി ഡിസംബർ 18 ന് ഗുരുവായൂരിൽ നൃത്തമാടാൻ പേര് നൽകിയിരുന്ന ഇടുക്കിയിൽ നിന്നുള്ള കുട്ടികളുടെ ലിസ്റ്റ് എടുത്തു.
ഒടുവിൽ ആ ലിസ്റ്റ് ചെന്ന് നിന്നത് കുമിളിയ്ക്ക് സമീപം താമസിക്കുന്ന സരോജിനിയുടെ വീടിന് മുന്നിലായിരുന്നു.
പതിയെ ആ സത്യം അവർ തിരിച്ചറിഞ്ഞു.
മോനിഷ മരിച്ച അതേ ദിവസം ഏതാണ്ട് അതേ സമയത്ത് അടിമാലിയിൽ വെച്ചുണ്ടായ കാറപകടത്തിൽ ദുർഗ എന്ന ശ്രീ. ഹരിഹരന്റെ പുതിയ സിനിമയിൽ നായികയാകേണ്ട കുട്ടി മരണമടഞ്ഞു. ആ കാറപകടത്തിൽ ഒപ്പമുണ്ടായിരുന്ന അമ്മ സരോജിനി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുവജനോത്സവ വേദിയിൽ വെച്ച് സാരിക്ക് തീ പിടിച്ച് ശരീരമാകെ വെന്തു പോയ സരോജനി വളരെയധികം അവശതയിലായിരുന്നു കാണപ്പെട്ടത്.
മോനിഷയുടെ അമ്മ ശ്രീദേവിയെ പോലെ തന്റെ മകളുടെ ഓർമ്മകളിൽ മുഴുകി, ബാക്കി ജീവിതം തള്ളി നീക്കാനായിരുന്നു സരോജിനിയുടേയും നിയോഗം.
പിൽക്കാലത്ത് പരിണയത്തിലെ ദുർഗ ചെയ്യേണ്ട ‘ഉണ്ണിമായ’ എന്ന കഥാപാത്രം നടി മോഹിനിയാണ് വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. തലനാരിഴക്കാണ് ഈ ചിത്രത്തിലെ അഭിനയത്തിന് മോഹിനിക്ക് ദേശീയ അവാർഡ് നഷ്ടമായത്.
______________________________________________
വർഷങ്ങൾ കടന്നു പോയി.
1996 ഡിസംബർ 5 ലെ ഒരു പുലർവേള.
ചേർത്തല X-ray ജംഗ്ഷൻ അഥവാ മോനിഷ കവല.
ദ്രൗപദിയും അമ്മയും സഞ്ചരിച്ചോണ്ടിരുന്ന കാറിന് സമാന്തരമായി അയ്യപ്പഭക്തന്മാരുടെ നിയന്ത്രണം വിട്ട പമ്പാ റൂട്ടിലെ KSRTC ബസ് പാഞ്ഞു വരുന്നു. മരണം കണ്മുന്നിലെന്ന് വിധിയെഴുതവെ ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ KSRTC ഡ്രൈവർ ആരെയോ രക്ഷിക്കാനെന്ന പോലെ ഞൊടിയിടയിൽ ബ്രേക്ക് ചവിട്ടുന്നു.
ഇരു ചെവികളും പൊത്തി ഉറക്കെ കരഞ്ഞോണ്ട് കണ്ണ് തുറന്ന ദ്രൗപദി കാണുന്നത്, ഇഞ്ചോടിഞ്ച് വ്യത്യാസത്തിൽ ചേർന്ന് കിടക്കുന്ന ഇരു വാഹനങ്ങളുടേയും ഇടയിൽ കൂടി, ഒറ്റക്കാലിൽ കെട്ടിയ ചിലങ്കയുമായി നഗ്ന പാദയായി ഭരതനാട്യ വേഷത്തിൽ ദുർഗയുടെ കയ്യും പിടിച്ച് ക്രോസ്സ് ചെയ്ത് പോകുന്ന സാക്ഷാൽ മോനിഷയെ ആയിരുന്നു.
‘Yes, she was right. Aunty, just two hours. I can make wonders. Within seconds too’ ❣️
ദ്രൗപദി അയ്യപ്പ ഭക്തൻമാർ സഞ്ചരിച്ച ബസിനെ നോക്കി ഇരുകൈകളും കൂപ്പി വണങ്ങി നിന്നു.
“തത്വമസി”
അതേ, അത് നീയാകുന്നു.
ശേഷം നങ്ങാട്ട് തിരുമേനിയോട് പോലും മറച്ചു വെച്ച ആ രഹസ്യം ഒരിക്കൽ കൂടി ദ്രൗപദി അണിയാൻ തീരുമാനിച്ചു.
തന്റെ കൈവശമുള്ള ചിലങ്കയിൽ, ജപിച്ചു കെട്ടിയതായി കാണുന്ന വെള്ള ചരട് ആരും കാണാതെ അഴിച്ചെടുത്ത് തന്റെ ഇടത്തെ കാലിൽ വരഞ്ഞെടുത്ത് ചിലങ്ക കെട്ടി മറച്ചു.
“ഓം ശിവോഹം ഓം ശിവോഹം
രുദ്ര നാമം ഭജേ
വീര ഭദ്രായ അഗ്നി നേത്രായ ഗോര സംഹാരക
സകല ലോകായ സർവ്വ ഭൂതായ സത്യ സാക്ഷാത്കര
ശംഭോ ശംഭോ ശങ്കര
ഓം ശിവോഹം ഓം ശിവോഹം
ഹര ഹര ഹര ഹര ഹര ഹര ഹര ഹര മഹാദേവ”
_____________________________________________
മോനിഷയുടെ അപകടമരണ ശേഷം ചേർത്തലയിലെ X-ray ജംഗ്ഷൻ മോനിഷ കവല എന്നറിയപ്പെടാൻ തുടങ്ങിയത് വെറുതെയല്ല. ഇന്നും ദ്രൗപദിയെ പോലെ അനേകായിരം ജീവനുകളെ മോനിഷയുടെ അദൃശ്യ ശക്തി തലനാരിഴയുടെ വ്യത്യാസത്തോടെ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുന്നുണ്ട്. മാത്രമല്ല ഇപ്പോഴും X-ray ജംഗ്ഷന് ഏതാനും മീറ്ററുകളുടെ ചുറ്റളവിലുള്ള തമ്പുരാൻ കുന്നിന്റെ മുകളിൽ നിന്ന് രാത്രി കാലങ്ങളിൽ മോഹിനിയാട്ടത്തിന്റെ വേഷവിധാനത്തിൽ മോനിഷ നൃത്തമാടുന്നത് കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നവരും ഏറെയാണ്.
കൂടാതെ ഈ ആർട്ടിക്കിളിന്റെ ഭാഗമായിട്ടുള്ള സഞ്ചാരത്തിൽ, 2015 ഒക്ടോബർ ആറിന് തമ്പുരാൻ കുന്നിൽ വെച്ച് മോനിഷയേയും അമ്മയേയും ഒരുമിച്ച് കണ്ടെന്ന് പറഞ്ഞ ദർശരാജ് എന്ന ഇരുപത്തൊന്നുകാരൻ തന്റെ പരിമിതികളിൽ നിന്ന് കൊണ്ട് ഇരുവരേയും ചേർത്ത് വരയ്ക്കാൻ ശ്രമിച്ച ചിത്രവും ഈ പോസ്റ്റിനൊപ്പം ചേർക്കുന്നു. നിർഭാഗ്യവശാൽ ഈ പോസ്റ്റ് വായിക്കാൻ മോനിഷയേയും ദുർഗയേയും പോലെ അദ്ദേഹവും ഈ ഭൂമിയിൽ ജീവനോടെയില്ല.
(NB: ഫിക്ഷൻ എഴുത്ത് )
സമർപ്പണം : അകാലത്തിൽ മക്കളെ നഷ്ടപ്പെട്ട ഓരോ അമ്മമാർക്കും.