അയ്യേ ആൺകുട്ട്യോള് കരയെ നാണവില്ലേ കണ്ണു തുടക്കുണ്ണ്യേ, ഒരു പെണ്ണായ അമ്മയുടെ..

ആണിടം
(രചന: Atharv Kannan)

” അയ്യേ ആൺകുട്ട്യോള് കരയെ…? നാണവില്ലേ??? കണ്ണു തുടക്കുണ്ണ്യേ ” ഒരു പെണ്ണായ അമ്മയുടെ നാവിൽ നിന്നുമായിരുന്നു ആദ്യമായി ഞാനാ വാക്കുകൾ കേട്ടത്.

” അതെന്ന ആണുങ്ങൾ കരഞ്ഞാൽ “എന്ന് ചോദിയ്ക്കാൻ തോന്നിയെങ്കിലും ഒരിക്കലും കരയാത്ത എന്നാൽ അമ്മയെ കരയിക്കാറുള്ള അച്ഛന്റെ മുഖം ഓർത്തപ്പോൾ തോന്നി, ശരിയായിരിക്കും ആണുങ്ങൾ കരഞ്ഞാൽ കുറച്ചിലായിരിക്കും.

” ഇവനെന്തിനാടി പട്ടി മോങ്ങുന്ന പോലെ മോങ്ങുന്നേ? അയ്യേ! പേപിള്ളേര് പോലും ഇങ്ങനെ കരയില്ലല്ലോ? നാശം ഇതൊക്കെ എനിക്കുണ്ടായത് തന്നെ ആണോടി? ” വാതിൽ പടിയിൽ ഭയത്തോടെ നിന്ന അമ്മയെ നോക്കി അച്ഛനതു ചോദിക്കുമ്പോൾ ആ മുഖം വാടിയിരുന്നു.

ആണുങ്ങൾ കരയുന്നതാണോ പ്രശ്നം അതോ പെണ്ണുങ്ങൾ കരയുന്നതു കൊണ്ടു കരയുന്ന ആണിനെ പെണ്ണുമായി താരതമ്യം ചെയ്യുന്നതാണോ? അപ്പൊ പെണ്ണ് അത്ര മോശമാണോ? അതോ കരയുന്നതു മോശമാണോ?

ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ ഉദിച്ച നിമിഷങ്ങൾ ആയിരുന്നു അത്…

” നീയെന്താടാ പെണ്ണോ? വീട്ടിന്നു മാറി നിന്നെന്നും പറഞ്ഞു കരയാൻ? ഏഹ്? ” ആദ്യമായി ഹോസ്റ്റലിൽ മാറി നിന്നപ്പോ കൂട്ടുകാർ കളിയാക്കിയ വാക്കുകൾ അതായിരുന്നു… അമ്മയും വീടും മിസ്സ്‌ ചെയ്യുന്നത് പ്രൻകുട്ടികൾക്ക് മാത്രമാണോ.. അതോ ആൺകുട്ടികൾ വേദന ഉള്ളിൽ ഒതുക്കേണ്ടവർ ആണോ?

എനിക്കൊരു അസുഖം വന്നാൽ മരുന്നിനെക്കാൾ ആശ്വാസം തരുന്നത് ഒരിക്കലും കരയാത്ത എന്റെ അച്ഛൻ ആയിരുന്നില്ല, മറിച്ചു എന്നും കണ്ണീരു മാറാത്ത അമ്മ ആയിരുന്നു..

അമ്മയുടെ മടിയിൽ തല വേച്ചു കിടക്കുമ്പോൾ അമ്മയുടെ കൈകൾ മുടിയിഴകളെ തലോടുമ്പോൾ എല്ലാ വേദനയും ഞാൻ മറക്കുമായിരുന്നു.

” നീ എന്തിനാ ഈ പെണ്ണുങ്ങളെ പോലെ കിടന്നു കരയുന്നെ ? ഞാൻ വരുന്നെന്നു മുൻപും നീ ജീവിച്ചില്ലേ? ഇനി ഞാൻ പോയാലും നിനക്ക് ജീവിക്കാൻ പറ്റും ” ആദ്യമായി പ്രണയിച്ച പെൺകുട്ടി അവസാനമായി പറഞ്ഞ വാക്കുകൾ ആയിരുന്നു അത്.

എന്നാണ് പെണ്ണ് കരച്ചിലിന്റെ പ്രതീകമായി മാറിയത്? സഹന ശക്തി കൂടുതൽ ആയപ്പോഴോ? അതോ കായികമായി തോൽപ്പിക്കാൻ ഉള്ള ബലമില്ലാതായതുകൊണ്ടോ? അതോ മനസ്സിന് ബലമില്ലാത്തതു കൊണ്ടോ?

കരയുന്നവർ പെണ്ണുങ്ങളെ പോലെ ആണെന്ന് പറയുമ്പോൾ അതിൽ അപമാനത്തിന്റെ നൂല് പൊട്ടി മുളക്കാൻ മാത്രം പെണ്ണ് ഒരു മോശം കാര്യമാണോ?

ഞാൻ കണ്ട പെണ്ണുങ്ങൾ സ്നേഹത്തിന്റെ പ്രതീകങ്ങൾ ആയിരുന്നു… എന്റെ അമ്മ… എന്റെ അനിയത്തി… മോശം അനുഭവങ്ങൾ തന്നവരും വന്നു പോയെങ്കിലും അത് ആണുങ്ങളായ എന്റെ കൂട്ടുകാരിലും ഉണ്ടായിരുന്നു.

എപ്പോ മുതലാണ് ആണ് കരയാൻ പാടില്ലെന്ന് സമൂഹം വിധി എഴുതിയത്… വിഷമങ്ങൾ കരഞ്ഞു തീർക്കാൻ ഉള്ളതല്ലേ…

ഈ ലോകത്തു അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും വേണ്ടി ജീവൻ പൊളിച്ചവരേക്കാൾ എത്രയോ മടങ്ങാണ് പ്രണയത്തിനു വേണ്ടി സ്വന്തം ജീവൻ കൊടുത്തവർ.. അങ്ങനൊരാൾ ഒരുനാൾ നമ്മളെ വിട്ടു പോവുമ്പോൾ നമ്മൾ കരഞ്ഞൂടെ?

ഓരോന്ന് ആലോചിച്ചു ഇരിക്കവേ പ്യൂൺ വന്നു ” സർ, മാഡം അകത്തേക്ക് വിളിക്കുന്നു “

” നിങ്ങളുടെ കുട്ടിയെ നല്ലൊരു സൈക്കാട്രിസ്റ്റിനെ കാണിക്കണം “

ഞാൻ മകന്റെ മുഖത്തേക്ക് നോക്കി

” ഇവനെന്താണ് ചെയ്തതെന്ന് മാഡം പറഞ്ഞില്ല “

” ഇവനെ കൊണ്ടു എപ്പോഴും പ്രശ്നമാണ്… എപ്പോഴും തല്ലുണ്ടാക്കും എന്നിട്ടു ഞങ്ങള് പിടിച്ചു തല്ലുവോ വഴക്കു പറയുവോ ചെയ്താൽ പെൺപിള്ളേരെ പോലെ നിന്നു കരയാനും തുടങ്ങും.ഒരേ സമയം ആണും പെണ്ണും പോലെ “

എന്റെ ചിരി ഉള്ളിൽ ഒതുക്കി ഞാൻ അവരെ നോക്കി

” നിങ്ങളെന്താ ഒന്നും മിണ്ടാത്തത്? “

” ഞാൻ എന്ത് പറയണം എന്നാണ് മാഡം പ്രതീക്ഷിക്കുന്നത്? “

” എന്നെ കളിയാക്കുവാണോ? “

” അവന്റെ പ്രായത്തിൽ ഉള്ള കുട്ടികൾക്കൊപ്പം അവൻ അവന്റെതായ കുസൃതികൾ കാണിക്കും.. സ്വാഭാവികം.. നിങ്ങളെ പോലെ മുതിർന്നവർ അവനെ തള്ളുമ്പോൾ അവൻ കരയും… അതും സ്വാഭാവികം തന്നെ അല്ലേ? “

” മറ്റു ആൺ കുട്ടികൾക്കൊന്നും അങ്ങനെ ഇല്ലാലോ “

” കൊള്ളാം.. എന്ത് പറഞ്ഞ നിങ്ങൾ അവനെ തല്ലാറ്? “

” മറ്റുള്ളവരെ ഉപദ്രവിക്കരുതെന്നു “

” അവനെ ഉപദ്രവിച്ചു കൊണ്ടല്ലേ നിങ്ങൾ അവനോടതു പറയുന്നത്? “

ടീച്ചർക്ക്‌ ഉത്തരം മുട്ടി…

” വിഷമം വന്നാൽ കരയണം.. കരഞ്ഞു തീർക്കണം.. അത് ആണായാലും പെണ്ണായാലും…

അല്ലാതെ ഉള്ളിൽ കിടന്നു നീറി പുകഞ്ഞു കാലാകാലം നില നിക്കാൻ ഉള്ളതല്ല വിഷമങ്ങൾ.. നിങ്ങളെ പോലെ ഉള്ളിൽ മുൻവിധിയും കപട സദാചാരവും ഉള്ളവർ തീർത്തു വെച്ച നിയമങ്ങളിൽ അങ്ങനെ പലതും ഉണ്ടായേക്കാം… എനിക്കതില്ല. “

അവന്റെ കയ്യും പിടിച്ചു ഞാൻ വരാന്തയിലൂടെ നടക്കുമ്പോഴും കരയാത പോയ കണ്ണുനീർ തുള്ളികൾ എന്റെ ഉള്ളിൽ ഇരുന്നു വിങ്ങുന്നുണ്ടായിരുന്നു.

പ്രകടിപ്പിക്കാത്ത സ്നേഹത്തേക്കാൾ ഭയാനകമായിരുന്നു ഉള്ളിൽ ഒതുക്കിയ സങ്കടങ്ങൾ.. മനുഷ്യരാണ് മനുഷ്യനാണ്… കരയണം.. സങ്കടം വന്നാൽ കരഞ്ഞു തന്നെ തീർക്കണം.

Leave a Reply

Your email address will not be published. Required fields are marked *