മീനു നീ എന്റെ ലൈഫിന്ന് പോണം, അമ്മ ആവാൻ കഴിയാത്ത ഒരാൾക്കൊപ്പം സന്തോഷത്തോടെ..

ചങ്ങല
(രചന: Atharv Kannan)

” മീനു.. നീ എന്റെ ലൈഫിന്ന് പോണം.. അമ്മ ആവാൻ കഴിയാത്ത ഒരാൾക്കൊപ്പം സന്തോഷത്തോടെ ജീവിക്കാൻ എനിക്ക് കഴിയുന്നില്ല “

ഒരു കാര്യം പറയാനുണ്ടന്നു പറഞ്ഞപ്പോ അതെന്നെ കീറി മുറിക്കുന്നതാവുമെന്ന് ഓർത്തില്ലല്ലോ കണ്ണേട്ടാ… നിങ്ങളില്ലാതെ ഒരു ജീവിതം ചിന്തിക്കാൻ പോലും കഴിയില്ലെനിക്കു.

” നീ എന്നാ ഒന്നും പറയാത്തെ? “

ഭിത്തിയിൽ ചാരി നിന്നുകൊണ്ടു ചോറിൽ വിരലുകൾ കൊണ്ടു ചിത്രം വറക്കുന്ന കണ്ണനെ അവൾ ഒരു നിമിഷം നോക്കി

” എല്ലാം ഏട്ടൻ തീരുമാനിച്ച സ്ഥിതിക്ക് ഞാൻ എന്ത് പറയാനാ? “

” നീ എന്നെ കുറ്റപ്പെടുത്തുവാണോ മീനു? “

” അങ്ങനെ ഏട്ടന് തോന്നിയോ? “

” ഇത്രയും നാളും ഞാൻ നിന്നെ കൂടെ നിർത്തിയിട്ടും നീ എന്നെ ഇപ്പൊ കളിയാക്കുന്നതായിട്ടാ എനിക്ക് തോന്നിയെ… കഷ്ടം “

” ഇത്രേ നാളുന്നു വെച്ചാ? “

” എട്ടു വര്ഷം ഒരു കുഞ്ഞിനു വേണ്ടി കാത്തിരുന്നില്ലേ? “

” ഒരു കുഞ്ഞിന് ജന്മം നല്കാൻ കഴിവില്ലാഞ്ഞിട്ടും ഈ എട്ടു വര്ഷം ഞാൻ നിന്നെ ചുമന്നില്ലേ എന്ന് അല്ലേ? “

” അങ്ങനെ ഞാൻ ഉദ്ദേശിച്ചില്ല.. പക്ഷെ മറ്റാരേലും ആണ് എന്റെ സ്ഥാനത്തു എങ്കിൽ പണ്ടേ ഒഴിവാക്കില്ലായിരുന്നോ? “

” എല്ലാ ആണുങ്ങളും നിങ്ങളെ പോലെ ചിന്തിക്കണം എന്നില്ല കണ്ണേട്ടാ “

” പിന്നെ ജീവിതകാലം മുഴുവൻ നിന്നെ… “

അവളുടെ കണ്ണുകൾ നിറഞ്ഞു…. ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.

” മോളേ അഞ്ജലിടെ കല്ല്യാണം ഉറച്ചിരിക്കുവല്ലേ ?? ഇപ്പൊ നീ ഇങ്ങട് വന്ന അവള്ടെ ജീവിതവും അവതാളത്തിൽ ആവും.. അത് കഴിയുന്ന വരെ എങ്കിലും ഒന്ന് പിടിച്ചു നിക്ക് “

അമ്മ ഫോൺ വെച്ചു.

” മോളേ “

കണ്ണേട്ടന്റെ അമ്മ അവളെ പിന്നിൽ നിന്നും വിളിച്ചു…ആ കണ്ണുകൾ കലങ്ങി ഇരുന്നത് അവൾ ശ്രദ്ധിച്ചു..

” എന്റെ കുട്ടി അവനെ ശപിക്കരുത്.. ഒരമ്മയുടെ വേദന മാറ്റാരേക്കാളും മോൾക്ക് അറിയാലോ? ഞാൻ പറഞ്ഞു മനസ്സിലാക്കാൻ കൊറേ നോക്കി.. അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല “

നിറ കണ്ണുകളോടെ അമ്മ അത് പറയുമ്പോൾ ഈ ലോകത്തു തന്റെ സ്ഥാനത്തു നിന്നു ചിന്തിക്കാൻ ഒരാൾ എങ്കിലും ഉണ്ടല്ലോ എന്നോർത്ത് അവൾക്കു സന്തോഷം തോന്നി.

” എനിക്ക് വിഷമം ഒന്നും ഇല്ലമേ… പിന്നെ എന്റെ തെറ്റുകൊണ്ടല്ലല്ലോ ഇങ്ങനൊക്കെ.. ചികിത്സിച്ചും പ്രാർത്ഥിച്ചും ഒക്കെ നോക്കിയില്ലേ… അമ്മ എനിക്കൊരു സഹായം ചെയ്യുവോ? “

” എന്താ മോളേ? “

” എനിക്ക് വീട്ടിലേക്കു പോവാൻ പറ്റില്ല.. അഞ്ജുവിന് കല്ല്യാണം ആണ്.. തല്ക്കാലം ആരും ഒന്നും അറിയണ്ട… എനിക്ക് മാറി നിക്കാൻ ഒരിടം.. ഒരു ചെറിയ ജോലി.. അമ്മേടെ കൂടെ വർക്ക് ചെയ്ത ടീച്ചർമാരുടെ മക്കൾ ആരോടെങ്കിലും സംസാരിച്ചാൽ അത് ശരിയാവില്ലേ? “

അമ്മ ആലോചിച്ചു നിന്നു…

ദിവസങ്ങൾ കടന്നു പോയി.

” ഈ ഒരു നിമിഷത്തിനു വേണ്ടി ആയിരുന്നു ഞാൻ ഇത്രയും കാലം കാത്തിരുന്നത്. ” കണ്ണന്റെ നെഞ്ചിലേക്ക്‌ ചാഞ്ഞു കൊണ്ടു ആദ്യ രാത്രി വൈഗ പറഞ്ഞു…

” ഞാനും…. അവളുടെ കൂടെയുള്ള ജീവിതം മടുത്തു നിക്കുമ്പോൾ ദൈവമായിട്ട നിന്നെ എന്റെ മുന്നിലേക്ക് കൊണ്ടു തന്നത് “

” പിന്നെന്തേ കണ്ണേട്ടന്റെ മുഖത്തൊരു മൗനം…? ഒളിച്ചും പാത്തും വരുമ്പോൾ വയങ്കര ധൃതി ആയിരുന്നല്ലോ..? ഇപ്പോ സ്വന്തം ആയപ്പോ എല്ലാം പോയോ? “

” അതല്ല മോളേ.. ഈ മുറിയിൽ എന്തോ അവളുടെ ഒരു പ്രേസേന്സ് എന്റെ മൂഡ് കളയുന്നു “

അവൾ കണ്ണനെ ഉദെചിപ്പിക്കാൻ ശ്രമിച്ചു… പക്ഷെ ശ്രമം വിഫലമായി.

മറ്റൊരു വീട്.

” വായിക്കാൻ ഒക്കെ ഇഷ്ടാണോ? “

കുട്ടികളുടെ അലമാരയിൽ ഇരുന്നു ബുക്സ് മറച്ചു നോക്കുന്നത് കണ്ട ഡോക്ടർ നിധീഷ് അവളോട് ചോദിച്ചു.

” അങ്ങനൊന്നും ഇല്ല… കിട്ടിയാൽ വായിക്കും “

” മീനു ഏതുവരെ പഠിച്ചിട്ടുണ്ട്? “

” ഡിഗ്രി കംപ്ലീറ്റ് ചെയ്തില്ല “

” ഇപ്പൊ എഴുതി എടുക്കണം എന്ന് തോന്നുന്നുണ്ടോ? “

” അത് ” അവളുടെ മുഖത്ത് പ്രതീക്ഷ തെളിയുന്നത് അവൻ കണ്ടു. നിധീഷിന്റെ ചേട്ടന്റെ കുട്ടികളെ നോക്കാൻ ആയാണ് അവൾ ആ വീട്ടിൽ എത്തിയത്. ചേട്ടന്റെ രണ്ട് കുട്ടികളും നിധീഷും മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു.

” എന്താടോ? “

” എനിക്കതിനു പറ്റുമോ? “

നിധീഷ് ചിരിച്ചു.

” നമുക്ക് ആദ്യം വേണ്ടത് ഒരു ലക്ഷ്യമാണ്… ” ആറ്റിറ്റ്യൂഡ് ഈസ്‌ എവെരിതിങ് ” പുസ്തകം വായിച്ചിട്ടുണ്ടോ? “

” ഇല്ല “

” ആ.. എന്ന അതിലെ ചില വരികൾ ഉണ്ട്.. ‘ ലക്ഷ്യം നേടുവാൻ എന്തൊക്കെ ചെയ്യാണോ അത് ചെയ്യിവാൻ നിങ്ങൾ സന്നദ്ധനായാൽ ലക്ഷ്യത്തിലേക്കുള്ള ശരിയായ മാർഗ്ഗനങ്ങൾ പൊടുന്നനെ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങും. നിങ്ങൾക്കായുള്ള വാതിലുകൾ തുറക്കപ്പെടും.

സൗഭാഗ്യം നിങ്ങളെ ലോഭമില്ലാതെ കടാക്ഷിക്കുന്നതായി ഈ ഒരി അവസരത്തിൽ നിങ്ങൾക്കു അനുഭവപ്പെടും.

പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ട് വിജയത്തിന് ആവശ്യമായ ഘടകങ്ങളെ പരതുവാൻ സ്വന്തം മനസ്സിനോട് നിങ്ങൾ നൽകിയ നിർദേശം തന്നെയാണ് തികച്ചും നിങ്ങള്ക്ക് അനുകൂലമായ ഒരു അന്തരീക്ഷം ഒരുക്കി എടുക്കുന്നത്..

‘ അതുകൊണ്ട് മനസ്സിൽ ഒരു ലക്‌ഷ്യം ഉറപ്പിക്കു  അത് ചെറുതോ വലുതോ തനിക്കു ഇഷ്ട്ടപെടുന്നതാണോ എന്ന് മാത്രം ചിന്തിക്കു… ഒഴിവു സമയങ്ങൾ കിട്ടുമ്പോൾ അതിനെ കുറിച്ച് മാത്രം ചിന്തിക്കു.. വേണ്ട സഹായങ്ങൾ ഞാൻ ചെയ്യാം “.

അവളുടെ ഉള്ളിൽ പ്രതീക്ഷകളുടെ കനൽ എരിഞ്ഞു തുടങ്ങിയിരുന്നു.

കണ്ണന്റെ വീട്.

ദിവസങ്ങൾ കടന്നു പോവും തോറും സ്ഥിതി വഷളായി കൊണ്ടിരുന്നു.

” ഇതൊരുമാതിരി ഉറങ്ങി കിടന്ന മനുഷ്യനെ വിളിച്ചെണീപ്പിച്ചിട്ടു ചോറില്ലാന്ന് പറഞ്ഞ അവസ്ഥ ആയി. ” വൈഗ എണ്ണി പറക്കിക്കൊണ്ടു കട്ടിലിൽ ഇരുന്നു.

തല കുനിച്ചു കൊണ്ടു കണ്ണൻ സൈഡിൽ ഒന്നും മിണ്ടാതെ ഇരുന്നു…

” ഇതിനി നേരെ ആവുന്നു എനിക്കൊരു പ്രതീക്ഷയും ഇല്ല… “

” എന്റെ തെറ്റാണോ വൈഗ “

” ആയിരിക്കാം..അല്ലായിരിക്കാം! ആ റൂമിന്റെ കുഴപ്പാണെന്നു പറഞ്ഞു.. ശരി അവിടെ അവളുടെ ഓർമ്മകൾ ഡിസ്റ്റർബ് ചെയ്യുന്നു മനസിലാക്കാം.. പിന്ന ആ വീടിന്റെ കുഴപ്പാന്നു പറഞ്ഞു ഒകെ.. ആ വീടും മാറി…

ഇവിടെ വന്നിട്ടും ഇതിനു ജീവനില്ലാത്തത് കണ്ണേട്ടന്റെ കുഴപ്പം തന്നെ ആണെന്നെ എനിക്ക് പറയാൻ കഴിയു… എന്തായാലും ഇങ്ങനൊരാളുടെ കൂടെ ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട് “

കണ്ണൻ തകർന്ന ഹൃദയത്തോടെ അവളെ നോക്കി…

മറ്റൊരു വീട്.

” തന്റെ കേക്ക് ഹൌസ് ഒക്കെ ഒന്ന് ഡെവലപ്പ് ആയിട്ട് സംസാരിക്കാം എന്ന് കരുതി ഇരുന്നതാ ” കുറച്ചു ഫോർമൽ ആയി നിധീഷ് പറഞ്ഞു.

” എന്നെ ഇവിടുന്നു പറഞ്ഞു വിടാൻ പോവാണോ? സ്വന്തം നിലയിൽ ആയെന്നു കരുതി കുട്ടികളെ വിട്ടു പോവാൻ എനിക്ക് മനസ്സ് വരുന്നില്ല “

അവളുടെ വാക്കുകൾ നിധീഷിന് സന്തോഷം നൽകി ” എന്നാൽ എന്നെയും വിട്ടു പോവാത ഇരുന്നൂടെ “എന്ന് ചോദിയ്ക്കാൻ ഒരുങ്ങിയതും ആരോ വീടിന്റെ ബെൽ അടിച്ചു.

കണ്ണൻ…

” എനിക്ക് മീനുനോട് സംസാരിക്കണം “

അവൾ നിധീഷിനെ നോക്കി…. അയ്യാൾ അടുക്കളയിലേക്കു മനഃപൂർവം മാറി നിന്നു..

” മീനു.. എനിക്കാണ് തെറ്റ് പറ്റിയത്…. അസുഖങ്ങളും പ്രശ്നങ്ങളും ആർക്കു വേണേലും വരാം.. എന്നോട് നീ ക്ഷമിക്കണം.. എന്റെ മനസ്സിൽ നീ അത്രത്തോളം ആഴത്തിൽ പതിഞ്ഞിരുന്നു.

നാട്ടുകാരും കൂട്ടുകാരും പറയുന്നത് കേട്ടു ഉണ്ടായ ഒരു മനോഭാവത്തിൽ ആണ് നിന്നോടു എനിക്ക് അകൽച്ച തോന്നിയത്.. ഇനി എനിക്ക് പഴയ പോലെ ആവണം എങ്കിൽ അത് നിന്റടുത്തെ സാധിക്കു എന്ന സൈക്കാട്രിസ്റ്റ് പറഞ്ഞത് “

” വൈഗ? “

” ഒരാണിന്റെ സുഖം നല്കാൻ എനിക്ക്‌ കഴിയില്ലെന്ന് മനസ്സിലായതോടെ അവൾ പോയി “

” ഉം “

മൗനം……

” നിന്റെ ഇപ്പോഴത്തെ സ്ഥിതിയും പണവും ഒന്നും കണ്ടിട്ടല്ല ഞാൻ വന്നത്… പക്ഷെ നീയില്ലാതെ എനിക്ക് പറ്റുന്നില്ല മീനു.. നീ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരണം “

അടുക്കളയിൽ എല്ലാം കേട്ടുകൊണ്ടിരുന്ന നിധീഷിന്റെ നെഞ്ചിടിപ്പ് കൂടി കൂടി വന്നു.

” കണ്ണേട്ടാ.. ഏട്ടനെ എനിക്കിഷ്ടാണ്… എന്നെ ഒഴിവാക്കിയപ്പോ എനിക്കുണ്ടായ വേദന എത്രയാണെന്ന് അറിയുവോ ഏട്ടന്? ” അവളുടെ കണ്ണുകൾ നിറഞ്ഞു. കണ്ണന്റെ മുഖം പ്രതീക്ഷകളാൽ നിറഞ്ഞു… നിധീഷ് നിരാശനായി

” പക്ഷെ അത് താനെന്നെ ഉപേക്ഷിച്ചത് കൊണ്ടായിരുന്നില്ല.. ഇതുപോലെ ആണത്വം ഇല്ലാത്താ ഒരുത്തനെ ആണല്ലോ നെഞ്ചിൽ കൊണ്ടു നടന്നതെന്ന് ഓർത്തിട്ടായിരുന്നു..

ഇപ്പൊ അവൻ ഉദ്ദ്ധാരണ ശേഷിക്കുള്ള മരുന്നായി എന്നെ ഉപയോഗിക്കാൻ വന്നേക്കുന്നു…

നാട്ടുകാരും വീട്ടുകാരും പറയുന്ന കേട്ടു ഭാര്യയെ ഉപേക്ഷിക്കുന്ന ശീലം പുരാണങ്ങൾ മുതലേ ഉള്ളതാണല്ലോ.. നിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല..

ഞാൻ കുറച്ചു ബുദ്ധിമുട്ടി.. നേര.. ഞാൻ അന്ന് ഇൻഡിപെൻഡൻഡ് അല്ലായിരുന്നു.. ഇപ്പൊ ആണ്.. ഇനി അഥവാ എത്ര സ്വന്തം കാലിൽ നിക്കുന്ന പെണ്ണാണെലും അവസരത്തിനൊത്തു നിറം മാറുന്ന ആണിനെ ഒരുത്തിയും കൂടെ കൂട്ടില്ല… അപകടം വരുമ്പോ ആണ് ചേർത്തു പിടിച്ചു കൂടെ നിക്കണ്ടത്..

അവിടെ ഒഴിവാക്കുന്നവനെ ഒരിക്കലും വിശ്വസിക്കരുത്.. തന്നെ പോലെ ഒരുത്തനൊപ്പം ഇനിയും ജീവിക്കാൻ തുണിയുന്നതിലും നല്ലത് കയ്യും കാലും ചങ്ങല കൊണ്ടു ലോക്ക് ചെയ്തു ഒഴുക്കുള്ള പുഴയിലേക്ക് ചാടുന്നതാ.. എണീറ്റു പോടോ “

അവൾ കലിയോടെ അടുക്കളയിലേക്കു നടന്നു… ഒരു ഗ്ലാസ് വെള്ളം നേരെ വായിലേക്കു കമെത്തി വേഗത്തിൽ ശ്വാ എടുത്തു.

” മീനു എനിക്കൊരു കാര്യം പറയാനുണ്ട് “

അവൾ തിരിഞ്ഞു നോക്കി.. പിന്നിൽ നിധീഷ് നിക്കുന്നു…

” എന്താ സാറേ? “

” എനിക്ക് തന്നെ കല്ല്യാണം കഴിച്ചാൽ കൊള്ളാം എന്നുണ്ട് “

അവൾ ഒരു നിമിഷം നിശബ്ദയായി.

” തന്റെ വീട്ടിൽ നടന്ന കാര്യങ്ങൾ ഒക്കെ കണ്ണന്റെ അമ്മ പറഞ്ഞിട്ടുണ്ട്… പാസ്റ്റ് എനിക്കൊരു പ്രശ്നമല്ല.. തനിക്കെന്നെ ഇഷ്ടം ആണോ എന്നുള്ളതാണ്. “

” ഇഷ്ടമാണ് “

നിധീഷ് ഞെട്ടലോടെ അവളെ നോക്കി…

” പക്ഷെ കല്ല്യാണം… “

” കല്ല്യാണം? “

” ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും എന്നല്ലേ.. നമുക്ക് നോക്കാം.. ഒത്തു പോവോന്നു നോക്കാം… ഒരുമിച്ചു ജീവിക്കാനും സ്നേഹിക്കാനും താലി കഴുത്തിൽ വീഴണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ.. മുന്നോട്ടു പോയി നോക്കാം.. പരസ്പരം ഒത്തു പോവാൻ പറ്റുമെങ്കിൽ മാത്രം കല്യാണത്തെ പറ്റി ചിന്തിക്കാം നമുക്ക്‌ “

നിധീഷ് എന്തോ ആലോചിച്ചു നിന്നു

” എന്തെ പറ്റില്ലേ? “

” പറ്റും.. അതാണല്ലോ വേണ്ടത്… പരസ്പരം ഒത്തു പോവാൻ പറ്റിയില്ലെങ്കിൽ പിന്നെ താലിയും ഒരു ചങ്ങല ആയേ തോന്നുന്നു.. നമുക്കു നോക്കാം ” അവളുടെ തോളിൽ തട്ടിക്കൊണ്ടു നിധീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *