അവനെ സ്നേഹം നടിച്ചു ഒടുവിൽ വിവാഹം കഴിച്ചു സ്വന്തമാക്കി. ഞാനൊരമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അവന്റെ സന്തോഷം..

മൂടൽമഞ്ഞ്
രചന: Bhavana Babu

നേരം പുലർന്ന് വരുന്നതേയുള്ളു.തണുപ്പ് നിറഞ്ഞൊരിളം തെന്നൽ മെല്ലെ ജനൽപ്പാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്. ഉറക്കത്തിന്റെ രണ്ടാം പാതിയിൽ തെല്ലൊന്ന് സ്ഥാനം തെറ്റിയ ബ്ലാങ്കറ്റ് തലയിലേക്ക് വലിച്ചിട്ടു കുളിരിന്റെ സുഖം വല്ലാതെയൊന്ന് ആസ്വദിച്ചു തുടങ്ങിയപ്പോഴാണ് ജാൻകിയുടെ മൊബൈൽ റിങ് ചെയ്തത്.ഒരൽപ്പം അലസതയോടെ അത് അറ്റൻഡ് ചെയ്തപ്പോൾ മറുവശത്ത് ഹർഷിന്റെ പരുക്കൻ ശബ്ദം കേട്ട് അവൾ ചാടിപ്പിടഞ്ഞെ ഴുന്നേറ്റു.പാതി തുറന്ന കൺപോള കൾക്കിടയിലൂടെ സൈഡ് ടേബിളിലെ അലാറത്തിലൊക്കൊന്നവൾ പാളി നോക്കി. സമയം ആറര ആയെന്നറിഞ്ഞപ്പോൾ അവളൊന്ന് ഞെട്ടി.

“ഈശ്വരാ ഇനിയിപ്പോ അവന്റെ വായിലിരിക്കുന്ന തെറി മുഴുവൻ കേൾക്കാം. എന്തോ ആയിക്കോട്ടെ “എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് പതിഞ്ഞ ശബ്ദത്തിൽ അവൾ ഹലോ എന്നു പറഞ്ഞു.

“എന്റെ ജാൻകി ഞാൻ എത്ര നേരമായി നിന്നെ വിളിക്കുന്നു. ഇന്നും നീ ജോഗിങ്ങിനെ പോയില്ല അല്ലെ.”?

ഹർഷിന്റെ പതിവ് ചോദ്യം കേട്ട് അവൾക്ക് ദേഷ്യം വന്നു.

“ഹർഷ്, നീയെന്താ ഇങ്ങനെ എന്നെയെപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ട്?ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട് നിനക്കെന്നോട് ഒരു സ്നേഹവുമില്ലെന്ന് ”

പരിഭവത്തിൽ പൊതിഞ്ഞ ജാൻകിയുടെ വാക്കുകളൊന്നും ഹർഷിന്റെ മനസ്സിളക്കി യില്ല

“ദേ കൊച്ചേ അഞ്ചു മിനിറ്റിനുള്ളിൽ ഡ്രസ്സ്‌ ചെയ്തു വേഗം ജോഗിങ്ങിന് പൊക്കോണം … പിന്നെ നിന്റെ ഫ്രോഡ് പരിപാടിയൊന്നും എന്റിടത്ത് ഇറക്കാൻ നിൽക്കേണ്ട നിന്റെ പിന്നാലെ രാജീവ്‌ ഉള്ള കാര്യം ഓർത്തു വേണം നീ ഓരോ കാര്യങ്ങളും ചെയ്യാൻ ”

രാജീവിന്റെ പേര് കേട്ടതും ജാൻകിയുടെ നെറ്റി ചുളിഞ്ഞു.

“ഹർഷ് താനെന്തൊരു ബോറനാടോ….. സ്വന്തം ഭാര്യയെ ഫോളോ ചെയ്യാൻ സബോഡിനേറ്റിനെ വിടുന്നൊരു ഹസ്ബൻഡ്……”

“എനിക്കിപ്പോ നിന്നോട് സംസാരിച്ചു നിൽക്കാൻ നേരമില്ല…… ഇങ്ങോട്ടൊന്നും പറയാൻ നിൽക്കാതെ നീയിപ്പോ ഇറങ്ങാൻ നോക്ക് ”

ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ജാൻകി മനസ്സില്ലാ മനസ്സോടെ ജോഗിങ്ങിനിറങ്ങി

ഡിസംബർ മാസത്തിന്റെ നേരിയ മഞ്ഞുള്ള പ്രഭാതത്തിൽ റോഡുകൾ പലതും വിജനമാണ്‌.

ഓടിയതിന്റെ കിതപ്പ് അല്പമൊന്ന് മാറ്റാനായി അടുത്ത് കണ്ട തടിബെഞ്ചിൻമേലിരുന്ന് ഇരുവശത്തേയ്ക്കും സ്‌ട്രെച്ച് ചെയ്യുമ്പോഴാണ് പെട്ടന്ന് ആ കാഴ്ച അവളുടെ കണ്ണുകളിലുടക്കിയത്.
മൂക്കിലൂടെയും വായിലൂടെയും ചോര ഒലിപ്പിച്ചും കൊണ്ട് ഒരു സ്ത്രീ അവളുടെ അടുത്തേക്ക് പാഞ്ഞടുക്കുന്നു.

“ആരാ, നിങ്ങളെന്തിനാണ് ഇങ്ങനെ ധൃതി പിടിച്ചു ഓടുന്നത്? ആരെങ്കിലും നിങ്ങളുടെ പിന്നാലെ ഉണ്ടോ?

ഒരൽപ്പം ഭയത്തോടെ ജാൻകി അവരോട് ചോദിച്ചു.

അവളുടെ ചോദ്യങ്ങൾക്കൊന്നും ആ സ്ത്രീ മറുപടി പറഞ്ഞില്ല….. ഇടയ്ക്കിടെ അവർ പേടി കാരണം തിരിഞ്ഞു നോക്കു ന്നുണ്ടായിരുന്നു.

അവർ നോക്കുന്നിടത്തേക്ക് ജാൻകിയും നോക്കി അവിടെയെങ്ങും ആരുമില്ല.

ജാൻകിയുടെ നോട്ടം മുഴുവൻ ആ സ്ത്രീയിൽ ആയിരുന്നു. അവരുടെ പ്രായം ഏകദേശം മുപ്പത്തിയഞ്ച് വയസ്സിനടുത്ത് ഉണ്ടാകും. മുഷിഞ്ഞു ഒരൽപ്പം കീറിയ നിലയിലായിരുന്നു അവർ ഉടുത്തിരുന്ന സാരി. അവരുടെ നിലക്കാത്ത ബ്ലീഡിങ് കണ്ടതും ജാൻകി വല്ലാതെ ഭയന്നു.

“വരൂ നമുക്ക് ഏതെങ്കിലും ഹോസ്പിറ്റലിലേക്ക് പോകാം ”

അവൾ അവരെ നിർബന്ധിച്ചു ദൂരെ പാർക്ക് ചെയ്ത കാറിലേക്ക് കയറ്റി. അവർ അപ്പോഴും ഒന്നും പ്രതികരിക്കാതെ മറ്റേതോ ലോകത്തായിരുന്നു .

“നിങ്ങളിത് പോലീസിൽ ഇൻഫോം ചെയ്തോ? ”
ഹോസ്പിറ്റലിൽ എത്തിയതും ഡോക്ടർ,ജാ ൻകിയോട് ചോദിച്ചു.

“ഡോക്ടർ, ഞാൻ ഹൃഷിമംഗലം സ്റ്റേഷനിലെ . സി. ഐ. ഹർഷ് നാരായണന്റെ വൈഫാണ്. അദ്ദേഹമിപ്പോൾ ഔട്ട് ഓഫ് സ്റ്റേഷൻ ആണ്. രാത്രിയോട് കൂടി അദ്ദേഹം ക്വാട്ടേഴ്സിലെത്തും . അപ്പോൾ ഇവരുടെ വെയർ എബൌട്ട്സ് ചെക്ക് ചെയ്തു എല്ലാ ഫോർമാലിറ്റിയും കംപ്ലീറ്റ് ചെയ്യാം ”

“ഓക്കേ…. മാം….”

“ഇവർക്കെന്തെങ്കിലും കോംപ്ലിക്കേഷൻസ്? തെല്ലൊരു പരിഭ്രമത്തോടെ ജാൻകി ചോദിച്ചു

“ഏയ്‌ മുറിവൊന്നും അത്ര സീരിയസ് അല്ല. രണ്ടു ദിവസം കഴിഞ്ഞിട്ട് ഒരിക്കൽ കൂടി ചെക്കപ്പിന് കൊണ്ട് വന്നാൽ മതി . ഇപ്പോൾ മാഡത്തിന് ഇവരെയും കൊണ്ട് വീട്ടിലേക്ക് പോകാം ”

ഡോക്ടറുടെ ഉറപ്പ് കിട്ടിയതും ജാൻകി അവരെയും കൊണ്ട് നേരെ ക്വാർട്ടേഴ്സിലേക്ക് തിരിച്ചു. ആ യാത്രയിൽ പല പ്രാവശ്യം ജാൻകിയെ ഹർഷ് ഫോണിൽ കോൺടാക്ട് ചെയ്തു കൊണ്ടിരുന്നു. പക്ഷെ സൈലന്റിൽ ആയത് കൊണ്ട് അതൊന്നും അവൾക്ക് അറ്റൻഡ് ചെയ്യുവാൻ കഴിഞ്ഞില്ല.

ക്വാട്ടേഴ്സിൽ എത്തിയതും ജാൻകിയെ കാത്ത് ഇൻസ്‌പെക്ടർ രാജീവ്‌ നിൽപ്പു പ്പുണ്ടായിരുന്നു.

“മാഡം, സാറിന്റെ കോൾ ” ഭവ്യതയോടെ അയാൾ പറഞ്ഞു.

“ഞാൻ ഹർഷിനെ വിളിച്ചോളാം രാജീവ്‌ ഇപ്പൊ പൊയ്ക്കോളൂ ”

അതും പറഞ്ഞു അവൾ ആ സ്ത്രീയെയും താങ്ങി പിടിച്ചു കൊണ്ട്
ക്വാട്ടേഴ്സിനുള്ളിലേക്ക് നടന്നു.

ചോര പുരണ്ട അവരുടെ സാരിയൊക്കെ മാറ്റി, പകരം അലമാരയിൽ നിന്നും അമ്മയുടെ പഴയൊരു സാരിയെടുത്ത് അവരെ ഉടുത്തൊരുക്കി. ഒരു ഗ്ലാസ്‌ പാൽ നിർബന്ധിച്ച് എങ്ങനെയൊക്കെയോ അവരെക്കൊണ്ട് കുടിപ്പിച്ചു…. എല്ലാം കഴിഞ്ഞ് അവരെ റൂമിലാക്കി ഹാളിലേക്ക് വന്നപ്പോഴാണ് രാജീവ്‌ പറഞ്ഞ കാര്യം ജാൻകി ഓർത്തത്.

ഹാൻഡ് ബാഗിൽ നിന്നും ഫോണെടുത്ത് ഹർഷിനെ വിളിച്ചതും, ഒന്ന് രണ്ടു റിങ്ങിനു ശേഷം,അയാൾ കോൾ അറ്റൻഡ് ചെയ്തു…..

“എന്താ ജാൻകി അവിടെ നടക്കുന്നത്? നിന്നോടൊപ്പം കണ്ട ആ ലേഡി ആരാണ് ?

“ഓ അപ്പോഴേക്കും ചാരൻ ന്യൂസ്‌
എത്തിച്ചോ? “പരാതി നിറച്ചുള്ള ജാൻകിയുടെ
ചോദ്യം കേട്ടതും ഹർഷ് പതിവില്ലാത്ത വിധം ഗൗരവത്തിലായി.

ഇത്രയും നാൾ നീ വഴിയിൽ കിടക്കുന്ന പൂച്ചയെയോ, പട്ടിയെയോ ഒക്കെയാണ് ജോഗിങ് കഴിയുമ്പോൾ റൂമിലേക്ക് കൊണ്ട് വന്നിരുന്നത്.ഇതിപ്പോ ആരാ എന്താന്നൊക്കെ അറിയാതൊരു സ്ത്രീ. അവരിനി വല്ല ക്രിമിനലുമാണെങ്കിലോ?

ഹർഷിന്റെ സംശയം നിറഞ്ഞ വാക്കുകൾക്ക് മുൻപിൽ ജാൻകി ആദ്യമൊന്ന് പതറിയെങ്കിലും എന്തോ ഓർത്തപ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു.

“ഏയ്‌…. അവരോരു പാവം സ്ത്രീയാണ് ഹർഷ്…. കുറച്ചു മുൻപേ ഞാൻ അവരുടെ റൂമിൽ ചെന്ന് നോക്കിയപ്പോൾ അവർ നമ്മുടെ കുഞ്ഞിനായി വാങ്ങിയ ഡോളും കെട്ടിപ്പിടിച്ചു സുഖമായിട്ടുറങ്ങുന്നു… ആ ഭാഗ്യം നമുക്കില്ലാതെ പോയല്ലോ…………. അതോർത്തപ്പോൾ വല്ലാത്തൊരു സങ്കടം.

ജാൻകിയുടെ വാക്കുകൾ ഇടറിയതും ഹർഷ് അവളെ സമാധാനിപ്പിക്കാൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

“താനിനി പഴയതൊക്കെ ആലോചിച്ചു ഡിപ്രെസ്സ് ആകാൻ നിൽക്കരുത് കേട്ടല്ലോ…”

ഒരു താക്കീത് പോലെ ഹർഷ് പറഞ്ഞു….

“ഞാൻ ശ്രമിക്കാം ഹർഷ്…. എന്നാലും ചിലപ്പോഴൊക്കെ മനസ്സ് കൈവിട്ട് പോകും.അതൊക്കെ പോട്ടെ അവിടുത്തെ വർക്ക്‌ ഒക്കെ കംപ്ലീറ്റ് അയോ ? എപ്പോഴാണ് റിട്ടേൺ…..”?

“ഓൺ ദ വേ ആണ്….മേ ബി ഒരു 12 മണി ആകുമ്പോഴേക്കും എത്തും…. അല്ല, താൻ ഫുഡ്‌ ഒക്കെ ഉണ്ടാക്കിയോ?”

.”ഇന്നെന്തോ എനിക്ക്‌ ആകെയൊരു മൂഡ് ഓഫ്‌. ശാലിനിയോട് ഞാൻ രാത്രിയിലെ ഫുഡ്‌ കൂടി വയ്ക്കാൻ പറഞ്ഞു. പിന്നെ പോകാൻ നേരം അവരെ എന്തെങ്കിലും കഴിപ്പിക്കാൻ മറക്കരുതെന്നും പറഞ്ഞേൽപ്പിച്ചു . ഒക്കെ മിണ്ടാതെ തലകുലുക്കി ഏറ്റിട്ടുണ്ട്. നടക്കുമോന്നു കണ്ടറിയണം.”

“അവരെ കണ്ടവൾ പേടിച്ചില്ലേ “?

ഹർഷ് അതിശയത്തോടെ ചോദിച്ചു.

“സ്വതവേ അവളൊരു പേടിത്തൊണ്ടിയാണല്ലോ പക്ഷെ എന്താണെന്നറിയില്ല അവരെ കണ്ടപ്പോൾ അവൾക്കൊരു ധൈര്യമൊക്കെ വന്നത് പോലെ

“ആഹാ.. അപ്പൊ തന്റെ ഗസ്റ്റ് ആളു കൊള്ളാല്ലോ “?

ഒരു ചെറു ചിരിയോടെ ഹർഷ് പറഞ്ഞു…

“ഓക്കേ ഹർഷ്, എന്റെ വർക് ഇപ്പോൾത്തന്നെ ഒത്തിരി പെന്റിങ് ആണ് . നൈറ്റ്‌ ഫുൾ ഇരുന്നാലും തീരുന്ന കോളില്ല …ഇടക്ക് ഫ്രീ ആയാൽ ഞാൻ തന്നെ വിളിക്കാം”

വൈകുന്നേരത്തെ ജോലി എല്ലാം കഴിഞ്ഞു ശാലിനി പോകുമ്പോൾ ജാൻകി സോഫയിൽ പാതി മയക്കത്തിലായിരുന്നു. ഏകദേശം ഒൻപത് മണിയോടടുപ്പിച്ചാണ് അവൾ പിന്നെ കണ്ണ് തുറന്നത്….. ഓടിപ്പിടച്ചു അവരുടെ റൂമിൽ ചെന്നു നോക്കിയപ്പോൾ അവർ നല്ല ഉറക്കത്തിലാണ്……

കുളിച്ചു ഫ്രഷ് ആയി പുറത്തേക്ക് വന്നപ്പോൾ ജാൻകിയ്ക്ക് വല്ലാത്ത വിശപ്പ്.തോന്നി …. ശാലിനി അത്താഴത്തിലേക്ക് കഞ്ഞിയും പയറു തോരനുമാണ് ഉണ്ടാക്കി വച്ചിരുന്നത്…. ഫ്രിഡ്ജിൽ കടുമാങ്ങാ അച്ചാറുമുണ്ട്…..

പാത്രം കഴുകി, കിച്ചനൊക്കെ വൃത്തിയാക്കി ഹാളിൽ ചെന്ന് ജാൻകി വീണ്ടും ലാപ്പിന് മുന്നിൽ ഇരുന്നു…. സമയം പത്തര കഴിഞ്ഞിരിക്കുന്നു …. സോഫയിലിരുന്ന് വർക് ചെയ്തു നടുവ് വേദനിക്കാൻ തുടങ്ങിയപ്പോഴാണ്, കുഷ്യൻ ചെയറിലേക്ക് അവൾ സ്ഥാനം മാറിയിരുന്നത് .എല്ലാ ലൈറ്റും ഓഫ്‌ ചെയ്ത് വെറും ടേബിളിൽ ലാ മ്പ് മാത്രം ഓണാക്കി അവൾ വേഗത്തിൽ വർക്ക്‌ ചെയ്യാൻ തുടങ്ങി…….

കുറച്ചു കഴിഞപ്പോഴാണ് ആരോ തന്റെ പിന്നിലൂടെ വേഗത്തിൽ പോകുന്നതായി ജാൻകിയ്ക്ക് തോന്നിയത്….. ആദ്യം തന്റെ തോന്നലായിരിക്കുമെന്നവൾ കരുതി…. തൊടുത്ത നിമിഷത്തിലാണ് ആരോ അവളുടെ കഴുത്തിൽ പ്ലാസ്റ്റിക് കയർ കൊണ്ട് വരിഞ്ഞു മുറുക്കിയത്… ഒന്ന് ശ്വസിക്കുവാൻ പോലും കഴിയാതെ അവൾ ഞെരിഞ്ഞമർന്നു….. ഒരിറ്റ് ശ്വാസത്തിനായി ജാൻകി ഞെളിപിരി കൊണ്ട് കൈയും കാലുമിട്ട് അടിക്കാൻ തുടങ്ങി.

മരണത്തെ തൊട്ടു മുന്നിൽ കണ്ടതായി അവൾക്ക് തോന്നി.പെട്ടെന്നാണ് ഡോർ ആഞ്ഞു തള്ളിക്കൊണ്ട് ആരോ അങ്ങോട്ട് ധൃ തിയിൽ വന്നത്….

“ജാൻകി “എന്നലറി കൊണ്ട് ലൈറ്റ് ഓൺ ചെയ്ത് ഹർഷ് അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു.തൊട്ടടുത്ത നിമിഷം കഴുത്തിൽ മുറുകിയിരുന്ന അവളുടെ കയർ അയഞ്ഞു. രാജീവ്‌ ആ സ്ത്രീയെ കീഴ്പ്പെടുത്തി, അവരുടെ കൈകൾ പിറകിലായി ബന്ധിച്ചു.

“ആർ യു ഓക്കേ “എന്നവന്റെ ചോദ്യത്തിന് അവൾക്ക് ഉത്തരം നൽകുവാൻ കഴിഞ്ഞില്ല…. ചുമച്ചു കൊണ്ട് അവൾ മെല്ലെ തലയാട്ടി.

“ഇവരാണ് നിന്നെ കൊല്ലാൻ വന്നത്? അറിയോ നിനക്ക് ഇവരാരാണെന്ന്.?” അലർച്ചയോടെയായിരുന്നു ഹർഷിന്റെ ചോദ്യം

ഒന്നും മനസ്സിലാകാതെ ഞാൻ ഞെട്ടലോടെ അവരെയൊന്ന് നോക്കി…. കുറച്ചു മുൻപ് ശാന്തമായിരുന്ന അവരുടെ മുഖമിപ്പോൾ പ്രക്ഷുബ്ധമായൊരു കടൽ പോലെ ചുവന്നിരിക്കുന്നു

“ഇവർ ആരാണെന്ന ഭാവത്തിൽ ജാൻകി ഉദ്വേഗത്തോടെ ഹർഷിനെ നോക്കി

“ഇവർ ഇന്നലെ മെന്റൽ ഹോസ്പിറ്റലിൽ നിന്നും ചാടി പ്പോയൊരു മനോരോഗിയാണ് …. നീ ഇവരെ ഇവിടെ കൊണ്ട് വന്നപ്പോൾ തന്നെ രാജീവെനിക്ക്‌ ഇവരുടെ ഫോട്ടോ സെൻറ് ചെയ്തിരുന്നു .ആ സ്പോട്ടിൽ തന്നെ ഐഡന്റിഫൈ ചെയ്തത് കൊണ്ട് കറക്റ്റ് ടൈമിൽ എനിക്കിവിടെ എത്താൻ കഴിഞ്ഞു

“അവർ ഇടയ്ക്കിടെ രാജീവിന്റെ കൈയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു പക്ഷെ അതെല്ലാം പരാജയപ്പെടുക
യാണുണ്ടായത്. കുറച്ചു കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ നിന്നും അവരെ കൊണ്ട് പോകാനായി വാൻ വന്നു.അതിനുള്ളിൽ നിന്നും രണ്ട് അറ്റന്റർമാർ ഇറങ്ങി വന്ന് അവരെ ബലം പ്രയോഗിച്ചു പിടിച്ചു വലിച്ചു കൊണ്ടു പോകാൻ തുടങ്ങവേ, ഹർഷിന്റെ തൊട്ടടുത്തെത്തിയതും ഒരു നിമിഷം അവരൊന്ന് നിന്നു. എന്നിട്ട് പതിഞ്ഞ ശബ്ദത്തിൽ അവന്റെ കാതിൽ അവരെ ന്തോ മന്ത്രിച്ചു. ഇത് കേട്ട് അയാൾ വിളറുന്നതും, ഒടുവിൽ ഭയം കൊണ്ട് പരിഭ്രമിക്കുന്നതും ജാൻകി അകലെ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു…….

അവർ പോയിക്കഴിഞ്ഞിട്ടും ഹർഷ് വല്ലാത്ത ചിന്തയിലായിരുന്നു.

“എന്താ ഹർഷ് കിടക്കുന്നില്ലേ “? ജാൻവിയുടെ ചോദ്യം കേട്ട് അയാൾ മെല്ലെ തലയാട്ടി.

“നീ കിടന്നോ…. എനിക്ക് കുറച്ചു വർക്കുണ്ട്. ലേറ്റ് ആകും ”

ഹർഷിനെ എന്തോ കാര്യമായി അലട്ടുന്നതായി ജാൻകിയ്ക്ക് തോന്നി…. പക്ഷെ അവൾക്കെന്തോ അയാളോട് ഒന്നും ചോദിക്കുവാൻ തോന്നിയില്ല.

“ഓക്കേ ഹർഷ്… ഗുഡ് നൈറ്റ്‌….” അതും പറഞ്ഞു ജാൻകി റൂമിലേക്ക് പോയി.

ഹർഷിന്റെ മനസ്സ് അപ്പോൾ വല്ലാതെ നീറു കയായിരുന്നു….. അവന്റെ ഓർമ്മകൾ അഞ്ചു വർഷം പിന്നിലേക്ക് സഞ്ചരിച്ചു ……

അന്ന് താൻ എസ് ഐ ആയി ചാർജ് എടുത്തിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു ചെറുപ്പത്തിന്റെ ശൗര്യം കൊണ്ട്, ക്രിമിനൽസിനെതിരെ ആക്ഷൻ എടുക്കാൻ താനൊരു മടിയും കാണിച്ചില്ല. എന്നാൽ ആ സായാഹ്നത്തിലെ ദുരന്തം നിറച്ചൊരു വാർത്ത ഞങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചു ……

പതിനെട്ടു വയസ്സുള്ള അനിയന്റെ എല്ലാ തോന്നിവാസത്തിനും കൂട്ട് നിൽക്കുന്നത് ഞാനാണെന്ന ഒറ്റ കാരണം കൊണ്ട് അമ്മ പലപ്പോഴുമെന്നെ വല്ലാതെ ശകാരിച്ചിരുന്നു.പക്ഷെ അതെല്ലാം അവഗണിച്ചുകൊണ്ട് ഞാനെന്നുമവനെ ചേർത്തു പിടിച്ചു.. എന്നാൽ മയക്കു മരുന്നിനടിമപ്പെട്ടു മൂന്നു വയസ്സുള്ളൊരു പിഞ്ചു കുഞ്ഞിനെ റേപ്പ് ചെയ്ത് കൊന്നു കളഞ്ഞ അവനെ എനിക്ക് ആ സ്പോട്ടിൽ ഷൂട്ട് ചെയ്യാനാണ് തോന്നിയത്. എന്നാൽ അമ്മയുടെ ആത്മഹത്യ ഭീഷണിയ്ക്ക് മുന്നിൽ ഞാനെല്ലാം മറന്നു. ഒടുവിൽ എങ്ങനെയെങ്കിലും അവനെ പുറത്തിറക്കാനുള്ള വഴികളാണ് താ നാലോചിച്ചത്…….”

ഹർഷിന്റെ മനസ്സിൽ ഒടുവിൽ തെളിഞ്ഞു വന്നത് ആ കുഞ്ഞിന്റെ മാതാ പിതാക്കളായ ഭദ്രയുടെയും, ഹരിയുടെയും
മുഖങ്ങളായിരുന്നു

ഹരികുമാർ ഒരു ഫേമസ് ജേണലിസ്റ്റ് ഒന്നുമായിരുന്നില്ല. പക്ഷെ അവന്റെ വാക്കുകളുടെ മൂർച്ചയ്ക്ക് മുന്നിൽ താ നാദ്യമൊന്ന് പതറി. അവന്റെ ഭാര്യ ഭദ്രയും ചില്ലറക്കാരിയായിരുന്നില്ല കോളേജ് രാഷ്ട്രീയം പകർന്ന വീറും വീര്യവുമായിരുന്നു അവൾക്ക്. ഒടുവിൽ തന്റെ അനിയന് വേണ്ടി താൻ കാണിച്ചു കൂട്ടിയതൊക്കെ ഈശ്വരന് പോലും പൊറുക്കാൻ കഴിയാത്ത തെറ്റുകളായിരുന്നു. അതൊക്കെ ഓർക്കുമ്പോൾ അന്നും ഇന്നും തനിക്കൊരു കുറ്റബോധവും തോന്നിയിട്ടില്ല.

അത്രയേറെ പാപങ്ങൾ തലയിലേറ്റി അവനെ കുറ്റ വിമുക്തൻ ആക്കിയിട്ടും ആയുസ്സ് കുറവായിരുന്നു. ആറു മാസത്തിനുള്ളിൽ ഒരു ബൈക്ക് ആക്സിഡന്റിൽ അവൻ മരിച്ചു… ആ ദുഃഖം കണ്ടു നിൽക്കാൻ കഴിയാതെ തൊട്ടു പിന്നാലെ അമ്മയും……

ഭദ്രയുടെ കണ്ണുകളിലെരിയുന്ന നോട്ടം, ഹർഷിനെ വിടാതെ പിന്തുടർന്നു കൊണ്ടിരുന്നു. ഉറ്റ സുഹൃത്തായ രാജീവിനോട് പോലും അയാൾ തന്റെ മനസ്സിലുള്ള രഹസ്യങ്ങൾ പങ്കു വച്ചില്ല.കനലെരിയ്ക്കുന്ന ഓർമ്മകളോട് തല്ക്കാലം വിട പറഞ്ഞു അന്ന് ഹർഷ് സുഖമായുറങ്ങി.

പിറ്റേദിവസം പുലർച്ചയ്ക്ക് ഹർഷും, ജാൻകിയും ഒരുമിച്ചാണ് ജോഗിങ്ങിന് പോയത്…… അന്നയാൾ വളരെ ഉത്സാഹവാനായി കാണപ്പെട്ടു….. സ്റ്റേഷനിലേക്ക് ഇറങ്ങും മുന്നെ, ജാൻകിയ്ക്ക് നെറ്റിയിൽ നൽകിയ ചുംബനം അയാളുടെ അന്ത്യ ചുംബനം ആയിരിക്കുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല….. കാറിന്റെ ബ്രെക്ക് നഷ്ടപ്പെട്ടു ഡിവൈഡറിൽ ചെന്നിടിച്ചു ഹർഷ് സ്പോട്ടിൽ തന്നെ മരിച്ചു…. അയാളുടെ മൃതദേഹത്തിന് മുന്നിൽ അലമുറയിട്ടു തേങ്ങുന്ന ജാൻകി എല്ലാവർക്കുമൊരു നൊമ്പരമായി……..

**************

ഏകദേശം ഒരു മാസത്തിനു ശേഷം നഗരത്തിലെ പ്രശസ്തമായൊരു മെന്റൽ ഹോസ്പിറ്റൽ……..

“ഭദ്രേ…… നീയിന്നു ഡിസ്ചാർജ് ആകുകയാണ്. വരൂ നമുക്ക് വീട്ടിലേക്ക് പോകാം ”

ഹരിയുടെ വാക്കുകൾ കേട്ടതും ഭദ്ര ആശ്വാസത്തോടൊരു നെടുവീർപ്പിട്ടു

“ഹരിയേട്ടാ, നമ്മുടെ വേണി മോൾക്ക് നീതി കിട്ടിയോ?”

വേദന നിറഞ്ഞ അവളുടെ ചോദ്യത്തിന് മുന്നിൽ അവൻ പതറിയില്ല… മെല്ലെ ചിരിച്ചു കൊണ്ടവൻ തലയാട്ടി….. “നമ്മുടെ മോളെ കൊന്നവനെയും, ഒടുവിൽ അതിനൊക്കെ കൂട്ട് നിന്നവനെയും ഞാൻ മുകളിലേക്ക് പറഞ്ഞയച്ചിട്ടുണ്ട്…..”. മനസ്സ് നിറഞ്ഞൊരു ചിരിയോടെ അവൻ പറഞ്ഞു.

“ഇപ്പോഴാണെനിക്കാശ്വാസം കിട്ടിയത്. ആയുധം കൈയിലെടുക്കാതെ നീതിക്ക് വേണ്ടി പോരാടിയ അവൻ നമ്മെ ഏതെല്ലാം വിധത്തിൽ ദ്രോഹിച്ചു.ഏട്ടനെ വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച്,
ഒടുവിൽ മരിച്ചെന്നു കരുതിയല്ലേ അവർ റോഡിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.
ഭാഗ്യം കൊണ്ടാണ് അന്നേട്ടന്റെ ജീവൻ തിരിച്ചു കിട്ടിയത്. ഇതിനിടയിൽ , എന്നെയൊരു വേശ്യാ സ്ത്രീയായി മുദ്ര കുത്തി നാട്ടുകാരുടെമുന്നിൽ .
അപമാനിതയാക്കി എന്നിട്ടും മതി വരാതെ അവനെനെ ഭ്രാന്താശുപത്രിയിൽ അടച്ചിട്ടു ”

ഭദ്രയുടെ വാക്കുകൾ ഹരിയെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു…..

“അതെല്ലാം മറന്ന് നമുക്കൊരു പുതിയ ജീവിതം തുടങ്ങാം ഭദ്രേ ….. പക്ഷേ നമ്മളെ തിരിച്ചറിയുന്ന ഈ നാട്ടിൽ ഇനി നിൽക്കേണ്ട. പിന്നെ,നമ്മുടെ ഒപ്പം പോരാൻ ഒരാൾ കൂടി പുറത്തു കാത്തു നിൽക്കുന്നുണ്ട് ”

ഹരി ഭദ്രയെയും കൊണ്ട് പാർക്ക് ചെയ്ത കാറിനടുത്തേക്ക് നടന്നു…… അതിനുള്ളിൽ അവർക്കൊരു അതിഥി ഉണ്ടായിരുന്നു.

“ജാൻകി…… ചാവേറാകാൻ സ്വന്തം ജീവിതം ഹോമിച്ചവൾ “?

“എന്തിനാണ് മോളെ, നീ ഞങ്ങൾക്കൊപ്പം ഇങ്ങനെയൊരു സാഹസത്തിന്.അതും നിന്റെ ജീവിതം നശിപ്പിച്ചു കൊണ്ട്?വേണ്ടായിരുന്നു ”

ഭദ്രയുടെ വാക്കുകൾ ജാൻകിയെ വേദനിപ്പിച്ചു……

“അപ്പൊ ചേച്ചി കഴിഞ്ഞതൊക്കെ മറന്നുവല്ലേ….. നടു റോഡി ലിട്ട് മൂന്നാല് പേരെന്നെ മൃഗ്ഗീയമായി പിച്ചി ചീന്തിയിട്ടും അതൊന്നും ചോദിക്കാനോ, റിപ്പോർട്ട്‌ ചെയ്യാനോ ഈ നാട്ടിലെ ഒരാളും വന്നില്ല….. എല്ലാം നഷ്ടപ്പെട്ടു സ്വയം വെറുപ്പ് തോന്നി ആത്മഹത്യക്ക് ഒരുങ്ങിയപ്പോഴാണ് ഈശ്വരനെ പോലെ ഹരിയേട്ടനെന്റെ മുന്നിലേക്ക് വന്നത്……. അദ്ദേഹം കാണിച്ചു തന്നെ വഴിയിലൂടെയായിരുന്നു പിന്നെയെന്റെ യാത്ര. കടുത്തനിയമപോരാട്ടങ്ങൾ
ക്കൊടുവിൽ എനിക്ക് നീതി ലഭിച്ചു.രണ്ടു
വർഷത്തിന് ശേഷം അന്നാണ് ഞാനൊന്ന് സ്വസ്ഥമായി ഉറങ്ങിയത്……

ഏട്ടനോടും, ചേച്ചിയോടുമുള്ള സ്നേഹവും കടപ്പാടും ഈ ജന്മം എനിക്ക് വീട്ടാൻ കഴിയുമെന്ന് ഞാൻ ഓർത്തതല്ല.

ഒടുവിൽ സന്തോഷത്തോടെ ഞാൻ കഴിഞ്ഞതൊക്കെ മറന്ന് മുംബൈക്ക് തിരിച്ചപ്പോളാണ് വേണി മോളുടെ മരണ വിവരം ഞാനറിയുന്നത്.റോസാപൂ പോലത്തെ നമ്മുടെ കുഞ്ഞിനെ ഇല്ലാതാക്കിയവനെ നശിപ്പിക്കണം. പിന്നെ അതായിരുന്നു എന്റെ ലക്ഷ്യം. അവന്റെ അനിയനെ കൊല്ലാനുള്ള അവസരം ഹരിയേട്ടൻ കൈവശപ്പെടുത്തി…. പിന്നെ ഹർഷിന്റെ ഊഴമായിരുന്നു. അവനെ സ്നേഹം നടിച്ചു ഒടുവിൽ വിവാഹം കഴിച്ചു സ്വന്തമാക്കി. ഞാനൊരമ്മയാകാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അവന്റെ സന്തോഷം കണ്ട് ഉള്ളിലെവിടെയോ അറിയാതെ എനിക്കവനോട് ചെറിയൊരു സ്നേഹം തോന്നിയിരുന്നു. പക്ഷെ ഓരോ നിമിഷവും അവൻ ചെയ്തു കൊണ്ടിരുന്ന കുറ്റകൃത്യങ്ങൾ അറിഞ്ഞപ്പോൾ എനിക്കവനോട് വെറുപ്പായി.ആ പാപ ഭാരം കൊണ്ടാകും എനിക്കെന്റെ കുഞ്ഞിനെപ്പോലും നഷ്ടമായതും.”വിതുമ്പൽ അടക്കികൊണ്ടവൾ പറഞ്ഞു.
“ഭദ്രേച്ചി , അന്ന് രാജീവ്‌ ഒപ്പമില്ലായിരു
ന്നെങ്കിൽ ഹർഷിനെ നമുക്ക് കൊന്നു
തള്ളാമായിരുന്നു. പക്ഷെ ഒരു ദിവസത്തേക്ക് അവന്റെ ആയുസ്സ് നീട്ടി കിട്ടി. കൊന്നും, കൂട്ടികൊടുത്തും അവനുണ്ടാക്കിയ കോടിക്കണക്കിനു സ്വത്തുകൾക്ക് ഇന്ന് ഞാനൊരു അവകാശി മാത്രമേയുള്ളു. ആ പണം നമുക്ക് നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കാം ഏട്ടാ ”

ജാൻകിയുടെ മനസ്സിലുള്ള നൊമ്പരങ്ങളും, ആഗ്രഹങ്ങളുമെല്ലാം അറിഞ്ഞപ്പോൾ ഹരിക്കവളോട് വല്ലാത്തൊരു വാത്സല്യം തോന്നി.

“ജാൻകി, ആ പൈസ നിനക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യാം…… ഞങ്ങളുടെ വഴി അതല്ല മോളെ…… നിന്നെപ്പോലെ, നമ്മുടെ വേണി മോളെപ്പോലെ പിടഞ്ഞു വീഴുന്ന പെൺകുട്ടികൾക്കായി നീതിയുടെ സ്വരം കൊണ്ടൊരു വഴി ഒരുക്കുക. ഇനിയുള്ള ജീവിതത്തിൽ ആ ഒരു ലക്ഷ്യം മാത്രമേയുള്ളു.”

ഹരിയുടെ തീരുമാനങ്ങൾ ഭദ്രയുടേത് കൂടിയായിരുന്നു……..

“അപ്പോൾ ഞാൻ, എന്നെ കൂട്ടാതെ നിങ്ങൾ പോകുകയാണോ ”

നിറഞ്ഞ മിഴികെളോടെ ജാൻകി ചോദിച്ചു.

“നിനക്കും ഇവിടെ കുറേ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. അതെല്ലാം ഞങ്ങൾ വഴിയേ നിന്നെ അറിയിക്കാം. ഹർഷിനെപ്പോലുള്ള യഥാർത്ഥ ക്രിമിനൽസിന്റെ മുഖമൂടിയാണ് നമ്മളാദ്യം വലിച്ചു കീറേണ്ടത് ”

ഭദ്രയുടെ മുഴക്കമുള്ള ശബ്ദം, ജാൻകിയിൽ രോമാഞ്ചമുണർത്തി…. പുതിയൊരു ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്ന ഹരിയെയും, ഭദ്രയെയും അവൾ തന്റെ സങ്കടം ഉള്ളിലൊതുക്കി സന്തോഷത്തോടെ യാത്രയാക്കി.