ദേ കിച്ചെട്ടാ കുട്ടിക്കളി കുറച്ചു കൂടുന്നുണ്ടു ട്ടോ, ആരേലും കണ്ടു വന്നാൽ തീർന്നു ഞാൻ അവളുടെ..

ഇലഞ്ഞിപ്പൂക്കൾ
(രചന: Athulya Sajin)

പഴക്കമുള്ള തടിയലമ്മാര തുറന്നപ്പോൾ പൂപ്പലിന്റെ അസഹനീയമായ ഗന്ധമാണ് എതിരേറ്റത്… ഒരു തൂവാല മൂക്കിന് കുറുകെ കെട്ടി മറവിയുടെ ഇരുളിലേക്ക് എന്നേക്കുമായി എടുത്തെറിഞ്ഞ ഓർമ്മകളെ ചികഞ്ഞു കൊണ്ടിരുന്നു ഞാൻ..

ഇനിയൊരിക്കലും ഇവയെ കാണേണ്ട എന്ന് ഉറപ്പിച്ചുപേക്ഷിച്ചതിനാൽ തന്നെ എല്ലാം അവിടവിടെയായി അലങ്കോലപ്പെട്ടു കിടക്കുന്നു… ആകെ മാറാല കെട്ടിയിട്ടുണ്ട്… സ്വപ്‌നങ്ങൾ പോലെ തന്നെ ഓർമ്മകളും ചിതലു തിന്നുകൊണ്ടിരിക്കുന്നു…..

ഏറ്റവും താഴത്തെ തട്ടിൽ നിന്നും പൊടി പിടിച്ചു നിറം മങ്ങിയ ഒരു പെട്ടി വലിച്ചെടുത്തു…
മുത്തശ്ശിയുടെതായിരുന്നു ഈ പെട്ടി…  നേര്യേതും മറ്റും മടക്കി സൂക്ഷിച്ചിരുന്ന ഈ പെട്ടി തൊടാൻ അമ്മയെപ്പോലും  അനുവദിക്കില്ലായിരുന്നു മുത്തശ്ശി..

ചുവന്നു തിളക്കമുള്ള തടിയിൽ തീർത്ത സ്വര്ണനിറത്തിൽ ചിത്രപ്പണികളുള്ള ആ പെട്ടി മുത്തശ്ശിയുടെ മരണ ശേഷം എനിക്ക് കിട്ടി….

ആ പെട്ടി തുറക്കുമ്പോൾ എല്ലാം ഭസ്മത്തിന്ടെ ഗന്ധം ഹൃദയത്തിൽ സ്ഥാനം നേടും… കണ്ണുകൾ അടച്ചു കൊണ്ട് നെറ്റിത്തടത്തിൽ പതിയാറുള്ള ആ സ്നേഹതലോടുകളെ വീണ്ടും ഉള്ളിലേക്ക്  ആവാഹിക്കും….

തനിക്കു പ്രിയപ്പെട്ടവയെല്ലാം സൂക്ഷിച്ചു വെച്ചിരുന്നത് ഇവിടെയായിരുന്നു… പതിയെ പെട്ടി തുറന്നു… ഇന്ന് അതിനു വാടിയ ഇലഞ്ഞിപ്പൂകളുടെ ഗന്ധമാണ്…

വാഴനാരിൽ വരിവരിയായി കോർത്ത ആ ഇലഞ്ഞിപ്പൂ മാല കയ്യിൽ എടുത്തു… മൂക്കിൽ അടുപ്പിച്ചു…

ചില ഗന്ധങ്ങൾക്കു പോലും നമ്മളിൽ മുരടിച്ചു പോയ ആഗ്രഹങ്ങൾ ക്ക് പുതു നാമ്പ്കൾ പകരാൻ ആയേക്കും…. ഭൂതകാലങ്ങളിലെ നല്ല നിമിഷങ്ങളിലേക് കൊണ്ട് ചെന്ന് എത്തിക്കാൻ സാധിക്കും… താഴെ നിന്നും ഇടയ്ക്കിടെ കേൾക്കാറുള്ള ശാപവാക്കുകൾ ഇന്നില്ല.  അമ്മ ഇന്ന് മൗനമാണ്… അച്ഛന്റെ റേഡിയോയും ഇന്ന് നിശബ്ദമാണ്…

നാളുകൾക്ക് ശേഷം മുറിക്കു  വെളിയിൽ ഇറങ്ങി…   ഊന്നുവടിയിൽ ഒന്നൂടെ മുറുകെ പിടിച്ചു…. ഇരുൾ ശീലിച്ച കണ്ണുകൾക്ക് വെളിച്ചം കുറച്ചു നേരത്തേക്ക് അരോചകമായിതോന്നി…

മട്ടുപ്പാവിൽ ചെന്നു നിന്ന് ഉരുണ്ട കൈവരികളിൽ ചാരി നിന്ന് പുറത്തേക്കു നോക്കി… ഓർമ്മകൾ എപ്പോഴും ഒരു കയ്യകലത്തിൽ തന്നെയുണ്ട് എന്ന് തോന്നി…  ഇലഞ്ഞി മരത്തിൽ നിന്ന് അടർന്നു വീണ നക്ഷത്രപ്പൂക്കൾ ഒരിലക്കുമ്പിളിൽ പെറുക്കിഎടുത്ത് മാല കോർത്തു ഇരിക്കുകയാണവൾ…

ദേ കിച്ചെട്ടാ… കുട്ടിക്കളി കുറച്ചു കൂടുന്നുണ്ടു ട്ടോ… ആരേലും കണ്ടു  വന്നാൽ തീർന്നു… ഞാൻ അവളുടെ മുന്നിലേക്ക് വിരിച്ചിട്ട എണ്ണിയാൽ ഒടുങ്ങാത്ത അലകൾ നുരയുന്ന ചുരുൾമുടിയി ൽ മുഖം പൂഴ്ത്തി മടിയിൽ കിടന്നു..

ഒന്ന് പോ പെണ്ണെ ഇവിടെ ആർക്കാ അറിയാത്തെ നമ്മുടെ സ്നേഹം…??

അതു കരുതി ഇങ്ങനെ…  ഒന്നെണ്ണീറ്റെ…

എണീക്കാം… അതിനു മുൻപ് നീ ആ ഹിന്ദോള  രാഗത്തിൽ  ഒന്ന് മൂളിക്കെ..  ..എന്നാ നീക്കാം…

ആ മൂളാo… പക്ഷെ എനിക്ക് എന്തു തരും???

ആദ്യം നീ പാട്…  എന്നിട്ട് നോക്കട്ടെ…. ഒരു നിമിഷം മൗനമായി ഇരുന്ന് അവൾ മിഴികൾ അടച്ചു  പാടാൻ തുടങ്ങി….

യദുകുലങ്ങളണിയും നിൻ പ്രണയമിന്ദ്രനീലം മുടിയിലീമയിൽ പീലിമിഴിയിലൊരു
മധുര വിരഹദാഹം..  മിഴിയിണയിൽ അലയിളകി
വരുമിവൾ നിൻ നിറകുളിരായ് കണ്ണാ.. ആാാ… ആ… ആാാ….

വാർത്തിങ്കൾ പാല്കുടമേന്തും രാധികയല്ലോ… സഖി ഞാൻ.. ഇവൾ നിൻ കായാമ്പൂവായ് രാഗനിലാവായ്… കാർവർണ്ണാ.. മുരളികയിൽ നിൻ  ഗീതത്തിൻ ഭാവം ഞാൻ..  വാർത്തിങ്കൾ പാൽക്കുടമേന്തും രാധികയല്ലോ കണ്ണാ……

ആ ചിമ്മിയ കണ്ണുകളിൽ അധരങ്ങൾ ചേർത്തു…
ഉപ്പുരസം അറിഞ്ഞു..

അയ്യേ എന്തിനാ എന്റെ ദേവൂട്ടി കരയണെ…..?

കിച്ചുവേട്ടന് എന്നെ എങ്ങനെ  ഇത്രയും സ്നേഹിക്കാൻ ആവുന്നു….?? ഇത് കാണുമ്പോൾ സ്നേഹത്തിന്റെ കാര്യത്തിൽ ഞാൻ എവിടെയും എത്തുന്നില്ല ന്നു തോന്നാ..

പിന്നെന്താ നീ സ്നേഹിക്കുന്ന പോലെ വേറെയാർക്കാണ് എന്നെ സ്നേഹിക്കാൻ കഴിയാ പെണ്ണെ???

അതൊക്കെ പോട്ടെ.. ഇതിന് പകരം എനിക്ക് എന്താ സമ്മാനം…

അവളുടെ മിഴികൾ കൂമ്പിയടഞ്ഞു… ചുണ്ടുകൾ വിറച്ചു… നാണം തുടിച്ചു…. അവൾ എന്റെ അടുത്തേക്ക് വന്നു… കണ്ണുകൾ ചിമ്മിക്കൊണ്ട്…. ദേവു എനിക്ക് ഈ മാല മതി… നീ കോർത്തഈ മാല…. അവൾ അത്ഭുതത്തോടെ അത് എനിക്കു നേരെ നീട്ടി….

ഉണ്ണി ഫോൺ അതാ ബെല്ലടിക്കുന്നു കുറേ നേരമായി… പെട്ടന്ന് പിന്നിൽ നിന്നും അമ്മ വിളിച്ചപ്പോൾ ഞെട്ടാതിരുന്നില്ല…

അമ്മയുടെ മുഖത്തു അമ്പരപ്പായിരുന്നു…
മോനെന്താ ഇവിടെ നിൽക്കുന്നെ??

ഫോൺ അമ്മ എടുത്താൽ മതി… ഞാൻ ഇപ്പോൾ വരാം… മേശമേൽ വെച്ചിരുന്ന ടെപ് റെക്കോർഡർ എടുത്തു പതിയെ പുറത്തേക്ക് നടന്നു…. കുളപ്പടവിൽ ഇരുന്നുകൊണ്ട് ആഴങ്ങളിലേക്ക് മിഴി നട്ടു… കണ്ണുകൾക്ക് വല്ലാത്ത ഭാരം… ഒരായിരം കുടം കണ്ണുനീരിനെ തടഞ്ഞു വെച്ചതിനാലാവാം….

ടെപ് റെക്കോർഡർ ഓൺ ചെയ്തു… എന്നും പലയാവർത്തി കേട്ടിട്ടും പുതുമ നശിക്കാതെ ആ ശബ്ദം എന്റെ ഓരോ അണുവിലും പ്രണയം നിറച്ചു കൊണ്ടിരുന്നു….  പശ്ചാത്തലത്തിൽ വിദൂരതയിൽ ഒരു തീവണ്ടിയുടെ നേർത്ത  ശബ്ദവും……..

മൂന്നു നാല് വീട് അപ്പുറം തന്നെ ആണെങ്കിലും ഞാൻ അവളെ ഒരിക്കൽ പോലും ശ്രദ്ധിക്കാറേ ഇല്ലായിരുന്നു… ഒരിക്കൽ സ്കൂളിൽ വെച്ചു സുമതി ടീച്ചർ എന്നെ വിളിപ്പിച്ചു… കൃഷ്ണന്റെ വീടിനടുത്തല്ലേ ഈ കുട്ടി… ഇവളെയൊന്നു വീട്ടിലേക്ക് ആക്കിയേക്കു….

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ എന്നെ നോക്കി… ഒരു പാട്ടുപാവാടക്കാരി… കണ്ണുകൾ നീട്ടിയെഴുതി വാത്സല്യം തുളുമ്പുന്ന മുഖവുമായി അവൾ…  ദേവു..   അന്ന് എനിക്ക് അവളോട് വല്ലാത്ത സ്നേഹം തോന്നി… വീട്ടിലേക്ക് നേരത്തെ പോവാല്ലോ എന്നോർത്ത് …..

കരിയിലകൾ വീണ നാട്ടുവഴിയിലൂടെ അരമതിലിനോട് ചേർന്ന് ഞങ്ങൾ ഒരു കുടക്കീഴിൽ വീട്ടിലേക്കു നടന്നു… ഓരോ ഇടി മിന്നുമ്പോളും കണ്ണു ചിമ്മി അവളെന്നോട് കൂടുതൽ ഒട്ടി നിൽക്കും.. ഇടയ്ക്കിടെ വിതുമ്പുകയും കണ്ണു തുടക്കുകയും ചെയ്യുന്നുണ്ട്…

കുട്ടി എന്തിനാ കരയിണെ?? നിക്ക് മഴ പേടിയാ… അമ്മേ കാണണം..

പിന്നീട് ആണ് അവൾ പറഞ്ഞത്.. ഇടിമിന്നൽ ഏറ്റു അവളുടെ ചെറിയമ്മ മരിച്ചതും  അത് നേരിൽ കണ്ടത് മുതൽ അവളുടെ ഉള്ളിൽ കെടാത്ത നെരിപ്പോടായി കിടക്കുന്ന ഭയവും….

അവളെക്കാൾ അവളുടെ അമ്മക്ക് എന്ധെലും ആപത്തു വരുമോ എന്ന പേടിയായിരുന്നു ആ ഇളം മനസ്സിൽ…. പിന്നീട് ദാവണികാലത്തിലേക്ക് എത്തിയപ്പോളും പേടി വിട്ടില്ല…

അവളോട് ഒരു മമത നാമ്പിട്ടത് കണ്ടില്ലെന്നു വെച്ചു..അതിലേറെ ആ ചുണ്ടിൽ നിന്നുതിരുന്ന ഈണങ്ങളോടായിരുന്നു പ്രിയം…..  എന്നാൽ ഓരോ അവധിക്കാലത്തും അച്ഛന്റെ നാട്ടിലേക് പോവുന്ന അവളുടെ ശൂന്യത എനിക്ക് ബോധ്യമാക്കിത്തന്നു അത് പ്രണയമാണെന്ന്… അവളുടെ അച്ഛൻ ഒരു സംഗീതവാധ്യാർ ആയിരുന്നു…

അവളെ എപ്പോഴും കണ്ടുകൊണ്ടിരിക്കാൻ ഞാൻ അദ്ദേഹത്തിന്റെ ശിഷ്യനായി… സംഗീതത്തെ മുഴുവൻ എന്നിലേക്ക് നിറച്ചു തന്ന് കൊണ്ടു നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു… നീയാണ് എന്റെ ഏറ്റവും പ്രിയ ശിഷ്യൻ എന്ന്…. നീയാണ് എന്റെ എല്ലാമെന്ന് കണ്ണുകൾ കൊണ്ട് അവളും എന്നോട് പറയാതെ പറഞ്ഞു….

എല്ലാവരും ഞങ്ങളുടെ സ്നേഹത്തിന്   ഒപ്പം നിന്നു….

മോനെ… നീയെന്താ ഇവിടെ ഇരിക്കുന്നെ…??
നീ വരുന്നില്ലേ… നിനക്ക് കാണേണ്ടേ അവളെ…??

അമ്മ പൊയ്ക്കോളൂ… ഞാൻ ഇല്ല….

അമ്മ പേടിയോടെ എന്റെ മുഖത്തേക്ക് നോക്കി…

അമ്മ പേടിക്കണ്ട.. ഞാൻ ഒന്നും ചെയ്യില്ല…
അമ്മ ആശ്വാസത്തോടെ പോയി…..

അടുത്ത തീവണ്ടിയുടെ ശബ്ദം കേൾക്കുന്നുണ്ട്…

കിച്ചേട്ടാ.. എന്താടി പെണ്ണെ…

ഒരൂട്ടം ചോദിക്കട്ടെ…

ചോദിക്ക്..

ഒരാൾ മറ്റൊരാളെ ഏറ്റവും കൂടുതൽ പ്രണയിക്കുക എപ്പോളാ എന്നറിയോ….

മോള് തന്നെ പറാ….

ഒരിക്കലും ഒന്നാവില്ലാ ന്നു തിരിച്ചറിയുമ്പോൾ ആണ് ഏറ്റവും ആവേശത്തോടെ  ഭ്രാന്തമായി ഒരു യുഗം മുഴുവൻ പകരേണ്ട പ്രണയം ഒരു നിമിഷത്തേക്ക് ചുരുക്കുന്നത്… എത്ര വേദനയാണല്ലേ ആ അവസ്ഥ..  ??

അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടു….

അതിനു താൻ എന്തിനാ വിഷമിക്കുന്നെ?
ഞാൻ തന്നെ വിട്ടു പോവുമോ എന്ന് പേടിണ്ടോ…

ഇല്ല കിച്ചെട്ടാ…. ഒരിക്കലുമില്ല…

എന്റെ പെണ്ണെ നമ്മളൊരുമിച്ചു ഒരു ജന്മം മുഴുവൻ സ്നേഹിക്കും… ഭ്രാന്തമായി ഒന്നുമല്ലേലും  ഒരിക്കലും നിന്നെ വേദനിപ്പിക്കാതെ നോക്കിക്കോളാം ഞാൻ…. കേട്ടല്ലോ….????

എന്നാൽ വിധി ചതിച്ചത് ഒരു അപകടത്തിന്റെ രൂപത്തിൽ അതിൽ നഷ്ടമായത് വലതുകാലും. .   … കാര്യമറിഞ്ഞു അവളും ഓടി വന്നു…  എന്റെ നെഞ്ചിൽ വീണു ഒരുപാട് കരഞ്ഞു…

കാലു മുറിച്ചു നീക്കാതെ വേറെ വഴിയില്ല… ശസ്ത്രക്രിയക്കു കയറുന്നതിനു മുന്നേ കണ്ടു കരഞ്ഞു വീർത്ത മിഴികളുമായി തൊഴുതു നിൽക്കുന്നവളെ… എന്നാൽ അത് അവസാന കാഴ്ച്ചയാവുമെന്ന് അറിഞ്ഞില്ല….

കണ്ണു തുറന്നപ്പോൾ അറിഞ്ഞു വലതു ഭാഗത്തുള്ള ശൂന്യത എത്ര വലുതാണ് എന്ന്…. ഒന്നാർത്തു വിളിച്ചു കരയാൻ തോന്നി..  ചുറ്റും കാണുന്ന സഹതാപം നിറഞ്ഞ നോട്ടങ്ങളിൽ നിന്നും എന്നന്നേക്കുമായി ഒളിച്ചോടണം എന്നു തോന്നി….

ഒന്നിനും കഴിയാത്ത അവസ്ഥയിൽ തിരഞ്ഞത് എന്റെ ദേവുവിനെയായിരുന്നു… അവളെ മാത്രം കണ്ടില്ല…. ചോദിച്ചവരിൽ എല്ലാവരിലും തളം കെട്ടി നിന്ന മൗനം എന്നെ കൂടുതൽ ഭ്രാന്തനാക്കുന്നതറിഞ്ഞു…..

വീണ്ടും വീണ്ടും ചോദിച്ചപ്പോൾ അമ്മ ഒന്നു മാത്രം പറഞ്ഞു..  അവൾ അച്ഛന്റെ നാട്ടിലേക്ക് പോയി മോനെ… ഇനി വരില്ല…

നിന്നെ ചതിച്ചു…. അവൾ… പോയി..

കേട്ടത് എന്താണെന്ന് വീണ്ടും മനസ്സിലിട്ട് ആവർത്തിച്ചു… വിശ്വസിക്കാൻ ആയില്ല… ഹൃദയം പറിച്ചുകൊണ്ടവൾ പോയി…. പിന്നെയും കാത്തിരുന്നു… ഒരു വിധം ഒറ്റയ്ക്ക് പിടിച്ചു നടക്കാം എന്ന അവസ്ഥ വന്നപ്പോളും പുറത്തേക്കു ഇറങ്ങാൻ തോന്നിയില്ല…

ശരീരത്തിൽ നിന്നും വേർപെട്ടു പോയ അവയവത്തെക്കാൾ അപകർഷതാബോധം തന്നത് ഹൃദയത്തിൽ നിന്നും അറ്റുപോയവളെക്കുറിച്ചോർത്താണ്….

ജീവിതത്തെ ഇരുളിലേക്ക് നട്ടു ഏകാന്തതയുടെ വെള്ളമൊഴിച്ചു വിഷാദത്തിലേക്കു വളർത്താൻ അധികനാൾ വേണ്ടിവന്നില്ല…. ഒരു വിധത്തിൽ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി സ്വയം നിൽക്കാൻ പോലും കഴിയാത്തവന് പ്രണയത്തെ മുറുകെ പിടിക്കാൻ ആവില്ലെന്ന്… അവളെ അർഹിക്കുന്നത് സ്വാർത്ഥതയാവുമെന്ന്…

എന്നാൽ ഒരു വാക്ക് പോലും പറയാതെ അവൾ എന്തിന് എന്നിൽ നിന്നും ഒളിച്ചോടി… ദിവസങ്ങൾ കഴിയും തോറും അമ്മയുടെ മുറുമുറുപ്പുകൾ പൊന്തി വന്നു… അവളെക്കുറിച്ചുള്ള ശാപവാക്കുകളും…

ഒരിക്കൽ അച്ഛൻ വന്നു… അടുത്തിരുന്നു…

മോനെ അതിനകത്തു ഇങ്ങനെ ഇരിക്കാതെ പുറത്തേക്കിറങ്ങു… ഒരുപാട് പേര് ചോദിക്കുന്നുണ്ട് നിന്റെ അടുത്ത് വന്നു പാട്ട് പേടിച്ചോട്ടെന്നു… ഇന്നലെയും വന്നു രണ്ടു കുട്ടികൾ…

കഴിയില്ല അച്ഛാ.. സഹതാപകണ്ണുകളിൽ ഒളിപ്പിച്ച പുച്ഛം കണ്ടില്ലെന്നു നടിക്കാൻ എനിക്കാവില്ല…

മോനെ നിന്റെ അമ്മ പറയുന്ന പോലെ ദേവു നിന്നെ ചതിച്ചു പോയി എന്നു തന്നെയാണോ നീ വിശ്വസിക്കുന്നത്???

അവൾ ഒരേയൊരു മകന്റെ ജീവിതം തകർന്ന ആവലാതിയിൽ പറയുന്നതാണ് അതൊക്കെ .. അമ്മയുടെ മനസ്സിന്റെ നീറ്റലായി കണ്ടാൽ മതി അതിനെ… എനിക്കൊന്നും അറിയില്ല അച്ഛാ… അവൾക്ക് എന്നോടൊന്നു പറഞ്ഞു പോവാമായിരുന്നില്ലേ….

ഒരു കാര്യം അച്ഛൻ പറയാം.. നിനക്കു വേണ്ട രക്തം തന്നത് അവളാണ്.. നിന്റെ കാലിൽ വീണു കരയുന്നതും അച്ഛൻ കണ്ടതാണ്….  അറിയില്ല അച്ഛാ… ഇനി അവളുടെ ജീവിതത്തിൽ ഒരു കരിനിഴലായി ഞാൻ പോണ്ട…

വീണ്ടും എന്നിലേക്ക്‌ തന്നെ ഒതുങ്ങി….

ഇന്ന് രാവിലെ താഴെ നിന്നും കേട്ട സംസാരത്തിൽ എനിക്കുള്ള ഉത്തരം ദൈവം കരുതി വെച്ചിരുന്നു….

ശരീരം എന്നന്നേക്കുമായി ആ കർക്കടകപിടുത്തത്തിനു മുന്നിൽ അടിയറവു വെച്ചു പിൻവാങ്ങിയവൾ… എന്നിൽ നിന്നും അകന്നത് എനിക്കുവേണ്ടി തന്നെയായിരുന്നു…. എന്നാൽ നിന്നിലേക്ക്‌ തന്നെ വരാനാണ് ഞാൻ ആഗ്രഹിക്കുന്നത്…. നിന്നിൽ അലിയാൻ….

അടുത്ത തീവണ്ടിയുടെ സമയം മനസ്സിൽ കണക്കുകൂട്ടി കാത്തിരുന്നു….

കിച്ചു… മോനെ….??

തിരിഞ്ഞപ്പോൾ അച്ഛനാണ്…

ദേ ഇത് അവളെ കണ്ടു വന്നപ്പോൾ അമ്മ കൊണ്ട്വന്നതാണ്… നിനക്കു വേണ്ടി അവൾ കുറിച്ചത്…. മോനെ..  അന്ന് നിനക്കു വേണ്ടി രക്തം നൽകാൻ പരിശോധിച്ചപ്പോൾ ആണ് അവൾക്ക് ഇങ്ങനെ ഒരു രോഗമുണ്ട് എന്നറിഞ്ഞത്…

നിന്നിൽ നിന്നും ഒഴിഞ്ഞു പോയതാണവൾ… നീ ജീവിക്കാൻ വേണ്ടി… ഇനിയും നിന്റെ ജീവിതം വെറുതെ കളഞ്ഞാൽ  അവളുടെ ത്യാഗത്തിനു എന്തു വിലയാണുള്ളത്?? നീ ചിന്തിക്കു മോനെ….

അവസാനമായി നിനക്ക് അവളെയൊന്ന് പോയി കണ്ടൂടെ…??

വേണ്ട… എന്നിൽ അവളുണ്ട്… മരണം വരെ ആ രൂപം മാത്രം മതി മനസ്സിൽ… അവളുടെ ചിരിയുണ്ട്…. അവളിൽ നിറഞ്ഞു നിന്ന ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമുണ്ട്…

കടലാസ് നിവർത്തിയപ്പോൾ കണ്ടു…

കിച്ചേട്ടാ…. ന്റെ കിച്ചേട്ടൻ ജീവിക്കണം… ഒരുപാട് പാട്ട് പാടണം… അച്ഛനും അമ്മയ്ക്കും വേണ്ടി… എനിക്കു വേണ്ടി… അടുത്ത ജന്മം വരെ ഞാൻ കാത്തിരിക്കും ട്ടൊ…. കണ്ണുകൾ നിറഞ്ഞു… രണ്ടു വർഷം വാശിയോടെ തടഞ്ഞു വെച്ച മിഴിനീരെല്ലാം പുറത്ത് വന്നു…

ഇല്ല ദേവു.. നിനക്കു വേണ്ടി ഞാൻ ജീവിക്കും…. നിനക്കുവേണ്ടി ഞാൻ പാടും… എന്നാൽ നിന്റെ സ്ഥാനത് മറ്റാരും ഈ ജീവിതത്തിൽ വരില്ല…. ഇത് എന്റെ ത്യാഗമാണ്… ഞാൻ കാത്തിരുന്നോളാം അടുത്ത ജന്മം വരെ…..

നീ എന്നിൽ തന്നെ ഉണ്ട്. ദേവു.. … ശംഗിനുള്ളിൽ എന്നും ഇരമ്പുന്ന കടലിരമ്പം പോലെ നിന്റെ പ്രണയം എന്നിൽ അലയടിക്കുന്നുണ്ട്….

തിരിച്ചു വീട്ടിലേക്കു കയറിചെന്നു…. അമ്മേ നാളെ മുതൽ കുട്ടികളോട് വരാൻ പറയു… അമ്മ നിറമിഴിയോടെ പുഞ്ചിരിച്ചു…

ഇനിയൊരിക്കലും അമ്മയിൽ നിന്നും ശാപവാക്കുകൾ പുറപ്പെടാതിരിക്കട്ടെ… അവൾ പോയിടത്തു സുഖമായിരിക്കട്ടെ…. പുറത്തേക്കു നോക്കിയപ്പോൾ ഇലഞ്ഞിമരം പൂവിടുന്നു…. വീണ്ടുമൊരു വസന്തത്തിനായി…..

കർക്കടകം -ഞണ്ട് (symbol of cancer)

Leave a Reply

Your email address will not be published. Required fields are marked *