ഈ വഴിയിലെന്നും
രചന: Bhavana Babu
ഏകദേശം ആറ് മാസങ്ങൾക്ക് മുൻപാണ്, സുമയുടെ കടയുടെ മുകളിലത്തെ നിലയിലുള്ള നാരായണേട്ടന്റെ ലോഡ്ജിലേക്ക് സ്‌കൂളിലേക്ക് പുതുതായി ട്രാൻസ്ഫറായി വന്ന രവിമാഷ് താമസം തുടങ്ങിയത്….
ചെറുവത്തൂരിലേക്ക് കാലെടുത്തു വച്ച ദിവസം അയാളുടെ മനസ്സിലിന്നും മായാതെ നിൽപ്പുണ്ട്… ആ കണ്ണുകളാദ്യം ഉടക്കിയത് ബസ് സ്റ്റോപ്പിനെതിർ വശത്തായി മുളന്തണ്ടിൽ കുത്തിനിർത്തിയ നീല അക്ഷരങ്ങൾ നിറഞ്ഞൊരു ബോർഡിലാ യിരുന്നു .
“സുമയുടെ തേപ്പ് കട “. വായിച്ചപ്പോൾ തന്നെ എന്തോ ഓർത്തു കൊണ്ട് അയാളുടെ ചുണ്ടിലൊരു ചിരി വിടർന്നു .”സ്വഭാവികമായി ആ തേപ്പ് കാരിയെ കാണാൻ അയാൾക്കൊരു മോഹമുദിച്ചു……
ലോഡ്ജിന്റെ സ്റ്റെപ്പുകൾ ഓരോന്നായി കയറു മ്പോഴും കൗതുകം നിറഞ്ഞ അയാളുടെ നോട്ടം ആ കടയിലേക്കായിരുന്നു… കൂട്ടിയിട്ട ഒരു കുന്ന് തുണികൾക്കിടയിൽ മിന്നായം പോലെ അയാളവളെ കണ്ടു….
നിവർത്തിയിട്ട സാരി തേച്ചു മിനുക്കുന്ന അവളുടെ മുഖം ഒറ്റ നിമിഷം കൊണ്ടാണ് അയാളുടെ ഹൃദയത്തിൽ പതിഞ്ഞു പോയത്.. വല്ലാത്തൊരു ശാലീനത നിറഞ്ഞ മുഖം…
ലേശം ഇരുണ്ടിട്ടാണെങ്കിലും അവളുടെ കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുള്ളതായി അയാൾക്ക് തോന്നി … നീളമുള്ള ഇടതൂർന്ന മുടി അലസമായി വാരിവലിച്ച് കെട്ടി വച്ചിരിക്കുന്നു. .. അയാളുടെ കണ്ണുകൾ അവളുടെ വയറിൽ നിന്നും,അരിച്ചിറങ്ങി മുട്ടിന്റെ താഴെയായി കുത്തി വച്ച ഹാഫ് സാരിയുടെ പാവാട തുമ്പിലെത്തി.
പെട്ടെന്നെന്തിനോ വേണ്ടി അവൾ വെട്ടിത്തിരിഞ്ഞതും അവളുടെ നോട്ടം അയാളുടെ മുഖത്ത് പതിച്ചു.അതോടെ അയാളെയൊന്ന് തറപ്പിച്ചു നോക്കി കൊണ്ട് അവൾ പാവാട തുമ്പഴിച്ചു നേരെയാക്കി…. അവളുടെ നോട്ടത്തിനൊപ്പം ആ ചുണ്ടനക്കവും പന്തിയല്ലെന്ന് മനസ്സിലായപ്പോൾ രവി പിന്നെ അങ്ങോട്ട് നോക്കിയതേയില്ല.
“ആ തേപ്പ് കടയിലെ പെണ്ണ്, ആളത്ര ശരിയല്ല ല്ലെ.. “? ബാഗും തൂക്കി മുൻപിൽ നടക്കുന്ന നാരായണേട്ടനോടായിരുന്നു മാഷിന്റെ ചോദ്യം
“അയ്യോ സാറെ…. ഇങ്ങനെ വളവളാന്നു പറയുകയെ ഉള്ളു…. അവളൊരു പഞ്ചപ്പാവമാണ്. മാഷിന്റെ റൂമിന്റെ ജനാല തുറന്നാൽ കാണുന്നതാണ് അവളുടെ വീട്. ഇ വൾക്ക് ഇളയതിനി രണ്ടെണ്ണം കൂടിയുണ്ട് പത്താം ക്ലാസിൽ പഠിക്കുമ്പോ, എലിപ്പനി വന്ന് അവളുടെ അമ്മ മരിച്ചു.
ഒന്ന് രണ്ട് വർഷം കഴിഞ്ഞപ്പോ, ഈ മൂന്ന് പിള്ളേരെയും ഇട്ടേച്ച് അവളുടെ അച്ഛൻ എങ്ങോട്ടോ പോയി…. പിന്നെ ഇവളാണ് കഷ്ടപ്പെട്ട് ആ രണ്ടെണ്ണത്തിനെയും വളർത്തിയത്.. കഴിഞ്ഞ വർഷം അതിലൊന്നിനെ ഇവൾ വിവാഹം കഴിപ്പിച്ചയപ്പിച്ചു..
ഇവൾക്കും ഒന്ന് രണ്ട് ആലോചനകൾ ഞാൻ കൊണ്ട് വന്നതാണ്…. പക്ഷെ പത്തിൽ പഠിക്കുന്ന ഇളയതിന്റെ കാര്യം കൂടി അയാൾ നോക്കേണ്ടി വരുമെന്ന് കേൾക്കുന്നത്തോടെ കാണാൻ വരുന്നവരപ്പോ സ്ഥലം വിടും.”
“അപ്പോൾ നാരായണേട്ടന് ദല്ലാൾ പണിയുമുണ്ടോ…”?. ചെറിയൊരു മന്ദ ഹാസത്തോടെ രവി മാഷ് ചോദിച്ചു..
“ജീവിച്ചു പോകാനുള്ളതൊക്കെ കൈയിലുണ്ട് മാഷേ….”
ലോഡ്ജിലെ ഉച്ചയ്ക്കുള്ള ഭക്ഷണം സുമയാണ് ഉണ്ടാക്കുന്നത്…. രുചിയുള്ള മാമ്പഴ പുളിശേരി യും, പാവയ്ക്കക്കൊണ്ടാട്ടവും, പയറു തോരനും ഉപ്പിലിട്ടതുമൊക്കെ അയാളുടെ ഉള്ളിൽ അമ്മയുടെ കൈപ്പുണ്യത്തിന്റെ ഓർമ്മകൾ ഉണർത്തി.
രാത്രിയുടെ വിരസതയിൽ ജാനാലയ്ക്കപ്പുറം അയാളുടെ കണ്ണുകൾ സുമയെ തേടി നടന്നു.അവളുമായി അടുത്തപ്പോൾ താൻ ചിന്തിക്കുന്നതിലും എത്രയോ മുകളിലാണ് അവളെന്നു അയാൾക്ക് മനസ്സിലായി. പ്രണയത്തിന്റെ ചെറിയ ചെറിയ ആസ്വസ്ഥകൾ അയാളുടെ ഉള്ളിൽ നിറയാൻ തുടങ്ങി.
ഒരു വൈകുന്നേരം തിരക്കിട്ട പണിയിലായിരുന്ന സുമ മാഷിന്റെ വരവ് അറിഞ്ഞതേയില്ല…. ആരും അവിടെ ഇല്ലെന്ന് ഉറപ്പിച്ചിട്ടാണ് അയാൾ തന്റെ മനസ്സിലുള്ള പ്രണയം അവളോട് പറഞ്ഞത്.
അത് കേട്ടതും “ഈ മാഷിനെന്താ, വട്ടാണോ”?പൊട്ടിച്ചിരിച്ചു കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടതും, മാഷിന്റെ മുഖം വാടി….
“സുമേ…. ഞാൻ തമാശ പറഞ്ഞതല്ല, എനിക്ക് നിന്നെ ഇഷ്ടമാണ്…. നിനക്ക് സമ്മത മാണെങ്കിൽ നമുക്ക് വിവാഹം കഴിക്കാം….”
മാഷ് തന്റെ കാര്യത്തിൽ സീരിയസ് ആണെന്നറിഞ്ഞതും സുമ ചെറുതായൊന്നു പരിഭ്രമിച്ചു….
“മാഷേ…. മാഷിന് ഞാൻ ചേരില്ല.മാഷിനെ കാണാൻ എന്തൊരു ചേലാണ്.ശരിക്കും ഒരു സിനിമാ നടനെപ്പോലുണ്ട് മാഷിന്റെ സ്കൂളിലെ ആ ഇന്ദു ടീച്ചർ ഇല്ലേ അവർ മാഷിന് നല്ലോം ചേരും.എനിക്കാണെങ്കിൽ കുടുംബ മഹിമയോ, സൗന്ദര്യമോ,അധികം വിദ്യാഭ്യാസമോ ഒന്നുമില്ല “.
നിസ്സംഗതയോടെ സുമ പറഞ്ഞത് കേട്ടതും രവി മാഷിന്റെ മുഖത്തെ ചിരി മാഞ്ഞു…..
“ചേരുന്നവരെയൊക്കെ നമുക്ക് സ്വന്തമാക്കാൻ പറ്റുമോ സുമേ.? അമ്മയ്ക്കാണെങ്കിൽ എന്റെ ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയെ കുറിച്ച് വലിയ സങ്കല്പങ്ങളൊന്നുമില്ല. അമ്മയ്ക്ക് ഞാനൊറ്റ മകനാണ്.പിന്നെ നിന്റെ അനിയത്തിയുടെ കാര്യം ഓർത്തിട്ടാണെങ്കിൽ അവളെനിക്കൊരു ഭാരമാകില്ല.”
ഒരു വിളറിയ ചിരിയോടെ മാഷ് പറഞ്ഞതൊന്നും സുമയുടെ മനസ്സിലേക്ക് കയറിയില്ല.
അവളുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച ഉത്തരം കിട്ടാതായതോടെ അയാൾ മനഃപൂർവം അവളിൽ നിന്നും ഒഴിഞ്ഞു മാറി നടന്നു.പ്രണയത്താൽ മുറിവേറ്റ് ചിരിയും, പ്രസരിപ്പും ഒന്നുമില്ലാത്ത അയാളുടെ മുഖം അവളെയും നൊമ്പരപ്പെടുത്തി……
ഇത് വരെ ആരും തന്നെ ഇങ്ങനെ സ്നേഹിക്കാത്തത് കൊണ്ടാകും, മാഷിനെ മനഃപൂർവം അവഗണിക്കാൻ അവൾക്കും കഴിഞ്ഞില്ല ഏതോ ഒരു നിമിഷത്തിൽ സുമയും അയാളെ പ്രണയിച്ചുപോയി.
അവളുടെ പ്രണയം തിരിച്ചറിഞ്ഞതും ഒരു സാമ്രാജ്യം തന്നെ കീഴടക്കിയ ഭാവമായിരുന്നു അയാൾക്ക്.
ദിവസങ്ങൾ കഴിയുന്തോറും , സുമയും, മാഷും മനസ്സ് കൊണ്ട് വല്ലാതെ അടുത്തു…. ഒരു ഉച്ച സമയത്ത് അടക്കാൻ കഴിയാത്തൊരു കൊതിയോടെ സുമയെ കെട്ടിപ്പുണരാൻ ശ്രമിച്ച മാഷിന്റെ കൈക്കുള്ളിൽ നിന്നും കുസൃതിച്ചിരിയോടെ കുതറിയോടി അവൾ ചെന്ന് പെട്ടത് നാരായണേട്ടന്റെ മുന്നിലായിരുന്നു…. ആദ്യം ഒന്നമ്പരന്നു വെങ്കിലും, പിന്നാലെ ഓടിയണച്ചുവരുന്ന മാഷിനെ കണ്ടപ്പോൾ അയാൾക്ക് എല്ലാം മനസ്സിലായി….
“ചീത്തപ്പേര് ഉണ്ടാക്കും മുന്നേ രണ്ടിനേം പിടിച്ചു കെട്ടിക്കണമല്ലോ ” മാഷിനെയും, സുമയെയും മാറി മാറി നോക്കികൊണ്ട് അയാൾ പറഞ്ഞു.
ഇത് കേട്ടതും വല്ലാത്തൊരു ജാള്യതയോടെ സുമ ഓടിപ്പിടച്ചു വീട്ടിലേക്ക് പോയി…..
രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി രവിക്ക് നാട്ടിലേക്ക് പോകേണ്ടി വന്നത്….
“സുമേ, അമ്മ ബാത്‌റൂമിൽ കാൽ തെറ്റിയൊന്ന് വീണു.അമ്മയെ ഹോസ്പിറ്റലിൽ കാണിച്ചു ഒന്നരയാഴ്ച കഴിഞ്ഞേ ഞാൻ മടങ്ങി വരൂ…. പിന്നെ നീയീ കവർ മറക്കാതെ നാരായണേട്ടനെ ഏൽപ്പിക്കണേ.”
വിരഹത്തിന്റെ നോവ് ഓർത്തതും എന്തൊക്കെയോ ചോദിക്കാനും, പറയാനുമൊക്കെ സുമയുടെ മനസ്സ് വെമ്പി…..
പക്ഷെ അവളുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ നിൽക്കാതെ വല്ലാതൊരാധിയോടെ അയാൾ ധൃതിയിൽ നാട്ടിലേക്ക് പോയി…..
നാട്ടിൽ നിന്നും രവി ഇടക്കിടക്ക് സുമയെ വിളിച്ചു കൊണ്ടിരുന്നു….. മിക്കവാറും നേരങ്ങളിൽ അവളുടെ ഫോൺ എൻഗേജ്‌ഡ് ആകുന്നതിൽ അയാൾ വളരെ ആസ്വസ്ഥനായി….
ഭയന്നത് പോലെ അമ്മയുടെ കാലിൽ ഫ്രക്ച്ചർ ഒന്നും ഇല്ലാത്തതിനാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ രവി ചെറുവത്തൂരിലേക്ക് തിരിച്ചു…. അയാളുടെ മനസ്സ് നിറയെ സുമയെ കാണാനുള്ള അഭിനിവേശം മാത്രമായിരുന്നു….
ലോഡ്ജിലേക്ക് കയറുമ്പോൾ രവി സുമയുടെ ഷോപ്പിലേക്ക് നോക്കി.അത് പുറത്തു നിന്നും പൂട്ടിയിരിക്കുന്നത് കണ്ടപ്പോൾ .ഇത് പതിവില്ലാത്തത് ആണല്ലോ എന്നയാൾ ഓർത്തു.
കുറച്ചു കഴിഞ്ഞ് ഒരു ചെറുപ്പക്കാരനൊപ്പം സുമ വരുന്നത് രവി ബാൽക്കണിയിൽ നിന്നും കണ്ടു.
അവളുടെ മാറ്റം കണ്ട് അയാളാകെ അമ്പരന്നു. ഹാഫ് സാരി മാത്രം ഉടുത്തിരുന്ന അവളിപ്പോ പള പളപ്പുള്ള ചുരിദാർ ഇട്ടിരിക്കുന്നു…. നഖങ്ങളിൽ നെയിൽ പോളിഷിന്റെ കടും ചുവപ്പ്…. അവന്റെ തോളിലൂന്നി അവളാ ബൈക്കിൽ നിന്നിറങ്ങുമ്പോൾ രവിയുടെ മനസ്സിൽ വല്ലാത്തൊരു കുശുമ്പ് നിറഞ്ഞു….
“ആരാണ് അയാൾ “? അത് ചോദിക്കാനായി രവി പടിക്കെട്ടുകൾ ഇറങ്ങി വന്നു…. അപ്രതീക്ഷിതമായി അയാളെ കണ്ടതും, സുമ ചെറുതായൊന്ന് അമ്പരന്നു.
ആ ചെറുപ്പക്കാരൻ അവൾക്കൊപ്പം ഷോപ്പിലേക്ക് കേറാൻ ആഗ്രഹിച്ചെങ്കിലും വലിച്ചു കേറ്റിയ രവി യുടെ മുഖം കണ്ടതും കാര്യം പന്തിയല്ലെന്നോർത്ത് തിരിഞ്ഞു നടന്നു ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി….
“സുമേ, ആരാണവൻ “? ഒരൽപ്പം നീരസ ത്തോടെയാണ് രവി ചോദിച്ചത്….
“അത് മനോഹരനാ മാഷേ…. ഞങ്ങൾ പത്താം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചതാ…. ഗൾഫിൽ നിന്നും കുറച്ചു ദിവസം മുന്നെയാണ് അവൻ നാട്ടിലെത്തിയത്. എന്നെ കാണാൻ വന്നപ്പോ ഒരു ലോഡ് സാധനങ്ങളും കൊണ്ടാ വന്നേ ”
സുമ അവനെക്കുറിച്ച് വാ തോരാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…. അതൊക്കെ രവിയെ വല്ലാതെ ആസ്വസ്ഥനാക്കി.
“നിനക്ക് എവിടെയെങ്കിലും പോകണമെങ്കിൽ അവനോടിങ്ങനെ ഒട്ടിയിരുമ്മി ബൈക്കിന്റെ പിന്നിലിരുന്ന് പോകണോ “?
എത്ര അടക്കി വച്ചിട്ടും അയാളുടെ മനസ്സിലുള്ളത് പുറത്തേക്ക് വന്നു.
ആ ചോദ്യം കേട്ടതും അവളൊന്ന് ചിരിച്ചു….
“അപ്പോൾ കുറച്ചു ദിവസങ്ങൾക്ക് മുൻപേ മാഷ് ഇന്ദു ടീച്ചറെ ഇത്പോലെ ബൈക്കിലിരുത്തി അവരുടെ വീട്ടിൽ കൊണ്ട് ചെന്നാക്കിയതോ “?
സുമയുടെ തർക്കുത്തരം രവിയെ ശരിക്കും ദേഷ്യം പിടിപ്പിച്ചു….
“അതിന്റെ കാരണം നിന്നോട് ഞാൻ പറഞ്ഞതാണല്ലോ, ടീച്ചറുടെ അച്ഛന് സുഖമില്ലെന്ന് പറഞ്ഞു സ്കൂളിൽ ഫോൺ വന്നു…. അപ്പൊ ആകെ സങ്കടപ്പെട്ടു നിന്ന ടീച്ചർക്ക് ഞാനൊരു സഹായം ചെയ്തതാണ്.അല്ലാതെ ഇമ്മാതിരി കോപ്രായം കാണിക്കാൻ മനഃപൂർവം ഞാൻ ചെയ്തതല്ല “.
രവിയുടെ വാക്കുകളിലെ അമർഷം തിരിച്ചറിഞ്ഞതും സുമ നിശബ്ദയായി.
സുമ തന്നെക്കുറിച്ചോ, അമ്മയെക്കുറിച്ചോ ഒന്നും ചോദിക്കാത്തതിൽ രവിക്ക് സങ്കടം തോന്നി…. അതിലെക്കാളുപരി അയാളെ നോവിച്ചത് അവളുടെ മനഃപൂർവമുള്ള അവഗണനയാണ്.
മനോഹരനെയും, സുമയെയും ഇടക്കിടക്ക് രവി മാഷ് വീണ്ടും കാണാനിടയായി…. അതി നെചൊല്ലി അവരുടെ ഇടയിൽ വഴക്കുകൾ പതിവായി കൊണ്ടിരുന്നു. ഒരു ദിവസം വലിയ പൊട്ടിത്തെറിയിലാണത് അവസാനിച്ചത്….
“സുമേ, അമ്മയ്ക്ക് എന്റെ വിവാഹം വേഗം നടത്തണമെന്ന പിടിവാശിയിലാണ്…. അടുത്ത മാസം നല്ലൊരു മുഹൂർത്തമുണ്ട്…. നിനക്ക് സമ്മതമാണേൽ നമുക്ക് അതിനി വച്ചു താമസിപ്പിക്കേണ്ട ”
കഴിഞ്ഞതൊക്കെ മറന്ന് വളരെ ശാന്തതയോടെയാണ് രവി സുമയോടത് പറഞ്ഞത്…..
എന്നാൽ അയാളുടെ ആഗ്രഹം അവളെ ഒട്ടും സന്തോഷിപ്പിച്ചില്ല…..
“ഇത്ര പെട്ടെന്നൊരു കല്യാണം…. എനിക്ക് പറ്റില്ല മാഷേ “.
എടുത്തടിച്ചത് പോലെയുള്ള അവളുടെ മറുപടി അയാളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു…. ജീവനോളം സ്നേഹിച്ചിട്ട് ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതെയാകുന്നത് അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.
“എന്നാൽ പിന്നെ നീ തന്നെ ഒരു ടൈം പറയ്…. എത്ര വർഷം കഴിഞ്ഞ്…. അത് വരെ ഞാൻ നിനക്ക് വേണ്ടി കാത്തു നിൽക്കാം. ”
അവളുടെ വിരൽത്തുമ്പുകൾ ചേർത്തു പിടിച്ചുകൊണ്ടയാൾ പറഞ്ഞു….
“കുഞ്ഞിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകാതെ എനിക്കിപ്പോ ഒന്നിനും കഴിയില്ല….”
താൻ പ്രതീക്ഷിക്കുന്നതൊന്നും അവൾക്ക് തരാൻ കഴിയില്ലെന്നറിഞ്ഞപ്പോൾ രവി പൊട്ടിത്തെറിച്ചു…..
“അവൻ, നിന്റെയാ മനോഹരൻ വന്നതിന് ശേഷമല്ലേ നിനക്കീ മാറ്റങ്ങളൊക്കെ ഉണ്ടായത്?
അലറിക്കൊണ്ടായിരുന്നു രവിയുടെ ചോദ്യം.
സുമ അയാളുടെ ചോദ്യം കേട്ടിട്ടും മൗനം പൂണ്ടു …. എല്ലാം ഒടുങ്ങുന്നതിന് മുൻപുള്ള ഒടുക്കത്തെ നിശബ്ദതത.
“മാഷിന് ഇഷ്ടമുള്ളതൊക്കെ ചിന്തിക്കാം, എനിക്കിപ്പോൾ നിങ്ങളെ വിവാഹം ചെയ്യാൻ കഴിയില്ല. അല്ലെങ്കിലും, ഞാൻ മാഷിനെ കെട്ടിക്കോളാമെന്ന് വാക്കൊന്നും തന്നിട്ടില്ലല്ലോ”? ”
ഒട്ടും സങ്കോചമില്ലാതെയാണ് സുമ അത് പറഞ്ഞത്.
ആ വാക്കുകൾ കേട്ടതും അയാളുടെ നിയന്ത്രണം വിട്ടു…. അവളെ നഷ്ടപ്പെടുന്നത് അയാൾക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല.
“ഇപ്പോഴാണെടീ നീ ശരിക്കും ഒരു തേപ്പ് കാരിയായത്…. ഇതോടെ ഈ രവിയെ തോൽപ്പിക്കാമെന്ന് നീ കരുതേണ്ട. ഈ നാട്ടിൽ നിന്ന്, നിന്റെ കണ്മുന്നിൽ വച്ചു ഞാൻ മറ്റൊരു പെണ്ണിനെ താലി കെട്ടും. അത് കണ്ട് നിന്റെ മനസ്സ് നോവുന്നത് എനിക്ക് കാണണം ”
അതും പറഞ്ഞു കൊണ്ട് കലി പൂണ്ട് രവി പുറത്തേക്കിറങ്ങി. എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടിലായിരുന്നു അയാളുടെ മുഖഭാവം.
രണ്ട് ദിവസം കഴിഞ്ഞപ്പോൾ സുമയോട് യാത്ര പോലും ചോദിക്കാതെ രവി നാട്ടിലേക്ക് പോയി.
മാഷിന്റെ നൊമ്പരം സുമ അറിയുന്നുണ്ടായിരുന്നു. എന്നിട്ടും അവളെന്തുകൊണ്ടോ മൗനം പാലിച്ചു…..
“സുമേ, ഞാൻ മറ്റന്നാൾ ഗൾഫിലേക്ക് തിരിച്ചു പോകുകയാണ് “.
മനോഹരൻ യാത്ര പറയാനായി സുമയുടെ ഷോപ്പിൽ വന്നു.
ഇത്ര വേഗം പോകുകയാണോ “സങ്കടത്തോടെ സുമ ചോദിച്ചു.
“വന്നിട്ട് ഒന്നര മാസമായില്ലേ, അല്ല നിന്റെ മാഷ് ആ ഇന്ദു ടീച്ചറെ കെട്ടാൻ പോണെന്നു കേട്ടല്ലോ ശരിയാണോ”?
മനോഹരന്റെ ചോദ്യം കേട്ടതും എന്തോ ഓർത്തുകൊണ്ട് അവളൊന്ന് നിശ്വസിച്ചു…. പിന്നെ അറിയില്ലെന്ന് മെല്ലെ തലയാട്ടി.
“എന്നെയും കൂട്ട് പിടിച്ചു നീ എന്തിനാണ് അയാളെ വെറുപ്പിച്ചത്.? നിരപരാധിയായ ഞാനിപ്പോൾ അയാളുടെ മുന്നിലൊരു വില്ലേനായി….. എന്താ സുമേ നിന്റെ മനസ്സിൽ. എന്തായാലും എന്നോടൊന്ന് പറഞ്ഞുകൂടേ?”
മനോഹരൻ എത്ര നിർബന്ധിച്ചിട്ടും അവളൊന്നും മിണ്ടിയില്ല.
” ഇതെന്തൊരു കോലമാടി? ആകെ ക്ഷീണിച്ച് നീ ഒരു പരുവമായല്ലോ?അതൊക്കെ പോട്ടെ, ഇനി ഇങ്ങനെ ഒറ്റക്ക് കഴിയാനാണോ നിന്റെ തീരുമാനം…. കുഞ്ഞിയുടെ കല്യാണം കൂടി കഴിഞ്ഞാൽ പിന്നെ ആരാ നിനക്കൊരു കൂട്ട് “?
മനോഹരന്റെ ആധി നിറഞ്ഞ ചോദ്യം കേട്ടിട്ടും സുമ മറുത്തൊരക്ഷരവും പറഞ്ഞില്ല.
“നിനക്കെന്തേലും ഒന്ന് മൊഴിഞ്ഞൂടെ “?”ദേഷ്യത്തോടെ അവൻ ചോദിച്ചു.
“എന്താ നിനക്ക് അറിയേണ്ടത്? ഇനി എനിക്കൊരു ജീവിതം ഉണ്ടാകുമോ എന്നോ.”?
“എന്നാൽ കേട്ടോ……. ഇല്ല,….നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ യഥാർത്ഥ പ്രണയം ഒരിക്കലേ ഉണ്ടാകൂ.കുറച്ചു വൈകിയാണെങ്കിലും എനിക്കും പ്രണയമുണ്ടായി.മാഷിനോടൊപ്പമുള്ള ആ നല്ല ഓർമ്മകൾ മാത്രം മതി മരണം വരെ എനിക്ക് ജീവിക്കാൻ…അതൊന്നും പറഞ്ഞാൽ പ്രണയം എന്തെന്നറിയാത്ത നിനക്ക് മനസ്സിലാകില്ല…..”
അവളുടെ ആ വാക്കുകൾ മനോഹരന്റെ ചങ്കിലാണ് തറച്ചു കേറിയത്….
എട്ടാം ക്ലാസ് മുതൽ സുമയെ മാത്രം മനസ്സിൽ കൊണ്ട് നടക്കുന്ന തന്റെ മനസ്സ് അവളൊ രിക്കലും തിരിച്ചറിഞ്ഞില്ല ….. സാഹചര്യം കൊണ്ടോ, പേടികൊണ്ടോ പലപ്പോഴും തനിക്കത് അവളോട് പറയാനും കഴിഞ്ഞില്ല.
അവളും താനുമായുള്ള സ്വപനത്തിന് പോലും ഇനി ആയുസ്സില്ലെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു കൊണ്ട് മനോഹരൻ സങ്കടത്തോടെ അവിടെ നിന്നും ഇറങ്ങിനടന്നു അന്നാദ്യമായി നഷ്ടപ്രണയമോർത്ത് അയാളുടെ മിഴികൾ നിറഞ്ഞു തുളുമ്പി
ദിവസങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു…. മാഷിനെക്കുറിച്ച് ഒരു വിവരവുമില്ല. അയാളെ കാണാതെ സുമയുടെ മനസ്സും വളരെ വേദനിച്ചു….
“എന്നാലും മോളെ ഇത്രയ്ക്കും വേണ്ടായിരുന്നു.”
നാരായണേട്ടന്റെ സ്വരം കേട്ടതും മേശമേൽ തല വച്ചു ചെറിയൊരു മയക്കത്തിലായിരുന്ന സുമ ഞെട്ടിയുണർന്നു….
നാരായണേട്ടൻ മാഷിനെക്കുറിച്ചാണ് പറയുന്നതെന്ന് അവൾക്ക് മനസ്സിലായി.
“ഒക്കെ വിധിയാണ് നാരായണേട്ടാ”….
സങ്കടം ഉള്ളിലൊതുക്കി സുമ പറഞ്ഞു.
“അന്ന് മാഷ് ജാതകം നോക്കാൻ എന്നെയേ ല്പിച്ചപ്പോൾ അത് ഞാൻ മോളോട് പറയാൻ പാടില്ലായിരുന്നു…. എന്റെ കണക്കുകൂട്ടലുകൾ തെറ്റാണെങ്കിലോ എന്ന് കരുതിയാണ് ഞാൻ ഒരിക്കൽ കൂടി നിങ്ങളുടെ ജാതകം രാഘവപ്പ ണിക്കരെ കൊണ്ട് നോക്കിച്ചത്…. പക്ഷെ അദ്ദേഹവും അത് തന്നെ പറഞ്ഞു…. വിവാഹം കഴിഞ്ഞാൽ മാസങ്ങൾക്കകം മാഷിന് അകാല മൃത്യു….അതറിഞ്ഞപ്പോഴല്ലേ നീ ഈ ബന്ധം വേണ്ടെന്ന് വച്ചത് “?
“അതെ നാരായണേട്ടാ, എന്റെ സ്വാർത്ഥത കാരണം, ആ അമ്മയ്ക്ക് മകനെ നഷ്ടപ്പെടാൻ പാടില്ല…. എന്റെ സ്നേഹവും, പ്രണയവുമൊക്കെ ഞാൻ എങ്ങനെയെങ്കിലും മനസ്സിലടക്കും .. അധികം വൈകാതെ അദ്ദേഹം മറ്റൊരാളുടെ കഴുത്തിൽ താലി ചാർത്തണമെന്നതാണെന്റെ ആഗ്രഹം അതറിയുമ്പോൾ ഒരു പക്ഷെ എനിക്ക് ജീവൻ പറിഞ്ഞു പോകുന്ന
വേദന തോന്നും.. എന്നാലും സാരല്യ.”
കരച്ചിൽ ഉള്ളിലടക്കി സുമ വിതുമ്പലോടെ പറഞ്ഞു.
” ഹോ എന്തൊരു ത്യാഗം.കൊള്ളാം….. രണ്ടാളുടെയും നാടകം ഗംഭീരമായിരിക്കുന്നു ”
സ്റ്റെയർകേസിന്റെ പിറകിൽ നിന്നും മുഴുക്കമുള്ള ശബ്ദം കേട്ടതും, നാരായണേട്ടനും, സുമയും ഞെട്ടിത്തിരിഞ്ഞു നോക്കി…..
“രവി മാഷ്”…. സുമയുടെ ചുണ്ടുകൾ പതിയെ പറഞ്ഞു…..
“ഇതിന് വേണ്ടിയാണോ സുമേ, നീയെന്നെ അവഗണിച്ചത്? നിസ്സാരം ജാതകത്തിന്റെ പേരിൽ ഒടുങ്ങാനുള്ളതാണോ നമ്മുടെ സ്നേഹവും, പ്രണയവുമെല്ലാം “?
അയാളുടെ വാക്കുകൾ അവളുടെ ഉള്ളിൽ അടക്കി വച്ചൊരു നോവിന്റെ തിരയുണർത്തി.
“മാഷേ…. ഞാൻ….
“നീയെന്നെ വേണ്ടെന്ന് പറഞ്ഞ അന്ന് തന്നെ , എന്തോ കാര്യമായി നിന്നെ ആസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ആദ്യം മനോഹരനെ വെറുതെ സംശയിച്ചുവെങ്കിലും, എന്നോടുള്ള നിന്റെ പ്രണയത്തിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു…. അപ്പോഴാണ്, ഒരു ചെറുതും പിടിപ്പിച്ചു വരുന്ന നാരായണേട്ടനെ ബസിറങ്ങി വന്ന ഞാൻ കണ്ടത്…. അയാളുടെ മനസ്സിൽ എന്തോ കിടന്ന് കറങ്ങുന്നുണ്ടെന്ന് മുഖം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.എന്റെ ഊഹം തെറ്റിയില്ല.അങ്ങനെയാണ് ചെയ്യുന്നത് ചെറ്റത്തരമാണെന്നറിഞ്ഞിട്ടും നിവൃത്തിയില്ലാതെ ഞാനിവിടെ മറഞ്ഞു നിന്നത്…..”
“അപ്പൊ മാഷ് ഇന്ദു ടീച്ചറെ വിവാഹം കഴിക്കുന്നില്ലേ “?
നിഷ്കളങ്കമായ സുമയുടെ ചോദ്യം കേട്ടതും രാവിമാഷിന് ദേഷ്യം വന്നു….
“ആ ചെകിട്ടത്ത് ഒരെണ്ണം ആഞ്ഞു പൊട്ടിക്കുകയാണ് വേണ്ടത്…. പിന്നെ കുട്ടികളെ പഠിപ്പിക്കുന്ന മാഷായി പോയി….”
ദേഷ്യം കൊണ്ട് ചുവന്ന മാഷിന്റെ കണ്ണുകളെ നേരിടാൻ കഴിയാതെ സുമയുടെ മിഴികൾ താണു.
സംഗതി അത്ര പന്തിയല്ലെന്ന് തോന്നിയതും നാരായണേട്ടൻ മെല്ലെ സ്ഥലം കാലിയാക്കി.
“എടീ പെണ്ണെ, നീ എന്താ കരുതിയെ, നീ അങ്ങനെ ഒക്കെ പറഞ്ഞാൽ, ഞാൻ നിന്നെ വലിച്ചെറിഞ്ഞ് മറ്റൊരു പെണ്ണിനെ താലി ചാർത്തുമെന്നോ “?
അവളെ മാറോട് ചേർത്തു നിർത്തിയാണ് രവി ചോദിച്ചത്….
“അത് പിന്നെ ഇന്ദു ടീച്ചർ….”
“ഇനി നീയാ പേര് മിണ്ടി പോകരുത് “അവളെ ഒന്ന് കൂടി മുറുക്കെ പിടിച്ചു കൊണ്ട് രവി പറഞ്ഞു….
“നമ്മുടെ കല്യാണത്തിന്റെ സമയം കുറിയ് ക്കാൻ ഞാൻ അമ്മയോട് പറയട്ടെ “?
അവളുടെ നെറുകയിൽ ഒരു ചുംബനം നൽകികൊണ്ട് രവി ചോദിച്ചു.
ആ ചോദ്യം കേട്ടതും സുമയുടെ മുഖം നാണം കൊണ്ട് ചുവന്നു…. പക്ഷെ അവളുടെ ഉള്ളിൽ അയാളെക്കുറിച്ച വല്ലാത്തൊരു ആധിയും ഉണ്ടായിരുന്നു….
“മാഷേ…. നമ്മുടെ ജാതകം…. എനിക്കെന്തോ പേടിയാവുന്നു. മാഷിന് വല്ലതും പറ്റിയാൽ ഞാൻ പിന്നെ “…..
ആ വാചകം മുഴുമിപ്പിക്കും മുന്നേ അയാൾ അവളുടെ ചുണ്ടുകളിൽ വിരൽ അമർത്തി.
“പ്രേമിക്കുന്നവരു തമ്മിൽ ജാതകം നോക്കാൻ പാടില്ലെന്നാ പെണ്ണെ …. ഇനിയിപ്പോ അങ്ങനെയാണെങ്കിൽ തന്നെ ഒരു ദിവസമെങ്കിൽ ഒരു ദിവസം നമുക്ക് ജീവനോളം സ്നേഹിച്ചു പിരിയാമെടോ ”
അവളെ അശ്വസിപ്പിക്കാനെന്നോണം അയാൾ പറഞ്ഞു.
മാഷിന്റെ വാക്കുകൾ അവളുടെ ഉള്ളിൽ സ്നേഹത്തിന്റെ പുതിയൊരു വഴിയൊരുക്കി. ഒരു ചുംബത്തിന്റെ ലഹരിയിൽ ആ സായാഹ്നം കൊഴിഞ്ഞു വീഴുമ്പോൾ അവരിരുവരും സ്വയം മറന്നൊരു ആലിംഗനത്തിൽ അലിഞ്ഞു ചേരുകയായിരുന്നു.